ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2023 Watch Tower Bible and Tract Society of Pennsylvania
സെപ്റ്റംബർ 4-10
ദൈവവചനത്തിലെ നിധികൾ | എസ്ഥേർ 1-2
“എസ്ഥേറിനെപ്പോലെ എളിമയുള്ളവരായിരിക്കാൻ കഠിനശ്രമം ചെയ്യുക”
പരിശോധനകൾ നേരിടുമ്പോഴും എളിമയുള്ളവരായിരിക്കാൻ കഴിയുമോ?
11 മറ്റുള്ളവർ മുഖസ്തുതി പറയുകയോ അമിതമായി പ്രശംസിക്കുകയോ ചെയ്യുമ്പോൾ അതു നമ്മുടെ എളിമയുടെ പരിശോധനയായേക്കാം. അതിശയിപ്പിക്കുന്ന വിധത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞപ്പോൾ അതിനോട് എസ്ഥേർ പ്രതികരിച്ച വിധം നമുക്കു നല്ല ഒരു മാതൃകയാണ്. എസ്ഥേർ അതിസുന്ദരിയായിരുന്നു. ഒരു വർഷത്തേക്കു പ്രത്യേക സൗന്ദര്യപരിചരണം ലഭിക്കുകയും ചെയ്തു. രാജാവിന്റെ പ്രീതിക്കുവേണ്ടി പേർഷ്യൻ സാമ്രാജ്യത്തിലെങ്ങുമുള്ള യുവതികൾ മത്സരിക്കുകയായിരുന്നു. അവരോടൊപ്പമായിരുന്നു എസ്ഥേർ എന്നും സഹവസിച്ചിരുന്നത്. എങ്കിലും, എസ്ഥേർ എല്ലാവരോടും ആദരവോടെ ഇടപെട്ടു, സമനില കാത്തുസൂക്ഷിച്ചു. രാജാവ് തന്റെ രാജ്ഞിയായി എസ്ഥേറിനെ തിരഞ്ഞെടുത്തിട്ടും എസ്ഥേർ അഹങ്കരിക്കുകയോ എളിമയില്ലാതെ പെരുമാറുകയോ ചെയ്തില്ല.—എസ്ഥേ. 2:9, 12, 15, 17.
അവൾ ദൈവജനത്തിന് തുണ നിന്നു
15 അങ്ങനെ എസ്ഥേർ രാജസന്നിധിയിൽ ആനയിക്കപ്പെടേണ്ട ദിവസമെത്തി. അണിഞ്ഞൊരുങ്ങുമ്പോൾ സ്വന്തമായി ഭംഗി വരുത്തണമെന്നു തോന്നിയാൽ അതിനുവേണ്ട എന്തും എടുക്കാൻ അവൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ എളിമയുണ്ടായിരുന്ന എസ്ഥേർ ഹേഗായി പറഞ്ഞ സാധനങ്ങൾ മാത്രമേ എടുത്തുള്ളൂ. (എസ്ഥേ. 2:15) രാജാവിന്റെ ഹൃദയം കവരാൻ സൗന്ദര്യം മാത്രം പോരെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ടാകും. അവളുടെ താഴ്മയും വിനയവും ആ രാജസദസ്സിൽ ഒരു അപൂർവകാഴ്ചയാകാൻ പോകുകയായിരുന്നു! അവൾക്ക് തെറ്റിപ്പോയോ?
പരിശോധനകൾ നേരിടുമ്പോഴും എളിമയുള്ളവരായിരിക്കാൻ കഴിയുമോ?
12 എളിമയുണ്ടെങ്കിൽ മാന്യവും ആദരണീയവും ആയ വിധത്തിൽ നമ്മൾ വസ്ത്രം ധരിക്കും, മറ്റുള്ളവരോട് അന്തസ്സോടെ പെരുമാറുകയും ചെയ്യും. “ശാന്തതയും സൗമ്യതയും ഉള്ള മനസ്സ്” പ്രകടിപ്പിച്ചുകൊണ്ട് നമുക്ക് ആളുകളുടെ ഹൃദയങ്ങളിൽ ഇടം നേടാൻ കഴിയും. അല്ലാതെ, വീമ്പിളക്കിക്കൊണ്ടോ നമ്മിലേക്കുതന്നെ അനാവശ്യശ്രദ്ധ ക്ഷണിച്ചുകൊണ്ടോ അല്ല. (1 പത്രോസ് 3:3, 4 വായിക്കുക; യിരെ. 9:23, 24) നമ്മുടെ ഹൃദയത്തിൽ അഹങ്കാരമുണ്ടെങ്കിൽ പതുക്കെപ്പതുക്കെ നമ്മുടെ പ്രവൃത്തികളിൽ അതു വെളിപ്പെട്ടുവരും. ഉദാഹരണത്തിന്, നമുക്കു പ്രത്യേക ഉത്തരവാദിത്വസ്ഥാനങ്ങളുണ്ടെന്നോ മറ്റുള്ളവർ അറിയാൻ സാധ്യതയില്ലാത്ത ചില കാര്യങ്ങൾ നമുക്ക് അറിയാമെന്നോ ഉത്തരവാദിത്വസ്ഥാനത്തുള്ള സഹോദരന്മാരുമായി നമുക്കു നല്ല അടുപ്പമുണ്ടെന്നോ ഒക്കെ നമ്മൾ സൂചിപ്പിച്ചേക്കാം. കൂട്ടായ പ്രവർത്തനത്തിലൂടെ ലഭിച്ച ആശയങ്ങളും നേട്ടങ്ങളും നമ്മുടേതു മാത്രമാണെന്ന രീതിയിൽ നമ്മൾ സംസാരിച്ചേക്കാം. അങ്ങനെയുള്ള സന്ദർഭങ്ങളിലും യേശു നല്ല ഒരു മാതൃക കാണിച്ചു. യേശു പറഞ്ഞ കാര്യങ്ങളിൽ നല്ലൊരു ഭാഗവും എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള ഉദ്ധരണികളോ പരാമർശങ്ങളോ ആയിരുന്നു. ആ വിധത്തിൽ എളിമയോടെ സംസാരിച്ചതുവഴി, യേശു പറഞ്ഞതെല്ലാം യഹോവയിൽനിന്ന് കേട്ട കാര്യങ്ങളാണെന്നും അല്ലാതെ യേശുവിന്റെ ബുദ്ധിയിലോ ജ്ഞാനത്തിലോ ഉദിച്ച കാര്യങ്ങളല്ലെന്നും കേൾവിക്കാർ മനസ്സിലാക്കുമായിരുന്നു.—യോഹ. 8:28.
ആത്മീയരത്നങ്ങൾ
നിങ്ങൾക്ക് അറിയാമോ?
ഗവേഷകർ കണ്ടെടുത്ത ഒരു പേർഷ്യൻ ക്യൂണിഫോം കളിമൺഫലകത്തിൽ മർദൂക (മലയാളത്തിൽ മൊർദെഖായി) എന്നൊരാളുടെ പേര് കാണാം. അദ്ദേഹം ശൂശൻ നഗരത്തിലെ ഭരണതലത്തിൽ പ്രവർത്തിച്ചിരുന്ന ഒരാളാണെന്നും സാധ്യതയനുസരിച്ച് അവിടത്തെ കണക്കുസൂക്ഷിപ്പുകാരനാണെന്നും ആ രേഖ സൂചിപ്പിക്കുന്നു. അതു കണ്ടെടുത്ത സമയത്ത്, പൗരസ്ത്യദേശത്തിന്റെ ചരിത്രത്തിൽ വിദഗ്ധനായ ആർതർ ഉംഗ്നാദ് പറഞ്ഞത്, “ബൈബിൾവിവരണങ്ങളിൽ അല്ലാതെ മൊർദെഖായിയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന ഒരേ ഒരു രേഖയാണ് ഇത്” എന്നാണ്.
പിന്നീട്, ഗവേഷകർ ആയിരക്കണക്കിനു ക്യൂണിഫോം രേഖകൾ കണ്ടെത്തുകയും അവ പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവയിൽ ചിലതാണു പെർസെപൊലിസ് ഫലകങ്ങൾ. നഗരമതിലിനോടു ചേർന്നുള്ള, ഖജനാവിന്റെ നാശാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് അവ കണ്ടെടുത്തത്. സെർക്സിസ് ഒന്നാമൻ രാജാവിന്റെ ഭരണകാലത്തേതാണ് ഈ ഫലകങ്ങൾ. ഏലാമ്യ ഭാഷയിലുള്ള ആ രേഖകളിൽ എസ്ഥേറിന്റെ പുസ്തകത്തിലെ പല പേരുകളും കാണാം.
സെർക്സിസ് ഒന്നാമൻ രാജാവിന്റെ ഭരണകാലത്ത് ശൂശൻ കൊട്ടാരത്തിൽ ഒരു പകർപ്പെഴുത്തുകാരനായി പ്രവർത്തിച്ചിരുന്ന മർദൂക എന്നൊരാളെക്കുറിച്ച് പല പെർസെപൊലിസ് ഫലകങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു ഫലകം, മർദൂക ഒരു പരിഭാഷകനായിരുന്നെന്നും സൂചിപ്പിക്കുന്നു. അതു മൊർദെഖായിയെക്കുറിച്ചുള്ള ബൈബിൾവിവരണവുമായി യോജിപ്പിലാണ്. മൊർദെഖായി അഹശ്വേരശ് (സെർക്സിസ് ഒന്നാമൻ) രാജാവിന്റെ കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നെന്നും അദ്ദേഹത്തിനു കുറഞ്ഞത് രണ്ടു ഭാഷയെങ്കിലും സംസാരിക്കാൻ അറിയാമായിരുന്നെന്നും ബൈബിൾവിവരണം സൂചിപ്പിക്കുന്നു. അദ്ദേഹം പതിവായി ശൂശൻ രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരുന്നിരുന്നതായും ബൈബിൾരേഖകളിൽ കാണാം. (എസ്ഥേ. 2:19, 21; 3:3) വാസ്തവത്തിൽ, കൊട്ടാരത്തിലെ ഉദ്യോഗസ്ഥരൊക്കെ ജോലി ചെയ്തിരുന്ന വലിയൊരു കെട്ടിടമായിരുന്നു ഈ കവാടം.
ഈ ഫലകങ്ങളിൽ പറഞ്ഞിരിക്കുന്ന മർദൂകയ്ക്കും ബൈബിൾവിവരണത്തിൽ കാണുന്ന മൊർദെഖായിക്കും പല സമാനതകളുമുണ്ട്. രണ്ടു പേരും ഒരേ കാലത്ത് ഒരേ സ്ഥലത്ത് ജീവിച്ചിരുന്നവരും ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരും ആണ്. ഈ വസ്തുതകളെല്ലാം സൂചിപ്പിക്കുന്നതു പുരാവസ്തു ഗവേഷകർ പറയുന്ന മർദൂകയും എസ്ഥേറിന്റെ പുസ്തകത്തിൽ കാണുന്ന മൊർദെഖായിയും ഒരേ ആൾതന്നെയായിരിക്കാം എന്നാണ്.
സെപ്റ്റംബർ 11-17
ദൈവവചനത്തിലെ നിധികൾ | എസ്ഥേർ 3-5
“കഴിവുകൾ പരമാവധി ഉപയോഗിക്കാൻ മറ്റുള്ളവരെ സഹായിക്കുക”
it-2-E 431 ¶7
മൊർദെഖായി
ഹാമാനെ കുമ്പിടാൻ വിസമ്മതിക്കുന്നു. അഹശ്വേരശ് രാജാവ് ഹാമാനെ പ്രധാനമന്ത്രിയാക്കി. രാജകൊട്ടാരത്തിന്റെ കവാടത്തിലുള്ള എല്ലാ ഭൃത്യന്മാരും ഹാമാനെ താണുവണങ്ങി സാഷ്ടാംഗം നമസ്കരിക്കണമെന്ന കല്പനയും കൊടുത്തു. പക്ഷേ അങ്ങനെ ചെയ്യാൻ മൊർദെഖായി തയ്യാറല്ലായിരുന്നു. താൻ ഒരു ജൂതനാണ് എന്നതാണ് മൊർദെഖായി അതിനു പറഞ്ഞ കാരണം. (എസ്ഥ 3:1-4) ബഹുമാനസൂചകമായി മുൻകാലങ്ങളിൽ ഇസ്രായേല്യർ അധികാരമുള്ള ആളുകളുടെ മുമ്പിൽ വണങ്ങിയിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് മൊർദെഖായി അങ്ങനെ ചെയ്യാതിരുന്നത്? കാരണം ഹാമാൻ സാധ്യതയനുസരിച്ച് ഒരു അമാലേക്യനായിരുന്നു. യഹോവയാണെങ്കിൽ താൻ “തലമുറതലമുറയോളം” അമാലേക്യരുമായി യുദ്ധത്തിലായിരിക്കും എന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. (പുറ 17:16) അതുകൊണ്ട് അയാളുടെ മുമ്പിൽ കുമ്പിടുക എന്നു പറയുന്നത് ദൈവവുമായുള്ള വിശ്വസ്തതയുമായി ബന്ധപ്പെട്ടിരുന്നു. അങ്ങനെ ചെയ്ത് അവിശ്വസ്തനാകാൻ മൊർദെഖായി ആഗ്രഹിച്ചില്ല.
it-2-E 431 ¶9
മൊർദെഖായി
ഇസ്രായേലിനെ മോചിപ്പിക്കാൻ ഉപയോഗിക്കുന്നു. എല്ലാ ജൂതന്മാരെയും കൊല്ലാനുള്ള രാജകല്പനയെക്കുറിച്ച് അറിഞ്ഞപ്പോൾ, ഇങ്ങനെയൊരു സമയത്ത് ജൂതന്മാരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് എസ്ഥേർ രാജ്ഞിയായത് എന്ന വിശ്വാസം മൊർദെഖായി പ്രകടിപ്പിച്ചു. എസ്ഥേറിന്റെ ആ വലിയ ഉത്തരവാദിത്വത്തെക്കുറിച്ച് മൊർദെഖായി ഓർമിപ്പിച്ചു. രാജാവിന്റെ പ്രീതിക്കും സഹായത്തിനും ആയി എസ്ഥേർ അഭ്യർഥിക്കണമെന്നും മൊർദെഖായി നിർദേശിച്ചു. തന്റെ ജീവന് ഭീഷണിയാണെന്ന് അറിഞ്ഞിട്ടും അത് അനുസരിക്കാൻ എസ്ഥേർ തയ്യാറായി.—എസ്ഥ 4:7–5:2.
അവൾ ദൈവജനത്തിന് തുണ നിന്നു
22 മൊർദെഖായിയുടെ സന്ദേശം വായിച്ച എസ്ഥേരിന് ഹൃദയം നിലച്ചതുപോലെയായി! ഇതാ, അവളുടെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പരിശോധന! ഭയന്നുപോയ അവൾ മൊർദെഖായി ആവശ്യപ്പെട്ട കാര്യത്തിന്റെ ഗൗരവം തന്റെ മറുപടിയിലൂടെ അവനെ അറിയിച്ചു. രാജധാനിയിലെ കീഴ്വഴക്കം അവൾ മൊർദെഖായിയെ ഓർമിപ്പിച്ചു: ക്ഷണിക്കപ്പെടാതെ രാജസന്നിധിയിൽ ചെല്ലുന്നത് മരണം വിളിച്ചുവരുത്തും. അങ്ങനെ ചെല്ലുന്ന ആൾ ആരായാലും അയാളുടെ നേരേ രാജാവ് തന്റെ സ്വർണചെങ്കോൽ നീട്ടിയെങ്കിൽ മാത്രമേ അയാൾ ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെടുകയുള്ളൂ! എസ്ഥേരിന് രാജാവിൽനിന്ന് അത്തരമൊരു ദയാദാക്ഷിണ്യം പ്രതീക്ഷിക്കാനാകുമോ? ഹാജരാകാനുള്ള രാജകല്പന അനുസരിക്കാഞ്ഞ വസ്ഥിരാജ്ഞിക്കുണ്ടായ അനുഭവം അവളുടെ കണ്മുന്നിലുണ്ട്. അടുത്ത 30 ദിവസത്തേക്ക്, തന്നെ രാജാവ് ക്ഷണിച്ചിട്ടില്ലെന്ന് എസ്ഥേർ മൊർദെഖായിയോടു പറഞ്ഞു. രാജാവിന്റെ സ്വഭാവമാണെങ്കിൽ പെട്ടെന്ന് മാറുന്നതാണ്. ചിലപ്പോൾ തന്നോടുള്ള പ്രീതി നഷ്ടപ്പെട്ടിട്ടാണോ ഇത്ര ദീർഘമായ ഒരു കാലത്തേക്ക് തന്നെ വിളിക്കാത്തത്? എസ്ഥേരിന്റെ മനസ്സിലൂടെ ഈ ചിന്തകളും കടന്നുപോയിരിക്കാം.—എസ്ഥേ. 4:9-11.
23 എസ്ഥേരിന്റെ വിശ്വാസം ബലപ്പെടുത്താൻ പോന്ന ദൃഢമായൊരു മറുപടിയാണ് മൊർദെഖായി നൽകിയത്. ഈ സാഹചര്യത്തിൽ ചെയ്യേണ്ടത് അവൾക്ക് ചെയ്യാൻ കഴിയാതെവന്നാൽ, യഹൂദന്മാർക്ക് രക്ഷ വേറെ എവിടെനിന്നെങ്കിലും വരും എന്ന് അവൻ ബോധ്യത്തോടെ പറഞ്ഞു. രാജനിയമം പ്രാബല്യത്തിലായാൽ അവൾ അതിൽനിന്ന് ഒഴിവാകുമെന്ന് ഉറപ്പൊന്നുമില്ലെന്നും എസ്ഥേരിനോടു പറഞ്ഞു. യഹോവയിലുള്ള തന്റെ ആഴമായ വിശ്വാസമാണ് ഈ സന്ദർഭത്തിൽ മൊർദെഖായി കാണിച്ചത്. തന്റെ ജനം ഉന്മൂലനം ചെയ്യപ്പെടാൻ യഹോവ ഒരിക്കലും അനുവദിക്കില്ലെന്നും അവന്റെ വാഗ്ദാനങ്ങൾ നിറവേറാതെ പോകില്ലെന്നും മൊർദെഖായിക്ക് ഉറപ്പായിരുന്നു. (യോശു. 23:14) പിന്നെ, മൊർദെഖായി എസ്ഥേരിനോട് ഇങ്ങനെ ചോദിച്ചു: “ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?” (എസ്ഥേ. 4:12-14) മൊർദെഖായി എന്ന മനുഷ്യന്റെ വിശ്വാസം മാതൃകയാക്കാൻ നിങ്ങൾക്കു തോന്നുന്നില്ലേ? അവൻ തന്റെ ദൈവമായ യഹോവയിൽ പൂർണമായി ആശ്രയിച്ചു. നമ്മൾ അങ്ങനെ ചെയ്യുമോ?—സദൃ. 3:5, 6.
ആത്മീയരത്നങ്ങൾ
ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം
14 പുരാതനകാലത്തെ എസ്ഥേറിനെയും മൊർദെഖായിയെയും പോലെ, യഹോവ കല്പിച്ച രീതിയിൽ യഹോവയെ ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ദൈവജനം ഇന്നു പോരാടിക്കൊണ്ടിരിക്കുകയാണ്. (എസ്ഥേ. 4:13-16) അക്കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ? ഉണ്ട്. ഇന്നു നിയമത്തിന്റെ പേരിൽ അനീതിക്ക് ഇരയാകേണ്ടിവരുന്ന നിങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാർക്കുവേണ്ടി നിങ്ങൾക്കു പതിവായി പ്രാർഥിക്കാൻ കഴിയും. ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിൽ കഴിയുന്ന, ഉപദ്രവങ്ങൾ ഏൽക്കേണ്ടിവരുന്ന നമ്മുടെ സഹോദരങ്ങൾക്കു വലിയൊരു സഹായമായിരിക്കാൻ നിങ്ങളുടെ പ്രാർഥനകൾക്കാകും. (യാക്കോബ് 5:16 വായിക്കുക.) അത്തരം പ്രാർഥനകൾ കേട്ട് യഹോവ എന്തെങ്കിലും നടപടിയെടുക്കുമോ? ഉറപ്പായും യഹോവ അതു ചെയ്യും എന്നതിനു തെളിവാണു നമ്മുടെ നിയമവിജയങ്ങൾ.—എബ്രാ. 13:18, 19.
സെപ്റ്റംബർ 18-24
ദൈവവചനത്തിലെ നിധികൾ | എസ്ഥേർ 6-8
“എങ്ങനെ സംസാരിക്കണമെന്നതിനു നല്ലൊരു മാതൃക”
അവൾ വിവേകമതിയായി, നിസ്വാർഥയായി, ധൈര്യത്തോടെ പ്രവർത്തിച്ചു
15 രാജാവിനോട് തന്റെ അപേക്ഷ ബോധിപ്പിക്കാൻ എസ്ഥേർ ഒരു ദിവസംകൂടി കാത്തിരിക്കുകയാണ്. രസകരമെന്നു പറയട്ടെ, ഹാമാനും കിട്ടി ഒരു ദിവസം! ‘സ്വന്തം ശവക്കുഴി തോണ്ടാനാണെന്നു മാത്രം!’ യഹോവതന്നെയായിരിക്കില്ലേ രാജാവിന്റെ ഉറക്കമില്ലായ്മയുടെ പുറകിൽ പ്രവർത്തിച്ചതും? (സദൃ. 21:1) ‘ദൈവത്തിനായി കാത്തിരിക്കുക’ എന്ന് ദൈവവചനം പറയുന്നത് വെറുതെയല്ല! (മീഖാ 7:7 വായിക്കുക.) അങ്ങനെ ദൈവം പ്രവർത്തിക്കുന്നതിനുവേണ്ടി കാത്തിരുന്നാൽ എന്താണ് നേട്ടം? നമ്മുടെ പ്രശ്നങ്ങൾക്ക് നാം തന്നെ കണ്ടെത്തിയേക്കാവുന്ന ഏതൊരു പരിഹാരത്തെയും നിഷ്പ്രഭമാക്കുന്നതായിരിക്കും യഹോവ കൊണ്ടുവരുന്ന പോംവഴികൾ!
അവൾ ധൈര്യത്തോടെ കാര്യം അവതരിപ്പിക്കുന്നു
16 രാജാവിന്റെ ക്ഷമയെ ഇനിയും പരീക്ഷിക്കാൻ എസ്ഥേരിനു ധൈര്യമില്ല. രണ്ടാമത്തെ വിരുന്നുവേളയാണ് ഇത്. എല്ലാം തുറന്ന് പറഞ്ഞേ മതിയാകൂ. പക്ഷേ എങ്ങനെ തുടങ്ങും? അധികം വിഷമിക്കേണ്ടിവന്നില്ല, രാജാവുതന്നെ അതിനു തുടക്കമിട്ടുകൊടുത്തു. തലേദിവസത്തേതുപോലെ അദ്ദേഹം വീണ്ടും ചോദിച്ചു: “നിന്റെ അപേക്ഷ എന്ത്?” (എസ്ഥേ. 7:2) എസ്ഥേരിന്, ‘സംസാരിപ്പാനുള്ള സമയം’ വന്നു!
അവൾ വിവേകമതിയായി, നിസ്വാർഥയായി, ധൈര്യത്തോടെ പ്രവർത്തിച്ചു
17 രാജസന്നിധിയിൽ വായ് തുറക്കുന്നതിനു മുമ്പ് എസ്ഥേർ ഒരു നിമിഷം യഹോവയോട് മൗനമായി പ്രാർഥിച്ചിട്ടുണ്ടാകും. പിന്നെ അവൾ ഇങ്ങനെ ഉണർത്തിച്ചു: “രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.” (എസ്ഥേ. 7:3) ശരിയെന്നു തോന്നുന്നതെന്തും ചെയ്യാനുള്ള രാജാവിന്റെ അവകാശത്തെ അവൾ ആദരിച്ചു. അത് രാജാവിനു ബോധ്യം വരുന്ന വിധത്തിലുള്ളതായിരുന്നു അവളുടെ വാക്കുകൾ. വസ്ഥിയിൽ നിന്ന് എത്രയോ വ്യത്യസ്തം! രാജാവിന്റെ മുൻഭാര്യയായ വസ്ഥി, രാജാവിനെ കരുതിക്കൂട്ടി അപമാനിക്കുകയായിരുന്നല്ലോ! (എസ്ഥേ. 1:10-12) എസ്ഥേരിന്റെ വിവേകം ദൃശ്യമായ മറ്റൊരു വിധം നോക്കുക: ഹാമാനെ കണ്ണുമടച്ചു വിശ്വസിച്ചതിൽ രാജാവു കാണിച്ച ഭോഷത്തത്തിന് അദ്ദേഹത്തെ അവൾ തെല്ലും കുറ്റപ്പെടുത്തിയില്ല. പകരം, തന്റെ ജീവൻ അപകടത്തിലാണെന്നും എങ്ങനെയെങ്കിലും അതിൽനിന്ന് തന്നെ കരകയറ്റേണമേ എന്നും രാജാവിനോട് കേണപേക്ഷിക്കുകയാണുണ്ടായത്.
അവൾ വിവേകമതിയായി, നിസ്വാർഥയായി, ധൈര്യത്തോടെ പ്രവർത്തിച്ചു
18 രാജ്ഞിയുടെ ഈ യാചന രാജാവിന്റെ ഹൃദയത്തിൽ കൊണ്ടു! രാജപത്നിയുടെ ജീവൻ വെച്ചു കളിക്കാൻ ധൈര്യപ്പെട്ടത് ആരാണെന്ന് അദ്ദേഹം അമ്പരന്നു! എസ്ഥേർ നിറുത്തിയില്ല: ‘ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കിൽ ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു.’ (എസ്ഥേ. 7:4) അവൾ തുടർന്നു: “ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായിത്തീരരുതല്ലോ.” (എസ്ഥേ. 7:4ബി പി.ഒ.സി.) അവൾ പ്രശ്നം ഒട്ടും മറച്ചുവെക്കാതെ തുറന്ന് പറഞ്ഞു. അവളെയും ജനത്തെയും അടിമകളാക്കുക മാത്രമായിരുന്നെങ്കിൽ അവൾ അത് സാരമാക്കുമായിരുന്നില്ല. എന്നാൽ ഈ വംശഹത്യ രാജാവിന് വളരെ ദോഷം ചെയ്യുന്നതായതുകൊണ്ട് മൗനം പാലിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
19 കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വേണ്ടതു ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഒരു കലയാണ്! എസ്ഥേരിന് അതിനു കഴിഞ്ഞു. ഇണയോടോ കുടുംബാംഗത്തോടോ അധികാരസ്ഥാനത്തുള്ള ഒരാളോടോ ഗൗരവമുള്ള ഒരു കാര്യം തുറന്ന് പറയേണ്ടതുള്ളപ്പോൾ ക്ഷമയോടെ, ആദരവോടെ, വളച്ചുകെട്ടില്ലാതെ, സത്യസന്ധമായി വേണം കാര്യം അവതരിപ്പിക്കാൻ!—സദൃ. 16:21, 23.
ആത്മീയരത്നങ്ങൾ
എസ്ഥേറിന്റെ പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
7:4—യഹൂദന്മാരെ ഉന്മൂലനം ചെയ്യുന്നത് ‘രാജാവിനു നഷ്ടം’ വരുത്തുമായിരുന്നത് എങ്ങനെ? യഹൂദന്മാരെ അടിമകളായി വിൽക്കാമായിരുന്നല്ലോയെന്നു നയപൂർവം സൂചിപ്പിച്ചുകൊണ്ട്, അവരെ നശിപ്പിക്കുന്നതു മുഖാന്തരം രാജാവിന് ഉണ്ടാകുന്ന നഷ്ടം എസ്ഥേർ ചൂണ്ടിക്കാട്ടി. രാജാവിന്റെ ഭണ്ഡാരത്തിലേക്കു നൽകാമെന്നു ഹാമാൻ വാഗ്ദാനം ചെയ്ത 10,000 താലന്ത് വെള്ളി യഹൂദന്മാരെ അടിമകളായി വിൽക്കാൻ ഹാമാൻ പദ്ധതിയൊരുക്കിയിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ധനത്തോടുള്ള താരതമ്യത്തിൽ വളരെ കുറവായിരുന്നു. ഹാമാന്റെ പദ്ധതി നടപ്പാക്കിയാൽ രാജ്ഞിയെയും നഷ്ടപ്പെടുമായിരുന്നു.
സെപ്റ്റംബർ 25–ഒക്ടോബർ 1
ദൈവവചനത്തിലെ നിധികൾ | എസ്ഥേർ 9-10
“അദ്ദേഹം അധികാരം നിസ്വാർഥമായി ഉപയോഗിച്ചു”
it-2-E 432 ¶2
മൊർദെഖായി
ഹാമാനു പകരം മൊർദെഖായിയെ പ്രധാനമന്ത്രിയായി നിയമിച്ചു. രാജ്യത്തിന്റെ ഔദ്യോഗികരേഖകളിൽ മുദ്രവെക്കുന്നതിന് രാജാവിന്റെ മുദ്രമോതിരം മൊർദെഖായിക്ക് ലഭിച്ചു. അത് ഉപയോഗിച്ച്, ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള നിയമം നിലനിൽക്കെതന്നെ, അവർക്കു സ്വയം സംരക്ഷിക്കാനുള്ള നിയമപരമായ അവകാശം ഉറപ്പുനൽകുന്ന മറ്റൊരു നിയമം മൊർദെഖായി പുറപ്പെടുവിച്ചു. അത് ജൂതന്മാർക്കു വളരെയധികം സന്തോഷവും ആശ്വാസവും നൽകി. ജൂതന്മാരെ നശിപ്പിക്കാൻ തീരുമാനിച്ചിരുന്ന ആദാർ മാസം 13-ാം തീയതി ആയപ്പോഴേക്കും ജൂതന്മാർ പോരാടാൻ തയ്യാറായിരുന്നു. ശൂശനിൽ ജൂതന്മാരും അവരുടെ ശത്രുക്കളും തമ്മിലുള്ള ആ പോരാട്ടം ഒരു ദിവസംകൂടെ നീണ്ടു. പേർഷ്യൻ സാമ്രാജ്യത്തിലെ ജൂതന്മാരുടെ 75,000-ത്തിലധികം ശത്രുക്കൾ കൊല്ലപ്പെട്ടു. അതിൽ ഹാമാന്റെ പത്ത് ആൺമക്കളും പെടും. (എസ്ഥ 8:1–9:18) ആദാർ മാസം 14-ാം തീയതിയും 15-ാം തീയതിയും വർഷംതോറും ആചരിക്കാനും അവയെ ‘പൂരീം ദിനങ്ങൾ’ എന്നു വിളിക്കാനും മൊർദെഖായി ജൂതന്മാർക്കു നിർദേശം കൊടുത്തു. ആഹ്ലാദത്തിന്റെയും വിരുന്നിന്റെയും ദിവസങ്ങളായി അവയെ കാണണമായിരുന്നു. ദരിദ്രർക്കു സമ്മാനങ്ങളും പരസ്പരം ഭക്ഷണത്തിന്റെ ഓഹരിയും കൊടുത്തയയ്ക്കണമായിരുന്നു. സാമ്രാജ്യത്തിൽ രാജാവ് കഴിഞ്ഞാൽ അടുത്ത സ്ഥാനമുണ്ടായിരുന്ന മൊർദെഖായി ജൂതന്മാരുടെ ഇടയിൽ ബഹുമാന്യനായിരുന്നു. അദ്ദേഹം തുടർന്നും അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചു.—എസ്ഥ 9:19-22, 27-32; 10:2, 3.
it-2-E 716 ¶5
പൂരീം
ഉദ്ദേശ്യം. ശത്രുക്കളുടെ കൈയിൽനിന്ന് തന്റെ ജനത്തെ വിടുവിച്ചതിന്റെ പേരിൽ യഹോവയെ മഹത്ത്വപ്പെടുത്തുന്നതിന് ജൂതന്മാർ ഏർപ്പെടുത്തിയ ഒരു ഉത്സവമായിരുന്നു പൂരീം. എന്നാൽ ഇന്ന് ജൂതന്മാർ അത് വ്യത്യസ്തമായ രീതിയിലാണ് ആഘോഷിക്കുന്നത്. അതിന്റെ മതപരമായ വശത്തിന് അവർ വലിയ പ്രാധാന്യം കൊടുക്കുന്നില്ല.
നിങ്ങളുടെ ശക്തിയുടെ വിനിയോഗത്തിൽ “ദൈവത്തെ അനുകരിപ്പിൻ”
12 ക്രിസ്തീയ സഭയിൽ നേതൃത്വമെടുക്കാൻ യഹോവ മേൽവിചാരകന്മാരെ നിയോഗിച്ചിരിക്കുന്നു. (എബ്രായർ 13:17) യോഗ്യതയുള്ള ഈ പുരുഷന്മാർ, ആവശ്യമായ സഹായം കൊടുക്കുന്നതിനും ആട്ടിൻകൂട്ടത്തിന്റെ ക്ഷേമത്തിനു സംഭാവന ചെയ്യുന്നതിനും തങ്ങളുടെ ദൈവദത്ത അധികാരം ഉപയോഗിക്കേണ്ടതാണ്. മൂപ്പന്മാരുടെ സ്ഥാനം സഹവിശ്വാസികളുടെമേൽ കർത്തൃത്വം നടത്താനുള്ള അധികാരം അവർക്കു കൊടുക്കുന്നുണ്ടോ? അശേഷമില്ല! സഭയിലെ തങ്ങളുടെ ധർമം സംബന്ധിച്ച് മൂപ്പന്മാർക്കു സന്തുലിതവും വിനീതവുമായ ഒരു വീക്ഷണം ഉണ്ടായിരിക്കേണ്ടതാണ്. (1 പത്രൊസ് 5:2, 3) മേൽവിചാരകന്മാരോട് ബൈബിൾ ഇങ്ങനെ പറയുന്നു: ‘സ്വന്തപുത്രന്റെ രക്തത്താൽ ദൈവം വിലയ്ക്കുവാങ്ങിയ അവന്റെ സഭയെ മേയ്ക്കുക.’ (പ്രവൃത്തികൾ 20:28, NW) ആട്ടിൻകൂട്ടത്തിലെ ഓരോ അംഗത്തോടും ആർദ്രതയോടെ ഇടപെടേണ്ടതിന്റെ ശക്തമായ ഒരു കാരണം അതാണ്.
13 പിൻവരുന്ന ദൃഷ്ടാന്തം അതു വ്യക്തമാക്കുന്നു. നിങ്ങളുടെ ഉറ്റ സ്നേഹിതൻ താൻ നിധിപോലെ കരുതുന്ന ഒരു വസ്തു സൂക്ഷിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ സുഹൃത്ത് ഉയർന്ന വിലകൊടുത്തു വാങ്ങിയതാണ് അതെന്നു നിങ്ങൾക്കറിയാം. അതീവ ജാഗ്രതയോടും ശ്രദ്ധയോടും കൂടെ ആയിരിക്കില്ലേ നിങ്ങൾ അതിനെ കൈകാര്യം ചെയ്യുക? സമാനമായി, യഥാർഥ മൂല്യമുള്ള ഒന്നിനെ—സഭയെ—പരിപാലിക്കാനുള്ള ഉത്തരവാദിത്വമാണ് ദൈവം മൂപ്പന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നത്, അതിലെ അംഗങ്ങളെ ആടുകളോട് ഉപമിച്ചിരിക്കുന്നു. (യോഹന്നാൻ 21:16, 17) യഹോവയ്ക്ക് തന്റെ ആടുകൾ വിലപ്പെട്ടവയാണ്. അതുകൊണ്ടാണ് അവൻ തന്റെ ഏകജാത പുത്രനായ യേശുക്രിസ്തുവിന്റെ വിലയേറിയ രക്തംകൊണ്ട് അവയെ വിലയ്ക്കു വാങ്ങിയത്. തന്റെ ആടുകൾക്കുവേണ്ടി അതിലും കൂടിയ വില കൊടുക്കാൻ അവന് കഴിയുമായിരുന്നില്ല. താഴ്മയുള്ള ഇടയന്മാർ അത് ഓർത്തിരിക്കുകയും യഹോവയുടെ ആടുകളോട് അതനുസരിച്ചു പെരുമാറുകയും ചെയ്യുന്നു.
ആത്മീയരത്നങ്ങൾ
എസ്ഥേറിന്റെ പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
9:10, 15, 16—ഉത്തരവുപ്രകാരം കൊള്ളയടിക്കാനുള്ള അധികാരം ഉണ്ടായിരുന്നെങ്കിലും യഹൂദന്മാർ അതു ചെയ്യാതിരുന്നത് എന്തുകൊണ്ട്? തങ്ങളുടെ ഉദ്ദേശ്യം ജനത്തിന്റെ സംരക്ഷണമാണെന്നും ധനാർജനമല്ലെന്നും ആ പ്രവൃത്തി അസന്ദിഗ്ധമായി തെളിയിച്ചു.
ഒക്ടോബർ 2-8
ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 1-3
“യഹോവയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു തുടർന്നും കാണിക്കുക”
വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും മാതൃകകൾ—നോഹ, ദാനിയേൽ, ഇയ്യോബ്
16 ഇയ്യോബ് നേരിട്ട പ്രതിസന്ധികൾ. സമ്പന്നതയിലും ദാരിദ്ര്യത്തിലും ജീവിച്ചയാളാണ് ഇയ്യോബ്. പരിശോധനകളുണ്ടാകുന്നതിനു മുമ്പ്, ‘പൗരസ്ത്യദേശത്തെ സകലരിലുംവെച്ച് ഇയ്യോബ് മഹാനായിരുന്നു.’ (ഇയ്യോ. 1:3) വലിയ സമ്പത്തിന് ഉടമയായിരുന്ന അദ്ദേഹം അറിയപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു. ആളുകൾ അദ്ദേഹത്തെ ആദരിച്ചിരുന്നു. (ഇയ്യോ. 29:7-16) എങ്കിലും മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാണെന്നോ തനിക്കു ദൈവത്തിന്റെ ആവശ്യമില്ലെന്നോ ഇയ്യോബ് ചിന്തിച്ചില്ല. യഥാർഥത്തിൽ, ‘എന്റെ ദാസൻ’ എന്നാണു ദൈവം ഇയ്യോബിനെ വിളിച്ചത്. “അവൻ ദൈവഭക്തനും നേരുള്ളവനും നിഷ്കളങ്കനും ആണ്, തെറ്റായ കാര്യങ്ങളൊന്നും അവൻ ചെയ്യാറില്ല” എന്നും ദൈവം ഇയ്യോബിനെക്കുറിച്ച് പറഞ്ഞു.—ഇയ്യോ. 1:8.
17 ചുരുങ്ങിയ കാലംകൊണ്ട് ഇയ്യോബിന്റെ ജീവിതം തകിടംമറിഞ്ഞു. ഇയ്യോബിന്റെ ജീവിതം ദാരിദ്ര്യത്തിന്റെയും നിരാശയുടെയും നിലയില്ലാക്കയത്തിലേക്കു കൂപ്പുകുത്തി. നമുക്ക് അറിയാവുന്നതുപോലെ ഇതിന്റെയെല്ലാം കാരണക്കാരൻ സാത്താനാണ്. സ്വാർഥതാത്പര്യങ്ങൾക്കുവേണ്ടിയാണ് ഇയ്യോബ് ദൈവത്തെ സേവിക്കുന്നതെന്നു സാത്താൻ ഇയ്യോബിനെക്കുറിച്ച് ദൂഷണം പറഞ്ഞു. (ഇയ്യോബ് 1:9, 10 വായിക്കുക.) ആ ദുഷിച്ച ആരോപണം യഹോവ തള്ളിക്കളഞ്ഞില്ല. പകരം, സ്വന്തം നിഷ്കളങ്കത തെളിയിക്കാനും സ്വാർഥതാത്പര്യങ്ങളൊന്നുമില്ലാതെ ശുദ്ധമായ ഒരു ഹൃദയത്തോടെയാണു തന്നെ സേവിക്കുന്നതെന്നു കാണിക്കാനും യഹോവ ഇയ്യോബിന് ഒരു അവസരം കൊടുത്തു.
നിങ്ങളുടെ നിഷ്കളങ്കത കാത്തുസൂക്ഷിക്കുക
10 സാത്താന്റെ ആരോപണങ്ങൾ നമ്മളെയും ബാധിക്കുന്നതാണോ? അതെ. സാത്താന്റെ ആരോപണങ്ങൾ നമുക്ക് എതിരെക്കൂടിയുള്ളതാണ്. നമുക്ക് യഹോവയോടു സ്നേഹമില്ലെന്നും സ്വന്തം സ്ഥിതി അപകടത്തിലാണെന്നു കണ്ടാൽ നമ്മൾ ദൈവത്തെ സേവിക്കുന്നതു നിറുത്തുമെന്നും അവൻ പറയുന്നു. നിങ്ങൾ നിഷ്കളങ്കത കാത്തുസൂക്ഷിക്കില്ല എന്നാണ് ഇതിന്റെ സാരം. (ഇയ്യോ. 2:4, 5; വെളി. 12:10) എത്ര ക്രൂരമായ ആരോപണം, അല്ലേ? എന്നാൽ ഓർക്കുക: നിങ്ങളുടെ നിഷ്കളങ്കത പരിശോധിക്കാൻ യഹോവ സാത്താനെ അനുവദിച്ചിരിക്കുകയാണ്. യഹോവയ്ക്കു നിങ്ങളെ വിശ്വാസമാണെന്നല്ലേ അതു കാണിക്കുന്നത്? നിഷ്കളങ്കത കാത്തുസൂക്ഷിക്കാനും സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാനും നിങ്ങൾക്കു കഴിയുമെന്ന് യഹോവയ്ക്ക് ഉറപ്പാണ്, നിങ്ങളെ സഹായിക്കുമെന്ന് യഹോവ വാക്കും തന്നിട്ടുണ്ട്. (എബ്രാ. 13:6) ചിന്തിക്കുക: പ്രപഞ്ചത്തിന്റെ പരമാധികാരി നിങ്ങളെ വിശ്വസിക്കുന്നു! എത്ര വലിയ പദവി! നിഷ്കളങ്കതയുടെ പ്രാധാന്യം വ്യക്തമല്ലേ? നിഷ്കളങ്കരാണെങ്കിൽ, സാത്താന്റെ ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കാനും നമ്മുടെ പിതാവിന്റെ സത്പേര് കാത്തുസൂക്ഷിക്കാനും ദൈവത്തിന്റെ ഭരണത്തെ പിന്തുണയ്ക്കുന്നെന്നു കാണിക്കാനും നമുക്കു കഴിയും. ഈ ഗുണം നമുക്ക് എങ്ങനെ വളർത്തിയെടുക്കാം?
ആത്മീയരത്നങ്ങൾ
മരണസമയത്തെ യേശുവിന്റെ വാക്കുകളിൽനിന്നുള്ള പാഠങ്ങൾ
9 യേശു എന്താണു പറഞ്ഞത്? മരണത്തിനു തൊട്ടുമുമ്പ് യേശു ഇങ്ങനെ വിളിച്ചുപറഞ്ഞു: “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത്?” (മത്താ. 27:46) യേശു എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നു ബൈബിൾ പറയുന്നില്ല. എന്നാൽ ആ വാക്കുകളിൽനിന്ന് നമുക്കു ചിലതൊക്കെ മനസ്സിലാക്കാം. ഒരു കാര്യം, യേശു അതു പറഞ്ഞപ്പോൾ സങ്കീർത്തനം 22:1-ലെ പ്രവചനം നിറവേറി. ഇനി, മറ്റൊരു സംഗതി യഹോവ തന്റെ പുത്രനെ സംരക്ഷിക്കാനായി ‘ചുറ്റും ഒരു വേലി’ കെട്ടിയിട്ടില്ലായിരുന്നെന്നു വ്യക്തമാകുന്നു. (ഇയ്യോ. 1:10) തന്റെ വിശ്വാസം അങ്ങേയറ്റം പരിശോധിക്കാനായി പിതാവ് ശത്രുക്കളുടെ കൈയിലേക്കു തന്നെ വിട്ടുകൊടുത്തിരിക്കുകയാണെന്ന് യേശുവിനു മനസ്സിലായി. യേശുവിനു നേരിട്ടതുപോലുള്ള പരിശോധന ഒരു മനുഷ്യനും മുമ്പ് ഉണ്ടായിട്ടില്ലായിരുന്നു. ഇനി, മരണശിക്ഷ അർഹിക്കുന്ന ഒരു കുറ്റവും യേശു ചെയ്തിട്ടില്ലെന്നും ആ വാക്കുകൾ വെളിപ്പെടുത്തി.
ഒക്ടോബർ 9-15
ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 4-5
“തെറ്റായ വിവരങ്ങൾ വഴിതെറ്റിക്കാതിരിക്കട്ടെ”
it-1-E 713 ¶11
എലീഫസ്
ഇയ്യോബിന്റെ മൂന്നു കൂട്ടുകാരിൽ ഒരാളായിരുന്നു എലീഫസ്. (ഇയ്യ 2:11) അദ്ദേഹം അബ്രാഹാമിന്റെ ഒരു പിൻതലമുറക്കാരനും ഇയ്യോബിന്റെ ഒരു അകന്ന ബന്ധുവും ആയിരുന്നു. എലീഫസും അദ്ദേഹത്തിന്റെ പിൻതലമുറക്കാരും തങ്ങളുടെ ജ്ഞാനത്തിൽ വീമ്പിളക്കിയിരുന്നു. (യിര 49:7) ആശ്വസിപ്പിക്കാൻ എന്നു പറഞ്ഞുവന്ന ഈ മൂന്നു പേരിൽ എലീഫസിനായിരുന്നു ഏറ്റവും കൂടുതൽ പ്രാമുഖ്യതയും സ്വാധീനവും ഉണ്ടായിരുന്നത്. ഇവരിൽ ഏറ്റവും മുതിർന്ന വ്യക്തിയും അദ്ദേഹമായിരുന്നിരിക്കണം. മൂന്നു പ്രാവശ്യം നടന്ന സംവാദങ്ങളിൽ ഏറ്റവും ആദ്യം സംസാരിച്ചതും ഏറ്റവും കൂടുതൽ സംസാരിച്ചതും എലീഫസാണ്.
തെറ്റായ ചിന്തകളെ ചെറുക്കുക!
ഒരിക്കൽ തനിക്കുണ്ടായ അലൗകികമായ ഒരു അനുഭവം അനുസ്മരിച്ചുകൊണ്ട് എലീഫസ് പറയുന്നു: ‘ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു എന്റെ ദേഹത്തിന്നു രോമഹർഷം ഭവിച്ചു. ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാൻ കേട്ടു.’ (ഇയ്യോബ് 4:15, 16) ഏതുതരം ആത്മാവാണ് എലീഫസിന്റെ ചിന്തയെ സ്വാധീനിച്ചത്? അത് തീർച്ചയായും ദൈവത്തിന്റെ നീതിനിഷ്ഠരായ ദൂതന്മാരിൽ ഒരാളായിരുന്നില്ലെന്നാണ് എലീഫസിന്റെ തുടർന്നുള്ള വാക്കുകളുടെ ധ്വനി പ്രകടമാക്കുന്നത്. (ഇയ്യോബ് 4:17, 18) അത് ഒരു ദുഷ്ട ആത്മജീവി ആയിരുന്നു. അല്ലെങ്കിൽപ്പിന്നെ, നുണ പറഞ്ഞതിന് എലീഫസിനെയും അവന്റെ സ്നേഹിതന്മാരെയും യഹോവ എന്തിനു ശാസിക്കണം? (ഇയ്യോബ് 42:7) അതേ, അവൻ ഭൂതസ്വാധീനത്തിൻകീഴിൽ ആയിരുന്നു. അവന്റെ വാക്കുകൾ അഭക്ത ചിന്തകളാണു പ്രതിഫലിപ്പിച്ചത്.
സാത്താന്റെ നുണപ്രചാരണത്തിനു ചെവികൊടുക്കരുത്
മനുഷ്യൻ തീർത്തും ദുർബലനാണെന്നു സമർഥിക്കാൻ, ഇയ്യോബിനെ കാണാൻ വന്ന സുഹൃത്തുക്കളിൽ ഒരാളായ എലീഫസിനെ സാത്താൻ ഉപയോഗിച്ചു. മനുഷ്യരെ ‘മൺപുരകളിൽ പാർക്കുന്നവർ’ എന്നു വിശേഷിപ്പിച്ച എലീഫസ് ഇയ്യോബിനോടു പറഞ്ഞു: ‘(അവർ) പൊടിയിൽനിന്നുത്ഭവിച്ചു പുഴുപോലെ ചതെഞ്ഞുപോകുന്നവർ! ഉഷസ്സിന്നും സന്ധ്യെക്കും മധ്യേ അവർ തകർന്നുപോകുന്നു; ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.’—ഇയ്യോ. 4:19, 20.
തിരുവെഴുത്തുകളിൽ മറ്റൊരിടത്ത് നമ്മെ ഉടഞ്ഞുപോകുന്ന “മൺപാത്രങ്ങ”ളോട് ഉപമിച്ചിട്ടുണ്ടെന്നുള്ളതു ശരിയാണ്. (2 കൊരി. 4:7) പാരമ്പര്യമായി കൈമാറിക്കിട്ടിയ പാപവും അപൂർണതയും നിമിത്തമാണ് നാം ബലഹീനരായിരിക്കുന്നത്. (റോമ. 5:12) സ്വന്തം ശക്തിയാൽ നമുക്ക് സാത്താന്റെ ആക്രമണങ്ങളെ ചെറുക്കാനാവില്ല. എന്നാൽ ക്രിസ്ത്യാനികളായ നമുക്ക് സഹായത്തിനായി യഹോവയുണ്ട്. ബലഹീനരാണെങ്കിലും യഹോവയുടെ ദൃഷ്ടിയിൽ നാം വിലയേറിയവരാണ്. (യെശ. 43:4) മാത്രമല്ല, തന്നോടു ചോദിക്കുന്നവർക്ക് തന്റെ പരിശുദ്ധാത്മാവിനെ നൽകാൻ യഹോവ സന്നദ്ധനാണ്. (ലൂക്കോ. 11:13) സാത്താൻ കൊണ്ടുവരുന്ന ഏതു പരീക്ഷകളെയും തരണംചെയ്യാൻ ആവശ്യമായ “അസാമാന്യശക്തി” ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമുക്കു നൽകും. (2 കൊരി. 4:7; ഫിലി. 4:13) “വിശ്വാസത്തിൽ ഉറപ്പുള്ളവരായി” നാം സാത്താനോട് എതിർത്തുനിൽക്കുന്നെങ്കിൽ ദൈവം നമ്മെ ഉറപ്പിക്കുകയും ശക്തരാക്കുകയും ചെയ്യും. (1 പത്രോ. 5:8-10) അതുകൊണ്ട് പിശാചായ സാത്താനെ നാം ഭയക്കേണ്ട ആവശ്യമില്ല.
തെറ്റായ വിവരങ്ങൾ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ
● ഉറവിടവും ഉള്ളടക്കവും പരിശോധിക്കണം
ബൈബിൾ പറയുന്നത്: ‘എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തുക.’—1 തെസ്സലോനിക്യർ 5:21.
ചിലത് വൈറലായ വാർത്തകളായിരിക്കാം. ഇനി ചിലത് പിന്നെയും പിന്നെയും കേട്ടെന്നുവരാം. അങ്ങനെയുള്ള വാർത്തകൾപോലും വിശ്വസിക്കുകയോ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയോ ചെയ്യുന്നതിനു മുമ്പ് അത് ശരിയാണോ എന്ന് നമ്മൾ ഉറപ്പുവരുത്തണം. പക്ഷേ എങ്ങനെ?
അതിന്റെ ഉറവിടം വിശ്വസിക്കാൻ പറ്റുന്നതാണോ എന്ന് നോക്കുക. മിക്കപ്പോഴും വാർത്താമാധ്യമങ്ങളും മറ്റു സംഘടനകളും ഒക്കെ വാർത്തകൾ അവതരിപ്പിക്കുന്നത് അവരുടെ രാഷ്ട്രീയ ചായ്വുകളും മറ്റു താത്പര്യങ്ങളും നോക്കിയായിരിക്കും. അതുകൊണ്ട് ഒരു വാർത്താമാധ്യമത്തിൽ കാണുന്നത് മറ്റുള്ളവയുമായി താരതമ്യം ചെയ്തു നോക്കുന്നതു നല്ലതാണ്. ഇനി, ചിലപ്പോൾ നമ്മുടെ കൂട്ടുകാർപോലും അറിയാതെ തെറ്റായ വിവരങ്ങൾ മെയിലിലൂടെയോ സോഷ്യൽമീഡിയയിലൂടെയോ നമുക്ക് അയച്ചേക്കാം. അതുകൊണ്ട് ഒരു വാർത്തയുടെ യഥാർഥ ഉറവിടം അറിയില്ലെങ്കിൽ അതു വിശ്വസിക്കാതിരിക്കുന്നതാണ് ബുദ്ധി.
വിവരങ്ങളുടെ ഉള്ളടക്കം ഏറ്റവും പുതിയതും കൃത്യതയുള്ളതും ആണെന്ന് ഉറപ്പുവരുത്തുക. കൊടുത്തിരിക്കുന്ന തീയതി ഏതാണ്, ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നേരാണെന്നു തെളിയിക്കുന്ന വസ്തുതകളും ശക്തമായ തെളിവുകളും ഉണ്ടോ എന്നൊക്കെ ചിന്തിക്കുക. ഇനി, സങ്കീർണമായൊരു കാര്യം തീരെ ലളിതമായി പറയുന്നെങ്കിലോ? അല്ലെങ്കിൽ നിങ്ങളിൽ ഒരു പ്രത്യേക വികാരമുണ്ടാക്കുക എന്ന ലക്ഷ്യമാണ് അതിനുള്ളത് എന്നു തോന്നുന്നെങ്കിലോ? അത്തരം വിവരങ്ങൾ വിശ്വസിക്കുന്നതിനു മുമ്പ് നല്ലവണ്ണം ചിന്തിക്കണം.
ആത്മീയരത്നങ്ങൾ
അചഞ്ചലരായി നിലകൊള്ളുക, ജീവനു വേണ്ടിയുള്ള ഓട്ടത്തിൽ വിജയം വരിക്കുക
സത്യാരാധകരുടെ ലോകവ്യാപക സംഘടനയുടെ ഭാഗമായിരിക്കുന്നത് സ്ഥിരതയുള്ളവരായി നിലനിൽക്കാൻ നമ്മെ സഹായിക്കുന്ന ശക്തമായ ഒരു ഘടകമാണ്. സ്നേഹമുള്ള അത്തരം ഒരു ആഗോള സഹോദരവർഗത്തോടൊപ്പം ആയിരിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം എത്ര വലിയ ഒരു അനുഗ്രഹമാണ്! (1 പത്രൊസ് 2:17) സ്ഥിരതയുള്ളവരായി നിലകൊള്ളാൻ സഹവിശ്വാസികളെ സഹായിക്കുന്ന ഒരു സ്വാധീനമായി വർത്തിക്കാൻ നമുക്കും കഴിയും.
നീതിമാനായ ഇയ്യോബ് മറ്റുള്ളവരെ സഹായിച്ച വിധങ്ങളെ കുറിച്ചു പരിചിന്തിക്കുക. വ്യാജ ആശ്വാസകനായ എലീഫസ് പോലും ഇങ്ങനെ സമ്മതിച്ചുപറയാൻ നിർബന്ധിതനായി: “വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാൽ നീ ഉറപ്പിച്ചിരിക്കുന്നു.” (ഇയ്യോബ് 4:4) നാം എത്രത്തോളം സഹായമനഃസ്ഥിതി ഉള്ളവരാണ്? കഷ്ടതകൾ ഗണ്യമാക്കാതെ ദൈവസേവനത്തിൽ തുടരാൻ നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരെ സഹായിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. അവരുമായി ഇടപെടുമ്പോൾ പിൻവരുന്ന വാക്കുകളുടെ അന്തഃസത്തയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നമുക്കു കഴിയും: “തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ.” (യെശയ്യാവു 35:3) അതുകൊണ്ട് സഹ ക്രിസ്ത്യാനികളോടൊപ്പം കൂടി വരുമ്പോഴൊക്കെ അവരിൽ ഒന്നോ രണ്ടോ പേരെ ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും നിങ്ങൾക്കു ലക്ഷ്യമിടരുതോ? (എബ്രായർ 10:24, 25) യഹോവയെ പ്രസാദിപ്പിക്കാനുള്ള അവരുടെ തുടർച്ചയായ ശ്രമങ്ങളെ അഭിനന്ദിക്കുകയും അതിനോടു വിലമതിപ്പു പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രോത്സാഹജനകമായ വിധത്തിൽ സംസാരിക്കുന്നത് ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ വിജയിക്കുക എന്ന ലക്ഷ്യത്തിൽ അചഞ്ചലരായി നിലകൊള്ളാൻ അവരെ തീർച്ചയായും സഹായിക്കും.
ഒക്ടോബർ 16-22
ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 6-7
“ജീവിതം മടുത്തെന്നു തോന്നുമ്പോൾ”
ഇയ്യോബിൽനിന്നുള്ള വിശേഷാശയങ്ങൾ
7:1; 14:14—“യുദ്ധസേവ [“നിർബന്ധിത തൊഴിൽ,” NW],” ‘യുദ്ധകാലം [“നിർബന്ധിത സേവനം,” NW]’ എന്നിവയുടെ അർഥമെന്ത്? വളരെ കടുത്ത ദുരിതമനുഭവിച്ചിരുന്നതിനാലാണ് ഇയ്യോബ് ജീവിതത്തെ ക്ലേശകരമായ ഒരു നിർബന്ധിത തൊഴിലായി വീക്ഷിച്ചത്. (ഇയ്യോബ് 10:17; NW അടിക്കുറിപ്പ്) എന്നാൽ ഒരു വ്യക്തി ഷീയോളിൽ ചെലവിടുന്ന സമയം, അതായത് മരണംമുതൽ പുനരുത്ഥാനംവരെയുള്ള സമയം നിർബന്ധമായും അവിടെത്തന്നെ ചിലവിടേണ്ടതിനാൽ അവൻ ആ സമയത്തെ നിർബന്ധിത സേവനത്തോട് ഉപമിച്ചു.
‘യഹോവ നിരുത്സാഹിതരെ രക്ഷിക്കുന്നു’
ഹ്രസ്വമായ നമ്മുടെ ഈ ജീവിതം എത്ര ‘ദുരിതപൂർണമാണെന്ന്’ നമ്മളെല്ലാം ഇടയ്ക്കൊക്കെ ചിന്തിച്ചുപോകാറുണ്ട്. (ഇയ്യോ. 14:1) അതെക്കുറിച്ച് ഓർക്കുമ്പോൾ നമുക്ക് നിരുത്സാഹം തോന്നിയേക്കാം. അതു സ്വാഭാവികമാണ്. പുരാതനനാളിലെ യഹോവയുടെ ചില ദാസർക്കും അങ്ങനെ തോന്നിയിട്ടുണ്ട്. ചിലർ മരിക്കാൻപോലും ആഗ്രഹിച്ചു. (1 രാജാ. 19:2-4; ഇയ്യോ. 3:1-3, 11; 7:15, 16) പക്ഷേ അവരുടെ ആശ്രയമായിരുന്ന യഹോവ അവരെയെല്ലാം ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തു. നമുക്കൊരു മാതൃകയായും നമ്മളെ ആശ്വസിപ്പിക്കുന്നതിനുവേണ്ടിയും അവരുടെ ജീവിതാനുഭവങ്ങൾ എഴുതിവെച്ചിരിക്കുന്നു.—റോമ. 15:4.
ജീവിതം അവസാനിപ്പിക്കാൻ തോന്നുമ്പോൾ
നിങ്ങളുടെ അവസ്ഥ ആശയറ്റതായി കാണപ്പെട്ടേക്കാം. പക്ഷേ നിങ്ങൾ ഒരിക്കലും തനിച്ചല്ല എന്ന കാര്യം മനസ്സിൽപ്പിടിക്കുക. എല്ലാവരുംതന്നെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ്! “സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദനപ്പെട്ടിരിക്കുന്നു” എന്നാണ് ബൈബിൾ പറയുന്നത്. (റോമർ 8:22) പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടില്ലെന്ന് കുറച്ചു കാലത്തേക്കെങ്കിലും നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ കാലം കടന്നുപോകവെ സാഹചര്യങ്ങൾ മെച്ചപ്പെടുകയാണ് പതിവ്. എന്നാൽ അതുവരെ എങ്ങനെ പിടിച്ചുനിൽക്കാം?
ആശ്രയിക്കാൻ കൊള്ളാവുന്ന പക്വമതിയായ ഒരു സുഹൃത്തിനോട് മനസ്സു തുറക്കുക. ബൈബിൾ പറയുന്നു: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.” (സദൃശവാക്യങ്ങൾ 17:17) ബൈബിളിൽ പരാമർശിച്ചിരിക്കുന്ന, നീതിമാനായ ഇയ്യോബ് വിഷമഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ തന്റെ മനോവേദനകൾ മറ്റുള്ളവരുമായി പങ്കുവെച്ചു. ‘ജീവൻ തനിക്കു വെറുപ്പായ്തോന്നിയ’ സന്ദർഭത്തിൽ അവൻ പറഞ്ഞു: “ഞാൻ എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും.” (ഇയ്യോബ് 10:1) മറ്റുള്ളവരോട് മനസ്സു തുറക്കുന്നത് നിങ്ങളുടെ ഹൃദയഭാരം തെല്ലൊന്നു കുറയ്ക്കാനും പ്രശ്നങ്ങളെ മറ്റൊരു രീതിയിൽ നോക്കിക്കാണാനും സഹായിച്ചേക്കും.
പ്രാർഥനയിലൂടെ ദൈവമുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക. മനസ്സു തളരുമ്പോൾ താങ്ങേകുന്ന വെറുമൊരു കച്ചിത്തുരുമ്പാണ് പ്രാർഥന എന്നാണ് ചിലരുടെ പക്ഷം. പക്ഷേ ബൈബിൾ പറയുന്നത് മറ്റൊന്നാണ്. സങ്കീർത്തനം 65:2, ‘പ്രാർത്ഥന കേൾക്കുന്നവൻ’ എന്നാണ് യഹോവയാംദൈവത്തെ വിളിച്ചിരിക്കുന്നത്. കൂടാതെ, ‘അവൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനാണ്’ എന്ന് 1 പത്രോസ് 5:7 പറയുന്നു. യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം ബൈബിൾ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്:
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:5, 6.
“തന്റെ ഭക്തന്മാരുടെ ആഗ്രഹം (യഹോവ) സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.”—സങ്കീർത്തനം 145:19.
“തിരുഹിതപ്രകാരം നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നതത്രേ നമുക്ക് അവനിലുള്ള ഉറപ്പ്.”—1 യോഹന്നാൻ 5:14.
“യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.”—സദൃശവാക്യങ്ങൾ 15:29.
നിങ്ങൾ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് ദൈവത്തോടു പറയുന്നെങ്കിൽ അവൻ നിങ്ങളെ സഹായിക്കും. “എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ” എന്ന് ബൈബിൾ പറയുന്നത് നല്ല കാരണത്തോടെയാണ്.—സങ്കീർത്തനം 62:8.
ആത്മീയരത്നങ്ങൾ
സഹോദരങ്ങളെ മനസ്സിലാക്കി അവരോട് അനുകമ്പ കാണിക്കുക
10 നമ്മുടെ സഹോദരങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് നമുക്ക് യഹോവയെ അനുകരിക്കാം. അതെ, സഹോദരങ്ങളെ കുറെക്കൂടി നന്നായി മനസ്സിലാക്കാൻ ശ്രമിക്കുക. മീറ്റിങ്ങുകൾക്കു മുമ്പും അതു കഴിഞ്ഞും സഹോദരങ്ങളോടു സംസാരിക്കുക. അവരുടെകൂടെ വയൽസേവനത്തിനു പോകുക. കഴിയുമെങ്കിൽ അവരെ ഒരു ഭക്ഷണത്തിനു വിളിക്കുക. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമുക്കു പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞേക്കും. ഉദാഹരണത്തിന്, നമ്മളോടു വലിയ അടുപ്പം കാണിക്കാത്ത ഒരു സഹോദരി ലജ്ജകൊണ്ടായിരിക്കാം അങ്ങനെ ചെയ്യുന്നത്. പണസ്നേഹമുണ്ടെന്നു നമ്മൾ കരുതിയ ഒരു സഹോദരൻ അങ്ങനെയല്ലെന്നും കൊടുക്കാൻ മനസ്സുള്ളയാളാണെന്നും നമുക്കു മനസ്സിലായേക്കാം. ഇനി, വീട്ടിലെ എതിർപ്പു കാരണമാണ് ഒരു സഹോദരി കുട്ടികളുമൊത്ത് പതിവായി മീറ്റിങ്ങിനു താമസിച്ചുവരുന്നത് എന്നും നമ്മൾ തിരിച്ചറിഞ്ഞേക്കാം. (ഇയ്യോ. 6:29) നമ്മൾ ഒരിക്കലും ‘മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാൻ’ പോകരുത് എന്നതു ശരിയാണ്. (1 തിമൊ. 5:13) എങ്കിലും സഹോദരങ്ങളുടെ സാഹചര്യങ്ങളെയും അവരുടെ കഴിഞ്ഞകാല ജീവിതത്തെയും കുറിച്ച് കുറച്ചൊക്കെ അറിയുന്നതു നല്ലതാണ്. അപ്പോൾ അവരെ കുറെക്കൂടി നന്നായി മനസ്സിലാക്കാൻ നമുക്കു കഴിയും.
ഒക്ടോബർ 23-29
ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 8-10
“ദൈവത്തിന്റെ അചഞ്ചലസ്നേഹം സാത്താന്റെ നുണകളിൽനിന്ന് സംരക്ഷിക്കും”
നമുക്ക് യഥാർഥത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുമോ?
ഇയ്യോബ് അനുഭവിച്ചത്, അന്യായമെന്ന് തോന്നുന്ന നിരവധി കഷ്ടതകളുടെ ഒരു പരമ്പരതന്നെയായിരുന്നു. ദൈവത്തോട് വിശ്വസ്തനായിരുന്നാലും അല്ലെങ്കിലും ദൈവം അത് കാര്യമായി എടുക്കുന്നില്ല എന്ന തെറ്റായ നിഗമനത്തിൽ ഇയ്യോബ് എത്തിച്ചേർന്നു. (ഇയ്യോബ് 9:20-22) താൻ ദൈവത്തെക്കാൾ നീതിമാനാണെന്ന തോന്നൽ മറ്റുള്ളവരിൽ ഉളവാക്കുംവിധം ഇയ്യോബ് സംസാരിച്ചു. അവന് തന്റെ നീതിയെക്കുറിച്ച് അത്രയ്ക്ക് ബോധ്യമുണ്ടായിരുന്നു.—ഇയ്യോബ് 32:1, 2; 35:1, 2.
യഹോവയുടെ അചഞ്ചലസ്നേഹം
14 യഹോവയുടെ അചഞ്ചലസ്നേഹം ഒരു ആത്മീയസംരക്ഷണമാണ്. ദാവീദ് തന്റെ പ്രാർഥനയിൽ യഹോവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അങ്ങ് എനിക്ക് ഒരു മറവിടമാണ്; കഷ്ടകാലത്ത് അങ്ങ് എന്നെ സംരക്ഷിക്കും. വിമോചനത്തിന്റെ സന്തോഷാരവത്താൽ അങ്ങ് എന്നെ പൊതിയും. . . . തന്നിൽ ആശ്രയിക്കുന്നവനെ യഹോവയുടെ അചഞ്ചലമായ സ്നേഹം പൊതിയുന്നു.” (സങ്കീ. 32:7, 10) ബൈബിൾക്കാലങ്ങളിൽ നഗരമതിലുകൾ ആ നഗരത്തിൽ താമസിക്കുന്നവർക്കു സംരക്ഷണം നൽകിയിരുന്നു. യഹോവയുടെ അചഞ്ചലസ്നേഹവും ഒരു മതിൽപോലെയാണ്. യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ തകർത്തേക്കാവുന്ന എല്ലാ അപകടങ്ങളിൽനിന്നും അതു നമ്മളെ സംരക്ഷിക്കുന്നു. മാത്രമല്ല, ആ അചഞ്ചലസ്നേഹം നമ്മളെ ഓരോരുത്തരെയും തന്നിലേക്കു കൂടുതൽ അടുപ്പിക്കാൻ യഹോവയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.—യിരെ. 31:3.
ആത്മീയരത്നങ്ങൾ
‘യഹോവയുടെ മനസ്സ് അറിഞ്ഞവൻ ആർ?’
19 ‘യഹോവയുടെ മനസ്സിനെക്കുറിച്ച്’ ഈ ലേഖനത്തിൽ നാം എന്താണ് പഠിച്ചത്? ദൈവവചനത്തിൽനിന്നു ഗ്രഹിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം നാം യഹോവയുടെ മനസ്സ് അറിയാൻ ശ്രമിക്കേണ്ടത്. നമ്മുടെ പരിമിതികൾ യഹോവയ്ക്കുണ്ടെന്ന് നാം ഒരിക്കലും കരുതരുത്; നമ്മുടെ നിലവാരങ്ങളുടെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിൽ അവനെ വിധിക്കുകയുമരുത്. ഇയ്യോബ് പറഞ്ഞു: “ഞാൻ അവനോടു (ദൈവത്തോട്) പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.” (ഇയ്യോ. 9:32) യഹോവയുടെ മനസ്സ് അറിഞ്ഞുതുടങ്ങുമ്പോൾ നമ്മളും ഇയ്യോബിനെപ്പോലെ പറയാൻ പ്രേരിതരാകും: “എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?”—ഇയ്യോ. 26:14.
20 ഒരു തിരുവെഴുത്തു ഭാഗം വായിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട യഹോവയുടെ വീക്ഷണം നമുക്ക് മനസ്സിലാകുന്നില്ലെങ്കിൽ എന്തു ചെയ്യണം? ആ വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയശേഷവും വ്യക്തമായ ഉത്തരം ലഭിക്കുന്നില്ലെങ്കിൽ യഹോവയിലുള്ള നമ്മുടെ വിശ്വാസത്തിന്റെ ഒരു പരിശോധനയായി അതിനെ കാണുക. തിരുവെഴുത്തുകളിലെ ചില പ്രസ്താവനകൾ യഹോവയുടെ ഗുണങ്ങളിലുള്ള നമ്മുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു. ദൈവം ചെയ്യുന്നതെല്ലാം മനസ്സിലാക്കാൻ നമുക്കാവില്ല എന്ന കാര്യം താഴ്മയോടെ നമുക്ക് സമ്മതിക്കാം. (സഭാ. 11:5) പൗലോസ് അപ്പൊസ്തലന്റെ ഈ വാക്കുകൾ എത്ര അർഥവത്താണ്: “ഹാ, ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അഗാധം! അവന്റെ ന്യായവിധികൾ എത്ര അപ്രമേയം! അവന്റെ വഴികൾ എത്ര ദുർഗ്രഹം! യഹോവയുടെ മനസ്സ് അറിഞ്ഞവൻ ആർ? അവന് ഉപദേഷ്ടാവായവൻ ആർ? പ്രതിഫലത്തിനായി അവനു ദാനം കൊടുത്തിട്ടുള്ളവൻ ആർ? സകലതും അവനിൽനിന്നും അവനിലൂടെയും അവനുവേണ്ടിയും ഉള്ളവയല്ലോ. അവന് എന്നേക്കും മഹത്ത്വം. ആമേൻ.”—റോമ. 11:33-36.
ഒക്ടോബർ 30–നവംബർ 5
ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 11-12
“ജ്ഞാനം നേടാനും ജ്ഞാനത്തിൽനിന്ന് പ്രയോജനം നേടാനും ഉള്ള മൂന്നു വഴികൾ”
ഇയ്യോബ് യഹോവയുടെ നാമം വാഴ്ത്തി
17 നിർമലത പാലിക്കാൻ ഇയ്യോബിനെ സഹായിച്ചത് എന്താണ്? ദുരന്തങ്ങൾ ആഞ്ഞടിക്കുന്നതിനു മുമ്പുതന്നെ അവൻ യഹോവയുമായി അടുത്ത ബന്ധം വളർത്തിയെടുത്തിരുന്നു. സാത്താൻ യഹോവയെ വെല്ലുവിളിച്ചതിനെക്കുറിച്ച് ഇയ്യോബിന് അറിയാമായിരുന്നോ എന്നു വ്യക്തമല്ല; എന്നാൽ വിശ്വസ്തത പാലിക്കാൻ അവൻ ദൃഢനിശ്ചയം ചെയ്തിരുന്നു എന്നുള്ളതു സ്പഷ്ടമാണ്. ‘ഞാൻ മരിക്കുവോളം എന്റെ നിഷ്കളങ്കത്വം [അഥവാ നിർമലത] ഉപേക്ഷിക്കയില്ല,’ അവൻ പറഞ്ഞു. (ഇയ്യോ. 27:5) ദൈവവുമായി ഇത്ര അടുത്ത ബന്ധം വളർത്തിയെടുക്കാൻ ഇയ്യോബിന് എങ്ങനെ സാധിച്ചു? തന്റെ അകന്ന ബന്ധുക്കളായ അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നിവരുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ച് കേട്ട കാര്യങ്ങൾ അവൻ മനസ്സിൽ സൂക്ഷിക്കുകയും അതേക്കുറിച്ച് ധ്യാനിക്കുകയും ചെയ്തിരുന്നു എന്നതിനു സംശയമില്ല. മാത്രമല്ല, തനിക്കു ചുറ്റുമുള്ള സൃഷ്ടികളിൽനിന്ന് യഹോവയുടെ പല ഗുണങ്ങളെക്കുറിച്ചും ഇയ്യോബ് മനസ്സിലാക്കി.—ഇയ്യോബ് 12:7-9, 13, 16 വായിക്കുക.
യഹോവ എപ്പോഴും കൂടെയുള്ളതുകൊണ്ട് നമ്മൾ ഒറ്റയ്ക്കല്ല
10 സഹോദരങ്ങളുമായി സുഹൃദ്ബന്ധം വളർത്തുക. പല പ്രായത്തിലും പശ്ചാത്തലത്തിലും പെട്ട സഹോദരങ്ങളിൽനിന്ന് നമുക്കു പലതും പഠിക്കാനാകും. അതുകൊണ്ട് അങ്ങനെയുള്ളവരുമായി സൗഹൃദത്തിലാകുക. “പ്രായമായവർ” ജ്ഞാനികളായിരിക്കുമെന്നു ബൈബിൾ പറയുന്നു. (ഇയ്യോ. 12:12) ഇനി, പ്രായമായവർക്കു സഭയിലെ ചെറുപ്പക്കാരിൽനിന്നും പലതും പഠിക്കാനുണ്ടാകും. ദാവീദും യോനാഥാനും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ടായിരുന്നു. എന്നിട്ടും അവർ അടുത്ത കൂട്ടുകാരായി. (1 ശമു. 18:1) പല പ്രയാസസാഹചര്യങ്ങൾ നേരിട്ടപ്പോഴും യഹോവയെ സേവിക്കാൻ അവർ പരസ്പരം സഹായിച്ചു. (1 ശമു. 23:16-18) ഒറ്റയ്ക്കു വിശ്വാസത്തിലുള്ള ഇറീന സഹോദരി പറയുന്നു: “നമ്മുടെ സഹോദരങ്ങൾക്കു ശരിക്കും നമ്മുടെ മാതാപിതാക്കളെപ്പോലെയോ നമ്മുടെ കൂടപ്പിറപ്പുകളെപ്പോലെയോ ഒക്കെ ആകാനാകും. അവരെ ഉപയോഗിച്ച്, നമ്മൾ ഒറ്റയ്ക്കാണെന്ന സങ്കടം മാറ്റാൻ യഹോവയ്ക്കു കഴിയും.”
11 പുതിയ കൂട്ടുകാരെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് നമ്മൾ സംസാരിക്കാൻ മടിയുള്ളവരാണെങ്കിൽ. എതിർപ്പുകളൊക്കെ ഉണ്ടായിട്ടും സത്യം പഠിച്ചുവന്ന, അല്പം നാണക്കാരിയായ ഒരു സഹോദരിയാണു രത്ന. സഹോദരി പറയുന്നു: “സഹോദരങ്ങളുടെ സഹായമില്ലാതെ പിടിച്ചുനിൽക്കാനാകില്ലെന്നു ഞാൻ അംഗീകരിക്കണമായിരുന്നു.” ഉള്ളുതുറന്നു മറ്റുള്ളവരോടു സംസാരിക്കുന്നത് അല്പം ബുദ്ധിമുട്ടായിരുന്നേക്കാം. എന്നാൽ അങ്ങനെ ചെയ്തെങ്കിലേ അവരുമായി നല്ല സൗഹൃദത്തിലാകാൻ പറ്റുകയുള്ളൂ. നിങ്ങളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും കൂട്ടുകാർക്ക് ആഗ്രഹം കാണും. പക്ഷേ നമ്മുടെ വിഷമങ്ങൾ നമ്മൾ അവരോടു തുറന്നുപറയണം. കാരണം അവർക്ക് അത് ഊഹിച്ചെടുക്കാനാകില്ലല്ലോ.
12 നല്ല കൂട്ടുകാരെ കണ്ടെത്താനുള്ള ഒരു എളുപ്പവഴി സഹോദരങ്ങളോടൊപ്പം പ്രസംഗപ്രവർത്തനം ചെയ്യുന്നതാണ്. നേരത്തേ പറഞ്ഞ കാരൾ സഹോദരി പറയുന്നു: “സഹോദരങ്ങളോടൊപ്പം പ്രസംഗപ്രവർത്തനവും മറ്റു ദിവ്യാധിപത്യ പ്രവർത്തനങ്ങളും ചെയ്തതുകൊണ്ട് എനിക്കു കുറെ നല്ല കൂട്ടുകാരെ കിട്ടി. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഈ കൂട്ടുകാരിലൂടെ യഹോവ എന്നെ സഹായിച്ചിട്ടുണ്ട്.” വിശ്വസ്തരായ ക്രിസ്ത്യാനികളുമായി സൗഹൃദത്തിലാകുന്നതുകൊണ്ട് നമുക്ക് ഒരുപാടു ഗുണങ്ങളുണ്ട്. കാരണം ഈ കൂട്ടുകാരിലൂടെയാണ് ഏകാന്തതപോലുള്ള പ്രശ്നങ്ങൾ മറികടക്കാൻ യഹോവ നമ്മളെ സഹായിക്കുന്നത്.—സുഭാ. 17:17.
it-2-E 1190 ¶2
ജ്ഞാനം
ദിവ്യജ്ഞാനം. പൂർണമായ അർഥത്തിൽ യഹോവയ്ക്കു മാത്രമേ ജ്ഞാനമുള്ളൂ. യഹോവയുടെ ജ്ഞാനം അതിശ്രേഷ്ഠമാണെന്നു ബൈബിൾ പറയുന്നു. യഹോവയെ “ഒരേ ഒരു ജ്ഞാനി” എന്നു ബൈബിൾ വിളിച്ചിരിക്കുന്നു. (റോമ 16:27; വെളി 7:12) വസ്തുതകളെക്കുറിച്ച് നല്ല പരിചയമുണ്ടായിരിക്കുന്നതിനെയാണ് അറിവ് എന്നു പറയുന്നത്. നമ്മുടെ സ്രഷ്ടാവ് “നിത്യതമുതൽ നിത്യതവരെ” ഉള്ള ദൈവമായതുകൊണ്ട് ഈ പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ഉള്ള ഒരു കാര്യംപോലും ദൈവത്തിന് അറിയാത്തതായി ഇല്ല. (സങ്ക 90:1, 2) മനുഷ്യർ ഇന്ന് കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും നടത്താൻ ആശ്രയിക്കുന്ന ഭൗതികനിയമങ്ങളും പരിവൃത്തികളും എല്ലാം ദൈവം നിർമിച്ചതാണ്. ഇനി, പിഴവറ്റ തീരുമാനങ്ങളെടുക്കാനും സന്തോഷമുള്ള ജീവിതം നയിക്കാനും ദൈവത്തിന്റെ ധാർമികനിലവാരങ്ങൾ അത്യന്താപേക്ഷിതമാണ്. (ആവ 32:4-6) അതെ, ദൈവത്തിന്റെ അറിവിന് അപ്പുറമായി മറ്റൊരു അറിവില്ല. (യശ 40:13, 14) എന്നാൽ, ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്ക് ചേരാത്ത കാര്യങ്ങൾ സംഭവിക്കാനും അതു കുറെ നാൾ തുടരാനും ദൈവം അനുവദിച്ചേക്കാമെങ്കിലും ഭാവി ദൈവത്തിന്റെ കൈകളിൽത്തന്നെയാണ്. ദൈവം തന്റെ ഇഷ്ടം നിവർത്തിക്കും, തന്റെ വാക്കുകൾ “ഉറപ്പായും നടത്തും.”—യശ 55:8-11; 46:9-11.
ആത്മീയരത്നങ്ങൾ
ആശയവിനിമയം—കൗമാരവുമായി
▪ ‘വാക്കുകൾക്കു പിന്നിലെ അർഥം ഞാൻ മനസ്സിലാക്കുന്നുണ്ടോ?’ “ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ?” എന്ന് ഇയ്യോബ് 12:11-ൽ നാം വായിക്കുന്നു. മുമ്പത്തെക്കാളധികമായി ഇപ്പോൾ കുട്ടി പറയുന്നത് എന്താണെന്ന് നിങ്ങൾ ‘പരിശോധിച്ചു’ നോക്കണം. കൗമാരക്കാർ മിക്കപ്പോഴും അറുത്തുമുറിച്ചു സംസാരിക്കുന്ന പ്രകൃതക്കാരാണ്. “ഞാൻ ഒരു കുട്ടിയാണെന്നാ ഇപ്പോഴും നിങ്ങളുടെ വിചാരം” അല്ലെങ്കിൽ “ഞാൻ പറയുന്നത് ഒന്നും നിങ്ങൾ കേൾക്കാറില്ല” എന്നൊക്കെ അവർ പറഞ്ഞേക്കാം. കുട്ടി പറയുന്നത് അക്ഷരാർഥത്തിൽ എടുക്കാതെ ആ വാക്കുകൾക്കു പിന്നിലെ വികാരം മനസ്സിലാക്കാൻ ശ്രമിക്കുക. “ഞാൻ ഒരു കുട്ടിയാണെന്നാ ഇപ്പോഴും നിങ്ങളുടെ വിചാരം” എന്നതുകൊണ്ട് “നിങ്ങൾ എന്നെ അംഗീകരിക്കുന്നില്ല” എന്നും “ഞാൻ പറയുന്നത് ഒന്നും നിങ്ങൾ കേൾക്കാറില്ല” എന്നതുകൊണ്ട് “നിങ്ങൾ എന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല” എന്നുമാകാം അവർ ഉദ്ദേശിക്കുന്നത്.