നിങ്ങളുടെ ഭാവി—അത് നക്ഷത്രങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നുവോ?
പുരാതന ബാബിലോൻ നഗരത്തിലെ ഒരു ഒക്ടോബർ പ്രഭാതം. തലയുയർത്തി നിൽക്കുന്ന ഒരു സിഗുറാറ്റിന്റെ മുകളിൽനിന്ന് ഒരു പുരോഹിതൻ കിഴക്കെ ചക്രവാളത്തിൽ ഒരു പ്രധാനപ്പെട്ട രാശി കാണുന്നു! വൃശ്ചിക രാശി മുന്നേറിവരുന്ന പ്രഭാതത്തിനിടയിൽ സാവധാനത്തിൽ താഴുന്നതിനു മുമ്പ് ഹ്രസ്വമായി ഉയരുന്നു.
അന്ധവിശ്വാസികളായിരുന്ന ബാബിലോന്യർക്ക് ഇത് അതിപ്രധാനമായിരുന്നു. ഒരു പ്രത്യേക നക്ഷത്ര സമൂഹത്തിലെ നക്ഷത്രങ്ങൾ ഒരു വലിയ വളഞ്ഞ വാലോടുകൂടിയ ഒരു തേളിനോടു സാദൃശ്യം വഹിക്കുന്നുവെന്ന് അവരുടെ ജ്യോതിഷകർ ദീർഘനാളുകളായി ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെ അത് വൃശ്ചികരാശി എന്നു വിളിക്കപ്പെട്ടു. ഈ നക്ഷത്ര സഞ്ചയത്തിന് യഥാർത്ഥത്തിൽ ഒരു തേളിന്റെ ലക്ഷണങ്ങളുണ്ടെന്ന് അവർ സങ്കൽപ്പിച്ചു. തേൾ രാത്രിയിൽ സഞ്ചരിക്കുന്ന ഒരു ജീവിയാകയാൽ തേൾ ഇരുട്ടിന്റെ ഒരു സമുചിത പ്രതീകമാണെന്നു തോന്നി. ഓരോ ഒക്ടോബറിലെയും പ്രഭാതത്തിലെ അതിന്റെ ഹ്രസ്വമായ പ്രത്യക്ഷത വർഷകാലത്തിന്റെ ആഗമനത്തെ ലക്ഷ്യപ്പെടുത്തി
ജ്യോതിഷത്തെ സംബന്ധിച്ച സത്യം എന്ന തന്റെ പുസ്തകത്തിൽ ഡോ. മിഷൽ ഗോക്കലിൻ ഇങ്ങനെ വിശദീകരിക്കുന്നു: “അവർ ഭൂമിയിലെ തേളിനെ ആകാശത്തിലേക്ക് വിക്ഷേപിച്ചു. ആ രാശിയിൽ ജനിക്കുന്നവരുടെമേൽ അതിന് ഒരു സ്വാധീനമുണ്ടെന്ന് സങ്കൽപ്പിക്കപ്പെട്ടു. ഇത്തരം ജ്യോതിഷ സംബന്ധമായ കടകംമറിക്കൽ ഇപ്പോഴും നടക്കുന്നു. ജനനസമയത്ത് സൂര്യൻ വൃശ്ചികത്തിലേക്ക് നീങ്ങുമ്പോൾ അത് നവജാതശിശുവിന് തേളിന്റെ ചില ലക്ഷണങ്ങൾ പകർന്നുകൊടുക്കുന്നുവെന്ന് ആധുനിക പാഠപ്പുസ്തകങ്ങൾ പ്രസ്താവിക്കുന്നു—തേൾ ഭയങ്കരമായി കുത്തുന്ന, അപകടകാരിയും ആക്രമണകാരിയുമായ ധൈര്യമുള്ള ഒരു പ്രാണിയാണല്ലോ.”
അതു ശാസ്ത്രീയമോ?
സൂര്യൻ മേലാൽ ഒക്ടോബറിൽ വൃശ്ചികത്തോടൊപ്പം ഉയരുന്നില്ല. നൂറ്റാണ്ടുകളിൽ നക്ഷത്ര സമൂഹങ്ങളോടുള്ള ഭൂമിയുടെ ബന്ധത്തിന് ക്രമേണ മാറ്റമുണ്ടായിട്ടുണ്ട്. ഇപ്പോൾ ഒക്ടോബറിൽ സൂര്യൻ തുലാം രാശിയിലേക്കാണ് നീങ്ങുന്നത് (ലാറ്റിൻ ലിബ്രാ) അത് മനോജ്ഞത, സ്വസ്ഥത എന്നിങ്ങനെയുള്ള ഗുണങ്ങൾ പ്രദാനം ചെയ്യുന്നതായി പറയുന്നു. തേളിൽനിന്ന് തികച്ചും വ്യത്യസ്തം!
പൗരസ്ത്യജ്യോൽസ്യൻമാർ ഈ ആകാശമാറ്റങ്ങൾക്കൊപ്പം പരിഷ്ക്കാരം വരുത്തിയിട്ടുണ്ടെങ്കിലും അവരുടെ പാശ്ചാത്യ സഹപ്രവർത്തകരിൽ മിക്കവരും മാറ്റം വരുത്തിയിട്ടില്ല. അവർ അങ്ങനെ 2000 വർഷം പഴക്കമുള്ള ഒരു ആകാശപദ്ധതിയിലാണ് തങ്ങളുടെ പ്രവചനങ്ങൾ അടിസ്ഥാനപ്പെടുത്തുന്നത്! ഇതു സംബന്ധിച്ച് ഡോ. എച്ച്. ജെ. ഐസർകും ഡോ. ഡി. കെ. ബി. നിയാസും ഇങ്ങനെ പ്രസ്താവിക്കുന്നു: “പാശ്ചാത്യജ്യോൽസ്യൻമാർ ഏതെങ്കിലും ശരിയായ വ്യാഖ്യാനം നൽകുന്നുണ്ടെങ്കിൽ പൗരസ്ത്യ ജ്യോൽസ്യൻമാർക്ക് തെറ്റു പറ്റുന്നു, മറിച്ചും സംഭവിക്കുന്നു. എന്നിരുന്നാലും ഇരുപക്ഷങ്ങളും അങ്ങേയറ്റം വിജയപ്രദരാണെന്ന് അവകാശപ്പെടുന്നു!”
ഈ ഒരു സംഗതിതന്നെ ജ്യോതിഷത്തിന്റെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്നു. മാത്രവുമല്ല, ഒരു മനഃശാസ്ത്രജ്ഞൻ 3456 ദമ്പതികളുടെ വിവാഹവും ഉപേക്ഷണവും സംബന്ധിച്ച രേഖകൾ പരിശോധിച്ചു. അവരുടെ രാശിപ്പൊരുത്തത്തിന് അവരുടെ ദാമ്പത്യബന്ധങ്ങളുടെ വിജയത്തോടോ പരാജയത്തോടോ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ? സയൻസ് 84 മാസിക പറയുന്നതനുസരിച്ച് “പൊരുത്തമുള്ള രാശിക്കാരെപ്പോലെതന്നെ പൊരുത്തമില്ലാത്തവരും വിവാഹിതരായി—ഉപേക്ഷണവും നടന്നു.”
സൂര്യന്റെ നില മാത്രം പ്രധാനമല്ലെന്നും ഗ്രഹങ്ങളുടെ സ്വാധീനങ്ങളും ഒപ്പം പരിഗണിക്കേണ്ടതാണെന്നും ജ്യോൽസ്യൻമാർ മറുപടി പറയുന്നു. എന്നാൽ ഇതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, എന്തുകൊണ്ടെന്നാൽ ബാബിലോന്യർ ബുധൻ, ശുക്രൻ, ചൊവ്വാ, വ്യാഴം, ശനി എന്നിങ്ങനെ അഞ്ചു ഗ്രഹദൈവങ്ങളുടെ സ്വാധീനത്തിൽ മാത്രമേ വിശ്വസിച്ചിരുന്നുള്ളു. എന്നിരുന്നാലും ദൂരദർശിനികൾ യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ എന്നിങ്ങനെ മൂന്നെണ്ണം കൂടെ വെളിപ്പെടുത്തി. ഇത് ജ്യോതിഷക്കാരുടെ ഇടയിൽ കുഴപ്പത്തിനിടയാക്കി. ജ്യോതിഷം എന്ന തന്റെ പുസ്തകത്തിൽ ലൂയിസ് മക്ക്നീസ് എഴുതുന്നു: “ചില ജ്യോൽസ്യൻമാർ തങ്ങളുടെ മുൻഗാമികളുടെ തെറ്റുകൾക്ക് അവയെ ഒഴികഴിവാക്കി; എന്നാൽ ഈ പുതിയ ഗ്രഹങ്ങളെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്തതിനാൽ അവയ്ക്കു മനുഷ്യരെ സ്വാധീനിക്കാൻ കഴികയില്ലെന്ന് മറ്റു ചിലർ . . . വാദിച്ചു.” അതുകൊണ്ട് മിക്ക പൗരസ്ത്യ ജ്യോൽസ്യൻമാരും വിദൂര ഗ്രഹങ്ങളെ അവഗണിക്കുന്നു. എന്നിരുന്നാലും, പാശ്ചാത്യ ജ്യോതിഷക്കാർ അവയ്ക്കു വലിയ പ്രാധാന്യം കൽപ്പിക്കുന്നു.
ഒരു ജാതകത്തിന്റെ അടിസ്ഥാനമായി തെരഞ്ഞെടുക്കുന്ന സമയവും ചോദ്യങ്ങൾ ഉദിപ്പിക്കുന്നു. മിക്ക ജ്യോതിഷക്കാരും ജനനസമയം ഉപയോഗിക്കുന്നു. എന്നാൽ ജനന സമയത്തല്ല, ഗർഭധാരണ സമയത്താണ് പാരമ്പര്യലക്ഷണങ്ങൾ കൈമാറുന്നതെന്ന് ജനിതകനിയമം പറയുന്നു. ജ്യോതിഷം: ശാസ്ത്രമോ അന്ധവിശ്വാസമോ? എന്ന പുസ്തകം പറയുന്നതനുസരിച്ച് “ഗർഭധാരണ സമയത്തു വാണ നക്ഷത്രരാശിയിൻ കീഴിൽത്തന്നെയായിരിക്കും ജനനവും എന്ന് അവകാശപ്പെട്ടുകൊണ്ട് “പുരാതന ജ്യോതിഷകനായ റ്റോളമി “ഇതു ഭംഗിയായി ഖണ്ഡിച്ചു, എന്നാൽ അത് യഥാർത്ഥത്തിൽ അങ്ങനെതന്നെയാണെന്നു വിചാരിക്കാൻ യാതൊരു കാരണവുമില്ല.”
ശാസ്ത്രജ്ഞൻമാർ പ്രതികരിക്കുന്നു
അതുകൊണ്ട്, ജ്യോതിഷത്തിന്റെ വർദ്ധിച്ചുവരുന്ന അംഗീകാരത്തിൽ ശാസ്ത്രജ്ഞൻമാർ ഭയപ്പെടുകയാണ്. 1975-ൽ “ജ്യോതിഷത്തിനെതിരെ തടസ്സവാദങ്ങൾ—192 പ്രമുഖശാസ്ത്രജ്ഞൻമാർ ചെയ്ത പ്രസ്താവന” എന്ന ശീർഷകത്തിൽ 19 നോബൽ സമ്മാനജേതാക്കളും മറ്റു ശാസ്ത്രജ്ഞൻമാരും ഒരു പ്രകടനപത്രിക പുറത്തിറക്കി. അത് ഇങ്ങനെ പ്രഖ്യാപിച്ചു:
“പുരാതനകാലങ്ങളിൽ . . . ആളുകൾ ആകാശ ഗോളങ്ങളെ ദൈവങ്ങളുടെ വസതികളോ ശകുനങ്ങളോ ആയി വീക്ഷിക്കുകയും അങ്ങനെ ഇവിടെ ഭൂമിയിലെ സംഭവങ്ങളോട് അടുത്ത് ബന്ധിപ്പിക്കുകയും ചെയ്തിരുന്നു; ഭൂമിയിൽനിന്ന് ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കുമുള്ള വമ്പിച്ച ദൂരങ്ങളെക്കുറിച്ചുള്ള ധാരണ അവർക്കില്ലായിരുന്നു. ഇപ്പോൾ ഈ ദൂരങ്ങൾ കണക്കുകൂട്ടാൻ കഴിയുന്നതുകൊണ്ടും കണക്കു കൂട്ടിയിട്ടുള്ളതുകൊണ്ടും വിദൂരഗ്രഹങ്ങളും അതിലും വിദൂരത്തിലുള്ള നക്ഷത്രങ്ങളും ഉളവാക്കുന്ന ഗുരുത്വാകർഷണ ഫലങ്ങളും മറ്റു ഫലങ്ങളും എത്ര നിസ്സാരമാണെന്നു നമുക്കു കാണാൻ കഴിയും. ജനനസമയത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും പ്രയോഗിക്കുന്ന ശക്തികൾക്ക് ഏതെങ്കിലും വിധത്തിൽ നമ്മുടെ ഭാവികൾക്കു രൂപം നൽകാൻ കഴിയുമെന്നു സങ്കൽപ്പിക്കുന്നത് കേവലം അബദ്ധമാണ്.”
രസാവഹമായി, ജ്യോതിഷം അബദ്ധമാണെന്നു വിശദീകരിക്കാൻ ഒരു പുരാതനജനസമൂഹത്തിന് ആധുനികശാസ്ത്രം ആവശ്യമായിരുന്നില്ല. 2500-ൽപരം വർഷം മുമ്പ് യഹോവയാം ദൈവം യിസ്രായേൽജനത്തോട് ഇങ്ങനെ പറഞ്ഞു: “ജനതകളുടെ വഴി പഠിക്കരുത്, ആകാശത്തിലെ അടയാളങ്ങളെ ഭയപ്പെടുകയുമരുത്, എന്തുകൊണ്ടെന്നാൽ ജനതകളാണ് അവയെ ഭയപ്പെടുന്നത്; എന്തുകൊണ്ടെന്നാൽ ജനതകളുടെ ആചാരങ്ങൾ അന്ധവിശ്വാസമാണ്.” (യിരെമ്യാവ് 10:2, 3 ബൈയിംഗ്ടൻ) അല്ലെങ്കിൽ പുതിയലോകഭാഷാന്തരം പ്രസ്താവിക്കുന്നതുപോലെ, “ആകാശത്തിലെ അടയാളങ്ങൾ . . . വെറുമൊരു ഉച്ഛ്വാസം മാത്രമാണ്.” മറ്റു വാക്കുകളിൽ പറഞ്ഞാൽ ജ്യോതിഷസംബന്ധമായ അടയാളങ്ങൾക്ക് നിങ്ങളുടെ ശ്വാസകോശങ്ങളിൽനിന്ന് ബഹിർഗമിക്കുന്ന ശ്വാസത്തോളം കഴമ്പേയുള്ളു.
‘എന്നാൽ ജ്യോതിഷം അശാസ്ത്രീയമാണെങ്കിലെന്ത്? നിരുപദ്രവകരമായ വിനോദമായി അതിനെ വീക്ഷിക്കരുതോ?’ എന്ന് ചിലർ തടസ്സം പറഞ്ഞേക്കാം. (g86 5/8)
[5-ാം പേജിലെ ആകർഷകവാക്യം]
“ജനന സമയത്തു സൂര്യൻ വൃശ്ചികത്തിലേക്കു നീങ്ങുമ്പോൾ അത് നവജാതശിശുവിന് തേളിന്റെ ചില ലക്ഷണങ്ങൾ പകർന്നുകൊടുക്കുന്നുവെന്ന് ആധുനിക പാഠപ്പുസ്തകങ്ങൾ പ്രസ്താവിക്കുന്നു—തേൾ ഭയങ്കരമായി കുത്തുന്ന, അപകടകാരിയും ആക്രമണകാരിയുമായ ധൈര്യമുള്ള ഒരു പ്രാണിയാണല്ലോ.”
[5-ാം പേജിലെ ചതുരം]
നക്ഷത്രങ്ങൾ എത്ര വിദൂരത്തിലാണ്?
നക്ഷത്രങ്ങൾ മനുഷ്യരുടെ ജീവിതത്തിൻമേൽ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് സങ്കൽപ്പിക്കത്തക്കവണ്ണം അവ ഭൂമിയോട് വളരെ അടുത്താണെന്ന് പുരാതന ജ്യോൽസ്യൻമാർ വിചാരിച്ചിരുന്നു. എന്നാൽ ദൂരദർശിനികൾ വികാസം പ്രാപിച്ചതോടെ അത് അശേഷവും സത്യമല്ലെന്ന് സ്പഷ്ടമായി. എന്തുകൊണ്ടെന്നാൽ ശക്തമായ ദൂരദർശിനികളിലൂടെ വീക്ഷിക്കുമ്പോൾ പോലും നക്ഷത്രങ്ങൾ സൂചിമുനക്കുത്തുകൾ പോലെ സ്ഥിതിചെയ്യുന്നു.
എന്നിരുന്നാലും, ഈ നക്ഷത്രങ്ങളിൽ ചിലത് എത്ര വിദൂരത്തിലാണെന്ന് കണ്ടുപിടിക്കാനുള്ള ഒരു മാർഗ്ഗം 1830 കളിൽ ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ഫ്രെഡ്രിക്ക് ബസ്സൽ വികസിപ്പിച്ചെടുത്തു. ലളിതമായ ട്രിഗണോമെട്രി ഉപയോഗിച്ച് സിഗ്നി 61 എന്നു വിളിക്കപ്പെടുന്ന നക്ഷത്രം പത്തിലധികം പ്രകാശവർഷം അകലെയാണെന്ന് കണ്ടുപിടിക്കാൻ അയാൾക്കു കഴിഞ്ഞു! (പ്രകാശം സെക്കണ്ടിൽ 186,000 മൈൽ [3,00000 കി.മീ.] സഞ്ചരിക്കുന്നു) എന്നാൽ 61 സിഗ്നി കൂടുതൽ അടുത്തുനിൽക്കുന്ന നക്ഷത്രങ്ങളിലൊന്നാണ്!
അതുകൊണ്ട് നക്ഷത്ര സമൂഹത്തിലെ നക്ഷത്രങ്ങൾ അന്യോന്യം അടുത്തുനിൽക്കുന്നതായി കാണപ്പെടുന്നുവെങ്കിലും അവ തമ്മിൽ തമ്മിൽ നൂറുകണക്കിന് പ്രകാശവർഷം അകലെയായിരിക്കാം. “നമ്മുടെ ഭൂമിയിൽനിന്ന് കാണപ്പെടുമ്പോൾ അവ കൂട്ടംകൂടി നിൽക്കുന്നത് യാദൃച്ഛികമായിട്ടാണെ”ന്ന് ജ്യോതിഷം: ശാസ്ത്രമോ അന്ധവിശ്വാസമോ? എന്ന പുസ്തകം പറയുന്നു. അതുകൊണ്ട്, വൃശ്ചികം പോലെയുള്ള ഒരു നക്ഷത്ര സമൂഹത്തിന് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നത് യുക്തിസഹമെന്നു തോന്നുന്നുവോ?
[4-ാം പേജിലെ ചിത്രം]
വൃശ്ചികരാശിയെ ചിത്രീകരിക്കുന്ന ബാബിലോന്യ ശിലാഘടകം, ഫ്രാൻസിലെ നാഷനൽ മ്യൂസിയത്തിൽനിന്ന്