ഭരണസംഘത്തിന്റെ കത്ത്
യഹോവയുടെ സാക്ഷികളായ ഞങ്ങളുടെ പ്രിയ സഹോദരങ്ങളേ,
യഹോവയുടെ വിശ്വസ്ത ദാസന്മാരായ 70 ലക്ഷത്തിലധികംവരുന്ന നിങ്ങൾക്ക് ഇപ്പോൾ ഈ കത്ത് എഴുതുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മറ്റേതെങ്കിലും ദേശത്തുള്ള ഒരു സഹവിശ്വാസിയെ കണ്ടുമുട്ടുമ്പോൾ അവരോട് ഒരു പ്രത്യേക സ്നേഹവും വാത്സല്യവും നിങ്ങൾക്ക് തോന്നാറില്ലേ? (യോഹ. 13:34, 35) നാനാദേശങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും ജീവസ്സുറ്റ വിവരണങ്ങൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വായിക്കുമ്പോൾ ആ സാഹോദര്യബന്ധം കൂടുതൽ ബലിഷ്ഠമാകുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും, തീർച്ച.
നിങ്ങളിൽ മിക്കവരും കുടുംബാരാധന വളരെ ഗൗരവമായി എടുക്കുന്നുവെന്നാണ് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്. കുഞ്ഞുങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിൽ രസകരമായി കുടുംബാരാധന നടത്തുന്നതിന് മാതാപിതാക്കൾ നല്ലൊരു ശ്രമം ചെയ്യുന്നതിലും ഞങ്ങൾക്ക് സന്തോഷമുണ്ട്. (എഫെ. 6:4) പരസ്പരം ആത്മീയപ്രോത്സാഹനത്തിന് ഇടയാക്കുന്ന ഈ ക്രമീകരണം ദമ്പതികൾക്കിടയിലെ ബന്ധം ദൃഢമാക്കാനും സഹായിച്ചിരിക്കുന്നു. (എഫെ. 5:28-33) ദൈവവചനം ആഴത്തിൽ പഠിക്കുന്നതിന് വ്യക്തികൾക്കും കുടുംബങ്ങൾക്കും കുടുംബാരാധന അവസരമേകിയിരിക്കുന്നു എന്നതിന് സംശയമില്ല.—യോശു. 1:8, 9.
അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളിൽ നാശനഷ്ടങ്ങൾ സഹിക്കേണ്ടിവന്നവരെക്കുറിച്ച് ഓർക്കുമ്പോൾ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അവരെ സഹായിക്കാനായി മടികൂടാതെ മുന്നോട്ടുവന്ന എല്ലാവരോടും നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു. (പ്രവൃ. 11:28-30; ഗലാ. 6:9, 10) കൂടാതെ നിങ്ങളിൽ പലരും, സഭയിൽ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ വലഞ്ഞ സഹോദരങ്ങൾക്ക് മനസ്സോടെ വേണ്ട സഹായങ്ങൾ നൽകിയവരാണ്. നിങ്ങളെയെല്ലാംകുറിച്ചു ചിന്തിക്കുമ്പോൾ “സത്പ്രവൃത്തികളും ദാനധർമങ്ങളും” ചെയ്യുന്നതിൽ പേരുകേട്ട പുരാതനകാലത്തെ തബീഥയെയാണ് ഓർമ വരുന്നത്. (പ്രവൃ. 9:36) നിങ്ങളുടെ ഇത്തരം സത്ചെയ്തികളെല്ലാം യഹോവയാംദൈവം കാണുന്നുണ്ടെന്നും അവൻ തക്കതായ പ്രതിഫലം തരുമെന്നും ഉറപ്പുള്ളവരായിരിക്കുക.—മത്താ. 6:3, 4.
ചില ദേശങ്ങളിൽ നിയമത്തെ വളച്ചൊടിച്ചുകൊണ്ട് ‘കഷ്ടത നിർമിക്കാനും’ നിങ്ങളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കാനും ശ്രമങ്ങൾ നടക്കുന്നതായി ഞങ്ങൾ അറിയുന്നു. (സങ്കീ. 94:20-22) എന്നാൽ ഇത്തരം പീഡനങ്ങൾ ഉണ്ടാകുമെന്ന യേശുവിന്റെ വാക്കുകൾ മനസ്സിൽപ്പിടിച്ചുകൊണ്ട് നിങ്ങൾ ധീരതയോടെ സഹിച്ചുനിൽക്കുകയും അഭയസ്ഥാനമെന്ന നിലയിൽ യഹോവയിലേക്കു നോക്കുകയും ചെയ്യുന്നു. (യോഹ. 15:19, 20) ‘പ്രത്യാശയ്ക്കുള്ള കാരണം ചോദിക്കുന്ന ഏവനോടും പ്രതിവാദം പറയുന്നതിൽ’ തുടരുന്ന പ്രിയപ്പെട്ട നിങ്ങളെ ഞങ്ങൾ നിത്യേന പ്രാർഥനയിൽ ഓർക്കുന്നു.—1 പത്രോ. 3:13-15.
അധാർമിക പ്രവൃത്തികൾക്ക് വശംവദരാക്കാൻ സാത്താൻ കുടിലമായി നിരന്തരം ശ്രമിച്ചിട്ടും അതിനു വഴിപ്പെടാതെ വർഷങ്ങളായി ധാർമികശുദ്ധി കാത്തുസൂക്ഷിക്കുന്നവരാണ് നിങ്ങളിൽ അനേകർ. ദശലക്ഷക്കണക്കിനുവരുന്ന നിങ്ങളെ ഓരോരുത്തരെയും ഞങ്ങൾ ആത്മാർഥമായി അഭിനന്ദിക്കുകയാണ്. ഈ ലോകത്തിന്റെ സദാചാരമൂല്യങ്ങൾ അടിക്കടി നിപതിക്കുമ്പോഴും നിങ്ങൾ ‘കർത്താവിൽ അവന്റെ മഹാബലത്താൽ ശക്തിയാർജിച്ചുകൊണ്ടിരിക്കുന്നു.’ (എഫെ. 6:10) ‘ദൈവത്തിൽനിന്നുള്ള സർവായുധവർഗം ധരിച്ചിരിക്കുന്ന’ നിങ്ങൾ “പിശാചിന്റെ കുടിലതന്ത്രങ്ങളോട്” എതിർത്തുനിൽക്കാൻ പ്രാപ്തരാണ്. (എഫെ. 6:11, 12) ഓർക്കുക, തന്നെ നിന്ദിക്കുന്നവനായ സാത്താനുള്ള മറുപടിയായി യഹോവ ചൂണ്ടിക്കാണിക്കുന്നത് നിങ്ങളെയാണ്!—സദൃ. 27:11.
ലോകവ്യാപകമായി നമ്മുടെ കർത്താവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ 2011-ൽ 1,93,74,737 പേരാണ് കൂടിവന്നത്. ഈ അത്യുച്ചത്തിനുള്ള ഒരു കാരണം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സഹായ പയനിയറിങ് ചെയ്യാനുള്ള ആഹ്വാനത്തിനു ചേർച്ചയിൽ നിങ്ങൾ പ്രവർത്തിച്ചതാണ്. യഹോവയുടെ വിശ്വസ്തരായ സാക്ഷികൾ ഏകശബ്ദത്തിൽ അവനെ സ്തുതിക്കുന്നത് ഭൂമിയിലെ ദശലക്ഷങ്ങൾക്ക് കേൾക്കാനായി! (റോമ. 10:18) ആ മാസത്തിൽ സഹായ പയനിയറായി സേവിച്ച 26,57,377 പേരിൽ ഒരാളായിരിക്കാം നിങ്ങൾ. അല്ലെങ്കിൽ ശുശ്രൂഷയിൽ കൂടുതൽ ഏർപ്പെടാൻ നിങ്ങൾ കഴിയുന്നത്ര ശ്രമിച്ചിരിക്കാം. എന്തുതന്നെയായാലും നിങ്ങളുടെ മനസ്സൊരുക്കവും തീക്ഷ്ണതയും ഞങ്ങളെ അതിയായി സന്തോഷിപ്പിക്കുന്നു.—സങ്കീ. 110:3; കൊലോ. 3:23.
കഴിഞ്ഞ വർഷം യഹോവയ്ക്ക് തങ്ങളെത്തന്നെ സമർപ്പിച്ചുകൊണ്ട് 2,63,131 പേർ സ്നാനമേറ്റു. അതേപ്രതി ഞങ്ങൾ യഹോവയോട് എത്രത്തോളം നന്ദിയുള്ളവരാണെന്നോ! ‘“വരുക” . . . കേൾക്കുന്നവനും “വരുക” എന്നു പറയട്ടെ. ദാഹിക്കുന്ന ഏവനും വരട്ടെ. ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി വാങ്ങിക്കൊള്ളട്ടെ’ എന്ന് പറഞ്ഞുകൊണ്ട് ആളുകളെ ക്ഷണിക്കാൻ ഞങ്ങളോടൊപ്പം പങ്കുചേർന്ന നിങ്ങളോടും ഞങ്ങൾ നന്ദി പറയുന്നു. (വെളി. 22:17) 2011-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ദൈവത്തിന്റെ സ്ഥാപിതരാജ്യത്തിന്റെ സവിശേഷതകൾ പരിചിന്തിച്ചതിനുശേഷം കൂടുതൽ വികാരവായ്പോടെ “അങ്ങയുടെ രാജ്യം വരേണമേ!” എന്നു പറയാൻ നാം പ്രേരിതരായിത്തീർന്നിരിക്കുന്നു. “ഞാൻ വേഗം വരുന്നു” എന്ന യേശുവിന്റെ ഉറപ്പിനാൽ പ്രചോദിതരായി അപ്പൊസ്തലനായ യോഹന്നാനെപ്പോലെ മുഴുഹൃദയത്തോടെ നമ്മളും പറയുന്നു: “ആമേൻ! കർത്താവായ യേശുവേ വരേണമേ.”—വെളി. 22:20.
സംഭവബഹുലമായ ആ സമയത്തിനായി ജാഗ്രതയോടെ കാത്തിരിക്കവെ, “പ്രവൃത്തിയിലും സത്യത്തിലും” യഹോവയോടുള്ള സ്നേഹം തെളിയിക്കുന്ന പ്രിയ സഹോദരീസഹോദരന്മാരേ, നിങ്ങൾ ഓരോരുത്തരെയും ഞങ്ങൾ അകമഴിഞ്ഞ് സ്നേഹിക്കുന്നു.—1 യോഹ. 3:18.
നിങ്ങളുടെ സഹോദരങ്ങൾ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം