ഒലേ റാഡ്സിമിൻസ്ക്കൈ | ജീവിതകഥ
ജയിലഴികൾക്ക് യഹോവയിൽനിന്നും എന്നെ വേർപെടുത്താനാകില്ല
എന്റെ മാതാപിതാക്കളെ യുക്രെയിനിൽനിന്ന് സൈബീരിയയിലേക്കു നാടു കടത്തിയതിനു ശേഷം 1964-ലാണ് ഞാൻ ജനിച്ചത്. എനിക്ക് ഓർമവെച്ച കാലംതൊട്ട് എന്റെ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും യഹോവയിൽ പൂർണമായി ആശ്രയിച്ചിരുന്നു, ജയിലിൽ പോകേണ്ടിവന്നെങ്കിൽപ്പോലും. എന്റെ മുത്തച്ഛൻ ഒരു സർക്കിട്ട് മേൽവിചാരകനായി സേവിച്ചതുകൊണ്ട് ഏഴു വർഷം തടവുശിക്ഷ അനുഭവിച്ചു. പിന്നീട് എനിക്കും ജയിലിൽ പോകേണ്ടിവന്നു. യഹോവയിലുള്ള എന്റെ വിശ്വാസം തെളിയിക്കാൻ പറ്റിയ ഒരുപാട് അവസരങ്ങൾ എനിക്കു കിട്ടി.
1966-ൽ ഞങ്ങൾ യുക്രെയിനിലേക്കു തിരിച്ചുപോയി. എന്റെ ചെറുപ്പകാലങ്ങളിലെ ഒരു ഓർമയാണ് എനിക്കു നാലു വയസ്സുള്ളപ്പോൾ ജയിലിലായിരിക്കുന്ന എന്റെ മുത്തച്ഛനെ കാണാൻപോയത്. ഞാനും അമ്മയും യുക്രെയിനിലെ ക്രൈവി റിഹിൽനിന്നും ട്രെയിൻ കയറി സെൻട്രൽ റഷ്യയിലെ മൊർഡോവിയനിലുള്ള ജയിലിൽ എത്തി. അവിടെ കാവൽക്കാരുടെ നിരീക്ഷണത്തിൽ മുത്തച്ഛനുമായിട്ട് സമയം ചെലവഴിക്കാൻ ഞങ്ങൾക്കു രണ്ടു മണിക്കൂറേ കിട്ടിയുള്ളൂ. പക്ഷേ, എന്നെ മുത്തച്ഛന്റെ മടിയിലിരുത്താൻ അവർ അനുവദിച്ചു.
സ്കൂളിലായിരുന്നപ്പോഴും യഹോവയിൽ ആശ്രയിക്കുന്നു
അനിയനായ മിഖായിലോയോടൊപ്പം (വലത്ത്)
ഞാൻ യുക്രെയിനിൽ ഒരു കുട്ടിയായി വളർന്നുവന്ന സമയത്ത് യഹോവയിലുള്ള എന്റെ ആശ്രയം പരീക്ഷിക്കപ്പെടുന്ന ഒരുപാടു സാഹചര്യങ്ങളുണ്ടായി. ഉദാഹരണത്തിന്, ഞാൻ സ്കൂളിൽ പോയി തുടങ്ങിയ സമയത്ത് ലെനിന്റെ കുട്ടിക്കാലത്തെ ഫോട്ടോ ഉണ്ടായിരുന്ന ഒരു ബാഡ്ജ് ധരിക്കേണ്ടതുണ്ടായിരുന്നു.a കുറച്ച് വർഷങ്ങൾക്കു ശേഷം കുട്ടികൾ കഴുത്തിൽ ഒരു ചുവന്ന സ്കാർഫ് ധരിക്കണമായിരുന്നു. ലെനിന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്നു എന്നു കാണിക്കാൻവേണ്ടിയായിരുന്നു അത്. എന്നാൽ, ഞാൻ ഇതുപോലുള്ള രാഷ്ട്രീയചിഹ്നങ്ങളൊന്നും ധരിക്കാൻ തയ്യാറായില്ല. കാരണം എന്റെ പൂർണഭക്തിക്ക് അർഹൻ യഹോവയാണെന്ന് എനിക്ക് അറിയാമായിരുന്നു.
യഹോവയെ സേവിക്കാനായി, വ്യക്തിപരമായി ഒരു തീരുമാനമെടുക്കാൻ മാതാപിതാക്കൾ എന്നെ സഹായിച്ചു. രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷരായിരിക്കേണ്ടത് എന്തുകൊണ്ടാണ് എന്നതുപോലുള്ള വിഷയങ്ങൾ അവർ എനിക്കു ക്ഷമയോടെ വിശദീകരിച്ചുതരുകയും ന്യായങ്ങൾ നിരത്തുകയും ചെയ്തു. സ്കൂളിൽ നന്നായി പഠിക്കാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചു. കാരണം അത് യഹോവയെ മഹത്ത്വപ്പെടുത്തുമായിരുന്നു.
ഒരു ദിവസം നൗക ഐ റിലീജിയ (ശാസ്ത്രവും മതവും) എന്നൊരു മാസികയിൽനിന്ന് ഒരു പത്രപ്രവർത്തകൻ ഞങ്ങളുടെ സ്കൂളിൽ വന്നു. ദൈവത്തെയും മതത്തെയും ആശ്രയിക്കാതിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു മാസികയായിരുന്നു അത്. ആ പത്രപ്രവർത്തകൻ ഒരു പ്രസംഗം നടത്തിയപ്പോൾ ടീച്ചർമാർ എന്നെ മുന്നിൽ കൊണ്ടുപോയി ഇരുത്തി. ദൈവമില്ല എന്നു കുട്ടികളെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രസംഗമായിരുന്നു അത്.
ആ പ്രസംഗം കഴിഞ്ഞപ്പോൾ ടീച്ചർമാർ എന്നെ സ്റ്റേജിനു പുറകിൽ, പ്രസംഗം നടത്തിയ ആളുടെ അടുത്തേക്കു കൊണ്ടുപോയി. അദ്ദേഹം എന്നോടു ചോദിച്ചു, “നീ ഏതു മതത്തിൽപ്പെട്ടവനാണ്.” ഞാൻ ഒരു മടിയുംകൂടാതെ പറഞ്ഞു, “ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ്.” അദ്ദേഹത്തിനു വേറെ ഒന്നും പറയാനില്ലായിരുന്നു. ഇത്രയും നേരം എന്റെ പ്രസംഗം ശ്രദ്ധയോടെ കേട്ടിരുന്നതിനു നന്ദി എന്നു മാത്രം പറഞ്ഞു. ഇതു കേട്ടപ്പോൾ എന്റെ ടീച്ചർമാർ ആകെ അസ്വസ്ഥരായി.
കുടുംബമെന്ന നിലയിൽ യഹോവയിൽ ആശ്രയിക്കുന്നു
എന്റെ വീട്ടിൽ ബൈബിൾപ്രസിദ്ധീകരണങ്ങൾ പ്രിന്റ് ചെയ്യുകയും പിന്നീട് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. ആ സമയത്ത് ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ യഹോവയിൽ ആശ്രയിച്ചു. അതുപോലെ സെൻട്രൽ യുക്രെയിനിലെ ഗ്രൂപ്പുകളും സഭകളും ഒക്കെ സന്ദർശിക്കുന്ന ഒരു സർക്കിട്ട് മേൽവിചാരകനായും എന്റെ പപ്പ സേവിച്ചിരുന്നു.
എന്റെ ഇളയ സഹോദരൻ പവ്ലിക് ജനിക്കുന്നതിനു രണ്ടു ദിവസം മുമ്പ് അതായത് 1978 ഫെബ്രുവരിയിൽ, ഒരു ദിവസം ഞാൻ സ്കൂൾ കഴിഞ്ഞ് വരുകയായിരുന്നു. വീട്ടിൽ എത്തിയപ്പോൾ വീട്ടിലെ സാധനങ്ങളെല്ലാം ചിതറിക്കിടക്കുന്നതു കണ്ടു. പോലീസ് ഞങ്ങളുടെ വീട് പരിശോധിച്ചു. അവർ ഞങ്ങളുടെ എല്ലാ പ്രസിദ്ധീകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.
പോലീസ് വന്ന് പിറ്റേ ദിവസം ഞാനും അനിയൻ മിഖായിലോയും സ്കൂളിൽ പോയപ്പോൾ ടീച്ചർമാർ ഞങ്ങളെ തുറിച്ചുനോക്കിയതു ഞാൻ ഓർക്കുന്നു. ഞങ്ങൾ അമേരിക്കൻ ചാരന്മാരുടെ മക്കളാണെന്ന് അവർ ചിന്തിച്ചു. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ തങ്ങൾക്കു തെറ്റു പറ്റിയതാണെന്നു ടീച്ചർമാർക്കു മനസ്സിലായി. പിന്നീട് ഞങ്ങളുടെ കൂടെ പഠിച്ച ചിലർ സാക്ഷികളാകുകപോലും ചെയ്തു!
1981-ൽ പോലീസുകാർ എന്റെ വീട് വീണ്ടും പരിശോധിച്ചു. അന്ന് എനിക്ക് 18 വയസ്സ് ആയിട്ടില്ലായിരുന്നു. എന്നിട്ടും എന്റെ പപ്പയുടെയും മുത്തച്ഛന്റെയും കൂടെ പ്രോസിക്യൂട്ടറിന്റെ ഓഫീസിലേക്ക് എന്നെയും വിളിപ്പിച്ചു. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ, സഹകരിച്ചില്ലെങ്കിൽ എന്നെ ജയിലിലിടും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നാൽ അതേസമയം സാധാരണ വസ്ത്രം ധരിച്ച ഒരാൾ, സഹകരിച്ചാൽ എനിക്കു നല്ലൊരു ഭാവി കിട്ടും എന്നൊരു വാഗ്ദാനവും തന്നു. ഒരേസമയം “ഭീഷണിയും” നല്ലൊരു “വാഗ്ദാനവും” തന്നുകൊണ്ട് അവർ എന്നെ പ്രലോഭിപ്പിച്ചു. ഞാൻ ഒന്നു മാറ്റി ചിന്തിക്കാൻവേണ്ടി എന്റെ പപ്പയും മുത്തച്ഛനും അങ്കിളുമാരും ജയിലിൽ കിടന്നതിനെക്കുറിച്ച് അവർ എന്നെ ഓർമിപ്പിച്ചു. പക്ഷേ, അതെല്ലാം ഓർക്കുമ്പോൾ യഹോവയുടെ സഹായത്തോടെ എനിക്കും ജയിലിൽ സഹിച്ചുനിൽക്കാൻ പറ്റുമെന്ന ഉറപ്പാണു കിട്ടുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു.—ഫിലിപ്പിയർ 4:13.
ഇടത്തുനിന്ന് വലത്തേക്ക്: പപ്പ, ഞാൻ, പവ്ലിക്, അമ്മ, മിഖായിലോ—എന്നെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ്
ജയിലിലായിരിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുന്നു
എനിക്ക് 18 വയസ്സായി പിറ്റേ ദിവസം സൈന്യത്തിൽ ചേരാനുള്ള ഒരു കത്ത് വന്നു. എന്നാൽ, അതിനു ഞാൻ വിസമ്മതിച്ചതുകൊണ്ട് വിചാരണ നടക്കുന്നതുവരെ എന്നെ ജയിലിൽ അടച്ചു. ഏകദേശം 85 ആളുകൾ അടങ്ങുന്ന വലിയൊരു സെല്ലായിരുന്നു അത്. അവിടെ 34 ബെഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മാറിമാറി ഉറങ്ങണമായിരുന്നു. ആഴ്ചയിൽ ഒരു ദിവസം മാത്രമേ കുളിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ.
എന്നെ സെല്ലിന്റെ അകത്ത് കയറ്റി വാതിൽ അടച്ചു. അവിടെയുള്ള എല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക്. ആ സെല്ലിന്റെ ഒരു സൈഡിൽനിന്ന് ആളുകൾ “നീ എന്തു തെറ്റാണു ചെയ്തത്” എന്ന് എന്നോടു ചോദിച്ചു. എനിക്കു പേടിയൊക്കെ തോന്നി. പക്ഷേ, സിംഹക്കുഴിയിൽ ഇട്ടിട്ടും ഒന്നും പറ്റാതെ രക്ഷപ്പെട്ട ദാനിയേലിന്റെ ബൈബിൾവിവരണം ഞാൻ ഓർത്തു. യഹോവയിൽ പൂർണമായി ആശ്രയിക്കാനും ശാന്തമായി നിൽക്കാനും അത് എന്നെ സഹായിച്ചു.—യശയ്യ 30:15; ദാനിയേൽ 6:21, 22.
രാത്രിയിലെ ഭക്ഷണം കഴിഞ്ഞപ്പോൾ ജയിലിൽ കൂടെയുണ്ടായിരുന്ന ഒരാൾ എന്റെ വിശ്വാസത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. പതിയെ സെല്ലിലുള്ള എല്ലാവരും ഞങ്ങളുടെ സംഭാഷണം ശ്രദ്ധിക്കാൻതുടങ്ങി. നാലഞ്ചു മണിക്കൂർ ഞാൻ എന്റെ വിശ്വാസങ്ങളെക്കുറിച്ച് അവരോടൊക്കെ സംസാരിച്ചു. ഇങ്ങനെയൊക്കെ ചെയ്യാൻ സഹായിച്ചതിന് എനിക്ക് യഹോവയോട് ഒരുപാടൊരുപാടു നന്ദി തോന്നി!
വിചാരണയ്ക്കു മുമ്പ്, എന്റെ മതവിശ്വാസങ്ങൾക്കുവേണ്ടി പോരാടാനുള്ള ജ്ഞാനവും ധൈര്യവും എനിക്കു തരണേ എന്നു ഞാൻ യഹോവയോട് അപേക്ഷിച്ചു. സൈനികസേവനത്തിൽനിന്നും ഒഴിഞ്ഞുമാറാനുള്ള ഒരു അടവുമാത്രമാണു ദൈവത്തിലുള്ള വിശ്വാസമെന്നു തെളിയിക്കാനായിരുന്നു പ്രോസിക്യൂഷന്റെ ശ്രമം. പട്ടാളത്തിൽ ചേരുകയാണെങ്കിൽ ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ വ്യക്തിയെ ഞാൻ സങ്കടപ്പെടുത്തുകയായിരിക്കും എന്ന് കോടതിയെ പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല. 1982-ൽ കോടതി എന്നെ കുറ്റം വിധിച്ച് രണ്ടു വർഷത്തേക്കു ജയിലിലാക്കി.
ആ ജയിലിൽ എന്നെ കൂടാതെ അഞ്ചു സാക്ഷികളും കൂടിയുണ്ടായിരുന്നു. ഞങ്ങൾക്ക് അധികമൊന്നും സംസാരിക്കാൻ പറ്റാറില്ലായിരുന്നു. ചിലപ്പോൾ മിനിറ്റുകൾ മാത്രമേ സംസാരിക്കാൻ കിട്ടുകയുള്ളൂ. എന്നാൽ, ആ സമയത്തെല്ലാം ഞങ്ങൾ തിരുവെഴുത്തുകൾ ചർച്ച ചെയ്യും. ആരുടെയും കയ്യിൽ ബൈബിൾ ഇല്ലായിരുന്നു. എന്നാൽ കുടുംബത്തിൽനിന്നുള്ളവരോ കൂട്ടുകാരോ എഴുതുന്ന കത്തുകളിൽ അവർ തിരുവെഴുത്തുകൾ ഉൾപ്പെടുത്തും. ചിലപ്പോൾ നമ്മുടേതല്ലാത്ത പുസ്തകങ്ങളിൽനിന്നുപോലും തിരുവെഴുത്തുകൾ കാണാൻ പറ്റിയിട്ടുണ്ട്!
അടിയന്തിരചികിത്സ ആവശ്യമായി വന്ന സമയത്ത് യഹോവയിൽ ആശ്രയിക്കുന്നു
1983-ൽ ഞാൻ ജയിലിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് ഒരു ക്രെയിനിൽനിന്ന് ഏകദേശം 2,000 കിലോ ഭാരംവരുന്ന ഒരു കൂട്ടം മെറ്റൽ ഷീറ്റ് താഴേക്കു വീണു. അത് എന്റെ പുറകിൽ വന്നിടിച്ച് ഞാൻ നിലത്തേക്കു വീണു. അതിന്റെ അടിയിൽപ്പെട്ട് എന്റെ ഇടതുകാൽ ചതഞ്ഞരഞ്ഞുപോയി.
ആ അതികഠിനമായ വേദന സഹിക്കാനുള്ള ശക്തിക്കായി ഞാൻ യഹോവയോടു പ്രാർഥിച്ചു. “ചീത്തവാക്കുകളൊക്കെ ഉറക്കെ വിളിച്ച് പറഞ്ഞോ, അപ്പോൾ വേദനയ്ക്കൊക്കെ ഒരു കുറവ് വരും” എന്ന് ജയിലിലെ നഴ്സ് എന്നോടു പറഞ്ഞു. എന്നാൽ ഞാൻ രാജ്യഗീതങ്ങളാണ് പാടിയത്.
ഞങ്ങൾ ആശുപത്രിയിലേക്ക് യാത്ര ചെയ്തത് ട്രക്കിലും ബോട്ടിലും ആംബുലൻസിലും ഒക്കെയായിട്ടായിരുന്നു. ആറ് മണിക്കൂർ നീണ്ട ആ യാത്രയ്ക്കിടയിൽ എനിക്ക് ഒരുപാടു രക്തം നഷ്ടപ്പെട്ടു. ഒരു ശസ്ത്രക്രിയ ആവശ്യമായിവരുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഡോക്ടർമാർക്കു നല്ല ജ്ഞാനം കൊടുക്കാനും അതുപോലെ രക്തപ്പകർച്ച സംബന്ധിച്ച എന്റെ ബൈബിളധിഷ്ഠിത നിലപാടിനെക്കുറിച്ച് അവരോടു പറയുമ്പോൾ അത് അവർ മാനിക്കാൻ ഇടയാക്കേണമേ എന്നും ഞാൻ യഹോവയോടു പ്രാർഥിച്ചു. എന്റെ വിശ്വാസങ്ങളെക്കുറിച്ച് ഞാൻ ഡോക്ടറിനോട് പറഞ്ഞപ്പോൾ, അത് അദ്ദേഹം കേൾക്കാൻ തയ്യാറായില്ല. എന്നാൽ അതെക്കുറിച്ച് ഒന്നുകൂടെ ചിന്തിക്കാമോ എന്നു ഞാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. രക്തരഹിത ചികിത്സ ചെയ്തിട്ട് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണെന്ന് അദ്ദേഹത്തോടു പറഞ്ഞു. അവസാനം അദ്ദേഹം രക്തമില്ലാതെ ആ ഓപ്പറേഷൻ ചെയ്യാൻ സമ്മതിച്ചു. അത് എനിക്കു വലിയൊരു ആശ്വാസമായിരുന്നു. എങ്കിലും ഇടതുകാൽ ഭാഗികമായി മുറിച്ച് മാറ്റേണ്ടിവന്നു.
ഓപ്പറേഷൻ കഴിഞ്ഞ് ഞാൻ വളരെ ക്ഷീണിതനായിപ്പോയി. ആഴ്ചകളോളം ഞാൻ ജീവനുവേണ്ടി പോരാടി. ഒരു ദിവസം ഉച്ച കഴിഞ്ഞ് ഒരു നഴ്സ് എന്നോടു പറഞ്ഞു, ഞാൻ സുഖപ്പെടണമെങ്കിൽ ജയിലിൽ കിട്ടുന്നതിനെക്കാൾ കൂടുതൽ പോഷകപ്രദമായ ആഹാരം കഴിക്കണമെന്ന്. അത് അടുത്തുള്ള ഒരു ഫ്രിഡ്ജിൽ വെക്കാമെന്നും പറഞ്ഞു. ദിവസവും എനിക്ക് ഒരു സ്പൂൺ തേനും ഒരു മുട്ടയും കുറച്ച് ബട്ടറും കിട്ടുമായിരുന്നു. എനിക്ക് അപകടം സംഭവിച്ച വിവരം അറിഞ്ഞ എന്റെ മാതാപിതാക്കൾ ഈ സാധനങ്ങളെല്ലാം എനിക്കു കിട്ടാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു. പക്ഷേ ആ സാധനങ്ങളെല്ലാം വന്നപ്പോൾ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥ ഒരു തവണ മാത്രമേ അതു സ്വീകരിച്ചുള്ളൂ.
യഹോവയുടെ കൈ ഒരിക്കലും ചെറുതല്ല. (യശയ്യ 59:1) ഓരോ ദിവസവും മുറിവുകൾ ക്ലീൻ ചെയ്യാൻ വരുമ്പോൾ നഴ്സുമാർ അവർ കൊണ്ടുവന്ന ഭക്ഷണത്തിൽ കുറച്ച് എനിക്ക് തരുമായിരുന്നു. അതുപോലെ എനിക്കു വേണ്ട പ്രത്യേക ഭക്ഷണവും അവർ ഫ്രിഡ്ജിൽ വെക്കും. ഭരണിയിലെ എണ്ണ തീരാതെപോയ വിധവയെക്കുറിച്ചുള്ള വിവരണം ആ സമയത്ത് ഞാൻ ഓർത്തു.—1 രാജാക്കന്മാർ 17:14-16.
പതിയെ എന്റെ ആരോഗ്യം മെച്ചപ്പെടാൻതുടങ്ങി. എന്റെ കുടുംബക്കാരും സുഹൃത്തുക്കളും കൂടെ എനിക്ക് 107 കത്തുകൾ അയച്ചു. ആ കത്തുകളെല്ലാം എനിക്കു വലിയ ആശ്വാസവും പ്രോത്സാഹനവും ആയിരുന്നു. അതിനൊക്കെ ഞാൻ മറുപടി കൊടുത്തു. പിന്നെ മറ്റൊരു ജയിലിൽ കിടക്കുന്ന സഹോദരന്മാരും എനിക്ക് ഒരു കൂട്ടം കത്തുകൾ അയച്ചു.
രണ്ടു മാസങ്ങൾക്കു ശേഷം അവസാനം ഞാൻ ഒന്ന് കുളിച്ചു! ജയിലിലേക്കു തിരിച്ചുചെന്ന് അവിടെയുള്ള സഹോദരങ്ങളോടൊപ്പം ആയിരിക്കുന്നതിനെക്കുറിച്ചായി എന്റെ ചിന്ത മുഴുവൻ.
ഡോക്ടർമാരിൽ ഒരാൾ എന്റെ ഡിസ്ചാർജിനുള്ള പേപ്പറുകൾ തയ്യാറാക്കുന്നതിനിടയിൽ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്കു വിളിപ്പിച്ചു. എന്നിട്ട് എന്റെ വിശ്വാസത്തെക്കുറിച്ച് കുറെ ചോദ്യങ്ങൾ ചോദിച്ചു. അവസാനം എന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള ശക്തി എനിക്കു കിട്ടട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സൈനികയൂണിഫോം ധരിച്ച ഒരാളിൽനിന്നും ഇത്തരം വാക്കുകൾ കേട്ടപ്പോൾ എനിക്കു ശരിക്കും അതിശയം തോന്നി!
1984 ഏപ്രിലിൽ പരോളിന്റെ വിധിയോട് അനുബന്ധിച്ച് കൂടിവന്നപ്പോൾ, സൈന്യത്തിൽ ചേരുമോ എന്ന് അധികാരികൾ എന്നോടു ചോദിച്ചു. എന്നാൽ ഊന്നുവടി പിടിച്ച് ഒറ്റക്കാലിൽ നിൽക്കുന്ന എന്നോട് ഈ ചോദ്യം ചോദിക്കുന്നതിൽ പ്രസക്തിയില്ലെന്നു ഞാൻ അവരോടു പറഞ്ഞു. പിന്നീട് അവർ മറ്റൊരു ചോദ്യം ചോദിച്ചു: “നിങ്ങൾക്ക് രണ്ടു കാലുകളും ഉണ്ടെങ്കിൽ നിങ്ങൾ എന്തു ചെയ്യും?” അപ്പോഴും ഞാൻ അതു നിരസിക്കുമെന്നും ദൈവത്തോടു വിശ്വസ്തനായി തുടരാനാണ് എന്റെ ദൃഢനിശ്ചയമെന്നും ഞാൻ അവരോടു പറഞ്ഞു. എനിക്കു വിധിച്ച മുഴുവൻ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്ന് അപ്പോൾ അവർ എന്നോടു പറഞ്ഞു. എന്നാലും ശിക്ഷ കഴിയുന്നതിനു രണ്ടു മാസവും 12 ദിവസവും മുമ്പ് എന്നെ വിട്ടയച്ചു.
മിഖായിലോയോടൊപ്പം (വലത്ത്)—ജയിലിൽനിന്നും മോചിതനായശേഷം
ജയിലിൽനിന്ന് ഇറങ്ങിയശേഷം യഹോവയിൽ ആശ്രയിക്കുന്നു
ജയിലിൽനിന്ന് ഇറങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ ഒരു വെപ്പുകാൽ വെച്ചു. എല്ലാ ദിവസവും രാവിലെ അത് ഇടാൻ ഒരു മണിക്കൂറെടുക്കും. ഇനി, തണുപ്പുകാലത്ത് വെപ്പുകാൽ വെക്കാൻ ഭയങ്കര പാടാണ്. കാലിന്റെ ബാക്കിയുള്ള ഭാഗത്ത് വേണ്ടത്ര രക്തയോട്ടം ഇല്ലാത്തതുകൊണ്ട് ആ ഭാഗം ഇടയ്ക്കൊക്കെ മരവിച്ചിരിക്കും. എന്റെ 19-ാം വയസ്സുമുതൽ ഞാൻ ഓടിയിട്ടില്ല. ഇനി പുതിയ ഭൂമിയിൽ ഓടുന്നതിനെക്കുറിച്ചാണു ഞാൻ സ്വപ്നം കാണുന്നത്.—യശയ്യ 35:6.
ഞങ്ങളുടെ വിവാഹദിവസം
ഭിന്നശേഷിയുള്ള ഒരാളെ നിയമിക്കാൻ പല തൊഴിലുടമകളും ആഗ്രഹിക്കാത്തതിനാൽ എനിക്ക് ഒരു ജോലി കണ്ടെത്തുന്നതു വളരെ ബുദ്ധിമുട്ടായിരുന്നു. വെപ്പുകാലാണ് ഉണ്ടായിരുന്നതെങ്കിലും ഒരിക്കലും ഇരുന്ന് ചെയ്യാൻ പറ്റുന്ന ഒരു ജോലിയും കിട്ടിയില്ല. കുറച്ചുനാൾ ഞാൻ പലതരം വണ്ടികൾ ശരിയാക്കുന്ന ഒരു മെക്കാനിക്കായി ജോലി ചെയ്തു, പിന്നീട് കെട്ടിടനിർമാണവും.
1986-ൽ ഞാൻ സ്വിറ്റ്ലാനയെ വിവാഹം കഴിച്ചു. സ്വിറ്റ്ലാന എന്നെപ്പോലെതന്നെ ആ കുടുംബത്തിലെ സാക്ഷികളിൽ മൂന്നാമത്തെ തലമുറയായിരുന്നു. ഞങ്ങൾ അടുത്തറിയാൻ തുടങ്ങിയപ്പോൾത്തന്നെ ഞങ്ങളുടെ ദാമ്പത്യത്തിൽ യഹോവയ്ക്കായിരിക്കും മുൻഗണന എന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു.അങ്ങനെ തീരുമാനമെടുത്തത് എത്ര നന്നായി എന്നു സ്വിറ്റ്ലാന ഇടയ്ക്കിടയ്ക്കു പറയും.
ഞങ്ങളുടെ കുട്ടികളായ ഒലിയയും വോളോഡിയയും ഞങ്ങൾ താമസിച്ച പഴയ വീട് നന്നാക്കാൻ സഹായിക്കുമായിരുന്നു. അതുകൊണ്ട് അവർ നിർമാണപ്രവർത്തനങ്ങൾ ചെയ്യാൻ പഠിച്ചു. വലുതായപ്പോൾ അവർ രാജ്യഹാൾ നിർമാണ പ്രോജക്ടുകളിൽ സഹായിക്കുന്നത് ഒരുപാട് ആസ്വദിച്ചു. അതുപോലെ അവർ സാധാരണ മുൻനിരസേവനവും തുടങ്ങി. ഒലിയ ഇപ്പോൾ നിർമാണ സേവനത്തിൽ പ്രവർത്തിക്കുകയാണ്. വോളോഡിയ ഇപ്പോൾ ഒരു മൂപ്പനാണ്.
മരുമകൻ ഒലേഗ്; മകൾ ഒലിയ; സ്വിറ്റ്ലാന; ഞാൻ; മരുമകൾ അന്ന; മകൻ വോളോഡിയ
സ്വിറ്റ്ലാന എനിക്കു നല്ലൊരു പിന്തുണയായിരുന്നു. സഭയിലെ ഉത്തരവാദിത്വങ്ങൾക്കുവേണ്ടി നന്നായി കരുതാൻ അവൾ എന്നെ സഹായിച്ചു. 1990-കളിൽ യുക്രെയിനിലെ ഒരുപാടു സഭകളിൽ 200-ലധികം പ്രചാരകരും എന്നാൽ ഒന്നോ രണ്ടോ മൂപ്പന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ മാസവും ഏതെങ്കിലും ഒരു വാരാന്ത്യത്തിൽ സെൻട്രൽ യുക്രെയിനിലെ സഭകൾക്കുവേണ്ടി പ്രസിദ്ധീകരണങ്ങൾ എടുത്തുകൊണ്ടുവരാൻ ഞാൻ പോകുമായിരുന്നു.
ഈ അടുത്ത വർഷങ്ങളിൽ യഹോവയിൽ ആശ്രയിക്കുന്നു
2022-ൽ ഞാനും സ്വിറ്റ്ലാനയും ക്രൈവി റിഹിൽനിന്ന് ഞങ്ങളുടെ താമസം മാറാൻ തീരുമാനിച്ചു. ഞങ്ങൾ ഇപ്പോൾ ഓസ്ട്രിയയിലെ ഒരു സഭയിലാണ് സേവിക്കുന്നത്.
ചെറുപ്പകാലത്ത് എന്റെ സാക്ഷികളായ ബന്ധുക്കളിൽനിന്ന് ഞാൻ ഒരുപാടു കാര്യങ്ങൾ പഠിച്ചു. ജീവിതത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടെങ്കിലും അവർ ഉള്ളതിൽ തൃപ്തരായിരുന്നു. നമ്മുടെ സ്രഷ്ടാവായ യഹോവയെക്കുറിച്ച് ആഴത്തിൽ അറിയാനും ദൈവവുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാനും ബൈബിൾ നമ്മളെ സഹായിക്കുന്നു. (യാക്കോബ് 4:8) ദൈവവുമായുള്ള അടുത്ത ബന്ധമാണു ജീവിതത്തിനു ശരിക്കും അർഥം പകരുന്നത്. പ്രശ്നങ്ങൾക്കു മധ്യേയും അർഹിക്കുന്ന ബഹുമതി യഹോവയ്ക്കു കൊടുക്കാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ എനിക്ക് ഒരുപാടു സന്തോഷമുണ്ട്.
സ്വിറ്റ്ലാനയോടൊപ്പം ഓസ്ട്രിയയിൽ
a വ്ലാഡിമർ ലെനിൻ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉപജ്ഞാതാവും സോവിയറ്റ് യൂണിയന്റെ ആദ്യത്തെ നേതാവും ആയിരുന്നു.