വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yb02 പേ. 43-64
  • ലോകവ്യാപക റിപ്പോർട്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകവ്യാപക റിപ്പോർട്ട്‌
  • യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2002
  • ഉപതലക്കെട്ടുകള്‍
  • അമേരിക്കകൾ
  • ഏഷ്യ, മധ്യപൂർവ ദേശം
  • യൂറോപ്പ്‌
  • ഓഷ്യാനിയ
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2002
yb02 പേ. 43-64

ലോകവ്യാപക റിപ്പോർട്ട്‌

ആഫ്രിക്ക

ഐവറി കോസ്റ്റിലെ ഏഡിത്ത്‌ എന്ന യുവ വിദ്യാർഥിനി, താൻ സ്‌നാപനമേൽക്കാൻ പോകുന്ന ദിവസംതന്നെ തനിക്ക്‌ ഒരു സ്‌കൂൾ പരീക്ഷ ഉള്ള കാര്യം തിരിച്ചറിഞ്ഞു. അവൾ ധൈര്യപൂർവം അധ്യാപകനെ സമീപിച്ച്‌ പരീക്ഷയിൽനിന്നു വിട്ടുനിൽക്കാൻ അനുമതി ചോദിച്ചു, അദ്ദേഹം അതിനു സമ്മതിച്ചു. സഹപാഠികൾ അവളെ യേശുവിന്റെ അമ്മ മറിയം എന്നു വിളിച്ചു പരിഹസിച്ചു. അവൾ പോയിരിക്കുന്നതു സ്‌നാപനപ്പെടാനല്ല, നീന്തൽ മത്സരത്തിനാണ്‌ എന്നു സഹപാഠിയായ ഒരു ആൺകുട്ടി പരിഹാസപൂർവം മറ്റു കുട്ടികളോടു പറഞ്ഞുനടന്നു. ആ സഹപാഠിക്ക്‌ യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെ കുറിച്ചുള്ള ലഘുലേഖ നൽകിക്കൊണ്ടാണ്‌ ഏഡിത്ത്‌ അതിനോടു പ്രതികരിച്ചത്‌.

അതു വായിച്ചശേഷം, അവൻ അവളെ പരിഹസിക്കുന്നതു നിറുത്തി. മാത്രമല്ല, താനും ഒരു സാക്ഷി ആയിത്തീരാൻ ആഗ്രഹിക്കുന്നതായി അവൻ പറഞ്ഞു. അവൻ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകം പഠിക്കുകയും കുടുംബത്തിന്റെ എതിർപ്പ്‌ ഉണ്ടായിരുന്നിട്ടും സ്‌നാപനമേൽക്കുകയും ചെയ്‌തു. യഹോവയ്‌ക്കുള്ള തന്റെ സമർപ്പണത്തെ ജീവിതത്തിൽ ഒന്നാം സ്ഥാനത്തു വെച്ചതിലും അതുവഴി, അതേ പടി സ്വീകരിക്കാൻ മറ്റൊരാളെ സഹായിക്കാൻ കഴിഞ്ഞതിലും ഏഡിത്ത്‌ സന്തുഷ്ടയാണ്‌.

പശ്ചിമ ആഫ്രിക്കയിലെ ഒരു മിഷനറി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “യഹോവയിൽ നിന്നുള്ള ഒരു അനുഗ്രഹം തന്നെയാണ്‌, ഭൂമിയിലെ ഏറ്റവും ചെറിയ ഗ്രാമങ്ങളിൽ പോലും സത്‌കീർത്തി ലഭിച്ചിരിക്കുന്ന ഒരു സംഘടനയുടെ ഭാഗമായിരിക്കുക എന്നത്‌.” യഹോവയുടെ സാക്ഷികൾ നന്നായി അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ഘാനയിൽ അതു ശ്രദ്ധേയമായ ഒരു വിധത്തിൽ പ്രകടമാക്കപ്പെട്ടു. അവിടെ ഗ്രാമപ്രദേശങ്ങളിലെ ചില സഭകളിൽ പ്രതിമാസ സാഹിത്യ വിഹിതം എത്തിക്കുകയായിരുന്നു ഞങ്ങൾ. ചെറിയ ഒരു പട്ടണത്തിൽ എത്തിയപ്പോൾ, സാധാരണ ഞങ്ങളിൽനിന്നു സാഹിത്യങ്ങളുടെ പാഴ്‌സൽ കൈപ്പറ്റുന്ന ആളെ കാണാൻ കഴിഞ്ഞില്ല. ഇനി എന്തു ചെയ്യുമെന്ന്‌ ഞാൻ ഡ്രൈവറോടു ചോദിച്ചു. അദ്ദേഹം എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്കു വഴിയുണ്ടാക്കാം.’ അദ്ദേഹം ആളുകൾ തിങ്ങിനിറഞ്ഞ ഒരു കമ്പോളത്തിൽ ട്രക്കു നിറുത്തിയിട്ട്‌ തല വെളിയിലേക്കിട്ട്‌, അവിടെ റോഡ്‌സൈഡിൽ മീൻ വിറ്റുകൊണ്ടിരുന്ന പെൺകുട്ടികളിൽ ഒരാളെ അടുത്തേക്കു വിളിച്ചു. സാഹിത്യങ്ങൾ അടങ്ങിയ പെട്ടി ആ പെൺകുട്ടിയുടെ കയ്യിൽ കൊടുത്തിട്ട്‌ അദ്ദേഹം പറഞ്ഞു: ‘ഒരു ഉപകാരം ചെയ്യണം, ഇത്‌ യഹോവയുടെ സാക്ഷികളെ ഏൽപ്പിക്കണം.’ മറുത്തൊന്നും പറയാതെ അവൾ ആ പെട്ടിയുംകൊണ്ട്‌ തിരിഞ്ഞു നടന്ന്‌ ജനക്കൂട്ടത്തിനിടയിൽ മറഞ്ഞു. അടുത്ത പട്ടണത്തിലേക്കു പോകുന്നതിനിടയിൽ, ആ പെൺകുട്ടിയെ അറിയുമോ എന്നു ഞാൻ ഡ്രൈവറോടു തിരക്കി. അദ്ദേഹം ഒന്നു പുഞ്ചിരിച്ചിട്ടു പറഞ്ഞു: ‘ഇല്ല, പക്ഷേ അവൾക്കു നമ്മെ അറിയാം.’ ആ സാഹിത്യങ്ങൾ സഹോദരങ്ങൾക്കു ലഭിക്കുമോ എന്ന്‌ എനിക്കു സംശയമുണ്ടായിരുന്നു. എന്നാൽ, ഉത്‌കണ്‌ഠയുടെ ആവശ്യമില്ലായിരുന്നു. അന്നുതന്നെ സഹോദരങ്ങൾക്ക്‌ അതു കിട്ടി.”

ലൈബീരിയയിലെ ഗ്‌ബോലോബോ ഗ്രാമത്തിൽ, സഹോദരങ്ങൾ അവിടത്തെ പട്ടണമുഖ്യന്‌ ഒരു കത്തെഴുതി. ആ പട്ടണത്തിൽ, വർഷത്തിലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മതയോഗം നടത്താൻ തങ്ങൾ ഉദ്ദേശിക്കുന്നതായി അദ്ദേഹത്തെ അറിയിക്കാനായിരുന്നു അത്‌. യോഗം നടത്താൻ ആ പ്രദേശത്തെ ഫുഡ്‌ബോൾ ഗ്രൗണ്ട്‌ ഉപയോഗിക്കാൻ അദ്ദേഹം അനുമതി നൽകി. മാത്രമല്ല, തന്റെ അധികാര പരിധിയിലുള്ള ഏഴു പട്ടണങ്ങളിലെ എല്ലാ പള്ളികളിലും ഒരു അറിയിപ്പു നൽകുകയും ചെയ്‌തു. സ്‌മാരകത്തിന്‌ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു ആ അറിയിപ്പ്‌. സ്‌മാരക പരിപാടികൾ നടത്താൻ ഫുഡ്‌ബോൾ ഗ്രൗണ്ടിന്റെ മധ്യത്തിലായി ഒരു വലിയ പ്ലാറ്റ്‌ഫോം നിർമിക്കുന്നതിനു സാക്ഷികളുടെ വലിയ ഒരു കൂട്ടം ആ ഗ്രാമത്തിലെത്തി. സ്‌നേഹത്തോടും സന്തോഷത്തോടും കൂടെ അവർ കൂട്ടായി യത്‌നിച്ചു. ഇത്‌ ആ ഗ്രാമീണരിൽ വലിയ മതിപ്പുളവാക്കി. തന്മൂലം, വെറും അഞ്ചു പ്രസാധകരുള്ള ഗ്‌ബോലോബോ ഗ്രാമത്തിൽ സ്‌മാരകത്തിന്‌ 636 പേർ ഹാജരായി!

വടക്കൻ റുവാണ്ടയിലെ പത്തു വയസ്സുള്ള ഒരു ബാലൻ ചെറിയ ഒരു ആടിനെ വളർത്തുന്നുണ്ടായിരുന്നു. അതു വളർന്ന്‌ മൂന്നു കുഞ്ഞുങ്ങളെ പെറ്റു. അവൻ അടുത്തയിടെ, താനും ആ ആടും നിൽക്കുന്ന ഒരു ഫോട്ടോ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ അയച്ചു. അതോടൊപ്പം ഉണ്ടായിരുന്ന കത്തിൽ അവൻ ഇങ്ങനെ എഴുതി: “യഹോവ എന്നെ വളരെയധികം അനുഗ്രഹിച്ചിരിക്കുന്നു, അതുകൊണ്ടാണ്‌ ഞാൻ ഈ ആടിനെ മത്തായി 24:​14-ൽ പരാമർശിച്ചിരിക്കുന്ന ലോകവ്യാപക പ്രസംഗ പ്രവർത്തനത്തിനായി സംഭാവന ചെയ്യുന്നത്‌.” അതിനെ വിൽക്കാനുള്ള അഭ്യർഥനയുമായി അവൻ ആടിനെ സഭാമൂപ്പന്മാരുടെ അടുക്കൽ കൊണ്ടുവന്നു. അതിനെ വിറ്റു കിട്ടിയ പണം അവർ ബ്രാഞ്ചിന്‌ അയച്ചുകൊടുത്തു.

നൈജീരിയയിൽ ഒരു പ്രത്യേക പയനിയർക്ക്‌ ഒരു കാർ ഡ്രൈവർ ലിഫ്‌റ്റു കൊടുത്തു. അദ്ദേഹത്തിന്‌ ഇരിക്കുന്നതിനു സ്ഥലം കൊടുക്കാൻ അതിലെ ഒരു യാത്രക്കാരൻ അൽപ്പം നീങ്ങിയിരുന്നപ്പോൾ, സഹോദരന്റെ കയ്യിൽ വീക്ഷാഗോപുരം ഇരിക്കുന്നതു ഡ്രൈവർ കണ്ടു. സഹോദരനോടു കാറിൽനിന്നു പുറത്തിറങ്ങാൻ അയാൾ ആജ്ഞാപിച്ചു, കാരണമൊന്നും വിശദീകരിച്ചതുമില്ല. സഹോദരനെ കൂടാതെ കാർ ഓടിച്ചുപോകുന്നതു കണ്ട്‌ അവിടെ നിന്നവർ അദ്ദേഹത്തോടു പറഞ്ഞു, ദൈവമാണ്‌ സഹോദരനെ രക്ഷിച്ചതെന്ന്‌. “ആളുകളെ തട്ടിക്കൊണ്ടു പോകുന്നവരുടേതാണ്‌ ആ കാർ!” അവർ വിശദീകരിച്ചു. സഹോദരന്റെ “തിരിച്ചറിയിക്കൽ” മൂലം അദ്ദേഹത്തിനു യഹോവയുടെ സംരക്ഷണം ലഭിച്ചു.

സാംബിയയിലെ കോപ്പർബെൽറ്റ്‌ പ്രവിശ്യയിലുള്ള എട്ടുവയസ്സുകാരനായ ഒരു പ്രസാധകനാണ്‌ ഗ്രാന്റ്‌. കുഞ്ഞായിരിക്കെത്തന്നെ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്‌തകത്തിലെ ചിത്രങ്ങളെ ആസ്‌പദമാക്കി ലളിതമായ കഥകൾ പറയാൻ അവനു കഴിയുമായിരുന്നു. വായിക്കാൻ പ്രായമാകുന്നതിനു മുമ്പുതന്നെ ചില ബൈബിൾ ഭാഗങ്ങൾ ഓർമയിൽ വെക്കാൻ മാതാപിതാക്കൾ ഗ്രാന്റിനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇപ്പോൾ അവൻ സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനാണ്‌. ഗ്രാന്റ്‌ നിരവധി ബൈബിൾ അധ്യയനങ്ങൾ നടത്തുന്നുണ്ട്‌. ചിലത്‌ എന്റെ ബൈബിൾ കഥാ പുസ്‌തകവും ബാക്കിയുള്ളവ ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും ഉപയോഗിച്ചാണ്‌ നടത്തുന്നത്‌. അവന്റെ തീക്ഷ്‌ണമായ പ്രവർത്തനം മൂലം ആ പ്രദേശത്തെ കുട്ടികൾ അവനെ ഷിമാപെപ്പോ മുക്കാലാമ്പാ എന്നാണു വിളിക്കുന്നത്‌, സിബെംബാ ഭാഷയിൽ അതിന്റെ അർഥം “മഹാ പുരോഹിതൻ” എന്നാണ്‌.

സെനെഗലിൽ ബൈബിൾ പഠിക്കാൻ തുടങ്ങിയ ഒരാൾ 1999 സെപ്‌റ്റംബർ 22 ലക്കം ഉണരുക!യിൽ, കാനഡയിലെ ഒരു സാക്ഷിയും അവരുടെ മകളും പഴയ സാധനങ്ങൾ വിൽക്കുന്ന ഒരിടത്തുനിന്നു തങ്ങൾ വാങ്ങിയ ഒരു പേഴ്‌സിൽ ഉണ്ടായിരുന്ന 1,000 ഡോളർ തിരികെ നൽകിയതിനെ കുറിച്ചുള്ള വിവരണം വായിച്ചു. ആ ലേഖനം വായിച്ച്‌ ഏറെ നാൾ കഴിയുന്നതിനു മുമ്പ്‌, ഈ മനുഷ്യനു നിരവധി ഐഡന്റിറ്റി കാർഡുകളും 23,000 രൂപയ്‌ക്കു തുല്യമായ തുകയും അടങ്ങിയ ഒരു പേഴ്‌സ്‌ തെരുവിൽനിന്നു കിട്ടി. താൻ വായിച്ച ആ ലേഖനത്തെ കുറിച്ച്‌ ആഴത്തിൽ ചിന്തിച്ച ആ മനുഷ്യന്‌ അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.

പിറ്റേന്നു രാവിലെ എട്ടു മണിക്ക്‌ അയാൾ ആ പേഴ്‌സിന്റെ ഉടമയുമായി ഫോണിൽ ബന്ധപ്പെട്ട്‌, മുഴു പണവും സഹിതം പേഴ്‌സ്‌ തിരികെ നൽകുന്നതിനുള്ള ക്രമീകരണം ചെയ്‌തു. ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ആ മനുഷ്യന്റെ സത്യസന്ധതയിൽ അങ്ങേയറ്റം മതിപ്പു തോന്നിയ ആ ഉടമ പേഴ്‌സിൽ ഉണ്ടായിരുന്ന പണത്തിന്റെ പകുതി, അതായത്‌ 11,500 രൂപ, അയാൾക്കു കൊടുത്തു! “ആയുഷ്‌കാലം മുഴുവൻ അഭിമാനിക്കാൻ കഴിയുന്ന ഒരു കാര്യം ഞാൻ ചെയ്‌തിരിക്കുന്നു. അതിനു കാരണം ഉണരുക! മാസികയാണ്‌!” എന്നു ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ആ മനുഷ്യൻ പറഞ്ഞു. പ്രസ്‌തുത സംഭവത്തിനു ശേഷം, അയാൾ തന്റെ ബൈബിൾ പഠനം വളരെ ഗൗരവമായി എടുത്തിരിക്കുന്നു.

പൂർവ ആഫ്രിക്കയിലെ ഒരു രാജ്യമായ ഉഗാണ്ടയിൽ ഒരു സ്‌ത്രീ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ 12 വയസ്സുകാരൻ മകൻ കാൻഡോളെ എല്ലാം സശ്രദ്ധം കേട്ടുകൊണ്ട്‌ നിശ്ശബ്ദം സമീപത്ത്‌ ഇരിക്കാറുണ്ടായിരുന്നു. പിന്നീട്‌ ആ സ്‌ത്രീക്കു ബൈബിൾ പഠനത്തിൽ താത്‌പര്യം നഷ്ടപ്പെട്ടു. എന്നാൽ തനിക്കു ദൈവവചനം കേൾക്കാൻ കഴിയാതെവന്നപ്പോൾ, സാക്ഷികൾ തങ്ങളുടെ യോഗങ്ങൾ നടത്തുന്നത്‌ എവിടെയാണെന്ന്‌ അവൻ തിരക്കി. പിറ്റേ ഞായറാഴ്‌ച 11 കിലോമീറ്റർ [7 മൈൽ] നടന്ന്‌ അവൻ രാജ്യഹാളിൽ എത്തി. അതിൽപ്പിന്നെ അവൻ യോഗങ്ങൾക്കു പതിവായി ഹാജരാകാൻ തുടങ്ങി. ഒരു പയനിയർ സഹോദരൻ കാൻഡോളെക്കു ബൈബിൾ അധ്യയനം തുടങ്ങി. വളരെ നല്ല പുരോഗതി പ്രാപിച്ച ആ ബാലൻ 14-ാമത്തെ വയസ്സിൽ സ്‌നാപനമേറ്റു. ഇപ്പോൾ 17 വയസ്സുള്ള അവൻ അടുത്തകാലത്ത്‌ ഒരു സാധാരണ പയനിയറായി. ഒരു പ്രത്യേക പയനിയർ ആയിത്തീരുക എന്നതാണ്‌ ഇപ്പോൾ അവന്റെ ലക്ഷ്യം. അവന്റെ അമ്മ ബൈബിൾ പഠനം പുനഃരാരംഭിച്ചു, ഇപ്പോൾ അവർ സ്‌നാപനമേറ്റ ഒരു സഹോദരിയാണ്‌. കാൻഡോളെക്കു മേലാൽ യോഗങ്ങൾക്കു നടന്നുപോകേണ്ടതില്ല. കാരണം, അവന്‌ ഇപ്പോൾ ഒരു സൈക്കിളുണ്ട്‌, അമ്മയെയുംകൊണ്ട്‌ അതിലാണ്‌ അവൻ രാജ്യഹാളിലേക്കു പോകുന്നത്‌.

അമേരിക്കകൾ

ബ്രസീലിലെ ഒരു ദരിദ്ര പ്രദേശത്തു വസിക്കുന്ന മാഴ്‌സ്യൂവിനു ബെഥേലിൽ സേവിക്കാനുള്ള ക്ഷണം ലഭിച്ചു. അവന്റെ കുടുംബത്തിൽ മറ്റാരും സാക്ഷികളല്ല. സ്വന്തം വസ്‌തുക്കൾ വിറ്റുകിട്ടിയ പണവും പ്രാദേശിക സഹോദരങ്ങൾ നൽകിയ പണവും ചേർത്താണ്‌ ബെഥേലിലേക്കു പോകാനുള്ള ബസ്‌ കൂലി അവൻ ഉണ്ടാക്കിയത്‌. യാത്രയുടെ മൂന്നാം ദിവസം വഴിക്കുവെച്ചു സായുധ കവർച്ചക്കാർ അവൻ സഞ്ചരിച്ചിരുന്ന വണ്ടി തടഞ്ഞുനിറുത്തി, എന്നിട്ട്‌ ഓരോ യാത്രക്കാരന്റെയും കൈവശം ഉണ്ടായിരുന്ന വസ്‌തുക്കളെല്ലാം പരിശോധിച്ച്‌ തങ്ങൾക്ക്‌ ആവശ്യമുള്ളതൊക്കെ എടുത്തു. എന്നാൽ അവർ മാഴ്‌സ്യൂവിന്റെ ബാഗു തുറന്നപ്പോൾ ഒരു ബൈബിൾ ഇരിക്കുന്നതു കണ്ട്‌ അതിൽനിന്ന്‌ യാതൊന്നും എടുക്കാതെ ആ ബാഗ്‌ അടച്ചുവെച്ചു. അടുത്ത പട്ടണത്തിൽ എത്തിയപ്പോൾ, യാത്രക്കാർക്കു വിശക്കുന്നുണ്ടായിരുന്നെങ്കിലും മിക്കവരുടെയും കയ്യിൽ ഭക്ഷണം വാങ്ങാനുള്ള പണം ഇല്ലായിരുന്നു. മാഴ്‌സ്യൂവിന്റെ പേഴ്‌സ്‌ കവർച്ചക്കാർ എടുക്കാതിരുന്നതിനാൽ, മറ്റു യാത്രക്കാർക്കു കൂടെ ഭക്ഷണം വാങ്ങാൻ അവനു കഴിഞ്ഞു. അതു വലിയൊരു സാക്ഷ്യമായി ഉതകി.

യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചുകൊണ്ടിരുന്ന, ചിലിയിൽ നിന്നുള്ള ഓസ്‌വാൾഡോയ്‌ക്ക്‌ ഇനിമേൽ ഞായറാഴ്‌ചകളിലും ജോലി ചെയ്യണമെന്ന നിർദേശം തന്റെ കമ്പനിയിൽനിന്നു ലഭിച്ചു. കരാർപ്രകാരം തനിക്കു തിങ്കൾ മുതൽ വെള്ളി വരെ ജോലി ചെയ്‌താൽ മതിയെന്ന കാര്യം അദ്ദേഹം സൂപ്പർവൈസറോടു പറഞ്ഞു. എന്നിട്ട്‌ ഓസ്‌വാൾഡോ ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്റെ വിവാഹം കഴിഞ്ഞത്‌ ഈയിടെയാണ്‌, എനിക്കു ഭാര്യയോടൊത്തു സമയം ചെലവഴിക്കേണ്ടതുണ്ട്‌. മാത്രമല്ല, ഞായറാഴ്‌ച ദിവസങ്ങൾ ഞാൻ ദൈവിക കാര്യങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു.” ഓസ്‌വാൾഡോയെ ആ മാസാവസാനം പിരിച്ചുവിടുമെന്ന്‌ സൂപ്പർവൈസർ പറഞ്ഞു. 3,000 തൊഴിലാളികളിൽ ഓസ്‌വാൾഡോ മാത്രമാണ്‌ ഞായറാഴ്‌ചകളിൽ ജോലിക്കു പോകാതിരുന്നത്‌. അദ്ദേഹം ആ ദിവസങ്ങളിൽ, യഹോവയിൽ തന്റെ ആശ്രയം അർപ്പിച്ചുകൊണ്ട്‌ യോഗങ്ങളിൽ സംബന്ധിച്ചു.

താമസിയാതെ, ഫ്രാൻസിൽനിന്ന്‌ ഒരു ഉയർന്ന മാനേജർ ആ കമ്പനി സന്ദർശിക്കാനെത്തി. അദ്ദേഹം ഓസ്‌വാൾഡോയുടെ മേശയ്‌ക്കരികെ എത്തി ശുഷ്‌കാന്തിയോടെ ജോലി ചെയ്യുന്നതിന്‌ അദ്ദേഹത്തെ അഭിനന്ദിച്ചു. മാനേജർ ഇങ്ങനെ പറഞ്ഞു: “കമ്പനിയിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഗെയിമുകളൊന്നും ഇല്ലാത്ത ഒരേയൊരു കമ്പ്യൂട്ടർ താങ്കളുടേതാണ്‌. മാത്രമല്ല, താങ്കൾ വളരെ ചിട്ടയോടെ ജോലി നോക്കുകയും ചെയ്യുന്നു.” തന്നെ അഭിനന്ദിച്ചതിന്‌ ഓസ്‌വാൾഡോ അദ്ദേഹത്തിനു നന്ദി പറഞ്ഞു, എന്നിട്ട്‌ താൻ ഉടൻ കമ്പനി വിടുകയാണെന്ന കാര്യം അദ്ദേഹത്തോടു സൂചിപ്പിച്ചു. അപ്പോൾ മാനേജർ ചോദിച്ചു: “താങ്കൾക്ക്‌ ഇതിനെക്കാൾ മെച്ചപ്പെട്ട എന്തെങ്കിലും ജോലി കിട്ടിയോ?” ഓസ്‌വാൾഡോ തന്റെ സാഹചര്യം വിശദീകരിച്ചു.

ഏതാനും ദിവസങ്ങൾക്കു ശേഷം, സൂപ്പർവൈസറെയും മാനേജരെയും ചെന്നുകാണാൻ ഓസ്‌വാൾഡോയ്‌ക്കു ക്ഷണം ലഭിച്ചു. ഉദ്വേഗഭരിതമായ നിമിഷങ്ങളായിരുന്നു അവ. മാനേജർ പറഞ്ഞു: “ഓസ്‌വാൾഡോ, താങ്കൾ ഞായറാഴ്‌ച ദിവസങ്ങളിൽ ജോലി ചെയ്യേണ്ടതില്ല. ശനിയാഴ്‌ചകളിലും താങ്കൾക്കു കാര്യമായ ജോലിയൊന്നും ഉണ്ടാകില്ല. മാത്രമല്ല, താങ്കൾക്കു കമ്പനിയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കുന്നതുമായിരിക്കും.” ആ ആഴ്‌ചയിൽ ഓസ്‌വാൾഡോ സ്‌നാപനമേറ്റു. ഇപ്പോൾ അദ്ദേഹവും ഭാര്യയും സഹായ പയനിയറിങ്‌ ചെയ്യുന്നു.

ഇക്വഡോറിൽ ഒരു ചെറുപ്പക്കാരന്‌​—⁠അവൻ ഈ വർഷം സ്‌നാപനമേറ്റു​—⁠തന്റെ ആദ്യത്തെ വിദ്യാർഥി പ്രസംഗം നടത്താനുള്ള നിയമനം കിട്ടി. രാജ്യഹാളിലെ പ്രധാന ഓഡിറ്റോറിയത്തിൽവെച്ച്‌ ആയിരുന്നു അതു നടത്തേണ്ടിയിരുന്നത്‌. പ്രസംഗം നടത്തുന്നത്‌ ഒരു അമൂല്യ പദവി ആയി കരുതിയിരുന്നതിനാൽ അവൻ, പ്രസ്‌തുത അവസരത്തിലേക്ക്‌ ഒരു പുതിയ സൂട്ട്‌ വാങ്ങുന്നതിനുള്ള പണം സ്വരൂപിക്കാൻ തുടങ്ങി. 30 ഡോളർ അങ്ങനെ ശേഖരിച്ചു കഴിഞ്ഞപ്പോഴാണ്‌ സഭയിലെ ഒരു സഹോദരിക്കു മരുന്നു വാങ്ങാനുള്ള പണമില്ലെന്ന വിവരം അവൻ അറിഞ്ഞത്‌. താൻ സ്വരൂപിച്ച 30 ഡോളർ അവൻ ആ സഹോദരിക്കു നൽകി. എന്നിട്ടു പറഞ്ഞു: “പുതിയ സൂട്ട്‌ ഇട്ട്‌ ഞാൻ പ്രസംഗം നടത്തിയാൽ യഹോവയ്‌ക്ക്‌ എന്നോട്‌ ഉണ്ടാകാവുന്ന അതേ സ്‌നേഹം തന്നെ പഴയ സൂട്ട്‌ ഇട്ട്‌ നടത്തിയാലും ഉണ്ടായിരിക്കും.”

ഗ്വാട്ടിമാലയിൽ ഒരു സഹോദരി തെരുവുസാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഒരു വീട്ടുപടിക്കൽ ഒരാൾ ഇരിക്കുന്നത്‌ ആ സഹോദരി കണ്ടു. ആ വീടിരിക്കുന്നതു മറ്റൊരു സഭയുടെ പ്രദേശത്ത്‌ ആയതിനാൽ അയാളോടു പ്രസംഗിക്കേണ്ടതില്ല എന്നു സഹോദരി വിചാരിച്ചു. അതുകൊണ്ട്‌ അവർ അയാളെ അവഗണിച്ചു കടന്നുപോയി. എങ്കിലും, അയാളോടു സംസാരിക്കാനുള്ള ഒരു പ്രചോദനം തോന്നിയ അവർ മടങ്ങിവന്ന്‌ യഹോവയുടെ രാജ്യത്തെ കുറിച്ച്‌ അയാളോടു സംസാരിച്ചു. പറഞ്ഞ കാര്യങ്ങൾ ആ മനുഷ്യൻ സശ്രദ്ധം കേട്ടു. എന്നിട്ട്‌ അയാൾ ഇങ്ങനെ പറഞ്ഞു: “ഇവിടെ വന്ന്‌ എന്നോടു സംസാരിച്ചതിനു നന്ദി. രാവിലെ 7:​45-ന്‌ ഇവിടെ വരുമായിരുന്ന ഒരാളെ കൊല്ലാനാണു ഞാൻ വന്നത്‌. അയാൾ ശവക്കുഴിയിലേക്കും ഞാൻ ജയിലിലേക്കും പോകുമായിരുന്നു! നിങ്ങൾ സ്വന്തം ഇഷ്ടപ്രകാരമല്ല ഇവിടെ വന്നത്‌ എന്ന്‌ എനിക്കറിയാം; തന്റെ സ്‌നേഹത്തെ കുറിച്ചു ഞാൻ മനസ്സിലാക്കാൻ ദൈവമാണു നിങ്ങളെ എന്റെ അടുക്കലേക്ക്‌ അയച്ചത്‌. ഇനി ഞാൻ ആ കുറ്റകൃത്യം ചെയ്യുന്നില്ല, വീട്ടിലേക്കു മടങ്ങുകയാണ്‌. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!”

കൊളംബിയയിലെ ബ്രാഞ്ച്‌ ഓഫീസ്‌, 2000 ഡിസംബറിലും 2001 ജനുവരിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സുവാർത്ത എത്തിക്കുന്നതിനുള്ള ഒരു സംരംഭം ഏറ്റെടുത്തു. സ്വന്തം സാഹചര്യമനുസരിച്ച്‌, ആ പ്രദേശങ്ങളിൽ പ്രസംഗ പ്രവർത്തനം നടത്താനും താത്‌പര്യം നട്ടുവളർത്താനും ഒരാഴ്‌ച മുതൽ രണ്ടു മാസം വരെയുള്ള കാലഘട്ടത്തിൽ അവിടെ പോയി താമസിക്കാൻ ആ രാജ്യത്തെ സാക്ഷികൾ പ്രോത്സാഹിപ്പിക്കപ്പെട്ടു.

അതിൽ പങ്കെടുക്കാൻ ആഗ്രഹിച്ച ഒരു യുവ സഹോദരി, ബൊഗോട്ടയിൽനിന്നു ഗൂവാസ്‌ക എന്ന പട്ടണത്തിലേക്കു പോയി. രണ്ടു മാസം അവിടെ പ്രവർത്തിച്ച അവൾക്കു വളരെ സന്തോഷം തോന്നിയതിനാൽ അവിടെ തുടരാൻ അവൾ ആഗ്രഹിച്ചു. അതിനു സാധിക്കേണ്ടതിന്‌ ഒരു തൊഴിൽ കണ്ടെത്താൻ തന്നെ സഹായിക്കേണമേ എന്ന്‌ അവൾ യഹോവയോടു പ്രാർഥിച്ചു. അവൾ തേങ്ങ വാങ്ങി അത്‌ ഉപയോഗിച്ച്‌ ബിസ്‌ക്കറ്റ്‌ ഉണ്ടാക്കി തെരുവിലും കടകളിലുമൊക്കെ വിറ്റു. മാത്രമല്ല, തുണി കഴുകി ഇസ്‌തിരിയിട്ടു കൊടുക്കുന്ന ഒരു ജോലിയും അവൾ കണ്ടെത്തി. കൂടാതെ, പശുക്കളെ കറക്കാനും അവൾ പഠിച്ചു. അങ്ങനെ ചെലവിനുള്ള പണം സമ്പാദിക്കാനും ഗൂവാസ്‌കയിൽ ഒരു സാധാരണ പയനിയറായി സേവിക്കാനും അവൾക്കു സാധിച്ചിരിക്കുന്നു. ഇപ്പോൾ ആ സഹോദരി അവിടെ 25 ബൈബിൾ അധ്യയനങ്ങൾ നടത്തുന്നു.

ഒരു സാക്ഷി ആയിത്തീരുന്ന ഘട്ടത്തോളം തന്നെ ബോധ്യപ്പെടുത്താൻ ആർക്കും സാധിക്കില്ലെന്ന്‌ ജമെയ്‌ക്കയിലെ ഒരു സഹോദരിയോട്‌ ഒരു വീട്ടുകാരി പറഞ്ഞു. നിത്യജീവന്റെ പ്രത്യാശ ഉൾപ്പെടെ, ബൈബിൾ സന്ദേശം പങ്കുവെക്കാനാണു താൻ വന്നിരിക്കുന്നതെന്നു സഹോദരി വിശദീകരിച്ചു. സംസാരത്തിനിടയിൽ ആ സ്‌ത്രീക്കു ബൈബിളിനോട്‌ ആഴമായ ആദരവ്‌ ഉണ്ടെന്നുള്ള കാര്യം സഹോദരി മനസ്സിലാക്കി. അതുകൊണ്ട്‌ അവരുടെ തടസ്സവാദങ്ങളോടു ബന്ധപ്പെട്ട തിരുവെഴുത്തുകൾ ബൈബിളിൽനിന്നു വായിക്കുന്നതിനാൽ അവയെ തരണം ചെയ്യാനാകുമെന്ന്‌ അവർക്കു തോന്നി. ആ സ്‌ത്രീയെ സന്ദർശിച്ചപ്പോഴും പിന്നീട്‌ അവർക്കു ബൈബിൾ അധ്യയനം ആരംഭിച്ചപ്പോഴും ബൈബിൾ കൂടെക്കൂടെ ഉപയോഗിക്കാൻ ഇതു സഹോദരിയെ പ്രേരിപ്പിച്ചു. ക്രമേണ, ആ ബൈബിൾ വിദ്യാർഥിനി യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. അങ്ങനെ ഒടുവിൽ അവർ, താൻ എന്ത്‌ ആയിത്തീരുകയില്ല എന്നു പറഞ്ഞുവോ അത്‌​—⁠യഹോവയുടെ സമർപ്പിച്ചു സ്‌നാപനമേറ്റ ഒരു സാക്ഷി​—⁠ആയിത്തീർന്നു.

ബൊളീവിയയിലെ കാരൾ എന്ന സഹോദരി ഒരു പുരുഷനെയും ഭാര്യയെയും ബൈബിൾ പഠിപ്പിച്ചിരുന്നു. ആ ദമ്പതികൾ അയാളുടെ അമ്മയോടൊപ്പമാണു താമസിച്ചിരുന്നത്‌. ആ അമ്മ കുർബാനയിലും പള്ളിപ്രദക്ഷിണങ്ങളിലും മുടങ്ങാതെ പങ്കെടുത്തിരുന്നു. അവരുടെ വീട്ടിൽ നിറയെ വിഗ്രഹങ്ങൾ ഉണ്ടായിരുന്നു, മാത്രമല്ല ഓരോന്നിന്റെയും മുമ്പാകെ ഒരു മെഴുകുതിരിയും കത്തിച്ചുവെച്ചിരുന്നു. ഒരു ദിവസം അധ്യയനം നടന്നുകൊണ്ടിരിക്കെ, കയ്യിൽ ഒരു കത്തോലിക്കാ ബൈബിളുമായി അവർ കൊടുങ്കാറ്റുപോലെ പാഞ്ഞുവന്നു. എന്നിട്ട്‌ കാരളിനെ വെല്ലുവിളിച്ചുകൊണ്ടു ചോദിച്ചു: “മറിയത്തിനു വേറെ കുട്ടികൾ ഉണ്ടെന്ന്‌ ഇതിൽ എവിടെയാണു പറഞ്ഞിരിക്കുന്നത്‌?” കാരൾ അവർക്ക്‌ മത്തായി 12:​46-50-ഉം 13:​55-ഉം കാണിച്ചുകൊടുത്തു. നിരാശയോടെ ആ സ്‌ത്രീ മുറിവിട്ടു പോയി. മിനിട്ടുകൾക്കുള്ളിൽ, ചിത്രങ്ങളുള്ള, സ്വർണച്ചായം പൂശിയ മറ്റൊരു ബൈബിൾ അഭിമാനപൂർവം പിടിച്ചുകൊണ്ട്‌ അവർ വീണ്ടുമെത്തി. അതേ വാക്യങ്ങൾത്തന്നെ അതിൽനിന്നു കാണിച്ചുകൊടുത്തപ്പോൾ വീണ്ടും അവർ മടങ്ങിപ്പോയി. താമസിയാതെ, അവർ മറ്റൊരു ബൈബിളുമായി വന്നു. അതിലും ആ വാക്യങ്ങൾക്കു മാറ്റമൊന്നുമില്ലായിരുന്നു. അവരുടെ നാവ്‌ ഇറങ്ങിപ്പോയതുപോലെ ആയി.

തുടർന്നുവന്ന വാരങ്ങളിൽ, അവർ ആ സാക്ഷിയെ പലയാവർത്തി സമീപിച്ചു. അവർ ചോദ്യങ്ങൾ ചോദിച്ചെങ്കിലും, ക്രമേണ മയപ്പെടാൻ തുടങ്ങി. ലഭിച്ച ഉത്തരങ്ങളിൽ അവർക്കു വിസ്‌മയം തോന്നി. ഉടനെ അവരും ബൈബിൾ പഠിക്കാൻ തുടങ്ങി. മുമ്പ്‌ കത്തോലിക്കാ മതത്തോട്‌ അവർക്ക്‌ ഉണ്ടായിരുന്ന തീക്ഷ്‌ണത സത്യാരാധനയോടുള്ള തീക്ഷ്‌ണതയായി പരിണമിച്ചു. തന്റെ സ്‌നേഹിതരെ രാജ്യഹാളിലേക്കു കൊണ്ടുവരാൻ തുടങ്ങിയ അവർ പിന്നീടു സ്‌നാപനമേറ്റു.

ഏഷ്യ, മധ്യപൂർവ ദേശം

ശ്രീലങ്കയിലെ ഗാരി എന്ന സഹോദരൻ ഒരു ദമ്പതികൾക്കു നിങ്ങൾക്കു ദൈവത്തിന്റെ സ്‌നേഹിതനായിരിക്കാൻ കഴിയും! എന്ന ലഘുപത്രിക സമർപ്പിച്ചു. ഭർത്താവ്‌ ഒരു കത്തോലിക്കനും ഭാര്യ ബുദ്ധമതക്കാരിയും ആയിരുന്നു. ബൈബിളിനെ കുറിച്ച്‌ അറിയാൻ തന്റെ ഭർത്താവിനു മാത്രമേ താത്‌പര്യമുള്ളു എന്ന്‌ ആ സ്‌ത്രീ പറഞ്ഞു. എന്നാൽ, അടുത്ത തവണ ഗാരി അവരെ സന്ദർശിച്ചപ്പോൾ, ദൈവത്തിന്റെ ഒരു സ്‌നേഹിത ആയിത്തീരാൻ എങ്ങനെ കഴിയുമെന്ന്‌ അറിയാൻ തനിക്കും താത്‌പര്യമുണ്ടെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. പിറ്റേ വാരം, ആ ലഘുപത്രിക ഉപയോഗിച്ച്‌ ഇരുവർക്കും അധ്യയനം ആരംഭിച്ചു. തങ്ങൾക്ക്‌ ഒരു ബൈബിൾ വേണമെന്ന്‌ ആ ദമ്പതികൾ ആവശ്യപ്പെട്ടു. ഭാര്യ പറഞ്ഞു: “ദൈവത്തിന്റെ സ്‌നേഹിതർ ആയിത്തീരണമെങ്കിൽ, ഞങ്ങൾക്ക്‌ ഒരു ബൈബിൾ കൂടിയേ തീരൂ എന്നാണ്‌ എനിക്കു തോന്നുന്നത്‌.”

ദൈവത്തിന്റെ സ്‌നേഹിതൻ ലഘുപത്രികയുടെ 3-ാമത്തെ പാഠം പഠിക്കുമ്പോഴേക്കും ആ സ്‌ത്രീ പഠനത്തിൽ നല്ല ഉത്സാഹം കാണിച്ചു തുടങ്ങിയിരുന്നു. അന്നു രാത്രി പഠിക്കാൻ മൂന്നാമതൊരാൾ​—⁠അവരുടെ വീട്ടിൽ താമസത്തിന്‌ എത്തിയ ഒരു ചെറുപ്പക്കാരൻ​—⁠കൂടി ഉണ്ടായിരുന്നു. അവരുടെ നാലാമത്തെ അധ്യയനത്തിനു മുമ്പായി ഗാരി അവർക്ക്‌ ഒരു ബൈബിൾ നൽകി. ഉടനെതന്നെ അവർ അത്‌ മേശയിൽ പ്രദർശിപ്പിച്ചിരുന്ന ലഘുപത്രികകളുടെ കൂട്ടത്തിൽ വെച്ചു. നാലാമത്തെ അധ്യയനം നടന്ന രാത്രിയിൽ, അവർ അഭിമാനപൂർവം ആ ബൈബിൾ എടുത്തു. അതിൽ നീല നിറത്തിലുള്ള നിരവധി നൂലുകൾ കാണപ്പെട്ടു. ഭർത്താവ്‌ പറഞ്ഞു: “ഞങ്ങൾ പാഠം നന്നായി തയ്യാറായിട്ടുണ്ട്‌.” പാഠത്തിൽ ഉണ്ടായിരുന്ന എല്ലാ തിരുവെഴുത്തുകളും കണ്ടെത്തിയശേഷം ആ ഭാഗങ്ങളിൽ അടയാളത്തിനായി അവർ ഓരോ നീല നൂൽ വെച്ചിരുന്നു.

ഫിലിപ്പീൻസിലെ ഒറ്റയ്‌ക്കുള്ള ഒരു മാതാവാണ്‌ 20-കളുടെ തുടക്കത്തിൽ ആയിരിക്കുന്ന റോവിന. അവൾക്കു ബൈബിൾ സത്യത്തിൽ താത്‌പര്യം തോന്നി. സാക്ഷികൾ അവൾക്ക്‌ ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. പെട്ടെന്നുതന്നെ അവൾ യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങി. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടു നിമിത്തം സ്വന്തം പട്ടണം വിട്ട്‌ അകലെയുള്ള ഒരു നഗരത്തിൽ അവൾക്കു ജോലി അന്വേഷിക്കേണ്ടിവന്നു. അവിടെ കടുത്ത കത്തോലിക്കാ വിശ്വാസികളായ ഒരു കുടുംബത്തിൽ വീട്ടുവേലക്കാരിയായി അവൾക്കു ജോലി കിട്ടി. ഏറ്റവും അടുത്തുള്ള രാജ്യഹാൾ എവിടെയാണെന്ന്‌ അവൾ തിരക്കിയെങ്കിലും, സാക്ഷികളുമായി സമ്പർക്കം പുലർത്തുന്നതിന്‌ അവളെ സഹായിക്കാൻ ആ കുടുംബം വിസമ്മതിച്ചു.

മാസങ്ങൾ കടന്നുപോയി. സാക്ഷികളെ കണ്ടുമുട്ടാനും തന്റെ ബൈബിൾ പഠനം തുടരാനും സഹായിക്കണേയെന്നു റോവിന യഹോവയോട്‌ ഉള്ളുരുകി പ്രാർഥിച്ചു. ഒരു ദിവസം ടെലിഫോൺ അടിച്ചപ്പോൾ അത്‌ എടുത്തതു റോവിന ആണ്‌. വിളിച്ച ആൾ ചോദിച്ചു: “ഹലോ, ഇതു രാജ്യഹാളാണോ?”

റോവിന പെട്ടെന്ന്‌ ഉത്തരം നൽകി: “ഞാൻ രാജ്യഹാൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. അതു കണ്ടെത്താൻ എന്നെ സഹായിക്കാമോ?” അതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. ബൈബിൾ പഠനം പുനഃരാരംഭിച്ച റോവിന ഇപ്പോൾ സ്‌നാപനമേറ്റ ഒരു സാക്ഷിയാണ്‌.

പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടി റഷ്യയിലെ ബ്രാഞ്ച്‌ ഓഫീസിന്‌ ഒരു കത്ത്‌ അയച്ചു. അവൾ ഇങ്ങനെ എഴുതി: “ഞാൻ ഒരു പാവം പെൺകുട്ടിയാണ്‌. സൈബീരിയയിലെ ട്യൂമെൻ പ്രദേശത്താണ്‌ എന്റെ വീട്‌. ഏതാനും നാളുകൾക്കു മുമ്പ്‌, വളരെ വിദൂരമായ ഞങ്ങളുടെ ഗ്രാമത്തിൽ ആദ്യമായി വീക്ഷാഗോപുരം മാസിക കിട്ടി. ഞങ്ങളുടെ സ്‌കൂൾ ലൈബ്രറിയിലാണ്‌ ഞാൻ അതു കണ്ടത്‌. അതു വീട്ടിൽ കൊണ്ടുപോയി വായിക്കാൻ ഞാൻ തീരുമാനിച്ചു. അതിൽനിന്നു പുതിയതും രസകരവുമായ പല കാര്യങ്ങളും ഞാൻ പഠിച്ചു. അതിലെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോൾത്തന്നെ എനിക്കു സന്തോഷം തോന്നി. കൂടുതൽ വിവരങ്ങൾ അറിയാൻ എനിക്കു താത്‌പര്യമുണ്ട്‌. വെളിപാടു പുസ്‌തകവും ബൈബിളും പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ സംഘടനയെ കുറിച്ചു കൂടുതൽ പഠിക്കാനും എനിക്കു താത്‌പര്യമുണ്ട്‌.” ആ പെൺകുട്ടിയെ സഹായിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയുണ്ടായി.

ലബനോനിൽ രണ്ടു സഹോദരിമാർ വീടുതോറുമുള്ള പ്രസംഗത്തിൽ ഏർപ്പെട്ടിരിക്കെ, ഒരു വീട്ടിൽ ചെന്നു. വാതിലിൽ മുട്ടിയതിനു ശേഷമാണ്‌ യഹോവയുടെ സാക്ഷികൾക്കു സ്വാഗതമില്ല എന്ന സ്റ്റിക്കർ അവർ കണ്ടത്‌. ഒരു മനുഷ്യൻ വന്നു വാതിൽ തുറന്നു. ആ സഹോദരിമാർ അദ്ദേഹവുമായി സംഭാഷണത്തിൽ ഏർപ്പെട്ടു, അദ്ദേഹം അവരെ അകത്തേക്കു ക്ഷണിച്ചു. അവർ സാക്ഷികൾ ആണെന്നു മനസ്സിലാക്കിയപ്പോൾ, പുറത്ത്‌ ഒട്ടിച്ചിരുന്ന സ്റ്റിക്കർ കണ്ടില്ലേ എന്ന്‌ അദ്ദേഹം ചോദിച്ചു. “ഉവ്വ്‌, വാതിലിൽ മുട്ടിയതിനു ശേഷമാണ്‌ ഞങ്ങൾ അതു കണ്ടത്‌,” അവർ പറഞ്ഞു. തന്റെ മാതാപിതാക്കൾക്ക്‌ യഹോവയുടെ സാക്ഷികളെ ഇഷ്ടമില്ലെന്നും അത്‌ അവരുടെ വീടാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ആ പ്രദേശത്തു സാധാരണ കാണാറുള്ള അത്തരം സ്റ്റിക്കറുകളെ പ്രതി അദ്ദേഹത്തിനു കൂടുതൽ വിവരങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നായി.

ആ മനുഷ്യനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ ചെന്നു കാണാനുള്ള ക്രമീകരണം ആ സഹോദരിമാർ ചെയ്‌തു. അദ്ദേഹത്തിനും ഭാര്യയ്‌ക്കും ബൈബിൾ അധ്യയനം തുടങ്ങി. താമസിയാതെ അവർ യോഗങ്ങളിൽ സംബന്ധിക്കാനും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാനും തുടങ്ങി. താൻ മുമ്പൊരിക്കലും ബൈബിൾ തുറന്നുനോക്കുക പോലും ചെയ്‌തിരുന്നില്ല എന്ന്‌ ഭർത്താവു പറഞ്ഞു. എന്നാൽ അതു വായിക്കാനും മനസ്സിലാക്കാനും സാക്ഷികൾ അദ്ദേഹത്തെ സഹായിച്ചു.

കൊറിയയിൽ ഒരു ബ്യൂട്ടി പാർലർ നടത്തുന്ന ഒരു സഹോദരി ബൈബിളും യഹോവയുടെ സാക്ഷികൾ അച്ചടിക്കുന്ന മറ്റു പ്രസിദ്ധീകരണങ്ങളും മറ്റുള്ളവർക്കു കാണത്തക്ക വിധത്തിൽ തന്റെ പാർലറിൽ വെക്കാറുണ്ട്‌. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകത്തിന്റെ ഓഡിയോ കാസെറ്റും ആ സഹോദരി മിക്കപ്പോഴും പാർലറിൽ കേൾപ്പിക്കാറുണ്ട്‌. ഒരിക്കൽ അതു കേൾക്കാനിടയായ ഒരു സ്‌ത്രീ അതിന്റെ ഒരു പ്രതി വേണമെന്ന്‌ ആവശ്യപ്പെട്ടു, അവർക്ക്‌ ഒരു ബൈബിൾ അധ്യയനം ആരംഭിക്കുകയും ചെയ്‌തു. ആ ഓഡിയോ കാസെറ്റിനെ കുറിച്ച്‌ ഒരു പാസ്റ്ററുടെ ഭാര്യയും ചോദിക്കുകയുണ്ടായി. തന്റെ പള്ളിയിൽ ചിന്തോദ്ദീപകമായ ഇത്തരം വിവരങ്ങൾ ഒരിക്കലും കേട്ടിട്ടില്ലെന്നും ആ സ്‌ത്രീ പറഞ്ഞു. അവരും കാസെറ്റുകൾ ആവശ്യപ്പെടുകയും സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്‌തു. പ്രദർശനത്തിനു വെച്ചിരിക്കുന്ന സാഹിത്യങ്ങൾ നിമിത്തം ഒരു ബുദ്ധമതക്കാരിയും താത്‌പര്യം പ്രകടമാക്കി. ആ സ്‌ത്രീ ഇപ്പോൾ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്നു. അനൗപചാരിക സാക്ഷീകരണത്തിലൂടെ താൻ സമ്പർക്കത്തിൽ വന്നവരുടെ ആത്മീയ ആവശ്യങ്ങൾ നിവർത്തിക്കാൻ ആ സഹോദരി ഒരു നിരന്തര പയനിയർ ആയിത്തീർന്നു.

മലേഷ്യയിലെ ഒരു പ്രത്യേക പയനിയർ ദമ്പതികൾ റോഡിലൂടെ നടന്നുപോകുന്ന ഒരു മനുഷ്യനോടു സാക്ഷീകരിച്ചു. പല ചോദ്യങ്ങൾ ഉണ്ടായിരുന്നതിനാൽ, അദ്ദേഹം അവരെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന അവർ അദ്ദേഹവുമായി രസകരമായ ഒരു ചർച്ച നടത്തി. സഭാ പുസ്‌തക അധ്യയനത്തിനു പോകാനായി എഴുന്നേറ്റപ്പോൾ, അവർ അദ്ദേഹത്തെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച്‌ ആ യോഗത്തിൽ സംബന്ധിച്ച അദ്ദേഹം അതു ശരിക്കും ആസ്വദിച്ചു. യോഗാനന്തരം, അവർ അദ്ദേഹത്തിന്‌ ആവശ്യം ലഘുപത്രികയുടെ ഒരു പ്രതി കൊടുക്കുകയും പിറ്റേന്ന്‌ അദ്ദേഹത്തെ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്‌തു. അവർ എത്തിയപ്പോൾ, തലേന്ന്‌ യോഗത്തിനു ശേഷം വീട്ടിൽ മടങ്ങിവന്ന താൻ വെളുപ്പിന്‌ 4 മണിവരെ ഉറങ്ങാതെ വായിക്കുകയും പ്രാർഥിക്കുകയും ചെയ്‌തുകൊണ്ട്‌ ഇരുന്നതായി അദ്ദേഹം പറഞ്ഞു.

ഒരു ക്രൈസ്‌തവ സഭാ ശുശ്രൂഷകനായിരുന്നു ആ മനുഷ്യൻ. ദൈവശാസ്‌ത്ര സ്‌കൂളുകളിൽ നിരവധി വർഷങ്ങൾ പഠിച്ചെങ്കിലും, അദ്ദേഹത്തിനു ത്രിത്വോപദേശം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. തിരുവെഴുത്തുവിരുദ്ധമായ ആ പഠിപ്പിക്കലിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്ന ബൈബിൾ വാക്യങ്ങൾ ആവശ്യം ലഘുപത്രികയിൽ നൽകിയിരുന്നു. യഥാർഥത്തിൽ ദൈവം ആരെന്നു മനസ്സിലാക്കിയതിൽ വളരെ സന്തോഷം തോന്നിയ ആ മനുഷ്യൻ ആ ദമ്പതികളോടു പറഞ്ഞു: “ഞാൻ മേലാൽ ത്രിത്വത്തിൽ വിശ്വസിക്കുന്നില്ല.” അന്നു മുതൽ, പള്ളിയിൽ പ്രസംഗിക്കാൻ അദ്ദേഹം വിസമ്മതിച്ചു. പകരം, യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ അദ്ദേഹം സംബന്ധിക്കാൻ തുടങ്ങി.

ആ മനുഷ്യൻ സാക്ഷികളിൽനിന്നു ബൈബിൾ സാഹിത്യങ്ങൾ സ്വീകരിക്കുകയും ദൈവശാസ്‌ത്ര കോളെജിൽവെച്ച്‌ എടുത്തിരുന്ന കുറിപ്പുകളുമായി അതു താരതമ്യപ്പെടുത്തുകയും ചെയ്‌തു. രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ തന്റെ ജീവിതത്തിൽ സമൂല പരിവർത്തനം വരുത്താൻ അദ്ദേഹം തീരുമാനിച്ചു. സിംഗപ്പൂരിലുള്ള ട്രിനിറ്റി കോളെജിലെ ദൈവശാസ്‌ത്ര പഠനാർഥം ഇന്ത്യയിൽനിന്ന്‌ എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ, അദ്ദേഹം പറഞ്ഞു: “എനിക്ക്‌ ആ കോളെജിലേക്ക്‌ എങ്ങനെ പോകാൻ കഴിയും? അതിന്റെ പേരുതന്നെ ട്രിനിറ്റി [ത്രിത്വം] എന്നാണല്ലോ!” സാക്ഷികളെ കണ്ടുമുട്ടാനുള്ള ആകാംക്ഷയോടെ അദ്ദേഹം നാട്ടിലേക്കു മടങ്ങി. നന്ദി നിറഞ്ഞ ഹൃദയത്തോടെ ആ മനുഷ്യൻ പറഞ്ഞു: “ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു!”

കസാഖ്‌സ്ഥാനിലെ ഒരു സഹോദരിക്കു സ്വന്തം നാട്ടുകാരോടു സുവാർത്ത പ്രസംഗിക്കാൻ വലിയ ഭയമായിരുന്നു. പയനിയറിങ്‌ തുടങ്ങിയപ്പോൾ, മറ്റു വംശീയ കൂട്ടങ്ങളിലെ ആളുകൾ വസിക്കുന്ന ഒരു പ്രദേശത്താണ്‌ ആ സഹോദരി പ്രവർത്തിച്ചത്‌. എന്നാൽ, ഒരു ദിവസം തന്റെ പ്രദേശത്തു സുവാർത്ത പ്രസംഗിക്കുമ്പോൾ, അവർ ഒരു കസാഖ്‌സ്ഥാനി സ്‌ത്രീയെ കണ്ടുമുട്ടി. സഹോദരി ആ സ്‌ത്രീക്ക്‌ ഒരു ഉണരുക! മാസിക കൊടുത്തു, ആ സ്‌ത്രീ അതു സ്വീകരിച്ചു. ആ സ്‌ത്രീയുടെ അടുക്കൽ മടങ്ങിച്ചെല്ലാനുള്ള ധൈര്യം സംഭരിക്കാൻ നമ്മുടെ സഹോദരിക്കു രണ്ടാഴ്‌ച വേണ്ടിവന്നു. താൻ നേരത്തേ ചെല്ലാഞ്ഞതിൽ ആ സ്‌ത്രീക്കു വിഷമമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി അമ്പരന്നുപോയി. ആ സ്‌ത്രീ അക്ഷരാർഥത്തിൽ നമ്മുടെ സഹോദരിയെ കൈക്കു പിടിച്ചു തന്റെ അപ്പാർട്ടുമെന്റിലേക്കു വലിച്ചുകൊണ്ടുപോകുകയായിരുന്നു. എന്നിട്ട്‌ പരിജ്ഞാനം പുസ്‌തകം കാട്ടിക്കൊടുത്തുകൊണ്ടു പറഞ്ഞു: “നമുക്കു ബൈബിൾ പഠിക്കാം!” തന്റെ മൂത്ത മകൻ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആണെന്ന്‌ ആ സ്‌ത്രീ വിശദീകരിച്ചു. ആയിടെ നടന്ന ഒരു സർക്കിട്ട്‌ സമ്മേളനത്തിലായിരുന്നു അവൻ സ്‌നാപനമേറ്റത്‌. അവരുടെ ഇളയ മകൻ സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനാണ്‌, കൂടാതെ അവരുടെ മകളും അമ്മയുടെ സഹോദരീപുത്രനും സഹോദരപുത്രനും ഇപ്പോൾ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്നു. താനും ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നതായി ആ സ്‌ത്രീ പറഞ്ഞു.

ഒരു മധ്യപൂർവ ദേശത്ത്‌, ഒരു പ്രത്യേക പയനിയർ ജോൺ എന്ന ഒരാളെ കണ്ടുമുട്ടി. വീക്ഷാഗോപുരം, ഉണരുക! മാസികകൾക്കുള്ള വരിസംഖ്യകൾ പുതുക്കാൻ ആ മനുഷ്യന്‌ ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യയിലുള്ള തന്റെ മുത്തച്ഛൻ ദീർഘകാലമായി ഒരു സാക്ഷിയാണെന്ന്‌ ജോൺ പറഞ്ഞു. ഇന്ത്യയിൽ ആയിരുന്നപ്പോൾ ജോൺ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിച്ചിരുന്നെങ്കിലും, ഇപ്പോൾ 19 വർഷമായി അവിടെയല്ല താമസിക്കുന്നത്‌. തന്റെ പ്രദേശത്തുള്ള സാക്ഷികളെ എങ്ങനെ കണ്ടുമുട്ടാൻ കഴിയുമെന്ന്‌ അദ്ദേഹത്തിന്‌ അറിയില്ലായിരുന്നു.

പയനിയർ സഹോദരൻ ഒരു യോഗത്തിൽ സംബന്ധിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ, അതേ സമയത്തുതന്നെ തന്റെ വീട്ടിൽ താൻ ഒരു യോഗം നടത്തുന്നുണ്ടെന്നും അതു “ബൈബിൾ പഠനത്തിനും പ്രാർഥനയ്‌ക്കും” ഉള്ള ഒരു യോഗമാണെന്നും ജോൺ വിശദീകരിച്ചു. വീക്ഷാഗോപുരം മാസികയും പരിജ്ഞാനം പുസ്‌തകവും ഉപയോഗിച്ച്‌ ഇന്ത്യക്കാരായ മറ്റ്‌ 25 പേരുമായി ജോൺ ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. കുറെ വർഷങ്ങളായി അവർ വാരംതോറും ഇത്തരം യോഗം നടത്തിവരികയായിരുന്നു. ആ പ്രദേശത്തെ ഇംഗ്ലീഷ്‌ കൂട്ടത്തിൽ പ്രസാധകരായി 12 പേരേ ഉള്ളൂ. ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാരുടെ ആ കൂട്ടത്തെ സഹോദരങ്ങൾ സന്ദർശിച്ചു, അവരിൽ ആത്മീയ കാര്യങ്ങളെ കുറിച്ച്‌ അറിയാൻ താത്‌പര്യമുള്ളവരെ സഹായിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

നേപ്പാളിൽ, കൊറിയൻ സന്നദ്ധസേവകരുടെ മേൽനോട്ടത്തിലുള്ള ഒരു അനാഥാലയത്തിൽ ഒരു പെൺകുട്ടി താമസിച്ചിരുന്നു. അനാഥാലയത്തിലെ സ്‌കൂളിൽ അവളെ പഠിപ്പിച്ചിരുന്ന ഒരു അധ്യാപിക താൻ “യഥാർഥ ക്രിസ്‌ത്യാനികളെ” കണ്ടെത്തിയതായി കുട്ടികളോടു പറഞ്ഞു. താൻ ഒരു സത്യക്രിസ്‌ത്യാനി ആണെന്നായിരുന്നു അച്ഛനില്ലാത്ത ആ പെൺകുട്ടി വിശ്വസിച്ചുപോന്നത്‌. അവളുടെ അനാഥാലയത്തിന്റെ നടത്തിപ്പുകാരും ക്രിസ്‌ത്യാനികളാണ്‌ എന്ന്‌ അവകാശപ്പെട്ടിരുന്നതിനാൽ, അധ്യാപിക പറഞ്ഞതിന്റെ അർഥം എന്തായിരിക്കുമെന്ന്‌ ആ പെൺകുട്ടി അമ്പരന്നു. തന്റെ ജിജ്ഞാസ ശമിപ്പിക്കുന്നതിന്‌ ആ “യഥാർഥ ക്രിസ്‌ത്യാനികളെ” കാണാൻ അവൾ ആഗ്രഹിച്ചു. വാസ്‌തവത്തിൽ, അവളെ പഠിപ്പിച്ചിരുന്ന ആ അധ്യാപിക യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുകയും അവരുടെ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പെൺകുട്ടി ആ അധ്യാപികയോടൊപ്പം സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിച്ചു. അവിടെ താൻ കണ്ട കാര്യങ്ങളിൽ അങ്ങേയറ്റം മതിപ്പു തോന്നിയ പെൺകുട്ടി സത്വരം ഒരു ബൈബിൾ അധ്യയനം സ്വീകരിച്ചു. വളരെ പെട്ടെന്നു പുരോഗതി പ്രാപിച്ച അവൾ നാലു മാസത്തിനുള്ളിൽ സ്‌നാപനമേറ്റു. സ്‌നാപന ശേഷം, അവൾ സഹായ പയനിയറിങ്‌ തുടങ്ങി.

യൂറോപ്പ്‌

ബധിരരെ ബോധവത്‌കരിക്കാൻ വർഷംതോറും ഇംഗ്ലണ്ടിലെ ലണ്ടനിൽ ഒരു എക്‌സിബിഷൻ നടത്താറുണ്ട്‌. ആ എക്‌സിബിഷനിൽ ബൈബിളുകളും ബൈബിൾ സാഹിത്യങ്ങളും പ്രദർശിപ്പിക്കുന്നതിനായി യഹോവയുടെ സാക്ഷികൾ ഒരു സ്റ്റോൾ ക്രമീകരിച്ചു. അതിൽ ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്നതിന്റെ ബ്രിട്ടീഷ്‌ ആംഗ്യഭാഷയിലുള്ള വീഡിയോ പ്രസന്റേഷൻ ഉൾപ്പെടുത്തിയിരുന്നു. അവിടെ എത്തിയ ഒരു ബധിര സ്‌ത്രീ, താൻ കുറെ കാലമായി ബധിര സാക്ഷികളെ എല്ലായിടത്തും തിരയുകയായിരുന്നെന്നു പറഞ്ഞു. താൻ മംഗോളിയയിൽ ആയിരുന്നപ്പോൾ ഒരു ബധിര സാക്ഷി തന്നോട്‌ എപ്പോഴും സംസാരിച്ചിരുന്ന കാര്യവും അവർ വിശദീകരിച്ചു. എന്നാൽ, തന്റെ പിതാവു മരിച്ചപ്പോഴാണ്‌ ആ സ്‌ത്രീ പുനരുത്ഥാന പ്രത്യാശയെ ശരിക്കും വിലമതിച്ചത്‌. അങ്ങനെ അവർ വീണ്ടും ബൈബിൾ പഠിക്കാൻ തുടങ്ങി. ആറു മാസത്തിനുശേഷം ഇംഗ്ലണ്ടിലേക്കു താമസം മാറിയ അവർ അവിടെ ഒരു രാജ്യഹാൾ കണ്ടെത്തിയെങ്കിലും, അവിടത്തെ യോഗത്തിലെ കാര്യങ്ങൾ മനസ്സിലായില്ല. താൻ ബധിരയാണെന്ന കാര്യം അവർ സാക്ഷികളോടു പറഞ്ഞതുമില്ല. ബധിരരായ യഹോവയുടെ സാക്ഷികളെ കണ്ടെത്താൻ സഹായിക്കണേ എന്ന്‌ ആ സ്‌ത്രീ യഹോവയോടു പ്രാർഥിച്ചു, ഒടുവിൽ അവർ അവരെ കണ്ടെത്തുകതന്നെ ചെയ്‌തു. ഇപ്പോൾ ആ സ്‌ത്രീയും മകളും ബൈബിൾ പഠിക്കുകയും ആംഗ്യഭാഷാ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നു.

പോർച്ചുഗലിലെ ഒരു എട്ടു വയസ്സുകാരി സാക്ഷിയാണ്‌ ആൻഡ്രേയ. മാതാപിതാക്കൾ ബന്ധം വേർപിരിഞ്ഞതു മൂലം വളരെ ദുഃഖിതയായ ഒരു സഹപാഠിയെ അവൾ ശ്രദ്ധിക്കുകയുണ്ടായി. നിരവധി ദിവസങ്ങൾക്കു ശേഷം, ‘തകരുന്ന ദാമ്പത്യങ്ങൾ​—⁠പരിഹാരം സാധ്യമോ?’ എന്ന ആമുഖ ലേഖന പരമ്പരയോടു കൂടിയ ഉണരുക! (ഫെബ്രുവരി 8, 2001) ആൻഡ്രേയയ്‌ക്കു ലഭിച്ചു. ആ ലേഖനങ്ങൾ തന്റെ സഹപാഠിയുടെ മാതാപിതാക്കൾക്കു വളരെ ഉപകാരപ്പെടുമെന്ന്‌ അവൾ തന്റെ അമ്മയോട്‌ ആവേശപൂർവം പറഞ്ഞു. ആ മാസികയുടെ ഒരു പ്രതി തന്റെ സഹപാഠിയുടെ പിതാവിനും മറ്റൊരു പ്രതി അവളുടെ അമ്മയ്‌ക്കും നൽകാൻ ആൻഡ്രേയ ക്രമീകരണം ചെയ്‌തു.

അധികനാൾ കഴിയുന്നതിനു മുമ്പ്‌, ആ സഹപാഠി ആൻഡ്രേയയോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ അച്ഛനും അമ്മയും ഇപ്പോൾ ഒരുമിച്ചാണു താമസിക്കുന്നത്‌. നീ തന്ന മാസികയാണു തങ്ങളെ കൂട്ടിവരുത്തിയത്‌ എന്നു നിന്നോടു പറയാൻ ഡാഡി എന്നോടു പറഞ്ഞു!” തുടർന്ന്‌ ആൻഡ്രേയ ആ കുടുംബത്തിന്‌ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകം കൊടുത്തു. ആൻഡ്രേയയുടെ അമ്മ അവളുടെ സഹപാഠിയുടെ അമ്മയ്‌ക്ക്‌ ഇപ്പോൾ ബൈബിൾ അധ്യയനം എടുക്കുന്നുണ്ട്‌.

ഇറ്റലിയിലെ രണ്ടു സാക്ഷികൾ വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കെ, പ്രായംചെന്ന ഒരു മനുഷ്യനെ കണ്ടുമുട്ടി. അവർ അദ്ദേഹത്തിന്‌ വീക്ഷാഗോപുരം, ഉണരുക! മാസികകൾ കൊടുത്തു. തനിക്കു വായിക്കാൻ അറിയില്ലെന്ന്‌ ആ വൃദ്ധൻ അവരോടു പറഞ്ഞു. ഏഴാമത്തെ വയസ്സിൽ താനൊരു ആട്ടിടയൻ ആയ കാര്യം അദ്ദേഹം അവരെ അറിയിച്ചു. പിന്നത്തെ 15 വർഷം അദ്ദേഹം പർവതങ്ങളിൽ ആയിരുന്നു താമസിച്ചത്‌. കൂട്ടിന്‌ ആടുകൾ മാത്രം. അദ്ദേഹം ഒരിക്കലും സ്‌കൂളിൽ പോയിട്ടില്ല. ആടുകളെ മേയിച്ചുകൊണ്ടിരിക്കെ, ദൈവത്തെ മെച്ചമായി അറിയാൻ തന്നെ അനുവദിക്കണേ എന്ന്‌ അദ്ദേഹം മുട്ടിപ്പായി പ്രാർഥിക്കുമായിരുന്നു. തന്നെ സന്ദർശിക്കാൻ എത്തിയ സഹോദരന്മാരോട്‌ അദ്ദേഹം പറഞ്ഞു: “എനിക്ക്‌ നിങ്ങളുടെ മാസികകൾ വായിക്കാൻ കഴിഞ്ഞാൽ, അതൊരു സ്വപ്‌നസാക്ഷാത്‌കാരം ആയിരിക്കും.”

സഹോദരന്മാരിൽ ഒരാൾ അദ്ദേഹത്തോടു പറഞ്ഞു: “താങ്കളെ സംബന്ധിച്ചിടത്തോളം വായന പഠിക്കാൻ ഇനിയും വൈകിയിട്ടില്ല.” പിറ്റേന്ന്‌ ആ ആട്ടിടയൻ രാജ്യഹാളിൽ ചെന്നു. സാക്ഷികളുടെ സഹായത്തോടെ അയാൾ വായിക്കാനും എഴുതാനും പഠിച്ചു. ഇന്ന്‌, ആ വൃദ്ധ മനുഷ്യൻ പതിവായി ബൈബിൾ വായിക്കുകയും സുവാർത്ത അക്ഷീണം ഘോഷിക്കുകയും ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ ദ്വീപും 56,000-ത്തോളം മാത്രം ജനങ്ങൾ ഉള്ളതുമായ ഗ്രീൻലൻഡിനെ ഈ റിപ്പോർട്ടിൽ യൂറോപ്പിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ രാജ്യത്ത്‌ 7 സഭകളുണ്ട്‌. ചിലതു വളരെ ചെറുതാണ്‌.

ഇവിടെയുള്ള ഒരു സഭയിലെ സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനാണ്‌ ഹാരാൾ എന്ന പതിനഞ്ചുകാരൻ. അവന്റെ ക്ലാസ്സിലെ കുട്ടികൾ ഒരു നിരീക്ഷണപഠന യാത്രയ്‌ക്കു പോയപ്പോൾ അവൻ കൂടെ പോയില്ല. പകരം, അവൻ മറ്റൊരു ക്ലാസ്സിൽ സംബന്ധിച്ചു. അവിടെ കുട്ടികൾക്കു തങ്ങളുടെ മതത്തെ കുറിച്ചു സംസാരിക്കാൻ നിയമനം ലഭിച്ചിരുന്നു. അവർക്കു വിവരങ്ങൾ തയ്യാറാകാൻ രണ്ടു മാസത്തെ സമയം ഉണ്ടായിരുന്നെങ്കിലും, കുട്ടികളിൽ അധികം പേർക്കും ഒന്നുംതന്നെ പറയാനില്ലായിരുന്നു. സംസാരിച്ചവരാകട്ടെ ഏതാനും മിനിട്ടുകളേ സംസാരിച്ചുള്ളുതാനും. ആ ക്ലാസ്‌ പിരിച്ചുവിടുന്നതിനു പിന്നെയും അര മണിക്കൂർ കൂടി ഉണ്ടായിരുന്നതിനാൽ, ടീച്ചർ കുട്ടികളോടായി ചോദിച്ചു: “ഈ പീരിയഡിന്റെ ബാക്കിയുള്ള സമയം നാം എങ്ങനെ ഉപയോഗിക്കണം?” ആ ക്ലാസ്സിൽ സന്ദർശകനായി എത്തിയ ഹാരാൾ, തന്റെ മതത്തെ കുറിച്ചു പറയാൻ തനിക്കു സന്തോഷമേ ഉള്ളുവെന്നു പറഞ്ഞു.

ടീച്ചർ പറഞ്ഞു: “ഉറപ്പായും നീ സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? തയ്യാറാകാനുള്ള സമയം നിനക്കു കിട്ടിയില്ലല്ലോ.” താൻ തയ്യാറായിട്ടുണ്ടെന്നു ഹാരാൾ പറഞ്ഞു. അവൻ ക്ലാസ്സിലെ എല്ലാവർക്കും നല്ലൊരു സാക്ഷ്യം കൊടുത്തു. ഹാരാളിന്റെ ക്ലാസ്‌ ടീച്ചർ അത്‌ അറിഞ്ഞപ്പോൾ ആ ക്ലാസ്സിലും അതുപോലൊരു സാക്ഷ്യം നൽകണമെന്നു ഹാരാളിനോട്‌ ആവശ്യപ്പെട്ടു. വിവരങ്ങൾ തയ്യാറാകാൻ അവന്‌ ഒരാഴ്‌ചത്തെ സമയവും ലഭിച്ചു. തന്റെ സഹപാഠികളെയും ടീച്ചറെയും കാണിക്കാൻ അവൻ ചില ബൈബിൾ പ്രസിദ്ധീകരണങ്ങളും ക്ലാസ്സിൽ കൊണ്ടുവന്നിരുന്നു.

ഡെൻമാർക്കിലെ പിയ തന്റെ ഇളംകുഞ്ഞിനെ പള്ളിയിൽ കൊണ്ടുപോയി മാമ്മോദീസ മുക്കാൻ ആഗ്രഹിച്ചു. അവളുടെ ഭർത്താവിനു ശിശുസ്‌നാപനത്തിൽ വിശ്വാസമില്ലായിരുന്നു. അതുകൊണ്ട്‌ അക്കാര്യം സംബന്ധിച്ച്‌ അവർക്കിടയിൽ വാഗ്വാദമുണ്ടായി. ഒടുവിൽ, ഇക്കാര്യം തങ്ങളുടെ മതശുശ്രൂഷകനുമായി ചർച്ച ചെയ്യാൻ അവർ തീരുമാനിച്ചു. ശിശുസ്‌നാപനം തിരുവെഴുത്തുപരമല്ല എന്നു പുരോഹിതൻ അവരോടു പറഞ്ഞു. പിയയ്‌ക്ക്‌ സഭയോടും പുരോഹിതന്മാരോടും ദേഷ്യം തോന്നി. കാരണം, കഴിഞ്ഞ 32 വർഷമായി തെറ്റായ ഒരു സംഗതി വിശ്വസിക്കാനാണ്‌ അവർ അവളെ പഠിപ്പിച്ചത്‌. കുഞ്ഞിനെ മാമ്മോദീസ മുക്കേണ്ടതില്ലെന്നും ശരിയും തെറ്റും കണ്ടുപിടിക്കുന്നതിനു ബൈബിൾ വായിച്ചുനോക്കാനും അവൾ തീരുമാനിച്ചു.

ഒരു യഹോവയുടെ സാക്ഷി 2000 മേയിൽ പിയയെ സന്ദർശിച്ചു, പിയ ബൈബിൾ പഠിക്കാൻ സമ്മതിച്ചു. ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിച്ച ശേഷം പിയ ഇങ്ങനെ പറഞ്ഞു: “എല്ലാ കാര്യങ്ങളും എനിക്കു മനസ്സിലായിട്ടില്ല. എന്നാൽ ഒന്ന്‌ എനിക്കു മനസ്സിലായി, ഇവിടത്തെ ദേശീയ മതത്തിൽ സത്യം ഇല്ല.” സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധിക ആയിത്തീർന്ന പിയ സ്‌നാപനം എന്ന പടിയിലേക്കു സത്വരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌.

സ്ലോവേനിയയിൽ ഒരു സഹോദരൻ തന്റെ മകനുമൊത്ത്‌ ഒരു പാർക്കിൽ അൽപ്പസമയം ചെലവഴിക്കാൻ വന്നതായിരുന്നു. അവിടെ മറ്റു വിദ്യാർഥികളിൽനിന്ന്‌ ഒറ്റപ്പെട്ടിരിക്കുന്ന ഒരു പെൺകുട്ടിയെ അദ്ദേഹം ശ്രദ്ധിച്ചു. ആത്മീയ കാര്യങ്ങളെ കുറിച്ച്‌ സഹോദരൻ ആ പെൺകുട്ടിയോടു സംസാരിച്ചു. പിന്നീട്‌, അദ്ദേഹവും ഭാര്യയും സിൽവിയ എന്നു പേരുള്ള ആ കുട്ടിക്ക്‌ ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. അവൾ തന്റെ കൂട്ടുകാരനെയും ബൈബിൾ അധ്യയനത്തിനു കൊണ്ടുവന്നു, ഇപ്പോൾ അവനും ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്നു. സിൽവിയ ബൈബിൾ സത്യത്തെ കുറിച്ചു തന്റെ അമ്മയോടു സംസാരിച്ചു, അവരും പഠിക്കാൻ തുടങ്ങി. ഇപ്പോൾ അവർ മൂവരും രാജ്യഹാളിലെ യോഗങ്ങളിൽ പതിവായി സംബന്ധിക്കുന്നുണ്ട്‌. സിൽവിയ സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധിക ആയിത്തീർന്നിരിക്കുന്നു. രസാവഹമെന്നു പറയട്ടെ, ലോകം ഇന്നു വളരെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ ആയിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ തന്നെ സഹായിക്കണമേയെന്ന്‌ ആ സഹോദരനെ പാർക്കിൽവെച്ചു കണ്ടുമുട്ടിയ ദിവസം സിൽവിയ ദൈവത്തോടു പ്രാർഥിച്ചിരുന്നു.

സമീപ വർഷങ്ങളിൽ സ്‌പെയിനിലേക്ക്‌ ദക്ഷിണ, മധ്യ അമേരിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ഒരു പ്രവാഹംതന്നെ ഉണ്ടായിട്ടുണ്ട്‌. വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെട്ടിരുന്ന ഒരു പയനിയർ സഹോദരി കൊളംബിയയിൽനിന്നു വന്ന ഒരു സ്‌ത്രീയോടു പ്രസംഗിച്ചു. സുവാർത്ത ശ്രദ്ധാപൂർവം കേട്ട ആ സ്‌ത്രീ ഒരു ബൈബിൾ അധ്യയനം സ്വീകരിച്ചു. അടുത്ത പ്രാവശ്യം ചെന്നപ്പോൾ ആ സഹോദരി, അതേ അപ്പാർട്ടുമെന്റിൽ താമസിച്ചിരുന്ന മറ്റുള്ളവർക്കും ബൈബിൾ അധ്യയനം വാഗ്‌ദാനം ചെയ്‌തു, പലരും അതു സ്വീകരിച്ചു. ആ അപ്പാർട്ടുമെന്റിൽ ഉള്ളവർ കൂടെക്കൂടെ താമസം മാറിയിരുന്നതിനാൽ, ആ സഹോദരി അവിടെ കാണുന്ന എല്ലാവരോടും സാക്ഷീകരണം നടത്തി. ഇതുവരെ 20 ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ സഹോദരിക്കു കഴിഞ്ഞിട്ടുണ്ട്‌. ചിലർ അവിടെനിന്നു താമസം മാറിയിരിക്കുന്നതിനാൽ അവർ ബൈബിൾ പഠിക്കുന്നതിൽ തുടരുന്നുണ്ടോ എന്നു നിശ്ചയമില്ല. എന്നാൽ പത്ത്‌ അധ്യയനങ്ങൾ സ്ഥിരമായി നടത്തപ്പെടുന്നുണ്ട്‌, ചില വിദ്യാർഥികൾ യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങിയിരിക്കുന്നു.

ക്രീറ്റിലെ 82 വയസ്സുള്ള ഒരു സ്‌ത്രീ കഴിഞ്ഞ 40 വർഷമായി സുവാർത്ത കേൾക്കുന്നുണ്ടായിരുന്നു, എങ്കിലും, അടുത്ത കാലത്തു മാത്രമാണ്‌ അവർ സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധിക ആയിത്തീർന്നത്‌. ഒരു പ്രത്യേക പയനിയർ സഹോദരി അവരിൽ പ്രകടമാക്കിയ വ്യക്തിപരമായ താത്‌പര്യമാണു പുരോഗതി വരുത്താൻ അവരെ സഹായിച്ചത്‌, ഇപ്പോൾ അവർ സ്‌നാപനമേറ്റിരിക്കുന്നു.

അവരുടെ കുടുംബത്തിലെ മറ്റുള്ളവരും ബൈബിൾ പഠിക്കാൻ തുടങ്ങി. ആ വൃദ്ധയുടെ 86 വയസ്സുള്ള ഭർത്താവ്‌ 60 വർഷമായുള്ള പുകവലി ശീലം നിറുത്തുകയും സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകൻ ആയിത്തീരുകയും ചെയ്‌തു. ഈ ദമ്പതികളുടെ 55 വയസ്സുള്ള മകളും ബൈബിൾ പഠിക്കുന്നതിൽ പുരോഗതി വരുത്തിക്കൊണ്ടിരിക്കുകയാണ്‌. അവരും ഇപ്പോൾ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്‌, മാത്രമല്ല പുകവലി നിറുത്തുകയും ചെയ്‌തിരിക്കുന്നു. കൂടാതെ, ഈ ദമ്പതികളുടെ പ്രപൗത്രൻ ബൈബിൾ പഠിക്കാൻ തുടങ്ങുകയും ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തിരിക്കുന്നു.

എസ്‌തോണിയയിൽ ഒരു മിഷനറി സഹോദരി, താൻ താമസിക്കുന്ന കെട്ടിടത്തിന്‌ അടുത്തുള്ള ഒരു അപ്പാർട്ടുമെന്റ്‌ കെട്ടിടത്തിൽ സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കെ, സ്‌നേഹമുള്ള ഒരു ഭർത്താവാണോ അവർക്കുള്ളത്‌ എന്ന്‌ ഒരു സ്‌ത്രീ ചോദിച്ചു. അതേ എന്നു സഹോദരി മറുപടി പറഞ്ഞു. അവർ എവിടെയാണു താമസിക്കുന്നതെന്ന്‌ ആ സ്‌ത്രീ തിരക്കി. അടുത്തുള്ള കെട്ടിടത്തിലാണെന്നു സഹോദരി പറഞ്ഞു. അപ്പോഴവർ ആവേശത്തോടെ പറഞ്ഞു: “അപ്പോൾ, അതു നിങ്ങളാണല്ലേ​—⁠അതു നിങ്ങൾതന്നെ ആയിരിക്കണം. നിങ്ങൾ പലപ്പോഴും ബാൽക്കണിയിൽ ഇരുന്നു ഭക്ഷണം കഴിക്കാറുണ്ട്‌, ഇല്ലേ?”

സഹോദരി പറഞ്ഞു: “ഉണ്ട്‌, ഭർത്താവുമൊന്നിച്ച്‌.”

സ്‌ത്രീ: “കുറെ നാളായി ഞാൻ നിങ്ങളെ നിരീക്ഷിക്കുകയായിരുന്നു. നിങ്ങളുടെ ഭർത്താവ്‌ ഒരു ഏപ്രൺ ധരിക്കുന്നു, അദ്ദേഹമാണു മിക്കപ്പോഴും ഭക്ഷണം വിളമ്പുന്നത്‌. നിങ്ങളുടേതു വളരെ സന്തുഷ്ടമായ ദാമ്പത്യജീവിതമാണെന്ന്‌ എനിക്കു കാണാൻ കഴിയുന്നു! എന്റെ അപ്പാർട്ടുമെന്റിൽനിന്നു നിങ്ങളെ കാണാൻ കഴിയാത്തതുകൊണ്ട്‌ ഞാൻ സുഹൃത്തിന്റെ ബാൽക്കണിയിൽ പോയിരുന്നാണു നിങ്ങളെ നിരീക്ഷിക്കുന്നത്‌. ഭക്ഷണത്തിനു മുമ്പ്‌ നിങ്ങൾ എപ്പോഴും പ്രാർഥിക്കുന്നതു ഞാൻ കാണാറുണ്ട്‌. വളരെ നല്ല കാര്യം. ദയവായി, അകത്തേക്കു വരൂ!” ഇപ്പോൾ സഹോദരി ആ സ്‌ത്രീക്കു പതിവായി മടക്കസന്ദർശനം നടത്തുന്നു.

ഓഷ്യാനിയ

ഭൂമിയുടെ ഈ മേഖല മെലനേഷ്യ, മൈക്രോനേഷ്യ, പോളിനേഷ്യ തുടങ്ങി ശാന്തസമുദ്രത്തിന്റെ ദക്ഷിണ, പശ്ചിമ, മധ്യ ഭാഗങ്ങളിലുള്ള ദ്വീപുകൾ അടങ്ങുന്നതാണ്‌. കൂടാതെ, ഓസ്‌ട്രേലിയയും ന്യൂസിലൻഡും മലയ ദ്വീപസമൂഹവും ഹവായി ദ്വീപുകളും ഇതിൽ പെടും.

ഒരു ദിവസം ന്യൂസിലൻഡിലെ രണ്ടു സഹോദരിമാർ ഒരു സ്‌ത്രീ തന്റെ പൂന്തോട്ടത്തിൽ ജോലി ചെയ്യുന്നതു കാണാൻ ഇടയായി. അവർ മുന്നോട്ടു വന്ന്‌ ഒരു മുളച്ചെടി പിഴുതുമാറ്റാൻ ആ സ്‌ത്രീയെ സഹായിച്ചു. അവർ ചെയ്‌ത ഉപകാരത്തിൽ വിസ്‌മയം തോന്നിയ ആ സ്‌ത്രീ അവർക്കു കാപ്പി കൊടുത്തു, അവരാകട്ടെ ആ സ്‌ത്രീയോടു സാക്ഷീകരിക്കുകയും ചെയ്‌തു. സംഭവിച്ച സംഗതിയെ കുറിച്ച്‌ ആ സ്‌ത്രീ അവിടത്തെ ഒരു പത്രത്തിന്‌ എഴുതി. സാക്ഷികൾ പ്രകടമാക്കിയ ദയയെപ്രതി അവർ മനോഹരമായ ഒരു ബൊക്കെ അർഹിക്കുന്നു എന്ന്‌ അറിയിക്കാൻ പത്രമോഫീസ്‌ അവിടത്തെ സഭയുമായി ബന്ധപ്പെട്ടു.

പത്രത്തിൽ വന്ന ലേഖനം ഇങ്ങനെ പ്രസ്‌താവിച്ചു: “ആവശ്യമില്ലായിരുന്ന ഒരു മുള പറിച്ചുകളയാൻ യഹോവയുടെ സാക്ഷികൾ ഒരു വിധവയെ സഹായിച്ചപ്പോൾ ഏതൊരു സാഹചര്യത്തിലും തങ്ങൾ സ്വാഭാവികമായും ചെയ്യുമായിരുന്ന ഒരു സംഗതി​—⁠സഹായം ആവശ്യമുള്ള ഒരാളെ സഹായിക്കുന്നത്‌​—⁠അവർ ചെയ്യുകയായിരുന്നു. ആ ദയാപ്രവൃത്തി ആയിരുന്നു ആ സ്‌ത്രീയെ സംബന്ധിച്ചിടത്തോളം അന്നത്തെ ഏറ്റവും പ്രധാന സംഭവം. അതിൽ അങ്ങേയറ്റം കൃതജ്ഞത തോന്നിയ അവർ അക്കാര്യം ഞങ്ങളെ അറിയിച്ചു. ആഗസ്റ്റ്‌ മാസത്തേക്കുള്ള ബൊക്കെ അർഹിക്കുന്ന സംഭവമായി ഈ കഥ തിരഞ്ഞെടുക്കപ്പെട്ടു. തങ്ങളുടെ സത്‌പ്രവൃത്തി പോലെതന്നെ ഈ ബൊക്കെയും ആ സാക്ഷികളെ സന്തോഷിപ്പിക്കുമെന്നു ഞങ്ങൾ കരുതുന്നു.”

വനുവാട്ടു ദ്വീപുകളിൽ ഒന്നിൽ രണ്ടു പയനിയർ സഹോദരിമാർ, ഒരു കടയിൽ ജോലി ചെയ്‌തിരുന്ന ഒരു പെൺകുട്ടിക്കു സാക്ഷ്യം നൽകി. അവൾ ആവശ്യം ലഘുപത്രിക സ്വീകരിക്കുകയും ഒരു ബൈബിൾ അധ്യയനത്തിനു സമ്മതിക്കുകയും ചെയ്‌തു. അവളുടെ പിതാവ്‌ ശക്തമായി എതിർത്തു. അവൾ സാക്ഷികളോടൊത്തു പഠിക്കുന്നത്‌ ഇഷ്ടമില്ലായിരുന്ന അയാൾ അവളുടെ ബൈബിൾ സാഹിത്യങ്ങൾ നശിപ്പിക്കുകയും അവളെ പൊതിരെ തല്ലുകയും ചെയ്‌തു. ഒടുവിൽ അവളെ വീട്ടിൽനിന്ന്‌ ഇറക്കിവിട്ടു. എന്നാൽ, അവൾ ക്രമേണ ബൈബിൾ സത്യത്തിൽ പുരോഗമിച്ചു. യോഗങ്ങളിൽ സംബന്ധിക്കാനും ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്താനും തുടങ്ങി. (ഗലാ. 5:22, 23) ആദരവോടു കൂടിയ അവളുടെ പെരുമാറ്റം ആ പിതാവിൽ മതിപ്പുളവാക്കി. അദ്ദേഹം ശാന്തനാകുകയും അവളെ തന്റെ വീട്ടിലേക്കു തിരിച്ചു വിളിക്കുകയും ചെയ്‌തു. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ ചേർന്ന അവൾ അയൽദ്വീപായ സാന്റോയിൽ നടന്ന സർക്കിട്ട്‌ സമ്മേളനത്തിൽ ആദ്യമായി സംബന്ധിച്ചു. അവിടേക്കുള്ള യാത്രയ്‌ക്കു പണം എങ്ങനെ കിട്ടി എന്നു ചോദിച്ചപ്പോൾ, അവൾ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: “ടിക്കറ്റിനുള്ള പണം മുടക്കിയത്‌ ഡാഡിയാണ്‌.”

ഹവായിയിലെ തന്റെ വീട്ടിൽ സാക്ഷികൾ സന്ദർശിക്കുമ്പോഴൊക്കെ മാസികകൾ സ്വീകരിച്ചിരുന്ന ഒരു സൗഹാർദ മനസ്‌കൻ ആയിരുന്നു ക്ലാരൻസ്‌. ഒരിക്കൽ ക്ലാരൻസിനെ കണ്ടുമുട്ടിയ ഒരു പയനിയർ, അദ്ദേഹത്തിന്റെ കൈവശം നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം ഉള്ളതു ശ്രദ്ധിച്ചു. പയനിയർ അദ്ദേഹത്തിന്‌ ഒരു ബൈബിൾ അധ്യയനം വാഗ്‌ദാനം ചെയ്‌തു. ബൈബിളിനെ കുറിച്ചു പഠിക്കാൻ തനിക്ക്‌ എന്നും ആഗ്രഹമുണ്ടായിരുന്നു എന്നു പറഞ്ഞുകൊണ്ട്‌ ക്ലാരൻസ്‌ സന്തോഷപൂർവം അതിനു സമ്മതിച്ചു. ക്ലാരൻസ്‌ ബൈബിൾ അധ്യയനത്തിനു നന്നായി തയ്യാറാകുകയും സഭായോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്‌തു.

ജീവിതത്തിൽ ക്ലാരൻസിനു പല മാറ്റങ്ങളും വരുത്തേണ്ടിവന്നു. ഒന്നാം ലോകമഹായുദ്ധകാല ഭടൻ ആയിരുന്ന അദ്ദേഹം, വിശേഷദിവസങ്ങളിൽ തന്നെപ്പോലുള്ള മറ്റു ഭടന്മാരോടൊപ്പം അഭിമാനപൂർവം പരേഡുകളിൽ പങ്കെടുത്തിരുന്നു. മാത്രമല്ല, ക്രിസ്‌തുമസ്സ്‌ കാലത്ത്‌ ‘സാൽവേഷൻ ആർമി’യുടെ ഭണ്ഡാരപ്പെട്ടിയുടെ അടുക്കൽ അദ്ദേഹം സ്വമേധയാ ചെന്നു മണി മുഴക്കുമായിരുന്നു. സാത്താന്റെ ലോകത്തിന്റെ ഭാഗം അല്ലാതിരിക്കുന്നതിന്റെ അർഥം ശരിക്കു മനസ്സിലാക്കാൻ അദ്ദേഹത്തിനു കുറെ സമയം വേണ്ടിവന്നു. എങ്കിലും ഒടുവിൽ, ശുശ്രൂഷയിൽ പങ്കെടുക്കാൻ അദ്ദേഹം യോഗ്യത നേടി.

എൺപത്തഞ്ചാമത്തെ വയസ്സിൽ സ്‌നാപനമേറ്റ ക്ലാരൻസ്‌ ഇപ്പോഴും ശുശ്രൂഷയിൽ സജീവമായി പങ്കുപറ്റുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ അദ്ദേഹം വിദ്യാർഥി പ്രസംഗങ്ങൾ നടത്തുന്നു. ‘സിഡി-റോമി’ലെ വാച്ച്‌ടവർ ലൈബ്രറി ഉപയോഗിച്ച്‌ കമ്പ്യൂട്ടറിൽ ഗവേഷണം നടത്താൻ അദ്ദേഹം പഠിച്ചിരിക്കുന്നു. ഉറച്ച ബോധ്യത്തോടെ ക്ലാരൻസ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു, യാതൊന്നിനും യഹോവയെ സേവിക്കുന്നതിൽനിന്ന്‌ എന്നെ പിന്തിരിപ്പിക്കാനാവില്ല.”

ഓസ്‌ട്രേലിയയിലെ ഒരു സഹോദരി ടെലിഫോൺ സാക്ഷീകരണത്തിനിടെ, ഒരാളോട്‌ ബൈബിൾ ചർച്ചയ്‌ക്കായി ആഴ്‌ചയിൽ 15 മിനിട്ട്‌ നീക്കിവെക്കാൻ സാധിക്കുമോ എന്നു ചോദിച്ചു. തനിക്ക്‌ അതിനു സാധിക്കില്ലായിരിക്കും എന്ന്‌ അയാൾ പറഞ്ഞു. “അഞ്ചു മിനിട്ട്‌ ആയാലോ?” സഹോദരി ചോദിച്ചു. അദ്ദേഹം മടിയോടെ അതു സമ്മതിച്ചു. പിറ്റേ വാരം മുതൽ അവർ അഞ്ചു മിനിട്ട്‌ നേരത്തേക്കു പഠിക്കാൻ ആരംഭിച്ചു. താമസിയാതെ, അദ്ദേഹം ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. പഠനം അഞ്ചു മിനിട്ടിൽ ഒതുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതിനാൽ സഹോദരി ഇങ്ങനെ പറയുമായിരുന്നു: “അതൊരു നല്ല ചോദ്യമാണ്‌. പക്ഷേ, നമ്മുടെ സമയം തീർന്നല്ലോ. അതുകൊണ്ട്‌ നമുക്കത്‌ അടുത്ത പ്രാവശ്യം ചർച്ച ചെയ്യാം. ഗുഡ്‌-ബൈ.”

യഥാർഥ മതം ഏതെന്നു തനിക്ക്‌ എങ്ങനെ അറിയാൻ കഴിയുമെന്നു ചോദിച്ചപ്പോൾ, സഹോദരി അതിന്റെ ചർച്ച അടുത്ത പ്രാവശ്യത്തേക്കു മാറ്റിവെച്ചു. പിറ്റേ വാരത്തിലെ പഠനം കഴിഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു: “യഹോവയുടെ സാക്ഷികളുടെ പക്കൽ ശരിയായ മതം ഉണ്ടായിരിക്കണം. പക്ഷേ അതങ്ങ്‌ കണ്ണുമടച്ചു വിശ്വസിച്ച്‌ മതം മാറാൻ എനിക്കു കഴിയില്ല. ഞാൻ കൂടുതൽ അറിവു നേടേണ്ടതുണ്ടെന്ന്‌ എനിക്കു തോന്നുന്നു.” അദ്ദേഹത്തിന്റെ താത്‌പര്യം വർധിച്ചപ്പോൾ, പഠനദൈർഘ്യം 5 മിനിട്ടിൽനിന്ന്‌ 30 മിനിട്ടാക്കി വർധിപ്പിച്ചു.

ആവശ്യം ലഘുപത്രിക പഠിച്ചുകഴിഞ്ഞപ്പോൾ, ഇതുവരെ അദ്ദേഹം പഠിച്ച കാര്യങ്ങളെ കുറിച്ചു ചർച്ച ചെയ്യാൻ തനിക്കും ഭർത്താവിനും അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലാമോ എന്നു സഹോദരി ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. അവർ അദ്ദേഹത്തെ സന്ദർശിച്ച്‌, കഴിഞ്ഞ ആറു മാസമായി അദ്ദേഹത്തെ സഹായിക്കാൻ പദവി ലഭിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു. മാത്രമല്ല, പഠനം തുടരാൻ അവർ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ഇപ്പോൾ ആ സഹോദരിയുടെ ഭർത്താവ്‌ അദ്ദേഹത്തിനു ബൈബിൾ അധ്യയനം എടുക്കാൻ ആഴ്‌ചതോറും അവിടെ പോകുന്നു.

ഗ്രാമപ്രദേശങ്ങളിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടായതുകൊണ്ട്‌ പാപ്പുവ ന്യൂഗിനിയുടെ പല ഭാഗങ്ങളിലും സുവാർത്ത എത്തിയിട്ടില്ല. പൊതുവേ, ഈ ഗ്രാമപ്രദേശങ്ങളിലെ ആളുകളെ കണ്ടുമുട്ടാൻ സാധിക്കുന്നത്‌ അവർ സാധനങ്ങൾ വാങ്ങാൻ പട്ടണത്തിൽ വരുമ്പോഴാണ്‌. അങ്ങനെ വന്ന ഒരു മനുഷ്യന്‌ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി ലഭിച്ചു. അതു വായിച്ച ശേഷം, കൂടുതൽ വിവരങ്ങൾക്കായി അയാൾ ബ്രാഞ്ച്‌ ഓഫീസിന്‌ എഴുതി. അദ്ദേഹവുമായി ബന്ധപ്പെടുന്നതിന്‌ ബ്രാഞ്ച്‌ ഒരു മിഷനറിയെ നിയോഗിച്ചു. എന്നാൽ കത്തിലൂടെ മാത്രമേ ബന്ധപ്പെടാൻ സാധിക്കുമായിരുന്നുള്ളൂ. അങ്ങനെ താത്‌പര്യക്കാരായ പലരുമായി കത്തു മുഖേന നിരവധി അധ്യയനങ്ങൾ ആരംഭിച്ചു.

ആ പ്രദേശം സന്ദർശിക്കാൻ ദൃഢനിശ്ചയം ചെയ്‌ത ചില മിഷനറിമാർ ഒരു ജീപ്പിൽ അവിടേക്കു പുറപ്പെട്ടു. അവർ സ്ഥലത്ത്‌ എത്താൻ ആറു മണിക്കൂർ എടുത്തു. യാത്രയിൽ അധികവും അപകടം പിടിച്ച ഒരു റോഡിലൂടെ ആയിരുന്നു. കുറ്റിക്കാടുകളിലൂടെയും ഇടുങ്ങിയ മലഞ്ചെരിവുകളിലൂടെയും നദി കടന്നും മറ്റും വേണമായിരുന്നു പോകാൻ. ഒരു ഘട്ടത്തിൽ നദിയുടെ അടിത്തട്ടുതന്നെ ആയിരുന്നു “റോഡ്‌.” ലക്ഷ്യസ്ഥാനത്ത്‌ എത്തിയപ്പോൾ 10-12 കിലോമീറ്റർ വിസ്‌താരത്തിലുള്ള ഒരു സമതലപ്രദേശം അവർ കണ്ടു. ചുറ്റും ഹരിതാഭമായ, വൃക്ഷനിബിഡമായ മലകൾ മേഘങ്ങളെ ചുംബിച്ചു നിൽക്കുന്നു. ഭൂതകാലത്തിലേക്കു കാലെടുത്തു വെച്ചപോലുള്ള ഒരു പ്രതീതി ഉളവാക്കുന്ന ഒന്നായിരുന്നു അത്‌. മുൻ നൂറ്റാണ്ടുകളിലെപ്പോലെ, മുളകൾകൊണ്ടു നിർമിച്ച വീടുകൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്‌. മിഷനറിമാർ എത്തി എന്നു കേട്ട ഉടനെ ആളുകളെല്ലാം ഉത്സാഹത്തോടെ അവിടെ കൂടിവന്നു. അവരിൽ പലരും മുമ്പൊരിക്കലും യഹോവയുടെ സാക്ഷികളെ കണ്ടിരുന്നില്ലെങ്കിലും, വാരത്തിൽ രണ്ടു പ്രാവശ്യം അവർ വീക്ഷാഗോപുരം പഠിക്കുന്നുണ്ടായിരുന്നു. എല്ലാവരുംതന്നെ ലൂഥറൻ സഭയുമായുള്ള തങ്ങളുടെ ബന്ധം ഉപേക്ഷിച്ചിരുന്നു.

യോഗങ്ങൾ എങ്ങനെ നടത്താമെന്നു മിഷനറിമാർ അവർക്കു കാണിച്ചുകൊടുത്തു. പിറ്റേന്നു രാവിലെ 8 മണിക്ക്‌ ഒരു പരസ്യപ്രസംഗം ഉണ്ടായിരിക്കുമെന്നും അവർ അറിയിച്ചു. ചില പുരുഷന്മാർ അന്ന്‌ വെളുപ്പിന്‌ 4:​30-ന്‌ എഴുന്നേറ്റ്‌ അടുത്തുള്ള ഗ്രാമത്തിൽ ചെന്ന്‌ ആളുകളെ പ്രസംഗത്തിനു ക്ഷണിച്ചു. ബാക്കിയുള്ള ഗ്രാമവാസികൾ യോഗത്തിനായി ഒരു ഹാൾ ഉണ്ടാക്കി. വലിയ ശാഖകൾ ബെഞ്ചുകളായും ഇലയുള്ള ശിഖരങ്ങൾ തണലിനു വേണ്ടിയും അവർ ഉപയോഗിച്ചു. പ്രസംഗപീഠം ഉണ്ടാക്കിയതു മുളകൊണ്ടാണ്‌. എല്ലാവരും വലിയ ഉത്സാഹത്തിലായിരുന്നു. ആ യോഗത്തിന്‌ ആകെ 44 പേർ കൂടിവന്നു. 11 പേർ തപാൽവഴി ബൈബിൾ പഠിക്കുന്നതിനു തങ്ങളുടെ പേരുകൾ നൽകി. അവശരായാണ്‌ മിഷനറിമാർ മടങ്ങിയെത്തിയതെങ്കിലും, തങ്ങൾക്കു നിർവഹിക്കാൻ കഴിഞ്ഞ കാര്യങ്ങളെ പ്രതി അവർ അങ്ങേയറ്റം കൃതാർഥരായിരുന്നു.

[45-ാം പേജിലെ ചിത്രം]

സാംബിയയിലെ എട്ടു വയസ്സുകാരനായ ഗ്രാന്റ്‌ നിരവധി ബൈബിൾ അധ്യയനങ്ങൾ നടത്തുന്നു

[57-ാം പേജിലെ ചിത്രം]

ഇംഗ്ലണ്ടിൽ ബധിരർക്കായുള്ള എക്‌സിബിഷനിൽ ഉപയോഗിച്ച സ്റ്റോൾ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക