വാഗ്ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ
ഗെരിസീം—‘ഞങ്ങൾ ആരാധിച്ചത് ഈ പർവതത്തിലാണ്’
കിണററിങ്കലെ ശമര്യസ്ത്രീ. ആ പദപ്രയോഗം ഒരു ശമര്യനഗരമായ സുഖാറിലെ “യാക്കോബിന്റെ ഉറവി”ങ്കൽ നിന്ന ഒരു സ്ത്രീയോടു യേശു അനൗപചാരികമായി നടത്തിയ സാക്ഷീകരണത്തെക്കുറിച്ചുള്ള ഹൃദയസ്പൃക്കായ വിവരണം നിങ്ങളെ ഓർമ്മപ്പെടുത്തുന്നില്ലേ? ആ അർത്ഥവത്തായ സംഭവത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെ മൂർച്ചയുള്ളതാക്കിത്തീർക്കാൻ നിങ്ങളാഗ്രഹിക്കുന്നുണ്ടോ?—യോഹന്നാൻ 4:5-7.
മുകളിലത്തെ രണ്ടു പർവതങ്ങൾ ശ്രദ്ധിക്കുക, അവ യെരൂശലേമിന് ഏതാണ്ട് 50 കിലോമീററർ വടക്കാണ്.a ഇടത്തുവശത്താണ് (തെക്ക്) വൃക്ഷങ്ങൾ നിറഞ്ഞ ഗെരിസീം; ഒട്ടേറെ അരുവികൾ അതിന്റെ ഫലപുഷ്ടിക്കും മനോഹാരിതക്കും സംഭാവന ചെയ്യുന്നു. വലതുവശത്താണ് (വടക്ക്) ഏബാൽ, അല്പം ഉയർന്നതും പാറകൾ നിറഞ്ഞതും ഊഷരവും.
അവയ്ക്കിടയിലാണു ശേഖേം എന്ന ഫലഭൂയിഷ്ഠമായ താഴ്വര. ദൈവത്തിന്റെ സ്നേഹിതനായ അബ്രാം (പിന്നീട് അബ്രഹാമെന്നു പേരിട്ടു) വാഗ്ദത്തനാട്ടിലൂടെ സഞ്ചരിച്ചപ്പോൾ അവൻ ശേഖേമിൽ തങ്ങി. ഇവിടെ അവൻ യഹോവക്ക് ഒരു യാഗപീഠം പണിതു, അവൻ അബ്രഹാമിനു പ്രത്യക്ഷപ്പെടുകയും അവന്റെ സന്തതിക്ക് ഈ ദേശം കൊടുക്കാമെന്നു വാഗ്ദത്തംചെയ്യുകയും ചെയ്തതേയുണ്ടായിരുന്നുള്ളു. (ഉല്പത്തി 12:5-7) അത്തരമൊരു വാഗ്ദത്തം കൊടുക്കുന്നതിന് എന്തൊരു ഉചിതമായ സ്ഥലം, ദേശത്തിന്റെ മദ്ധ്യം! ഗെരിസീമിന്റെയോ ഏബാലിന്റെയോ ശിഖരത്തിൽനിന്നു ഗോത്രപിതാവിനു വാഗ്ദത്തദേശത്തിന്റെ വിപുലമായ ഭാഗങ്ങൾ വീക്ഷിക്കാൻ കഴിയുമായിരുന്നു. ശേഖേം നഗരം (ആധുനിക നാബസ്ല്), തീരത്തിനും യോർദ്ദാൻ താഴ്വരക്കുമിടക്കുള്ള ഒരു കിഴക്കു-പടിഞ്ഞാറൻ റോഡിനോടടുത്തുള്ള ഉത്തര-ദക്ഷിണ പർവതമാർഗ്ഗത്തിൽ സ്ഥിതിചെയ്തിരുന്നതിനാൽ ഒരു മർമ്മപ്രധാനമായ കേന്ദ്രമായിരുന്നു.
അബ്രഹാമിന്റെ യാഗപീഠം ഇവിടത്തെ ശ്രദ്ധേയമായ ഒരു മതവികാസം മാത്രമായിരുന്നു. പിന്നീട്, യാക്കോബ് ഈ പ്രദേശത്തു സ്ഥലം വാങ്ങുകയും സത്യാരാധന നടത്തുകയും ചെയ്തു. അവൻ ഗെരിസീമിന്റെ താഴ്വാരത്തിൽ ആഴമുള്ള ഒരു കിണർ കുഴിക്കുകയോ കുഴിക്കുന്നതിനുള്ള ചെലവുവഹിക്കുകയോ ചെയ്തു. നൂററാണ്ടുകൾക്കുശേഷം, ശമര്യസ്ത്രീ യേശുവിനോട് ഇങ്ങനെ പറഞ്ഞു: “അവൻ ആകുന്നു ഈ കിണർ ഞങ്ങൾക്കു തന്നതു . . . അവനും . . . ഇതിലെ വെള്ളം കുടിച്ചു.” അത് അരുവിയാൽ പോഷിപ്പിക്കപ്പെട്ടതായിരുന്നിരിക്കാം, അപ്പോസ്തലനായ യോഹന്നാൻ അതിനെ “യാക്കോബിന്റെ ഉറവു” എന്നു വിളിച്ചതിന്റെ കാരണമതായിരിക്കാം.
ഗെരിസീമിനോടും ഏബാലിനോടുമുള്ള ബന്ധത്തിൽ സത്യാരാധനയെക്കുറിച്ചുള്ള പ്രസ്താവം മോശ നിർദ്ദേശിച്ചിരുന്നതുപോലെ യോശുവ ഇസ്രയേലിനെ ഇവിടേക്കു കൊണ്ടുവന്നു എന്നും നിങ്ങളെ അനുസ്മരിപ്പിച്ചേക്കാം. യോശുവ ഏബാലിൽ ഒരു യാഗപീഠം പണിതു. യോശുവ “അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം” വായിച്ചപ്പോൾ ജനത്തിൽ പകുതിപേർ ഗെരിസീമിനു മുമ്പിലും ശേഷിച്ചവർ ഏബാലിനു മുമ്പിലും നിൽക്കുന്നതായി സങ്കല്പിക്കുക. (യോശുവ 8:30-35; ആവർത്തനം 11:29) വർഷങ്ങൾക്കുശേഷം, യോശുവ മടങ്ങിവരുകയും അന്തിമ ബുദ്ധിയുപദേശത്തിൽ “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും” എന്നു പറയുകയും ചെയ്തു. അതുതന്നെ ചെയ്യുമെന്നു ജനം ഉടമ്പടിചെയ്തു. (യോശുവ 24:1, 15-18, 25) എന്നാൽ അവർ യഥാർത്ഥത്തിൽ അങ്ങനെ ചെയ്യുമോ?
അതിന്റെ ഉത്തരം ശമര്യസ്ത്രീയുമായുള്ള യേശുവിന്റെ സംഭാഷണം മനസ്സിലാക്കാൻ നിങ്ങളെ സഹായിച്ചേക്കാം. അബ്രഹാമും യാക്കോബും യോശുവയും പിന്തുടർന്ന സത്യാരാധന ഇവിടെ ശമര്യയിൽ തുടർന്നില്ല എന്നു നിങ്ങൾക്കറിയാമല്ലോ.
വടക്കുള്ള പത്തു ഗോത്രങ്ങൾ വിട്ടുപോയ ശേഷം അവർ കാളക്കുട്ടിയാരാധനയിലേക്കു തിരിഞ്ഞു. അതുകൊണ്ട്, പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 740-ൽ ഈ പ്രദേശം ജയിച്ചടക്കാൻ യഹോവ അശ്ശൂര്യരെ അനുവദിച്ചു. അവർ ജനതയിൽ അധികപങ്കിനെയും പിടിച്ചുകൊണ്ടുപോകുകയും അന്യദൈവങ്ങളെ ആരാധിച്ചിരുന്ന, അശ്ശൂർ സാമ്രാജ്യത്തിലെ മററുള്ളടങ്ങളിൽനിന്നുള്ള വിദേശീയരെ അവിടേക്കു കൊണ്ടുവന്നു പാർപ്പിക്കുകയും ചെയ്തു. ആ പുറജാതികളിൽ ചിലർ ഇസ്രയേല്യരെ മിശ്രവിവാഹം കഴിക്കുകയും പരിച്ഛേദനപോലുള്ള സത്യാരാധനയുടെ ചില ഉപദേശങ്ങൾ പഠിക്കുകയും ചെയ്തിരിക്കാനിടയുണ്ട്. എന്നാൽ തത്ഫലമായുണ്ടായ ശമര്യരൂപത്തിലുള്ള ആരാധന തീർച്ചയായും ദൈവത്തിനു പൂർണ്ണമായും പ്രസാദകരമായിരുന്നില്ല.—2 രാജാക്കൻമാർ 17:7-33.
തങ്ങളുടെ സമ്മിശ്ര ആരാധനയിൽ, ശമര്യക്കാർ മോശയുടെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളായ പഞ്ചഗ്രന്ഥിമാത്രമേ തിരുവെഴുത്തായി സ്വീകരിച്ചുള്ളു. പൊ.യു.മു. ഏതാണ്ടു നാലാം നൂററാണ്ടിൽ യെരൂശലേമിലെ ദൈവാലയത്തോടുള്ള മത്സരത്തിൽ ഗെരിസീം മലയിൽ അവർ ഒരു ആലയം പണിതു. കാലക്രമത്തിൽ ഗെരിസീം ആലയം സൂസിന് (അല്ലെങ്കിൽ ജൂപ്പിററർ) സമർപ്പിക്കപ്പെടുകയും ഒടുവിൽ നശിപ്പിക്കപ്പെടുകയും ചെയ്തു. എന്നിട്ടും, ശമര്യരുടെ ആരാധന തുടർന്നും ഗെരിസീമിൽ കേന്ദ്രീകരിച്ചിരുന്നു.
ഇന്നുവരെയും ശമര്യക്കാർ ഗെരിസീമിൽ ഒരു വാർഷികപെസഹാ നടത്തുന്നു. അനേകം കുഞ്ഞാടുകളെ അറക്കുന്നു. രോമം പറിച്ചെടുക്കാൻ കഴിയേണ്ടതിനു അവയുടെ ഉടലുകൾ തിളക്കുന്ന വെള്ളം നിറച്ച വീപ്പകളിൽ മുക്കുന്നു. പിന്നീട് മാംസം മണിക്കൂറുകളോളം നിലവറകളിൽ വേവിക്കുന്നു. അർദ്ധരാത്രിക്ക് നൂറുകണക്കിനു ശമര്യക്കാർ തങ്ങളുടെ പെസഹാഭക്ഷണം കഴിക്കുന്നു, അനേകരും യെരൂശലേമിൽനിന്നു വന്നവരായിരിക്കും. ഇടതുവശത്ത്, ഗെരിസീംമലയിൽ ഒരു പെസഹാ ആഘോഷത്തിൽ ഒരു ശമര്യമഹാപുരോഹിതൻ കാർമ്മികനായി സേവിക്കുന്നതു നിങ്ങൾക്കു കാണാൻ കഴിയും, അദ്ദേഹത്തിന്റെ തല മൂടിയിരിക്കുന്നു.
ശമര്യസ്ത്രീ യേശുവിനോടു പറഞ്ഞതു ഓർക്കുക: “ഞങ്ങളുടെ പിതാക്കൻമാർ ഈ മലയിൽ നമസ്കരിച്ചുവന്നു [ആരാധിച്ചുവന്നു, NW].” യേശു അവളെയും നമ്മെയും തിരുത്തി: “നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.”—യോഹന്നാൻ 4:20-24.
[][അടിക്കുറിപ്പ്]
a നിങ്ങൾക്കു യഹോവയുടെ സാക്ഷികളുടെ 1993-ലെ കലണ്ടറിലെ ഏറെ വലിപ്പത്തിലുള്ള ഈ ഫോട്ടോ പരിശോധിക്കാവുന്നതാണ്.
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Garo Nalbandian
Garo Nalbandian