ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
നവംബർ 6-12
ദൈവവചനത്തിലെ നിധികൾ | ആമോസ് 1-9
jd-E 90-91 ¶16-17
ഉയർന്ന ദിവ്യനിലവാരങ്ങൾക്ക് ചേർച്ചയിൽ യഹോവയെ സേവിക്കുക
നന്മയും തിന്മയും സംബന്ധിച്ച ആരുടെ നിലവാരങ്ങളാണ് ഏറ്റവും മികച്ചത് എന്ന കാര്യം തിരഞ്ഞെടുക്കേണ്ടി വന്നപ്പോൾ ആദ്യമനുഷ്യനായ ആദാം തെറ്റായ തീരുമാനം എടുത്തു. നമ്മൾ ജ്ഞാനത്തോടെ തീരുമാനം എടുക്കുമോ? “മോശമായതു വെറുത്ത് നല്ലതിനെ സ്നേഹി”ച്ചുകൊണ്ട് ദൈവത്തിന്റെ നിലവാരങ്ങൾ ഗൗരവമായി കാണണമെന്ന് ആമോസ് നമ്മളെ ബുദ്ധിയുപദേശിക്കുന്നു. (ആമോ 5:15) ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ സെമിറ്റിക്ക് ഭാഷകളുടെയും സാഹിത്യങ്ങളുടെയും പ്രൊഫസറായിരുന്ന വില്യം റെയ്നി ഹാർപ്പർ ഈ വാക്യത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ആമോസിന്റെ വീക്ഷണത്തിൽ യാഹ്വേയുടെ ഇഷ്ടമാണ് ശരിതെറ്റുകളെക്കുറിച്ചുള്ള നിലവാരം.” 12 പ്രവാചകന്മാരിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന പ്രധാനപ്പെട്ട ആശയവും ഇതാണ്. നന്മയും തിന്മയും സംബന്ധിച്ച് യഹോവ വെച്ചിരിക്കുന്ന നിലവാരം സ്വീകരിക്കാൻ നമ്മൾ തയ്യാറാണോ? ആ ഉയർന്ന നിലവാരങ്ങളെക്കുറിച്ച് ബൈബിളിൽ കാണാം. ഇനി പക്വതയും അനുഭവപരിചയവും ഉള്ള ക്രിസ്ത്യാനികളുടെ കൂട്ടമായ “വിശ്വസ്തനും വിവേകിയും ആയ അടിമ” അവയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നു.—മത്ത 24:45-47.
മോശമായ കാര്യങ്ങൾ വെറുക്കുന്നത് ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കാൻ നമ്മളെ സഹായിക്കും. ഉദാഹരണത്തിന്, ഇന്റർനെറ്റ് അശ്ലീലത്തിന്റെ അപകടത്തെക്കുറിച്ച് ഒരാൾ ബോധവാനായിരിക്കാം. അത് കാണാതിരിക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാൽ അദ്ദേഹത്തിലെ ‘ആന്തരികമനുഷ്യന്’ അശ്ലീല വെബ്സൈറ്റിലെ വിവരങ്ങളെക്കുറിച്ച് വാസ്തവത്തിൽ എന്താണ് തോന്നുന്നത്? (എഫ 3:16) ആമോസ് 5:15-ൽ ദൈവം നൽകുന്ന പ്രോത്സാഹനം അനുസരിച്ചാൽ അദ്ദേഹത്തിനു തിന്മയെ വെറുക്കാൻ പഠിക്കുന്നത് എളുപ്പമായിരിക്കും. അങ്ങനെ ആത്മീയ പോരാട്ടത്തിൽ അദ്ദേഹത്തിനു വിജയിക്കാനായേക്കും.
നവംബർ 13-19
ആത്മീയമുത്തുകൾക്കായി കുഴിക്കുക
jd-E 112 ¶4-5
ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ മറ്റുള്ളവരോട് ഇടപെടുക
ഇസ്രായേലിനടുത്തുള്ള ഏദോമിനെ ദൈവം ഇങ്ങനെ കുറ്റം വിധിച്ചു: “നിന്റെ സഹോദരന്റെ ആപത്ദിനത്തിൽ, നീ അവന്റെ അവസ്ഥ കണ്ട് രസിക്കരുതായിരുന്നു. യഹൂദയിലെ ജനങ്ങളുടെ നാശദിവസത്തിൽ അവരെച്ചൊല്ലി നീ ആഹ്ലാദിക്കരുതായിരുന്നു.” (ഓബ 12) അതിൽ നമുക്ക് ഒരു പാഠമുണ്ട്. . . . ഏദോമ്യർ ശരിക്കും അവരുടെ സഹോദരന്മാരായിരുന്നു, യാക്കോബിന്റെ ഇരട്ട സഹോദരനായ ഏശാവിന്റെ വംശജർ. എന്തിന്, യഹോവപോലും ഏദോമ്യരെ ഇസ്രായേലിന്റെ ‘സഹോദരന്മാർ’ എന്നാണ് വിളിച്ചിരിക്കുന്നത്. (ആവ 2:1-4) അതുകൊണ്ട് ജൂതന്മാർ ബാബിലോണിന്റെ കൈയാൽ ദുരന്തം അനുഭവിച്ചപ്പോൾ ഏദോമ്യർ അതിൽ സന്തോഷിച്ചത് തീർത്തും മോശമായ ഒരു കാര്യംതന്നെയായിരുന്നു.—യഹ 25:12-14.
ജൂതസഹോദരന്മാരോട് ഏദോമ്യർ ഇടപെട്ട വിധത്തെ ദൈവം ഒട്ടും അംഗീകരിച്ചില്ല എന്നത് വ്യക്തമാണ്. നമുക്ക് നമ്മളോട് ഇങ്ങനെ ചോദിക്കാം: “എന്റെ സഹോദരന്മാരോട് ഞാൻ ഇടപെടുന്ന വിധത്തെ ദൈവം എങ്ങനെയായിരിക്കും വീക്ഷിക്കുന്നത്?” ചിന്തിക്കാൻ കഴിയുന്ന ഒരു മേഖല, കാര്യങ്ങൾ അത്ര സുഗമമായി പോകാത്ത സാഹചര്യങ്ങളിൽ നമ്മൾ എങ്ങനെയാണ് സഹോദരനെ വീക്ഷിക്കുകയും സഹോദരനോട് ഇടപെടുകയും ചെയ്യുന്നത് എന്നതാണ്. ഉദാഹരണത്തിന്, ഒരു ക്രിസ്ത്യാനി നിങ്ങളെ വിഷമിപ്പിച്ചെന്നു കരുതുക. അല്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങളിൽ ഒരാളുമായി അദ്ദേഹത്തിന് ഒരു പ്രശ്നമുണ്ടെന്നിരിക്കട്ടെ. ഇങ്ങനെ ‘പരാതിക്കു കാരണമുള്ളപ്പോൾ’ നിങ്ങൾ അദ്ദേഹത്തോടു നീരസം വെച്ചുകൊണ്ടിരിക്കുമോ? പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതിരിക്കുകയോ കാര്യം വിട്ടുകളയാതിരിക്കുകയോ ചെയ്യുമോ? (കൊലോ 3:13; യോശ 22:9-30; മത്ത 5:23, 24) അങ്ങനെ ചെയ്താൽ സഹോദരനോടുള്ള നിങ്ങളുടെ പെരുമാറ്റത്തിൽ അത് നിഴലിച്ചേക്കാം. തണുപ്പൻ മട്ടിൽ ഇടപെടുകയോ അദ്ദേഹത്തെ ഒഴിവാക്കുകയോ അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിക്കുകയോ ഒക്കെ ചെയ്തേക്കാം. ഇനി, ഒരു അവസരത്തിൽ ആ സഹോദരന് ഒരു തെറ്റ് പറ്റിയെന്നിരിക്കട്ടെ, ഒരുപക്ഷേ സഭാമൂപ്പന്മാരിൽനിന്ന് തിരുത്തലോ ബുദ്ധിയുപദേശമോ വേണ്ടിവന്നേക്കാവുന്ന ഒരു തെറ്റ്. (ഗല 6:1) ഇപ്പോൾ ഏദോമ്യരെപ്പോലെ സഹോദരന്റെ വിഷമാവസ്ഥയിൽ നിങ്ങൾ സന്തോഷിക്കുമോ? നിങ്ങൾ എങ്ങനെ പ്രവർത്തിക്കാനാണ് ദൈവം പ്രതീക്ഷിക്കുന്നത്?
നവംബർ 20-26
ദൈവവചനത്തിലെ നിധികൾ | മീഖ 1-7
w12-E 11/1 22 ¶4-7
“യഹോവ മറ്റ് എന്താണു നിന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്?”
‘നീതിയോടെ ജീവിക്കാൻ.’ ഒരു പുസ്തകം പറയുന്നത് അനുസരിച്ച് “നീതി” എന്ന എബ്രായ വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന ഒരു കാര്യം “സമൂഹത്തിൽ നല്ല ബന്ധങ്ങൾ ഉണ്ടായിരിക്കുക” എന്നതാണ്. ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ എന്താണോ നീതിയും ന്യായവും, ആ രീതിയിൽ നമ്മൾ മറ്റുള്ളവരോടു പെരുമാറണം. മറ്റുള്ളവരോടു പക്ഷപാതം കൂടാതെയും നേരോടെയും സത്യസന്ധതയോടെയും ഇടപെടുമ്പോൾ നമ്മൾ നീതിയോടെ ജീവിക്കുകയായിരിക്കും. (ലേവ 19:15; യശ 1:17; എബ്ര 13:18) നമ്മൾ മറ്റുള്ളവരോടു നീതിയോടെ ഇടപെടുമ്പോൾ നമ്മളോടും അതേ വിധത്തിൽ ഇടപെടാൻ അവർ പ്രേരിതരാകും.—മത്ത 7:12.
‘വിശ്വസ്തതയെ പ്രിയപ്പെടാൻ.’ കേവലം വിശ്വസ്തത (കിസെദ്) കാണിക്കാൻ അല്ല ദൈവം നമ്മളോടു പറഞ്ഞത്. പകരം അതിനെ പ്രിയപ്പെടാനാണ്. ‘വിശ്വസ്തതയെ പ്രിയപ്പെടുക’ എന്ന് വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ പദപ്രയോഗത്തെ ‘നിങ്ങളുടെ സ്നേഹത്തിൽ വിശ്വസ്തതയുള്ളവരും ദയയുള്ളവരും ആയിരിക്കുക’ എന്നും പരിഭാഷപ്പെടുത്താനാകും. ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു: “സ്നേഹം, ദയ, കരുണ എന്നീ വാക്കുകൾകൊണ്ട് പരിഭാഷപ്പെടുത്താൻ കഴിയുന്ന ഒരു വാക്കല്ല (കിസെദ്). ഈ ഗുണങ്ങളിൽ ഒന്നല്ല അത്. ഇത് മൂന്നും കൂടിച്ചേരുന്ന ഒന്നാണ് കിസെദ്.” നമ്മൾ വിശ്വസ്തതയെ പ്രിയപ്പെടുകയാണെങ്കിൽ നമ്മൾ അത് മനസ്സോടെ കാണിക്കും. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിൽ നമ്മൾ സന്തോഷം കണ്ടെത്തും. അതിന്റെ ഫലമായി, കൊടുക്കുന്നതിലെ സന്തോഷം നമ്മൾ ആസ്വദിക്കും.—പ്രവൃ 20:35.
‘ദൈവത്തോടൊപ്പം എളിമയോടെ നടക്കാൻ.’ ബൈബിൾ ‘നടക്കുക’ എന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത് ‘മുറയ്ക്കു പ്രവർത്തിക്കുക’ എന്നാണ്. ബൈബിൾ പറയുന്നതനുസരിച്ച് പ്രവർത്തിക്കുമ്പോൾ നമ്മൾ ദൈവത്തോടൊപ്പം നടക്കുകയാണ്. അങ്ങനെ നടക്കുന്നതിന് നമുക്ക് “എളിമ” വേണം. എന്തുകൊണ്ട്? എളിമയുണ്ടെങ്കിലേ ദൈവത്തിന്റെ വീക്ഷണത്തിൽ നമ്മുടെ അവസ്ഥ എന്താണെന്ന് ചിന്തിക്കുകയും നമ്മുടെ പരിമിതികൾ മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ ‘ദൈവത്തോടൊപ്പം എളിമ’യോടെ നടക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത് ദൈവം നമ്മിൽനിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളെക്കുറിച്ചും നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചും ശരിയായ വീക്ഷണമുണ്ടായിരിക്കുക എന്നാണ്.
നമുക്കു ചെയ്യാൻ കഴിയുന്നതിനെക്കാൾ അധികം യഹോവ ഒരിക്കലും നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നില്ല എന്നത് ആശ്വാസകരമാണ്. യഹോവയെ സേവിക്കാൻ നമ്മൾ ചെയ്യുന്ന കഠിനശ്രമത്തെ ദൈവം വിലമതിക്കുന്നു. (കൊലോ 3:23) നമ്മുടെ പരിമിതികൾ ദൈവത്തിന് അറിയാം. (സങ്ക 103:14) ആ കാര്യം താഴ്മയോടെ അംഗീകരിക്കാൻ പഠിച്ചാൽ ദൈവത്തോടൊപ്പം സന്തോഷത്തോടെ നടക്കാൻ കഴിയും. അങ്ങനെയെങ്കിൽ നിങ്ങൾക്ക് എങ്ങനെ ദൈവത്തോടൊപ്പം നടന്നുതുടങ്ങാം? ദൈവത്തോടൊപ്പം നടക്കുന്നെങ്കിൽ സമൃദ്ധമായ അനുഗ്രഹങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.—സുഭ 10:22.