ജ്യോതിശ്ശാസ്ത്രമാണ് എന്റെ ഹോബി
ദക്ഷിണ പസഫിക്കിലുള്ള ന്യൂസിലൻഡിലെ വടക്കൻ ദ്വീപിലാണു ഞാൻ താമസിക്കുന്നത്. 15 വയസ്സുള്ള ഒരു യുവാവായിരുന്നപ്പോൾമുതൽ എനിക്കു ജ്യോതിശ്ശാസ്ത്രത്തിൽ താത്പര്യമുണ്ടായിരുന്നു. നിങ്ങളുടെ ഇഷ്ടാനുസരണം ലളിതമോ സങ്കീർണമോ ആയിരിക്കാവുന്ന സ്വസ്ഥമായ ഒരു ഹോബിയാണ് അത്. ജ്യോതിശ്ശാസ്ത്രം ആസ്വദിക്കുന്നതിനു നിങ്ങൾക്കു ഭൗതികശാസ്ത്രത്തിൽ ഒരു ബിരുദം ഉണ്ടായിരിക്കേണ്ടതിന്റെയോ നിങ്ങൾ ഒരു കണക്കു പ്രതിഭ ആയിരിക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് ഉറപ്പുണ്ടായിരിക്കുക.
മിക്ക ഹോബികൾക്കും ചില ഉപകരണങ്ങൾ ആവശ്യമുണ്ട്. അതുകൊണ്ട്, നിങ്ങൾക്ക് ആവശ്യമായിരിക്കുന്നത് എന്താണ്? മുഖ്യമായും നിങ്ങളുടെ കണ്ണുകൾ. നിങ്ങളുടെ വീട്ടിലെ പ്രകാശമുള്ള മുറികളിൽനിന്നു രാത്രിയിൽ ആദ്യമായി പുറത്തേക്കിറങ്ങുമ്പോൾ നിങ്ങളുടെ കണ്ണുകൾ കുറഞ്ഞ പ്രകാശത്തോടു പൊരുത്തപ്പെടാൻ പത്തു മിനിറ്റോ അതിലധികമോ എടുക്കും. നിങ്ങൾ നഗരത്തിലാണു പാർക്കുന്നതെങ്കിൽ തെരുവിൽനിന്നും വീടുകളിൽനിന്നുമുള്ള പ്രകാശം കടന്നുവരുന്നതായി നിങ്ങൾ ശ്രദ്ധിച്ചേക്കാം. നിങ്ങൾക്ക് അതു സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും? നല്ല ഫലങ്ങൾക്കായി, ഈ പ്രകാശ സ്രോതസ്സുകളിൽനിന്നുള്ള വെളിച്ചമടിക്കാത്ത ഒരു സ്ഥാനത്തു നിലയുറപ്പിക്കുക.
വീക്ഷിക്കാൻ ഏറ്റവും പറ്റിയ സാഹചര്യങ്ങളുള്ളത് ചന്ദ്രനില്ലാത്ത, മേഘങ്ങളില്ലാത്ത ഒരു ഇരുണ്ട രാത്രിയിലാണ്. ചന്ദ്രൻ അന്തരീക്ഷത്തിന് ഒരു മങ്ങിയ ദീപ്തി നൽകുന്നതു മങ്ങിയ പല നക്ഷത്രങ്ങളും അപ്രത്യക്ഷമാകാൻ ഇടയാക്കുന്നു. നഗ്നനേത്രംകൊണ്ടു നിങ്ങൾക്ക് എത്ര നക്ഷത്രങ്ങളെ കാണാൻ കഴിയും? സാധാരണഗതിയിൽ 2,000-ത്തിനും 4,000-ത്തിനും ഇടയ്ക്ക് നക്ഷത്രങ്ങളെ കാണാൻ കഴിയും. ചക്രവാളത്തോടു കൂടുതൽ അടുത്തുള്ള നക്ഷത്രങ്ങളെ കാണാൻ ഏറെ ബുദ്ധിമുട്ടാണ്. എന്തുകൊണ്ടെന്നാൽ അന്തരീക്ഷത്തിന്റെ കട്ടികൂടിയ ഒരു ആവരണത്തിലൂടെയാണു നിങ്ങൾ നോക്കുന്നത്, ഇതു കൂടുതലായ മങ്ങലിനും രൂപവ്യതിയാനത്തിനും ഇടയാക്കുന്നു. ആദ്യമായി മുകളിലേക്കു നോക്കുമ്പോൾ കോടിക്കണക്കിനു നക്ഷത്രങ്ങൾ ഉള്ളതായി തോന്നുമ്പോൾ, നഗ്നനേത്രംകൊണ്ടു താരതമ്യേന കുറഞ്ഞ എണ്ണം നക്ഷത്രങ്ങളെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നതു ചില ആളുകളെ അതിശയിപ്പിക്കുന്നു.
നക്ഷത്രമോ അതോ ഒരു ഗ്രഹമോ?
പ്രകാശത്തിന്റെ തിളക്കമേറിയ ഒരു ബിന്ദു കാണുമ്പോൾ ഈ ചോദ്യം ഉദിക്കുന്നു, അത് ഒരു നക്ഷത്രമാണോ അതോ ഒരു ഗ്രഹമാണോ? നക്ഷത്രങ്ങൾ പ്രകാശ സ്രോതസ്സുകളാണ്, വൈദ്യുതകാന്തിക സൂചനകളെ ബഹിരാകാശത്തിലേക്ക് ഉത്സർജിക്കുന്ന വൻ ആണവ യന്ത്രങ്ങൾ തന്നെ. അവ ഭൂമിയിൽനിന്നു വളരെ അകലെയാണ്, ഏറ്റവും അടുത്തുള്ളതുപോലും—സൂര്യനൊഴികെയുള്ളത്—4.3 പ്രകാശവർഷം അകലത്തിലാണ്. പ്രകാശം സെക്കണ്ടിൽ ഏകദേശം 2,99,000 കിലോമീറ്റർ സഞ്ചരിക്കുന്നു. നക്ഷത്രങ്ങളിൽനിന്നുള്ള പ്രകാശം നമ്മളിൽ എത്താൻ ഇത്രയും ദൂരം സഞ്ചരിക്കുന്നതുകൊണ്ട് അതു കൂടുതൽ മങ്ങിയതായിത്തീരുന്നു. പിന്നെ അതിനു ഭൗമാന്തരീക്ഷത്തിന്റെ വർധിച്ച സാന്ദ്രതയിലൂടെ കടന്നുപോകേണ്ടിവരുന്നതിന്റെ ഫലമായി പ്രകാശകിരണങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വളയുന്നു. “ട്വിങ്കിൾ, ട്വിങ്കിൾ, ലിറ്റിൽ സ്റ്റാർ, ഹൗ ഐ വണ്ടർ വാട്ട് യു ആർ” എന്നു പാടിക്കൊണ്ട് നേഴ്സറിപ്പാട്ട് നിശ്ശബ്ദമായ ആകാശങ്ങൾക്കു ജീവസ്പർശം നൽകുന്നു. ചിമ്മുന്നുണ്ടെങ്കിൽ അതൊരു നക്ഷത്രമാണ്.
എന്നാൽ, ഗ്രഹങ്ങൾ ചന്ദ്രനെപ്പോലെ സൂര്യനിൽനിന്നുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. സൗരയൂഥം എന്ന സൂര്യകുടുംബത്തിലെ സഹാംഗങ്ങളെന്ന നിലയിൽ അവ നമ്മോടു താരതമ്യേന അടുത്താണ്. അതുകൊണ്ട് നഗ്നനേത്രംകൊണ്ടു കാണാവുന്ന ഗ്രഹങ്ങൾ സ്ഥിരവും ചിമ്മാത്തതുമായ പ്രകാശം പ്രതിഫലിപ്പിക്കുന്നു.
സഹായം ലഭ്യമാണ്
നിങ്ങൾ സാഹസികോദ്യമം പുരോഗമിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, എന്റെ ഹോബിയെ കൂടുതൽ ആസ്വാദ്യമാക്കുന്ന ചില കൂട്ടുകാരെക്കുറിച്ചു ഞാൻ നിങ്ങളോടു പറയാം. ഒന്നാമത്തേത് ഒരു നക്ഷത്ര അറ്റ്ലസ് ആണ്. ഇപ്പോൾ എന്റെ കൈയിലിരിക്കുന്ന പ്രതി നോർട്ടൺസ് സ്റ്റാർ അറ്റ്ലസിന്റെ പരിഷ്കരിച്ച പതിപ്പാണ്. ആകാശത്തിന്റെ ഉത്കൃഷ്ടമായ മാപ്പുകളും ജിജ്ഞാസുവായ ഒരാളെ ജ്യോതിശ്ശാസ്ത്ര പദസഞ്ചയത്തെക്കുറിച്ചു പരിചയപ്പെടുത്തുന്ന വിവരങ്ങളും അതിലുണ്ട്.
എന്റെ രണ്ടാമത്തെ കൂട്ടുകാരൻ പ്ലാനിസ്ഫിയറാണ്. അതിന് ഒന്നിനു മുകളിൽ ഒന്നായി ഘടിപ്പിച്ചിരിക്കുന്ന രണ്ടു പ്ലാസ്റ്റിക് തകിടുകളുണ്ട്. അവയുടെ കേന്ദ്രഭാഗം ഒരു ഗോളകത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ജാലകത്തോടുകൂടിയ മുകളിലത്തെ തകിട്, നക്ഷത്ര ചാർട്ട് അച്ചടിച്ചിട്ടുള്ള താഴത്തെ തകിടിനു ചുറ്റും കറക്കാൻ കഴിയും, ആവശ്യമായിരിക്കുന്ന സമയവും തീയതിയും ക്രമീകരിക്കാനും കഴിയും. നിങ്ങളുടെ അനുകൂലസ്ഥാനത്തു നിന്നുകൊണ്ട് വർഷത്തിലെ പ്രത്യേക മണിക്കൂറിലും സമയത്തും നിങ്ങളുടെ അക്ഷാംശത്തിലും നിരീക്ഷണവിധേയമായിരിക്കുന്ന നക്ഷത്രങ്ങൾ ഏവയാണെന്നു നിർണയിക്കാൻ ഇപ്പോൾ നിങ്ങൾക്കു കഴിയും. ന്യൂസിലൻഡിലെ പല പുസ്തകക്കടകളിൽനിന്നും ഒരു ഫിലിപ്സ് പ്ലാനിസ്ഫിയർ തത്ക്ഷണം വാങ്ങിക്കാനോ ഓർഡർ ചെയ്യാനോ കഴിയും. ഒരു പ്ലാനിസ്ഫിയർ വാങ്ങുമ്പോൾ നിങ്ങളുടെ പട്ടണത്തിന്റെ അക്ഷാംശം ഭൂമധ്യരേഖയ്ക്കു വടക്കാണോ തെക്കാണോ എന്നുള്ളതും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
നിങ്ങൾ ഒരു ദൂരദർശിനി വാങ്ങേണ്ടതുണ്ടോ? നിങ്ങൾ ഈ ഹോബി പിന്തുടരുന്നെങ്കിൽ ഒടുവിൽ നിങ്ങൾ അതു വാങ്ങുമെന്നു ഞാൻ വിചാരിക്കുന്നു. മൂന്നു തരത്തിലുള്ള ദൂരദർശിനികൾ ഉണ്ട്—അപവർത്തന ദൂരദർശിനി, പ്രതിഫലന ദൂരദർശിനി, അപവർത്തന-പ്രതിഫലന ദൂരദർശിനി. ജ്യോതിശ്ശാസ്ത്രത്തെയും ദൂരദർശിനികളെയും സംബന്ധിച്ച പുസ്തകങ്ങൾക്കുവേണ്ടി നിങ്ങളുടെ പബ്ലിക്ക് ലൈബ്രറി സന്ദർശിക്കുക. ഒരു പ്രതിഫലന ദൂരദർശിനി സ്വയം നിർമിക്കുന്നത് അതിശയകരമാംവിധം എളുപ്പമാണ്. ഒരു ജ്യോതിശ്ശാസ്ത്ര ദൂരദർശിനി ഉണ്ടാക്കുന്ന വിധം വിവരിക്കുന്ന വിലക്കുറവുള്ള ഒരു പുസ്തകം വാങ്ങിക്കുക. അതു രസകരമായ ഒരു പരിപാടിയായി നിങ്ങൾ കണ്ടെത്തും.
ബൈനോക്കുലറുകൾ ആകാശത്തിന്റെ വിശാലമായ ഒരു വീക്ഷണം നൽകുന്നു. കറുത്ത വെൽവറ്റു പോലുള്ള ആകാശത്തിൽ രത്നങ്ങൾപോലെ തൂങ്ങിക്കിടക്കുന്ന മനോഹരമായ നക്ഷത്ര സഞ്ചയങ്ങൾ നിങ്ങൾക്കു കാണാൻ കഴിയും. മേഘക്കീറുകൾപോലെ കാണപ്പെടുന്ന നെബുലകൾ നിങ്ങൾക്കു ദർശിക്കാൻ കഴിയും. അനേകം പ്രകാശവർഷങ്ങൾ അകലെ ബഹിരാകാശ ഗർഭത്തിൽ സ്ഥിതിചെയ്യുന്ന, പൊടിയും വാതകവും നിറഞ്ഞ മേഘങ്ങളാണ് അവ. ഉജ്ജ്വലമായ ക്ഷീരപഥ വൃന്ദത്തെ ഭൂമിയുടെ ഏതു ഭാഗത്തു നിന്നാലും കാണാൻ കഴിയും. കൂടാതെ, ഇടയ്ക്കിടയ്ക്കു നമ്മോടടുത്ത ബഹിരാകാശ ഭാഗങ്ങളിൽ പോയൊളിക്കുന്ന, അലഞ്ഞുനടക്കുന്ന വാൽനക്ഷത്രങ്ങളെ തിരയുകയോ നിരീക്ഷിക്കുകയോ ചെയ്യുമ്പോൾ ആകാശമാകമാനം പരിശോധിക്കുന്നതിന് ഏറ്റവും പറ്റിയതാണു ബൈനോക്കുലറുകൾ. നിശാനഭസ്സ് നിരീക്ഷിക്കാൻ നിങ്ങളെ സഹായിക്കാൻവേണ്ടി തയ്യാറാക്കിയിട്ടുള്ള ലേഖനങ്ങൾ പ്രാദേശിക പത്രങ്ങൾ വാരംതോറും പ്രസിദ്ധീകരിച്ചേക്കാം.
നിങ്ങൾക്ക് ഒരു പേഴ്സണൽ കമ്പ്യൂട്ടർ ഉണ്ടോ? ഒരു തുടക്കക്കാരന് ആസ്വാദ്യമായ ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചുള്ള ചില പ്രോഗ്രാമുകളും പരിഷ്കൃതമായ ചില പ്രോഗ്രാമുകളും ഉണ്ട്. എന്റെ ഹോബിയുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും ശേഖരിച്ചുവയ്ക്കാൻ ഞാൻ എന്റെ കമ്പ്യൂട്ടർ ഉപയോഗിക്കുന്നു. ജ്യോതിശ്ശാസ്ത്രത്തെ സംബന്ധിച്ച പ്രചാരം സിദ്ധിച്ച മാസികകളും ഉണ്ട്. ഉണരുക! ഇടയ്ക്കിടയ്ക്ക് ഈ വിഷയത്തെക്കുറിച്ചുള്ള ലേഖനങ്ങൾ അച്ചടിക്കുന്നു.
ചന്ദ്രനും ഗ്രഹങ്ങളും
തീർച്ചയായും, ചന്ദ്രനെ കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ദൃശ്യമായിരിക്കുമ്പോൾ അതു നിശാനഭസ്സിൽ നിറഞ്ഞുനിൽക്കുന്നു. നേരം വെളുക്കുന്നതനുസരിച്ച്, കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നീങ്ങുന്നതായി കാണപ്പെടുന്ന പൂർണചന്ദ്രൻ തീർച്ചയായും അഴകുള്ളതാണ്. നക്ഷത്രങ്ങളെ വഴികാട്ടിയായി ഉപയോഗിച്ചുകൊണ്ടു കൂടുതൽ അടുത്തു നിരീക്ഷിക്കുമ്പോൾ നാം സഞ്ചരിക്കുന്ന അതേ ദിശയിൽ, അതായത് പടിഞ്ഞാറുനിന്നു കിഴക്കോട്ടാണു വാസ്തവത്തിൽ ചന്ദ്രൻ സഞ്ചരിക്കുന്നതെന്നു വെളിവാകുന്നു. സ്ഥിരമായി നിൽക്കുന്ന നക്ഷത്രങ്ങളുടെ സ്ഥാനം ചന്ദ്രനോടുള്ള ബന്ധത്തിൽ ശ്രദ്ധിച്ചുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂറോ തുടർച്ചയായ രണ്ടു രാത്രികളിലോ ഇങ്ങനെ നിരീക്ഷിക്കുക. ചന്ദ്രൻ ഭ്രമണം ചെയ്യുന്നതിലും വേഗത്തിൽ ഭൂമി അതിന്റെ അക്ഷത്തിൽ ചുറ്റുന്നതിനാൽ നാം ചന്ദ്രനെ പിന്നിലാക്കുന്നു.
പൂർണചന്ദ്രനുള്ളപ്പോൾ ജ്യോതിശ്ശാസ്ത്രജ്ഞൻ നേരിടുന്ന ഒരു പ്രശ്നം വളരെയധികം പ്രകാശമാണ്. 4 മുതൽ 7 വരെയോ 22 മുതൽ 24 വരെയോ ദിവസം പ്രായമുള്ള ചന്ദ്രനെ നിരീക്ഷിക്കുന്നതാണു ഞാൻ എല്ലായ്പോഴും ഏറ്റവുമധികം ആസ്വദിച്ചിട്ടുള്ളത്. എന്തുകൊണ്ടെന്നാൽ അപ്പോൾ അതിലെ പർവതങ്ങളുടെ നിഴലുകളും ഗർത്ത വക്കുകളും നീളമുള്ളവയും കൂർത്തവയുമാണ്. നഗ്നനേത്രംകൊണ്ടു സ്ഥിരമായ ഉപരിതല സവിശേഷതകൾ കാണത്തക്കരീതിയിൽ അടുത്തു സ്ഥിതിചെയ്യുന്ന ഏക ജ്യോതിർ ഗോളമായ ചന്ദ്രന്റെ ഉപരിതലം നിങ്ങൾ ഭൂമധ്യരേഖയുടെ വടക്കാണോ തെക്കാണോ എന്നതിനെ ആശ്രയിച്ചു വ്യത്യസ്തമായി കാണപ്പെടുന്നു.
നക്ഷത്രവ്യൂഹങ്ങൾ അഥവാ നക്ഷത്ര മാതൃകകളുടെ കാര്യത്തിലും ഇതുതന്നെ സത്യമാണ്. അതുകൊണ്ട് നിങ്ങളുടെ ഗോളാർധത്തിനുവേണ്ടി ഉണ്ടാക്കിയ മാപ്പുകൾ ഉപയോഗിക്കുന്നതാണു കൂടുതൽ നല്ലത്. അല്ലാത്തപക്ഷം, പ്രത്യേകിച്ച് ഒരു കുതുകി നക്ഷത്രവ്യൂഹങ്ങളെ തലകീഴായും പുറന്തിരിഞ്ഞും കുഴപ്പിക്കുന്ന വിധത്തിൽ കാണുന്നു. ജ്യോതിശ്ശാസ്ത്ര ദൂരദർശിനി നിരീക്ഷണ വിധേയമായിരിക്കുന്ന വസ്തുവിനെ തലകീഴായി അവതരിപ്പിക്കുന്നു എന്ന സംഗതിയും പരാമർശിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഗ്രഹങ്ങൾ എവിടെയാണ്? ഒന്നാമതായി, നാമറിഞ്ഞിരിക്കേണ്ട രണ്ടു സംഗതികളുണ്ട്: ക്രാന്തിവൃത്തവും (ecliptic) രാശിചക്രവും (zodiac) എന്താണ്?
സൂര്യന്റെ വാർഷിക യാത്രയിലെ, നക്ഷത്രങ്ങൾ പശ്ചാത്തലങ്ങളായുള്ള പ്രത്യക്ഷപഥമാണ് ക്രാന്തിവൃത്തം. ക്രാന്തിവൃത്തം ഭൂമധ്യരേഖയ്ക്കു നേരേ മുകളിൽ ആകാശത്തിലൂടെയുള്ള സാങ്കൽപ്പിക രേഖയെ ഏതാണ്ട് 23.5 ഡിഗ്രിയിൽ കുറുകെ ഛേദിക്കുന്നു. ക്രാന്തിവൃത്തത്തിന്റെ ഓരോ വശത്തും ഏതാണ്ട് 8 ഡിഗ്രി വ്യാപിച്ചുകിടക്കുന്ന ഒരു സാങ്കൽപ്പിക വലയമാണ് “മൃഗങ്ങളുടെ വലയം” എന്നർഥമുള്ള രാശിചക്രം. നഗ്നനേത്രംകൊണ്ടു കാണാൻ കഴിയുന്ന സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും എല്ലായ്പോഴും രാശിചക്രത്തിന്റെ പരിധികൾക്കുള്ളിലാണ്. നിങ്ങൾ ഒരു ഗ്രഹത്തെയാണു നോക്കുന്നതെന്നു മനസ്സിലാകുന്നത് തുടർച്ചയായുള്ള രാത്രികളിലെ വീക്ഷണത്താലാണ്, എന്തുകൊണ്ടെന്നാൽ സ്ഥിരമായി കാണപ്പെടുന്ന നക്ഷത്രങ്ങളോടുള്ള ബന്ധത്തിൽ ഒരു ഗ്രഹത്തിന്റെ സ്ഥാനം വ്യത്യസ്തമായിരിക്കും.
എന്നാൽ ഞാൻ ഏതു ഗ്രഹത്തെയാണു നോക്കുന്നത്? ബുധനും ശുക്രനും എല്ലായ്പോഴും സന്ധ്യാകാശത്തിൽ പടിഞ്ഞാറോട്ടു മാറിയും രാവിലെ കിഴക്കോട്ടു മാറിയും കാണപ്പെടുന്നു, അവ ഒരിക്കലും തലയ്ക്കു മീതെ വരില്ല. ബുധനെക്കാൾ പ്രകാശമുള്ളതു ചന്ദ്രനുമാത്രമേയുള്ളൂ. അതിനു പ്രഭാത നക്ഷത്രമോ സന്ധ്യാ നക്ഷത്രമോ ആയിരിക്കാൻ കഴിയുമെന്നുള്ളതു നിങ്ങൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും. ഭൂമിക്ക് അപ്പുറത്തു സൂര്യനെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങൾ കിഴക്കുനിന്നു പടിഞ്ഞാറോട്ടു സഞ്ചരിക്കുന്നു. ചൊവ്വ, വ്യാഴം, ശനി, യുറാനസ് എന്നിവയും നഗ്നനേത്രത്തിനു ദൃശ്യമാണ്. അവ നക്ഷത്രങ്ങളുടെയിടയ്ക്ക് ഒളിഞ്ഞിരിക്കുന്നതിനാൽ തുടക്കത്തിൽ, അവയുടെ സ്ഥാനം സംബന്ധിച്ചറിയാൻ ചില വിജ്ഞാന സ്രോതസ്സുകൾ പരിശോധിക്കേണ്ടിവരും.
നക്ഷത്രങ്ങൾ
നക്ഷത്രങ്ങളെ ആകർഷകമായ പ്രകാശബിന്ദുക്കളായി നിങ്ങളെല്ലായ്പോഴും കണ്ടെത്തും. നക്ഷത്രസമൂഹങ്ങളുമായി നിങ്ങളെത്തന്നെ പരിചയപ്പെടുത്തുന്നത് സ്രഷ്ടാവിന്റെ ഈ വിസ്മയാവഹമായ കരവേലയുമായുള്ള പുതിയ സൗഹൃദത്തിന്റെ തുടക്കമായിരിക്കാൻ കഴിയും.
ചില നക്ഷത്രങ്ങൾ നമുക്കു പ്രത്യേക താത്പര്യമുളവാക്കുന്നവയാണ്. അവയിലൊന്ന് ചോതിനക്ഷത്രമാണ് (Sirius); ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് അത്. ഒരു പൊതുവായ കേന്ദ്രത്തിനു ചുറ്റും രണ്ടു നക്ഷത്രങ്ങൾ ഭ്രമണം ചെയ്യുന്നതുകൊണ്ട് അത് ഒരു ഇരട്ട നക്ഷത്രം കൂടിയാണ്. തിളക്കത്തിൽ രണ്ടാമതു നിൽക്കുന്ന നക്ഷത്രം അഗസ്ത്യനാണ് (Canopus). ബഹിരാകാശപേടകം, ബഹിരാകാശത്തുള്ള അതിന്റെ സ്ഥാനം കണ്ടുപിടിക്കാനും ആജ്ഞകൾ അയയ്ക്കാൻ സുഗമമായവിധം ആൻറിനകൾ ഭൂമിയിലേക്കു തിരിക്കാനും ഈ നക്ഷത്രത്തെ ഉപയോഗിച്ചിട്ടുണ്ട്.
മുന്നറിയിപ്പിൻ വാക്കുകൾ
(1) ജ്യോതിശ്ശാസ്ത്രം ഒരു ഹോബിയായിരിക്കണം, ഒരു ഒഴിയാബാധ ആയിരിക്കരുത്. “സൃഷ്ടിക്കു മുമ്പെ സ്രഷ്ടാവ്” എന്നതാണ് ഒരു വിശിഷ്ട നിയമം. (2) ദൂരദർശിനിയോ ബൈനോക്കുലറുകളോ ഉപയോഗിച്ച്, അടുത്തുനിന്നുകൊണ്ട് ഒരിക്കലും സൂര്യനെ നോക്കുകയോ ആകാശത്തിൽ തിരച്ചിൽ നടത്തുകയോ ചെയ്യരുത്; അവയ്ക്കുള്ള ശിക്ഷ അന്ധതയായിരിക്കാം. (3) നിങ്ങൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്. തെളിയിക്കപ്പെടാത്ത സിദ്ധാന്തങ്ങൾപ്പോലെ പഴയ പുസ്തകങ്ങൾ നിങ്ങളെ വഴിതെറ്റിച്ചേക്കാം. (4) നിങ്ങൾക്കു താത്പര്യം നഷ്ടപ്പെട്ടേക്കാമെന്നതിനാൽ ഉപകരണങ്ങൾക്കുവേണ്ടി പണം ചെലവിടാൻ തിടുക്കം കാട്ടാതിരിക്കുക.
കണ്ടുപിടിത്തത്തിന്റെയും അത്ഭുതത്തിന്റെയും അവസാനിക്കാത്ത ഒരു സാഹസികതയാണ് എന്റെ ഹോബി. ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നേക്കും ജീവിച്ചാലും പ്രപഞ്ചത്തിന്റെ എല്ലാ നിഗൂഢതകളെക്കുറിച്ചും നാം പഠിക്കുകയില്ല. (സഭാപ്രസംഗി 3:11; 8:17) എന്നാൽ അതിനെക്കുറിച്ചു കൂടുതൽക്കൂടുതൽ പഠിക്കുന്നത് അപ്പോൾ എക്കാലത്തേക്കും ആകർഷകമായിരിക്കും.—സംഭാവനചെയ്യപ്പെട്ടത്.