സമൃദ്ധിയിൽനിന്ന് കീറത്തുണികളിലേക്ക്—സന്തുഷ്ടിയും
പണം. മയക്കുമരുന്നുകൾ. ലൈംഗികബന്ധം. ഈ കാര്യങ്ങൾ നിരവധി യുവാക്കളെ ‘ഇന്നേക്കുവേണ്ടി മാത്രം ജീവിക്കുന്ന’ ഒരു ജീവിത പന്ഥാവിലേക്ക് എത്തിച്ചിരിക്കയാണ്. എന്നാൽ അത്തരം അനുധാവനങ്ങൾ വാസ്തവത്തിൽ സന്തുഷ്ടി കൈവരുത്തുന്നുണ്ടോ? വ്യക്തിപരമായ അനുഭവത്തിലൂടെ വിഷമമേറിയ പന്ഥാവ് തിരിച്ചറിഞ്ഞ ഒരു സ്ത്രീയുടെ യഥാർത്ഥ ജീവിതകഥ വായിക്കുക. ഇത് ബൈബിൾ തത്വങ്ങൾക്ക് ഒരുവന്റെ വ്യക്തിത്വമാറ്റത്തിൽ—നൻമയ്ക്കുവേണ്ടി—ശക്തിമത്തായ സ്വാധീനമായിരിക്കാൻ കഴിയുന്നതെങ്ങനെയെന്ന് കാണിക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയെട്ടിൽ, എനിക്ക് വെറും മൂന്നു വയസ്സുണ്ടായിരുന്നപ്പോൾ എന്നെ നല്ല നിലയിലുള്ള ഒരു ഇടത്തരം കുടുംബത്തിലേക്ക് ദത്തെടുത്തു. ഞങ്ങളുടേത് അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബമായിരുന്നു—എന്റെ വളർത്തു പിതാവും മാതാവും അവരുടെ തന്നെ രണ്ട് പെൺമക്കളും ഞാനും. ഞാൻ അവിടെ സംതൃപ്തികരവും സുരക്ഷിതവുമായ ഒരു ജീവിതം ആസ്വദിച്ചു. ലോകപ്രകാരം നോക്കിയാൽ ഞങ്ങൾക്ക് സകലവും ഉണ്ടായിരുന്നു. രണ്ട് വർഷം ഞാൻ ഒരു കാത്തലിക് ബോർഡിംഗ് സ്കൂളിൽ പഠിച്ചെങ്കിലും എന്റെ സ്കൂൾ വിദ്യാഭ്യാസത്തിൽ അധികപങ്കും ഗവൺമെൻറ് സ്കൂളിലായിരുന്നു.
ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങൾക്ക് വേണ്ടതെല്ലാം നൽകി—ബാലെ പരിശീലനം, റ്റെന്നിസ്, കുതിരസവാരി. ഞങ്ങൾക്ക് നീന്തൽകുളം സ്വന്തമായുണ്ടായിരുന്നു. ഞാൻ നീന്തൽ മത്സരത്തിലും വെള്ളത്തിലെ നൃത്തപരിപാടിയിലും പങ്കെടുത്തു. ഞാൻ ഹൈസ്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് കോളജിലേക്ക് കടക്കുന്നതിനു മുമ്പുള്ള എന്റെ കൗമാരപ്രായത്തിൽ എത്തുന്നതുവരെ, മറ്റുള്ളവരുടെ ജീവിതം ഞങ്ങളുടേതിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് വാസ്തവത്തിൽ അറിഞ്ഞിരുന്നില്ല. അപ്പോഴേക്ക് 1960-കളിലെ പൗരാവകാശ മാർച്ചുകൾ എന്റെ തെറ്റിദ്ധാരണയെക്കുറിച്ചും എല്ലാവരും മടികൊണ്ടല്ല പാവപ്പെട്ടവരായിരിക്കുന്നതെന്ന വസ്തുതയെക്കുറിച്ചും എന്നെ ബോധമതിയാക്കി.
ഞാൻ കത്തോലിക്കാ സ്കൂളിൽ പഠിച്ച കാര്യങ്ങൾ ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങി. ഞാൻ എന്റെ ആരാധനയിൽ വളരെ കർത്തവ്യനിഷ്ഠയായിരുന്നു. വാസ്തവത്തിൽ, പല വർഷങ്ങളായി ഞാൻ ഒരു കന്യാസ്ത്രീയാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ല. ഞാൻ എന്റെ വിശ്വാസത്തെക്കുറിച്ച് സംശയിക്കാൻ തുടങ്ങി.
എന്നെപ്പോലെ വളരെ കുറച്ചുപേർ മാത്രമേ സുഖമായി ജീവിക്കുന്നുള്ളുഎന്ന് ഞാൻ കണ്ടെത്തി. ഇത് വളരെ അനീതിയാണെന്ന് ഞാൻ കരുതി. എന്റെ മാതാപിതാക്കൾ ദരിദ്രരോട് അനുകമ്പ കാണിച്ചിരുന്നില്ല. ‘പാവപ്പെട്ടവർ ഉത്സാഹപൂർവ്വം കഠിനാദ്ധ്വാനം ചെയ്യുന്നെങ്കിൽ നമുക്കുള്ളതെല്ലാം അവർക്കും ഉണ്ടായിരുന്നേനേ’ എന്ന് അവർ വിചാരിച്ചു. ഞാൻ ആസ്തിക്യത്തിലില്ലാത്തതുപോല എനിക്ക് തോന്നി. ഞാൻ വളരെ ഏകാന്തത അനുഭവിച്ചു.
അത്തരം മനോഭാവങ്ങളാൽ ഞാൻ ചുറ്റപ്പെട്ടിരുന്നതിനാൽ ഞാൻ മറ്റ് കാര്യങ്ങളിലേക്ക് തിരിഞ്ഞു—വിശിഷ്യ മദ്യപാനത്തിലേക്കും ആൺകുട്ടികളിലേക്കും. ഞാൻ ഒരു റോക് സംഗീതജ്ഞനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു. അതുകൊണ്ട് ഞാൻ റോക് ഗ്രൂപ്പുകളിലെ ആൺകുട്ടികളുമായി മാത്രം സഹവസിച്ചിരുന്നു. ഞാൻ എന്റെ കുടുംബോത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുനിന്നു. അങ്ങനെ ഞാൻ ഒരു പ്രശ്നക്കാരിയായിത്തീർന്നു. എനിക്ക് 16 വയസ്സുണ്ടായിരുന്നപ്പോൾ ഞാൻ തന്റേടിയും നിയന്ത്രിക്കാൻ വയ്യാത്തവളും കുടുംബത്തിൽ വളരെ പ്രശ്നം സൃഷ്ടിക്കുന്നവളുമായിരുന്നു. രാത്രികാലങ്ങളിൽ മദ്യപിക്കുന്നതിനും ആൺകുട്ടികളോടുകൂടെ ഉറങ്ങുന്നതിനും ഞാൻ വെളിയിൽ പോയിരുന്നു. അങ്ങനെ സ്കൂളിൽവെച്ച് ഒരു ദുഷ്പേരിനിടയായി. എന്റെ മാതാപിതാക്കൾ സഹികെട്ടു. ഞാൻ 1966-ജൂണിൽ ബിരുദം നേടിക്കഴിഞ്ഞപ്പോൾ അവർ എന്നെ സാൻഫ്രാൻസിസ്കോയിലെ ഒരു വാടക വീട്ടിൽ ആക്കി.
ഞാൻ പാട്രിക് എന്ന ഒരാൺകുട്ടിയുമായി പരിചയപ്പെട്ടു. ഞങ്ങൾ സ്നേഹത്തിലായി. ഞങ്ങൾ അവന്റെ ജൻമദേശമായ ന്യൂയോർക്കിലേക്ക് പോകാൻ തീരുമാനിച്ചു. ഞാൻ അവനോടൊപ്പം അവന്റെ കുടുംബത്തിൽ പല മാസങ്ങൾ കഴിഞ്ഞു കൂടി. അവൻ അധികം താമസിയാതെ എന്നെക്കൊണ്ട് മടുത്തു. അവൻ ഗ്രീൻവിച്ച് ഗ്രാമത്തിൽ കണ്ടുമുട്ടിയ പാരിഷ് എന്ന പെൺകുട്ടിയെ എന്നെ പരിചയപ്പെടുത്തി. ഞാൻ അവളുടെയടുത്തേക്ക് നീങ്ങി.
ഞാൻ അവളെ കണ്ടപ്പോൾ അവളുടെ കയ്യിൽ അല്പം പണമുണ്ടായിരുന്നു. പക്ഷേ അത് പെട്ടെന്ന് തീർന്നു. അത് കഴിഞ്ഞ് ഞങ്ങൾക്ക് തെരുവിലേക്കിറങ്ങേണ്ടിവന്നു. ഇപ്പോൾ ഞങ്ങൾ തെരുവിലെ രീതികൾ പഠിച്ചുകഴിഞ്ഞു. ഞങ്ങളോടൊപ്പം രാത്രിയിൽ കഴിയാൻ ഞങ്ങൾക്ക് ആരെയും കിട്ടിയില്ലെങ്കിൽ, ഞങ്ങൾ മയക്കുമരുന്നുകൾ ഉപയോഗിച്ചും തെരുക്കോണിലോ ഭൂഗർഭറെയിൽവേ സ്റ്റേഷനിലോ നിന്ന് പണം യാചിച്ചും രാത്രി മുഴുവൻ ചെലവഴിക്കുമായിരുന്നു. ചിലപ്പോൾ ഒരു മദ്യഷാപ്പിലെ ജോലിക്കാരിയെന്ന നിലയിൽ എനിക്ക് ജോലി ലഭിച്ചിരുന്നു. വില്പനയുടെ പ്രചാരത്തിനുവേണ്ടി പുരുഷൻമാരെ ബാറിലേക്ക് ക്ഷണിക്കുക. അതിന് ബാർ ഉടമ ശമ്പളം തന്നിരുന്നു. ഞാൻ ഒരു വ്യഭിചാരിണി എന്ന നിലയിലും അശ്ലീല രീതിയിലും ജോലിചെയ്തിരുന്നു. ഞങ്ങൾ ചിലപ്പോൾ ഭക്ഷണത്തിനുവേണ്ടി ഹോട്ടലുകളുടെ വെളിയിലെ ചവറ്റു കുട്ടയിൽ തെരയുമായിരുന്നു. അല്ലെങ്കിൽ ഞങ്ങൾ ഹോട്ടലുകളിലേക്ക് ചെന്ന് മറ്റ് ആരുടെയെങ്കിലും പ്ലെയിറ്റിലെ അവശിഷ്ടങ്ങൾ ഭക്ഷിക്കുമായിരുന്നു. അതിനുശേഷം, അവർ ജോലിക്കാർക്ക് നൽകുന്ന ‘കൈമടക്ക്’ ഞങ്ങൾ മോഷ്ടിക്കുമായിരുന്നു. അതുകൊണ്ട് ഞങ്ങൾ കുറെ കാപ്പികുടിക്കും.
ചിലപ്പോൾ ഞങ്ങളുടെ ദേഹത്തുള്ള വസ്ത്രം മാത്രമേ ഞങ്ങൾക്ക് ധരിക്കാനുണ്ടായിരുന്നുള്ളു. ഞാൻ അക്ഷരാർത്ഥത്തിൽ സമൃദ്ധിയിൽനിന്ന് കീറത്തുണികളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ഞങ്ങൾക്ക് അടുപ്പമുണ്ടായിരുന്ന സമ്പന്നരിൽ നിന്ന് വല്ലപ്പോഴും പുതിയ തുണികൾ വന്നിരുന്നു. എന്തെങ്കിലും ഉപകാരത്തിന് പ്രത്യുപകാരമായി അവർ ഞങ്ങൾക്ക് തുണി വാങ്ങിത്തരും. ഒരിക്കൽ ഞാൻ ഒരു കോട്ടിനുവേണ്ടി വളരെ നിരാശയിലായിരുന്നതിനാൽ ഒരു വലിയ ഡിപ്പാർട്ടുമെൻറ് സ്റ്റോറിലേക്ക് കടന്നുചെന്ന് തണുപ്പുകാലത്ത് വേണ്ട നല്ല ഒരു കോട്ട് ദേഹത്തേക്കിട്ട്—വില കൊടുക്കാതെതന്നെ—നടന്നുപോന്നു!
ആ ഗ്രാമത്തിലെ ഒരു സംഗീതപാർട്ടി, ഞങ്ങളുമായി സൗഹൃദത്തിലായി. അവർ മുഖാന്തരമാണ് ഞാൻ ആദ്യമായി കഞ്ചാവ് ഉപയോഗിച്ചുതുടങ്ങിയത്. അടുത്ത അഞ്ച് വർഷത്തിലധികം ഞാൻ മറ്റ് മയക്കുമരുന്നുകൾ ഉപയോഗിച്ചു—എൽ എസ് ഡി (അക്ഷരാർത്ഥത്തിൽ, നൂറു കണക്കിന് പ്രാവശ്യം), റ്റി എച്ച് ഡി, ആംഫിറ്റമൈൻസ്, ഹെറോയിൻ, കൊക്കേയിൻ, കറുപ്പ്, ഹഷിഷ് തുടങ്ങി പലതും. പിന്നീട് ഞാൻ, സാൻഫ്രാൻസിസ്കോയ്ക്കും ന്യൂയോർക്കിനുമിടക്ക് മാരിജ്വാന നിറച്ച സൂട്ട്കെയ്സുകളുമായി വായൂമാർഗ്ഗം സഞ്ചരിച്ചുകൊണ്ട് ഒരു വലിയ കഞ്ചാവ് സാട്ടാക്കച്ചവടത്തിനുവേണ്ടി ജോലി ചെയ്തുപോന്നു.
ന്യൂയോർക്കിൽ നിരവധി മാസങ്ങൾ ചെലവഴിച്ചശേഷം, ഞാനും പാരിഷും ഹോളിവുഡിലേക്ക് നീങ്ങി. അവിടെ ഞാൻ കരോളിനെ കണ്ടുമുട്ടി, ഞാൻ അവളുമായി പണ്ട് ബോർഡിംഗ് സ്കൂളിൽ പോയിരുന്നു. പാരിഷും ഞാനും അവളോടൊപ്പം കഴിയാൻ അവൾ ഞങ്ങളെ അനുവദിച്ചു.
ഈ സമയത്ത് ഞങ്ങൾ “റെഡ്സ്” എന്ന മയക്കുമരുന്ന് (ഉറക്കഗുളിക) ഉപയോഗിച്ചിരുന്നു. ഞാൻ ദിവസേന ആറോ ഏഴോ ഗുളിക ഉപയോഗിക്കുമായിരുന്നു. ഞങ്ങൾ പല രാത്രികളിലും മാദക വസ്തുക്കളാൽ ലഹരിപിടിച്ച് ക്ലബിൽ നിന്ന് മുഴങ്ങുന്ന സംഗീതം ശ്രവിക്കാൻ കടൽത്തീരങ്ങളിൽ പോയിരുന്നു. ഒരു രാത്രി ഞാനും കരോളും സംഗീതം കേട്ടുകൊണ്ടിരുന്നപ്പോൾ രണ്ട് പരുഷൻമാർ ഞങ്ങളെ സമീപിച്ച് ഞങ്ങൾക്ക് അല്പം കഞ്ചാവ് തന്നു. ഞങ്ങൾ അത് സ്വീകരിച്ചു. അവർ ഞങ്ങളെ അവരുടെ കാറിൽ കയറ്റി, അവസാനം അവർ എന്നെ തല്ലുകയും ബലാൽസംഗം ചെയ്യുകയും ചെയ്തു.
കരോൾ ഒരു തരത്തിൽ രക്ഷപ്പെട്ട് പോലീസിനെ വിളിച്ചു. ക്ഷണത്തിൽ പോലിസ് വന്ന് എന്നെ കയ്യേറ്റം ചെയ്ത മനുഷ്യനെ പിടികൂടി. അവർ എന്നെ ഊടുപാടു പരിശോധിച്ചു. ഞാൻ പണമടയ്ക്കാതെ മറ്റൊരാളുടെ വണ്ടിയിൽ യാത്ര ചെയ്തതിന് അവർ എന്നെ അന്വേഷിച്ചിരുന്നു. ഇപ്പോൾ കണ്ടെത്തുകയും ചെയ്തു. അതുകൊണ്ട് അവർ എന്നെ അറസ്റ്റു ചെയ്തു. അയാളെ വിട്ടയക്കുകയും ചെയ്തു. ഞാൻ ജയിലിലേക്ക് പോയി.
ഒരു വർഷം കഴിഞ്ഞ്, 1968 മെയ്യിൽ, ഞാൻ ന്യൂയോർക്കിലേക്ക് യാത്ര തിരിച്ച് വീണ്ടും പാട്രിക്കിനോട് ഒത്തുചേർന്നു. താമസിയാതെ ഞാൻ പാട്രിക്കിനാൽ ഗർഭിണിയായി. പക്ഷേ അദ്ദേഹം എനിക്കുവേണ്ടിയോ കുട്ടിക്കുവേണ്ടിയോ യാതൊന്നും ചെയ്യാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് ഞാൻ സാൻഫ്രാൻസിസ്കോയിലേക്ക് മടങ്ങിപ്പോയി. ഞാൻ ഭർത്താവില്ലാത്തവളും ഏകാകിയുമായിരുന്നു, ഞാൻ ഒരു അമ്മയാകാൻ പോകയും കൂടെയായിരുന്നു. ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുതുടങ്ങാൻ തക്കവണ്ണം ഞാൻ അത്രകണ്ട് ആകുലചിത്തയായിരുന്നു.
ഗർഭാവസ്ഥയുടെ ഏതാണ്ട് എട്ടാം മാസം പാട്രിക് എന്നെ വിളിച്ച് അദ്ദേഹം എന്റെയടുത്തേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. പാട്രിക്കിന് 450 ഡോളർ വേണ്ടിയിരുന്നു. ഞാൻ അത് കൊടുക്കുകയും ചെയ്തു. അദ്ദേഹത്തെ വീണ്ടുകിട്ടാൻ ഞാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു! അദ്ദേഹത്തിന് തന്റെ ഡ്രാഫ്റ്റ് ബോർഡിനുവേണ്ടി എന്നിൽനിന്ന് പല കത്തുകളും ആവശ്യമായിരുന്നു. പാട്രിക് എന്നെ പോറ്റുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഞാൻ കത്തുകൾ എഴുതി. എന്റെ കത്തുകൾ സൂത്രവേല നിർവ്വഹിച്ചെന്ന്, അതായത്, അവർ പാട്രിക്കിനെ കടം കൊടുത്തു തീർക്കാനുള്ള ഉടമ്പടിയിൽനിന്ന് ഒഴിവാക്കിയെന്ന് ഞാൻ അനുമാനിച്ചു. എന്നാൽ അതിനുശേഷം പിന്നീട് ഒരിക്കലും എനിക്ക് അദ്ദേഹത്തിൽനിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുറെ ആഴ്ചകൾക്കുശേഷം, 1969 ഫെബ്രുവരി 18-ന്, ഞാൻ ഒരു പെൺകുട്ടിയെ പ്രസവിച്ചു.
എനിക്ക് അറിയാവുന്ന ലോകത്തെക്കാൾ കൂടുതൽ ജീവിതത്തിനുണ്ടായിരുന്നു എന്ന് ഈ ഘട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു—സമൃദ്ധിയും കീറത്തുണിയും—എന്നിട്ടും ഞാൻ സന്തുഷ്യായിരുന്നില്ല. ഞാൻ ഉത്തരങ്ങൾക്കുവേണ്ടി മറ്റു സ്ഥലങ്ങളിൽ അന്വേഷിക്കാൻ തുടങ്ങി.
ഇപ്പോഴും ഉത്തരങ്ങൾക്കുവേണ്ടി അന്വേഷിച്ചുകൊണ്ട്, 1970 ഡിസംബറിൽ ഞാൻ ‘മാർഗ്ഗം’ എന്നറിയപ്പെടുന്ന ഒരു ഈശോ പ്രസ്ഥാനത്തിൽ ചേർന്നു. ഞാൻ സ്റ്റീവ് എന്നു പേരുള്ള ഒരു യുവാവുമായി അവിഹിതമായി താമസിക്കയായിരുന്നു, എന്നാൽ ഇതു സംബന്ധിച്ച് പ്രസ്ഥാനത്തിലെ ആരും തന്നെ എന്തെങ്കിലും വിചാരിച്ചിരുന്നതായി തോന്നിയില്ല. ഏതാണ്ട് ഈ സമയമായപ്പോഴേക്കും ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളുമായി സമ്പർക്കത്തിൽ വന്നു. ഞാൻ സാൻഫ്രാൻസിസ്കോയിലെ ഒരു ചന്തസ്ഥലത്തായിരുന്നപ്പോഴാണ് ഒരു സാക്ഷി എന്നെ സമീപിച്ചത്. ഞാൻ ഒരു ക്രിസ്ത്യാനിയാണോയെന്ന് അദ്ദേഹം ചോദിച്ചു. “അതെ!” എന്ന് ഞാൻ പ്രതിവചിച്ചു. ആരെങ്കിലുമായി ബൈബിളിനെക്കുറിച്ച് സംസാരിക്കാൻ കഴിയുന്നതിൽ ഞാൻ വളരെ പുളകം കൊണ്ടിരുന്നു.
‘ഈ ലോകത്തിൽ ഇത്രയധികം കുഴപ്പമുള്ളതെന്തുകൊണ്ട്?’ ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം എന്നെ മത്തായി 24:3-13 കാണിച്ചു. ഇപ്പോഴത്തെ ലോകാവസ്ഥകൾ നാം അവസാനനാളിൽ ജീവിക്കുന്നു എന്ന് കാണിക്കുന്ന “അടയാള”ത്തിന്റെ ഒരു ഭാഗമാണെന്നും അദ്ദേഹം വിവരിച്ചു. അതിനുശേഷം, ദൈവരാജ്യം രോഗവും വാർദ്ധക്യവും മരണവും തുടച്ചുനീക്കുകയും മനുഷ്യവർഗ്ഗത്തിന് പെട്ടെന്നുതന്നെ സമാധാനവും സുരക്ഷിതത്വവും കൈവരുത്തുകയും ചെയ്യുന്നത് എങ്ങനെയായിരിക്കുമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. (വെളിപ്പാട് 21:3, 4) എത്ര മനോഹരമായ ഒരു ഭാവിയാണ് അദ്ദേഹം വരച്ചുകാട്ടിയത്! അദ്ദേഹം ആ രാത്രി ഏഴുമണിക്ക് എനിക്ക് ഒരു ബൈബിളദ്ധ്യയനം തുടങ്ങാൻ ക്രമീകരണം ചെയ്തു.
ഞാൻ വീട്ടിൽ എത്തിയ ഉടൻ ഞാൻ മനസ്സിലാക്കിയ പുളകപ്രദമായ കാര്യങ്ങളെല്ലാം സ്റ്റീവിനോട് പറഞ്ഞു. എന്നാൽ അദ്ദേഹം എന്റെ സന്തോഷത്തിൽ പങ്കുചേർന്നില്ല. വാസ്തവത്തിൽ, സാക്ഷികൾ എതിർക്രിസ്തുക്കളാണെന്നും അവർ പുതിയ ക്രിസ്ത്യാനികളെ കെണിയിലകപ്പെടുത്തുകയാണെന്നും അദ്ദേഹം എന്നോടു പറഞ്ഞു. ഞാൻ അവരോട് സംസാരിക്കരുതെന്ന് അദ്ദേഹം എന്നോട് കല്പിച്ചു. ഞാൻ സ്റ്റീവിനെ വിശ്വസിച്ചു. അതുകൊണ്ട് സാക്ഷി സന്ദർശിക്കുന്ന സമയത്ത് ഞാൻ അവിടെ ഇല്ലാതിരിക്കാൻ നിശ്ചയം ചെയ്തു.
ചുരുക്കം ആഴ്ചകൾക്കുശേഷം ഞാൻ സ്റ്റീവിനാൽ ഗർഭണിയായി. അദ്ദേഹം കുട്ടിയെ ആഗ്രഹിച്ചില്ല. അതുകൊണ്ട് പൊയ്ക്കളഞ്ഞു. ഇപ്പോൾ ഞാൻ വീണ്ടും ഭർത്താവില്ലാത്തവളും ഏകാകിയും ഗർഭവതിയും. എന്നാൽ ഞാൻ മറ്റൊരു പ്രസവത്തിന് ആഗ്രഹിച്ചില്ല, അതുകൊണ്ട് നാലുമാസമായപ്പോൾ ഒരു ഗർഭച്ഛിദ്രത്തിനുവേണ്ടി ഞാൻ ഒരു തദ്ദേശ ആശുപത്രിയിൽ അഭയം തേടി. അത് ശാരീരികമായും വൈകാരികമായും വേദനാജനകമായിരുന്നു. പ്രസവവേദനയുണ്ടാക്കാൻ അവർ കുത്തിവെച്ചു. പ്രസവം നടന്നു കഴിഞ്ഞ് രാത്രിയുടെ ശേഷിച്ചഭാഗം അവർ കുട്ടിയെ എന്റെ മുമ്പിൽ ഒരു ജാറിൽ സൂക്ഷിച്ചുവെച്ചു. അത് ഒരു ആൺകുട്ടിയായിരുന്നു. ഞാൻ എന്താണ് ചെയ്തത്? ജീവിക്കാനുള്ള എന്റെ പുത്രന്റെ അവകാശം നിഷേധിക്കാൻ എനിക്ക് യാതൊരു അവകാശവുമില്ലായിരുന്നു. ആ ചിന്ത ഇന്നുവരെ എന്നെ അലട്ടുന്നു.
ചുരുക്കം മാസങ്ങൾക്കുശേഷം, 1971 ഓഗസ്റ്റിൽ, സാൻഫ്രാൻസിസ്കോയിലെ ഒരു സംഘത്തിൽ എന്നോടൊപ്പം കഴിഞ്ഞിരുന്ന ഒരു പെൺകുട്ടിയെ ഞാൻ സന്ദർശിച്ചു. അവൾ ഒരു സാക്ഷിയായിത്തീർന്നിരുന്നു. ഞങ്ങൾ വളരെ സമയം സംസാരിച്ചു. അവൾ സാക്ഷിയായ ഒരു സ്ത്രീയെ എന്നെ പരിചയപ്പെടുത്തി. ആ സ്ത്രീ എന്നെ ബൈബിൾ പഠിപ്പിക്കാമെന്ന് സമ്മതിച്ചു. ഇപ്രാവശ്യം, ഞാൻ ഈ പ്രിയങ്കരമായ സ്ത്രിയുമായി ബൈബിൾ പഠനം ആരംഭിക്കുന്നതിൽ ഒട്ടും സമയം നഷ്ടപ്പെടുത്തിയില്ല. ഈ സ്ത്രീ എന്നെ സംബന്ധിച്ചിടത്തോളം ഒരു അമ്മയെപ്പോലെയായിത്തീർന്നു. ഈ സ്ത്രീയും അവളുടെ ഭർത്താവും എന്നെ ബൈബിൾ മാത്രമല്ല, വ്യക്തിപരമായ ആരോഗ്യരക്ഷാശാസ്ത്രം, ശിശുപരിപാലനം ഗൃഹധർമ്മം, ഷോപ്പിംഗ് തുടങ്ങി മറ്റ് പ്രായോഗിക കാര്യങ്ങളും പഠിപ്പിച്ചു. അവർ എനിക്കുവേണ്ടി ചില തുണികളും തണുപ്പുകാലത്തേക്കുവേണ്ടി ഒരു കോട്ടും വാങ്ങിക്കൊണ്ടുവന്നു.
ഞാൻ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതാണെന്ന് തിരിച്ചറിഞ്ഞു. ആദ്യ അദ്ധ്യയനത്തിനുമുമ്പുതന്നെ ഞാൻ പുകവലി നിർത്തി. (ഞാൻ ദിവസേന മൂന്നു പായ്ക്കറ്റുകൾ വരെ ഉപയോഗിച്ചിരുന്നു.) മയക്കുമരുന്നുകളെല്ലാം ഉപേക്ഷിച്ചു. ലൈംഗിക സദാചാരത്തോട് ബന്ധപ്പെട്ടിരിക്കുന്ന യഹോവയുടെ നിയമം പിൻപറ്റാൻ ഞാൻ ഹൃദയത്തിൽ നിർണ്ണയം ചെയ്യുകയും. ചെയ്തു. 1972 ജൂൺ 17-ന് സ്നാനപ്പെട്ടുകൊണ്ട് യഹോവയ്ക്കുള്ള എന്റെ സമർപ്പണം ലക്ഷ്യപ്പെടുത്താനുള്ള ഘട്ടംവരെ ഞാൻ പുരോഗമിച്ചു.—1 കൊരിന്ത്യർ 6:9-11.
ഏതാണ്ട് 13 വർഷങ്ങൾക്കുശേഷം, ഞാൻ ഇപ്പോഴും എന്റെ സ്രഷ്ടാവിനെ വിശ്വസ്തതയോടെ സേവിക്കുകയാണ്. ഇപ്പോൾ 16 വയസ്സുള്ള എന്റെ മകൾ 1983 മാർച്ച് 12-ന് സ്നാനമേറ്റു. ഞാൻ 1975 ഒക്ടോബറിൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ചു. അദ്ദേഹം നല്ല ഒരു കുടുംബനാഥനും സ്നേഹമയനായ ഒരു ഭർത്താവും ഞങ്ങളുടെ മൂന്നു കുട്ടികളുടെ പിതാവുമാണ്. 1982 ഫെബ്രുവരി 1 മുതൽ എനിക്ക് ദൈവസേവനത്തിൽ പ്രതിമാസം 90 മണിക്കൂർ ചെലവഴിച്ചുകൊണ്ട് ഒരു നിരന്തരപയനിയറായി പ്രവർത്തിക്കുന്നതിന്റെ സന്തോഷമുണ്ട്.
ഒടുവിൽ ഞാൻ സന്തുഷ്ടി കണ്ടെത്തിയിരിക്കുന്നു!—സംഭാവന ചെയ്തത്. (g85 11/22)
[10-ാം പേജിലെ ആകർഷകവാക്യം]
This blurb is not printed in vernacular.
[10-ാം പേജിലെ ആകർഷകവാക്യം]
ജീവിക്കാനുള്ള എന്റെ പുത്രന്റെ അവകാശം നിഷേധിക്കാൻ എനിക്ക് യാതൊരവകാശവുമില്ലായിരുന്നു. ആ ചിന്ത ഇന്നുവരെ എന്നെ അലട്ടുന്നു
[11-ാം പേജിലെ ആകർഷകവാക്യം]
ഞാൻ 1982 മുതൽ, മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നതിന് ഓരോ മാസവും കുറഞ്ഞപക്ഷം 90 മണിക്കൂർ ചെലവഴിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കുന്നുണ്ട്.