ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2023 Watch Tower Bible and Tract Society of Pennsylvania
ജൂലൈ 3-9
ദൈവവചനത്തിലെ നിധികൾ | എസ്ര 4-6
“അതിന്റെ പണിയിൽ നിങ്ങൾ ഇടപെടരുത്”
സെഖര്യ കണ്ടതു നിങ്ങൾക്കു കാണാനാകുന്നുണ്ടോ?
13 ദേവാലയത്തിന്റെ പണി രാജാവ് നിരോധിച്ചെങ്കിലും മഹാപുരോഹിതനായ യേശുവയും (യോശുവ) ഗവർണറായ സെരുബ്ബാബേലും ‘ദൈവഭവനത്തിന്റെ പണി വീണ്ടും തുടങ്ങി.’ (എസ്ര 5:1, 2) ദൈവജനത്തിനു നേതൃത്വമെടുത്തിരുന്ന അവരുടെ ആ തീരുമാനം അത്ര ശരിയായില്ലെന്നു ചില ജൂതന്മാരെങ്കിലും ചിന്തിച്ചുകാണും. കാരണം ദേവാലയത്തിന്റെ പണി ഒളിച്ച് ചെയ്യാൻ പറ്റുന്ന ഒന്നായിരുന്നില്ല. പണിയെക്കുറിച്ച് അറിയുമ്പോൾ ശത്രുക്കൾ അതു തടസ്സപ്പെടുത്താൻ ശ്രമിക്കുമെന്ന് ഉറപ്പായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ തങ്ങൾക്ക് യഹോവയുടെ പിന്തുണയുണ്ടെന്ന ഉറപ്പ് നേതൃത്വം വഹിച്ചിരുന്ന യോശുവയ്ക്കും സെരുബ്ബാബേലിനും ആവശ്യമായിരുന്നു. അവർക്ക് അതു ലഭിക്കുകയും ചെയ്തു. എങ്ങനെ?
wp17.3 9 ¶2-5
ഇതാ, മറ്റൊരു തെളിവ്!
യരുശലേം ഒരിക്കൽ വിശാലമായ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പേർഷ്യക്കാർ അക്കരപ്രദേശം എന്നു വിളിക്കുന്ന, യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള സ്ഥലത്താണ് ഈ നഗരം സ്ഥിതിചെയ്തിരുന്നത്. ബാബിലോണിയ കീഴടക്കിയതിനു ശേഷം, അടിമകളായിരുന്ന ജൂതന്മാരെ പേർഷ്യക്കാർ വിട്ടയയ്ക്കുകയും യരുശലേമിലുള്ള യഹോവയുടെ ആലയം പുതുക്കിപ്പണിയാൻ അവർക്ക് അനുമതി നൽകുകയും ചെയ്തു. (എസ്ര 1:1-4) എന്നാൽ ജൂതന്മാരുടെ ശത്രുക്കൾ ഈ പദ്ധതിയെ എതിർക്കുകയും ജൂതന്മാർ പേർഷ്യക്കാർക്ക് എതിരെ പ്രവർത്തിക്കുകയാണെന്ന് വ്യാജാരോപണം ഉന്നയിക്കുകയും ചെയ്തു. (എസ്ര 4:4-16) ദാര്യാവേശ് ഒന്നാമൻ ഭരിക്കുന്ന സമയത്ത് (ബി.സി. 522-486), ഈ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പേർഷ്യൻ ഉദ്യോഗസ്ഥനായ തത്നായിയെ നിയമിക്കുന്നു. ഈ ഉദ്യോഗസ്ഥനെ ബൈബിൾ വിളിക്കുന്നത്, ‘അക്കരപ്രദേശത്തിന്റെ ഗവർണർ’ എന്നാണ്.—എസ്ര 5:3-7.
പുരാവസ്തുശാസ്ത്രജ്ഞർ കണ്ടെടുത്ത അനേകം ക്യൂണിഫോം ഫലകങ്ങളിൽ തത്നായിയുടെ പേര് കണ്ടെത്തിയിരിക്കുന്നു. ആ ഫലകങ്ങൾ ഒരു കുടുംബത്തിന്റെ ശേഖരമാകാം. അതിൽ ഒന്ന്, ബി.സി. 502-ൽ ദാര്യാവേശ് ഒന്നാമന്റെ വാഴ്ചയുടെ 20-ാം ആണ്ടിൽ തയ്യാറാക്കിയ ഒരു സാമ്പത്തിക ഇടപാടിന്റെ രേഖയാണ്. ആ ഇടപാടിന് സാക്ഷിയായ, “അക്കരപ്രദേശത്തിന്റെ ഗവർണറായ തത്നുവിന്റെ” ജോലിക്കാരനെക്കുറിച്ചാണ് അതിൽ പറയുന്നത്. ഈ തത്നുവാണ് ബൈബിൾ പുസ്തകമായ എസ്രയിൽ പറഞ്ഞിരിക്കുന്ന തത്നായി.
ഇദ്ദേഹം ആരായിരുന്നു? ബി.സി. 535-ൽ മഹാനായ കോരെശ് തന്റെ ഭരണപ്രദേശത്തെ പല പ്രവിശ്യകളായി തിരിച്ചു. അതിൽ ഒന്നായിരുന്നു ബാബിലോണും അക്കരപ്രദേശവും. ഈ പ്രവിശ്യയെ പിന്നീട് രണ്ടായി വിഭാഗിച്ചു. അതിൽ ഒന്നിനെയാണ് അക്കരപ്രദേശം എന്നു വിളിക്കുന്നത്. ഇതിൽ കൊയ്ലി-സിറിയ, ഫൊയ്നിക്യ, ശമര്യ, യഹൂദ എന്നിവ ഉൾപ്പെടുന്നു. ദമസ്കൊസ് ആയിരുന്നു ഇവയുടെയെല്ലാം ഭരണകേന്ദ്രം. ബി.സി. 520 മുതൽ 502 വരെ ഈ പ്രദേശങ്ങളുടെ ഗവർണർ തത്നായിയായിരുന്നു.
യഹോവയുടെ ആലയം ജൂതന്മാർ പുതുക്കിപ്പണിയുന്നതിനോടുള്ള ബന്ധത്തിൽ യരുശലേമിലുണ്ടായിരുന്ന പ്രശ്നം അന്വേഷിച്ച തത്നായി ദാര്യാവേശിന് അതേക്കുറിച്ചുള്ള റിപ്പോർട്ട് നൽകി. ജൂതന്മാർക്ക് അതിനുള്ള അധികാരം കോരെശ് രാജാവിൽനിന്ന് ലഭിച്ചുവെന്നത് ശരിയാണെന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു. രാജകൊട്ടാരത്തിലെ ചരിത്രരേഖകൾ ജൂതന്മാരുടെ വാദത്തെ ശരിവെക്കുന്നതായിരുന്നു. (എസ്ര 5:6, 7, 11-13; 6:1-3) അതുകൊണ്ട്, ജൂതന്മാരുടെ പണിയെ തടസ്സപ്പെടുത്തരുതെന്നു രാജാവ് പറഞ്ഞതു തത്നായി അനുസരിച്ചു.—എസ്ര 6:6, 7, 13.
സെഖര്യ കണ്ടതു നിങ്ങൾക്കു കാണാനാകുന്നുണ്ടോ?
7 ദേവാലയം പണിയുന്നവർക്ക് ആശ്വാസം നൽകുന്ന ഒരു മാറ്റം സംഭവിച്ചു. എന്തായിരുന്നു അത്? ഒരു പുതിയ രാജാവ് പേർഷ്യയിൽ അധികാരത്തിൽ വന്നു. ദാര്യാവേശ് ഒന്നാമനായിരുന്നു അത്. അദ്ദേഹത്തിന്റെ ഭരണത്തിന്റെ രണ്ടാം വർഷം, അതായത് ബി.സി. 520-ൽ, ആലയംപണി നിരോധിച്ചുകൊണ്ടുള്ള കല്പന നിയമവിരുദ്ധമാണെന്ന് അദ്ദേഹം കണ്ടെത്തി. അതുകൊണ്ട് അദ്ദേഹം ആ പണി പൂർത്തിയാക്കാനുള്ള അനുവാദം നൽകി. (എസ്ര 6:1-3) രാജാവിന്റെ ആ തീരുമാനം എല്ലാവരെയും അതിശയിപ്പിച്ചു. എന്നാൽ ആലയംപണിക്ക് അംഗീകാരം നൽകുക മാത്രമല്ല അദ്ദേഹം ചെയ്തത്. ചുറ്റുമുള്ള ജനതകളോട് ആലയംപണി തടസ്സപ്പെടുത്തരുതെന്നും പണവും മറ്റു വസ്തുക്കളും നൽകി പണിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. (എസ്ര 6:7-12) അങ്ങനെ ജൂതന്മാർക്ക് ഏതാണ്ടു നാലു വർഷംകൊണ്ട്, ബി.സി. 515-ൽ, ആലയത്തിന്റെ പണി പൂർത്തിയാക്കാൻ കഴിഞ്ഞു.—എസ്ര 6:15.
സെഖര്യ കണ്ടതു നിങ്ങൾക്കു കാണാനാകുന്നുണ്ടോ?
16 യഹോവ നമുക്കു നിർദേശങ്ങൾ തരുന്ന മറ്റൊരു വിധം ‘വിശ്വസ്തനും വിവേകിയും ആയ അടിമയിലൂടെയാണ്.’ (മത്താ. 24:45) ചിലപ്പോൾ ഈ അടിമ നൽകുന്ന നിർദേശങ്ങൾ നമുക്കു മുഴുവനായി മനസ്സിലാകണമെന്നില്ല. ഉദാഹരണത്തിന്, ഒരു പ്രകൃതിദുരന്തം ഉണ്ടായാൽ രക്ഷപ്പെടാനായി നമ്മൾ എന്തൊക്കെ ചെയ്യണമെന്ന നിർദേശങ്ങൾ അടിമ തന്നേക്കാം. എന്നാൽ അങ്ങനെയൊരു ദുരന്തം നമ്മുടെ പ്രദേശത്ത് ഒരിക്കലും ഉണ്ടാകില്ല എന്നായിരിക്കാം നമ്മൾ ചിന്തിക്കുന്നത്. അതല്ലെങ്കിൽ ഒരു മഹാമാരിയുടെ സമയത്ത് സംഘടന തരുന്ന നിർദേശങ്ങൾ കേൾക്കുമ്പോൾ ‘ഇത്രയൊക്കെ ശ്രദ്ധിക്കേണ്ടതുണ്ടോ’ എന്നു നമ്മൾ ചിന്തിച്ചേക്കാം. കിട്ടിയ നിർദേശങ്ങൾ അനുസരിക്കുന്നത് അത്ര എളുപ്പമല്ലെന്നു തോന്നിയാൽ നമുക്ക് എന്തു ചെയ്യാം? അങ്ങനെ തോന്നുന്നുണ്ടെങ്കിൽ യോശുവയിൽനിന്നും സെരുബ്ബാബേലിൽനിന്നും നിർദേശങ്ങൾ ലഭിച്ചപ്പോൾ അവ അനുസരിച്ചത് ഇസ്രായേല്യർക്ക് എങ്ങനെ പ്രയോജനം ചെയ്തെന്നു നമുക്കു ചിന്തിക്കാം. ഇനി, ചില സന്ദർഭങ്ങളിൽ ദൈവജനത്തിനു കിട്ടിയ നിർദേശങ്ങൾ മനുഷ്യകാഴ്ചപ്പാടിൽ അത്ര പ്രായോഗികമല്ലായിരുന്നു. എന്നാൽ അവ അനുസരിച്ചത് അവരുടെ ജീവൻ രക്ഷിച്ചു. അത്തരത്തിലുള്ള ബൈബിൾവിവരണങ്ങളെക്കുറിച്ച് ഓർക്കുന്നതും നമുക്കു പ്രയോജനം ചെയ്യും.—ന്യായാ. 7:7; 8:10.
ആത്മീയരത്നങ്ങൾ
നിങ്ങൾക്കു ബൈബിളിൽ ആശ്രയിക്കാമോ?
ഈ നാണയം ഉണ്ടാക്കിയത് ഇന്നത്തെ തുർക്കിയുടെ ദക്ഷിണപൂർവഭാഗത്തുള്ള ഒരു പട്ടണമായ തർസൂസിലാണ്. പൊ.യു.മു. നാലാം നൂററാണ്ടിൽ പാർസി ദേശാധിപതിയായ മാസാവുസിന്റെ ഭരണകാലത്താണ് ഈ നാണയം നിർമിച്ചത്. ഈ നാണയം അദ്ദേഹത്തെ ‘അക്കരപ്രദേശത്തിന്റെ ഗവർണർ’ എന്നു തിരിച്ചറിയിക്കുന്നു, അതായത് യൂഫ്രട്ടീസ് നദിയുടെ അക്കരെ.
എന്നാൽ എന്തുകൊണ്ടാണ് ആ പ്രയോഗം രസകരമായിരിക്കുന്നത്? എന്തുകൊണ്ടെന്നാൽ നിങ്ങൾ നിങ്ങളുടെ ബൈബിളിൽ അതേ ഉദ്യോഗപേരു കാണും. പാർസിരാജാവായ ദാര്യവേശും ദേശാധിപതിയായ തത്നായിയും തമ്മിലുള്ള കത്തിടപാടിനെക്കുറിച്ചു എസ്രാ 5:6–6:13 എടുത്തുകാണിക്കുന്നു. യഹൂദൻമാർ യെരൂശലേമിലുള്ള തങ്ങളുടെ ആലയം പുതുക്കിപ്പണിയുന്നതായിരുന്നു വിവാദവിഷയം. എസ്രാ ദൈവത്തിന്റെ ന്യായപ്രമാണത്തിന്റെ ഒരു പ്രഗത്ഭനായ പകർപ്പെഴുത്തുകാരനായിരുന്നു, അദ്ദേഹം തന്റെ വിവരണങ്ങളിൽ സൂക്ഷ്മതയും കൃത്യതയും ഉള്ളവനായിരിക്കാൻ നിങ്ങൾ പ്രതീക്ഷിക്കും. എസ്രാ 5:6-ലും 6:13-ലും എസ്രാ തത്നായിയെ ‘അക്കരപ്രദേശത്തിന്റെ ഗവർണർ’ എന്നു നാമകരണം ചെയ്തിരിക്കുന്നതു നിങ്ങൾ കാണും.
ഈ നാണയം ഉണ്ടാക്കുന്നതിന് ഏതാണ്ട് 100 വർഷം മുമ്പ്, പൊ.യു.മു. 460-ലാണ് എസ്രാ അതു രേഖപ്പെടുത്തിയത്. ഒരു പുരാതന ഉദ്യോഗസ്ഥന്റെ ഉദ്യോഗപ്പേര് ഒരു നിസ്സാര വിശദാംശമായി ചില ആളുകൾക്കു തോന്നിയേക്കാം. എന്നാൽ ഇപ്രകാരമുള്ള ചെറിയ വിശദാംശങ്ങളിൽപ്പോലും നിങ്ങൾക്കു ബൈബിൾ എഴുത്തുകാരിൽ ആശ്രയിക്കാമെങ്കിൽ അത് അവർ എഴുതിയ മറേറതുകാര്യങ്ങളിലുമുള്ള നിങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കേണ്ടതല്ലേ?
ജൂലൈ 10-16
ദൈവവചനത്തിലെ നിധികൾ | എസ്ര 7-8
“എസ്രയുടെ പ്രവർത്തനങ്ങൾ യഹോവയെ മഹത്ത്വപ്പെടുത്തി”
പഠനം—പ്രതിഫലദായകവും ആസ്വാദ്യവും
8 അതേ, യഹോവയുടെ വചനത്തോടുള്ള നമ്മുടെ സ്നേഹം, വികാരങ്ങളുടെ ഇരിപ്പിടമായ ഹൃദയത്തിൽനിന്നു വരണം. വായിച്ചു തീർത്ത ബൈബിൾ ഭാഗത്തെ കുറിച്ചു നാം സസന്തോഷം വിചിന്തനം ചെയ്യണം. നാം ആഴമേറിയ ആത്മീയ ആശയങ്ങൾ വിചിന്തനം ചെയ്യുകയും അവയിൽ മുഴുകിയിരിക്കുകയും അവയെ കുറിച്ചു ധ്യാനിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനു ശാന്തമായ പരിചിന്തനവും പ്രാർഥനയും ആവശ്യമാണ്. എസ്രായെ പോലെ, ബൈബിൾ വായനയുടെയും പഠനത്തിന്റെയും കാര്യത്തിൽ നാം ഹൃദയത്തെ ഒരുക്കേണ്ടതുണ്ട്. അവനെ കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു [“തന്റെ ഹൃദയത്തെ ഒരുക്കിയിരുന്നു,” NW].” (എസ്രാ 7:10) എസ്രാ ഹൃദയത്തെ ഒരുക്കിയതിന്റെ മൂന്നു കാരണങ്ങൾ ശ്രദ്ധിക്കുക: പരിശോധിക്കുന്നതിന് അഥവാ പഠിക്കുന്നതിന്, അതു വ്യക്തിപരമായി ബാധകമാക്കുന്നതിന്, അതേക്കുറിച്ച് ഉപദേശിക്കുന്നതിന്. നാം ഇന്ന് അവന്റെ മാതൃക പിൻപറ്റേണ്ടതുണ്ട്.
ബൈബിൾ പുസ്തക നമ്പർ 13—1 ദിനവൃത്താന്തം
5 വിശ്വാസ്യവും കൃത്യവുമായ ഈ ചരിത്രം സമാഹരിക്കാൻ എസ്രായോളം യോഗ്യതയുളള ആരും ഇല്ലായിരുന്നു. “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.” (എസ്രാ 7:10) യഹോവ പരിശുദ്ധാത്മാവുമുഖാന്തരം അവനെ സഹായിച്ചു. പേർഷ്യൻ ലോകഭരണാധികാരി എസ്രായിലെ ദൈവികജ്ഞാനത്തെ തിരിച്ചറിയുകയും യഹൂദാഭരണപ്രദേശത്തു വിപുലമായ സിവിൽ അധികാരങ്ങളോടെ അവനെ നിയോഗിക്കുകയും ചെയ്തു. (എസ്രാ 7:12-26) അങ്ങനെ ദിവ്യവും സാമ്രാജ്യപരവുമായ അധികാരത്താൽ സജ്ജനായി ലഭ്യമായ ഏററവും നല്ല പ്രമാണങ്ങളിൽനിന്നു തന്റെ വിവരണം സമാഹരിക്കാൻ എസ്രായ്ക്കു കഴിഞ്ഞു.
w91-E 7/15 പേ. 29
താഴ്മ ധരിക്കേണ്ടത് എന്തുകൊണ്ട്?
യരുശലേമിലെ ആലയത്തിനുവേണ്ടി ഒട്ടനവധി സ്വർണവും വെള്ളിയും ആയി യഹോവയുടെ ജനത്തെ നയിച്ചുകൊണ്ട് എസ്ര ബാബിലോണിൽനിന്ന് പോന്നപ്പോൾ അദ്ദേഹം ഒരു ഉപവാസം പ്രഖ്യാപിച്ചു. എസ്രയും ജനവും യഹോവയുടെ മുമ്പാകെ തങ്ങളെത്തന്നെ താഴ്ത്തുന്നതിനായിരുന്നു അത്. അതിന്റെ ഫലം എന്തായിരുന്നു? ശത്രുക്കളുടെ ആക്രമണമൊന്നും കൂടാതെ സുരക്ഷിതരായി സ്വദേശത്ത് എത്താൻ യഹോവ അവരെ സഹായിച്ചു. (എസ്ര 8:1-14, 21-32) യഹോവ തരുന്ന ഉത്തരവാദിത്വങ്ങൾ സ്വന്തം ശക്തികൊണ്ടും ജ്ഞാനംകൊണ്ടും ചെയ്യാമെന്നു ചിന്തിക്കുന്നതിനു പകരം ദാനിയേലിനെയും എസ്രയെയും പോലെ നമുക്ക് യഹോവയിലേക്കു നോക്കാം. അങ്ങനെ താഴ്മയുള്ളവരാണെന്നു കാണിക്കാം.
ആത്മീയരത്നങ്ങൾ
എസ്രായിൽനിന്നുള്ള വിശേഷാശയങ്ങൾ
7:28–8:20—എസ്രായോടൊപ്പം യെരൂശലേമിലേക്കു പോകാൻ ബാബിലോണിലുണ്ടായിരുന്ന പല യഹൂദന്മാരും മടിച്ചത് എന്തുകൊണ്ട്? യഹൂദന്മാരുടെ ആദ്യസംഘം സ്വദേശത്തേക്കു മടങ്ങിയിട്ട് 60 വർഷത്തിലേറെ ആയിരുന്നെങ്കിലും യെരൂശലേം ജനവാസം തീരെ കുറഞ്ഞ ഒരു പ്രദേശംതന്നെയായിരുന്നു. അവിടേക്കു മടങ്ങുന്നവർക്ക്, ദുഷ്കരവും അപകടകരവുമായ സാഹചര്യങ്ങളിൽ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കേണ്ടിവരുമായിരുന്നു. ബാബിലോണിൽ നല്ല നിലയിൽ ആയിരുന്നിരിക്കാവുന്ന യഹൂദന്മാർക്ക് ഭൗതിക അഭിവൃദ്ധിക്കുള്ള സാധ്യതകളൊന്നും അന്ന് യെരൂശലേമിൽ കാണാൻ കഴിഞ്ഞില്ല. അപകടകരമായ യാത്രയും ഒരു പ്രശ്നമായിരുന്നു. അതിനു മുതിരാൻ അവർക്ക് യഹോവയിൽ ശക്തമായ ആശ്രയവും ധൈര്യവും സത്യാരാധനയിൽ തീക്ഷ്ണതയും ഉണ്ടായിരിക്കണമായിരുന്നു. എസ്രായ്ക്കുപോലും സഹായം ആവശ്യമായിരുന്നു, യഹോവയുടെ പിന്തുണയിൽനിന്ന് അവൻ ശക്തിയാർജിച്ചു. എസ്രായുടെ പ്രോത്സാഹനത്തോട് 1,500 കുടുംബങ്ങൾ, ഏകദേശം 6,000 പേർ, അനുകൂലമായി പ്രതികരിച്ചു. എസ്രാ കൂടുതലായ പടികൾ സ്വീകരിച്ചതോടെ 38 ലേവ്യരും 220 നെഥിനിമുകളും അവരോടുചേർന്നു.
ജൂലൈ 17-23
ദൈവവചനത്തിലെ നിധികൾ | എസ്ര 9-10
“അനുസരണക്കേടിന്റെ തിക്തഫലങ്ങൾ”
എസ്രായിൽനിന്നുള്ള വിശേഷാശയങ്ങൾ
9:1, 2—ദേശനിവാസികളുമായുള്ള മിശ്രവിവാഹം എത്ര ഗുരുതരമായ ഒരു ഭീഷണി ആയിരുന്നു? പുനഃസ്ഥിതീകരിക്കപ്പെട്ട ജനത, മിശിഹാ വരുന്നതുവരെ യഹോവയുടെ ആരാധനയുടെ കാവൽക്കാർ ആയിരിക്കേണ്ടിയിരുന്നു. മറ്റു ദേശവാസികളുമായുള്ള മിശ്രവിവാഹം സത്യാരാധനയ്ക്ക് ഒരു യഥാർഥ ഭീഷണി ആയിരുന്നു. വിഗ്രഹാരാധികളായ ആളുകളുമായി ചിലർ വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നതിനാൽ കാലക്രമത്തിൽ ദേശം പൂർണമായും പുറജാതി രാഷ്ട്രങ്ങളിൽ ലയിച്ചുപോകാൻ സാധ്യതയുണ്ടായിരുന്നു. സത്യാരാധന ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകാൻ അത് ഇടയാക്കുമായിരുന്നു. അപ്പോൾപ്പിന്നെ, മിശിഹാ വരുന്നത് ഏതു ജനതയിലൂടെ ആയിരിക്കുമായിരുന്നു? സംഭവിച്ച കാര്യങ്ങൾ കണ്ട് എസ്രാ സ്തംഭിച്ചുപോയതിൽ അത്ഭുതപ്പെടാനില്ല!
യഹോവ നമ്മോട് ആവശ്യപ്പെടുന്നത് എന്താണ്?
ദൈവത്തെ സ്വമനസ്സാലെ അനുസരിക്കുന്നത് നമുക്ക് അനുഗ്രഹങ്ങൾ വരുത്തും. ‘ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന കൽപ്പനകൾ നിന്റെ നന്മെക്കായി പ്രമാണിക്ക’ എന്ന് മോശ എഴുതി. (13-ാം വാക്യം) അതെ, യഹോവയുടെ ഓരോ കൽപ്പനയും—അവൻ നമ്മോട് ആവശ്യപ്പെടുന്നതെന്തും—നമ്മുടെ നന്മയ്ക്കായുള്ളതാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? “ദൈവം സ്നേഹമാകുന്നു” എന്ന് ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:8) അതുകൊണ്ട്, ദൈവം നൽകുന്ന ഏതൊരു കൽപ്പനയും നമ്മുടെ നിത്യക്ഷേമത്തെ മുൻനിറുത്തിയുള്ളതായിരിക്കും. (യെശയ്യാവു 48:17) യഹോവ ആവശ്യപ്പെടുന്നതൊക്കെയും ചെയ്യുന്നെങ്കിൽ പല ഇച്ഛാഭംഗങ്ങളും ഒഴിവാക്കാൻ നമുക്കു കഴിയും. മാത്രമല്ല, ഭാവിയിൽ അവന്റെ രാജ്യഭരണത്തിൻകീഴിൽ എണ്ണമറ്റ അനുഗ്രഹങ്ങളും നമുക്കു ലഭിക്കും.
ആത്മീയരത്നങ്ങൾ
എസ്രായിൽനിന്നുള്ള വിശേഷാശയങ്ങൾ
10:3, 44—ഭാര്യമാരോടൊപ്പം മക്കളെയും പറഞ്ഞുവിട്ടത് എന്തുകൊണ്ട്? മക്കളെ വിടാതിരുന്നാൽ അവരെയോർത്ത് അമ്മമാർ പിന്നീടു മടങ്ങിവരുന്നതിനു കൂടുതൽ സാധ്യത ഉണ്ടായിരിക്കുമായിരുന്നു. തന്നെയുമല്ല, കൊച്ചുകുട്ടികൾക്ക് പൊതുവേ അമ്മമാരുടെ പരിലാളനം ആവശ്യമാണ്.
ജൂലൈ 24-30
ദൈവവചനത്തിലെ നിധികൾ | നെഹമ്യ 1-2
‘ഉടനെ ഞാൻ പ്രാർഥിച്ചു’
യഹോവയെ എപ്പോഴും നിങ്ങളുടെ മുമ്പാകെ വെക്കുക
5 ചില സാഹചര്യങ്ങളിൽ ദൈവസഹായത്തിനായി നാം അടിയന്തിരമായി പ്രാർഥിക്കേണ്ടിവന്നേക്കാം. ഒരിക്കൽ, തന്റെ പാനപാത്രവാഹകനായ നെഹെമ്യാവ് വിഷാദിച്ചിരിക്കുന്നത് പേർഷ്യൻ രാജാവായ അർത്ഥഹ്ശഷ്ടാവ് ശ്രദ്ധിച്ചു. “നിന്റെ അപേക്ഷ എന്ത്,” രാജാവ് ചോദിച്ചു. ‘ഉടനെ നെഹെമ്യാവ് സ്വർഗത്തിലെ ദൈവത്തോടു പ്രാർഥിച്ചു.’ നിശ്ശബ്ദവും ഹ്രസ്വവുമായിരുന്നു ആ പ്രാർഥന. എങ്കിലും ദൈവം അതു കേട്ടു, യെരൂശലേമിന്റെ മതിലുകൾ പുനർനിർമിക്കാൻ ആവശ്യമായ സഹായം രാജാവ് അവനു ചെയ്തുകൊടുത്തു. (നെഹെമ്യാവു 2:1-8 വായിക്കുക.) അതേ, നിശ്ശബ്ദവും ഹ്രസ്വവുമായ പ്രാർഥനപോലും ദൈവം കേൾക്കും.
വാചാപ്രസംഗം
നിങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചു തത്ക്ഷണം വിശദീകരണങ്ങൾ നൽകേണ്ട ഒരു സാഹചര്യത്തിൽ, ഫലകരമായി സംസാരിക്കാൻ നിങ്ങളെ എന്തു സഹായിക്കും? അർത്ഥഹ്ശഷ്ടാവ് രാജാവ് ഉന്നയിച്ച ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിനു മുമ്പ് നിശ്ശബ്ദം പ്രാർഥിച്ച നെഹെമ്യാവിന്റെ രീതി അനുകരിക്കുക. (നെഹെ. 2:4) അടുത്തതായി, മനസ്സിൽ പെട്ടെന്ന് ഒരു ബാഹ്യരേഖ ഉണ്ടാക്കിയെടുക്കുക. അടിസ്ഥാന പടികൾ ഈ വിധത്തിൽ പട്ടികപ്പെടുത്താവുന്നതാണ്: (1) വിശദീകരണത്തിൽ ഉൾക്കൊള്ളിക്കേണ്ട ഒന്നോ രണ്ടോ പോയിന്റുകൾ തിരഞ്ഞെടുക്കുക (തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ പുസ്തകത്തിൽനിന്നുള്ള പോയിന്റുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്). (2) ആ പോയിന്റുകളെ പിന്താങ്ങാൻ ഏതൊക്കെ തിരുവെഴുത്തുകളാണു നിങ്ങൾ ഉപയോഗിക്കാൻ പോകുന്നതെന്നു തീരുമാനിക്കുക. (3) ചോദ്യകർത്താവ് ശ്രദ്ധിക്കാൻ മനസ്സു കാണിക്കുന്ന വിധത്തിൽ വിശദീകരണം നയപൂർവം എങ്ങനെ തുടങ്ങാമെന്ന് ആസൂത്രണം ചെയ്യുക. എന്നിട്ട് സംസാരിച്ചു തുടങ്ങുക.
ആത്മീയരത്നങ്ങൾ
w86-E 2/15 25
സത്യാരാധന വിജയംവരിക്കുന്നു
അല്ല. യരുശലേമിന്റെ മോശമായ അവസ്ഥയെക്കുറിച്ച് ഓർത്ത് ദിവസങ്ങളായി നെഹമ്യ “രാവും പകലും” പ്രാർഥിക്കുന്നുണ്ടായിരുന്നു. (നെഹമ്യ 1:4, 6) യരുശലേമിന്റെ മതിലുകൾ പുനർനിർമിക്കുന്നതിനെക്കുറിച്ച് അർഥഹ്ശഷ്ട രാജാവിനോട് പറയാൻ പെട്ടെന്ന് അവസരം കിട്ടിയപ്പോൾ നെഹമ്യ വീണ്ടും പ്രാർഥിച്ചു. അതെ, നെഹമ്യ ഇതുവരെ ചെയ്തത് ഒരിക്കൽക്കൂടി ആവർത്തിച്ചെന്നേ ഉള്ളൂ. ആ പ്രാർഥനയ്ക്ക് ഉത്തരം കിട്ടുകയും ചെയ്തു. മതിലുകൾ പുനർനിർമിക്കാനുള്ള നിയമനം നെഹമ്യക്ക് കൊടുക്കാൻ യഹോവ രാജാവിനെ പ്രേരിപ്പിച്ചു.
നമുക്കുള്ള പാഠം: മാർഗനിർദേശത്തിനായി നെഹമ്യ യഹോവയിലേക്കു നോക്കി. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ നമ്മളും ‘മടുത്ത് പിന്മാറാതെ പ്രാർഥിക്കുകയും’ തുടർന്ന് യഹോവ പറയുന്നതനുസരിച്ച് പ്രവർത്തിക്കുകയും വേണം.—റോമർ 12:12.
ജൂലൈ 31–ആഗസ്റ്റ് 6
ദൈവവചനത്തിലെ നിധികൾ | നെഹമ്യ 3-4
“കായികാധ്വാനമുള്ള ജോലികൾ തരംതാഴ്ന്നതായി തോന്നുന്നുണ്ടോ?”
നെഹെമ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ
3:5, 27. സത്യാരാധനയുമായി ബന്ധപ്പെട്ട് കായികാധ്വാനം ചെയ്യേണ്ടതുണ്ടെങ്കിൽ അത് നമ്മുടെ അന്തസ്സിനു ചേരാത്തതായി കരുതരുത്. പക്ഷേ, തെക്കോവ്യരിലെ “ശ്രേഷ്ഠന്മാർ” അത് അന്തസ്സിനു നിരക്കാത്തതായി കണക്കാക്കിയിരുന്നു. എന്നാൽ അവരിൽ സാധാരണക്കാർ വേലചെയ്യാൻ മനസ്സോടെ മുന്നോട്ടുവന്നു.
നിങ്ങൾ ആരായിത്തീരാൻ യഹോവ ഇടയാക്കും?
11 ചില നൂറ്റാണ്ടുകൾക്കു ശേഷം, യരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയാൻ യഹോവ ഉപയോഗിച്ചവരുടെ കൂട്ടത്തിൽ ശല്ലൂമിന്റെ പെൺമക്കളും ഉണ്ടായിരുന്നു. (നെഹ. 2:20; 3:12) അവരുടെ പിതാവ് ഒരു പ്രഭുവായിരുന്നെങ്കിലും, ബുദ്ധിമുട്ടുള്ള, അപകടം പിടിച്ച ആ ജോലി ചെയ്യാൻ ശല്ലൂമിന്റെ പെൺമക്കൾ തയ്യാറായി. (നെഹ. 4:15-18) എന്നാൽ “പണിക്കു മേൽനോട്ടം വഹിക്കുന്നവർക്കു കീഴ്പെട്ട് പണിയെടുക്കാൻ” തെക്കോവ്യർക്ക് ഇടയിലെ പ്രമുഖന്മാർ തയ്യാറായില്ല. അവരിൽനിന്ന് എത്ര വ്യത്യസ്തരാണ് ശല്ലൂമിന്റെ പെൺമക്കൾ! (നെഹ. 3:5) വെറും 52 ദിവസംകൊണ്ട് മതിലുകളുടെ പണി പൂർത്തിയായപ്പോൾ ശല്ലൂമിന്റെ പെൺമക്കൾക്ക് എത്ര സന്തോഷം തോന്നിക്കാണും! (നെഹ. 6:15) നമ്മുടെ നാളിലും, വിശുദ്ധസേവനത്തിന്റെ ഒരു പ്രത്യേകവശത്ത് പ്രവർത്തിക്കാൻ മനസ്സൊരുക്കമുള്ള സഹോദരിമാർ മുന്നോട്ടുവന്നിരിക്കുന്നു. ഏതാണ് അത്? യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്ന കെട്ടിടങ്ങളുടെ നിർമാണവും അറ്റകുറ്റപ്പണിയും. അവരുടെ പ്രാപ്തികളും ഉത്സാഹവും വിശ്വസ്തതയും ഈ പ്രവർത്തനത്തിന്റെ വിജയത്തിനു ഒഴിച്ചുകൂടാനാകാത്തതാണ്.
മഹത്ത്വം സംബന്ധിച്ച് ക്രിസ്തുസമാന വീക്ഷണം നട്ടുവളർത്തുക
16 ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ എല്ലാ ക്രിസ്ത്യാനികളും മഹത്ത്വം സംബന്ധിച്ച് ക്രിസ്തുസമാന വീക്ഷണം നട്ടുവളർത്താൻ പരിശ്രമിക്കണം. സഭയിൽ വ്യത്യസ്ത തരത്തിലുള്ള നിരവധി വേലകൾ ചെയ്യാനുണ്ട്. താഴ്ന്ന തരത്തിലുള്ളവ എന്നു തോന്നിയേക്കാവുന്ന കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഒരിക്കലും നീരസം വിചാരിക്കരുത്. (1 ശമൂവേൽ 25:41; 2 രാജാക്കന്മാർ 3:11) മാതാപിതാക്കളേ, രാജ്യഹാളിലോ സമ്മേളനഹാളിലോ കൺവെൻഷൻ സ്ഥലത്തോ നൽകപ്പെടുന്ന ഏതു നിയമനവും സന്തോഷപൂർവം ചെയ്യാൻ നിങ്ങളുടെ കുട്ടികളെയും കൗമാരപ്രായക്കാരെയും നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവോ? നിങ്ങൾതന്നെ എളിയ വേലകൾ ചെയ്യുന്നത് അവർ കാണുന്നുണ്ടോ? യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തു സേവിക്കുന്ന ഒരു സഹോദരൻ തന്റെ മാതാപിതാക്കൾ വെച്ച മാതൃക വ്യക്തമായി ഓർക്കുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “രാജ്യഹാളും കൺവെൻഷൻ സ്ഥലവും വൃത്തിയാക്കുന്ന വേല അവർ ചെയ്ത വിധം നിരീക്ഷിച്ചതിൽനിന്ന് അവർ അതിനെ വളരെ പ്രധാനപ്പെട്ട കാര്യമായി കരുതിയിരുന്നു എന്ന് എനിക്കു മനസ്സിലായി. സഭയുടെയും സഹോദരവർഗത്തിന്റെയും നന്മയ്ക്ക് ഉതകുന്ന ഏതു ജോലി ചെയ്യാനും അവർ എല്ലായ്പോഴും സന്നദ്ധരായിരുന്നു, താഴ്ന്ന തരത്തിലുള്ളത് എന്നു മറ്റുള്ളവർ കരുതിയേക്കാവുന്നവ പോലും. ബെഥേലിലെ ഏതു ജോലി നിയമനവും മനസ്സോടെ സ്വീകരിക്കാൻ ഈ മനോഭാവം എന്നെ സഹായിച്ചിരിക്കുന്നു.”
ആത്മീയരത്നങ്ങൾ
നെഹെമ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ
4:17, 18—ഒരു കൈ മാത്രം ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് പണിയാൻ കഴിയുന്നത്? ചുമടെടുക്കുന്നവർക്ക് ഇത് ഒരു പ്രശ്നമായിരിക്കില്ല. ചുമട് തലയിലോ ചുമലിലോ കയറ്റിക്കഴിഞ്ഞാൽപ്പിന്നെ താങ്ങുകൊടുക്കാൻ ഒരു കൈ ധാരാളം മതിയാകും, അപ്പോൾ “മറ്റെ കൈകൊണ്ടു ആയുധം” പിടിക്കാൻ കഴിയും. പണിക്ക് ഇരുകൈകളും ഉപയോഗിക്കേണ്ടിവന്നവർ “അരെക്കു വാൾ കെട്ടിയുംകൊണ്ടു പണിതു.” ശത്രുക്കളുടെ ആക്രമണമുണ്ടാകുന്നപക്ഷം സ്വയം പ്രതിരോധിക്കാൻ അവർ തയ്യാറെടുത്തിരുന്നു.
ആഗസ്റ്റ് 7-13
ദൈവവചനത്തിലെ നിധികൾ | നെഹമ്യ 5-7
“നെഹമ്യ ആഗ്രഹിച്ചത് മറ്റുള്ളവർ തന്നെ സേവിക്കാനല്ല, മറ്റുള്ളവരെ സേവിക്കാനാണ്”
സത്യാരാധനയെ പിന്തുണയ്ക്കുന്നവർ—അന്നും ഇന്നും
സത്യാരാധനയെ പിന്തുണയ്ക്കാൻ നെഹെമ്യാവ് തന്റെ സമയവും സംഘാടക പ്രാപ്തികളും മാത്രമല്ല, തന്റെ ഭൗതിക സമ്പത്തും കൂടെ ചെലവഴിച്ചു. അടിമത്തത്തിലായിരുന്ന തന്റെ യഹൂദ സഹോദരന്മാരെ വീണ്ടെടുക്കാൻ അവൻ സ്വന്തം പണം ഉപയോഗിച്ചു. പലിശ ഈടാക്കാതെ അവൻ പണം കടം നൽകി. ഗവർണർ എന്ന നിലയിൽ അഹോവൃത്തിക്കുള്ള പണം ലഭിക്കാൻ അവകാശം ഉണ്ടായിരുന്നെങ്കിലും അതു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവൻ ഒരിക്കലും തന്നെത്തന്നെ യഹൂദർക്ക് ഒരു “ഭാര”മാക്കിയില്ല. മറിച്ച്, അവൻ തന്റെ ഭവനത്തിന്റെ കവാടം മറ്റുള്ളവർക്കായി തുറന്നിട്ടു, “ചുററുപാടുമുള്ള ജനതകളിൽനിന്ന് ഞങ്ങളുടെ അടുക്കൽ വന്നിരുന്നവർക്കു പുറമേ, യഹൂദരും ഉദ്യോഗസ്ഥരുമായി നൂററമ്പതുപേർ എന്റെ ഭക്ഷണമേശയിൽ ഉണ്ടായിരുന്നു” (ഓശാന ബൈബിൾ) എന്ന് നെഹെമ്യാവു പറയുന്നു. ഓരോ ദിവസവും അവൻ തന്റെ അതിഥികൾക്ക് “ഒരു കാളയെയും വിശേഷമായ ആറു ആടിനെയും . . . പക്ഷികളെയും പാകം”ചെയ്തു നൽകുമായിരുന്നു. ഇതിനു പുറമേ, പത്തു ദിവസത്തിൽ ഒരിക്കൽ അവൻ അവർക്ക് ‘ധാരാളം വീഞ്ഞും’ നൽകിയിരുന്നു—എല്ലാം സ്വന്തം ചെലവിൽ.—നെഹെമ്യാവു 5:8, 10, 14-18.
“നിന്റെ കൈകൾ തളരരുത്”
16 സഹായിക്കാൻ യഹോവയുണ്ടായിരുന്നതുകൊണ്ട് നെഹമ്യയുടെയും കൂട്ടരുടെയും കൈകൾ ബലപ്പെട്ടു. അങ്ങനെ വെറും 52 ദിവസംകൊണ്ട് അവർ യരുശലേമിന്റെ മതിലുകൾ പണിത് പൂർത്തിയാക്കി. (നെഹ. 2:18; 6:15, 16) നെഹമ്യ പണിയുടെ മേൽനോട്ടം വഹിക്കുക മാത്രമല്ല, മറ്റു പണിക്കാരോടൊപ്പം ജോലി ചെയ്യുകയും ചെയ്തു. (നെഹ. 5:16) സ്നേഹസമ്പന്നരായ പല മൂപ്പന്മാരും ഇന്നു നെഹമ്യയെപ്പോലെയാണ്. ദിവ്യാധിപത്യനിർമാണപ്രവർത്തനങ്ങളിലും രാജ്യഹാളിന്റെ ശുചീകരണത്തിലും അറ്റകുറ്റപ്പണിയിലും എല്ലാം അവരും പങ്കെടുക്കുന്നു. മറ്റു പ്രചാരകരോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടും ഇടയസന്ദർശനങ്ങൾ നടത്തിക്കൊണ്ടും അവർ മനോഭീതിയുള്ളവരുടെ തളർന്ന കൈകൾ ബലപ്പെടുത്തുന്നു.—യശയ്യ 35:3, 4 വായിക്കുക.
യഹോവ നിങ്ങളെ ഓർക്കുന്നത് എങ്ങനെ?
ദൈവത്തോടുള്ള ബന്ധത്തിൽ ‘ഓർമിക്കുക’ എന്ന പദം ഉപയോഗിക്കുമ്പോഴെല്ലാം അതു ക്രിയാത്മക നടപടി സ്വീകരിക്കുന്നതിനെ അർഥമാക്കുന്നതായി ബൈബിൾ എടുത്തുകാട്ടുന്നു. ഉദാഹരണത്തിന്, പ്രളയജലം ഭൂമിയെ മൂടി 150-ഓളം ദിവസം കഴിഞ്ഞപ്പോൾ “ദൈവം നോഹയെ . . . ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാററു അടിപ്പിച്ചു; വെള്ളം നിലെച്ചു.” (ഉല്പത്തി 8:1) നൂറ്റാണ്ടുകൾക്കു ശേഷം, ഫെലിസ്ത്യർ ശിംശോനെ അന്ധനാക്കി ചങ്ങലയ്ക്കിട്ടപ്പോൾ അവൻ ഇങ്ങനെ പ്രാർഥിച്ചു: “കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; . . . ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ.” ദൈവത്തിന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യത്തക്കവണ്ണം ശിംശോന് അമാനുഷ ശക്തി പ്രദാനം ചെയ്തുകൊണ്ട് യഹോവ അവനെ ഓർത്തു. (ന്യായാധിപന്മാർ 16:28-30) നെഹെമ്യാവിന്റെ കാര്യത്തിലാണെങ്കിൽ, യഹോവ അവന്റെ ശ്രമങ്ങളെ അനുഗ്രഹിച്ചു. സത്യാരാധന യെരൂശലേമിൽ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
ആത്മീയരത്നങ്ങൾ
“നന്മയാൽ തിന്മയെ ജയിക്കുക”
15 മൂന്നാമതായി, ശത്രുക്കൾ ഒരു ചതിയനെ, ഇസ്രായേല്യനായ ശെമയ്യാവിനെ, ഉപയോഗിച്ച് നെഹെമ്യാവിനെക്കൊണ്ട് ദൈവനിയമം ലംഘിപ്പിക്കാൻ ഒരു ശ്രമം നടത്തിനോക്കി. ശെമയ്യാവ് നെഹെമ്യാവിനോടു പറഞ്ഞു: “നാം ഒരുമിച്ചു ദൈവാലയത്തിൽ മന്ദിരത്തിന്നകത്തു കടന്നു വാതിൽ അടെക്കുക; നിന്നെ കൊല്ലുവാൻ [അവർ] വരുന്നുണ്ട്.” നെഹെമ്യാവ് കൊല്ലപ്പെടാൻ പോകുകയാണെന്നും ദൈവാലയത്തിൽ കയറി ഒളിച്ചിരുന്നാൽ രക്ഷപ്പെടാൻ സാധിക്കുമെന്നമാണു ശെമയ്യാവ് പറഞ്ഞത്. എന്നാൽ ഒരു പുരോഹിതൻ അല്ലായിരുന്ന നെഹെമ്യാവ് ആലയത്തിൽ കയറി ഒളിച്ചിരുന്നാൽ അത് പാപം ആകുമായിരുന്നു. തന്റെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി അവൻ ദൈവനിയമം ലംഘിക്കുമായിരുന്നോ? “എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല” എന്നായിരുന്നു നെഹെമ്യാവിന്റെ മറുപടി. അവൻ എന്തുകൊണ്ടാണ് ആ കെണിയിൽ വീഴാതിരുന്നത്? ശെമയ്യാവ് ഒരു ഇസ്രായേല്യൻ ആയിരുന്നെങ്കിലും “ദൈവം അവനെ അയച്ചിട്ടില്ല” എന്നു നെഹെമ്യാവിന് അറിയാമായിരുന്നു. എന്തായാലും ഒരു യഥാർഥ പ്രവാചകൻ ദൈവനിയമം ലംഘിക്കാൻ ഒരിക്കലും അവനെ ഉപദേശിക്കില്ല. അവനെ കെണിയിൽ വീഴിക്കുന്നതിൽ ആ ദുഷ്ട എതിരാളികൾ ഒരിക്കൽക്കൂടി പരാജയപ്പെട്ടു. അതിനുശേഷം അധികം താമസിയാതെ നെഹെമ്യാവിനു പറയാൻ കഴിഞ്ഞു: “ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീർത്തു.”—നെഹെമ്യാവു 6:10-15; സംഖ്യാപുസ്തകം 1:51; 18:7.
ആഗസ്റ്റ് 14-20
ദൈവവചനത്തിലെ നിധികൾ | നെഹമ്യ 8-9
“യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം”
അർഥവത്തായ ഒരു പ്രാർഥനയിൽനിന്നുള്ള വിലയേറിയ പാഠങ്ങൾ
2 മേൽപ്പറഞ്ഞ കൂടിവരവിന് ഒരു മാസം മുമ്പ് യെരുശലേമിന്റെ മതിലുകളുടെ പുനർനിർമാണം യഹൂദന്മാർ പൂർത്തിയാക്കിയിരുന്നു. (നെഹെ. 6:15) 52 ദിവസംകൊണ്ടാണ് അവർ അതു ചെയ്തത്. അതിനു ശേഷം ഉടൻതന്നെ ദൈവജനം തങ്ങളുടെ ആത്മീയാവശ്യങ്ങൾക്കു പ്രത്യേകശ്രദ്ധ കൊടുക്കാൻതുടങ്ങി. തിസ്രിമാസം ഒന്നാം തീയതി അവർ മറ്റു ലേവ്യരോടൊപ്പം നീർവാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്തു കൂടിവന്നു. എസ്രാ ദൈവത്തിന്റെ ന്യായപ്രമാണം ഉച്ചത്തിൽ വായിക്കുകയും വിശദീകരിക്കുകയും ചെയ്തു. (ചിത്രം 1) “ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും” ഉൾപ്പെടെ മുഴുകുടുംബങ്ങളും “രാവിലെ തുടങ്ങി ഉച്ചവരെ” നിന്നുകൊണ്ട് അതു കേട്ടു. ഇന്ന് സൗകര്യപ്രദമായ രാജ്യഹാളിൽ യോഗങ്ങൾക്കായി കൂടിവരുന്ന നമുക്ക് എത്ര നല്ല മാതൃക! അത്തരം അവസരങ്ങളിൽ, പ്രാധാന്യം കുറഞ്ഞ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ച് നിങ്ങളുടെ മനസ്സ് അലഞ്ഞുതിരിയാറുണ്ടോ? അങ്ങനെയെങ്കിൽ ഇസ്രായേല്യരെക്കുറിച്ചു ചിന്തിക്കുക. അവർ കേൾക്കുക മാത്രമല്ല കേട്ട കാര്യങ്ങൾ അവരുടെ ഹൃദയത്തെ സ്പർശിച്ചു; ഒരു ജനമെന്ന നിലയിൽ ന്യായപ്രമാണം അനുസരിക്കാൻ പരാജയപ്പെട്ടത് ഓർത്ത് അതിദുഃഖത്തോടെ കരയുകയും ചെയ്തു.—നെഹെ. 8:1-9.
നിങ്ങൾ ‘ആത്മാവിനെ അനുസരിച്ചു നടക്കുമോ?’
9 യഹോവ ധന്യനായ, അഥവാ ‘സന്തുഷ്ടനായ ദൈവമാണ്.’ (1 തിമൊഥെയൊസ് 1:11; സങ്കീർത്തനം 104:31) പുത്രൻ പിതാവിന്റെ ഇഷ്ടം ചെയ്യാൻ പ്രിയപ്പെടുന്നു. (സങ്കീർത്തനം 40:8; എബ്രായർ 10:7-9) ‘യഹോവയിങ്കലെ സന്തോഷമാണ് [നമ്മുടെ] ബലം.’—നെഹെമ്യാവു 8:10.
10 ബുദ്ധിമുട്ട്, സങ്കടം, പീഡനം എന്നിവയ്ക്കു മധ്യേപോലും ദൈവഹിതം ചെയ്യുമ്പോൾ ആഴമായ സംതൃപ്തി കണ്ടെത്താൻ ദൈവദത്ത സന്തോഷം നമ്മെ സഹായിക്കുന്നു. “ദൈവപരിജ്ഞാനം” എത്ര വലിയ സന്തോഷമാണ് നമുക്കു നൽകുന്നത്! (സദൃശവാക്യങ്ങൾ 2:1-5) ദൈവവുമായുള്ള നമ്മുടെ സന്തോഷനിർഭരമായ ബന്ധം അവനിലും യേശുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിലും സൂക്ഷ്മ പരിജ്ഞാനത്തിലും അധിഷ്ഠിതമാണ്. (1 യോഹന്നാൻ 2:1, 2) ഒരേയൊരു അന്തർദേശീയ സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നതാണ് സന്തോഷമേകുന്ന മറ്റൊരു സംഗതി. (സെഫന്യാവു 3:9; ഹഗ്ഗായി 2:7) രാജ്യപ്രത്യാശയും സുവാർത്ത ഘോഷിക്കാനുള്ള മഹത്തായ പദവിയും നമ്മെ സന്തുഷ്ടരാക്കുന്നു. (മത്തായി 6:9, 10; 24:14) നിത്യജീവന്റെ പ്രത്യാശയാണ് നമ്മെ സന്തുഷ്ടരാക്കുന്ന മറ്റൊരു കാര്യം. (യോഹന്നാൻ 17:3) അത്തരം മഹത്തായ പ്രത്യാശയുള്ള നാം “വേണ്ടുംവണ്ണം സന്തോഷിക്കേണം.”—ആവർത്തനപുസ്തകം 16:15.
ആത്മീയരത്നങ്ങൾ
it-1-E 145 ¶2
അരമായ
നെഹമ്യ 8:8 പറയുന്നു: “അവർ സത്യദൈവത്തിന്റെ നിയമപുസ്തകത്തിൽനിന്ന് ഉറക്കെ വായിക്കുകയും അതു വ്യക്തമായി വിശദീകരിച്ച് അർഥം പറഞ്ഞുകൊടുക്കുകയും ചെയ്തു. വായിച്ചുകേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ അങ്ങനെ അവർ ജനത്തെ സഹായിച്ചു.” ബാബിലോണിൽ ആയിരുന്നപ്പോൾ മിക്ക ജൂതന്മാരും അരമായ ഭാഷ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് ‘വ്യക്തമായി വിശദീകരിച്ചു’ എന്നതിന്റെ അർഥം എബ്രായ ഭാഷയിലുള്ള നിയമപുസ്തകം അരമായ ഭാഷയിൽ വിശദീകരിച്ചു എന്നായിരിക്കാം. ഇനി, ‘വ്യക്തമായി വിശദീകരിക്കുന്നതിൽ’ തിരുവെഴുത്തുകളുടെ അർഥം വിശദീകരിച്ചുകൊടുക്കുന്നതും ഉൾപ്പെട്ടിട്ടുണ്ടായിരിക്കാം. കാരണം ചില ജൂതന്മാർക്ക് എബ്രായ ഭാഷ അറിയാമായിരുന്നെങ്കിലും വായിക്കുന്ന കാര്യങ്ങളുടെ അർഥവും പ്രാധാന്യവും അവർ മനസ്സിലാക്കണമായിരുന്നു.
ആഗസ്റ്റ് 21-27
ദൈവവചനത്തിലെ നിധികൾ | നെഹമ്യ 10-11
“അവർ യഹോവയ്ക്കുവേണ്ടി ത്യാഗങ്ങൾ ചെയ്തു”
പേരിനെ അന്വർഥമാക്കുന്ന ഒരു യെരൂശലേം
13 നെഹെമ്യാവിന്റെ നാളിൽ എഴുതി ഉണ്ടാക്കിയ ‘ആശ്രയയോഗ്യമായ ക്രമീകരണം’ യെരൂശലേം മതിലിന്റെ ഉദ്ഘാടന ദിവസത്തിനായി പുരാതന ദൈവജനത്തെ ഒരുക്കി. എന്നാൽ അടിയന്തിര ശ്രദ്ധ ആവശ്യമായ മറ്റൊരു സംഗതി ഉണ്ടായിരുന്നു. 12 കവാടങ്ങളുള്ള ആ വൻമതിലിനാൽ ചുറ്റപ്പെട്ട യെരൂശലേമിൽ വേണ്ടത്ര ആളുകൾ ഉണ്ടായിരുന്നില്ല. അവിടെ ചില ഇസ്രായേല്യർ താമസിക്കുന്നുണ്ടായിരുന്നു എങ്കിലും “പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു.” (നെഹെമ്യാവു 7:4) ഈ പ്രശ്നം പരിഹരിക്കുന്നതിന് ജനം ‘പത്തുപേരിൽ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിന്നു കൊണ്ടുവരാൻ ചീട്ടിട്ടു.’ ഈ ക്രമീകരണത്തോടുള്ള നല്ല പ്രതികരണം “യെരൂശലേമിൽ പാർപ്പാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും” വാഴ്ത്തുന്നതിനു ജനത്തെ പ്രേരിപ്പിച്ചു. (നെഹെമ്യാവു 11:1, 2) പക്വതയുള്ള ക്രിസ്ത്യാനികളുടെ സഹായം കൂടുതൽ ആവശ്യമുള്ളിടത്തേക്കു മാറിപ്പാർക്കാൻ അനുകൂല സാഹചര്യം ഉള്ള സത്യാരാധകർക്ക് എത്ര നല്ല ദൃഷ്ടാന്തം!
w86-E 2/15 26
സത്യാരാധന വിജയംവരിക്കുന്നു
അവകാശമായി കിട്ടിയ സ്ഥലം വിട്ട് യരുശലേമിൽ വന്നു താമസിക്കുന്നത് കുറച്ച് ചെലവുള്ള കാര്യമായിരുന്നു. അതിന് അതിന്റേതായ ചില ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. യരുശലേം നഗരത്തിൽ താമസിക്കുന്നവർക്കു പല അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങോട്ടേക്ക് മാറാൻ മനസ്സു കാണിച്ചവരെ ആളുകൾ അഭിനന്ദിക്കുകയും യഹോവ അവരെ അനുഗ്രഹിക്കട്ടെ എന്നു പ്രാർഥിക്കുകയും ചെയ്തത്.
വിശ്വാസത്തോടെ പ്രവർത്തിക്കുന്നത് ദൈവാംഗീകാരത്തിലേക്കു നയിക്കും
15 യഹോവയ്ക്ക് ജീവിതം സമർപ്പിച്ചപ്പോൾ, എന്തൊക്കെ സംഭവിച്ചാലും യഹോവയുടെ ഇഷ്ടം ചെയ്യുമെന്ന് നമ്മൾ വാക്കു കൊടുത്തിരുന്നു. ഇത് എല്ലായ്പോഴും അത്ര എളുപ്പമായിരിക്കില്ലെന്നു നമുക്ക് അറിയാമായിരുന്നു. ആ സ്ഥിതിക്ക് നമുക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യാൻ പറഞ്ഞാൽ നമ്മുടെ പ്രതികരണം എന്തായിരിക്കും? ആശങ്കകൾ മറികടന്ന് ദൈവത്തെ അനുസരിക്കുമ്പോൾ നമ്മൾ സമർപ്പണത്തോട് വിശ്വസ്തത പാലിക്കുകയാണ്. നമ്മൾ ചെയ്യുന്ന ത്യാഗങ്ങൾ ചിലപ്പോൾ വേദനാകരം ആയിരുന്നേക്കാം, എങ്കിലും യഹോവ തരുന്ന അനുഗ്രഹത്തിനു മുന്നിൽ അത് ഒന്നുമല്ല. (മലാ. 3:10) എന്നാൽ യിഫ്താഹിന്റെ മകളുടെ കാര്യമോ? അച്ഛൻ കൊടുത്ത വാക്കിനോട് മകൾ എങ്ങനെ പ്രതികരിച്ചു?
ആത്മീയരത്നങ്ങൾ
നെഹെമ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ
10:34—ആളുകൾ വിറകു കൊടുക്കേണ്ടിയിരുന്നത് എന്തുകൊണ്ട്? ന്യായപ്രമാണം അനുശാസിക്കാത്ത ഒന്നായിരുന്നു വിറകു വഴിപാട്. വിറക് ആവശ്യമായിവന്നപ്പോൾ മാത്രമാണ് ഇങ്ങനെയൊരു ക്രമീകരണം ഉണ്ടായത്. യാഗപീഠത്തിൽ യാഗങ്ങൾ ദഹിപ്പിക്കാൻ കെട്ടുകണക്കിനു വിറകു വേണമായിരുന്നു. നെഥിനിമുകൾ—ഇസ്രായേല്യേതര ആലയസേവകർ—ആ സമയത്ത് ആവശ്യത്തിന് ഇല്ലായിരുന്നിരിക്കാം. അതിനാൽ എല്ലായ്പോഴും ആവശ്യത്തിനു വിറക് ലഭ്യമാണെന്ന് ഉറപ്പുവരുത്താനാണ് അവർ ചീട്ടിട്ടത്.
ആഗസ്റ്റ് 28–സെപ്റ്റംബർ 3
ദൈവവചനത്തിലെ നിധികൾ | നെഹമ്യ 12-13
“സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ യഹോവയോട് വിശ്വസ്തരായിരിക്കുക”
it-1-E 95 ¶5
അമ്മോന്യർ
തോബീയയുടെ വീട്ടുസാമാനങ്ങളെല്ലാം ആലയത്തിലെ സംഭരണമുറിയിൽനിന്ന് വലിച്ചെറിഞ്ഞശേഷം ആവർത്തനം 23:3-6-ൽ കാണുന്ന ദൈവത്തിന്റെ നിയമം വായിച്ച് വിശദീകരിച്ചു. ആ നിയമത്തിൽ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. (നെഹ 13:1-3) വാഗ്ദത്തദേശത്തിന് അടുത്ത എത്തിയ ഇസ്രായേല്യരെ സഹായിക്കാൻ അമ്മോന്യരും മോവാബ്യരും വിസമ്മതിച്ചതുകൊണ്ടാണ് ഏകദേശം 1,000 വർഷങ്ങൾക്കു മുമ്പ് ഇങ്ങനെയൊരു നിയമം ഏർപ്പെടുത്തിയത്. ഈ നിയമം അർഥമാക്കുന്നത്, ഇസ്രായേൽ ജനതയിലെ അംഗങ്ങൾക്കുണ്ടായിരുന്ന നിയമപരമായ എല്ലാ അവകാശങ്ങളും പദവികളും സഹിതം അവർ ആ ജനതയുടെ ഭാഗമാകില്ല എന്നാണ്. എന്നുവെച്ച് അമ്മോന്യരിലും മോവാബ്യരിലും പെട്ട ആർക്കും ഇസ്രായേൽ ജനതയോടൊപ്പം സഹവസിക്കാനോ അങ്ങനെ യഹോവ തന്റെ ജനത്തിന്മേൽ ചൊരിയുന്ന അനുഗ്രഹങ്ങളിൽനിന്ന് പ്രയോജനം നേടാനോ കഴിയില്ലെന്ന് അർഥമില്ല. അതിന് ഉദാഹരണമാണ് ദാവീദിന്റെ വീരയോദ്ധാക്കളിൽ ഒരാളായിരുന്ന അമ്മോന്യനായ സേലെക്കും മോവാബ്യസ്ത്രീയായ രൂത്തും.—രൂത്ത് 1:4, 16-18.
നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു
5 നെഹെമ്യാവു 13:4-9 വായിക്കുക. മോശമായ സ്വാധീനങ്ങൾ നമ്മെ വലയം ചെയ്തിരിക്കുന്നതിനാൽ ശുദ്ധരായി നിലകൊള്ളുക എന്നത് അത്ര എളുപ്പമല്ല. എല്യാശീബിന്റെയും തോബീയാവിന്റെയും കൂട്ടുകെട്ടിനെക്കുറിച്ചു ചിന്തിക്കുക. എല്യാശീബ് മഹാപുരോഹിതനായിരുന്നു. തോബീയാവ് ഒരു അമ്മോന്യനും സാധ്യതയനുസരിച്ച് യെഹൂദ്യയിലെ പേർഷ്യൻ ഭരണകൂടത്തിലെ താഴ്ന്ന ഒരു ഉദ്യോഗസ്ഥനും ആയിരുന്നു. യെരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയാനുള്ള നെഹെമ്യാവിന്റെ ശ്രമങ്ങളെ തോബീയാവും കൂട്ടാളികളും എതിർത്തിരുന്നു. (നെഹെ. 2:10) അമ്മോന്യർക്ക് ആലയപരിസരത്തു പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. (ആവ. 23:3) അങ്ങനെയെങ്കിൽ, പിന്നെ എന്തുകൊണ്ടാണ് തോബീയാവിനെപ്പോലെ ഒരാൾക്ക് മഹാപുരോഹിതൻ ആലയത്തിലെ ഭോജനശാലയിൽ ഇടം നൽകിയത്?
6 തോബീയാവ് എല്യാശീബിന്റെ ഒരു ഉറ്റ കൂട്ടാളിയായിക്കഴിഞ്ഞിരുന്നു. തോബീയാവും മകൻ യോഹാനാനും യഹൂദസ്ത്രീകളെയാണ് വിവാഹം കഴിച്ചത്. നിരവധി യഹൂദർ തോബീയാവിനെപ്പറ്റി മതിപ്പോടെ സംസാരിക്കുകയും ചെയ്തിരുന്നു. (നെഹെ. 6:17-19) മാത്രമല്ല, തോബീയാവിന്റെ വളരെ അടുത്ത കൂട്ടാളിയും ശമര്യയിലെ ഗവർണറും ആയിരുന്ന സൻബല്ലത്തിന്റെ മകളെ എല്യാശീബിന്റെ പൗത്രന്മാരിൽ ഒരാൾ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. (നെഹെ. 13:28, പി.ഒ.സി.) അവിശ്വാസിയും ദൈവജനത്തിന്റെ എതിരാളിയും ആയിരുന്ന ഒരുവൻ തന്നെ സ്വാധീനിക്കാൻ മഹാപുരോഹിതനായ എല്യാശീബ് അനുവദിച്ചതിന്റെ കാരണം ഈ ബന്ധങ്ങളിൽനിന്ന് നമുക്കു മനസ്സിലാക്കാനാകും. എന്നാൽ, തോബീയാവിന്റെ സാധനസാമഗ്രികളെല്ലാം ഭോജനശാലയ്ക്കു വെളിയിൽ എറിഞ്ഞുകൊണ്ട് നെഹെമ്യാവ് യഹോവയോടുള്ള വിശ്വസ്തത പ്രകടമാക്കി.
വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടൽ
6 നാം യഹോവയാം ദൈവത്തോടു വിശ്വസ്തരാണെങ്കിൽ, അവന്റെ ശത്രുക്കളുമായി സുഹൃദ്ബന്ധത്തിൽ ഏർപ്പെടുകയില്ല. അതുകൊണ്ടാണു ശിഷ്യനായ യാക്കോബ് ഇങ്ങനെ എഴുതിയത്: “വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” (യാക്കോബ് 4:4) “യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോടു എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു” എന്നു പറഞ്ഞപ്പോൾ ദാവീദ് രാജാവു തെളിവു നൽകിയ വിശ്വസ്തത ഉണ്ടായിരിക്കാൻ നാമാഗ്രഹിക്കുന്നു. (സങ്കീർത്തനം 139:21, 22) മനഃപൂർവ പാപികളോടു കൂട്ടുചേരാൻ നാമാഗ്രഹിക്കുന്നില്ല, കാരണം നമുക്ക് അവരുമായി യാതൊരു കാര്യവുമില്ല. യഹോവയുടെ അത്തരം ശത്രുക്കളുമായി നേരിട്ടോ ടെലിവിഷൻ മാധ്യമം മുഖേനയോ സഹവസിക്കുന്നതിൽനിന്നു ദൈവത്തോടുള്ള വിശ്വസ്തത നമ്മെ അകറ്റിനിർത്തുകയില്ലേ?
ആത്മീയരത്നങ്ങൾ
it-2-E 452 ¶9
സംഗീതം
ആലയത്തിൽ പാട്ടു പാടുന്നത് പ്രധാനപ്പെട്ട ഒരു നിയമനമായിരുന്നു. ഗായകരെക്കുറിച്ച് പലവട്ടം തിരുവെഴുത്തുകളിൽ പരാമർശിക്കുന്നത് അതിന്റെ തെളിവാണ്. മാത്രമല്ല, ഗായകരെ “മറ്റ് ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു,” അവർക്ക് പാട്ടു പാടുക എന്ന നിയമനത്തിൽ മുഴുകുന്നതിനുവേണ്ടിയായിരുന്നു അത്. (1ദിന 9:33) ബാബിലോണിൽനിന്ന് മടങ്ങിവന്ന ശേഷവും ഗായകർ ഒരു പ്രത്യേക കൂട്ടമായി തുടർന്നു. അതുകൊണ്ടാണ് മടങ്ങിവന്നവരുടെ കൂട്ടത്തിൽ അവരെ പ്രത്യേകമായി പരാമർശിച്ചിരിക്കുന്നത്. (എസ്ര 2:40, 41) പേർഷ്യൻ രാജാവായ അർഥഹ്ശഷ്ട രാജാവുപോലും മറ്റു ചില പ്രത്യേക കൂട്ടങ്ങളോടൊപ്പം ഗായകരെയും ‘കരവും കപ്പവും യാത്രാനികുതിയും’ കൊടുക്കുന്നതിൽനിന്ന് ഒഴിവാക്കിയിരുന്നു. (എസ്ര 7:24) “ഗായകർക്ക് ഓരോ ദിവസത്തേക്കുംവേണ്ട ഭക്ഷണസാധനങ്ങൾ കൊടുക്കാനുള്ള” രാജകല്പനയും ഉണ്ടായിരുന്നു. സാധ്യതയനുസരിച്ച് രാജാവ് കൊടുത്ത അധികാരം ഉപയോഗിച്ച് എസ്ര ആയിരിക്കാം ഈ കല്പന പുറപ്പെടുവിച്ചത്. (നെഹ 11:23; എസ്ര 7:18-26) അതുകൊണ്ട് ഗായകരെല്ലാം ലേവ്യരായിരുന്നെങ്കിലും ബൈബിൾ അവരെ ഒരു പ്രത്യേക കൂട്ടമായി, ‘ഗായകരെന്നും ലേവ്യരെന്നും,’ പരാമർശിക്കുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളൂ.—നെഹ 7:1; 13:10.