മൂല്യംകുറഞ്ഞ രണ്ടു ചെറുതുട്ടുകൾ
ലോകവ്യാപക പ്രസംഗവേലയ്ക്ക് സംഭാവനകൾ നൽകുന്നതാണ് രാജ്യതാത്പര്യങ്ങളെ പിന്തുണയ്ക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്ന്. എന്നാൽ നമ്മൾ സാമ്പത്തികശേഷി ഇല്ലാത്തവരാണെങ്കിലോ?
ഒരിക്കൽ, ദരിദ്രയായ ഒരു വിധവ ആലയത്തിലെ ഭണ്ഡാരത്തിൽ മൂല്യംകുറഞ്ഞ രണ്ടു ചെറുതുട്ടുകൾ ഇടുന്നത് യേശു കണ്ടു. യഹോവയോടുള്ള സ്നേഹമാണ് “തന്റെ ഇല്ലായ്മയിൽനിന്ന് തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും” ഇടാൻ അവളെ പ്രേരിപ്പിച്ചത്. (മർക്കോ. 12:41-44) ആ വിധവയുടെ പ്രവൃത്തി യേശു ശ്രദ്ധിച്ചു എന്ന വസ്തുത, അവളുടെ ആ സംഭാവന ദൈവദൃഷ്ടിയിൽ അത്യന്തം മൂല്യമുള്ളതായിരുന്നു എന്നതിന്റെ തെളിവാണ്. സമാനമായി, ശുശ്രൂഷയ്ക്കുവേണ്ടി സാമ്പത്തിക പിന്തുണ നൽകുന്നത് സമ്പന്ന ക്രിസ്ത്യാനികളുടെ കുത്തകയാണെന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ കരുതിയില്ല. ‘കൊടിയ ദാരിദ്ര്യത്തിലും ദാനം ചെയ്യാനുള്ള പദവിക്കായി യാചിച്ചുകൊണ്ടിരുന്ന’ മാസിഡോണിയക്കാരുടെ മാതൃക അപ്പൊസ്തലനായ പൗലോസ് തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.—2 കൊരി. 8:1-4.
അതുകൊണ്ട്, “മൂല്യംകുറഞ്ഞ രണ്ടു ചെറുതുട്ടുകൾ” മാത്രമേ സംഭാവനയായി നൽകാൻ കഴിയുന്നുള്ളൂവെങ്കിലും ഇത്തരത്തിലുള്ള കൊച്ചുകൊച്ചു സംഭാവനകൾ ചേർന്നാണ് വലിയൊരു തുകയുണ്ടാകുന്നതെന്ന കാര്യം ഓർക്കുക. ഹൃദയപൂർവം നമ്മൾ നൽകുന്ന സംഭാവനകൾ നമ്മുടെ ഉദാരമതിയായ സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കും. അതെ, “സന്തോഷത്തോടെ കൊടുക്കുന്നവനെയത്രേ ദൈവം സ്നേഹിക്കുന്നത്.”—2 കൊരി. 9:7.