ഗരിസീം പർവതം
ഈ വീഡിയോയിൽ ഗരിസീം പർവതവും (1) അതിന് അടുത്തായി യാക്കോബിന്റെ കിണർ സ്ഥിതി ചെയ്തിരുന്നതായി കരുതപ്പെടുന്ന സ്ഥലവും (2) കാണാം. ആ കിണറിന് അടുത്തുവെച്ചാണ് യേശു ശമര്യക്കാരി സ്ത്രീയോടു സംസാരിച്ചത്. (യോഹ 4:6, 7) ഏബാൽ പർവതവും (3) ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ശമര്യ ജില്ലയുടെ ഹൃദയഭാഗത്താണു ഗരിസീം പർവതം സ്ഥിതി ചെയ്യുന്നത്. അതിന്റെ അഗ്രഭാഗം മെഡിറ്ററേനിയൻ കടലിൽനിന്ന് ഏതാണ്ട് 850 മീറ്റർ (2,800 അടി) ഉയരത്തിലാണ്. ഗരിസീം, ഏബാൽ എന്നീ പർവതങ്ങൾക്കിടയിലുള്ള ഫലഭൂയിഷ്ഠമായ ശെഖേം താഴ്വരയിലാണ് ഇന്നത്തെ നാബ്ലസ് നഗരം. സാധ്യതയനുസരിച്ച് ബി.സി. നാലാം നൂറ്റാണ്ടിൽ, ശമര്യക്കാർ ഗരിസീം പർവതത്തിൽ ഒരു ദേവാലയം പണിതു. എന്നാൽ അതു ബി.സി. 128-ൽ നശിപ്പിക്കപ്പെട്ടു. തെളിവനുസരിച്ച് ഗരിസീം പർവതത്തെ ഉദ്ദേശിച്ചായിരിക്കാം ശമര്യക്കാരി സ്ത്രീ യേശുവിനോട് ഇങ്ങനെ പറഞ്ഞത്: “ഞങ്ങളുടെ പൂർവികർ ആരാധന നടത്തിപ്പോന്നത് ഈ മലയിലാണ്. എന്നാൽ ആരാധനയ്ക്കുള്ള സ്ഥലം യരുശലേമാണെന്നു നിങ്ങൾ പറയുന്നു.” എന്നാൽ ഭൂമിയിലെ ഏതെങ്കിലും ഒരു സ്ഥലത്തെ കേന്ദ്രീകരിച്ചല്ല ദൈവത്തെ ആരാധിക്കേണ്ടതെന്നു സൂചിപ്പിക്കാൻ യേശു പറഞ്ഞു: “നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ യരുശലേമിലോ അല്ലാതാകുന്ന സമയം വരുന്നു.”—യോഹ 4:20, 21.
ബന്ധപ്പെട്ട തിരുവെഴുത്ത്: