മുൻ സോവിയറ്റ് യൂണിയനിൽ ബൈബിൾ സാഹിത്യം വിലമതിക്കപ്പെടുന്നു
റഷ്യയിലെ ഉണരുക! ലേഖകൻ
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്റൊന്നിന്റെ തുടക്കത്തിൽ അന്നു നിലവിലിരുന്ന സോവിയറ്റ് യൂണിയൻ റഷ്യയും മറ്റ് 14 റിപ്പബ്ലിക്കുകളുമായി വിഭജിക്കപ്പെട്ടു. അന്നുമുതൽ ആ റിപ്പബ്ലിക്കുകൾ സ്വതന്ത്രരാജ്യങ്ങളായി മാറിയിരിക്കുന്നു. എന്നിരുന്നാലും, മറ്റുള്ള 14 രാജ്യങ്ങൾ ഒന്നിച്ചു ചേരുന്നതിലുമധികം ആളുകൾ ഉള്ളത് റഷ്യയിലാണ്. മാത്രമല്ല അതിന് അവയെക്കാൾ മൂന്നിരട്ടി ഭൂപ്രദേശവുമുണ്ട്. 1994 സെപ്റ്റംബർ ആയപ്പോഴേക്കും ആ മുൻ സോവിയറ്റ് യൂണിയനിൽ 1,17,276 യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നു. അവർ തങ്ങളുടെ അയൽക്കാരോട് ബൈബിൾ സത്യം പങ്കുവെച്ചുകൊണ്ടിരുന്നു.
ഇന്ന് മുൻ സോവിയറ്റ് യൂണിയനിലെ ഉപയോഗത്തിനു വേണ്ടി ഓരോ മാസവും വലിയ അളവിൽ വീക്ഷാഗോപുരം, ഉണരുക! മാസികകൾ അച്ചടിക്കുന്നുണ്ട്. മാത്രമല്ല, അനേകം ലഘുലേഖകളും ബയൻറു ചെയ്ത പുസ്തകങ്ങളും അവിടെ വിതരണം ചെയ്തുകൊണ്ടാണിരിക്കുന്നത്. ഈ ബൈബിൾ സാഹിത്യങ്ങൾ ആഴമായി വിലമതിക്കപ്പെടുന്നുണ്ട് എന്നു കാണിക്കുന്നവയാണ് യഹോവയുടെ സാക്ഷികൾക്ക് സെൻറ് പീറ്റേഴ്സ്ബർഗിനടുത്തുള്ള റഷ്യ ഓഫീസിൽ ലഭിക്കുന്ന എഴുത്തുകൾ.
വർണഭംഗിയാർന്ന മാസികകൾ വിലമതിക്കപ്പെടുന്നു
മധ്യ സൈബീരിയയിൽനിന്നുള്ള ഒരു മനുഷ്യൻ ഇങ്ങനെ എഴുതി: “തികച്ചും യാദൃച്ഛികമായി എന്റെ സഹജോലിക്കാരിയുടെ കയ്യിൽ ഞാൻ വീക്ഷാഗോപുരം കണ്ടു. അത് എന്നെ ഒന്നു കാണിക്കാമോയെന്നു ഞാൻ ചോദിച്ചു. ശോഭയുള്ള മുഴുവർണ ചിത്രങ്ങളിൽ ഞാൻ ആദ്യമൊന്ന് ഓടിച്ചുനോക്കി. പിന്നെ ഞാൻ കൂടുതൽക്കൂടുതൽ വായിച്ചു . . . എന്നാൽ ഞാൻ തിരിച്ചറിയുന്നതിനു മുമ്പുതന്നെ ആ മാസിക ഞാൻ പുറത്തോടുപുറം വായിച്ചുകഴിഞ്ഞിരുന്നു. രസകരവും ഊർജസ്വലവും സംഭാഷണപരവുമായ രീതിയിലാണു ചോദ്യങ്ങൾ ചോദിച്ചിരുന്നത്.”
സൈബീരിയയിൽനിന്നുള്ള മറ്റൊരു മനുഷ്യൻ ഇങ്ങനെ വിശദീകരിച്ചു: “ആകസ്മികമായിട്ടാണ് നിങ്ങളുടെ മാസികയുടെ ഒരു ലക്കം എനിക്കു ലഭിച്ചത്. നിങ്ങളോടു മുഖസ്തുതി പറയാൻ ഞാനാഗ്രഹിക്കുന്നില്ല, മതത്തെ സംബന്ധിച്ച് ഞാൻ എക്കാലത്തും വായിച്ചിട്ടുള്ള ഏറ്റവും നല്ല വിവരങ്ങളാണ് അതിൽ.”
റഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ സെൻറ് പീറ്റേഴ്സ്ബർഗിൽനിന്നുള്ള ഒരു നേഴ്സ് ഇങ്ങനെ എഴുതി: “തളർച്ചയെ സംബന്ധിച്ച് 1995 ജനുവരി 8 ഉണരുക!യിൽ വന്ന അത്ഭുതകരമായ ലേഖനങ്ങൾക്കു വളരെ നന്ദി. ഈ ലേഖനങ്ങൾ എന്റെ പ്രശ്നങ്ങൾ നീക്കം ചെയ്തില്ല, പക്ഷേ ഞാൻ കാത്തിരിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്ത പിന്തുണ അത് എനിക്കു നൽകി.”
17 വയസ്സുള്ള ഒരു സ്കൂൾ വിദ്യാർഥി എഴുതി: “ഇത്തരം അത്ഭുതാവഹമായ സാഹിത്യം പ്രസിദ്ധീകരിക്കുന്ന എല്ലാവരോടും എനിക്കു വളരെ നന്ദിയുണ്ട്. എന്റെ സ്നേഹിതരും ഞാനും ഒരു സിനിമ തിയേറ്റർ വിട്ടുപോരുമ്പോൾ ഒരു ഒഴിഞ്ഞ സീറ്റിൽ ഏതാനും മാസികകളിരിക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളവ എടുത്തു. . . . ഞാൻ വീക്ഷാഗോപുരം വായിച്ചപ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഭാവി വാസ്തവത്തിൽ അങ്ങനെ ആയിരിക്കുമോ? ഞാനിപ്പോൾ സുവിശേഷങ്ങൾ വായിച്ച് അവ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. ബൈബിൾ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ മാസികകൾ സമഗ്രമായി വിശദീകരിക്കുന്നു.”
26 വയസ്സുള്ള ഒരു മനുഷ്യൻ ഇങ്ങനെ എഴുതി: “1994 ഏപ്രിൽ 8 ഉണരുക!യിൽ വന്ന ‘ആത്മഹത്യയാണോ പരിഹാരം?’ എന്ന ലേഖനത്തിന് ഞാൻ വളരെ നന്ദിയുള്ളവനാണ്. കാരണം വിഷാദത്തോടും സ്വയംഭോഗത്തോടുമുള്ള എന്റെ ചായ്വു നിമിത്തം, ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചു ഞാൻ ചിലപ്പോൾ ആലോചിച്ചിട്ടുണ്ട്. എന്നാൽ ദൈവവചനവും യഹോവയോടുള്ള പ്രാർഥനകളും ജീവിതം അവസാനിപ്പിക്കുന്നതിൽനിന്ന് എന്നെ തടഞ്ഞുനിർത്തി. ദൈവത്തിന്റെ കരുണയിലുള്ള എന്റെ വിശ്വാസത്തെയും എന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ദൈവം എന്നെ സഹായിക്കുമെന്ന വിശ്വാസത്തെയും അതു ബലപ്പെടുത്തി. അവൻ എന്റെ അനുതാപം കാണുന്നുണ്ട്. ഞാൻ ജീവിച്ചിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. ഈ ലേഖനത്തിലൂടെ അവൻ നൽകിയ പിന്തുണയ്ക്കു ഞാൻ നന്ദി പറയുന്നു.”
അതേ ഉണരുക! ലേഖനത്തെക്കുറിച്ച് ഒരു 15 വയസ്സുകാരി ഇങ്ങനെ വിശദീകരിച്ചു: “ഈ മാസിക എന്റെ ജീവിതത്തിൽ വലിയൊരു പങ്കു വഹിച്ചിരിക്കുന്നു. എന്നെ ആർക്കും വേണ്ട എന്ന് എട്ടു വയസ്സായപ്പോൾ മുതൽ എനിക്കു തോന്നിത്തുടങ്ങിയിരുന്നു. എന്റെ മാതാപിതാക്കൾക്ക് എന്നോടു സംസാരിക്കാനുള്ള സമയമില്ലായിരുന്നു, എന്റെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ ഞാൻ ശ്രമിച്ചു. ഞാൻ എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി. എന്റെ ബന്ധുക്കളുമായി ഞാൻ നിരന്തരം വഴക്കടിച്ചു. പിന്നെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചു. യഹോവയുടെ സാക്ഷികളെ കണ്ടതിൽ ഞാൻ എത്ര സന്തുഷ്ടയാണ്!”
റഷ്യയുടെ യൂറോപ്യൻ ഭാഗത്തുനിന്നുള്ള ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “ഒരു ബസ്സ്റ്റോപ്പിൽവെച്ച് രണ്ടു ചെറുപ്പക്കാർ തമ്മിൽ നടത്തിയ ഒരു ബൈബിൾ ചർച്ച ഞാൻ കേൾക്കാനിടയായി. താത്പര്യം തോന്നിയ ഞാൻ അവരെ സമീപിച്ചു. ആ ചെറുപ്പക്കാർ വീക്ഷാഗോപുരത്തിന്റെ ഒരു കോപ്പി എനിക്കു തന്നു. സന്തോഷത്തോടും താത്പര്യത്തോടുംകൂടി ഞാൻ ആ മാസിക വായിച്ചു, ബൈബിളിനെക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ മാസികകൾ മുഖാന്തരം നിങ്ങളുമായി ബന്ധപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു, ബൈബിളിനെക്കുറിച്ചു നിരന്തരം അറിയാനും പഠിക്കാനും ഞാനാഗ്രഹിക്കുന്നു.”
മറ്റു സാഹിത്യങ്ങൾ വിലമതിക്കപ്പെടുന്നു
കോക്കസസിൽനിന്നുള്ള ഒരു യുവസ്ത്രീ ഇപ്രകാരം എഴുതി: “ഒരു സ്ത്രീ ഞങ്ങളുടെ ഓഫീസിലേക്കു വന്ന് ഏതോ ഒരു സമ്മേളനത്തെക്കുറിച്ചു പറയാൻ തുടങ്ങി. അവൾ കാട്ടിയ സന്തോഷവും ഉത്സാഹവും ഞാൻ കണ്ടപ്പോൾ എനിക്കു താത്പര്യം തോന്നി. അടുത്ത ദിവസം നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം അവൾ എനിക്കു തന്നു. വലിയ ആകാംക്ഷയോടെ ഞാനത് പെട്ടെന്നു വായിച്ചുതീർത്തു. വളരെ അത്ഭുതകരമായ ഒന്നായിരുന്നു അത്. അന്ധകാരത്തിൽ അലഞ്ഞുതിരിഞ്ഞശേഷം വെളിച്ചത്തിലേക്കു നയിക്കുന്ന വാതിൽ കണ്ടെത്തിയതു പോലെ എനിക്ക് അനുഭവപ്പെട്ടു. ദീർഘകാലം അന്വേഷണം നടത്തിയശേഷം എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഒരൊറ്റ പുസ്തകത്തിൽ ഞാൻ കണ്ടെത്തി. വർണിക്കാൻ സാധിക്കാത്ത ഒരു സന്തോഷമാണ് അത്.”
മധ്യ ഏഷ്യയിൽനിന്നുള്ള ഒരു മനുഷ്യൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇവാഞ്ചലിസ്റ്റിക് ഗുഡ് ന്യൂസ് സഭയിലെ ഒരംഗമാണ് ഞാൻ. ആത്മീയ സാഹിത്യങ്ങളുടെ കടുത്ത ക്ഷാമം ഞങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട്. പഠിക്കാനും കൂടുതലായി വിതരണം ചെയ്യാനുമായി പുസ്തകങ്ങളും ലഘുപത്രികകളും ചെറുപുസ്തകങ്ങളും ഞങ്ങൾക്ക് അയച്ചുതരാൻ ഞങ്ങൾ അടിയന്തിരമായി ചോദിക്കുകയാണ്.”
കരിങ്കടലിനടുത്തുള്ള അർമേനിയയിൽനിന്നുള്ള ഒരു വ്യക്തി ഇപ്രകാരം എഴുതി: “ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക ഞാൻ വായിച്ചു. അത് ശുദ്ധവായു ശ്വസിച്ചതുപോലെയായിരുന്നു. ബൈബിൾ പഠിക്കാൻ എന്നെ സഹായിക്കുന്ന സാഹിത്യങ്ങൾ ഞാൻ ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. അത്തരം പഠനത്തിനായി എനിക്കു പുസ്തകങ്ങൾ അയച്ചുതരാൻ ഞാൻ നിങ്ങളോടു ദയവായി അഭ്യർഥിക്കുന്നു.”
സൈബീരിയയിൽനിന്നുള്ള ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “ഒരു യഹോവയുടെ സാക്ഷി ഞങ്ങളുടെ വീട്ടിൽ വന്ന് ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി തന്നിട്ടുപോയി. സ്കൂളിൽ പഠിക്കുന്ന കാലംതൊട്ട് ഞാനൊരു നിരീശ്വരവാദിയാണെങ്കിൽപോലും, ഞാൻ വായിച്ച വിവരം ആഴമായി ധ്യാനിക്കാനും ബൈബിൾ പഠിച്ചുതുടങ്ങാനും എന്നെ പ്രോത്സാഹിപ്പിച്ചു.”
യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള അതേ പുസ്തകത്തിനു വേണ്ടി രണ്ടു കുട്ടികളുടെ ഒരു മാതാവ് നന്ദി പ്രകടിപ്പിക്കുകയും ഇങ്ങനെ വിശദീകരിക്കുകയും ചെയ്തു: “അതു കുട്ടികൾക്കു മനസ്സിലാകുന്നതും അവർക്കു താത്പര്യം ഉളവാക്കുന്നതുമാണ്. ബൈബിൾ പഠിക്കാനും മതപരമായ സാഹിത്യങ്ങൾ വായിക്കാനും അതു കൂടുതലായ താത്പര്യം ഉണർത്തുന്നു. ആ പുസ്തകം വളരെ മനോഹരമായി പ്രസിദ്ധീകരിച്ച് ഉണ്ടാക്കിയിരിക്കുന്നതാണ്.”
മുൻ സോവിയറ്റ് യൂണിയനിൽ കഴിഞ്ഞ വർഷം സ്നാപനമേറ്റുകൊണ്ട് തങ്ങൾ പഠിച്ച കാര്യങ്ങളോട് 34,608 പേർ വിലമതിപ്പു പ്രകടമാക്കുകയുണ്ടായി. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങൾക്കു പൂർണമായ, സ്വതന്ത്രമായ ഒരു വിതരണം ലോകത്തിന്റെ ഈ ഭാഗത്തു ലഭിക്കട്ടെ, അവയിൽ അടങ്ങിയിരിക്കുന്ന ബൈബിൾ സത്യങ്ങളോട് ഇനിയും ആയിരങ്ങൾ പ്രതികരിക്കട്ടെ!