ഗ്രീക്കുഭാഷക്കാരായ ജൂതന്മാർക്കുള്ള തിയോഡോട്ടസ് ലിഖിതം
ഇവിടെ കാണുന്ന തിയോഡോട്ടസ് ലിഖിതം 72 സെ.മീ. (28 ഇഞ്ച്) നീളവും 42 സെ.മീ. (17 ഇഞ്ച്) വീതിയും ഉള്ള ഒരു ചുണ്ണാമ്പുകല്ലിൽ കൊത്തിയുണ്ടാക്കിയതാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, യരുശലേമിലെ ഓഫേൽ കുന്നിൽനിന്നാണ് ഇതു കണ്ടെടുത്തത്. ഗ്രീക്കു ഭാഷയിലുള്ള ഈ ലിഖിതത്തിൽ, “(മോശയുടെ) നിയമം വായിക്കാനും ദൈവകല്പനകൾ പഠിപ്പിക്കാനും വേണ്ടിയുള്ള ഒരു സിനഗോഗ് പണിത” തിയോഡോട്ടസ് എന്നൊരു പുരോഹിതനെക്കുറിച്ച് പറയുന്നുണ്ട്. എ.ഡി. 70-ൽ യരുശലേം നശിപ്പിക്കപ്പെടുന്നതിനു മുമ്പുള്ള കാലത്തേതാണ് ഈ ലിഖിതമെന്നു കരുതപ്പെടുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ, ഗ്രീക്കു ഭാഷ സംസാരിക്കുന്ന ജൂതന്മാർ യരുശലേമിലുണ്ടായിരുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്. (പ്രവൃ 6:1) ഈ ലിഖിതത്തിൽ “സിനഗോഗ്” എന്നു പറഞ്ഞിരിക്കുന്നതു ‘വിമോചിതരുടെ സിനഗോഗിനെക്കുറിച്ചാണെന്നു’ ചിലർ കരുതുന്നു. (പ്രവൃ 6:9) ഇനി, തിയോഡോട്ടസിനും അദ്ദേഹത്തിന്റെ പിതാവിനും മുത്തശ്ശനും ആർഖീ സുനഗോഗൊസ് (‘സിനഗോഗിലെ അധ്യക്ഷൻ’) എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നതായി ഈ ലിഖിതത്തിൽ പറഞ്ഞിട്ടുണ്ട്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പല തവണ കാണുന്ന ഒരു സ്ഥാനപ്പേരാണ് ഇത്. (മർ 5:35; ലൂക്ക 8:49; പ്രവൃ 13:15; 18:8, 17) പുറംനാടുകളിൽനിന്ന് യരുശലേം സന്ദർശിക്കാൻ വരുന്നവർക്കായി തിയോഡോട്ടസ് താമസസ്ഥലങ്ങൾ പണിതതായും ലിഖിതം പറയുന്നു. യരുശലേം സന്ദർശിക്കാൻ വന്നിരുന്ന ജൂതന്മാർ, പ്രത്യേകിച്ച് വാർഷികോത്സവങ്ങൾക്കായി അവിടേക്കു വന്നിരുന്നവർ, ഈ താമസസ്ഥലങ്ങൾ ഉപയോഗിച്ചിരുന്നിരിക്കാം.—പ്രവൃ 2:5.
കടപ്പാട്:
Courtesy of Israel Antiquities Authority
ബന്ധപ്പെട്ട തിരുവെഴുത്ത്: