ദൈവം—അവൻ എന്നെക്കുറിച്ചു് ചിന്തിക്കുന്നുണ്ടോ?
“എനിക്കിനി അതെടുക്കാൻ ഒട്ടും വയ്യാ” എന്നു് അവൾ വിളിച്ചു പറഞ്ഞു. “എനിക്കു് എന്നെ കൊല്ലാനുള്ള ശേഷിയെങ്കിലുമുണ്ടായിരുന്നെങ്കിൽ ഞാൻ ഈ നശിച്ച ലോകത്തിലെ വിരസമായ ജീവിതം അവസാനിപ്പിച്ചേനേ.”
ജില്ലിനു് “നിരാശയും വിദ്വേഷവും അക്രമവുമുള്ള ഒരു ലോകത്തു് ജീവിക്കുന്നതിൽ യാതൊരു ലക്ഷ്യവും കാണാൻ” കഴിയുന്നില്ല. മയക്കുമരുന്നുകളിൽ നിന്നും മദ്യത്തിൽ നിന്നും സംഗീതത്തിൽനിന്നും ആശ്വാസം ലഭിക്കുമെന്നു് അവൾ കരുതി. പക്ഷേ അവ ആശ്വാസം നൽകിയില്ല. വിവാഹമോചനം അവളുടെ കുടുംബാഗങ്ങളെ അഞ്ചു് വ്യത്യസ്ത ദിശകളിലേക്കു് ചിതറിച്ചപ്പോൾ അവൾ ചോദിച്ചു. “ഈ കാലഘട്ടത്തിലെല്ലാം ദൈവം എവിടെയായിരുന്നു?”
നിങ്ങക്കു് മോശമായ സംഗതികൾ സംഭവിക്കുമ്പോൾ, സമാനമായ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിനെ തളർത്തുന്നുണ്ടോ? തുറന്നുപറഞ്ഞാൽ, നമ്മുടെ ഈ ദുരന്തബാധിത 20-ാം നൂറ്റാണ്ടിൽ ദൈവം എവിടെയാണു്? സ്നേഹവാനായ ഒരു ദൈവത്തിൽ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അഭിമുഖീകരിക്കേണ്ട ഒരു ചോദ്യമാണതു്. ആളുകൾക്കു് സംഭവിക്കുന്നതിനെക്കുറിച്ചു് ദൈവം വാസ്തവത്തിൽ ചിന്തയുള്ളവനാണോ? സത്യത്തിൽ അവൻ എന്നെക്കുറിച്ചു് കരുതുന്നുണ്ടോ?
ദൈവം കരുതുന്നുണ്ടു്
നിങ്ങൾക്കു ചുറ്റും നോക്കുക. ദൈവം ആളുകൾക്കുവേണ്ടി കരുതുന്നില്ലെങ്കിൽ, അവൻ സ്വാദേറിയ ഭക്ഷണപദാർത്ഥങ്ങളും ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ഓമനമൃഗങ്ങളും അത്ഭുതകരമായ പ്രകൃതിദൃശ്യങ്ങളും സൃഷ്ടിക്കാൻ ശ്രമിച്ചതെന്തുകൊണ്ടു്? നഗരത്തിലെ വികൃതമായ താഴ്ന്ന പ്രദേശങ്ങൾ പോലും മനോജ്ഞമായ സൂര്യാസ്തമയങ്ങളാൽ ശോഭയുള്ളതായിത്തീരുന്നു. അപ്പോസ്തലനായ പൗലോസു് ലുക്കവേന്യരോടു് പറഞ്ഞതുപോലെ ദൈവം “നിങ്ങൾക്കുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങളിൽ തന്നെക്കുറിച്ചു് നിങ്ങൾക്കു് തെളിവു് തരാതിരുന്നിട്ടില്ല; അവൻ നിങ്ങൾക്കു് ആകാശത്തുനിന്നു് മഴ അയയ്ക്കുന്നു. അവൻ കൃക്ഷിയുൽപ്പന്നങ്ങൾ വളരേണ്ടപ്പോൾ അവ വളരുമാറാക്കുന്നു. അവൻ നിങ്ങൾക്കു് ഭക്ഷണം നൽകുകയും നിങ്ങളെ സന്തുഷ്ടരാക്കുകയും ചെയ്യുന്നു.”—പ്രവൃത്തി 14:17, യരുശലേം ബൈബിൾ.
എന്നാൽ മനോഹരമായ സൂര്യാസ്തമയങ്ങൾ സന്തുഷ്ടിയില്ലാത്ത ഒരു കുടുംബത്തെ സന്തുഷ്ടമാക്കയില്ല എന്നു് സമ്മതിക്കേണ്ടിയിരിക്കുന്നു. കളിക്കുന്ന മൃഗങ്ങൾ പ്രിയപ്പെട്ടവരുടെ നഷ്ടത്തിലുണ്ടാകുന്ന വേദന ഇല്ലാതാക്കുന്നില്ല. ആസ്വാദ്യകരമായ ഫലങ്ങൾക്കു് നൈരാശ്യത്താൽ തകർന്ന ഹൃദയങ്ങളെ ഉൻമേഷമുള്ളതാക്കാൻ സാദ്ധ്യമല്ല. ദൈവം ആളുകൾക്കു് വേണ്ടി വസ്തവത്തിൽ കരുതുന്നുവെങ്കിൽ അവൻ ഇന്നത്തെ കഷ്ടതകളുടെ കാരണം സംബന്ധിച്ചു് എന്തെങ്കിലും ചെയ്യാത്തതെന്തുകൊണ്ടു്?
അവൻ അതു് സംബന്ധിച്ചു് ചിലതു ചെയ്യുന്നുണ്ടു്, നിങ്ങൾക്കു് അതിൽനിന്നു് പ്രയോജനം നേടുകയും ചെയ്യാം എന്നതാണു് അതിനുള്ള ഉത്തരം. ദൈവം നിങ്ങളെക്കുറിച്ചു് ചിന്തിക്കുന്നുണ്ടെന്നുള്ളതിന്റെ താഴെപ്പറയുന്ന തെളിവുകൾ പരിചിന്തിക്കുക.
അവൻ കരുതുന്നുവെന്നു് നാം അറിയുന്ന വിധം
◻ കഷ്ടസമ്പൂർണ്ണമായ ഇപ്പോഴത്തെ വ്യവസ്ഥിതിയെ മാറ്റാൻ ദൈവം അത്ഭുതകരമായ ഒരു പറുദീസാ ഉദ്ദേശിച്ചിരിക്കയാണു്. “മരണമോ വിലാപമോ കരച്ചിലോ വേദനയോ മേലാൽ ഇല്ലാത്ത” ഒരു ഭൂമിയെക്കുറിച്ചു് ബൈബിൾ വ്യക്തമായി വർണ്ണിക്കുന്നുണ്ടു്. (വെളിപ്പാടു് 21:4) ഈ അവസ്ഥകളിൻകീഴിൽ ആരു് ജീവിക്കും? സൗമ്യതയുള്ളവർ തന്നെ ഭൂമിയെ കൈവശമാക്കും, അവർ സമാധാന സമൃദ്ധിയിൽ തങ്ങളുടെ അതിവിശിഷ്ടമായ ആനന്ദം കണ്ടെത്തുകയും ചെയ്യും.” (സങ്കീർത്തനം 37:11) ഒരു പറുദീസയെക്കുറിച്ചു കൂടുതലായി വായിച്ചറിയാൻ നിങ്ങളുടെ ബൈബിൾ യെശയ്യാ 11, 35, 65 എന്നീ അദ്ധ്യായങ്ങളിലേക്കു് എന്തുകൊണ്ടു് തുറന്നുകൂടാ?
◻ നിങ്ങൾക്കു് ആ പറുദീസയിൽ ജീവിക്കാൻ കഴിയേണ്ടതിനു്, ദൈവം അവന്റെ പ്രിയപ്പെട്ട ഏകജാതപുത്രനെ നൽകിയിരിക്കുകയാണു്. “അവന്റെ ഏകജാതനായ പുത്രനിൽ വിശ്വവാസം അർപ്പിക്കുന്ന ഏവനും നശിക്കപ്പെടാതെ നിത്യജീവൻ ഉണ്ടായിരിക്കേണ്ടതിനു്, ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രയധികം സ്നേഹിച്ചു.” (യോഹന്നാൻ 3:16) ഈ ക്രമീകരണത്തിനു് നന്ദി. ജീവനിലേക്കുള്ള ഒരു പുനരുത്ഥാനത്താൽ മരിച്ചവർക്കുപോലും ആ പറുദീസാഭൂമിയിൽ നിന്നു് പ്രയോജനം അനുഭവിക്കാൻ കഴിയും.—യോഹന്നാൻ 5:28-30.
◻ നിങ്ങൾ ദൈവത്തിന്റെ കരുതലിൽനിന്നു് പ്രയോജനം നേടേണ്ടതിനു്, അവൻ മുഴുഭൂമിയിലും അവന്റെ രാജ്യസുവാർത്ത ഘോഷിക്കപ്പെടാൻ ക്രമീകരിച്ചിരിക്കയാണു്. “രാജ്യത്തിന്റെ ഈ സുവാർത്ത സകല രാഷ്ടങ്ങൾക്കും ഒരു സാക്ഷ്യത്തിനായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും, അപ്പോൾ അവസാനം വരും.” (മത്തായി 24:14) ദൈവം “സകല രാഷ്ടങ്ങളിലുമുള്ളവരെ ശിഷ്യരാക്കാൻ” അവന്റെ ജനത്തെ അവന്റെ പുത്രന്റെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ നിയോഗിച്ചിരിക്കയാണു്.—മത്തായി 28:18-20.
എന്നാൽ നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ചിന്തയിൽനിന്നു് പ്രയോജനം നേടാൻ, നിങ്ങൾ ചെയ്യേണ്ട മറ്റു ചിലതുണ്ടു്. നിങ്ങൾ ദൈവത്തെക്കുറിച്ചു് ചിന്തിക്കുന്നുണ്ടെന്നു് അവനെ കാണിക്കേണ്ടതാണു്.
നിങ്ങൾ ദൈവത്തെക്കുറിച്ചു് ചിന്തിക്കുന്നുണ്ടോ?
അതു് വിചിത്രമായി തോന്നുന്നുണ്ടോ? അങ്ങനെ തോന്നരുതു്. എന്തായിരുന്നാലും, രണ്ടു വ്യക്തികൾ തമ്മിലുള്ള ഏതു ബന്ധത്തിലും, അവരിൽ ഒരാളിൽനിന്നുമാത്രം ചിന്തമുഴുവൻ പ്രതീക്ഷിക്കുന്നതു് ന്യായമല്ല, അല്ലേ? ഇതേ സംഗതി യഹോവയാം ദൈവവും ഒരു വ്യക്തിയും തമ്മിലുള്ള ബന്ധത്തിലും സത്യമാണു്. അവന്റെ വചനം ആവർത്തിച്ചാവർത്തിച്ചു് ഇതു് വ്യക്തമാക്കുന്നുണ്ടു്. “ദൈവത്തോടു് അടുത്തു ചെല്ലുക. അവൻ നിങ്ങളോടും അടുത്തുവരും” എന്നു് യാക്കോബ് 4:8 ആവശ്യപ്പെടുന്നു.
ദൈവം അവന്റെ ജനത്തിൽനിന്നു് പ്രതീക്ഷിക്കുന്ന സംഗതിയിലേക്കു് വിരൽ ചൂണ്ടിക്കൊണ്ടു് ആവർത്തനം 30:19, 20 പരയുന്നു. “ഞാൻ നിങ്ങളുട മുമ്പിൽ ജീവനും മരണവും, അനുഗ്രഹവും ശാപവും വെച്ചിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിച്ചുകൊണ്ടും അവന്റ വാക്കു് ശ്രദ്ധിച്ചുകൊണ്ടും അവനോടു് പറ്റിനിന്നുകൊണ്ടും, നീയും നിന്റെ സന്തതിയും തുടന്നു് ജീവിച്ചിരിക്കേണ്ടതിനു് നീ ജീവനെ തിരഞ്ഞെടുത്തുകൊൾക.” നമ്മുടെ ഭാഗത്തുണ്ടായിരിക്കേണ്ട ചിന്തയുടെ അഭാവം നിമിത്തം ദൈവവുമായുള്ള ഒരു ബന്ധത്തിന്റെ നിത്യപ്രയോജനങ്ങൾ നാം നഷ്ടപ്പെടുത്തുന്നെങ്കിൽ അതു് എത്ര ദാരുണമായിരിക്കും!
‘ഞാൻ ദൈവത്തെക്കുറിച്ചു് ചിന്തയുള്ളവനാണെന്നും അതു് വാസ്തവത്തിൽ എന്റെ ഹൃദയത്തിൽനിന്നുതന്നെയുള്ളതാണെന്നും എനിക്കു് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ?’ എന്നു നിങ്ങൾ വിചാരിച്ചേക്കാം. ദൈവം തനിക്കുവേണ്ടി, ലോകത്തിനു് ഹിതകരമല്ലാത്ത ഒരു നിലപാടു് സ്വീകരിക്കാനോ അവനുവേണ്ടി പൊതുപ്രസംഗം പോലെയുള്ള, ലോകപ്രിയമല്ലാത്ത ഏതെങ്കിലും സാമൂഹ്യസേവനത്തിലേർപ്പെടനോ നിങ്ങളോടു് ആവശ്യപ്പെടുന്നുവെന്നു് സങ്കൽപ്പിക്കുക. നിങ്ങൾ എങ്ങനെ പ്രതിവർത്തിക്കും? നിങ്ങളുടെ പ്രവർത്തനങ്ങളാൽ നിങ്ങൾ ദൈവത്തെയും അവന്റെപുത്രനെയും കുറിച്ചു് ചിന്തയുള്ളവനാണെന്നു് പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുമോ? യേശു മുന്നറിയിപ്പു നൽകി. “പാപമയവും ദുഷിച്ചതുമായ ഈ തലമുറയിൽ എന്നെക്കുറിച്ചും എന്റെ വചനങ്ങളെക്കുറിച്ചും ലജ്ജിക്കുന്ന ഏവരെയും കുറിച്ചു് താൻ വിശുദ്ധദൂതൻമാരുമായി തന്റെ പിതാവിന്റെ മഹത്വത്തിൽ വന്നെത്തുമ്പോൾ മനുഷ്യപുത്രനും ലജ്ജിക്കും.”—മർക്കോസ് 8:38
നേരേമറിച്ചു്, യഹോവയും യേശുവും തങ്ങളോടും തങ്ങളുടെ ഇന്നത്തെ യഥാർത്ഥ ദാസൻമാരോടും താല്പര്യം കാണിക്കുന്നവരെ വളരെയധികം വിലമതിക്കുന്നു. യേശു പറഞ്ഞു: “ആരെങ്കിലും ഈ ചെറിയവരിൽ ഒരാൾക്കു്, അവൻ എന്റെ ശിഷ്യനായിരിക്കുന്നതിനാൽ ഒരു കപ്പു് പച്ചവെള്ളത്തോളം നൽകുന്നെങ്കിൽ, ഞാൻ ഇതു് നിങ്ങളോടു് പറയുന്നു: ആ മനുഷ്യനു് നിശ്ചയമായും പ്രതിഫലം ലഭിക്കാതെ പോകയില്ല.”—മത്തായി 10:41, 42, നൂ ഇംഗ്ലീഷ് ബൈബിൾ
അതെ, ദൈവം നിങ്ങളെക്കുറിച്ചു്, ഇന്നു് ഭൂമിയിലെല്ലാമുള്ള നിർമ്മലഹൃദയരെക്കുറിച്ചു് ശവക്കുഴിയിലുള്ളവരെക്കുറിച്ചുപോലും ചിന്തിക്കുന്നുണ്ടു്. എന്നാൽ ചിന്തയെന്നതു് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വേണ്ട ഒന്നാണു്. നിങ്ങൾ ദൈവത്തെക്കുറിച്ചു് ചിന്തിക്കുന്നുണ്ടോ? ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ചിന്തിക്കുന്നുണ്ടെന്നു് പ്രകടിപ്പിക്കാനാഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്കു് ഒരു അനന്തഭാവി സ്വന്തമാക്കാം
[26-ാം പേജിലെ ചിത്രം]
ദൈവം കരുതുന്നില്ലെങ്കിൽ അവൻ ഈ സംഗതികൾ പ്രധാനം ചെയ്തതെന്തുകൊണ്ടു്?