തീർച്ചയായും നക്ഷത്രങ്ങൾക്കു നിങ്ങൾക്കായി ഒരു സന്ദേശമുണ്ട്!
മുൻ ലേഖനങ്ങളിൽ പ്രകടമാക്കിയതുപോലെ നക്ഷത്രങ്ങൾ മഹത്ത്വമുള്ളവയാണെങ്കിൽപ്പോലും, അവ എന്തായിരിക്കുന്നുവോ അങ്ങനെതന്നെ മനുഷ്യൻ അവയെ കാണേണ്ടതാണ്—സ്രഷ്ടാവ് തന്റെ ഉദ്ദേശ്യത്തിനായി ആകാശങ്ങളിൽ നിലനിർത്തിയിരിക്കുന്ന ജീവനില്ലാത്ത വസ്തുക്കളാണവ. അവയെ ആരാധിക്കേണ്ടതില്ലായിരുന്നു. യഹോവയുടെ നിയമങ്ങൾക്കു വിധേയമായ അവന്റെ വിസ്മയാവഹമായ സൃഷ്ടിയുടെ ഒരു അവിഭാജ്യ ഘടകമെന്ന നിലയിൽ നക്ഷത്രങ്ങൾ, “ദൈവത്തിന്റെ മഹത്വത്തെ വർണ്ണി”ക്കേണ്ടിയിരുന്നു. അതേസമയം മനുഷ്യൻ തന്നെ സംബന്ധിച്ച സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തെ നിവർത്തിക്കുമ്പോൾ അവ പ്രകാശ ഉറവിടങ്ങളായി വർത്തിക്കുകയും ചെയ്യേണ്ടിയിരുന്നു.—സങ്കീർത്തനം 19:1; ആവർത്തനപുസ്തകം 4:19.
ബൈബിളിൽ നാം ഇങ്ങനെ വായിക്കുന്നു: “പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു.” (ആവർത്തനപുസ്തകം 18:10-12) യെശയ്യാവ് ഇങ്ങനെ പ്രസ്താവിച്ചു: “ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും [നിന്റെ ഉപദേശകൻമാരും] . . . ഇപ്പോൾ എഴുന്നേററു നിന്നെ രക്ഷിക്കട്ടെ. ഇതാ, അവർ താളടിപോലെ ആയി.”—യെശയ്യാവു 47:13, 14.
നക്ഷത്രങ്ങളിൽനിന്നു നമുക്കു പഠിക്കാൻ കഴിയുന്നത്
എന്നിരുന്നാലും, നാം ശ്രദ്ധിക്കാൻ മനസ്സുള്ളവരാണെങ്കിൽ ജീവനില്ലാത്ത ഈ നക്ഷത്രങ്ങൾക്കും നമ്മോടു ചില കാര്യങ്ങൾ പറയാൻ കഴിയും. എഡ്വ്ൻ വേ ററീൽ ഇപ്രകാരമെഴുതി: “കാലത്തിന്റെ സുദീർഘമായ അനന്തതയിൽ മനുഷ്യൻ എത്രയോ നിസ്സാരനാണ് എന്നാണ് നക്ഷത്രങ്ങൾ സംസാരിക്കുന്നത്.” അതേ, ഒരു തെളിഞ്ഞ രാത്രിയിൽ നമ്മുടെ നഗ്നനേത്രങ്ങൾക്കൊണ്ടു നാം കാണുന്ന ബഹുഭൂരിപക്ഷം നക്ഷത്രങ്ങളെയും നൂററാണ്ടുകൾക്കു മുമ്പു നമ്മുടെ പൂർവപിതാക്കൻമാർ കണ്ടിരുന്നുവെന്നു നാം മനസ്സിലാക്കുമ്പോൾ, ആ അറിവു നമ്മെ താഴ്മയുള്ളവരാക്കുന്നില്ലേ? അവയെ “ആദിയിൽ” സൃഷ്ടിച്ചവനും പിന്നീട് മാനവരാശിയെ ഉളവാക്കിയവനുമായ പ്രതാപവാനായ ആ ഒരുവനോട് നമുക്കു ഭയാദരവ് തോന്നുന്നില്ലേ? ഭക്ത്യാദരപൂർവം ഇസ്രായേലിലെ ദാവീദു രാജാവ് ഇപ്രകാരമെഴുതി: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” ആകാശങ്ങൾ നമ്മെ താഴ്മയുള്ളവരാക്കുകയും നമ്മുടെ ജീവൻകൊണ്ടു നാം എന്തു ചെയ്യുന്നുവെന്നു ചോദിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും വേണം.—ഉല്പത്തി 1:1; സങ്കീർത്തനം 8:3, 4.
ഒരു സന്ദർഭത്തിൽ ദാവീദ് ഇങ്ങനെ പ്രാർഥിച്ചു: “നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ.” (സങ്കീർത്തനം 143:10) ദാവീദിന്റെ പ്രാർഥനയ്ക്ക് ഉത്തരം ലഭിച്ചുവെന്ന് അദ്ദേഹത്തിന്റെ ജീവിതരേഖ സൂചിപ്പിക്കുന്നു. ദൈവത്തിന്റെ ന്യായപ്രമാണത്തിൽ വിവരിച്ചിരുന്ന പ്രകാരമുള്ള അവന്റെ ഇഷ്ടം ചെയ്യാൻ ദാവീദ് പഠിച്ചു. മനുഷ്യവർഗത്തെ സംബന്ധിച്ച സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു പഠിച്ച അദ്ദേഹം അതിനെക്കുറിച്ച് എഴുതി: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. . . . ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും. . . . നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” ആ ഉദ്ദേശ്യത്തെക്കുറിച്ചുള്ള അറിവിനോടൊപ്പം ഉത്തരവാദിത്വവും കൈവന്നു: “ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക.”—സങ്കീർത്തനം 37:10, 11, 27-29.
മുഴു മനുഷ്യവർഗത്തിനും വേണ്ടി നക്ഷത്രങ്ങൾക്കു നൽകാനുള്ളത് ഒരേ സന്ദേശം തന്നെയാണ്. അവയെ ആരാധിക്കാതെ അഥവാ അവയോട് “ആലോചന ചോദി”ക്കാതെ നമുക്കു സ്രഷ്ടാവിന്റെ സ്നേഹം, ജ്ഞാനം, ശക്തി മുതലായ ഗുണങ്ങൾ അവയിൽ പ്രതിഫലിക്കുന്നതു കാണാനാകും. ജ്യോതിഷത്തിൽനിന്നു വിഭിന്നമായ ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചുള്ള പഠനം നമ്മുടെ ഹൃദയങ്ങളിൽ ഭയാദരവ് ജനിപ്പിക്കേണ്ടതുണ്ട്. എന്നാൽ അതിനെക്കാളധികം, ദൈവത്തെക്കുറിച്ചു കൂടുതൽ പഠിക്കാനുള്ള ഒരാഗ്രഹം അത് നമ്മിൽ ഉൾനടുന്നില്ലേ? ആ ഉദ്ദേശ്യത്തിനു വേണ്ടിത്തന്നെയാണ് അവൻ തന്റെ വചനമായ ബൈബിൾ പ്രദാനം ചെയ്തിരിക്കുന്നത്. നക്ഷത്രങ്ങളിൽനിന്നു നിങ്ങൾ ഈ സന്ദേശം വിവേചിച്ചറിഞ്ഞെങ്കിൽ, യഹോവ മനുഷ്യവർഗത്തിനു വേണ്ടി കരുതിവെച്ചിരിക്കുന്നതിനെക്കുറിച്ചു നിങ്ങൾക്കു പഠിക്കാൻ കഴിയും. മാത്രമല്ല, അതിലും പ്രധാനമായി, അവർക്കു വേണ്ടി അവൻ ഒരുക്കിയിരിക്കുന്ന അനുഗ്രഹങ്ങളിൽ നിങ്ങൾക്കു പങ്കുപററാൻ കഴിയുന്ന വിധത്തെക്കുറിച്ചും നിങ്ങൾക്കു പഠിക്കാനാകും. നിങ്ങൾക്കു ദൈവത്തെയും ജീവിതോദ്ദേശ്യത്തെയും സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ മടി വിചാരിക്കരുത്. അല്ലെങ്കിൽ 5-ാം പേജിൽ കൊടുത്തിരിക്കുന്ന നിങ്ങളുടെ ഏററവുമടുത്തുള്ള വിലാസത്തിൽ എഴുതുക.
[8-ാം പേജിലെ ചിത്രം]
നക്ഷത്രങ്ങൾക്കു നമ്മെ താഴ്മ പഠിപ്പിക്കാൻ കഴിയും