നക്ഷത്രങ്ങളും മനുഷ്യനും—എന്തെങ്കിലും ബന്ധമുണ്ടോ?
നക്ഷത്രനിരീക്ഷണം ഒരു പുത്തൻ സംഗതിയല്ല. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുംപ്രകാരം ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു കൃഷിക്കാർ “എപ്പോൾ കൃഷിയിറക്കണമെന്നറിയാൻ നക്ഷത്രങ്ങളെ നോക്കിയിരുന്നു. ദിശകൾ മനസ്സിലാക്കുന്നതിനു സഞ്ചാരികൾ താരകങ്ങളെ ഉപയോഗിക്കാൻ പഠിച്ചു.” ഇന്നുപോലും ബഹിരാകാശയാത്രയിൽ നക്ഷത്രങ്ങൾ വഴികാട്ടികളായി ഉപയോഗിക്കപ്പെടുന്നു. നക്ഷത്രക്കൂട്ടങ്ങളിൽ അഥവാ നക്ഷത്രരാശികളിൽ ചിത്രീകരിക്കപ്പെടുന്നുവെന്നു തങ്ങൾക്കു തോന്നിയ വ്യക്തികളെയും മൃഗങ്ങളെയും സംബന്ധിച്ച കഥകൾ പ്രാചീന മനുഷ്യർ ചമച്ചെടുത്തു. കാലക്രമേണ നക്ഷത്രങ്ങൾക്കു തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനാകുമെന്ന് ആളുകൾക്കു തോന്നിത്തുടങ്ങി.
അസംഖ്യം നക്ഷത്രങ്ങൾ
നക്ഷത്രങ്ങളുടെ ബാഹുല്യവും അവയുടെ വലിപ്പവും തന്നെ ഭയദ്യോതകമാണ്. പ്രപഞ്ചത്തിൽ ഏതാണ്ട് പതിനായിരം കോടി ആകാശഗംഗകൾ അഥവാ വൻ താരാഗണങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു! ദി ഇൻറർനാഷണൽ എൻസൈക്ലോപീഡിയ ഓഫ് അസ്ട്രോണമി ഇപ്രകാരം പറയുന്നു: “ശരാശരി വലിപ്പമുള്ള ഒരു കത്തീഡ്രലിൽ കൊള്ളിക്കാവുന്ന നെൻമണികളുടെ എണ്ണമാണത്.” നമ്മുടെ സൗരയൂഥം ഉൾപ്പെടുന്ന ക്ഷീരപഥ ആകാശഗംഗയിൽ ചുരുങ്ങിയത് അത്രത്തോളംതന്നെ നക്ഷത്രങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. (സൂര്യനെക്കൂടാതെ) നമ്മുടെ ഭൂമിയോട് ഏററവുമടുത്തുള്ള നക്ഷത്രം ആൽഫാ സെന്റോറി ഗണത്തിൽപ്പെട്ടതാണ്. അതുപോലും ഏതാണ്ട് 4.3 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു വർഷംകൊണ്ടു പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം. അതിന്റെ അർഥം, നാം ഒരു നക്ഷത്രത്തെ നോക്കുമ്പോൾ നമ്മുടെ കണ്ണിൽ കടക്കുന്ന പ്രകാശം ആ നക്ഷത്രത്തെ വിട്ടുപോന്നിട്ട് 4.3 വർഷം കഴിഞ്ഞു എന്നാണ്. ഇക്കണ്ട സമയമെല്ലാം ആ പ്രകാശം സെക്കണ്ടിൽ 2,99,792 കിലോമീററർ എന്ന പ്രവേഗത്തിൽ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. അതിൽ അടങ്ങുന്ന ദൂരം സങ്കൽപ്പിക്കുക നമ്മുടെ മാനസിക പ്രാപ്തിക്കതീതമാണ്. എന്നാൽ അതു നമ്മോട് ഏററവും അടുത്ത നക്ഷത്രം മാത്രമാണെന്നോർക്കണം. ചില നക്ഷത്രങ്ങൾ നമ്മുടെ ആകാശഗംഗയിൽനിന്നു ശതകോടിക്കണക്കിനു പ്രകാശവർഷങ്ങൾ അകലെയാണ്. അപ്പോൾപ്പിന്നെ ദൈവത്തിന്റെ പ്രവാചകൻ ഇപ്രകാരം പ്രഖ്യാപിച്ചതിൽ അതിശയിക്കാനില്ല: “ഇതാ ജാതികൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; ഇതാ, അവൻ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തുപൊക്കുന്നു.” (യെശയ്യാവു 40:15) അത്തരം ഒരു പൊടികണികയെക്കുറിച്ച് ആരു ചിന്തിക്കാൻ?
ഭൂമിയോട് ഏററവുമടുത്തുള്ള ജ്യോതിർഗോളം ചന്ദ്രനാണ്. അതിനു ഭൂമിയുടെമേൽ ഒരു സുനിശ്ചിത പ്രഭാവമുണ്ട്. അതിന്റെ ഗുരുത്വാകർഷണബലം ചില സ്ഥലങ്ങളിൽ വേലിയേററവും വേലിയിറക്കവും തമ്മിൽ 15 മീററർ വ്യത്യാസം ഉണ്ടാക്കാൻ പര്യാപ്തമാണ്. മൂന്നു ഫ്രഞ്ചു ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച്, ഭൂമിയുടെ അച്ചുതണ്ടിനെ 23 ഡിഗ്രി ചെരിഞ്ഞ അവസ്ഥയിൽ നിലനിർത്തുന്നത് ചന്ദ്രന്റെ ഗുരുത്വാകർഷണബലമാണെന്ന് ഇപ്പോൾ വിശ്വസിക്കപ്പെടുന്നു. ഈ ചെരിവാണു ക്രമമായ കാലാവസ്ഥാവ്യതിയാനങ്ങൾ ഉറപ്പുവരുത്തുന്നത്. (നേച്ചർ, ഫെബ്രുവരി 18, 1993) ചന്ദ്രൻ നമ്മുടെ ഗ്രഹത്തിൻമേൽ അത്തരമൊരു അക്ഷരീയ പ്രഭാവം ചെലുത്തുന്നതുകൊണ്ട്, ശതകോടിക്കണക്കിനു നക്ഷത്രങ്ങളോ? എന്ന ചോദ്യം ന്യായയുക്തമാണ്. ബൈബിൾ പോലുള്ള പുരാതന ഗ്രന്ഥങ്ങൾ നക്ഷത്രങ്ങളെക്കുറിച്ചു നമ്മോട് എന്താണു പറയുന്നത്?
നക്ഷത്രങ്ങൾ തിരുവെഴുത്തുകളിൽ
ബൈബിളിൽ നക്ഷത്രങ്ങളെ പലപ്രാവശ്യം പരാമർശിക്കുന്നുണ്ട്, അക്ഷരീയവും ആലങ്കാരികവുമായ അർഥത്തിൽ. ഉദാഹരണത്തിന്, ഒരു സങ്കീർത്തനക്കാരൻ പറയുന്നതനുസരിച്ച്, ഭൂമിക്കു പ്രകാശം നൽകുന്നതിനു “രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും” സ്രഷ്ടാവ് നിർമിച്ചു. (സങ്കീർത്തനം 136:9, താനാക്ക്) പിൽക്കാലത്ത്, വിശ്വസ്തനായ അബ്രഹാമുമായി ഉടമ്പടി സ്ഥാപിച്ചപ്പോൾ ദൈവം ഇങ്ങനെ പറഞ്ഞു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.” (ഉല്പത്തി 15:5) “സൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ” എന്നു പറഞ്ഞുകൊണ്ട് നക്ഷത്രങ്ങൾക്കു വ്യത്യാസങ്ങൾ ഉണ്ടെന്ന് അപ്പോസ്തലനായ പൗലോസ് ചൂണ്ടിക്കാട്ടുന്നു.a (1 കൊരിന്ത്യർ 15:41) അതേസമയം, നക്ഷത്രങ്ങളുടെ ഈ ബാഹുല്യവും അവയുടെ മഹത്ത്വവും സ്രഷ്ടാവിന്റെ മണ്ഡലത്തിനോ നിയന്ത്രണത്തിനോ വെളിയിലല്ല: “അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു.”—സങ്കീർത്തനം 147:4.
നേരേമറിച്ച്, വ്യക്തികളെയും ഭരണാധികാരികളെയും ദൂതൻമാരെയും പരാമർശിക്കാൻ തിരുവെഴുത്തുകളിൽ നക്ഷത്രങ്ങൾ മിക്കപ്പോഴും ഉപയോഗിക്കപ്പെട്ടിരിക്കുന്നതായി നാം കണ്ടെത്തുന്നു. യാക്കോബിന്റെ പുത്രനായ യോസേഫിനുണ്ടായ ഒരു സ്വപ്നത്തിൽ അവന്റെ മാതാപിതാക്കൾ “സൂര്യനും ചന്ദ്രനു”മായും സഹോദരൻമാർ “നക്ഷത്രങ്ങ”ളായും ചിത്രീകരിക്കപ്പെട്ടു. ദൂതൻമാരെ “പ്രഭാതനക്ഷത്രങ്ങൾ” എന്നു വിളിച്ചിരിക്കുന്നു. ബാബിലോൻ രാജാവ് “ദൈവത്തിന്റെ നക്ഷത്രങ്ങ”ളായ ഇസ്രായേൽ രാഷ്ട്രത്തിലെ ദാവീദിക ഭരണാധികാരികൾക്കു മീതെ ആയിരിക്കാൻ ലക്ഷ്യമിടുന്നതായി പറയപ്പെട്ടിരിക്കുന്നു. ക്രിസ്തീയ സഭയിലെ അസ്ഥിരരായ പുരുഷൻമാരെ “വക്രഗതിയുള്ള നക്ഷത്രങ്ങ”ളോട് ഉപമിച്ചിരിക്കുന്നു. അതേസമയം ക്രിസ്തീയ മൂപ്പൻമാരുടെ വിശ്വസ്ത സംഘങ്ങളെ ക്രിസ്തുവിന്റെ വലങ്കയ്യിലെ “നക്ഷത്ര”ങ്ങളായും വിളിച്ചിരിക്കുന്നു.—ഉല്പത്തി 37:9, 10; ഇയ്യോബ് 38:6; യെശയ്യാവു 14:13; യൂദാ 13; വെളിപ്പാടു 1:16.
20 വർഷത്തോളം ഇസ്രായേൽ ജനതയെ എതിർത്തിരുന്ന കനാനിലെ യാബീൻ രാജാവിന്റെ സൈനികത്തലവനായ ‘സീസെരക്കെതിരെ നക്ഷത്രങ്ങൾ അവയുടെ ഭ്രമണപഥങ്ങളിൽനിന്നു പൊരുതി’ എന്ന് ഒരു ബൈബിൾ വിവരണം പറയുന്നു. ഇസ്രായേലിനെ അടിമത്തത്തിൽനിന്നു രക്ഷിക്കാൻ യഹോവ ഇസ്രായേലിലെ ബാരാക്ക് എന്ന ന്യായാധിപനെ നിയമിക്കുകയും സീസെരയുടെമേൽ അവനു തകർപ്പൻ വിജയം നൽകുകയും ചെയ്തു. സീസെരക്കു ചക്രങ്ങളിൽ ഇരുമ്പരിവാളുകളുള്ള തൊള്ളായിരം രഥങ്ങൾ ഉണ്ടായിരുന്നിട്ടുമാണു ബാരാക്കിന് ഈ വിജയം ലഭിച്ചത്. ഒരു ജയഗീതത്തിൽ ഇസ്രായേല്യർ പാടി: “ആകാശത്തുനിന്നു നക്ഷത്രങ്ങൾ പൊരുതി, അവയുടെ ഭ്രമണപഥങ്ങളിൽനിന്ന് അവ സീസെരക്കെതിരെ പൊരുതി.” നക്ഷത്രങ്ങൾ പൊരുതിയ വിധം സംബന്ധിച്ചു യാതൊരു വിശദീകരണവും നൽകപ്പെട്ടിട്ടില്ല. നക്ഷത്രങ്ങൾ യുദ്ധത്തിൽ നേരിട്ടുള്ള ഒരു സ്വാധീനം ചെലുത്തിയെന്ന് അനുമാനിക്കുന്നതിനു പകരം ഇസ്രായേല്യർക്കു വേണ്ടി ഏതോ തരത്തിലുള്ള ദിവ്യ ഇടപെടൽ ഉണ്ടായിരുന്നു എന്ന് ഈ പദപ്രയോഗം സൂചിപ്പിക്കുന്നതായി വിശ്വസിക്കുന്നത് ന്യായയുക്തമാണ്.—ന്യായാധിപൻമാർ 5:20, NW.
ബേത്ലഹേമിലെ “നക്ഷത്രം”
ബൈബിളിൽ പല നക്ഷത്രങ്ങളെയും പരാമർശിച്ചിട്ടുണ്ട്. ഒരുപക്ഷേ, അവയിൽ ഏററവും അറിയപ്പെടുന്നത് “കിഴക്കു”നിന്നു വന്ന ജ്യോത്സ്യൻമാർക്കു വഴികാട്ടിയ ബേത്ലഹേമിലെ “നക്ഷത്ര”മാണ്. യേശു കാലിത്തൊഴുത്തിൽ ജനിച്ചശേഷം ആ നക്ഷത്രം ജ്യോത്സ്യൻമാരെ നയിച്ചത് അവന്റെ മാതാപിതാക്കൾ അവനെ കൊണ്ടുപോയ വീട്ടിലേക്കായിരുന്നു. ആ നക്ഷത്രം എന്തായിരുന്നു? അതു തീർച്ചയായും ഒരു സാധാരണ നക്ഷത്രമല്ലായിരുന്നു. കാരണം, ഏതാണ്ട് 1,600 കിലോമീററർ ദൂരം അതിനെ പിന്തുടരാൻ ജ്യോത്സ്യൻമാർക്കു കഴിയത്തക്കവണ്ണം അതു താഴ്ന്നാണു പോയത്. ആ “നക്ഷത്രം” അവരെ നയിച്ചതോ ആദ്യം യെരുശലേമിലേക്ക്. ഇതു കേട്ട ഹെരോദാ രാജാവ് അവരെ ചോദ്യം ചെയ്യുകയും ഉണ്ണിയേശുവിനെ കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീട് ആ “നക്ഷത്രം” യേശു താമസിച്ചിരുന്ന ഭവനത്തിലേക്കുതന്നെ അവരെ നയിച്ചു. തീർച്ചയായും യാതൊരു സാധാരണ നക്ഷത്രത്തിനും അങ്ങനെ ചെയ്യാൻ കഴിയില്ല. നക്ഷത്രസമാനമായ ഈ വസ്തുവിനെ ദൈവമാണോ അയച്ചത്? ജ്യോത്സ്യൻമാരുടെ സന്ദർശനം പരോക്ഷമായി, “രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ലഹേമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലി”ക്കുന്നതിൽ കലാശിച്ചു. അതുകൊണ്ട്, ആ “നക്ഷത്രം” ദൈവപുത്രനെ നശിപ്പിക്കാനുള്ള ഒരു ഉദ്യമത്തിൽ ദൈവത്തിന്റെ പ്രതിയോഗിയായ സാത്താൻ ഉപയോഗിച്ച എന്തെങ്കിലുമാണെന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമല്ലേ?—മത്തായി 2:1-11, 16.
ജ്യോത്സ്യൻമാർ വന്നതു കിഴക്കുനിന്നാണ് എന്ന കാര്യവും മനസ്സിൽ പിടിക്കേണ്ടതാണ്. ഒരുപക്ഷേ അവർ വന്നത് ജാലവിദ്യയുടെയും മന്ത്രവാദത്തിന്റെയും ജ്യോതിഷത്തിന്റെയും പ്രാചീന കേന്ദ്രമായ ബാബിലോനിൽനിന്നായിരിക്കാം. അനവധി ജ്യോതിർഗോളങ്ങൾക്കു ബാബിലോന്യ ദൈവങ്ങളുടെ പേരു നൽകിയിട്ടുണ്ട്. നെബുഖദ്നേസ്സർ രാജാവിന്റെ നാളുകളിൽ അദ്ദേഹത്തിന്റെ പോരാട്ടദൗത്യങ്ങളുടെ ഗതി നിശ്ചയിക്കാൻ ഭാവികഥനവിദ്യ ഉപയോഗിച്ചിരുന്നു.—യെഹെസ്കേൽ 21:20-22.
ബാബിലോനിലെ ഉപദേശകൻമാരെ പ്രവാചകനായ യെശയ്യാവു വെല്ലുവിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ [ബാബിലോൻ] വലഞ്ഞിരിക്കുന്നു [“നിനക്ക് ഉപദേശം ലഭിച്ചിട്ടും നീ അശക്തയാണ്,” TEV]; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോൾ എഴുന്നേററു നിന്നെ രക്ഷിക്കട്ടെ. ഇതാ, അവർ താളടിപോലെ ആയി തീക്കു ഇരയാകും; അവർ . . . തങ്ങളെതന്നേ വിടുവിക്കയില്ല; . . . ആരും നിന്നെ രക്ഷിക്കയില്ല.” യെശയ്യാവിന്റെ പ്രവചനം സത്യമായി ഭവിച്ചു. മഹാ ശക്തിയുള്ള ബാബിലോൻ പൊ.യു.മു. [പൊതുയുഗത്തിനുമുമ്പ്] 539-ൽ മഹാനായ സൈറസിന് (കോരേശിന്) കീഴടങ്ങി. നക്ഷത്രങ്ങളിൽനിന്നു മനസ്സിലാക്കാനാകുമെന്ന് ആ ബാബിലോന്യ ജ്യോത്സ്യൻമാർ അവകാശപ്പെട്ട മാർഗനിർദേശം ബന്ധപ്പെട്ട എല്ലാവർക്കും ഒരു വിപത്തായി മാറുകയാണു ചെയ്തത്.—യെശയ്യാവു 47:13-15.
ഇതിന്റെ അർഥം നമുക്കു നക്ഷത്രങ്ങളിൽനിന്ന് ഒന്നും പഠിക്കാനാവില്ലെന്നാണോ?
[അടിക്കുറിപ്പുകൾ]
a ആധുനിക ജ്യോതിശ്ശാസ്ത്രം പൗലോസിന്റെ വാക്കുകളെ സ്ഥിരീകരിക്കുന്നു. കാരണം നക്ഷത്രങ്ങൾ അവയുടെ നിറം, വലിപ്പം, അവ പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ അളവ്, ഊഷ്മാവ്, അവയുടെ ആപേക്ഷിക സാന്ദ്രത എന്നിവയിൽ വ്യത്യസ്തത പുലർത്തുന്നു.
[5-ാം പേജിലെ ചതുരം]
ചിലർ പറഞ്ഞിട്ടുള്ളത്
ജ്യോതിഷം: “ജ്യോതിശ്ശാസ്ത്രത്തിന്റെ ഒരു ഉപാംഗവും ചങ്ങാതിയും.”—ജർമൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജോഹാന്നസ് കെപ്ലർ (1571-1630).
“ജ്യോതിഷം ഒരു രോഗമാണ്, ഒരു ശാസ്ത്രമല്ല. . . . ജ്യോതിഷമെന്ന വൃക്ഷത്തിന്റെ തണലിൽ എല്ലാത്തരം അന്ധവിശ്വാസങ്ങളും തഴച്ചുവളരുന്നു.”—മധ്യയുഗങ്ങളിലെ യഹൂദ പണ്ഡിതനായ മോസസ് മൈമോനിഡ്സ് (1135-1204).
“ഓരോരോ വ്യക്തിത്വത്തെയും പെരുമാററത്തെയും വിലയിരുത്താനും ആകാശത്തിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കി ഭാവി പ്രവണതകളും സംഭവങ്ങളും മുൻകൂട്ടിപ്പറയാനും കഴിയുമെന്ന് അവകാശപ്പെടുന്ന ഒരു പ്രാകൃത ശാസ്ത്രം. . . . ക്രിസ്തുവിനു മുമ്പ് ഏതാണ്ട് 6-ാം നൂററാണ്ടിനോടടുത്ത് ഇറാക്കിന്റെ തെക്കുഭാഗത്തുള്ള കൽദയർ വ്യക്തിഗതമായ ജാതകം പ്രയോഗത്തിൽ കൊണ്ടുവന്നതായി കരുതപ്പെടുന്നു. ജനനസമയത്തു സ്ഥിരനക്ഷത്രങ്ങളും അതുപോലെതന്നെ സൂര്യനും ചന്ദ്രനും അഞ്ചു ഗ്രഹങ്ങളും ചെലുത്തുന്ന സ്വാധീനത്തോടു ബന്ധപ്പെട്ടതാണ് ഇത്. . . . ജ്യോതിഷത്തിന്റെയും ജാതകവ്യാഖ്യാനത്തിന്റെയും നടപടിക്രമങ്ങൾ, ആത്മനിഷ്ഠവും അസ്വീകാര്യവുമായ ആശയങ്ങളിലധിഷ്ഠിതമാണെന്നു ജ്യോതിശാസ്ത്രജ്ഞരും മററനവധി ശാസ്ത്രജ്ഞരും കണ്ടെത്തുന്നു.”—ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള ഈസ്ററ് ഏഷ്യൻ സയൻസ് ട്രസ്ററിന്റെ പ്രോജക്ററ് കോ-ഓർഡിനേറററും ദി ഇൻറർനാഷണൽ എൻസൈക്ലോപീഡിയ ഓഫ് അസ്ട്രോണമിക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ളവനുമായ സി. എ. റോണാൻ. ആ എൻസൈക്ലോപീഡിയയിൽ നിന്നാണ് ഈ ഉദ്ധരണി എടുത്തിട്ടുള്ളത്.
ഈ ആത്മനിഷ്ഠത ദൃഷ്ടാന്തീകരിക്കുന്നതിനു റോണാൻ ഒരു വിശദീകരണം നൽകുന്നുണ്ട്. പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം ചുവന്ന ഗ്രഹമായ ബുധൻ യുദ്ധത്തോടും മത്സരത്തോടും ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം ചൈനാക്കാർക്ക് ചുവപ്പ് മനോഹരമായ ഒരു വർണമാണ്. ബുധനു ശുഭകരമായ സ്വാധീനം ഉള്ളതായും അവർ വീക്ഷിച്ചുപോരുന്നു. അതിനു വിപരീതമായി, പാശ്ചാത്യ ഐതിഹ്യം ശുക്രനെ വെളുപ്പുനിറത്തോടും സൗന്ദര്യത്തോടും ബന്ധപ്പെടുത്തുന്നു. എന്നാൽ ചൈനാക്കാർ “വെളുപ്പിനെ . . . മരണത്തിന്റെയും ജീർണതയുടെയും നാശത്തിന്റെയും നിറമായി കരുതിപ്പോരുന്നു; അതുകൊണ്ട് ശുക്രൻ ‘യുദ്ധത്തിന്റെ ഇരുണ്ട ഗ്രഹ’മായി പരാമർശിക്കപ്പെട്ടു.”
റോണാൻ ഇങ്ങനെ തുടരുന്നു: “പ്രാകൃത ശാസ്ത്രത്തിന്റെ സ്വഭാവം ഉണ്ടായിരുന്നിട്ടുപോലും ജ്യോതിഷം ആദിമ കാലങ്ങളിൽ ജ്യോതിശ്ശാസ്ത്രനിരീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിലും അതു നടത്തുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്നതിലും ഉപയോഗപ്രദമായ ഒരു ഘടകമായി വർത്തിച്ചു.”
1975-ൽ 19 നോബൽ സമ്മാന ജേതാക്കളും മററു ശാസ്ത്രജ്ഞരും ചേർന്ന് ഒരു പ്രസ്താവന പുറത്തിറക്കി. അതിന്റെ ശീർഷകം “ജ്യോതിഷത്തോടുള്ള എതിർപ്പുകൾ—192 പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രസ്താവന” എന്നതായിരുന്നു. അത് ഇപ്രകാരം പ്രഖ്യാപിച്ചു:
“ഭൂമിയിൽനിന്നു ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കുമുള്ള ഭീമമായ ദൂരങ്ങൾ സംബന്ധിച്ച് യാതൊരു ബോധ്യവും . . . പ്രാചീന കാലത്തെ ആളുകൾക്കുണ്ടായിരുന്നില്ല. ഇപ്പോൾ ഈ ദൂരങ്ങൾ നിർണയിക്കാൻ കഴിയും, അങ്ങനെ ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് വിദൂര ഗ്രഹങ്ങളും അതിലും വിദൂരമായ നക്ഷത്രങ്ങളും ചെലുത്തുന്ന ഗുരുത്വാകർഷണ ഫലങ്ങളും മററു തരത്തിലുള്ള ഫലങ്ങളും എത്രയോ നിസ്സാരമെന്നു നാം മനസ്സിലാക്കുന്നത്. ജനനം നടക്കുന്ന പ്രത്യേക നിമിഷത്തിൽ നക്ഷത്രങ്ങളും ഗ്രഹങ്ങളും ചെലുത്തുന്ന ശക്തികൾക്ക് ഏതെങ്കിലും വിധത്തിൽ നമ്മുടെ ഭാവിയെ രൂപപ്പെടുത്താൻ കഴിയുമെന്നു സങ്കൽപ്പിക്കുന്നത് തീർച്ചയായും തെററായിരിക്കും.”b
Footnotes]
b ജ്യോതിഷത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി, 1986 മേയ് 8 ഉണരുക!യുടെ [ഇംഗ്ലീഷ്] 3-9 പേജുകൾ കാണുക.