സാങ്കേതിക വിദ്യ—അതു നമ്മെ ബാധിക്കുന്ന വിധം
ക്ഷുദ്രക്കാരന്റെ തൊഴിൽശിഷ്യൻ എന്ന ഗോയ്ഥേയുടെ യക്ഷിക്കഥ പോൾ ഡ്യൂക്കസിന്റെ സംഗീതത്തിലും വാൾട്ട് ഡിസ്നിയുടെ ഫാൻറാസ്യാ എന്ന ചലച്ചിത്രത്താലും ജനപ്രീതിനേടി. അതിൽ, തൊഴിൽശിഷ്യന് ഒരു ആശയം തോന്നി—തന്റെ യജമാനന്റെ ക്ഷുദ്രശക്തിപ്രയോഗിച്ച് തന്റെ സ്വന്തം ജോലി ലഘൂകരിക്കുക. തനിക്കുവേണ്ടി വെള്ളം കോരിക്കൊണ്ടുവരാൻ അയാൾ ഒരു ചൂലിനെ പ്രവർത്തിപ്പിച്ചു. അനുസരണമുള്ളതെങ്കിലും ബുദ്ധിയില്ലാത്ത തന്റെ അടിമയെ നിയന്ത്രിക്കാൻ അറിയാൻ പാടില്ലാഞ്ഞതുകൊണ്ട്, അത് വീട്ടിലേക്ക് വളരെയധികം വെള്ളം കൊണ്ടുവന്നതിന്റെ ഫലമായി ഒരു പ്രളയംതന്നെ ഉണ്ടായതായി അയാൾ കണ്ടു. തീർച്ചയായും കഥക്ക് ഒരു ശുഭപര്യവസാനമാണുണ്ടായിരുന്നത്—യജമാനൻ രക്ഷക്കെത്തി.
തൊഴിൽ ശിഷ്യന്റെ ചൂലിനെപ്പോലെ, സാങ്കേതികവിദ്യ അടിസ്ഥാനപരമായി ഒരു ശക്തമായ പണിയായുധമാണ്. നമ്മുടെ ജോലി കൂടുതൽ അനായാസവും കാര്യക്ഷമവും ഒരു പക്ഷേ കൂടുതൽ ആസ്വാദ്യം പോലുമാക്കിത്തീർക്കാൻ അതിനെ ഉപയോഗപ്പെടുത്താൻ കഴിയും. എന്നാൽ അതിനെ ഉചിതമായി നിയന്ത്രിക്കാത്തപ്പോൾ, അല്ലെങ്കിൽ ദുരുപയോഗപ്പെടുത്തുമ്പോൾ അതിന് അപകടകരം മാത്രമല്ല, മാരകം പോലുമായ ഭവിഷ്യത്തുകളോടുകൂടിയ ഒരു ശക്തിയായിത്തീരാൻ കഴിയും.
ഇതിന്റെ ഒരു മുഖ്യദൃഷ്ടാന്തം ഓട്ടോമോബൈൽ ആണ്. ഓട്ടോമോബൈൽ പൊതുവേ ജനസമുദായത്തിന് അനേകം നേട്ടങ്ങളും പ്രയോജനങ്ങളും കൈവരുത്തിയിട്ടുണ്ടെന്നുള്ളതിന് സംശയമില്ല. എന്നിരുന്നാലും, വായു, ശബ്ദം എന്നിവയുടെ മലിനീകരണം പോലെയുള്ള ഉപദ്രവകരമായ പാർശ്വഫലങ്ങളെയും അപകടങ്ങളാലും അശ്രദ്ധമായ ഡ്രൈവിംഗിനാലുമുള്ള മരണങ്ങളെയും പരിക്കുകളെയും ആർക്ക് നിഷേധിക്കാൻ കഴിയും? ഈ സാങ്കേതിക വിദ്യാപരമായ നേട്ടം ഏറ്റം കൂടിയാൽ ഒരു സമ്മിശ്രമായ അനുഗ്രഹമാണ്.
എന്നാൽ സാങ്കേതികശാസ്ത്രത്തിന്റെ ഫലം അതിലും ബഹുദൂരം പോകുന്നു. നമ്മുടെ ആധുനികലോകത്തിൽ വളരെ പ്രേരണാത്മകമായിത്തീർന്നിരിക്കുന്നതുകൊണ്ട് അതു നമ്മുടെ ജോലിയുടെയും ജീവിതത്തിന്റെയും രീതിക്കു മാത്രമല്ല, നമ്മുടെ മൂല്യങ്ങൾക്കും, നമ്മേക്കുറിച്ചും മൊത്തത്തിൽ ജനസമുദായത്തെക്കുറിച്ചുമുള്ള നമ്മുടെ വീക്ഷണത്തിനും, മാറ്റം വരുത്തിയിരിക്കുന്നു. ഈ ചോദ്യം ഉദിക്കുന്നു: നാം നമ്മുടെ സ്വന്തം അനുഗ്രഹത്തിനായി സാങ്കേതികശാസ്ത്രത്തെ ബുദ്ധിപൂർവ്വം ഉപയോഗിച്ചിരിക്കുന്നുവോ, അതോ സാങ്കേതികശാസ്ത്രം നമുക്ക് ദ്രോഹം ചെയ്യുമാറ് നമ്മുടെ ജീവിതരീതിമേൽ ആധിപത്യം പുലർത്തിയിരിക്കുന്നുവോ?
ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇന്നു ജീവിക്കുന്ന മിക്കവർക്കും സയൻസിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിയിൽനിന്ന് പ്രയോജനമുണ്ടായിട്ടുണ്ടെന്നുള്ളതിന് സംശയമില്ല. വികസിതരാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഒരുപോലെ സാങ്കേതികശാസ്ത്രം ജീവിതത്തിന്റെ മിക്കവാറുമെല്ലാ വശങ്ങളിലും നിരവധി ഭൗതീകപ്രയോജനങ്ങൾ കൈവരുത്തിയിട്ടുണ്ട്. പ്രഥമവും പ്രധാനവുമായി, യന്ത്രങ്ങളുടെയും വളങ്ങളുടെയും കീടനാശിനികളുടെയും മെച്ചപ്പെട്ട വിത്തുകളുടെയും ഉപയോഗം ലോകജനസംഖ്യയുടെ അധികപങ്കിനും ഭക്ഷ്യവും പോഷണവും വർദ്ധിപ്പിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രപുരോഗതികളെ മെച്ചപ്പെട്ട ആരോഗ്യത്തിലും അനേകരെ സംബന്ധിച്ച് ആയുർദൈർഘ്യത്തിലും കലാശിച്ചിട്ടുണ്ട്. ഓട്ടോമോബൈലും വിമാനവും ഇലക്ട്രോണിക്ക്സ്, കംപ്യൂട്ടേഴ്സ്, ഉപഗ്രഹങ്ങൾ എന്നിവയിലെ വികാസങ്ങളും അനായാസം ലോകത്തിനു ചുറ്റും സഞ്ചരിക്കുന്നതിനും മറ്റുള്ളവരുമായി ആശയവിനിയമം ചെയ്യുന്നതിനും സാദ്ധ്യതയുളവാക്കിയിരിക്കുന്നു. കൂടുതൽ വ്യക്തിപരമായ തലത്തിൽ ജോലി സ്ഥലത്തും ഭവനത്തിലും സാങ്കേതികശാസ്ത്രം അദ്ധ്വാനക്ലേശവും കഠിനാദ്ധ്വാനവും നീക്കം ചെയ്തിട്ടുണ്ട്.
സാങ്കേതികവിദ്യാപരമായി പുരോഗമിച്ച രാജ്യങ്ങളിലെ ചിലയാളുകൾ ‘പണ്ടത്തെ നല്ല നാളുകളെ’ക്കുറിച്ചു സംസാരിക്കാൻ ഇഷ്ടമുള്ളവരാണെങ്കിലും, തങ്ങൾ അനുദിനജീവിതത്തിൽ അംഗീകരിച്ചിരിക്കുന്നതോ പരിചയിച്ചിരിക്കുന്നതോ ആയ, സമയവും അദ്ധ്വാനവും ലാഭിക്കുന്ന നിരവധി ഉപകരണങ്ങൾ ഉപേക്ഷിക്കാൻ അധികം പേർക്ക് മനസ്സില്ല. തീർച്ചയായും, സാങ്കേതികശാസ്ത്രം ഉപയോഗമുള്ള ഒരു അടിമയായിത്തീർന്നിട്ടുണ്ട്. ഒരു നിരീക്ഷകൻ പ്രസ്താവിച്ച പ്രകാരം, ഇന്ന് സാധാരണക്കാരായ ആളുകൾ “പണ്ടത്തെ രാജാക്കൻമാർക്ക് ഒരിക്കലും സാധിച്ചിട്ടില്ലാത്ത” വിധത്തിൽ ജീവിക്കുന്നു.
എന്നിരുന്നാലും ചിത്രം തികച്ചും ശോഭനമായ ഒന്നല്ല. “കഴിഞ്ഞ ഏതാനും ദശകങ്ങളിലെ സാങ്കേതികശാസ്ത്രത്തിന്റെ വമ്പിച്ച പകർച്ച വലിയ പ്രയോജനങ്ങൾ കൈവരുത്തിയിട്ടുണ്ടെങ്കിലും ചില സാങ്കേതികശാസ്ത്രവികാസങ്ങൾ സാമൂഹികവും പരിസരസംബന്ധവുമായ അനേകം പ്രശ്നങ്ങളെ പരിഹരിക്കുന്നതിനു പകരം വഷളാക്കുകയേയുള്ളുവെന്നതിന് ധാരാളം തെളിവുണ്ട്” എന്ന് വേൾഡ് വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഗവേഷകനായ കോളിൻ നോർമൻ എഴുതുകയുണ്ടായി.
ഒന്നാമതുതന്നെ, പരിസരത്തിൻമേൽ സാങ്കേതികശാസ്ത്രത്തിനുള്ള ഫലം പരിചിന്തിക്കുക. ഇൻറീറിയർ സ്റ്റിവാർട്ട് ഉഡാളിന്റെ മുൻ സെക്രട്ടറി ഐക്യനാടുകളിലെ സാഹചര്യത്തെ “ശാന്തമായ പ്രതിസന്ധി” എന്നു വിളിച്ചുകൊണ്ട് ഇങ്ങനെ വർണ്ണിച്ചു:
“ഈ ജനത സമ്പത്തിലും ശക്തിയിലും ലോകത്തിന്റെ മുൻപന്തിയിലാണ്, എന്നാൽ മാനുഷവസതിയുടെ ദുഷിപ്പിക്കലും മുൻപന്തിയിലാണ്. നമുക്കാണ് ഏറ്റവുമധികം ഓട്ടോമോബൈലുകൾ ഉള്ളത്, എന്നാൽ ഏറ്റവും മോശമായ ജങ്ക്യാർഡുകളും (ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിടുന്ന സ്ഥലം) നമുക്കാണുള്ളത്. ഭൂമിയിൽ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന ജനം നാമാണ്, എന്നാൽ ഏറ്റവും മോശമായ തിക്കൽ സഹിക്കുന്നതും നാമാണ്, ഏറ്റവും കൂടുതൽ ഊർജ്ജം ഉല്പാദിപ്പിക്കുന്നത് നാമാണ്, ഏറ്റവും മോശമായ വായു ഉള്ളതും നമുക്കാണ്. നമ്മുടെ ഫാക്ടറികൾ കൂടുതൽ ഉല്പന്നങ്ങൾ പുറത്തിറക്കുന്നു. നമ്മുടെ നദികൾ ഏറ്റവും മലീമസമാണ്. നമുക്കാണ് ഏറ്റവുമധികം സാധനങ്ങൾ വിൽക്കാനുള്ളത്, അവയുടെ മൂല്യം പരസ്യപ്പെടുത്തുന്നതിന് ഏറ്റവും ഹീനമായ സൂചനകളും നമുക്കുണ്ട്.”
അങ്ങനെ, നാം വളരെ സന്നദ്ധതയോടെ അംഗീകരിക്കുന്ന സത്വര സാങ്കേതികശാസ്ത്രവളർച്ചക്ക് നാം കൊടുക്കുന്ന ഉയർന്ന വില ഉദ്യോഗസ്ഥൻമാരും പൊതുജനങ്ങളും ശ്രദ്ധിക്കാൻ തുടങ്ങുകയാണ്. വേണമെങ്കിൽ ഗവൺമെൻറ്കൾക്ക് കേവലം പ്രദൂഷകർക്കെതിരെ നടപടിയെടുത്തുകൊണ്ട് കൂടുതലായ പരിസര മലിനീകരണത്തെ തടയാൻ കഴിയും. എന്നാൽ വ്യവസായങ്ങളും ബിസിനസ്സുകളും ആളുകൾക്ക് തൊഴിലും ജനസമുദായങ്ങൾക്ക് ഐശ്വര്യവും ഗവൺമെൻറുകൾക്ക് വരുമാനവും ഉണ്ടാക്കിക്കൊടുക്കുന്നു. വികസരരാഷ്ട്രങ്ങളിൽ ഇതു വിശേഷാൽ സത്യമാണ്. അങ്ങനെ ശുദ്ധമായ വായു, ജലം, കര എന്നിങ്ങനെ കൊടുക്കപ്പെടുന്ന വിലയെക്കാൾ കൂടിയവയാണ് സാങ്കേതികശാസ്ത്രം ഉളവാക്കുന്ന പ്രയോജനങ്ങൾ എന്ന് വാദിക്കപ്പെടുന്നു.
ഏതെങ്കിലുമൊരു സമയത്ത് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നുള്ളതാണ് സാങ്കേതികശാസ്ത്രത്തിനനുകൂലമായ മറ്റൊരു വാദം. വരുത്തപ്പെട്ട തകരാറിൽ അധികപങ്കിലും വിരാമമിടാൻ അഥവാ പരിഹാരം കാണാൻ തക്ക സാങ്കേതികശാസ്ത്രവിജ്ഞാനം ഇപ്പോൾത്തന്നെയുണ്ടെന്നുള്ളതാണ് സംഗതിയുടെ യാഥാർത്ഥ്യം. എന്നാൽ ഇതിന്റെ നിർവ്വഹണത്തിന് പണച്ചെലവുണ്ട്, വളരെയേറെ. ദൃഷ്ടാന്തമായി, ഐക്യനാടുകളിലെ ഗവൺമെൻറ് ഹാനികരമെന്ന് നിർദ്ദേശിച്ച 786 വിഷമാലിന്യകൂനകൾ ശുദ്ധീകരിക്കുന്നതിനുതന്നെ 7,500 കോടി മുതൽ 10,000 കോടി രൂപാവരെ ആവശ്യമാണ്.—ഈ തുക കൊടുക്കാൻ ആരും തയ്യാറല്ല.
ജോലിയിൻമേലും തൊഴിലിൻമേലുമുള്ള സാങ്കേതികശാസ്ത്രത്തിന്റെ സ്വാധീനം തുടക്കംമുതൽതന്നെ വളരെയധികം വാദപ്രതിവാദം നടന്നിട്ടുള്ള വിഷയമാണ്. പുതിയ യന്ത്രങ്ങൾ ആളുകളെ തൊഴിൽരഹിതരാക്കുമെന്നുള്ള ഭയം എല്ലായ്പ്പോഴും ഉണ്ടായിരുന്നു. വ്യവസായവിപ്ലവത്തിന്റെ ആരംഭകാലത്ത് ഇംഗ്ലണ്ട്, നോട്ടിംഗാമിലെ റ്റെക്ക്സ്റ്റൈൽ ജോലിക്കാർക്ക് വളരെയധികം ഭീഷണിയുണ്ടായതുകൊണ്ട് നെഡ് ലുഡ്ഡിന്റെ നേതൃത്വത്തിൽ അവർ 1811-12ലെ കുപ്രസിദ്ധ ലുഡൈറ്റ് ലഹളകളിൽ പുതുതായി അവതരിപ്പിക്കപ്പെട്ട നൂറുകണക്കിനു യന്ത്രങ്ങൾ നശിപ്പിച്ചു.
വ്യാവസായിക വിപ്ലവത്തിന്റെ വിജയം അങ്ങനെയുള്ള നടപടികളൊക്കെ ഇന്ന് മൗഢ്യമാക്കിത്തീർക്കുന്നു. എന്നിരുന്നാലും, ഓഫീസുകളിലും ഫാക്റ്ററികളിലും കംപ്യൂട്ടർവൽകൃത സ്വയം പ്രവർത്തക യന്ത്രങ്ങളും യന്ത്രമനുഷ്യനും അവതരിപ്പിക്കുന്നത് ചില കേന്ദ്രങ്ങളിൽ വീണ്ടും ഭയം ജനിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, കംപ്യൂട്ടർ റ്റെക്ക്നോളജി അതിന്റെ സ്വന്തം ജോലികൾ—കംപ്യൂട്ടർ ഓപ്പറേറ്റേഴ്സ്, ഡിസൈനേഴ്സ്, പ്രോഗ്രാമേഴ്സ് മുതലായവ ഹൈ-റ്റെക്ക് ജോലികൾ ഉളവാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അങ്ങനെയുള്ള ഭയങ്ങളെ തള്ളിക്കളയുന്നു. ജോലി നഷ്ടപ്പെടുന്നവരെ പുന:പരിശിലനത്തിനുശേഷം തിരികെ എടുക്കാൻ കഴിയും. എന്നാൽ ഉയർന്ന ലോകവ്യാപകതൊഴിലില്ലായ്മയുടെ സ്ഥിതിവിവരക്കണക്കുകൾ എടുത്തുകാട്ടിക്കൊണ്ട്, ഹൈ-റ്റെക്ക് ഈ കാര്യത്തിൽ അതിന്റെ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്ന് മറ്റുചിലർ വാദിക്കുന്നു.
“സാങ്കേതികവിദ്യാ പരിഷ്ക്കാരങ്ങൾ ജോലിക്കാരെ പുറന്തള്ളുമെന്നു മാത്രമല്ല, വ്യവസായത്തിൽ താരതമ്യേന ചുരുക്കം പേർക്കേ തൊഴിലുണ്ടായിരിക്കയുള്ളു”വെന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ അടുത്ത കാലത്തെ ഗവേഷണം കണ്ടെത്തുന്നു. കംപ്യൂട്ടർ വ്യവസായം തുറന്നുകൊടുക്കുന്ന അനേകം ജോലികളെക്കുറിച്ച് കേൾക്കുമ്പോൾ ആളുകൾക്ക് മിക്കപ്പോഴും മതിപ്പുളവാകുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് ആകമാനമായ ജോലിക്കമ്പോളത്തിന്റെ ചെറിയ ഒരംശം മാത്രമാണ്. ദൃഷ്ടാന്തമായി, ഐക്യനാടുകളിൽ 1972 മുതൽ 1982വരെ 60,00,000 ഹൈ-റ്റെക്ക് ജോലികൾ സൃഷ്ടിക്കപ്പെട്ടുവെന്ന് അവിടത്തെ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്ക്സ് കണക്കുകൂട്ടുന്നു. എന്നിരുന്നാലും ഇത് ആ കാലഘട്ടത്തിലെ മൊത്തം തൊഴിൽവളർച്ചയുടെ ഏതാണ്ട് 5 ശതമാനമേ ആയിരിക്കുന്നുള്ളു. മറ്റുവാക്കുകളിൽ പറഞ്ഞാൽ ജോലിക്കമ്പോളത്തിലെ 20 പേരിൽ ശരാശരി ഒരാളെ മാത്രമെ ഹൈ-റ്റെക്ക് വ്യവസായികൾ നിയമിച്ചുള്ളു. പുതിയ ജോലികൾ കൊടുക്കാനുള്ള റ്റെക്ക്നോളജിയുടെ പ്രാപ്തി നിരാശാജനകമാണെങ്കിൽ, പ്രതീക്ഷക്കൊത്ത് വേലയുടെ സ്വഭാവത്തെ ഉയർത്തുന്നതിലുള്ള അതിന്റെ പരാജയം അതിലും നിരാശാജനകമാണെന്ന് ചിലർ വിചാരിക്കുന്നു. അനേകരും ഹൈ-റ്റെക്ക് ജോലികളിൽ ഒരളവിലുള്ള പരിഷ്ക്കാരമാണ് വിഭാവന ചെയ്യുന്നത്. എന്നാൽ അങ്ങനെയുള്ള ചില ജോലികൾ “ചേതനയെ വികസിപ്പിക്കുന്നതും മനസ്സിനെ വെല്ലുവിളിക്കുന്നതുമാണെങ്കിലും മിക്കതും “അവിശ്വസനീയമാം വിധം മനസ്സിനെ മുരടിപ്പിക്കുന്നതും മന്ദീഭവിപ്പിക്കുന്നതുമാണ്” എന്ന് ഒരു തൊഴിൽവിദഗ്ദ്ധൻ പ്രസ്താവിക്കുകയുണ്ടായി. ഹൈ-റ്റെക്ക് വ്യവസായത്തിലെ മിക്ക ജോലികളും കഠിനാദ്ധ്വാനം നീക്കം ചെയ്യുന്നതിനു പകരം ആവർത്തനവും വിരസവും അത്യധികമായി മേൽനോട്ടം ആവശ്യമുള്ളതും സാങ്കേതിക വൈദഗ്ദ്ധ്യം അധികമൊന്നും ആവശ്യമില്ലാത്തവയുമാണ്. അവ നീക്കം ചെയ്ത പരമ്പരാഗത ജോലികളിൽനിന്ന് വ്യത്യസ്തമായി അവക്ക് ശരാശരിയിൽ താഴ്ന്ന ശമ്പളമേയുള്ളുതാനും.
സാങ്കേതികശാസ്ത്രം ചെയ്തിരിക്കുന്നുവെന്നു പറയപ്പെടുന്ന എല്ലാകാര്യങ്ങളിലും വെച്ച് മനുഷ്യരെന്ന നിലയിൽ നമുക്ക് അതു ചെയ്തിരിക്കുന്നതാണ് ഒരു പക്ഷേ അത്യന്തം ആശങ്കാജനകം. വൻതോതിലുള്ള ഉല്പാദനത്തിന്റെ റ്റെക്ക്നിക്കുകളും കംപ്യൂട്ടർവൽകൃത സ്വയം പ്രവർത്തകയന്ത്രങ്ങളും ജോലിക്കാരന്റെ വ്യക്തിഗതമൂല്യത്തെയും വിവേചനയെയും പരിചയസമ്പത്തിനെയും കുറയ്ക്കാൻ പ്രവണത കാട്ടുന്നുവെന്നതാണ് ഒരു പൊതുപരാതി. വർക്കേഴ്സ് അസോസിയേഷന്റെ ഒരു ഡയറക്ടറായ കാരൻ നസ്ബാം ഈ വീക്ഷണമാണ് പ്രകടമാക്കുന്നത്. കാര്യക്ഷമതക്കുവേണ്ടി “ജോലികൾ പരിശോധിക്കപ്പെടുകയും പ്രത്യേകവൽക്കരിക്കപ്പെടുകയും ചെയ്യുന്നു-വൈപുല്യമേറിയ ജോലിയുടെ ചെറിയ ചെറിയ അംശങ്ങളാണ് ജോലിക്കാർ ചെയ്യുന്നതെന്നർത്ഥം. ആളുകൾ യന്ത്രത്തിന്റെ അനുബന്ധങ്ങളായി ഉപയോഗിക്കപ്പെടുന്നു. ഇത് മനുഷ്യത്വഗുണങ്ങളില്ലാതാക്കുന്നു”വെന്ന് അദ്ദേഹം വാദിക്കുന്നു.
ഒരു അന്യപ്പെടലിന്റെ തോന്നലോ ഉദ്ദേശ്യത്തിന്റെയും നേട്ടത്തിന്റെയും ബോധത്തിന്റെ അഭാവമോ ആണ് ഫലം. ആവർത്തന വിരസമായ പീസ്വർക്ക് ചെയ്തുകൊണ്ട് വലിയ സ്ഥാപനങ്ങളിൽ പകലും രാവും പണിചെയ്യുമ്പോൾ തങ്ങളുടെ ജോലികളിൽ എന്തെങ്കിലും യഥാർത്ഥതാൽപര്യം വികസിപ്പിക്കുക പ്രയാസമാണെന്ന് അനേകർ കണ്ടെത്തുന്നു. തങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന അന്തിമ ഉല്പന്നം അവർ അപൂർവ്വമായേ കാണുന്നുള്ളു. തങ്ങളുടെ ശമ്പളച്ചെക്കിലല്ലാതെ ലാഭത്തിൽ അവർ പങ്കു പറ്റുന്നില്ല. ന്യൂ ജേഴ്സി റ്റെക്ക്നോളജി ഇൻസ്റ്റ്യൂട്ടിലെ ഒരു പ്രൊഫസ്സറായ മുറേ റ്റുറോഫിന്റെ അഭിപ്രായത്തിൽ ഇത് “കമ്പനിയോട് കൂറുതോന്നാത്തവരും പൊതുവേ വിരക്തരുമായ തൊഴിലാളികളുടെ ഒരു യുവതലമുറയെ ഉളവാക്കും.”
ഒരു സാങ്കേതികശാസ്ത്ര ചുറ്റുപാടിൽ ജോലി ചെയ്യാത്തവർപോലും അതിന്റെ സ്വാധീനങ്ങളിൽ നിന്ന് വിമുക്തരല്ല. പല സ്ഥലങ്ങളിലും സാങ്കേതികവിദ്യ—ഉപകരണം, ഗതാഗതമാർഗ്ഗം, വിനോദം മുതലായവ—ആളുകളുടെ അനുദിന ജീവിതത്തിൽ വളരെ പ്രേരണ ചെലുത്തുന്നതു നിമിത്തം സാങ്കേതികവിദ്യാപരമായി അത്രതന്നെ വികസിതമല്ലാത്ത ഒരു ജനസമുദായത്തിൽ നിലനിൽക്കുക മിക്കവാറും പ്രയാസമാണെന്ന് അനേകരും കണ്ടെത്തും. യഥാർത്ഥത്തിൽ “ആധുനിക മനുഷ്യന്റെ മാനസികാവസ്ഥ തികച്ചും സാങ്കേതിക ശാസ്ത്രമൂല്യത്തിൽ ഭരിക്കപ്പെടുന്നുവെന്നും റ്റെക്ക്നിക്കുകളാൽ നേടുന്ന പുരോഗതിയാലും സന്തുഷ്ടിയാലും മാത്രമാണ് അയാളുടെ ലക്ഷ്യങ്ങൾ പ്രതിനിധാനം ചെയ്യപ്പെടുന്നതെന്നും” ലാ റ്റെക്ക്നിക്ക് എന്ന തന്റെ പുസ്തകത്തിൽ ജാക്ക്വസ് എല്ലൂൾ പ്രസ്താവിക്കുകയുണ്ടായി. നേരത്തെ ഉദ്ധരിക്കപ്പെട്ട പ്രൊഫസ്സർ ക്ലാർക്കിന്റെ വീക്ഷണത്തിൽ “നാം സാങ്കേതിക ശാസ്ത്രത്തെ ആശ്ലേഷിക്കാൻ തിരക്കു കൂട്ടുമ്പോൾ നാം വളരെ ലൗകികമായ ഒരു വ്യവസ്ഥിതിയെയാണ് സ്വീകരിച്ചിരിക്കുന്നത്, ഭാവിയെ അവഗണിക്കുന്ന ഒരു സുഖാസക്തസമുദായത്തെതന്നെ.”
ഇന്നു മനുഷ്യവർഗ്ഗത്തെ തുറിച്ചുനോക്കുന്ന സമഗ്രനാശത്തിന്റെ ഭീഷണിയെക്കുറിച്ച് വളരെയധികം പ്രസ്താവമുണ്ടായിട്ടുണ്ട്. എന്നാൽ ഇതിൽ അധികവും വരുത്തപ്പെട്ടിരിക്കുന്നത് ഭയാനക യുദ്ധായുധങ്ങൾ—ചൂണ്ടവില്ലു മുതൽ ലേസർ ശൂന്യാകാശായുധംവരെ—ഉല്പാദിപ്പിച്ചിരിക്കുന്ന സാങ്കേതിക ശാസ്ത്ര വികാസത്താലാണെന്നുള്ളതിനെ നിഷേധിക്കാവുന്നതല്ല. 1942 ജൂൺ മുതൽ 1945 ജൂലൈ വരെയുള്ള വെറും മൂന്നു വർഷംകൊണ്ട് ശാസ്ത്രജ്ഞൻമാർക്കും സാങ്കേതികവിദഗ്ദ്ധർക്കും ആദ്യത്തെ അണുബോംബ് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞുവെന്നതാണ് അത്തരം വികാസത്തിന്റെ ഉച്ചാവസ്ഥയെന്നതിനു സംശയമില്ല. എന്നാൽ ഈ മുമ്പുണ്ടായിട്ടില്ലാത്ത സാങ്കേതികവിദ്യാനേട്ടം കൊണ്ട് എന്തു സാധിച്ചിരിക്കുന്നു? അത് വർദ്ധിതമായി വരുന്ന ആയുധമത്സരത്തിനു തുടക്കമിടുകയും അതിനെ ആളിക്കത്തിക്കുകയും ചെയ്തു. അത് വിരോധാഭാസമായി മാഡ് (Mutual Assured Destruction, സുനിശ്ചിത പരസ്പര നാശം) എന്നു വിളിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. ഒരുപക്ഷേ കൂടുതൽകൂടുതൽ രാഷ്ട്രങ്ങൾ ന്യൂക്ലീയർ ആയുധങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിജ്ഞാനം നേടിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഇതിലും ആശങ്കാജനകമായ വസ്തുത.
“കഴിഞ്ഞ ഏതാനും ചില ദശാബ്ദങ്ങളിൽ എന്തോ പിശകുണ്ടായിട്ടുണ്ട് എന്നു വ്യക്തമാണ്” എന്ന് പ്രശസ്ത ശാസ്ത്രജ്ഞനും പരിസര ശാസ്ത്ര വിദഗ്ദ്ധനുമായ റെനി ഡുബോസ് പ്രസ്താവിക്കുകയുണ്ടായി. “പ്രകൃതിയുടെമേലുള്ള വർദ്ധിച്ച നിയന്ത്രണം സുരക്ഷിതത്വവും മനഃസമാധാനവും നൽകുന്നില്ല; സാമ്പത്തിക ഐശ്വര്യം ആളുകളെ കൂടുതൽ ആരോഗ്യവാൻമാരോ സന്തുഷ്ടരോ ആക്കുന്നില്ല. സാങ്കേതികവിദ്യാപരിഷ്ക്കാരങ്ങൾ അവയുടേതായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, തന്നിമിത്തം തുടർച്ചയായി പ്രതിസാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ടതാവശ്യമായിവരുന്നു.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ശാസ്ത്രീയ സാങ്കേതിക വിദ്യയിൽനിന്ന് ഉത്ഭുതമായിട്ടുള്ള ആധുനികലോകത്തിലെ സങ്കടകരമായ വശങ്ങളിലേക്ക് തങ്ങളുടെ ശ്രദ്ധയെ തിരിച്ചു വിടാൻ ശാസ്ത്രജ്ഞൻമാർ ഇതുവരെയും പഠിച്ചിട്ടില്ലെന്നുള്ള വിചാരം പ്രബലപ്പെട്ടിരിക്കുന്നു.”
ക്ഷുദ്രക്കാരന്റെ തൊഴിൽ ശിഷ്യനെക്കുറിച്ചുള്ള കഥയിൽനിന്നു വ്യത്യസ്തമായി, യഥാർത്ഥജീവിതത്തിൽ “യജമാനൻ”—ശാസ്ത്രജ്ഞൻമാരും സാങ്കേതിക വിദഗ്ദ്ധരും—നമ്മുടെ രക്ഷക്ക് വന്നെത്തുമെന്ന് നമുക്ക് കരുതാവുന്നതല്ല. ഈ സംഗതിയിൽ ഹ്രസ്വദൃഷ്ടിയോടു കൂടിയ സാങ്കേതിക ശാസ്ത്ര ദുർവിനിയോഗത്താൽ സൃഷ്ടിക്കപ്പെട്ട പ്രശ്നങ്ങളുടെ അലയാഴിയിൽ അവരും ഉഴറുകയാണ്. മനുഷ്യന്റെ രക്ഷക്ക് വന്നെത്താൻ അടിയന്തിരമായി ആവശ്യമായിരിക്കുന്നത് കൂടുതൽ സാങ്കേതിക വിദ്യയല്ല, പിന്നെയോ വിഭാഗീയ ഘടകങ്ങളെയെല്ലാം നീക്കം ചെയ്യാൻ കഴിവുള്ള ഒരു ഏജൻസി, ഒരു ഗവൺമെൻറ്, ഒരു അതിശക്തിയാണെന്നു വ്യക്തമാണ്.
ബൈബിൾ അങ്ങനെയുള്ള ഒരു ഗവൺമെൻറിനെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനത്തിന് കൈമാറപ്പെടുകയില്ല. അത് [ഇന്നു സ്ഥിതി ചെയ്യുന്ന] ഈ രാജ്യങ്ങളെയെല്ലാം തകർക്കുകയും അവസാനിപ്പിക്കുകയും ചെയ്യും, അതുതന്നെ അനിശ്ചിതക്കാലത്തോളം നിലനിൽക്കും.” (ദാനിയേൽ 2:44) ആ രാജ്യം യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവത്തിന്റെ മശിഹൈക രാജ്യമല്ലാതെ മറ്റൊന്നല്ല.
ദൈവരാജ്യത്തിന്റെ സമാധാന ഭരണത്തിൻകീഴിൽ ആധുനിക സാങ്കേതിക വിദ്യക്ക് ആശിക്കാൻ മാത്രം കഴിയുന്നതു സാക്ഷാത്ക്കരിക്കപ്പെടും. മരുഭൂമികളും വരണ്ടപ്രദേശവും ഫലവത്താക്കപ്പെടും. എല്ലാവർക്കും പ്രയോജനപ്രദവും രസകരവുമായ വേല ചെയ്യാനുണ്ടായിരിക്കും. അന്ധർക്കും ബധിരർക്കും ഊമർക്കും തങ്ങളുടെ വൈകല്യങ്ങൾ മാറിക്കിട്ടും. മരണംപോലും കീഴടക്കപ്പെടും.—യെശയ്യാവ് 35:1, 5-7; 65:21-23 കാണുക. (g85 11/22)
[6-ാം പേജിലെ ആകർഷകവാക്യം]
“ആളുകൾ യന്ത്രത്തിന്റെ അനുബന്ധങ്ങളായി ഉപയോഗിക്കപ്പെടുന്നു. ഇതു മനുഷ്യത്വ ഗുണങ്ങളില്ലാതാക്കുന്നു”
[8-ാം പേജിലെ ആകർഷകവാക്യം]
“കഴിഞ്ഞ ഏതാനും ചില ദശാബ്ദങ്ങളിൽ എന്തോ പിശകുണ്ടായിട്ടുണ്ട് എന്നു വ്യക്തമാണ്”
[5-ാം പേജിലെ ചിത്രങ്ങൾ]
ശുദ്ധമായ വായു, ജലം, കര, നിങ്ങളുടെ ആരോഗ്യം എന്നിവയ്ക്കു ഒടുക്കുന്ന വിലയെക്കാൾ കവിഞ്ഞതാണോ ഭൗതിക പ്രയോജനങ്ങൾ?
[കടപ്പാട്]
WHO photos
[7-ാം പേജിലെ ചിത്രം]
മിക്ക ഹൈ—റ്റെക്ക് ജോലികളും “മനസ്സിനെ മുരടിപ്പിക്കുന്നതും മന്ദീഭവിപ്പിക്കുന്നതുമാണ്”
[8-ാം പേജിലെ ചിത്രം]
ശാസ്ത്രജ്ഞൻമാർ തങ്ങളുടെ സാങ്കേതിക വിദ്യയാൽ വരുത്തപ്പെട്ട പ്രയോജനങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ആർ പരിഹരിക്കും?
[കടപ്പാട്]
U.S. Air Force photo