മേലാൽ ഒരു പാറയോ ദ്വീപോ അല്ല
‘ഞാനൊരു പാറ⁄ഞാനൊരു ദ്വീപ്⁄പാറയ്ക്കു വേദന തോന്നില്ല⁄ദ്വീപൊരിക്കലും കരയില്ല.’ ’60-കളിലെ ഒരു ഗാനത്തിന്റെ ഈരടിയാണത്. ഈ ഗാനം എനിക്കു വളരെ പ്രിയപ്പെട്ടതായിരുന്നു, കാരണം ഞാൻ ജീവിച്ചത് അങ്ങനെയായിരുന്നു. സ്നേഹം, അനുകമ്പ, ദയ തുടങ്ങി മററുള്ളവർക്ക് അനുഭവപ്പെട്ടതായി അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഒരിക്കലും അനുഭവപ്പെട്ടതായി ഓർക്കാൻ കഴിയുന്നില്ല. അത്തരം വികാരങ്ങൾ ഉള്ളതായി ഞാൻ നടിക്കുമായിരുന്നു, മററുള്ളവരും അങ്ങനെയാണു ചെയ്യുന്നതെന്നു ഞാൻ വിശ്വസിക്കുകയും ചെയ്തു. ഒരു മുതിർന്ന വ്യക്തിയായിരിക്കെ എന്നെങ്കിലും കരഞ്ഞതായി എനിക്ക് ഓർമയില്ല. എന്നാൽ ഒരു ക്രിസ്തീയ സഭയിൽ മൂപ്പനായി സേവിക്കുന്ന 50 വയസ്സുള്ള ഞാൻ ഒരു പുസ്തകം വായിച്ചതു നിമിത്തം ഇന്നിതാ എന്റെ വീട്ടിൽ ഒററയ്ക്കിരുന്ന് ഏങ്ങലടിച്ചു കരയുന്നു. ഈ “പാറ”യ്ക്ക്, ഈ “ദ്വീപി”ന് ഇതെങ്ങനെ സംഭവിച്ചു?
ബോസ്ററണിന്റെ ഒരു പ്രാന്തപ്രദേശത്ത് എട്ടു മക്കളിൽ നാലാമത്തവനായി 1936-ൽ ഞാൻ പിറന്നു. എന്റെ മാതാപിതാക്കൾ മദ്യാസക്തരായിരുന്നു. യാതൊരു വിധത്തിലും ഞങ്ങൾ വികാരങ്ങളെക്കുറിച്ചു ചർച്ച ചെയ്യുകയോ കെട്ടിപ്പുണരുകയോ സ്നേഹം പ്രകടിപ്പിക്കുകയോ ചെയ്തതായി എനിക്ക് ഓർക്കാൻ കഴിയുന്നില്ല. എനിക്ക് ആറു മാസം പ്രായമുണ്ടായിരുന്നപ്പോൾ ആരോ ഒരാൾ സ്നാനത്തൊട്ടിയിൽ എന്നെ കിടത്തി അതിന്റെ വാൽവ് അടച്ചിട്ട് ടാപ്പ് തുറന്നുവിട്ടു, എന്നിട്ട് എന്നെ അവിടെ ഉപേക്ഷിച്ചിട്ടുപോയി. പരിചാരിക കണ്ടതുകൊണ്ട് എന്റെ ജീവൻ രക്ഷപെട്ടു. ഒരു കുട്ടി ആയിരിക്കെ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങൾ ഭയവും കോപവും ശാരീരിക വേദനയും മാത്രമായിരുന്നു.
ഇവ എന്നെ പഠിപ്പിച്ചത് എന്റെ പിതാവായിരുന്നു. അദ്ദേഹം കോപംകൊണ്ടു പൊട്ടിത്തെറിക്കുമായിരുന്നു, മിക്കവാറും എന്റെ കൊച്ചു ശരീരത്തിൽ അതു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു, മുഷ്ടികൾകൊണ്ടും കാലുകൾകൊണ്ടും. അര നൂററാണ്ടു പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ മുഖത്തെ ആ ഭാവം എന്നെ ഇപ്പോഴും വേട്ടയാടാറുണ്ട്. ഞാനൊരു ചീത്തക്കുട്ടി ആയിരുന്നതുകൊണ്ടാണ് എനിക്ക് ഈ പ്രഹരമെല്ലാം കിട്ടിയതെന്ന് ജീവിതത്തിലെ ഏറിയകാലവും ഞാൻ വിശ്വസിച്ചു, എന്നാൽ എന്നോട് അദ്ദേഹം കാട്ടിയ ക്രോധം ഞാൻ നല്ലവനോ കൊള്ളരുതാത്തവനോ ആയിരിക്കുന്നതുമായി ഒരു ബന്ധവുമില്ലെന്ന് എനിക്കിപ്പോൾ അറിയാം.
എനിക്ക് അഞ്ചും ആറും വയസ്സുണ്ടായിരുന്നപ്പോൾ ഞങ്ങളുടെ കുടുംബഡോക്ടർ എന്നെ ലൈംഗിക ദുരുപയോഗം ചെയ്തു. എന്റെ വിദ്യാഭ്യാസം തുടങ്ങിയപ്പോൾ ഞങ്ങൾ താമസിച്ചിരുന്നത് 2,50,000 ഡബ്ലിയുഎഎസ്പികൾ (വെള്ളക്കാരായ ആംഗ്ലോ-സാക്സൺ പ്രൊട്ടസ്ററൻറുകാർ) പാർത്തിരുന്ന ഒരു നഗരത്തിലാണ്. എന്റെ സഹപാഠികൾ ഒരു യഹൂദ ബാലനായ എന്നെ പീഡിപ്പിക്കുകയും ഓടിക്കുകയും ചെയ്തിരുന്നു. 10-ഓ 12-ഓ പേർ വരുന്ന ഈ സംഘം എന്നെ പിടികൂടുമ്പോൾ വസ്ത്രങ്ങൾ ഉരിഞ്ഞ് അവർ എന്നെ തല്ലുമായിരുന്നു, എന്നിട്ട് അവ മരങ്ങളുടെ മുകളിലേക്ക് എറിയും. വസ്ത്രങ്ങൾ തിരികെ എടുക്കാൻ നഗ്നനായി ഞാൻ മരങ്ങളിൽ കയറേണ്ടിവരുമായിരുന്നു.
എന്റെ 18-ാം ജൻമദിനത്തിന് ഒരു മാസം മുമ്പ് വീട്ടിൽനിന്നു രക്ഷപെടാൻ വേണ്ടി ഞാൻ പട്ടാളത്തിൽ ചേർന്നു. അന്നുവരെ ഞാൻ മദ്യം രുചിച്ചുനോക്കിയിട്ടേയുണ്ടായിരുന്നില്ല, എന്നാൽ താമസിയാതെതന്നെ ഞാൻ കുടിക്കാൻ തുടങ്ങി, പെട്ടെന്നുതന്നെ മദ്യാസക്തനായിത്തീരുകയും ചെയ്തു. 20 വർഷം ഞാൻ പട്ടാളത്തിലുണ്ടായിരുന്നു, മദ്യത്തിനുള്ള പണം യാചിച്ചോ കടം വാങ്ങിയോ മോഷ്ടിച്ചോ ഞാൻ മദ്യപിക്കുമായിരുന്നു. 24 വയസ്സായപ്പോൾ ഞാൻ വിവാഹം കഴിച്ചു, ഒരു മകനും പിറന്നു. ഭാര്യയെയും മകനെയും ഒരു ഭാരമായും അനാവശ്യമായ ഒരു ചെലവായും കരുതിയ ഒരു മദ്യാസക്തൻ—ഞാൻ—ഭരണം നടത്തുകയും നിയന്ത്രിക്കുകയും ചെയ്ത ഒരു ഭവനത്തിലായിരുന്നു അവർ ജീവിച്ചുപോന്നത്.
1974-ൽ ഞാൻ പട്ടാളത്തിൽനിന്നു വിരമിച്ചു. എന്നിട്ട് കുറെക്കാലത്തേക്ക് അൽപ്പം ബിസിനസ്സൊക്കെ നടത്തിനോക്കി. എന്നാൽ പെട്ടെന്നുതന്നെ അത് നിറുത്തി. മേലാൽ ഞാൻ കുടിച്ചില്ല, കാരണം എന്റെ ശരീരത്തിനു മദ്യപാനത്തോട് അൽപ്പംപോലും പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല. ഒന്നോ രണ്ടോ പ്രാവശ്യം ബിയർ കഴിച്ചാൽ തൊലി ചൊറിഞ്ഞുപൊട്ടുമായിരുന്നു. അപ്പോൾ ഞാൻ മയക്കുമരുന്നുകൾക്ക് അടിമയായി—പ്രധാനമായും മരിജ്വാനക്ക്, എന്നാൽ മററു മയക്കുമരുന്നുകൾ കിട്ടുമ്പോൾ അതും ഞാൻ ഉപയോഗിക്കുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു ജോലി നിലനിർത്തിക്കൊണ്ടുപോകുക ഇത് അസാധ്യമാക്കിത്തീർത്തു. അതുകൊണ്ട് ഞാൻ വീട്ടിലിരുന്നു വീട്ടുകാര്യങ്ങൾ നോക്കി, അതേസമയം സഹധർമിണി ഡോണ ജോലിക്കു പോയി.
യഹോവയുടെ സാക്ഷികൾ വീട്ടിൽ വരുന്നു
ഒരു ദിവസം രാവിലെ ഭാര്യ ജോലിക്കു പോകാൻ തുടങ്ങുകയായിരുന്നു. സമയം 7:30. അപ്പോൾ ഞാൻ മയക്കുമരുന്നടിച്ച് കിറുങ്ങി ഇരിക്കുകയായിരുന്നു. ഇത് അവളെ കുപിതയാക്കി. മുൻവാതിലിലൂടെ പുറത്തേക്കു പോയ വഴിക്ക് അവൾ ഒരു ബോർഡ് പറിച്ച് എന്റെ നേരെ എറിഞ്ഞിട്ട് ഇങ്ങനെ ആക്രോശിച്ചു: “അവർ നിങ്ങളെ ശല്യം ചെയ്തു കൊന്നിരുന്നെങ്കിൽ.” ആ ബോർഡ് അവൾ ജനാലയ്ക്കൽ എപ്പോഴും വച്ചിരുന്ന ഒന്നായിരുന്നു, വലിയ അക്ഷരത്തിൽ അതിൽ ഇങ്ങനെ എഴുതിയിരുന്നു, “യഹോവയുടെ സാക്ഷികൾ പാടില്ല.” ആ ബോർഡ് ഞാൻ കുപ്പയിലിട്ടു. അടുത്ത ദിവസം രാവിലെ രണ്ടു സ്ത്രീകൾ ഞങ്ങളുടെ വീട്ടുവാതിൽക്കൽ വന്നു. അവർ യഹോവയുടെ സാക്ഷികളായിരുന്നു.
ഈ സമയത്ത് ഞാൻ ബുദ്ധമതം സ്വീകരിച്ചുകഴിഞ്ഞിരുന്നു. എന്റെ യഹൂദ-കത്തോലിക്ക മാതാപിതാക്കളുടെ കപടഭക്തി നിമിത്തം ദീർഘനാൾ മുമ്പേതന്നെ ഞാൻ ബൈബിൾ തള്ളിക്കളഞ്ഞിരുന്നു. ദൈവത്തെ കണ്ടെത്താൻ ഒരു കാലത്ത് ഞാൻ അന്വേഷണം നടത്തിനോക്കി, ദൈവമില്ലായിരിക്കുമെന്നു വിചാരിച്ചുകൊണ്ടു ഞാൻ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. ഞാൻ പരിണാമത്തിൽ വിശ്വസിച്ചിരുന്നു, ഇടിമിന്നലുള്ള മഴക്കാലത്ത് തുറസ്സായ സ്ഥലത്തു നിന്നുകൊണ്ട് മുകളിലേക്കു നോക്കി എന്റെ മനസ്സിൽവന്ന എല്ലാ വൃത്തികെട്ട പേരും ഞാൻ ദൈവത്തെ വിളിക്കുമായിരുന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “നീ സ്ഥിതി ചെയ്യുന്നെങ്കിൽ എന്നെ കൊന്നുകളയുക.” അങ്ങനെ ചെയ്യുകവഴി ദൈവമില്ലെന്നു തെളിയിച്ചതായി ഞാൻ വിശ്വസിച്ചു. ഞാൻ ദൈവമായിരുന്നെങ്കിൽ കൊന്നുകളയുകതന്നെ ചെയ്യുമായിരുന്നു. അവൻ അങ്ങനെ ചെയ്യാഞ്ഞതുകൊണ്ട് ദൈവമില്ല എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു. ലോകത്തെ നശിപ്പിക്കുന്നതു നിർത്താനുള്ള മമനുഷ്യന്റെ പ്രാപ്തിയില്ലായ്മ നിമിത്തം ലോകം നാശത്തിനു വിധിക്കപ്പെട്ടിരിക്കുകയാണെന്നു ഞാൻ വിചാരിച്ചിരുന്നു. അതെല്ലാം സംഭവിക്കുന്നത് മയക്കുമരുന്നടിച്ചു കിറുങ്ങിയിരുന്ന് ടിവിയിൽ എനിക്കു കാണാനാകുമെന്നു ഞാൻ പ്രത്യാശിച്ചിരിക്കയായിരുന്നു.
അങ്ങനെയിരിക്കെ, അടുത്ത ദിവസം രാവിലെ രണ്ടു സ്ത്രീകൾ വീട്ടിൽ വന്നു. മയക്കുമരുന്നടിച്ച് കിറുങ്ങിയിരുന്ന ഞാൻ എന്തെങ്കിലും രസത്തിനുവേണ്ടി പരതുകയായിരുന്നു. 20 മിനിറേറാളം ഞങ്ങൾ അർഥശൂന്യമായ സംഭാഷണം നടത്തി, ഒടുവിൽ 25 സെൻറിന് ഒരു ചെറിയ നീലപ്പുസ്തകം അവർ എനിക്കു തന്നു. 20 മിനിററു നേരത്തെ രസം പകർന്നതിന് 25 സെൻറ് മുടക്കുന്നതു നഷ്ടമല്ലെന്നു ഞാൻ നിരൂപിച്ചു, അങ്ങനെ ഞാനാ പുസ്തകം വാങ്ങി യാതൊരു താത്പര്യവുമില്ലാതെ മേശപ്പുറത്തേക്ക് എറിഞ്ഞു.
അടുത്ത ദിവസം രാവിലെ കുറെ സമയത്തേക്കു മരിജ്വാന വലിക്കാതിരിക്കാൻ വേണ്ടി എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കാൻ ഞാൻ പരതുകയായിരുന്നു. ഞാൻ ആ ചെറിയ നീലപ്പുസ്തകം കണ്ടു, ഒരു മണിക്കൂറോ മറേറാ എനിക്കൊരു വിനോദമായിരിക്കുമെന്നു കരുതി ഞാനതെടുത്തു. നാല് മണിക്കൂർ കഴിഞ്ഞപ്പോൾ ഞാനാ പുസ്തകം വായിച്ചുതീർത്തിരുന്നു, അതിന്റെ ശീർഷകമായ നിത്യജീവനിലേക്കു നയിക്കുന്ന സത്യം തന്നെയാണ് അതെന്ന് എനിക്കു പൂർണമായും ബോധ്യപ്പെട്ടു. വീട്ടിൽ മയക്കുമരുന്നുകൾ ഉണ്ടായിരുന്നു, പുസ്തകം താഴെ വെച്ചാലുടൻ ഞാനതു വീണ്ടും ഉപയോഗിക്കുമെന്നും വായിച്ച എല്ലാ കാര്യങ്ങളും ഞാൻ അവഗണിക്കുമെന്നും എനിക്കറിയാമായിരുന്നു. അവസാനത്തെ പേജിൽ ഒരു ഡോളറിന് ഒരു ബൈബിൾ കിട്ടുമെന്നുണ്ടായിരുന്നു, “ദൈവമേ, എനിക്കു ചെയ്യാൻ കഴിയുന്നത് ഇതു മാത്രമാണ്, ബാക്കി കാര്യങ്ങൾ നീ ചെയ്യേണ്ടിവരും”— ജീവിതത്തിലൊരിക്കലും ഞാൻ പ്രാർഥിച്ചിരുന്നില്ല—എന്നു ദൈവത്തോടു പറഞ്ഞുകൊണ്ട് ഒരു കവറിനകത്ത് ഒരു ഡോളറിട്ട് ഞാനതു തപാലിൽ അയച്ചു. എന്നിട്ട് വീണ്ടും മയക്കുമരുന്നടിച്ചു കിറുങ്ങി. അങ്ങനെ എന്നെ ആഴത്തിൽ സ്പർശിച്ച സകല കാര്യങ്ങളും ഞാൻ അവഗണിച്ചു.
തപാലിൽ എനിക്കു ബൈബിൾ കിട്ടി. എന്നാൽ ഞാനത് തുറന്നുനോക്കുക പോലും ചെയ്തില്ല. അതിനുശേഷം, താമസിയാതെ രണ്ടു സാക്ഷികൾ വന്ന് എന്നോടൊത്തു ബൈബിൾ പഠിക്കാമെന്നു വാഗ്ദാനം ചെയ്തു, ഞാൻ സമ്മതിക്കുകയും ചെയ്തു. അധ്യയനങ്ങൾ ആസ്വാദ്യമായിരുന്നു, എന്നാൽ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല. കാരണം താത്ത്വികമായ എന്റെ അറിവുകൊണ്ട് അവരിൽ മതിപ്പുളവാക്കാനാണു ഞാൻ അധികവും ശ്രമിച്ചത്. മാത്രമല്ല, അവർ പോയ ഉടനെതന്നെ ഞാൻ മയക്കുമരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. ആ ദിവസം ഞാൻ കൈവരിച്ച ഏതു പുരോഗതിയെയും അത് അസ്ഥാനത്താക്കുമായിരുന്നു.
ഒടുവിൽ, ഒരു വർഷം കഴിഞ്ഞപ്പോൾ ജിം എന്നു പേരുള്ള ഒരു സാക്ഷി എന്റെയടുത്ത് വന്ന് യെഹെസ്കേൽ 33:9 വായിക്കാൻ ആവശ്യപ്പെട്ടു. ഞാനതു വായിച്ചു: “ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയേണ്ടതിന്നു നീ അവനെ ഓർമ്മപ്പെടുത്തീട്ടും അവൻ തന്റെ വഴി വിട്ടുതിരിയാഞ്ഞാൽ, അവൻ തന്റെ അകൃത്യംനിമിത്തം മരിക്കും; നീയോ, നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.” എന്നിട്ട്, അതിന്റെ അർഥം എന്താണെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു: “അതിന്റെ അർഥം നിങ്ങൾ ഇനി മടങ്ങിവരികയില്ലെന്നും ഞാൻ മരിക്കാൻ പോകുകയാണെന്നുമാണ്.” “ശരിയാണ്” എന്നു പറഞ്ഞിട്ട് അദ്ദേഹം പോയി.
ആ സാക്ഷി തിരിച്ചുവരുന്നു
എനിക്ക് അപ്പോഴും ഒരു മനസ്സാക്ഷി ഉണ്ടായിരുന്നതായി കണ്ടെത്തിയെന്നു പറയാൻ സന്തോഷമുണ്ട്—ദീർഘനാൾ മുമ്പുതന്നെ എന്റെ മനസ്സാക്ഷിയെ ഞാൻ കൊന്നുവെന്നു വിശ്വസിച്ചിരുന്നു. ഞാൻ ബൈബിളിൽ കണ്ട ഭാവിയോട് എനിക്കു കുറെയൊക്കെ ആഗ്രഹം തോന്നുകതന്നെ ചെയ്തു, അതുകൊണ്ട് മയക്കുമരുന്നുപയോഗം നിർത്താൻ ഞാൻ തീരുമാനിച്ചു. ആഴ്ചകളോളം ഞാൻ തന്നെത്താൻ ശ്രമിച്ചിട്ടും വിജയിക്കാനായില്ല. ഒരു ദിവസം വൈകുന്നേരം ജിം എന്ന സാക്ഷിയെ പരാമർശിച്ചുകൊണ്ട് “ആ സുഹൃത്തിനെ” വിളിക്കാൻ ഭാര്യ നിർദേശിച്ചു. ഇനി തിരികെ വരില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ ഫോൺനമ്പർ എനിക്കറിയില്ലെന്നും ഞാൻ അവളോടു പറഞ്ഞു. എനിക്കാകെ നിരാശ തോന്നി.
പിറേറ ദിവസം രാവിലെ ഒരു വീക്ഷാഗോപുരം മുൻ വാതിലിൽ തിരുകിവെച്ചിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. അതിൽ ജിമ്മിന്റെ ഫോൺനമ്പർ എഴുതിയിരുന്നു. “പ്രത്യേകിച്ച് യാതൊരു കാരണവും കൂടാതെ” അദ്ദേഹത്തിന്റെ ഭാര്യ അതവിടെ വെച്ചതായിരുന്നു. ഞാൻ അദ്ദേഹത്തിനു ഫോൺ ചെയ്ത് മദ്യവും മയക്കുമരുന്നുകളും സംബന്ധിച്ച എന്റെ പ്രശ്നം തുറന്നുപറഞ്ഞു, എന്നെ സഹായിക്കാൻ അദ്ദേഹത്തിനു കഴിയുമോ എന്ന് ആരായുകയും ചെയ്തു. മയക്കുമരുന്നുകൾ വേണ്ടെന്നുവെക്കുകയാണെങ്കിൽ വീണ്ടും വന്ന് എന്നോടൊത്തു പഠിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
രാപകലില്ലാത്ത തീവ്രമായ ഒരു പഠനത്തിന് അതു തുടക്കം കുറിച്ചു. അദ്ദേഹം ദിവസവും എന്നോടൊത്തു പഠിക്കുക മാത്രമല്ല എനിക്കു ബൈബിൾ പഠനഗ്രന്ഥങ്ങളും വീക്ഷാഗോപുര ലേഖനങ്ങളും തരികയും ചെയ്തു. രാത്രിയിൽ നാല് മണിക്കൂർ മാത്രമേ ഞാൻ ഉറങ്ങിയുള്ളൂ—മദ്യാസക്തരുടെ ഒരു സാധാരണ പ്രശ്നമാണിത്—ശേഷിച്ച സമയം മുഴുവൻ ബൈബിൾ പഠനത്തിനായി ഞാൻ അർപ്പിച്ചു. മയക്കുമരുന്നുകൾ ഒഴിവാക്കിയതോടെ, കഴിഞ്ഞ ഒരു വർഷമായി ഞാൻ പഠിച്ച സകല കാര്യങ്ങളും ദിവസവും 18 മുതൽ 20 വരെ മണിക്കൂർ പഠിക്കുന്ന കാര്യങ്ങളും എന്നെ ആഴമായി സ്പർശിച്ചു.
മാത്രമല്ല, ഞാൻ സാക്ഷികളുടെ എല്ലാ യോഗങ്ങളിലും സംബന്ധിക്കാൻ തുടങ്ങി. ഏതാനും ആഴ്ചകൾക്കുള്ളിൽ എന്റെ ജീവിതത്തിലെ ആദ്യത്തെ യഥാർഥ പ്രാർഥന നടത്തുന്ന ഘട്ടത്തോളം ഞാൻ പുരോഗതി പ്രാപിച്ചു. അത് എന്റെ സമർപ്പണ പ്രാർഥന കൂടെ ആയിരുന്നു. ഞാൻ വീടുതോറും പോയി എനിക്കറിയാവുന്ന എല്ലാവരോടും പ്രസംഗിക്കാൻ തുടങ്ങി. ഏഴ് അധ്യയനങ്ങൾ ആരംഭിച്ചു, ഇവയിൽ അഞ്ചെണ്ണം, എന്റെ ഭാര്യയും മകനും ഉൾപ്പെടെ, സ്നാപനഘട്ടത്തോളം പുരോഗതി പ്രാപിച്ചു. “ആ സുഹൃത്തി”നു ഫോൺചെയ്ത് കേവലം മൂന്നു മാസം കഴിഞ്ഞ് 1976 മേയ് 23-ന് ഒരു സർക്കിട്ട് സമ്മേളനത്തിൽവെച്ചു ഞാൻ സ്നാപനമേററു. ഞാൻ പയനിയറിങ് (മുഴുസമയ പ്രസംഗവേല) ആരംഭിച്ചു, 13 വർഷം അതു തുടരുകയും ചെയ്തു.
ഞാൻ ഈ കഥ തുടങ്ങിയിടത്തേക്ക്—വീട്ടിൽ ഒററയ്ക്കിരുന്ന് ഒരു പുസ്തകം വായിച്ച് കരയുന്ന ഒരു 50 വയസ്സുകാരൻ എന്ന അവസ്ഥയിലേക്ക്—ഇത് എന്നെ കൊണ്ടെത്തിക്കുന്നു. സ്വയം പുരോഗതി വരുത്താൻ സഹായിക്കുന്ന പുസ്തകങ്ങൾക്ക് ’80-കളിൽ വളരെ പ്രിയമായിരുന്നു. ഞാൻ അവയിലൊന്നു വായിക്കുകയും ചെയ്തു. സ്വയം സഹായിക്കുന്നതിനുള്ള ഭാഗം എന്നെ സഹായിച്ചില്ല, അതു പ്രദാനം ചെയ്ത ലൗകിക ചിന്താഗതി പിൻപററാൻ ഞാൻ ചായ്വു കാണിച്ചില്ല. എന്നാൽ എന്റെ ബാല്യകാലത്തെ വ്രണിത വർഷങ്ങളും സ്നേഹത്തിനു വേണ്ടിയുള്ള വൈകാരികമായ ആഗ്രഹവും എന്നെ വൈകാരിക വൈകല്യമുള്ളവനായി അവശേഷിപ്പിച്ചു എന്ന് ജീവിതത്തിലാദ്യമായി മനസ്സിലാക്കാൻ ആ പുസ്തകം എന്നെ സഹായിക്കുകതന്നെ ചെയ്തു. എനിക്കു വന്ന കണ്ണുനീർ, വികാരങ്ങൾ തോന്നാനുള്ള പ്രാപ്തിയിൽ എനിക്ക് കുറവു തോന്നിയതിന്റെ കാരണം മനസ്സിലായതുകൊണ്ട് സന്തോഷത്തിന്റെ കണ്ണുനീരും ഒരു വൈകാരിക മനുഷ്യനെന്ന നിലയിൽ 50 വർഷത്തോളമായി വൈകാരികമായി പ്രതികരിക്കാൻ കഴിയാതിരുന്നതിനാൽ കടുത്ത നഷ്ടം നിമിത്തമുള്ള ദുഃഖത്തിന്റെ കണ്ണുനീരുമായിരുന്നു. എന്റെ ജീവിതത്തിലുടനീളം വളരെയധികം വിഷാദഘട്ടങ്ങൾ ഞാൻ അനുഭവിച്ചതിന്റെ കാരണം അതു വിശദീകരിച്ചു.
ക്രമേണ, ബൈബിളിൽ യഹോവയെയും അവന്റെ സ്നേഹത്തെയും കുറിച്ചു ഞാൻ വായിച്ചപ്പോൾ വികാരങ്ങൾ എന്നിൽ ഉടലെടുത്തുതുടങ്ങി. മുമ്പൊരിക്കലും വ്യക്തിപരമായി ആ സ്നേഹം എനിക്ക് അനുഭവപ്പെട്ടിരുന്നില്ല. ഇവിടെ ഭൂമിയിൽ യഹോവയുടെ നീതിയുള്ള വാഗ്ദത്തം ചെയ്യപ്പെട്ട പുതിയ ലോകത്തിൽ ഭാര്യക്കും മകനും ദൈവത്തിന്റെ സഭകളിലെ എന്റെ സഹോദരീസഹോദരൻമാർക്കും ഞാൻ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്ന ആളുകൾക്കും എന്നേക്കും ജീവിക്കാനുള്ള അവസരം ഉണ്ടായിരിക്കാൻ തക്കവണ്ണം അവരോട് എനിക്കു സ്നേഹമുണ്ട്.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സൃഷ്ടിക്കപ്പെട്ടവർ
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാണ് നാം സൃഷ്ടിക്കപ്പെട്ടത്. ഒരു കുട്ടി ജനിക്കുമ്പോൾ അതിന് ഈ സ്നേഹം ആവശ്യമാണ്, അതിന് അംഗീകാരം ലഭിക്കുകയും വേണം. ഒരു കുട്ടിയുടെ മാതാപിതാക്കൾ അതിനെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യാതെ വരുമ്പോൾ താൻ സ്നേഹിക്കപ്പെടാൻ കൊള്ളാത്തവനാണെന്നും ആത്മമൂല്യം ഇല്ലാത്തവനാണെന്നുമുള്ള തോന്നലുകൾ അവനുണ്ടാകുന്നു. ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ, മററുള്ളവർ എന്നെ എടുത്തു കൈകളിൽ പിടിക്കാനും തലോടാനും ഞാൻ അതിയായി കൊതിച്ചിരുന്നു. വീട്ടിൽ സന്ദർശകർ വന്നപ്പോൾ ഞാൻ എന്റെ കളിത്തൊട്ടിലിൽ കിടക്കുന്നത് അവർ കാണുന്നതു ഞാനോർക്കുന്നുണ്ട്. അവർ എന്നെ എടുക്കണേ എന്നു ഞാൻ ആശിക്കുമായിരുന്നു. അവർ എന്നെ ഒരിക്കലും എടുത്തില്ല, ആരും എന്നെ എടുക്കാഞ്ഞതുകൊണ്ട് ഞാൻ കരയാൻ തുടങ്ങുമായിരുന്നു.
അത്തരം ബാല്യകാല വ്രണങ്ങൾ ഒരു ഭർത്താവും ഒരു കുടുംബനാഥനുമെന്ന നിലയിൽ എന്നിൽ വൈകല്യം അവശേഷിപ്പിച്ചിരുന്നു, അവ എന്നെ സ്വർഗീയ പിതാവായ യഹോവക്ക് എന്നെ സ്നേഹിക്കാൻ കഴിയുമെന്നു വിശ്വസിക്കാൻ പ്രയാസമുള്ളവനുമാക്കിത്തീർത്തു. യഹോവയെക്കുറിച്ചുള്ള സത്യം ക്രമേണ എന്നിൽ മാററം വരുത്തി, അവനെക്കുറിച്ചുള്ള എന്റെ ബോധ്യം തലയിൽനിന്നു ഹൃദയത്തിലേക്കു മാറി. കലവറ കൂടാതെ യഹോവ എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കിപ്പോളറിയാം. ആ സ്നേഹം ഏതെങ്കിലും മാർഗത്തിൽ നേടിയെടുക്കാവുന്ന ഒന്നല്ലെന്നും എനിക്കറിയാം. അത് സ്നേഹത്തിന്റെ ദൈവമായ യഹോവയാം ദൈവത്തിൽനിന്നുള്ള അനർഹദയയാണ്.
ഇതിന്റെയെല്ലാം ഏററവും പ്രധാനപ്പെട്ട സംഗതി യഹോവയുടെ അനുഗ്രഹങ്ങൾ നിമിത്തം ഭാര്യയ്ക്കും എനിക്കും ഇപ്പോൾ നല്ലൊരു ജീവിതം നയിക്കാൻ കഴിയുന്നുവെന്നതാണ്. രാജ്യപ്രസംഗകരുടെ ആവശ്യം കൂടുതലുള്ളിടത്താണ് ഞങ്ങളിപ്പോൾ സേവിക്കുന്നത്, അരിസോണ മലനിരകളിലെ മനോഹരമായ ഒരു കൊച്ചുപട്ടണത്തിലെ സ്നേഹസമ്പന്നമായ ഒരു സഭയോടൊത്ത്. സഭയിലെ അധ്യക്ഷമേൽവിചാരകനായി ഞാൻ സേവനമനുഷ്ഠിക്കുന്നു, സഭയിൽ ഒരു പുസ്തകാധ്യയനം നടത്തുകയും ചെയ്യുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുകയെന്ന വലിയ സന്തോഷവും എനിക്കുണ്ട്. കിട്ടുന്ന പെൻഷനോടൊപ്പം ജനാലകൾ കഴുകുകയെന്ന ഒരു ജോലിയിൽനിന്നുള്ള വരുമാനവും എനിക്കുണ്ട്. അതു നിമിത്തം ഭൗതികമായി ആവശ്യമുള്ള എല്ലാ സംഗതികളും ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ ശുശ്രൂഷയ്ക്കും സ്നേഹവാനായ സ്വർഗീയ പിതാവിന്റെ സേവനത്തിന്റെ ശിഷ്ട ഭാഗത്തിനും വേണ്ടി വേണ്ടത്ര സമയം മാററിവെക്കാനും കഴിയുന്നുണ്ട്.
എന്റെ ഭാര്യ “യഹോവയുടെ സാക്ഷികൾ പാടില്ല” എന്ന ബോർഡ് എനിക്കു നേരെ എറിഞ്ഞ ആ പ്രഭാതത്തിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ എനിക്കായി ചെയ്തിരിക്കുന്ന കാര്യങ്ങൾ നിമിത്തം സ്നേഹവാനാം സ്വർഗീയ പിതാവിനോടുള്ള നന്ദി എന്നിൽ വന്നുനിറയുന്നു. ഒരു ജോലി നിലനിർത്താൻ കഴിയാതിരുന്ന, എന്നോടൊപ്പം സകലരും മരിക്കുന്നതു കാണാൻ കാത്തിരുന്ന, ഒരു മദ്യ-മരുന്നാസക്തനിൽനിന്ന് ഞാനിപ്പോൾ ഭൂമിയിലെ യഹോവയുടെ ദൃശ്യസ്ഥാപനത്തിലെ ഒരംഗമായി മാറിയിരിക്കുന്നു. ലോകത്തിന്റെ ഒരേയൊരു പ്രത്യാശയായ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത കഴിയുന്നിടത്തോളം പേരെ അറിയിക്കാൻ സമർപ്പിക്കപ്പെട്ട ഒരുവനെന്ന നിലയിലേക്ക്. ഞാൻ സദാ ആഗ്രഹിച്ചിരുന്ന കാര്യങ്ങളായ സ്നേഹവും വിശ്വാസവും അംഗീകാരവും എനിക്കു തരുന്ന ആളുകളെ നൽകി യഹോവ എന്റെ ജീവിതത്തെ ധന്യമാക്കിയിരിക്കുന്നു.
വേദന അനുഭവപ്പെടാത്ത ഒരു “പാറ” ആയിരിക്കാനോ ഒരിക്കലും കരയാത്ത ഒരു “ദ്വീപ്” ആയിരിക്കാനോ ഞാൻ മേലാൽ ശ്രമിക്കുന്നില്ല.—ലാരി രൂബൻ പറഞ്ഞപ്രകാരം.
[23-ാം പേജിലെ ചിത്രം]
ലാരി രൂബനും ഭാര്യ ഡോണയും