പ്രബുദ്ധരാക്കുന്ന, പ്രചോദനം പകരുന്ന ഒരു വീഡിയോ!
അതു സംഭവിച്ചത് 1951 ഏപ്രിൽ മാസമായിരുന്നു. മുൻ സോവിയറ്റ് യൂണിയനിലെ ആയിരക്കണക്കിനു യഹോവയുടെ സാക്ഷികളെ കുടുംബത്തോടെ തിരഞ്ഞു പിടിച്ച് ട്രെയിനുകളിൽ കയറ്റി സൈബീരിയയിലേക്കു നാടുകടത്തി. ശക്തമായ സോവിയറ്റ് ഭരണകൂടം യഹോവയുടെ സാക്ഷികളെ ഉന്മൂലനം ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയത് എന്തുകൊണ്ടായിരുന്നു? ദശകങ്ങൾ നീണ്ടുനിന്ന കൊടിയ പീഡനങ്ങളിന്മധ്യേ നമ്മുടെ സഹോദരങ്ങൾ അതിജീവിക്കുക മാത്രമല്ല എണ്ണത്തിൽ വർധിക്കുകയും ചെയ്തത് എങ്ങനെയായിരുന്നു? പരിശോധനകളിന്മധ്യേ വിശ്വസ്തർ—സോവിയറ്റ് യൂണിയനിലെ യഹോവയുടെ സാക്ഷികൾ എന്ന വീഡിയോ ഇതിന് ഉത്തരം നൽകുന്നു. അതു കാണുക, എന്തുതന്നെ സംഭവിച്ചാലും യഹോവയോടുള്ള വിശ്വസ്തത മുറുകെപ്പിടിക്കാൻ അതിന്റെ പ്രബോധനാത്മകമായ സന്ദേശം നിങ്ങളെ പ്രചോദിപ്പിക്കട്ടെ!
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കു കഴിയുമോ? (1) റഷ്യയിൽ യഹോവയുടെ സാക്ഷികൾക്ക് ആദ്യമായി ഔദ്യോഗിക അംഗീകാരം ലഭിച്ചത് എന്നാണ്? (2) രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പും പിമ്പും സോവിയറ്റ് യൂണിയനിൽ കൂടുതലായി ആയിരക്കണക്കിനു സാക്ഷിക്കുടുംബങ്ങൾ ഉണ്ടായത് എങ്ങനെ? (3) അവരുടെ വിശ്വാസം ലെനിന്റെ തത്ത്വചിന്തയ്ക്ക് കടകവിരുദ്ധമായിരുന്നത് എങ്ങനെ? (4) എന്തായിരുന്നു ‘ഓപ്പറേഷൻ നോർത്ത്’, അതു മുഖാന്തരം എന്തു സാധിക്കാമെന്നാണ് സ്റ്റാലിൻ പ്രത്യാശിച്ചത്? (5) നാടുകടത്തൽ സാക്ഷികൾക്ക് എന്തർഥമാക്കി, നാടുകടത്താതിരിക്കണമെങ്കിൽ എന്തുചെയ്യണം എന്നാണ് അവരോടു പറഞ്ഞത്? (6) സൈബീരിയയിലേക്കുള്ള സുദീർഘമായ ട്രെയിൻ യാത്രയിൽ സഹോദരീസഹോദരന്മാർ എങ്ങനെയാണ് അന്യോന്യം പ്രോത്സാഹിപ്പിക്കുകയും തങ്ങളെ ബന്ദികളാക്കിയവരെ അതിശയിപ്പിക്കുകയും ചെയ്തത്? (7) സൈബീരിയയിൽ വെച്ച് സാക്ഷികൾ എന്തെല്ലാം ദുരിതങ്ങൾ സഹിച്ചു? (8) ഏത് ആത്മീയ കരുതലാണ് യഹോവയുടെ ജനം അതിയായി വിലമതിച്ചത്, എന്തുകൊണ്ട്? (9) സാഹിത്യങ്ങൾക്കായി തങ്ങളുടെ ജീവൻ പണയപ്പെടുത്താൻപോലും സഹോദരങ്ങൾ സന്നദ്ധരായിരുന്നത് എന്തുകൊണ്ട്, അതു ലഭിക്കുന്നതു തടയാൻ അധികാരികൾ നിരന്തരം ശ്രമിച്ചെങ്കിലും സാക്ഷികൾ എങ്ങനെയാണു വിജയംവരിച്ചത്? (10) ദൈവജനത്തിന്മേൽ ക്രുഷ്ചെവ് ആക്രമണം തുടർന്നത് എങ്ങനെ? (11) സാക്ഷികളുടെ കുട്ടികളുടെ വിശ്വാസം തകർക്കാൻ അധികാരികൾ ശ്രമിച്ചത് എങ്ങനെ? (12) തങ്ങൾ പീഡിപ്പിക്കപ്പെടുന്നതിന്റെ കാരണം സംബന്ധിച്ച് നമ്മുടെ സഹോദരന്മാർക്ക് വ്യക്തമായ എന്തു ഗ്രാഹ്യം ഉണ്ടായിരുന്നു? (വാർഷികപുസ്തകം 2002, 203-4 പേജുകൾ) (13) ദൈവത്തിന്റെ സംഘടനയ്ക്കെതിരെ നടന്ന സമഗ്രമായ ആക്രമണം ആക്രമണകാരികൾ ഉദ്ദേശിച്ചതിന്റെ നേർവിപരീതഫലം ഉളവാക്കിയത് എങ്ങനെ? (വാർഷികപുസ്തകം 2002, 220-1 പേജുകൾ) (14) മുൻ സോവിയറ്റ് യൂണിയനിലെ സാക്ഷികളെ സംബന്ധിച്ചിടത്തോളം സ്വപ്നങ്ങൾ മാത്രമായിരുന്ന എന്താണ് പിന്നീട് യാഥാർഥ്യമായിത്തീർന്നത്? (15) പീഡനങ്ങളിന്മധ്യേ സഹിച്ചുനിൽക്കാൻ നമ്മുടെ സഹോദരങ്ങളെ സഹായിച്ചത് എന്തായിരുന്നു, വീഡിയോയുടെ അവസാന രംഗം യിരെമ്യാവു 1:19-ന്റെ സത്യതയ്ക്ക് അടിവരയിടുന്നത് എങ്ങനെ? (16) പരിശോധനയിന്മധ്യേ വിശ്വസ്തത പാലിച്ചതിന്റെ, നിങ്ങളുടെ ഹൃദയത്തെ ആഴമായി സ്പർശിച്ച ഒരു യഥാർഥ ജീവിതാനുഭവം പറയുക.