“ദൈവം ആരുടെ പക്ഷത്താണ്”?
ഇംഗ്ലണ്ടിൽ നിന്ന് 1942 മെയ് 30-ാം തീയതി വൈകുന്നേരം ഒരായിരം ബോംബറുകൾ പുറപ്പെട്ടു. ആ സമയംവരെയുണ്ടായിട്ടുള്ളതിലേക്കും ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു അത്. ഞാൻ നാലു എഞ്ചിനുകളുള്ള ലങ്കാസ്റ്റർ ബോംബറിലെ സേനാവിഭാഗത്തിന്റെ സിഗ്നലുകളുടെ ലീഡറായിരുന്നു. ഓരോ വിമാനവും ഒരു വലിയ ഫാക്ടറിയോ ഒരു തെരുവിന്റെ പല ബ്ലോക്കുകളോ നശിപ്പിക്കാൻ കഴിവുള്ള ഒരു 8,000 പൗണ്ട് (3,600 കി. ഗ്രാം.) ബോംബ് വഹിച്ചിരുന്നു.
ഞങ്ങൾ 20,000 അടിa ഉയർന്നുകൊണ്ട് ജർമ്മൻ നഗരമായ കോളോണിലേക്കുള്ള വഴിയെ തിരിഞ്ഞു. വിമാനജോലിക്കാർ, എഞ്ചിനുകൾ, ഇന്ധനം, റേഡിയോ, വ്യോമയാനം മുതലായവ പരിശോധിക്കുന്നതിൽ തിരക്കുള്ളവരായിരുന്നു. മൂന്നു പീരങ്കിപടയാളികൾ തങ്ങളുടെ യന്ത്രത്തോക്കുകൾ പരിശോധിക്കുന്നതിനും വെടിവെക്കുന്നതിനും ക്യാപ്റ്റനോട് അനുവാദം ചോദിച്ചു. എല്ലാം ഇപ്പോൾ ശത്രുവിന്റെ പ്രദേശത്ത് പ്രവേശിക്കാൻ ഞങ്ങൾക്കുവേണ്ടി തയ്യാറായിരുന്നു.
ഞങ്ങൾ ഡച്ച് തീരരേഖ കടക്കവെ ഞാൻ വിമാനത്തിന്റെ മേൽക്കൂരക്കുള്ളിൽ നിരീക്ഷണ സ്ഥാനത്ത് നിലയുറപ്പിച്ചു. അവിടെ നിന്ന് എല്ലാദിശയിലേക്കും എനിക്കു കാണാമായിരുന്നു. അവിടെ ഞാൻ ശത്രുവിന്റെ രാത്രിയിൽ സഞ്ചരിക്കുന്ന പോർ വിമാനങ്ങളെ നിരീക്ഷിച്ച് ഒഴിഞ്ഞുമാറുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനും തോക്കു ധാരികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനും സൂക്ഷ്മ നിരീക്ഷണം ചെയ്തുകൊണ്ട് നിന്നു. ദൂരെ, ആകാശത്തോളം ജ്വലിക്കുന്ന ചുവന്ന തുണ്ടുഭൂമികൾ എനിക്കു കാണാൻ കഴിഞ്ഞിരുന്നു, എന്തുകൊണ്ടെന്നാൽ ബോംബർ വിമാനങ്ങളിൽ ഭൂരിപക്ഷവും കോളോൺ നഗരത്തെ അഗ്നിക്കിരയാക്കി കഴിഞ്ഞിരുന്നു.
ബോംബിടുന്നതിനുള്ള ഞങ്ങളുടെ ഊഴം
ഇപ്പോൾ ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ ഓട്ടത്തിന് ഞങ്ങൾ തയ്യാറായിരുന്നു. ജർമ്മൻ പോർവിമാനങ്ങൾ ബോംബിട്ട പ്രദേശത്ത് ഞങ്ങളെ ആക്രമിക്കാൻ തയ്യാറായി ചുറ്റിക്കൊണ്ടിരുന്നു. ആ രാത്രിയിൽ കോളോണിനെ ആക്രമിച്ച ആയിരം ബോംബറുകളിൽ അവസാനത്തെ ബാച്ചായിരുന്നു ഞങ്ങളുടേത്, നഗരം ഒരറ്റം മുതൽ മറ്റേ അറ്റം വരെ കത്തി നശിക്കയും ചെയ്തു. അതുവരെ കത്താത്തതും ഞങ്ങൾ ബോംബിടേണ്ടതുമായ പ്രദേശം തിരയുന്നതിന് ഞങ്ങൾക്ക് 10,000 അടി താഴേണ്ടിയിരുന്നു.
ലക്ഷ്യസ്ഥാനം മുഖ്യ പോസ്റ്റാഫീസ് ആണെന്ന് ഞങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. “ആ തെരുവിൽ വെടിക്കോപ്പു നിർമ്മാണശാലകൾ ഉണ്ട്” എന്നു ഞങ്ങളോടു പറഞ്ഞിരുന്നു. എന്നിരുന്നാലും ഞങ്ങൾ ബോംബു ചെയ്യുന്നത് സാധാരണ പൗരജനത്തെയാണെന്ന് ഞങ്ങളിൽ പലരും വിശ്വസിച്ചിരുന്നു, എന്തുകൊണ്ടെന്നാൽ മിക്ക നഗരങ്ങളിലും മുഖ്യ പോസ്റ്റാഫീസിനു ചുറ്റും ഫാക്ടറികൾ ഉണ്ടായിരിക്കയില്ല.
പൈലറ്റ് ബോംബിരിക്കുന്നിടത്തേക്കുള്ള കതകുകൾ തുറന്നപ്പോൾ സംഘർഷം വർദ്ധിച്ചു. വിമാനത്തിനുള്ളിലെ ശബ്ദം തീവ്രമായിത്തീർന്നു. ഇതു ഞങ്ങളുടെ ഏറ്റവും വഷളായ നിമിഷമായിരുന്നു. നാല് എഞ്ചിനുകളോടുകൂടിയ വിമാനത്തോളം തന്നെ നീളം തോന്നിക്കുന്ന ഞങ്ങളുടെ ബോംബ് ഇപ്പോൾ വെളിയിൽ ഇറക്കുകയായിരുന്നു. നിറം കലർന്ന ചലിക്കുന്ന വെടിയുണ്ടകൾ ആകാശത്തിലൂടെ വട്ടം വെച്ച് പാഞ്ഞു. ആ ബോംബിൽ ഏന്തെങ്കിലും തട്ടിയിരുന്നെങ്കിൽ, ഞങ്ങളുടെ കഥകഴിയുമായിരുന്നു!
ബോംബിന്റെ ലക്ഷ്യം നോക്കുന്നയാൾ വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്തു. ലക്ഷ്യസ്ഥാനത്തേക്ക് തന്റെ നോട്ടം കേന്ദ്രീകരിച്ചുകൊണ്ട് അയാൾ പൈലറ്റിനു നിർദ്ദേശങ്ങൾ നൽകി: “ഇടത്ത്—ഇടത്ത്; വലത്ത്—വലത്ത്—നിശ്ചലമായി; അല്പം ഇടത്ത്—അങ്ങനെ നിർത്തുക—നിശ്ചലം—ലക്ത്യത്തിൽ. ബോംബ് മുന്നോട്ട്!” വിമാനം കമ്പനം കൊള്ളുകയും നാലു—ടൺ ബോംബ് വിമാനത്തിൽ നിന്ന് താഴോട്ട് വീണപ്പോഴുള്ള “വൂഷ്” ശബ്ദം ഞാൻ കേൾക്കയും ചെയ്തു. ഒരു അനന്തമായ മിനിട്ട് പിന്നിട്ടു, ബോംബിട്ട പ്രദേശത്തെ ഒരു ഫോട്ടോ ഫ്ളാഷ് പ്രകാശിപ്പിക്കുന്നതുവരെ ഞങ്ങൾ കാത്തു നിന്നു. നാശം സംഭവിച്ചതിന്റെ ഫോട്ടോ ഒരിക്കൽ എടുത്തശേഷം ഞങ്ങൾ സ്വദേശത്തേക്കു മടങ്ങി.
മനസ്സാക്ഷിയുടെ അതിവേദന
ഞങ്ങൾ കുത്തനെ ചരിഞ്ഞ് തിരിഞ്ഞു പോകവെ എനിക്കു താഴെ എരിഞ്ഞടങ്ങുന്ന കോളോൺ നഗരം മുഴുവനായും കാണാൻ കഴിഞ്ഞിരുന്നു. തങ്ങളുടെ ജീവൻ നഷ്ടപ്പെട്ട പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച് ഞാൻ ചിന്തിച്ചു. ‘ഈ വൻ നഗരത്തിലെ നിരപരാധികളായ പൗരൻമാരുടെ കൂട്ടക്കൊലയിൽ ഞാൻ പങ്കെടുക്കുന്നതെന്തിനാണ്?’ എന്ന് ഞാൻ സ്വയം ചോദിച്ചു. അത് അഡോൾഫ് ഹിറ്റ്ലറുടെ ദുഷ്ട ഭരണത്തിനെതിരെയുള്ള ഒരു പോരാട്ടമായിരുന്നു എന്ന വിചാരത്തിൽ എന്നെത്തന്നെ ആശ്വസിപ്പിക്കാൻ ഞാൻ പരിശ്രമിച്ചു.
സ്വദേശത്തേക്കുള്ള ഞങ്ങളുടെ വഴിയിൽ എന്റെ 60 ബോംബിംഗ് നിയോഗത്തിനിടയിൽ എന്നെ ആവർത്തിച്ച് അശക്തനാക്കിയ ഒരു സ്മരണ ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല. യുദ്ധാരംഭത്തിൽ ഒരു ഒറ്റപ്പെട്ട ജർമ്മൻ വിമാനം ഇംഗ്ലണ്ടിലെ ലിങ്കണിനു സമീപമുള്ള വ്യോമാക്രമണത്തിനെതിരെയുള്ള ഒരു അഭയസ്ഥാനത്ത് ബോംബിട്ടു. ഇവിടെ അഭയം പ്രാപിച്ചിരുന്ന സ്ത്രീകളുടെ ചിന്തിക്കീറിയ ശരീരങ്ങൾ വെളിയിലേക്കു നീക്കം ചെയ്യുന്നതിന് ഞാൻ സഹായിച്ചിരുന്നു. മാസങ്ങൾക്കുശേഷവും എനിക്ക് അതിനെക്കുറിച്ച് ദുഃസ്വപ്നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ഇപ്രകാരം അതിശയിച്ചു: ‘ആളുകൾ തിങ്ങിപ്പാർക്കുന്ന കോളോൺ നഗരത്തിൽ ഒരു ആയിരം ബോംബറുകൾ സ്ഫോടനം നടത്തിയതിന്റെ ഫലമായി ഈ രാത്രി അത്തരം ഭീകരതയുടെ എത്രമാത്രം വർദ്ധിച്ച തരത്തിലുള്ളത് ആവർത്തിച്ചിരുന്നിരിക്കും? അത്തരം ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് ദൈവം എന്തു വിചാരിക്കയും ചെയ്യും?’
ഞാൻ മിക്കപ്പോഴും ഇതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്, എന്തുകൊണ്ടെന്നാൽ ഞാൻ സ്കോട്ട്ലൻഡിലെ ഇൻവെർനസ്സിലെ മതപരമായ പശ്ചാത്തലത്തിൽ നിന്നു വന്നതായിരുന്നു. എന്റെ കുടുംബം സ്കോട്ട്ലൻഡിലെ പള്ളിയിലെ ദീർഘകാല അംഗങ്ങളായിരുന്നു. ഞാൻ ഒരു സണ്ടേസ്കൂൾ അദ്ധ്യാപകനും പള്ളിയുടെ യുവകൂട്ടത്തിന്റെ പ്രസിഡൻറുമായിരുന്നു. ശനിയാഴ്ച വൈകുന്നേരങ്ങളിൽ ഞങ്ങളുടെ ഒരു സംഘം ഇൻവെർനസ്സ് ടൗൺ ഹാളിന്റെ മൂലയിൽ നിൽക്കയും ഞങ്ങളുടെ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്യുക പതിവായിരുന്നു. അത്തരം സന്ദർഭങ്ങളിൽ ഞാൻ അതിയായ മത ഭക്തിയാലും ഒരു ശുശ്രൂഷകനായിത്തീരണമെന്നുള്ള ആഗ്രഹത്താലും നിറയുമായിരുന്നു.
“ദൈവം ആരുടെ പക്ഷത്താണ്?”
യുദ്ധത്തിന്റെ ആറു വർഷങ്ങളിലും (1939-45) ഞാൻ മിക്കപ്പോഴും പുരോഹിതൻമാരോട് സംസാരിച്ചിരുന്നു. “ഈ യുദ്ധത്തിൽ ദൈവം ആരുടെ പക്ഷത്താണ്?” എന്ന് ഞാൻ അവരോട് ചോദിക്കയും ചെയ്തു. സംശയലേശമെന്യേ അവർ മറുപടി പറഞ്ഞു, “തീർച്ചയായും അവൻ നമ്മുടെ പക്ഷത്താണ്! ലോകാധിപത്യത്തിനുവേണ്ടിയുള്ള ഒരു ദുഷ്ട സ്വേച്ഛാധിപത്യത്തിനെതിരായിട്ടാണ് നാം യുദ്ധം ചെയ്യുന്നത്, നമ്മുടെ ക്രിസ്ത്യൻ സൈന്യങ്ങൾക്കു മാത്രമേ അതിനെ നശിപ്പിക്കാൻ കഴിയൂ!” എന്നിരുന്നാലും അത് എന്നെ തൃപ്തിപ്പെടുത്തിയില്ല.
ഒരു ദിവസം ഞാൻ സൈന്യ വ്യൂഹത്തിലെ കത്തോലിക്കാ പാതിരിയോടുകൂടെ ഓഫീസറൻമാരുടെ മെസ്സിൽ ഇരുന്നുകൊണ്ട് ഇങ്ങനെ ചോദിച്ചു: “അല്ലയോ പാതിരി ഞങ്ങളുടെ വിമാനത്തിലെ ഒരു ജോലിക്കാരൻ ഒരു കത്തോലിക്കനാണ്. ഞങ്ങൾ ജർമ്മനിയുടെ മുകളിൽ ബോംബിടുന്നതിനുള്ള നിയോഗത്തിൽ അങ്ങോട്ടുപോകുന്നതിനു മുമ്പ് താങ്കൾ അയാളെ അനുഗ്രഹിക്കയും ചെയ്തു. ജർമ്മനിയിലെ ഇതേ കത്തോലിക്കാമതം നമ്മുടെ നഗരങ്ങൾക്കു മീതെ വന്ന് നശിപ്പിക്കുന്ന ജർമ്മൻ യുദ്ധ വിമാനത്തിലെ കത്തോലിക്കനായ ഒരു ജോലിക്കാരനെ അനുഗ്രഹിക്കുന്നു. അതുകൊണ്ട് ഞാൻ ചോദിക്കുന്ന ചോദ്യമിതാണ്; ‘ദൈവം ആരുടെ പക്ഷത്താണ്?’”
“കൊള്ളാം, അത് പ്രയാസമുള്ള ഒന്നാണ്,” എന്ന് അദ്ദേഹം മറുപടി നൽകി. “ഹിറ്റ്ലർ ലോകത്തെ ഭരിക്കാൻ നാം അനുവദിച്ചാൽ അതിൽ താങ്കൾക്കൊ എനിക്കൊ മറ്റേതെങ്കിലും ക്രിസ്ത്യാനിക്കൊ ആ കാര്യത്തിൽ ഒരു സ്ഥാനവും ഉണ്ടായിരിക്കയില്ല എന്നതാണ് എനിക്ക് ആകെ അറിയാവുന്നത്.” പറഞ്ഞിട്ടു കാര്യമില്ല; ഇത് എന്റെ ചോദ്യത്തിന് ഉത്തരം നല്കിയില്ല, എന്തുകൊണ്ടെന്നാൽ എനിക്കു സഹായം ലഭിക്കുന്നതിനു പകരം ഞാൻ ഇപ്രകാരം സ്വയം ചോദിച്ചു: ‘അപ്പോൾ ജർമ്മനിയിലെ കത്തോലിക്കരും അവരുടെ പള്ളിയും ഹിറ്റ്ലർക്കുള്ള തങ്ങളുടെ പിന്തുണ എന്തുകൊണ്ട് പിൻവലിക്കുന്നില്ല?’ യുദ്ധം തീരുന്നതുവരെ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിച്ചില്ല.
യൂറോപ്പിലെ ഏറ്റവും കനത്ത പ്രതിരോധമുണ്ടായിരുന്ന ചില വ്യാവസായിക ലക്ഷ്യസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും മീതെ 60 നിയോഗങ്ങൾ പൂർത്തിയാക്കിയതിന് 1945 മെയ് 18-ാം തീയതി ഞാൻ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ ജോർജ്ജു VI-ാമൻ രാജാവിന്റെ മുമ്പിൽ നിൽക്കുകയും ബഹുമതി ചിഹ്നമായ പറക്കും കുരിശ് ലഭിക്കയും ചെയ്തു. നഗരങ്ങളെയും പട്ടണങ്ങളെയും ജീവികളെയും നശിപ്പിച്ചതിനുള്ള ഒരു മെഡൽ! രണ്ടാമത്തെ നിയോഗത്തിൽ നിന്ന് തിരിച്ചു വന്ന പട്ടാളവ്യൂഹത്തിലെ 13 അംഗങ്ങളിൽ ഞാൻ മാത്രമേ പരിക്കു പറ്റാതെ തിരിച്ചു വന്നുള്ളു.
ആ വർഷാവസാനം ഞാൻ പിരിയുകയും ഇംഗ്ലണ്ടിലെ ഡോൺകാസ്റ്റർ എന്ന പട്ടണത്തിൽ എന്റെ ഭാര്യ ബാർബറായോടും ഞങ്ങളുടെ കൊച്ചു മകനോടുമൊത്ത് താമസമാക്കുകയും ചെയ്തു. ഈ കാലയളവിലാണ് ഞാൻ വളരെയധികം സമ്മർദ്ദ വിധേയനായത്; എന്റെ വീര്യം തകർക്കപ്പെട്ടു. ജർമ്മനിയിലെയും ഇറ്റലിയിലെയും ഞങ്ങളുടെ ബോംബാക്രമണത്താൽ ആളുകളെ കൊലചെയ്തതിൽ എല്ലാം എനിക്കുണ്ടായിരുന്ന പങ്കിൽ എനിക്കു കൊടും ഭീതി തോന്നി. ‘ദൈവം എന്നോടു ക്ഷമിക്കുമോ?’ എന്ന് ഞാൻ എന്നോടുതന്നെ ആവർത്തിച്ചു ചോദിച്ചു. ഞാൻ മിക്കപ്പോഴും ക്ഷമക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നു.
ഒരു ഉച്ചഭക്ഷണത്തിനു വിഘ്നമുണ്ടാക്കുന്നു
ഒരു ദിവസം പതിവുപോലെ ഞാൻ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ആരോ കതകിൽ മണിയടിച്ചു, ഭാര്യ അങ്ങോട്ടുപോയി. അവർ കുറേ നേരം വാതുക്കൽ ചെലവഴിച്ചു, ഞാൻ രണ്ടാമതു ഭക്ഷണം ലഭിക്കാൻ അക്ഷമനായിത്തീരുകയും ചെയ്തു. അതുകൊണ്ട് മേശക്കരികിൽനിന്ന് കോപത്തോടെ എഴുന്നേറ്റ്, അവൾ ഒരു പുരുഷനുമായി സംസാരിച്ചുകൊണ്ടിരുന്നതിനിടയിൽ കയറി, “ഇതെല്ലാം എന്താണ്?” എന്നു രൂക്ഷമായി ചോദിച്ചു.
ആ മനുഷ്യൻ ദയയോടെ, “താങ്കളുടെ ഭാര്യ ദൈവം സത്യവാൻ എന്ന ഈ പുസ്തകത്തിൽ തല്പരയാണ്” എന്നു മറുപടി പറഞ്ഞു. “ഞാൻ ഈ അടുത്ത പ്രദേശങ്ങൾ സന്ദർശിച്ചു വരുന്ന യഹോവയുടെ സാക്ഷികളിലൊരുവനാണ്.”
“വേണ്ടാ, നന്ദി!” ഞാൻ പിന്തിരിഞ്ഞു. യഹോവയുടെ സാക്ഷികൾ എന്ന പരാമർശം തന്നേ എന്നെ ചൊടിപ്പിച്ചു. “ഞങ്ങളുടെ യുദ്ധത്തിൽ പങ്കുപറ്റാതിരിക്കയും ഞങ്ങളുടെ നാവികർ വലിയ വിപൽസാദ്ധ്യതകൾ സഹിച്ച് കൊണ്ടുവരുന്ന ആഹാരം സംതൃപ്തിയോടെ കഴിക്കയും ചെയ്യുന്ന ഈ ആളുകളിൽ ഞങ്ങൾക്കു താല്പര്യമില്ല!”
വാതുക്കൽ വന്ന ആൾ വളരെ ശാന്തമായ സ്വരത്തിൽ ഇപ്രകാരം മറുപടി പറഞ്ഞു, “സാർ, കൊള്ളാം, യുദ്ധകാലത്ത് ഏതു സ്ഥലത്തു വസിക്കുന്നവരായാലും യഹോവയുടെ സാക്ഷികൾ നിഷ്പക്ഷരും അതിൽ പങ്കെടുക്കാത്തവരുമാണ് എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ താങ്കൾക്കറിയാവുന്നതുപോലെ ഒരു തരത്തിലുമുള്ള മനസ്സാക്ഷിക്കുത്തില്ലാതെ ഒരേ യുദ്ധത്തിൽ പ്രൊട്ടസ്റ്റൻറുകാർ പ്രൊട്ടസ്റ്റൻറുകാരെ കൊന്നു, കത്തോലിക്കർ കത്തോലിക്കരെയും കൊന്നു. എന്നാൽ ആ സംഗതിയാൽ യഹോവയുടെ സാക്ഷികൾ തമ്മിൽ തമ്മിലോ മറ്റാരെയെങ്കിലുമോ കൊന്നില്ല.”
ദൈവം ആയിരിക്കുന്ന പക്ഷം
അയാളുടെ ഉത്തരം യുദ്ധാവസാനത്തിൽ ഞാൻ ചോദിച്ച, “ദൈവം ആരുടെ പക്ഷത്താണ്?” എന്ന ചോദ്യത്തിലേക്ക് എന്റെ മനസ്സ് തിരിച്ചുപോകാൻ ഇടയാക്കി. അതുകൊണ്ട് ഞാൻ ആ ചോദ്യം അയാൾക്കു നേരെ തൊടുത്തു വിട്ടു.
“കൊള്ളാം, അത് എളുപ്പമായ ഒന്നാണ്,” എന്ന് അയാൾ മറുപടി പറഞ്ഞു. അയാൾ എന്നെ യോഹന്നാൻ 13:34, 35 കാണിച്ചുകൊണ്ട് വായിച്ചു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന പുതിയ ഒരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ തന്നേ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ, അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാർ ആണ് എന്ന് എല്ലാവരും അറിയും.”
അദ്ദേഹം തുടർന്നു, “സ്പഷ്ടമായും, നാം യഥാർത്ഥത്തിൽ അന്യോന്യം സ്നേഹിക്കുന്നെങ്കിൽ, നാം എവിടെ വസിച്ചാലും ഏതു ഭരണാധിപൻ അതിനെതിരെ പറഞ്ഞാലും തീച്ചയായും നാം അന്യോന്യം കൊല്ലുകയില്ല. യഹോവയുടെ സാക്ഷികൾ നിഷ്പക്ഷരായിരുന്നതിനു ജർമ്മനിയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ വെച്ച് അനേകരും മരിക്കയും എന്നെപ്പോലെ മറ്റു പലരും ഈ രാജ്യത്ത് ജയിലിലാകയും ചെയ്തിട്ടുണ്ടെങ്കിലും അവർ യേശുവിന്റെ ഈ കല്പന കാക്കുന്നു. ദൈവം യഥാർത്ഥത്തിൽ പരസ്പരം സ്നേഹിക്കുന്നവരുടെ പക്ഷത്താകുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”
അദ്ദേഹം ബോധ്യമുള്ളവനായിരുന്നു, അതുകൊണ്ട് ആ പുസ്തകം സ്വീകരിച്ചു. എന്റെ ഭാര്യയും ഞാനും ആ പുസ്തകം വായിച്ചുകൊണ്ടും തിരുവെഴുത്തുകൾ പരിശോധിച്ചുകൊണ്ടും കിടക്കയിൽ പ്രഭാതയാമം വരെ ഇരുന്നു. ഞാൻ പോരാടിയിരുന്ന ലോകമഹായുദ്ധം പോലുള്ള യുദ്ധങ്ങൾ പെട്ടെന്നു തന്നേ ദൈവത്തിന്റെ ഗവൺമെൻറ് എല്ലാ നിഷ്ഠൂര ഭരണങ്ങളെയും അവസാനിപ്പിക്കയും ഭൂമിയെ ക്രിസ്ത്യാനികൾക്ക് സമാധാനത്തിൽ ജീവിക്കാൻ കഴിയുന്ന ഒരു സ്ഥലമാക്കിത്തീർക്കയും ചെയ്യുമെന്നു തെളിയിക്കുന്ന “അടയാള”ത്തിന്റെ ഒരു ഭാഗമായിരുന്നതെങ്ങനെയെന്ന് ഞങ്ങൾ മനസ്സിലാക്കി.—മത്തായി 24:3-14.
ഒരാഴ്ച കഴിഞ്ഞ്, ആ പുസ്തകവും തന്റെ മേൽ വിലാസവും ഞങ്ങൾക്കു നൽകിയ ആ മനുഷ്യന് ഞങ്ങളെ സന്ദർശിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എഴുതി. ഞങ്ങൾക്ക് അദ്ദേഹത്തോട് ചോദിക്കാൻ അനേകം ചോദ്യങ്ങൾ ഉണ്ടായിരുന്നു. പല ദിവസങ്ങൾക്കുശേഷം അദ്ദേഹം മടങ്ങിവരികയും ഞങ്ങൾ അദ്ദേഹത്തോടൊന്നിച്ച് ബൈബിൾ പഠിക്കാൻ ആരംഭിക്കയും ചെയ്തു. രണ്ടാമത്തെ പഠനത്തിനുശേഷം യഹോവയുടെ സാക്ഷികളുടെ തദ്ദേശ രാജ്യഹോളിൽ ഞങ്ങൾ യോഗങ്ങളിൽ ഹാജരാകാൻ തുടങ്ങി; പിന്നീട് എന്റെ ഭാര്യയും ഞാനും 1948-ൽ സ്നാനമേറ്റു.
വ്യത്യസ്തമായ ഒരു ഉന്നത-തല സേവനം
കഴിഞ്ഞവർഷങ്ങളിൽ എന്റെ ഭാര്യയും ഞാനും മുഴു സമയ ശുശ്രൂഷകരായി സേവിക്കുന്നതിനുള്ള ഞങ്ങളുടെ ആഗ്രഹം കാത്തുകൊണ്ടിരിക്കയായിരുന്നു, ഞങ്ങളുടെ മകൻ ദക്ഷിണ അമേരിക്കയിൽ ഒരു മിഷനറിയായിത്തീർന്നപ്പോൾ ആ ആഗ്രഹം കൂടുതൽ ശക്തമായിത്തീർന്നു. എന്നാൽ അതു ഒരു വലിയ തീരുമാനമെടുക്കേണ്ട കാര്യമായിരുന്നു, എന്തുകൊണ്ടെന്നാൽ ഇപ്രാവശ്യം ഞങ്ങൾ പൂർണ്ണമായും സുഖപ്രദമായി കഴിയുകയായിരുന്നു; ഞങ്ങൾക്ക് ഒരു നല്ല ഭവനമുണ്ടായിരുന്നു, എനിക്കു നല്ല ശംമ്പളമുള്ള ഒരു ജോലിയുമുണ്ടായിരുന്നു. ഞങ്ങൾ മേലാൽ ചെറുപ്പക്കാരായിരുന്നില്ല, ഞങ്ങൾക്കു രണ്ടുപേർക്കും പങ്കിടേണ്ട ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നിരുന്നാലും ഞങ്ങൾക്ക് യഥാർത്ഥത്തിൽ വളരെയധികം കൂടി ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു.
പ്രാർത്ഥനാപൂർവ്വകമായ വളരെ ചിന്തക്കുശേഷം തീരുമാനത്തിലെത്തി. വീട് വിറ്റു, ഞങ്ങൾ ആ വീട്ടിൽ 20 വർഷത്തിലധികം പാർത്തിരുന്നതിനാൽ കണ്ണുനീർ ഉതിർന്നു വീണു. അങ്ങനെ ഞങ്ങൾ 1973 ജൂണിൽ ബൊളീവിയായുടെ തരിശായ ഉന്നത തലത്തിനു മുകളിലൂടെ ലാപാസ് വിമാനത്താവളത്തിലേക്കു പറന്നു.
എന്റെ മകനും അവന്റെ ഭാര്യയും ഞങ്ങളെ സ്വീകരിക്കാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വിമാനത്താവളം വിട്ട് ഏതാനും മിനിറ്റുകൾ കഴിഞ്ഞ് ഞങ്ങൾ നിന്നു, ഞങ്ങൾക്കു മുമ്പിൽ ഞാൻ കണ്ടിട്ടുള്ളതിലേക്കും ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്ന് ഉണ്ടായിരുന്നു. പരന്ന ഉന്നത തലത്തിനു 1000 അടി താഴെ ചന്ദ്രകളങ്കത്തോട് ഏകദേശം സാമ്യമുള്ള ആഴമേറിയ തളിക സമാനമായ കുഴിയിൽ തലസ്ഥാന നഗരമായ ലാപാസ് കിടക്കുന്നു. അത് സായം സന്ധ്യാനേരമായിരുന്നു, ഞങ്ങൾക്ക് മുഴു നഗരത്തിലെയും ലൈറ്റുകൾ താഴെ മിന്നിത്തിളങ്ങുന്നത് കാണാൻ കഴിഞ്ഞിരുന്നു. അകലെ, മഞ്ഞു പുതഞ്ഞ ഇല്ലിമാനി പർവ്വതം സായാഹ്ന സൂര്യന്റെ അന്ത്യകിരണങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് നിന്നിരുന്നു.
ഞാൻ റോയൽ എയർ ഫോഴ്സിൽ ആയിരുന്നപ്പോൾ 10000 അടിയിൽ അധികം ഉയരത്തിൽ പറക്കുമ്പോഴൊക്കെയും ഓക്സിജൻ ഉപയോഗിക്കണമെന്ന് എന്നെ പഠിപ്പിച്ചിരുന്നു. ഇവിടെ ഞങ്ങൾ ഏകദേശം 12000 അടി ഉയരത്തിലാണ് താമസിക്കാൻ പോയിരുന്നത്—ഓക്സിജൻ മാസ്ക കൂടാതെ! ഞങ്ങൾ വീടുതോറും സന്ദർശിക്കുമ്പോൾ സാന്ദ്രത കുറഞ്ഞ അന്തരീക്ഷത്തിൽ ഞങ്ങൾ പ്രാണവായുവിനുവേണ്ടി വീർപ്പുമുട്ടിക്കൊണ്ട് ലാപാസിലെ കുത്തനെയുള്ള കുന്നുകളിൽ കൂടി കയറുന്നത് എത്ര കഠിനാദ്ധ്വാനമായിരിക്കും! എന്നാൽ മിക്കവാറും സ്ഥിരമായ സൂര്യപ്രകാശത്തിൽ ആൻഡീസിന്റെ മഞ്ഞു പുതഞ്ഞ ഗോപുര സമാനമായ ശൃംഖങ്ങൾ എപ്പോഴും വീക്ഷിച്ചുകൊണ്ട് നടക്കുന്നത് എത്ര ആസ്വാദ്യകരമായിരുന്നു!
എന്നിരുന്നാലും ആളുകൾക്ക് ദൈവരാജ്യത്തിന്റെ സുവാർത്തയോടുള്ള വലിയ താല്പര്യമായിരുന്നു ഏറ്റവും ആസ്വാദ്യകരമായിരുന്നത്. ആദ്യമൊക്കെ സ്പാനിഷ് ഭാഷയിൽ എന്തു പറയണമെന്ന് ഓർക്കാൻ വേണ്ടി ഞാൻ പറയാൻ ആഗ്രഹിച്ച ദൂത് ഒരു കാർഡിൽ എഴുതിയിരുന്നു. തീർച്ചയായും ചിലപ്പോൾ ഭാഷ ഒരു പ്രയാസകരമായിരുന്നിട്ടുണ്ട്. എന്നാൽ 12 വർഷങ്ങൾക്കുശേഷം എനിക്കു സ്പാനിഷ് ഭാഷയിൽ പരസ്യപ്രസംഗങ്ങൾ നടത്തുന്നതിനും ഒരു സഭയിൽ മൂപ്പനായി സേവിക്കുന്നതിനും കഴിഞ്ഞിരുന്നു. ആ വർഷങ്ങളിൽ സ്നാനമേൽക്കാൻ തക്കവണ്ണം 20 ആളുകളുമായി അദ്ധ്യയനങ്ങൾ നടത്തിക്കൊണ്ട് ഞങ്ങൾക്ക് സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും അനാരോഗ്യം നിമിത്തം എന്റെ ഭാര്യക്കും എനിക്കും ഇംഗ്ലണ്ടിലേക്കു മടങ്ങിപ്പോകേണ്ടി വന്നു. ഇവിടെ ഞങ്ങൾ ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നതിൽ തുടരുന്നു.
ഞങ്ങൾ കോളോണിൽ ബോംബിട്ട ആ ഭയാനക രാവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ വരുത്തിയ നാശവും ക്ലേശവും സംബന്ധിച്ച് എന്നെ ഇപ്പോഴും അസ്വസ്ഥനാക്കുന്നു. ‘യുദ്ധത്തിൽ പോരാടുന്നവരെ ദൈവം യഥാർത്ഥത്തിൽ അനുഗ്രഹിക്കുന്നുണ്ടോ?’ ഞാൻ മിക്കപ്പോഴും ചോദിച്ചിട്ടുണ്ട്. രാഷ്ട്രങ്ങൾ യുദ്ധത്തിനുപോകുമ്പോൾ ദൈവം ആരുടെയും പക്ഷത്തായിരിക്കുന്നില്ല എന്ന് അറിയാനിടയായതിൽ ഞാൻ എത്ര നന്ദിയുള്ളവനാണ്. പകരം, ആ സാക്ഷി എന്നോട് വിശദീകരിച്ച പ്രകാരം: “ദൈവം യഥാർത്ഥത്തിൽ പരസ്പരം സ്നേഹിക്കുന്ന മനുഷ്യരുടെ പക്ഷത്താണ്.” (യോഹന്നാൻ 13:34, 35)—ഡേവിഡ് വാക്കർ. (g85 12/8)
[അടിക്കുറിപ്പുകൾ]
a ഒരു അടി 0.30 മീറ്ററിനു തുല്യം.
[19-ാം പേജിലെ ആകർഷകവാക്യം]
വിമാനം കമ്പനം കൊള്ളുകയും നാലു-ടൺ ബോംബ് വിമാനത്തിൽ നിന്നു താഴോട്ട് വീണപ്പോഴുള്ള “വൂഷ്” ശബ്ദം ഞാൻ കേൾക്കയും ചെയ്തു
[20-ാം പേജിലെ ആകർഷകവാക്യം]
ഞാൻ സ്വയം ഇങ്ങനെ ചോദിച്ചു, ‘ഈ വൻ നഗരത്തിലെ ആയിരക്കണക്കിനു നിരപരാധികളായ പൗരൻമാരെ കൊല ചെയ്യുന്നതിൽ ഞാൻ പങ്കുകൊള്ളുന്നതെന്തിനാണ്?’
[19-ാം പേജിലെ ചിത്രം]
ആയിരം ബോംബറുകൾ കോളോണിലേക്ക് മുന്നേറി
[കടപ്പാട്]
RAF Museums, London
[20-ാം പേജിലെ ചിത്രം]
എന്റെ 60 ബോംബിംഗ് നിയോഗങ്ങളിൽ ഒരു ലക്ഷ്യമായ കോളോൺ
[കടപ്പാട്]
U.S. Army photo
[21-ാം പേജിലെ ചിത്രം]
രണ്ടാം ലോകമഹായുദ്ധകാലത്ത് വാക്കറും ഭാര്യ ബാർബറായും മകനും
[കടപ്പാട്]
“Topical” Press Agency, LTD., London
[22-ാം പേജിലെ ചിത്രം]
ഡേവിഡ് വാക്കറും ഭാര്യയും ഒരു ബൊളീവിയാക്കാരനോട് ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നു