ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ
കുറെസോ:
ഭൂപടത്തിൽ നോക്കിയാൽ കുറെസോ, അരൂബ, ബെണേർ എന്നീ ദ്വീപുകൾ അവയോടു ചേർന്നുകിടക്കുന്ന വലിയ ഭൂഖണ്ഡങ്ങളോടുള്ള താരതമ്യത്തിൽ വളരെ ചെറുതായി കാണാം. എങ്കിലും, ഈ ദ്വീപുകളിൽ അനേക രാജ്യങ്ങളിലും സംസ്കാരങ്ങളിലും നിന്നുള്ള ആളുകൾ വസിക്കുന്നു. ഈ മൂന്നു കരീബിയൻ ദ്വീപുകളിലുമുള്ള അനേകർ ഇപ്പോൾ യഹോവയുടെ നീതിയുള്ള ഭരണാധിപത്യത്തിൽ സന്തോഷിക്കുന്നു. ബൈബിൾ സത്യത്തിന്റെ നിർമല ഭാഷ പഠിപ്പിക്കുന്നതിന് ഇവിടത്തെ തീക്ഷ്ണതയുള്ള സാക്ഷികൾ സംസ്കാര-ഭാഷാ വൈവിധ്യത്തിന്റെ വെല്ലുവിളികളെ എങ്ങനെ മറികടന്നിരിക്കുന്നു എന്നതിനെ കുറിച്ചു വായിക്കുക.
യൂക്രെയിൻ:
1951 ഏപ്രിൽ 8. പട്ടാള ട്രക്കുകളുടെ കാതടപ്പിക്കുന്ന ശബ്ദം പ്രഭാത നിശ്ശബ്ദതയെ ഭഞ്ജിച്ചു. പടിഞ്ഞാറൻ യൂക്രെയിനിൽ ഉടനീളം, പട്ടാളക്കാർ യഹോവയുടെ സാക്ഷികളുടെ ഭവനങ്ങളിൽ ചെന്നു. ഒരു യാത്രയ്ക്കായി സാധനങ്ങൾ പൊതിഞ്ഞുകെട്ടാൻ അവർ ഓരോ കുടുംബത്തിനും രണ്ടു മണിക്കൂർ അനുവദിച്ചു. അനേകരെയും സംബന്ധിച്ചിടത്തോളം, ഒരു തിരിച്ചുവരവില്ലാത്ത യാത്ര ആയിരുന്നു അത്. ആ ദിവസം 6,100-ലധികം സാക്ഷികളെ വാഗണുകളിൽ കയറ്റി സൈബീരിയയിലേക്കു നാടുകടത്തി. ദൈവരാജ്യത്തെ കുറിച്ചു ഘോഷിക്കാൻ ധൈര്യപ്പെടുന്ന ഏതൊരാളെയും നിശ്ശബ്ദനാക്കാനായി പ്രബലമായ സോവിയറ്റ് യൂണിയൻ ആവിഷ്കരിച്ച സുദീർഘമായ പദ്ധതിയുടെ ഭാഗമായിരുന്നു ആ സൈനിക നടപടി. യൂക്രെയിനിയൻ സാക്ഷികൾ 50-ലധികം വർഷം നിരോധനവും പീഡനവും സഹിച്ചുനിന്നത് എങ്ങനെ എന്നതു സംബന്ധിച്ച ആവേശജനകമായ കഥ, തന്റെ ജനത്തെ താങ്ങിനിറുത്താനുള്ള യഹോവയുടെ ശക്തിയിലുള്ള നമ്മുടെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ്.