മുഴുസമയ സേവനത്തിന്റെ സന്തോഷങ്ങൾ
1 യുവപ്രായത്തിലുള്ള ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ ഭാവിയെക്കുറിച്ചു നിങ്ങൾ എന്തെങ്കിലുമൊക്കെ ചിന്തിച്ചുകാണും. “ഉത്സാഹിയുടെ വിചാരങ്ങൾ” അഥവാ പദ്ധതികൾ “സമൃദ്ധിഹേതുകങ്ങൾ ആകുന്നു” എന്ന് സദൃശവാക്യങ്ങൾ 21:5 പറയുന്നു. അതുകൊണ്ട്, നിങ്ങളുടെ ജീവിതലക്ഷ്യങ്ങൾക്കു ഗൗരവമായ ശ്രദ്ധ കൊടുക്കേണ്ടത് പ്രധാനമാണ്. ഭാവിപദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ, മുഴുസമയ സേവനം ഏറ്റെടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക. എന്തുകൊണ്ട്?
2 യൗവനകാലത്തു പയനിയറിങ് ചെയ്തിട്ടുള്ളവരോട് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയും, “എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങളായിരുന്നു അവ” എന്ന്. യൗവനകാലം മുതൽ മുഴുസമയ സേവനത്തിന്റെ സന്തോഷം അനുഭവിച്ച ഒരു സഹോദരൻ പിൽക്കാലത്ത് ഇങ്ങനെ പറഞ്ഞു: “‘യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക’ എന്ന ജ്ഞാനപൂർവകമായ ബുദ്ധിയുപദേശത്തിനു ചെവികൊടുത്തല്ലോ എന്നോർക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ചാരിതാർഥ്യം തോന്നുന്നു.” (സഭാ. 12:1) ഈ സന്തോഷം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയണമെങ്കിൽ, നിങ്ങളുടെയും മാതാപിതാക്കളുടെയും ഭാഗത്ത് ഇപ്പോൾത്തന്നെ നല്ല ആസൂത്രണം ആവശ്യമാണ്.
3 മാതാപിതാക്കളേ, മുഴുസമയ സേവനം ഏറ്റെടുക്കാൻ മക്കളെ പ്രോത്സാഹിപ്പിക്കുക: കരുതലുള്ള ഒരു പിതാവ് എന്നനിലയിൽ യഹോവ, സഞ്ചരിക്കേണ്ട വഴി തന്റെ മക്കൾക്ക് കൃത്യമായി കാണിച്ചുതരുന്നു. (യെശ. 30:21) അങ്ങനെ അവൻ ക്രിസ്തീയ മാതാപിതാക്കളായ നിങ്ങൾക്ക് ഒരു നല്ല മാതൃക വെക്കുന്നു. നല്ല വഴി ഏതെന്നു സ്വയം തിരഞ്ഞെടുക്കാൻ മക്കളെ അനുവദിക്കുന്നതിനുപകരം ശരിയായ വഴിയിൽ സഞ്ചരിക്കാൻ ജ്ഞാനപൂർവം അവരെ പരിശീലിപ്പിക്കുക. അപ്പോൾ യഹോവയുടെ അനുഗ്രഹം അവർക്കു ലഭിക്കും. വളർന്നുകഴിയുമ്പോൾ നിങ്ങൾ നൽകിയ പരിശീലനം “ശരിയും തെറ്റും തിരിച്ചറിയാൻ” അവരെ സഹായിക്കുകയും ചെയ്യും. (എബ്രാ. 5:14) സ്വന്തം വിവേകത്തിൽ ആശ്രയിക്കാനാവില്ലെന്നും തങ്ങളുടെ പാതകളെ നേരെയാക്കാൻ യഹോവയിൽ ആശ്രയിക്കേണ്ടതുണ്ടെന്നും മുതിർന്നയാളുകൾ അനുഭവത്തിൽനിന്ന് മനസ്സിലാക്കിയിരിക്കുന്നു. (സദൃ. 3:5, 6) ആ സ്ഥിതിക്ക്, വളരെ കുറച്ചുമാത്രം ജീവിതാനുഭവമുള്ള യുവജനങ്ങൾ എത്രയധികം യഹോവയിൽ ആശ്രയിക്കണം!
4 മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾ കൗമാരത്തോട് അടുക്കുമ്പോൾ, ഒരുപക്ഷേ അതിനുമുമ്പുതന്നെ, അവരുടെ ജീവിതലക്ഷ്യങ്ങളെക്കുറിച്ച് അവരുമായി യാഥാർഥ്യബോധത്തോടെ സംസാരിക്കണം. സ്കൂൾ ഉപദേഷ്ടാക്കളും അധ്യാപകരും സഹപാഠികളും, ലൗകികവും ധനാസക്തവും ആയ കാര്യങ്ങൾ പിന്തുടരാനായിരിക്കും അവരെ പ്രോത്സാഹിപ്പിക്കുക. അതുകൊണ്ടുതന്നെ രാജ്യതാത്പര്യങ്ങൾ ബലികഴിക്കാതെ ഭൗതികാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന, പ്രായോഗിക പരിശീലനം നൽകുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക. (1 തിമൊ. 6:6-11) സാധാരണഗതിയിൽ, പ്രായോഗിക പരിശീലനം സഹിതമുള്ള ഹൈസ്കൂൾ വിദ്യാഭ്യാസമോ ഒരു തൊഴിൽ പരിചയമോ മതിയാകും അടിസ്ഥാന ആവശ്യങ്ങൾക്കായി കരുതാനും സാധാരണ പയനിയർ ശുശ്രൂഷ തുടങ്ങാനും.
5 ഏകാകിത്വം എന്ന വരം പിന്തുടരാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക. വിവാഹം കഴിക്കാൻ പിന്നീടു തീരുമാനിക്കുന്നെങ്കിൽ, വിവാഹം കൈവരുത്തുന്ന വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പറ്റിയ ഒരു അവസ്ഥയിലായിരിക്കും അവർ. (2003 സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ “നിങ്ങളെത്തന്നെ ലഭ്യമാക്കാൻ കഴിയുമോ?” എന്ന ലേഖനത്തിന്റെ 19-ാം ഖണ്ഡിക കാണുക.) പയനിയറിങ്ങിനെയും ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നതിനെയും ബെഥേൽ സേവനത്തെയും കുറിച്ച് ക്രിയാത്മകമായി സംസാരിച്ചുകൊണ്ട്, യഹോവയ്ക്ക് പ്രസാദകരവും മറ്റുള്ളവർക്ക് പ്രയോജനപ്രദവും തങ്ങൾക്കുതന്നെ സന്തോഷം കൈവരുത്തുന്നതും ആയ വിധത്തിൽ ജീവിതം ഉപയോഗിക്കാനുള്ള ആഗ്രഹം യുവജനങ്ങളിൽ ചെറുപ്പത്തിലേ നട്ടുവളർത്തുക.
6 യുവജനങ്ങളേ, മുഴുസമയ ശുശ്രൂഷ ഒന്നാമതു വെക്കുക: യുവജനങ്ങളേ, പയനിയർവേല എങ്ങനെയുള്ളതായിരിക്കും എന്നോർത്ത് ഉത്കണ്ഠപ്പെടേണ്ടതില്ല. സാധ്യമാകുമ്പോഴൊക്കെ പഠനത്തോടൊപ്പവും അവധിക്കാലങ്ങളിലും സഹായപയനിയറിങ് ചെയ്തുകൊണ്ട് നിങ്ങൾക്ക് അത് പരീക്ഷിച്ചുനോക്കാവുന്നതാണ്. അപ്പോൾ നിങ്ങൾക്കു മനസ്സിലാകും പയനിയർവേല എത്ര സംതൃപ്തിദായകമാണെന്ന്!
7 സ്നാനമേറ്റ ഒരു സഹോദരനാണ് നിങ്ങളെങ്കിൽ, ഒരു ശുശ്രൂഷാദാസനാകാൻ യോഗ്യത പ്രാപിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഗൗരവപൂർവം ചിന്തിക്കാവുന്നതാണ്. (1 തിമൊ. 3:8-10, 12) ഇനിയും, ബെഥേൽസേവനം ഏറ്റെടുക്കാനോ ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്കൂളിൽ സംബന്ധിക്കാനോ ഉള്ള പ്രായമായിട്ടുണ്ടെങ്കിൽ അതേക്കുറിച്ചും ചിന്തിക്കാം. അടുക്കും ചിട്ടയുമുള്ള ജീവിതം എങ്ങനെ നയിക്കാം, മറ്റുള്ളവരുമായി എപ്രകാരം ഒത്തുപോകാം, ഉത്തരവാദിത്വബോധം എങ്ങനെ വളർത്തിയെടുക്കാം എന്നതുപോലുള്ള വിലയേറിയ പാഠങ്ങൾ പയനിയർ ശുശ്രൂഷയിലൂടെ ലഭിക്കുന്ന അനുഭവപരിചയം നിങ്ങളെ പഠിപ്പിക്കും. ഇവയെല്ലാം ഭാവിയിൽ വലിയ പദവികൾ ഏറ്റെടുക്കാൻ നിങ്ങളെ സജ്ജനാക്കും.
8 ദൈവസേവനത്തിൽ ശുഷ്കാന്തിയുള്ളവരായിരിക്കുന്നതാണ് മുഴുസമയ ശുശ്രൂഷയിൽ വിജയം കണ്ടെത്താനുള്ള സുപ്രധാന മാർഗം. അപ്പൊസ്തലനായ പൗലോസ് അത്തരം മനോഭാവത്തെ പ്രോത്സാഹിപ്പിക്കുകയും അതിന്റെ പ്രയോജനം ചൂണ്ടിക്കാട്ടുകയും ചെയ്തു: “നിങ്ങൾ ചെയ്യുന്നതൊക്കെയും . . . യഹോവയ്ക്ക് എന്നപോലെ മുഴുദേഹിയോടെ ചെയ്യുവിൻ. അവകാശമെന്ന പ്രതിഫലം യഹോവയിൽനിന്നാണു ലഭിക്കുന്നതെന്ന് നിങ്ങൾ അറിയുന്നുവല്ലോ.” (കൊലോ. 3:23, 24) മുഴുസമയ സേവനത്തിൽ നിരവധി സന്തോഷങ്ങൾ നൽകി യഹോവ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ!