വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w21 ഒക്‌ടോബർ പേ. 8-13
  • നമ്മുടെ “കരുണാസമ്പന്നനായ” ദൈവം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നമ്മുടെ “കരുണാസമ്പന്നനായ” ദൈവം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോവ കരുണ കാണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?
  • ഒരാളെ പുറത്താ​ക്കു​ന്നതു കരുണ​യാ​ണോ?
  • കരുണ​യു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?
  • ‘നിങ്ങളുടെ പിതാവ്‌ കരുണയുള്ളവൻ ആകുന്നു’
    2007 വീക്ഷാഗോപുരം
  • നമുക്കു കരുണ കാണിക്കാം!
    2007 വീക്ഷാഗോപുരം
  • കരുണയുള്ളവർ അനുഗൃഹീതർ!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • കരുണയുളളവർ സന്തുഷ്ടർ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
w21 ഒക്‌ടോബർ പേ. 8-13

പഠന​ലേ​ഖനം 41

നമ്മുടെ “കരുണാ​സ​മ്പ​ന്ന​നായ” ദൈവം

“യഹോവ എല്ലാവർക്കും നല്ലവൻ; ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളി​ലെ​ല്ലാം കരുണ കാണാം.”—സങ്കീ. 145:9.

ഗീതം 44 എളിയ​വന്റെ പ്രാർഥന

പൂർവാവലോകനംa

1. കരുണ​യുള്ള ആളെക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ എന്തായി​രി​ക്കും നമ്മുടെ മനസ്സി​ലേക്കു വരുന്നത്‌?

കരുണ​യുള്ള ഒരാ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നല്ല ദയയും സ്‌നേ​ഹ​വും അനുക​മ്പ​യും ഉദാര​ത​യും ഒക്കെയുള്ള ഒരാളാ​യി​രി​ക്കും നിങ്ങളു​ടെ മനസ്സി​ലേക്കു വരുന്നത്‌. യേശു പറഞ്ഞ നല്ല ശമര്യ​ക്കാ​ര​നെ​ക്കു​റി​ച്ചുള്ള ആ കഥ നമ്മുടെ ഓർമ​യി​ലേക്കു വന്നേക്കാം. കവർച്ച​ക്കാ​രു​ടെ കൈയിൽ അകപ്പെട്ട ഒരു ജൂത​നോ​ടു മറ്റൊരു ജനതയിൽപ്പെട്ട ആ വ്യക്തി ‘കരുണ കാണിച്ചു.’ മുറി​വേറ്റ ആ ജൂതനെ കണ്ട്‌ “മനസ്സ്‌ അലിഞ്ഞ” ആ ശമര്യ​ക്കാ​രൻ സ്‌നേ​ഹ​ത്തോ​ടെ അദ്ദേഹ​ത്തി​നു വേണ്ട സഹായ​മെ​ല്ലാം ചെയ്‌തു​കൊ​ടു​ത്തു. (ലൂക്കോ. 10:29-37) ഈ ദൃഷ്ടാന്തം കരുണ എന്ന മനോ​ഹ​ര​മായ ഗുണ​ത്തെ​ക്കു​റി​ച്ചാ​ണു നമ്മളെ പഠിപ്പി​ക്കു​ന്നത്‌. യഹോവ ദിവസ​വും ഓരോ​രോ വിധങ്ങ​ളിൽ നമ്മളോ​ടു കരുണ കാണി​ക്കു​ന്നുണ്ട്‌. വാസ്‌ത​വ​ത്തിൽ ദൈവ​സ്‌നേ​ഹ​ത്തി​ന്റെ ഒരു വശമാണു കരുണ.

2. കരുണ​യു​ടെ മറ്റൊരു വശം ഏതാണ്‌?

2 ഇനി, കരുണ​യു​ടെ മറ്റൊരു വശത്തെ​ക്കു​റിച്ച്‌ നമുക്കു ചിന്തി​ക്കാം. കരുണ​യുള്ള ഒരാൾ ശിക്ഷി​ക്ക​പ്പെ​ടേണ്ട ഒരാൾക്കു ശിക്ഷ നൽകേണ്ടാ എന്നു തീരു​മാ​നി​ച്ചേ​ക്കാം. ആ വിധത്തിൽ യഹോവ നമ്മളോ​ടു കരുണ കാണി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞു: “ദൈവം നമ്മുടെ പാപങ്ങൾക്ക​നു​സൃ​ത​മാ​യി നമ്മോടു പെരു​മാ​റി​യി​ട്ടില്ല.” (സങ്കീ. 103:10) എന്നാൽ മറ്റു ചില​പ്പോൾ കുറ്റക്കാർക്ക്‌ യഹോവ കടുത്ത ശിക്ഷണം​തന്നെ നൽകി​യേ​ക്കാം.

3. നമ്മൾ ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

3 ഈ ലേഖന​ത്തി​ലൂ​ടെ മൂന്നു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും. എന്തു​കൊ​ണ്ടാണ്‌ യഹോവ കരുണ കാണി​ക്കു​ന്നത്‌? കടുത്ത ശിക്ഷണം നൽകു​ന്ന​തും കരുണ​യും തമ്മിൽ എന്തെങ്കി​ലും ബന്ധമു​ണ്ടോ? കരുണ കാണി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? ഈ ചോദ്യ​ങ്ങൾക്കു ബൈബിൾ എന്ത്‌ ഉത്തരം നൽകു​ന്നെന്നു നോക്കാം.

യഹോവ കരുണ കാണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4. യഹോവ കരുണ കാണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടാണ്‌ യഹോവ കരുണ കാണി​ക്കു​ന്നത്‌. ദൈവം ‘കരുണാ​സ​മ്പ​ന്ന​നാണ്‌’ എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. കാരണം അപൂർണ​രായ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു സ്വർഗീയ പ്രത്യാശ നൽകി​ക്കൊണ്ട്‌ ദൈവം അവരോ​ടു കരുണ കാണിച്ചു. (എഫെ. 2:4-7) എന്നാൽ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളോ​ടു മാത്രമല്ല യഹോവ കരുണ കാണി​ച്ചി​ട്ടു​ള്ളത്‌. സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ എഴുതി: “യഹോവ എല്ലാവർക്കും നല്ലവൻ; ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളി​ലെ​ല്ലാം കരുണ കാണാം.” (സങ്കീ. 145:9) യഹോ​വ​യ്‌ക്ക്‌ ആളുക​ളോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ അവരോ​ടു കരുണ കാണി​ക്കാൻ കാരണ​മു​ള്ള​പ്പോ​ഴെ​ല്ലാം അങ്ങനെ ചെയ്യുന്നു.

5. യഹോ​വ​യു​ടെ കരുണ​യെ​ക്കു​റിച്ച്‌ യേശു എങ്ങനെ​യാ​ണു പഠിച്ചത്‌?

5 കരുണ കാണി​ക്കാൻ യഹോ​വ​യ്‌ക്ക്‌ എത്ര ഇഷ്ടമാ​ണെന്നു മറ്റാ​രെ​ക്കാ​ളും നന്നായി യേശു​വിന്‌ അറിയാം. കാരണം മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ തുടക്കം​മു​തൽ യഹോവ ചെയ്‌ത കാര്യ​ങ്ങ​ളെ​ല്ലാം യേശു കണ്ടിട്ടുണ്ട്‌. (സുഭാ. 8:30, 31) പാപി​ക​ളായ മനുഷ്യ​രോട്‌ യഹോവ കരുണ കാണിച്ച ധാരാളം സന്ദർഭങ്ങൾ യേശു​വി​നു നന്നായി അറിയാം. (സങ്കീ. 78:37-42) യേശു ആളുകളെ പഠിപ്പി​ച്ച​പ്പോൾ തന്റെ പിതാ​വി​ന്റെ ഈ മനോ​ഹ​ര​മായ ഗുണ​ത്തെ​ക്കു​റിച്ച്‌ പലപ്പോ​ഴും എടുത്തു​പ​റഞ്ഞു.

വഴിപി​ഴ​ച്ചു​പോയ ആ മകനെ പിതാവ്‌ കുറ്റ​പ്പെ​ടു​ത്തു​ക​യോ വഴക്കു പറയു​ക​യോ ചെയ്‌തില്ല. സന്തോ​ഷ​ത്തോ​ടെ വീട്ടി​ലേക്കു സ്വീക​രി​ച്ചു (6-ാം ഖണ്ഡിക കാണുക)c

6. തന്റെ പിതാ​വി​ന്റെ കരുണയെ യേശു വർണി​ച്ചത്‌ എങ്ങനെ?

6 കഴിഞ്ഞ ലേഖന​ത്തിൽ യേശു പറഞ്ഞ, ധൂർത്ത​പു​ത്ര​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്തകഥ നമ്മൾ ചർച്ച ചെയ്‌തി​രു​ന്ന​ല്ലോ. അതിലൂ​ടെ ആളുക​ളോ​ടു കരുണ കാണി​ക്കാൻ യഹോവ എത്രമാ​ത്രം ആഗ്രഹി​ക്കു​ന്നു എന്നു യേശു വ്യക്തമാ​ക്കി. ആ മകൻ വീടു വിട്ട്‌ പോയി “കുത്തഴിഞ്ഞ ജീവിതം നയിച്ച്‌ തന്റെ സ്വത്തെ​ല്ലാം ധൂർത്ത​ടി​ച്ചു.” (ലൂക്കോ. 15:13) പിന്നീട്‌ മാനസാ​ന്തരം വന്ന ആ മകൻ മോശ​മായ ജീവി​ത​മൊ​ക്കെ അവസാ​നി​പ്പിച്ച്‌, തന്നെത്തന്നെ താഴ്‌ത്തി അപ്പന്റെ അടു​ത്തേക്കു മടങ്ങി​വന്നു. മകൻ തിരി​ച്ചു​വ​ന്ന​പ്പോൾ അപ്പൻ എന്തു ചെയ്‌തു? യേശു പറഞ്ഞു: “ദൂരെ​വെ​ച്ചു​തന്നെ അപ്പൻ അവനെ തിരി​ച്ച​റി​ഞ്ഞു. മനസ്സ്‌ അലിഞ്ഞ്‌ അപ്പൻ ഓടി​ച്ചെന്ന്‌ അവനെ കെട്ടി​പ്പി​ടിച്ച്‌ സ്‌നേ​ഹ​ത്തോ​ടെ ചുംബി​ച്ചു.” ആ അപ്പൻ മകനെ കുറ്റ​പ്പെ​ടു​ത്തു​ക​യോ വഴക്കു പറയു​ക​യോ ഒന്നും ചെയ്‌തില്ല. പകരം അദ്ദേഹം അവനോ​ടു ക്ഷമിക്കു​ക​യും അവനെ തന്റെ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി തിരികെ സ്വീക​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ കരുണ കാണിച്ചു. ആ മകൻ ചെയ്‌തത്‌ വലിയ പാപം​ത​ന്നെ​യാ​യി​രു​ന്നു. എങ്കിലും അവൻ മാനസാ​ന്ത​ര​പ്പെ​ട്ട​തു​കൊണ്ട്‌ അപ്പൻ അവനോ​ടു ക്ഷമിക്കാൻ തയ്യാറാ​യി. ആ ദൃഷ്ടാ​ന്ത​ത്തി​ലെ, കരുണ​യുള്ള അപ്പൻ ചിത്രീ​ക​രി​ക്കു​ന്നത്‌ യഹോ​വ​യെ​യാണ്‌. ശരിക്കും മാനസാ​ന്ത​ര​പ്പെ​ടുന്ന പാപി​ക​ളോ​ടു ക്ഷമിക്കാൻ യഹോവ എത്രമാ​ത്രം ആഗ്രഹി​ക്കു​ന്നെന്നു യേശു ഈ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ കാണിച്ചു.—ലൂക്കോ. 15:17-24.

7. യഹോ​വ​യു​ടെ ജ്ഞാനം കരുണ​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

7 അതുല്യ​മായ ജ്ഞാനമു​ള്ള​തു​കൊണ്ട്‌ യഹോവ കരുണ കാണി​ക്കു​ന്നു. യഹോ​വ​യു​ടെ ജ്ഞാനം വെറും നിർവി​കാ​ര​മായ ഒരു ഗുണമല്ല. പകരം “ഉയരത്തിൽനി​ന്നുള്ള ജ്ഞാനം” ‘കരുണ​യും സത്‌ഫ​ല​ങ്ങ​ളും നിറഞ്ഞ​താ​ണെന്ന്‌’ ബൈബിൾ പറയുന്നു. (യാക്കോ. 3:17) യഹോവ സ്‌നേ​ഹ​മുള്ള ഒരു അപ്പനെ​പ്പോ​ലെ​യാണ്‌. തന്റെ മക്കളോ​ടു കരുണ കാണി​ച്ചാൽ അത്‌ അവർക്കു ഗുണം ചെയ്യു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. (സങ്കീ. 103:13; യശ. 49:15) യഹോവ അവരോ​ടു കരുണ കാണി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അപൂർണ​രാ​ണെ​ങ്കി​ലും അവർക്കു ഭാവി​യെ​ക്കു​റിച്ച്‌ ഒരു പ്രത്യാ​ശ​യു​ള്ളത്‌. അതു​കൊണ്ട്‌ കരുണ കാണി​ക്കാൻ കാരണ​മു​ള്ള​പ്പോ​ഴെ​ല്ലാം അങ്ങനെ ചെയ്യാൻ അതിരറ്റ ജ്ഞാനം യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നു. അതേസ​മയം യഹോവ കരുണ കാണി​ക്കു​ന്നതു സമനി​ല​യോ​ടെ​യാണ്‌. ജ്ഞാനി​യായ ദൈവം ഒരിക്ക​ലും തെറ്റിന്റെ നേരെ കണ്ണടച്ചു​ക​ള​ഞ്ഞു​കൊണ്ട്‌ കരുണ കാണി​ക്കില്ല.

8. ചില​പ്പോൾ ഏതു നടപടി സ്വീക​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം, എന്തു​കൊണ്ട്‌?

8 യഹോ​വ​യു​ടെ ഒരു ദാസൻ മനഃപൂർവം തെറ്റു ചെയ്യു​ന്ന​തിൽ തുടരു​ന്നു എന്നിരി​ക്കട്ടെ. അപ്പോ​ഴോ? അയാളു​മാ​യുള്ള ‘കൂട്ടു​കെട്ട്‌ ഉപേക്ഷി​ക്കണം’ എന്നു ദൈവ​പ്ര​ചോ​ദി​ത​നാ​യി പൗലോസ്‌ എഴുതി. (1 കൊരി. 5:11) മാനസാ​ന്ത​ര​പ്പെ​ടാത്ത പാപി​കളെ സഭയിൽനിന്ന്‌ പുറത്താ​ക്കും. വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങളെ സംരക്ഷി​ക്കാ​നും യഹോ​വ​യു​ടെ നിലവാ​ര​ങ്ങളെ ആദരി​ക്കു​ന്നെന്നു കാണി​ക്കാ​നും അത്‌ ആവശ്യ​മാണ്‌. എന്നാൽ ഒരാളെ പുറത്താ​ക്കു​ന്നതു ദൈവ​ത്തി​ന്റെ കരുണ​യാ​ണെന്നു ചിന്തി​ക്കാൻ ചിലർക്കെ​ങ്കി​ലും വിഷമം തോന്നി​യേ​ക്കാം. എന്തു​കൊ​ണ്ടാണ്‌ അതു കരുണ​യാ​ണെന്നു പറയു​ന്നത്‌? നമുക്കു നോക്കാം.

ഒരാളെ പുറത്താ​ക്കു​ന്നതു കരുണ​യാ​ണോ?

ആട്ടിൻകൂട്ടത്തിൽനിന്ന്‌ മാറ്റിനിറുത്തിയിരിക്കുന്ന, അസുഖംപിടിച്ച ആടിനെ കാണാൻ ഒരു ഇടയൻ ചെല്ലുന്നു.

രോഗം വന്ന ഒരു ആടിനെ കൂട്ടത്തിൽനിന്ന്‌ മാറ്റേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. അപ്പോ​ഴും ഇടയൻ അതിനെ പരിപാ​ലി​ക്കും (9-11 ഖണ്ഡികകൾ കാണുക)

9-10. എബ്രായർ 12:5, 6 അനുസ​രിച്ച്‌ പുറത്താ​ക്കൽ നടപടി കരുണ​യു​ടെ തെളി​വാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? അതു മനസ്സി​ലാ​ക്കാൻ ഏതു ദൃഷ്ടാന്തം നമ്മളെ സഹായി​ക്കും?

9 നമുക്കു നന്നായി അറിയാ​വുന്ന, നമ്മൾ ഒരുപാ​ടു സ്‌നേ​ഹി​ക്കുന്ന ഒരു വ്യക്തി “മേലാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളല്ല” എന്ന ഒരു അറിയി​പ്പു സഭയിൽ കേൾക്കു​മ്പോൾ നമുക്ക്‌ ഒത്തിരി സങ്കടമാ​കും. ആ വ്യക്തിയെ പുറത്താ​ക്കേണ്ട ആവശ്യ​മു​ണ്ടാ​യി​രു​ന്നോ എന്നു ചില​പ്പോൾ നമ്മൾ ചിന്തി​ച്ചേ​ക്കാം. ഒരാളെ പുറത്താ​ക്കു​ന്നതു ശരിക്കും കരുണ​യാ​ണോ? അതെ. ശിക്ഷണം കിട്ടേണ്ട ഒരാൾക്ക്‌ അതു കൊടു​ക്കാ​തി​രി​ക്കു​ന്നതു ജ്ഞാനമോ കരുണ​യോ സ്‌നേ​ഹ​മോ അല്ല. (സുഭാ. 13:24) മാനസാ​ന്ത​ര​മി​ല്ലാത്ത ഒരു പാപിയെ പുറത്താ​ക്കു​ന്നത്‌ അദ്ദേഹ​ത്തി​നു ഗുണം ചെയ്യു​മോ? ചെയ്യു​മെ​ന്നാ​ണു പല അനുഭ​വ​ങ്ങ​ളും കാണി​ക്കു​ന്നത്‌. മൂപ്പന്മാർ അങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ത്തതു തങ്ങളുടെ തെറ്റു തിരി​ച്ച​റി​യാ​നും മാനസാ​ന്ത​ര​പ്പെ​ടാ​നും മാറ്റം വരുത്താ​നും യഹോ​വ​യി​ലേക്കു തിരി​ച്ചു​വ​രാ​നും പുറത്താ​ക്ക​പ്പെട്ട വ്യക്തി​കളെ സഹായി​ച്ചി​ട്ടുണ്ട്‌.—എബ്രായർ 12:5, 6 വായി​ക്കുക.

10 പുറത്താ​ക്കൽ നടപടി കരുണ​യു​ടെ തെളി​വാ​ണെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു ദൃഷ്ടാന്തം നോക്കാം. തന്റെ ആട്ടിൻകൂ​ട്ട​ത്തി​ലെ ഒരു ആടിനു സുഖമി​ല്ലെന്ന്‌ ഒരു ഇടയൻ ശ്രദ്ധി​ക്കു​ന്നു. ഈ രോഗ​ത്തി​നു ചികി​ത്സി​ക്കാൻ ആ ആടിനെ ബാക്കി​യു​ള്ള​വ​യു​ടെ കൂട്ടത്തിൽനി​ന്നും മാറ്റേ​ണ്ട​തു​ണ്ടെന്ന്‌ ഇടയന്‌ അറിയാം. ആടുകൾ പൊതു​വേ കൂട്ട​ത്തോ​ടൊ​പ്പം ആയിരി​ക്കാൻ ഇഷ്ടപ്പെ​ടുന്ന ജീവി​ക​ളാണ്‌. ഒറ്റയ്‌ക്കാ​കു​മ്പോൾ അതിനു വല്ലാത്ത അസ്വസ്ഥത തോന്നി​യേ​ക്കാം. എന്നിട്ടും ഇടയൻ അങ്ങനെ ചെയ്യുന്നു. അതു ക്രൂര​ത​യാ​ണോ? ഒരിക്ക​ലു​മല്ല. കാരണം അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ മറ്റുള്ള​വ​യ്‌ക്കും​കൂ​ടെ രോഗം വരു​മെന്ന്‌ അയാൾക്ക്‌ അറിയാം. രോഗം വന്ന ആടിനെ കൂട്ടത്തിൽനിന്ന്‌ മാറ്റു​ന്ന​തി​ലൂ​ടെ ആ ആട്ടിൻകൂ​ട്ടത്തെ മുഴുവൻ സംരക്ഷി​ക്കു​ക​യാണ്‌ അയാൾ.—ലേവ്യ 13:3, 4 താരത​മ്യം ചെയ്യുക.

11. (എ) ചില സന്ദർഭ​ങ്ങ​ളിൽ തെറ്റു​കാ​രനെ പുറത്താ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) പുറത്താ​ക്ക​പ്പെ​ട്ട​വർക്ക്‌ എന്തൊക്കെ സഹായം ലഭ്യമാണ്‌?

11 സഭയിൽനിന്ന്‌ പുറത്താ​ക്ക​പ്പെ​ടുന്ന ഒരാളെ രോഗം വന്ന ആടി​നോ​ടു നമുക്കു താരത​മ്യം ചെയ്യാം. ആത്മീയാർഥ​ത്തിൽ അയാൾ രോഗി​യാണ്‌. (യാക്കോ. 5:14) ചില ശാരീ​രി​ക​രോ​ഗ​ങ്ങൾപോ​ലെ​തന്നെ ആത്മീയ​രോ​ഗ​വും മറ്റുള്ള​വ​രി​ലേക്കു പകരാം. അതു​കൊണ്ട്‌ ചില സന്ദർഭ​ങ്ങ​ളിൽ ആത്മീയ​രോ​ഗം ബാധിച്ച വ്യക്തി​കളെ സഭയിൽനിന്ന്‌ മാറ്റി​നി​റു​ത്തേ​ണ്ടത്‌ ആവശ്യ​മാ​യി വന്നേക്കാം. ഈ ശിക്ഷണ​ന​ട​പടി ആട്ടിൻകൂ​ട്ട​ത്തി​ലെ വിശ്വ​സ്‌ത​രായ ആളുക​ളോ​ടുള്ള യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ തെളി​വാണ്‌. മാത്രമല്ല, അതു തന്റെ തെറ്റു തിരി​ച്ച​റി​യാ​നും മാനസാ​ന്ത​ര​പ്പെ​ടാ​നും പുറത്താ​ക്ക​പ്പെട്ട വ്യക്തി​യെ​യും സഹായി​ച്ചേ​ക്കാം. പുറത്താ​ക്ക​പ്പെട്ട ആൾക്കും മീറ്റി​ങ്ങി​നു വരാനാ​കും. അവിടെ കേൾക്കുന്ന കാര്യങ്ങൾ ആത്മീയാ​രോ​ഗ്യം വീണ്ടെ​ടു​ക്കാൻ ആ വ്യക്തിയെ സഹായി​ക്കും. അദ്ദേഹ​ത്തി​നു വായി​ക്കാ​നും പഠിക്കാ​നും വേണ്ടി സഭയിൽനിന്ന്‌ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വാങ്ങാം. കൂടാതെ JW പ്രക്ഷേ​പ​ണ​പ​രി​പാ​ടി​യും കാണാ​നാ​കും. അദ്ദേഹം മാറ്റം വരുത്തു​ന്ന​താ​യി കാണു​മ്പോൾ യഹോ​വ​യു​മാ​യുള്ള ബന്ധത്തി​ലേക്കു തിരികെ വരാൻ അദ്ദേഹത്തെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി മൂപ്പന്മാർ ഇടയ്‌ക്കി​ടെ ചില ഉപദേ​ശ​ങ്ങ​ളൊ​ക്കെ നൽകി​യേ​ക്കാം.b

12. മാനസാ​ന്ത​ര​പ്പെ​ടാത്ത ഒരു പാപി​യോ​ടു മൂപ്പന്മാർക്കു സ്‌നേ​ഹ​വും കരുണ​യും കാണി​ക്കാ​നുള്ള മാർഗം എന്താണ്‌?

12 എന്നാൽ ഒരു കാര്യം മനസ്സിൽപ്പി​ടി​ക്കുക. മാനസാ​ന്ത​ര​പ്പെ​ടാത്ത പാപി​കളെ മാത്രമേ പുറത്താ​ക്കു​ക​യു​ള്ളൂ. പുറത്താ​ക്കാ​നുള്ള തീരു​മാ​നം വളരെ ഗൗരവ​മു​ള്ള​താ​ണെന്നു മൂപ്പന്മാർക്ക്‌ അറിയാം. അതു​കൊണ്ട്‌ നന്നായി ചിന്തി​ച്ചി​ട്ടേ അവർ അങ്ങനെ​യൊ​രു തീരു​മാ​നം എടുക്കു​ക​യു​ള്ളൂ. യഹോവ ശിക്ഷണം നൽകു​ന്നത്‌ ‘ന്യായ​മായ തോതി​ലാണ്‌’ എന്ന്‌ അവർക്ക്‌ അറിയാം. (യിരെ. 30:11) മൂപ്പന്മാർക്കു സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേ​ഹ​മുണ്ട്‌. അതു​കൊണ്ട്‌ അവർക്ക്‌ ആത്മീയ​ഹാ​നി വരുത്തുന്ന ഒന്നും ചെയ്യാൻ അവർ ആഗ്രഹി​ക്കു​ന്നില്ല. എന്നാൽ ചില​പ്പോ​ഴെ​ങ്കി​ലും തെറ്റു​കാ​രനെ കുറച്ച്‌ കാല​ത്തേക്കു സഭയിൽനിന്ന്‌ മാറ്റി​നി​റു​ത്താൻ അവർ തീരു​മാ​നി​ച്ചേ​ക്കാം. അത്‌ ആ വ്യക്തി​യോ​ടുള്ള സ്‌നേ​ഹ​വും കരുണ​യും ആണ്‌.

13. കൊരി​ന്തി​ലെ ഒരു ക്രിസ്‌ത്യാ​നി​യെ പുറത്താ​ക്കേ​ണ്ടി​വ​ന്നത്‌ എന്തു​കൊണ്ട്‌?

13 മാനസാ​ന്ത​ര​പ്പെ​ടാത്ത ഒരു പാപി​യു​ടെ കാര്യ​ത്തിൽ പൗലോസ്‌ അപ്പോ​സ്‌തലൻ ചെയ്‌തത്‌ എന്താ​ണെന്നു നമുക്കു നോക്കാം. കൊരിന്ത്‌ സഭയിലെ ഒരു ക്രിസ്‌ത്യാ​നി സ്വന്തം അപ്പന്റെ ഭാര്യ​യു​ടെ​കൂ​ടെ അധാർമി​ക​ജീ​വി​തം നയിക്കു​ക​യാ​യി​രു​ന്നു. എത്ര മോശ​മായ ഒരു കാര്യ​മാ​യി​രു​ന്നു അത്‌! ഇത്തരം കാര്യങ്ങൾ പ്രവർത്തി​ക്കു​ന്ന​വരെ എന്തു ചെയ്യണ​മെന്നു മുമ്പ്‌ ഇസ്രാ​യേ​ല്യ​രോട്‌ യഹോവ വ്യക്തമാ​യി പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു: “അപ്പന്റെ ഭാര്യ​യു​മാ​യി ബന്ധപ്പെ​ടു​ന്നവൻ അപ്പനു മാന​ക്കേട്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നു. അവരെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരുത്‌.” (ലേവ്യ 20:11) പക്ഷേ, ഈ മനുഷ്യ​ന്റെ കാര്യ​ത്തിൽ മരണശിക്ഷ വിധി​ക്കാ​നുള്ള അധികാ​രം പൗലോ​സിന്‌ ഇല്ലായി​രു​ന്നു. എന്നാൽ അയാളെ സഭയിൽനിന്ന്‌ പുറത്താ​ക്കാൻ പൗലോസ്‌ അവി​ടെ​യു​ള്ള​വ​രോ​ടു പറഞ്ഞു. അയാളു​ടെ അധാർമി​ക​പ്ര​വൃ​ത്തി സഭയി​ലുള്ള മറ്റുള്ള​വ​രെ​യും മോശ​മാ​യി സ്വാധീ​നി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ‘ഇതൊ​ന്നും അത്ര വലിയ തെറ്റല്ല’ എന്നു​പോ​ലും പലരും ചിന്തി​ച്ചു​തു​ടങ്ങി.—1 കൊരി. 5:1, 2, 13.

14. കൊരിന്ത്‌ സഭയിലെ പുറത്താ​ക്ക​പ്പെട്ട ഒരാ​ളോ​ടു പൗലോസ്‌ എങ്ങനെ​യാ​ണു കരുണ കാണി​ച്ചത്‌, എന്തു​കൊണ്ട്‌? (2 കൊരി​ന്ത്യർ 2:5-8, 11)

14 കുറച്ച്‌ കാലം കഴിഞ്ഞ​പ്പോൾ ആ മനുഷ്യൻ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾതന്നെ വരുത്തി​യെന്നു പൗലോസ്‌ അറിയാൻ ഇടയായി. പാപി​യായ ആ മനുഷ്യൻ ശരിക്കും മാനസാ​ന്ത​ര​പ്പെട്ടു. അയാൾ സഭയ്‌ക്കു നാണ​ക്കേ​ടു​ണ്ടാ​ക്കി എന്നുള്ളതു ശരിയാണ്‌. പക്ഷേ അയാൾക്കു കൂടുതൽ ‘കടുത്ത’ ശിക്ഷണം നൽകാൻ പൗലോസ്‌ ആഗ്രഹി​ച്ചില്ല. അതു​കൊണ്ട്‌ “ദയയോ​ടെ അയാ​ളോ​ടു ക്ഷമിക്കു​ക​യും അയാളെ ആശ്വസി​പ്പി​ക്കു​ക​യും” ചെയ്യാൻ പൗലോസ്‌ അവിടത്തെ മൂപ്പന്മാ​രോ​ടു പറഞ്ഞു. അതിന്റെ കാരണ​വും പൗലോ​സു​തന്നെ പറയു​ന്നുണ്ട്‌: “ഇല്ലെങ്കിൽ അയാൾ കടുത്ത ദുഃഖ​ത്തിൽ ആണ്ടു​പോ​കും.” മാനസാ​ന്ത​ര​പ്പെട്ട ആ മനുഷ്യ​നോ​ടു പൗലോ​സിന്‌ അലിവ്‌ തോന്നി. ആ മനുഷ്യൻ അങ്ങേയറ്റം ദുഃഖ​ത്തി​ലാ​യി മനസ്സു തകർന്ന്‌ ദൈവ​ത്തി​ന്റെ ക്ഷമ തേടു​ന്നതു നിറു​ത്തി​ക്ക​ള​യാൻ പൗലോസ്‌ ആഗ്രഹി​ച്ചില്ല.—2 കൊരി​ന്ത്യർ 2:5-8, 11 വായി​ക്കുക.

15. തെറ്റു ചെയ്‌ത ഒരാ​ളോ​ടു മൂപ്പന്മാർക്ക്‌ എങ്ങനെ സമനി​ല​യോ​ടെ ഇടപെ​ടാം?

15 യഹോ​വ​യെ​പ്പോ​ലെ മൂപ്പന്മാ​രും കരുണ കാണി​ക്കാൻ പറ്റുന്നി​ടത്ത്‌ സ്‌നേ​ഹ​ത്തോ​ടെ കരുണ കാണി​ക്കു​ന്നു. എന്നാൽ കടുത്ത ശിക്ഷണം നൽകേണ്ട സാഹച​ര്യ​ങ്ങ​ളിൽ അവർ അതു നൽകാ​തി​രി​ക്കു​ക​യു​മില്ല. കാരണം ശിക്ഷണം നൽകേ​ണ്ടി​ടത്ത്‌ അതു നൽകാ​തി​രി​ക്കു​ന്നതു കരുണയല്ല, മറിച്ച്‌ തെറ്റിനു നേരെ​യുള്ള കണ്ണടയ്‌ക്ക​ലാ​ണെന്ന്‌ അവർക്ക്‌ അറിയാം. പക്ഷേ മൂപ്പന്മാർ മാത്ര​മാ​ണോ കരുണ കാണി​ക്കേ​ണ്ടത്‌?

കരുണ​യു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

16. സുഭാ​ഷി​തങ്ങൾ 21:13 അനുസ​രിച്ച്‌ കരുണ കാണി​ക്കാൻ തയ്യാറാ​കാ​ത്ത​വ​രോട്‌ യഹോവ എങ്ങനെ ഇടപെ​ടും?

16 യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ കരുണ കാണി​ക്കാൻ ക്രിസ്‌ത്യാ​നി​ക​ളായ നമ്മളെ​ല്ലാം ശ്രമി​ക്കു​ന്നു. അതിന്റെ ഒരു കാരണം നമ്മൾ കരുണ കാണി​ച്ചി​ല്ലെ​ങ്കിൽ യഹോവ നമ്മുടെ പ്രാർഥന കേൾക്കില്ല എന്നതാണ്‌. (സുഭാ​ഷി​തങ്ങൾ 21:13 വായി​ക്കുക.) അതു​കൊണ്ട്‌ നമ്മൾ കഠിന​ഹൃ​ദ​യ​രാ​കാ​തെ മറ്റുള്ള​വ​രോ​ടു കരുണ കാണി​ക്കാൻ എപ്പോ​ഴും ശ്രദ്ധി​ക്കണം. കഷ്ടതയി​ലാ​യി​രി​ക്കുന്ന സഹോ​ദ​രങ്ങൾ ആരെങ്കി​ലും സഹായ​ത്തി​നാ​യി നിലവി​ളി​ക്കു​മ്പോൾ ആ “എളിയ​വന്റെ നിലവി​ളി” കേൾക്കാൻ നമ്മൾ തയ്യാറാ​കണം. അതു​പോ​ലെ യാക്കോ​ബി​ന്റെ ലേഖന​ത്തിൽ കാണുന്ന ഈ ഉപദേ​ശ​വും നമ്മൾ മനസ്സിൽപ്പി​ടി​ക്കണം: “കരുണ കാണി​ക്കാ​ത്ത​യാൾക്കു കരുണ​യി​ല്ലാത്ത ന്യായ​വി​ധി ഉണ്ടാകും.” (യാക്കോ. 2:13) നമുക്കു​തന്നെ കരുണ ലഭി​ക്കേ​ണ്ട​തുണ്ട്‌ എന്നു താഴ്‌മ​യോ​ടെ നമ്മൾ ഓർക്കു​ന്നെ​ങ്കിൽ സാധ്യ​ത​യ​നു​സ​രിച്ച്‌ മറ്റുള്ള​വ​രോ​ടു കരുണ കാണി​ക്കാൻ നമ്മൾ കൂടുതൽ ഒരുക്ക​മാ​യി​രി​ക്കും. മാനസാ​ന്ത​ര​പ്പെട്ട ഒരാൾ സഭയി​ലേക്കു തിരികെ വരു​മ്പോൾ നമ്മൾ പ്രത്യേ​കി​ച്ചു കരുണ കാണി​ക്കേ​ണ്ട​തുണ്ട്‌.

17. ദാവീദ്‌ രാജാവ്‌ എങ്ങനെ​യാ​ണു കരുണ കാണി​ച്ചത്‌?

17 കഠിന​ഹൃ​ദ​യ​രാ​യി​രി​ക്കാ​തെ മറ്റുള്ള​വ​രോ​ടു കരുണ കാണി​ക്കാൻ ചില ബൈബിൾ ദൃഷ്ടാ​ന്തങ്ങൾ നമ്മളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ദാവീദ്‌ രാജാ​വി​ന്റെ കാര്യം നോക്കാം. അദ്ദേഹം പലപ്പോ​ഴും ആളുക​ളോട്‌ ആത്മാർഥ​മാ​യി കരുണ കാണി​ച്ചി​ട്ടുണ്ട്‌. ശൗൽ ദാവീ​ദി​നെ കൊല്ലാൻ ശ്രമി​ച്ച​പ്പോ​ഴും ദാവീദ്‌ തിരിച്ച്‌ ദൈവ​ത്തി​ന്റെ അഭിഷി​ക്ത​രാ​ജാ​വി​നോ​ടു കരുണ കാണിച്ചു. ദാവീദ്‌ ഒരിക്ക​ലും ശൗലി​നോ​ടു പ്രതി​കാ​രം ചെയ്യു​ക​യോ അദ്ദേഹത്തെ ഉപദ്ര​വി​ക്കു​ക​യോ ചെയ്‌തില്ല.—1 ശമു. 24:9-12, 18, 19.

18-19. ദാവീദ്‌ കരുണ കാണി​ക്കാ​തി​രുന്ന രണ്ടു സന്ദർഭങ്ങൾ ഏതൊ​ക്കെ​യാണ്‌?

18 ദാവീദ്‌ പക്ഷേ എല്ലായ്‌പോ​ഴും കരുണ​യു​ള്ള​വ​നാ​യി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു പരുക്കൻ പ്രകൃ​ത​ക്കാ​ര​നാ​യി​രുന്ന നാബാൽ ഒരിക്കൽ ദാവീ​ദി​ന്റെ​കൂ​ടെ​യു​ള്ള​വ​രോ​ടു മര്യാ​ദ​യി​ല്ലാ​തെ സംസാ​രി​ക്കു​ക​യും ദാവീ​ദി​നും കൂട്ടർക്കും ഭക്ഷണം കൊടു​ക്കാൻ വിസമ്മ​തി​ക്കു​ക​യും ചെയ്‌തു. അതെക്കു​റിച്ച്‌ കേട്ട​പ്പോൾ ദാവീ​ദി​നു നല്ല ദേഷ്യം വന്നു. നാബാ​ലി​നെ​യും അയാളു​ടെ വീട്ടിലെ മുഴുവൻ ആണുങ്ങ​ളെ​യും കൊല്ലാൻ ദാവീദ്‌ തീരു​മാ​നി​ച്ചു. നാബാ​ലി​ന്റെ ഭാര്യ​യായ അബീഗ​യിൽ നല്ല ദയയും ക്ഷമയും ഉള്ളവളാ​യി​രു​ന്നു. അബീഗ​യിൽ പെട്ടെ​ന്നു​തന്നെ കുറെ ഭക്ഷണം ഉണ്ടാക്കി​ക്കൊണ്ട്‌ ദാവീ​ദി​നെ ചെന്നു​കണ്ടു. അതു​കൊണ്ട്‌ ദാവീദ്‌ നാബാ​ലി​നെ​യും അയാളു​ടെ ആളുക​ളെ​യും കൊന്നില്ല.—1 ശമു. 25:9-22, 32-35.

19 ഇനി മറ്റൊരു സന്ദർഭം നോക്കാം. ദാവീദ്‌ ഗുരു​ത​ര​മായ പാപം ചെയ്‌ത​പ്പോൾ ആ തെറ്റു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കാൻവേണ്ടി നാഥാൻ പ്രവാ​ചകൻ ദാവീ​ദി​നോട്‌ ഒരു കഥ പറഞ്ഞു. പാവപ്പെട്ട ഒരു മനുഷ്യൻ വളരെ ഓമനി​ച്ചു​വ​ളർത്തിയ ആടിനെ ധനവാ​നായ ഒരു മനുഷ്യൻ പിടി​ച്ചു​കൊണ്ട്‌ പോയി. അയാൾക്ക്‌ ആകെയുള്ള ആടായി​രു​ന്നു അത്‌. അതെക്കു​റിച്ച്‌ കേട്ട​പ്പോൾ ദാവീ​ദി​നു നല്ല ദേഷ്യം വന്നു. ദാവീദ്‌ പറഞ്ഞു: “യഹോ​വ​യാ​ണെ, ഇതു ചെയ്‌തവൻ മരിക്കണം!” (2 ശമു. 12:1-6) ശരിക്കും മോശ​യു​ടെ നിയമം അറിയാ​വുന്ന ആളായി​രു​ന്നു ദാവീദ്‌. ആ നിയമ​മ​നു​സ​രിച്ച്‌ ആരെങ്കി​ലും ഒരു ആടിനെ മോഷ്ടി​ച്ചാൽ നഷ്ടപരി​ഹാ​ര​മാ​യി നാല്‌ ആടിനെ പകരം കൊടു​ക്കണം. (പുറ. 22:1) അല്ലാതെ കള്ളനെ കൊന്നു​ക​ള​യാൻ നിയമ​മി​ല്ലാ​യി​രു​ന്നു. എന്നാൽ കഥയിലെ കള്ളൻ ചെയ്‌ത പാപം അത്ര ഗുരു​ത​ര​മ​ല്ലാ​യി​രു​ന്നെ​ങ്കി​ലും ദാവീദ്‌ അയാൾക്കു വധശി​ക്ഷ​യാ​ണു വിധി​ച്ചത്‌. പക്ഷേ അതിലും വലിയ പാപമാ​യി​രു​ന്നു ദാവീദ്‌ ചെയ്‌തത്‌. എന്നിട്ടും യഹോവ അദ്ദേഹ​ത്തോ​ടു കരുണ കാണിച്ചു. ആ പാപം ക്ഷമിച്ചു.—2 ശമു. 12:7-13.

നാഥാൻ പറഞ്ഞ കഥയിലെ ആ മനുഷ്യ​നോ​ടു ദാവീദ്‌ രാജാവ്‌ കരുണ കാണി​ച്ചില്ല (19-20 ഖണ്ഡികകൾ കാണുക)d

20. ദാവീ​ദിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

20 ദാവീ​ദി​നു വല്ലാത്ത ദേഷ്യം വന്നപ്പോ​ഴാ​ണു നാബാ​ലി​നെ​യും അയാളു​ടെ ആളുക​ളെ​യും കൊല്ല​ണ​മെന്നു തീരു​മാ​നി​ച്ചത്‌. പിന്നീട്‌ നാഥാൻ പറഞ്ഞ ദൃഷ്ടാ​ന്ത​ത്തി​ലെ, ആടിനെ പിടി​ച്ചു​കൊണ്ട്‌ പോയ ആ മനുഷ്യൻ മരിക്ക​ണ​മെന്നു ദാവീദ്‌ പറഞ്ഞു. ദാവീദ്‌ ശരിക്കും നല്ല ദയയുള്ള ഒരു മനുഷ്യ​നാണ്‌. എന്നിട്ടും ഇത്ര കടുത്ത ശിക്ഷ വിധി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്നു നമുക്കു തോന്നി​യേ​ക്കാം. അതു മനസ്സി​ലാ​ക്കാൻ ദാവീ​ദി​ന്റെ അപ്പോ​ഴത്തെ മാനസി​കാ​വസ്ഥ നമുക്കു നോക്കാം. താൻ ചെയ്‌ത തെറ്റി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ ദാവീ​ദിന്‌ അപ്പോൾ മനസ്സാ​ക്ഷി​ക്കുത്ത്‌ തോന്നു​ന്നു​ണ്ടാ​യി​രു​ന്നു. യഹോ​വ​യു​മാ​യുള്ള അദ്ദേഹ​ത്തി​ന്റെ ബന്ധത്തിന്‌ ഉലച്ചിൽ തട്ടിയി​രു​ന്നു. ഈ രണ്ടു സംഭവ​ങ്ങ​ളും നമ്മളെ ഒരു കാര്യം പഠിപ്പി​ക്കു​ന്നു. യഹോ​വ​യു​മാ​യുള്ള ഒരാളു​ടെ ബന്ധത്തിനു വിള്ളൽ വീഴു​മ്പോൾ അയാൾ കരുണ​യി​ല്ലാ​തെ മറ്റുള്ള​വരെ വിധി​ച്ചേ​ക്കാം. യേശു പറഞ്ഞ ഈ മുന്നറി​യി​പ്പു നമുക്ക്‌ ഓർക്കാം: “നിങ്ങളെ വിധി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കിൽ നിങ്ങളും വിധി​ക്കു​ന്നതു നിറു​ത്തുക! കാരണം നിങ്ങൾ വിധി​ക്കുന്ന രീതി​യിൽ നിങ്ങ​ളെ​യും വിധി​ക്കും.” (മത്താ. 7:1, 2) അതു​കൊണ്ട്‌ കഠിന​ഹൃ​ദ​യ​രാ​കാ​തെ ദൈവ​ത്തെ​പ്പോ​ലെ ‘കരുണാ​സ​മ്പ​ന്ന​രാ​കാൻ’ നമുക്കു ശ്രമി​ക്കാം.

21-22. ഏതെല്ലാം വിധങ്ങ​ളിൽ നമുക്ക്‌ ആളുക​ളോ​ടു കരുണ കാണി​ക്കാം?

21 കരുണ എന്നതു വെറുതേ ഉള്ളിൽ തോന്നുന്ന ഒരു വികാ​രമല്ല. അതിൽ പ്രവൃത്തി ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. കരുണ​യു​ള്ളവർ മറ്റുള്ള​വർക്കു സഹായം ചെയ്യാൻ തയ്യാറാ​കും. അതു​കൊണ്ട്‌ നമ്മുടെ കുടും​ബ​ത്തി​ലോ സഭയി​ലോ സമൂഹ​ത്തി​ലോ സഹായം ആവശ്യ​മു​ള്ളവർ ആരാ​ണെന്നു കണ്ടെത്താൻ നമുക്കു ശ്രമി​ക്കാം. കരുണ കാണി​ക്കാൻ നമുക്കു ധാരാളം അവസരങ്ങൾ ഉണ്ട്‌. മനസ്സു വിഷമി​ച്ചി​രി​ക്കുന്ന ആരെ​യെ​ങ്കി​ലും ആശ്വസി​പ്പി​ക്കാൻ നമുക്കാ​കു​മോ? ഭക്ഷണം ഉണ്ടാക്കി​ക്കൊ​ടു​ത്തു​കൊ​ണ്ടോ മറ്റെ​ന്തെ​ങ്കി​ലും ചെയ്‌തു​കൊ​ടു​ത്തു​കൊ​ണ്ടോ നമുക്ക്‌ ആരെ​യെ​ങ്കി​ലും സഹായി​ക്കാ​നാ​കു​മോ? സഭയി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ഒരാൾക്ക്‌ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും ആവശ്യ​മു​ണ്ടോ? ഇനി, ആശ്വാസം നൽകുന്ന സന്തോ​ഷ​വാർത്ത ആരോ​ടെ​ങ്കി​ലും പറയാൻ നമുക്കാ​കു​മോ? ശരിക്കും പറഞ്ഞാൽ നമ്മൾ കണ്ടുമു​ട്ടു​ന്ന​വ​രോ​ടു കരുണ കാണി​ക്കാ​നുള്ള ഏറ്റവും നല്ല ഒരു വിധമാണ്‌ ഇത്‌.—ഇയ്യോ. 29:12, 13; റോമ. 10:14, 15; യാക്കോ. 1:27.

22 ഓരോ​രു​ത്ത​രു​ടെ​യും ആവശ്യം എന്താ​ണെന്നു ചിന്തി​ക്കു​ന്നെ​ങ്കിൽ ആളുക​ളോ​ടു കരുണ കാണി​ക്കാൻ നമുക്കു കുറെ അവസരങ്ങൾ കിട്ടും. അങ്ങനെ നമ്മൾ മറ്റുള്ള​വ​രോ​ടു കരുണ കാണി​ക്കു​മ്പോൾ “കരുണാ​സ​മ്പ​ന്ന​നായ” ദൈവ​ത്തിന്‌, നമ്മുടെ സ്വർഗീയ പിതാ​വിന്‌, ഒരുപാട്‌ സന്തോ​ഷ​മാ​കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • യഹോവ കരുണ കാണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • ഒരാളെ സഭയിൽനിന്ന്‌ പുറത്താ​ക്കു​ന്നതു കരുണ​യാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

  • കരുണ​യു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

ഗീതം 43 നന്ദി അർപ്പി​ക്കുന്ന ഒരു പ്രാർഥന

a യഹോവയുടെ ഏറ്റവും മനോ​ഹ​ര​മായ ഗുണങ്ങ​ളിൽ ഒന്നാണു കരുണ. നമ്മൾ ഓരോ​രു​ത്ത​രും അതു വളർത്തി​യെ​ടു​ക്കണം. യഹോവ എന്തു​കൊ​ണ്ടാ​ണു കരുണ കാണി​ക്കു​ന്നത്‌? യഹോവ ശിക്ഷണം നൽകു​ന്നതു കരുണ​യോ​ടെ​യാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌? ഈ മനോ​ഹ​ര​മായ ഗുണം നമുക്ക്‌ എങ്ങനെ കാണി​ക്കാം? ഇതെല്ലാ​മാണ്‌ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യു​ന്നത്‌.

b പുനഃസ്ഥിതീകരിക്കപ്പെട്ടവർക്കു വീണ്ടും എങ്ങനെ പഴയതു​പോ​ലെ ദൈവ​വു​മാ​യുള്ള ബന്ധത്തി​ലേക്കു വരാ​മെ​ന്നും അതിനു മൂപ്പന്മാർക്ക്‌ അവരെ എങ്ങനെ സഹായി​ക്കാ​മെ​ന്നും കാണാൻ ഈ ലക്കത്തിലെ “യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം വീണ്ടും ശക്തമാ​ക്കുക” എന്ന ലേഖനം കാണുക.

c ചിത്രക്കുറിപ്പ്‌: വഴിപി​ഴ​ച്ചു​പോയ മകൻ തിരികെ വരുന്നതു വീടിന്റെ മുകളിൽനിന്ന്‌ കാണുന്ന അപ്പൻ അവനെ കെട്ടി​പ്പി​ടി​ക്കാ​നാ​യി ഓടി​ച്ചെ​ല്ലു​ന്നു.

d ചിത്രക്കുറിപ്പ്‌: കുറ്റ​ബോ​ധ​ത്താൽ ഭാര​പ്പെ​ട്ടി​രുന്ന ദാവീദ്‌ രാജാവ്‌, നാഥാൻ പറഞ്ഞ ദൃഷ്ടാ​ന്തകഥ കേട്ട​പ്പോൾ ആ ധനവാൻ മരിക്ക​ണ​മെന്നു ദേഷ്യ​ത്തോ​ടെ പറയുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക