യുവജനങ്ങളേ—നിങ്ങളുടെ ആത്മീയലക്ഷ്യങ്ങൾ ഏവയാണ്?
1 നമുക്കു സന്തോഷം ലഭിക്കാൻ അർഥവത്തായ പ്രവർത്തനങ്ങളും എത്തിച്ചേരാനാകുന്ന ലക്ഷ്യങ്ങളും എത്ര പ്രധാനമാണെന്ന് യഹോവയ്ക്ക് അറിയാം. (ഉല്പത്തി 1:28; 2:15, 19 കാണുക.) ഇന്ന് യഹോവ തന്റെ ജനത്തിനു പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള നിയോഗം നൽകിയിരിക്കുന്നു. പറുദീസയിലെ നിത്യജീവനിൽ എത്തിച്ചേരാനുള്ള ദീർഘകാലലക്ഷ്യവും നമുക്കുണ്ട്. ഇതിനോടു ചേർച്ചയിൽ പുരോഗമനാത്മകമായ ആത്മീയലക്ഷ്യങ്ങൾ വെക്കുന്നുവെങ്കിൽ മാത്രമേ തെറ്റായ ദിശയിൽ പോയി നമ്മുടെ ഊർജ്ജവും വിഭവങ്ങളും പാഴാകുന്നതു തടയാനാകൂ.—1 കൊരി. 9:26.
2 യുവജനങ്ങൾക്ക് പ്രായോഗികമായ ലക്ഷ്യങ്ങൾ: യുവജനങ്ങൾ വ്യക്തിപരമായ പ്രാപ്തികൾക്കനുസരിച്ച് എത്തിച്ചേരാനാകുന്ന ദിവ്യാധിപത്യ ലാക്കുകൾ വെക്കണം. (1 തിമൊ. 4:15) ചില കൊച്ചുകുട്ടികൾ വായിക്കാൻ പഠിക്കുന്നതിനു മുമ്പുതന്നെ ബൈബിൾപുസ്തകങ്ങൾ ഓർമയിൽനിന്നു പറയുകയെന്ന ലക്ഷ്യത്തിലെത്തിയിരിക്കുന്നു. കുടുംബാധ്യയനത്തിലൂടെ, കുട്ടികൾ യോഗങ്ങൾക്കു തയ്യാറാകാൻ പഠിക്കുകയും അങ്ങനെ യോഗങ്ങളിൽ അർഥവത്തായ ഉത്തരങ്ങൾ പറയുകയും ചെയ്യുന്നു. കൂടാതെ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തുക എന്ന ലക്ഷ്യത്തിലും എത്തിച്ചേരുന്നു. കുട്ടികൾ മാതാപിതാക്കളോടൊപ്പം വയൽസേവനത്തിൽ പങ്കെടുക്കുമ്പോൾ സാക്ഷീകരിക്കാൻ പഠിക്കുകയും പ്രസാധകനാകുക എന്ന ലക്ഷ്യത്തിലേക്കു പുരോഗമിക്കുകയും ചെയ്യുന്നു. സമർപ്പണം, സ്നാനം എന്നീ ലക്ഷ്യങ്ങൾ വെക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കണം.
3 ഇളം പ്രായത്തിൽത്തന്നെ കുട്ടികൾ യേശുവിന്റെ മാതൃക അനുകരിക്കാൻ ശ്രമിക്കണം. അവൻ 12 വയസ്സായപ്പോൾ ആത്മീയകാര്യങ്ങളെക്കുറിച്ചു നന്നായി സംസാരിച്ചു. (ലൂക്കോ. 2:42-49, 52) വ്യക്തിപരമായ പഠനം, ദൈനംദിന ബൈബിൾവായന, സഭായോഗങ്ങളിലും സേവനത്തിലും പക്വതയുള്ള ക്രിസ്ത്യാനികളുമായുള്ള തുടർച്ചയായ സഹവാസം എന്നിവയ്ക്കായി വ്യക്തിഗത ലക്ഷ്യങ്ങൾ വെക്കുന്നെങ്കിൽ യേശുവിനെപ്പോലെ നിങ്ങൾക്കും ദൈവരാജ്യത്തെക്കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കാനുള്ള വൈദഗ്ധ്യം നേടാനാകും.