ന്യത്തംചെയ്യുന്ന വിത്തുകുതിരകൾ—‘ഒരു രാജാവിനു യോജിച്ചത്’
വിളക്കുകൾ അണയ്ക്കുമ്പോൾ ആകാംക്ഷ ജനിക്കുന്നു. പൊടുന്നനെ നമ്മുടെ കാതുകൾ ഉണർവ്വു് നൽകുന്ന സംഗീതം കൊണ്ടു് നിറയുന്നു. ഐതിഹാസിക ആൻഡാലൂസിയൻ വിത്തുകുതിരകളുടെയും അവയുടെ ലോകപ്രശസ്ത അനന്തരഗാമികളായ ലിപ്പിസാനേഴ്സിന്റെയും ഒരു നിര കൗതുകപൂർവ്വം പ്രവേശിക്കുന്നതു് കാണിക്കുന്നതിനു് അന്ധകാരത്തിലൂടെ സ്പോട്ട് ലൈറ്റ് പായുന്നു. വേഷഭൂഷാദികളാൽ അലങ്കരിക്കപ്പെട്ടു്, സ്പാനിഷ് പ്രഭു വർഗ്ഗത്തെപ്പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീപുരുഷൻമാരാൽ നയിക്കപ്പെട്ടു് തിളങ്ങുന്ന വിത്തുകുതിരകൾ മങ്ങിയ ഇരുട്ടിൽ നിഴൽപോലെ നിൽക്കുന്നു—കണ്ണഞ്ചിപ്പിക്കുന്ന ഒരു കാഴ്ചതന്നെ!
ഇപ്പോൾ സംഗീതത്തിനൊത്തു് അവ ഹോട്ടെ ഇക്കോൾ (“ഹൈസ്കൂൾ മാതൃകകൾ) എന്നു വിളിക്കപ്പെടുന്ന സുന്ദരമായ ചലനങ്ങൾ നടത്തിത്തുടങ്ങുന്നു. ഒരു വിത്തു കുതിര 45 ഡിഗ്രീ ചെരുവിൽ പിൻകാലിന്റെ മുട്ടിനു കീഴിലുള്ള ഭാഗം ഊന്നി ഇരിക്കുന്നു. എഴുന്നേല്ക്കുന്നതിനുള്ള അടയാളം ലഭിക്കുന്നതുവരെ അവൻ (വളരെ സമനിലയും പേശീനിയന്ത്രണവും ആവശ്യമുള്ള) ഈ നിലയിൽ ഇരിക്കുന്നു. ഈ ചലനത്തെ ലിവോഡ് എന്നു വിളിക്കുന്നു. മറ്റൊന്നു് കോർബെറ്റെ അവതരിപ്പിക്കുന്നു. കുതിര പിൻകാലിൽ നിവർന്നു നിൽക്കുകയും ഒരു ചെറിയ നൃത്ത പരമ്പര അവതരിപ്പിക്കുകയും ചെയ്യുന്നു. എങ്കിലും മറ്റൊരു ചലനം പിയാഫീയാണു്, ഇതിൽ സമയം നോക്കുന്ന ഒരു പടയാളിയേപ്പോലെ കാലുകൾ ഉയർത്തി സുന്ദരമായി മെല്ലെ ചലിപ്പിച്ചുകൊണ്ടു് കുതിര ഓട്ടത്തിനും സാധാരണ നടത്തയ്ക്കും ഇടക്കുള്ള ഒരു നടത്ത പ്രദർശിപ്പിക്കുന്നു.
എങ്കിലും ഇതിലെല്ലാം അത്യന്തം പകിട്ടേറിയ പ്രദർശനം കാപ്രിയോൾ ആണു്, നൃത്തം ചെയ്യുന്ന വിത്തുകുതിരകൾ അങ്ങേയറ്റം പ്രാഗൽഭ്യമുള്ളതിനുമാത്രം ചെയ്യാൻ കഴിയുന്ന ഒന്നുതന്നെ. കുതിര അതിന്റെ താളം മനസ്സിലാക്കുകയും അതിന്റെ മുൻകാലുകൾ നെഞ്ചിനടിയിൽ ചേർത്തുപിടിച്ചു് വായുവിൽ അനേകം അടി കുതിച്ചുചാടുകയും ചെയ്യുന്നു. ഒരു ചാട്ടയടിയുടെ ശബ്ദം കേൾക്കുമ്പോൾ കുതിര പിൻകാലുകൾകൊണ്ടു് തൊഴിക്കുന്നു. ഒരു നിമിഷത്തേക്കു് കുതിര കെട്ടുകഥകളിലെ പറക്കും കുതിരയേപ്പോലെ കാണപ്പെടുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ആയിരങ്ങൾ അനേക പ്രദർശനങ്ങളിലായി ഈ അത്ഭുതമൃഗങ്ങളേക്കൊണ്ടു് പുളകിതരായിട്ടുണ്ടു് എന്നാൽ മനോഹരമായ ഈ ചലനങ്ങൾ ആദ്യകാലത്തു് വിനോദിപ്പിക്കുന്നതിനു് ഉദ്ദേശിച്ചിരുന്നതല്ല. പിന്നെയോ ഭയം ജനിപ്പിക്കുന്നതിനു് സംവിധാനം ചെയ്തിരുന്നതായിരുന്നുവെന്നു് സദസ്സിൽ ഏതാനും പേർ മാത്രമേ തിരിച്ചറിഞ്ഞുള്ളു. അതെ, നൃത്തം ചെയ്യുന്ന ആൻഡാലൂസിയൻ ഒരു കാലത്തു് മാരകമായ ഒരു യുദ്ധായുധമായിരുന്നു.
ഒരു രാജാവിനു യോജിച്ചതു്
ആൻഡാലൂസിയൻ സാധാരണ പടക്കുതിരയല്ല. അതിന്റെ പാരമ്പര്യം എട്ടാം നൂറ്റാണ്ടുവരെ പുറകോട്ടുചെല്ലുന്നു. അക്കാലത്തു് ആഫ്രിക്കയിലെ മൂർ വംശജരായ രാജാക്കൻമാർ ദക്ഷിണ സ്പെയിൻ ആക്രമിച്ചു് കീഴടക്കുകയും വേഗത്തിൽ ഓടുന്ന അവരുടെ കുതിരകളും ഐബീരിയൻ ഉപദ്വീപിലെ ചുറുചുറുക്കുള്ള കുതിരകളും തമ്മിൽ ചേർത്തു് സങ്കരവർഗ്ഗത്തെ ഉണ്ടാക്കുകയും ചെയ്തു. രേഖയിൽ ഏറ്റവും പഴക്കമുള്ള സങ്കരവർഗ്ഗം എന്നു് അവയെ വിളിക്കുന്നു. പുരാതനകാലത്തു് ഒരു ചാക്കു സ്വർണ്ണം വിലയുള്ള ഒരു കുതിര ഇവിടെയുണ്ടായിരുന്നു. ഇന്നുപോലും വിശിഷ്ടമായ ചില വിത്തുകുതിരകൾക്കു് ഒരെണ്ണത്തിനു് ഏതാണ്ടു് 2,00,000 ഡോളർ വിലയുണ്ടു്.
എന്നാൽ ഈ കുതിരയെ ഇത്ര വിലയുള്ളതാക്കിത്തീർക്കുന്നതെന്താണു്? പതിനേഴാം നൂറ്റാണ്ടിൽ ന്യൂ കാസിൽ പ്രഭുവായ വില്യം കാവൻഡിഷ് ഇപ്രകാരം എഴുതി: ലോകത്തിൽ സ്ഥിതിചെയ്യുന്നതിൽ ഏറ്റവും അന്തസ്സുള്ള കുതിര അവനാണു്. അത്യന്തം സുന്ദരൻ. ഒരു രാജാവിനു് തന്റെ ജയോത്സവഘോഷയാത്രയിൽ സവാരി ചെയ്യാൻ ഏറ്റവും യോജിച്ചതും. ഞാൻ അതിന്റെ ബുദ്ധിയേയും മെരുക്കത്തെയും ധൈര്യത്തെയും സ്തുതിക്കുന്നു.” പരാക്രമിയായ റിച്ചാർഡ് ഒരു വെള്ള ആൻഡാലൂസിയന്റെ പുറത്തിരുന്നു് സൈപ്രസ്സിലെ സിറിയാക്കാർക്കെതിരെ വിജയം നേടിയതിലോ എഴുത്തുകാരനായ സർ വാൾട്ടർ സ്ക്കോട്ടു് തന്റെ കഥാപുരുഷനായ ഐവനോയെ അതിന്റെ പുറത്തിരുത്താൻ തെരഞ്ഞെടുത്തതിലോ ഒട്ടും അതിശയിക്കാനില്ല.
ആദ്യകാലം മുതൽ ആൻഡാലൂസിയനെ വളർത്തുന്നവർ ഒരു യുദ്ധകുതിരയെന്ന നിലയിലുള്ള അതിന്റെ കഴിവു് മനസ്സിലാക്കിയിരുന്നു. ഇപ്പോൾ സദസ്സിനെ പുളകം കൊള്ളിക്കുന്ന ആ മനോഹര ചലനങ്ങൾ പോർക്കളത്തിൽ മാരകമായിരുന്നു. ഈ അത്ഭുത യുദ്ധയന്ത്രത്തിൽ ഇരിക്കുന്ന ഒരു രാജാവിനെ കാണുന്നതുതന്നെ കാൽനടക്കാരായ പടയാളികളുടെ ഹൃദയങ്ങളിൽ ഭീതി പരത്തുമായിരുന്നു.
ധീരൻ എന്നാൽ ശാന്തൻ
യുദ്ധത്തിലുള്ള ആൻഡാലൂസിയന്റെ നാളുകൾ പൊയ്പ്പോയിരിക്കുന്നു. എന്നിരുന്നാലും പടക്കുതിരയുടെ പരാക്രമശീലം നിമിത്തം സ്പെയിനിലെ കുപ്രസിദ്ധ കാളപ്പോരിൽ അതിനെ ദുർവ്വിനിയോഗിക്കുന്നുവെന്നുള്ളതു് സങ്കടകരം തന്നെ. കാളപ്പോർ നടത്തുന്നയാളെ അഥവാ റിജോനീഡറെയും വഹിച്ചുകൊണ്ടു്, വേഗത്തിൽ കുതിക്കുന്നതും പെട്ടന്നുതിരിയുന്നതും അപകടകാരിയുമായ പോർക്കാളകളെ ആൻഡാലൂസിയൻ നിർഭയം നേരിടുന്നു. കാള കുതിരയെ ആക്രമിക്കുമ്പോൾ റിജോനീഡർ പറ്റിയ സമയത്തിനായി കാത്തിരിക്കുകയും ചെരിഞ്ഞു് കാളയുടെ കഴുത്തിൽ രണ്ടു് ബാൻഡറീല്ലകൾ അഥവാ അമ്പുകൾ എയ്യുകയും ചെയ്യുന്നു.
എന്നിരുന്നാലും ആൻഡാലൂസിയൻ സ്വാഭാവികമായും ഒരു യുദ്ധക്കൊതിയൻ മൃഗമാണെന്നു് പറയാൻ പറ്റില്ല. ആശ്ചര്യകരമെന്നു് പറയട്ടെ അവ ശാന്തരാണു്, ഒരു സ്ത്രീക്കു് അവയുടെ പുറത്തു കയറിയിരിക്കാൻ തക്കമുള്ള ശാന്തത. എന്നാൽ ചില സമയങ്ങളിൽ വിത്തുകുതിരകളെ കൈകാര്യം ചെയ്യുന്നതു് കൂടുതൽ പ്രയാസകരമായിരുന്നേക്കാം. ഇണചേരുന്ന കാലങ്ങളിൽ അവ ഒരു പെൺകുതിരക്കുവേണ്ടി അന്യോന്യം പോരാടിയേക്കാം. എന്നാൽ സാധാരണഗതിയിൽ ആൻഡാലൂസിയൻ പരസ്പരം രമ്യതയിൽ പോകുന്നു. ഒരു സ്ഥലത്തു് ഒരു കുതിരലയത്തിൽ 30 വിത്തുകുതിരകളെയും ഒരു പെൺകുതിരയേയും അടുത്തടുത്തു് കെട്ടിയിരിക്കുന്നു. എങ്കിലും അവയുടെ ശ്രേഷ്ട ഗുണം മുന്നിട്ടു നിൽക്കുന്നു. അവർ അങ്ങേയറ്റം മാന്യൻമാരെന്നപോലെ ശാന്തരായി നിന്നു.
ഈ കുതിര ഒരു രാജാവിനു് യോജിച്ചതായിരിക്കുന്നതിൽ അതിശയിക്കാനില്ല. ആൻഡാലൂസിയൻ വിത്തുകുതിര ഇയ്യോബ് 39:19-22-ൽ ദൈവം ചോദിച്ച കാര്യങ്ങൾ ഓർമ്മയിൽ വരുത്തുന്നു. “നിനക്കു് അതിന്റെ കഴുത്തിൽ കുഞ്ചിരോമം അണിയിക്കാമോ? നിനക്കു് അതിനെ വെട്ടുക്കിളിയേപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാര പ്രതാപം ഭയങ്കരമാണു്. അതു് താഴ്വരയിൽ മാന്തി കരുത്തിൽ ആഹ്ലാദിക്കുന്നു; അതു് ആയുധക്കൂട്ടത്തെ എതിർത്തു ചെല്ലുന്നു. അതു് കൊടും ഭീതിയെ പരിഹസിക്കുന്നു, ഭയപ്പെടുന്നുമില്ല.” അതുപോലെതന്നെ, സുന്ദരനും ശാന്തശീലനും തികഞ്ഞ ധൈര്യശാലിയുമായ ആൻഡാലൂസിയൻ കുതിര ‘കുതിര ശക്തി നൽകാൻ കഴിവുള്ള’ ജ്ഞാനിയായ സ്രഷ്ടാവിന്റെ ശക്തിയുടെ മറ്റൊരു പ്രകടനമാണു്.