അത്തി മരം
അത്തി മരത്തിന്റെ ഈ ഇനത്തെക്കുറിച്ച് (ഫിക്കസ് സൈക്കോമോറസ്) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഒരിടത്ത് മാത്രമേ പറഞ്ഞിട്ടുള്ളൂ. എ.ഡി. 33 ഏപ്രിലിനോടടുത്ത് (വസന്തകാലത്ത്) യേശു യരീഹൊ സന്ദർശിക്കുന്നതിനെക്കുറിച്ചുള്ള വിവരണത്തിലാണ് അതു കാണുന്നത്. (ലൂക്ക 19:1-10) ഈ മരം, സാധാരണ അത്തി മരത്തിന്റെയും (ഫിക്കസ് കാരിക്ക) മൾബറി മരത്തിന്റെയും കുടുംബത്തിൽപ്പെട്ടതാണ്. ഇവിടെ പറഞ്ഞിരിക്കുന്ന അത്തി മരത്തിന്റെ കായ് സാധാരണ അത്തിയുടേതുപോലെതന്നെയാണ്. 10 മീ. മുതൽ 15 മീ. വരെ (33 അടി മുതൽ 50 അടി വരെ) ഉയരത്തിൽ വളരുന്ന, നല്ല ബലമുള്ള ഈ മരത്തിനു നൂറ്റാണ്ടുകളോളം ആയുസ്സുണ്ട്. യോർദാൻ താഴ്വരയിൽ കാണപ്പെട്ടിരുന്ന ഒരു മരമാണ് ഇത്. തീരസമതലത്തിനും യഹൂദ്യമലനിരകൾക്കും ഇടയിലുള്ള ഷെഫേലയിലും ഇതു ധാരാളമായി ഉണ്ടായിരുന്നെന്ന് എബ്രായതിരുവെഴുത്തുകളിൽ പറയുന്നുണ്ട്. (1രാജ 10:27; 2ദിന 1:15; 9:27) പടർന്നുപന്തലിച്ചുനിൽക്കുന്ന, ഇടതൂർന്ന ഇലകളുള്ള, ഈ നിത്യഹരിതവൃക്ഷം നല്ല തണലേകിയിരുന്നതുകൊണ്ട് വഴിയോരങ്ങളിൽ അവ വെച്ചുപിടിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. പൊക്കം കുറഞ്ഞ്, ബലിഷ്ഠമായ തായ്ത്തടിയുള്ള ഈ മരത്തിന്റെ ചില ശാഖകൾ നിലത്തോടു ചേർന്നാണു വളരുന്നത്. അതുകൊണ്ടുതന്നെ പൊക്കം കുറഞ്ഞ സക്കായിക്ക് ഈ മരത്തിൽ കയറാൻ വലിയ ബുദ്ധിമുട്ടുണ്ടായിക്കാണില്ല.
ബന്ധപ്പെട്ട തിരുവെഴുത്ത്: