ബിസിനെസ് മേഖലയിൽ ആത്മവിശ്വാസത്തോടെ സാക്ഷീകരിക്കാം
1. ബിസിനെസ് പ്രദേശത്ത് സാക്ഷീകരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ നിരാശപ്പെടേണ്ടാത്തത് എന്തുകൊണ്ട്?
1 ബിസിനെസ് പ്രദേശത്ത് പ്രവർത്തിക്കാൻ നിങ്ങൾക്ക് ഭയം തോന്നാറുണ്ടോ? എങ്കിൽ നിരാശ വേണ്ട. ധീരനും നിർഭയനും ആയിരുന്ന പൗലോസിനുപോലും ചില സാഹചര്യങ്ങളിൽ സാക്ഷീകരിക്കാൻ ധൈര്യം ആർജിക്കേണ്ടിവന്നു. (1 തെസ്സ. 2:2) ബിസിനെസ് മേഖലയിൽ സാക്ഷീകരിക്കുമ്പോൾ അഭിമുഖീകരിക്കേണ്ടിവരുന്ന ചില വെല്ലുവിളികളും അവ തരണംചെയ്യാനുള്ള നിർദേശങ്ങളും ആണ് താഴെ പറയുന്നത്.
2. കടക്കാർക്ക് മുഷിച്ചിൽ തോന്നുമെന്ന് ചിന്തിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
2 ജോലി തടസ്സപ്പെടുത്തുന്നത് മുഷിപ്പിക്കുമോ? കടയിൽ വരുന്നവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുന്നവരാണല്ലോ ജോലിക്കാർ. അതുകൊണ്ട് ഇത്തരം തടസ്സങ്ങൾ അവർ പ്രതീക്ഷിക്കുന്നു. നിങ്ങൾ അവരുടെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ അവർ ആഗ്രഹിക്കുന്നതിനാൽ മിക്കപ്പോഴും മര്യാദയോടെയായിരിക്കും അവർ നിങ്ങളോട് ഇടപെടുക. നല്ല വസ്ത്രധാരണത്തിലൂടെയും ഹൃദ്യമായ പെരുമാറ്റത്തിലൂടെയും നിങ്ങൾക്ക് അവരുടെ ആദരവ് നേടിയെടുക്കാനാകും.
3. കടയിൽ വരുന്നവർക്ക് മുഷിച്ചിൽ ഉണ്ടാക്കാതിരിക്കാൻ എന്തു ചെയ്യാനാകും?
3 കടയിൽ വന്നിരിക്കുന്നവരുടെയെല്ലാം മുമ്പിൽവെച്ച് സാക്ഷീകരിക്കേണ്ടതുണ്ടോ? സാധിക്കുമെങ്കിൽ അധികം തിരക്കില്ലാത്ത സമയത്ത് ചെല്ലുക, ഒരുപക്ഷേ കട തുറന്ന ഉടനെ. മാനേജരോ കടക്കാരനോ തിരക്കിലല്ലാത്ത സമയത്ത് അവരെ സമീപിക്കുക. അവതരണം വളരെ ഹ്രസ്വമായിരിക്കണം.
4. ബിസിനെസ് പ്രദേശത്ത് എങ്ങനെ സാക്ഷീകരിക്കാം?
4 എന്താണ് പറയേണ്ടത് ? കടയിൽ മറ്റു ജോലിക്കാരുണ്ടെങ്കിൽ ആദ്യം കടക്കാരനോടു സാക്ഷീകരിക്കുക. ഒരുപക്ഷേ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞുതുടങ്ങാം: “വീട്ടിൽ വന്നാൽ നിങ്ങളെയെല്ലാം കാണാൻ സാധ്യതയില്ലാത്തതിനാലാണ് കടയിൽ വന്നത്. നിങ്ങൾക്ക് തിരക്കാണെന്ന് അറിയാം, അതുകൊണ്ട് വന്ന കാര്യം പെട്ടെന്ന് പറഞ്ഞിട്ട് പൊയ്ക്കൊള്ളാം.” വിൽപ്പനയ്ക്ക് വന്നവരാണ് നാം എന്ന് തെറ്റിദ്ധരിക്കാൻ ഇടയുള്ളതിനാൽ പ്രസിദ്ധീകരണത്തിന്റെ വിലയെക്കുറിച്ച് ചോദിക്കാത്തപക്ഷം സംഭാവനാക്രമീകരണത്തെപ്പറ്റി പറയാതിരിക്കുന്നതാണു നല്ലത്. ഏതുതരത്തിലുള്ള കടയാണ് എന്നതിനെ ആശ്രയിച്ച് അവിടെയുള്ള ജോലിക്കാരോടുകൂടെ സംസാരിക്കാൻ അനുവദിക്കുമോ എന്ന് കടക്കാരനോടു ചോദിക്കാനാകും, അധികം സമയം എടുക്കുകയില്ലെന്നും അദ്ദേഹത്തോട് പറയുക. ജോലിക്കാർ തിരക്കിലാണെങ്കിൽ വളരെ ഹ്രസ്വമായി സംസാരിച്ച് ലഘുലേഖ നൽകുക. അവരോടു സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ ഭക്ഷണം കഴിക്കാനോ മറ്റോ ഉള്ള പൊതുസ്ഥലത്ത് ചില പ്രസിദ്ധീകരണങ്ങൾ വെച്ചിട്ടു പോരാനാകും.
5. ബിസിനെസ് പ്രദേശത്ത് ആത്മവിശ്വാസത്തോടെ സാക്ഷീകരിക്കാൻ എന്തു കാരണങ്ങളുണ്ട്?
5 യേശുവും പൗലോസും ബിസിനെസ് പ്രദേശത്ത് ആത്മവിശ്വാസത്തോടെ സംസാരിച്ചു; നിങ്ങൾക്കും അതിനാകും. (മത്താ. 4:18-21; 9:9; പ്രവൃ. 17:17) സമചിത്തതയോടെ, ധൈര്യപൂർവം പ്രസംഗിക്കാനുള്ള സഹായത്തിനായി യഹോവയോട് അപേക്ഷിക്കുക. (പ്രവൃ. 4:30) ഓർക്കുക, ബിസിനെസ് പ്രദേശങ്ങളിൽ ‘ആളില്ലാഭവനങ്ങൾ’ കുറവാണ്; അതുകൊണ്ട് ഫലപ്രദമായ ഈ സാക്ഷീകരണരീതി ഒന്നു പരീക്ഷിച്ചുകൂടേ?