മാൾട്ടയിലേക്കു റാഞ്ചിക്കൊണ്ടുപോയി—എന്നാൽ ഞാൻ അതിജീവിച്ചു
ആയിരത്തിതൊള്ളായിരത്തിഎൺപത്തഞ്ച് നവമ്പർ 23-ാം തീയതി വൈകുന്നേരം ഏകദേശം 8 മണിക്ക് ഞാൻ ജോർജ്ജു വെൻഡുറിസ് എന്ന സഹപ്രവർത്തകനുമൊത്തു ഏതൻസിലെ അന്തർദ്ദേശീയ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ഞാൻ ജോലിചെയ്യുന്ന കമ്പനിയുടെ ഒരു കപ്പൽ പരിശോധിക്കുന്നതിനു ഞങ്ങൾ യുണൈറ്റഡ് അരാബ് എമറ്റൈറ്സിലെ ദുബായിലേക്കുള്ള യാത്രാമദ്ധ്യത്തിലായിരുന്നു. ഏതാനും വർഷങ്ങളായി ഞാൻ ഞങ്ങളുടെ കമ്പനിയുടെ ചീഫ് എൻജിനിയറായിരുന്നു, ഈ നിയമനത്തിൽ ജോർജ്ജ് എന്റെ സഹായി ആയിരുന്നു.
ഞങ്ങൾ ഈജിപ്റ്റ് എയർ ഫൈറ്ളറ് 648-ൽ കെയ്റോ വഴി ദുബായിയിലേക്കു യാത്ര ചെയ്യുകയായിരുന്നു. വിവിധ പരിശോധനാ സ്ഥലങ്ങൾ പിന്നിട്ട് ഞങ്ങൾ ഞങ്ങളുടെ വിമാനമായ ഒരു ബോയിംഗ് 737-ൽ എത്തി. ഞങ്ങൾക്കു കയ്യിൽ പിടിക്കാനുള്ള യാത്രാസാധനങ്ങളെ ഉണ്ടായിരുന്നുള്ളു എന്നതിനാൽ താരതമ്യേന നേരത്തെ വിമാനത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞങ്ങൾ ഏഴാം നിരയിൽ എ, ബി സീറ്റുകളിലായിരുന്നു.
ഒടുവിൽ, എല്ലാവരും കയറികഴിഞ്ഞ് പട്ടികയനുസരിച്ച് 9 P.M കഴിഞ്ഞ ഉടൻ ഞങ്ങൾ പുറപ്പെട്ടു. നൂറിൽ കുറഞ്ഞ യാത്രക്കാർ ഉണ്ടായിരുന്ന വിമാനം മുഴുവൻ നിറഞ്ഞിരുന്നില്ല. യാത്രതിരിച്ച് ഉടൻ തന്നെ സേവകൻമാർ ലഘുപാനീയങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ യാത്ര ഏകദേശം 25 മിനിറ്റ് ആയപ്പോൾ ഒരു മനുഷ്യൻ പൈലറ്റിന്റെ വാതിലിനു മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അയാളുടെ ഒരു കയ്യിൽ ഒരു തോക്കും മറ്റേ കയ്യിൽ ഒരു പച്ചനിറമുള്ള കൈബോംബും ഉണ്ടായിരുന്നു, അയാൾ അറബി ഭാഷയിൽ അലറാനും തുടങ്ങി. ഞാൻ ഗ്രീസുകാരൻ ആയിരുന്നു, അറബി മനസ്സിലായിരുന്നുമില്ല, എന്നാൽ ഇത് ഒരു റാഞ്ചൽ ആയിരുന്നു എന്ന് വ്യക്തമായിത്തീർന്നു.
അതുകൊണ്ട് ഞങ്ങൾ ജൗജിപ്റ്റുകാരായ യാത്രക്കാരുടെ ചലനങ്ങളെ അനുകരിക്കയും തുടർന്നു ഞങ്ങളുടെ കൈകൾ തലയ്ക്കു മീതെ ഉയർത്തുകയും ചെയ്തു. കല്പനകൾ തരുന്നതിനിടയിൽ റാഞ്ചി തന്റെ കൈബോംബിന്റെ ഉള്ളിൽനിന്ന് എന്തോ പല്ലുകൾകൊണ്ട് എടുക്കാൻ ശ്രമിക്കയും ചെയ്തുകൊണ്ടിരുന്നു. എന്നിരുന്നാലും, അയാൾ വിജയിക്കാത്തതുകൊണ്ട് കൈബോംബ് അയാളുടെ അടിയുടുപ്പിന്റെ പോക്കറ്റിൽ തിരികെ ഇട്ടു.
ആയുധധാരിയായിരുന്ന റാഞ്ചി ഒറ്റയ്ക്കായിരുന്നില്ല. അയാൾ മുൻസീറ്റുകളിൽ ഇരുന്നവരെ പുറകിൽ സാദ്ധ്യതയുള്ളിടത്തെല്ലാം ഇരിക്കാൻ ക്രമീകരിച്ചു. പിന്നീട് അയാൾ ഞങ്ങളുടെ കഴുത്തിലെ റ്റൈകൾ ആവശ്യപ്പെട്ടു. അടുത്തതായി റാഞ്ചികൾ ഒരു സമയത്ത് ഒരാളെ വീതം മുമ്പിലേക്കു കൊണ്ടുപോകയും അയാളുടെ പാസ്പോർട്ട് എടുക്കുകയും അയാളെ പരിശോധിക്കയും മുമ്പിലുള്ള ഒരു ഒഴിഞ്ഞ സീറ്റിൽ അയാളെ ഇരുത്തുകയും ചെയ്യാൻ തുടങ്ങി.
മുൻസീറ്റുകളിലുള്ളവർ പുറകോട്ടു മാറിയപ്പോൾ ഒരു ഈജിപ്റ്റുകാരൻ എന്റെ അടുക്കൽ എത്തി. അയാൾ വിമാനത്തിന്റെ സെക്യൂരിറ്റി ഗാർഡുകളിൽ ഒരാളാണെന്നു ഞാൻ പിന്നീട് മനസ്സിലാക്കി. അയാളെ മുമ്പോട്ടു വിളിച്ചപ്പോൾ റാഞ്ചി അയാളുടെ പാസ്പോർട്ട് എടുക്കുകയും ബലമായി താഴെ കിടത്തുകയും ചരടുകൾകൊണ്ടു ബന്ധിക്കയും ചെയ്തു. അതിനു മുമ്പുതന്നെ വിമാനത്തിന്റെ മുഖ്യസേവകനെ ബന്ധിച്ചിരുന്നു.
ഈജിപ്ഷ്യൻ സെക്യൂരിറ്റി ഗാർഡിനെ തുടർന്ന് എന്റെ ഊഴം വന്നപ്പോൾ റാഞ്ചി എന്നെ പരിശോധിക്കാതെ കേവലം എന്റെ പാസ്പോർട്ട് എടുക്കുകയും ഇരിക്കാൻ നിർദ്ദേശിക്കയും ചെയ്തു. അയാൾ മൂന്നാം നിരയിൽ വലതുവശം ചൂണ്ടിക്കാണിച്ചു.
പറക്കലിനിടയിൽ തോക്കുയുദ്ധം
ഏതാനും മിനിറ്റുകൾക്കുശേഷം എനിക്കു തൊട്ടുപിന്നിൽ വെടികൾ പൊട്ടി. പെട്ടെന്നു ഞങ്ങളെല്ലാം കുനിഞ്ഞു. പ്രത്യക്ഷത്തിൽ വെടിയുണ്ടകൾ മർദ്ദനിയന്ത്രണത്തെ താറുമാറാക്കി. എന്തുകൊണ്ടെന്നാൽ ഓക്സിജൻ മുഖം മൂടികൾ സീലിംഗിൽ നിന്നു താഴെ വീണുകിടന്നിരുന്നു. പല യാത്രക്കാരും അതു എടുത്തു ധരിച്ചു. എന്നാൽ എനിക്കു ഓക്സിജന്റെ ആവശ്യം തോന്നിയില്ല. ക്യാപ്റ്റൻ വേഗത്തിൽ വിമാനം താഴ്ന്ന സ്ഥലത്തേക്കു കൊണ്ടുപോയിരുന്നതായി ഞാൻ വിശ്വസിക്കുന്നു.
വെടിവെപ്പ് അവസാനിച്ചപ്പോൾ ഞാൻ പിറകോട്ടു നോക്കയും റാഞ്ചലിന്റെ മേൽനോട്ടം വഹിച്ചിരുന്നതായി തോന്നിയിരുന്നയാൾ താഴെ നിവർന്നു കിടക്കുന്നതു കാണുകയും ചെയ്തു. അയാൾ മരിച്ചതുപോലെ കാണപ്പെട്ടു. മറ്റൊരു മനുഷ്യനും തറയിൽ കിടന്നിരുന്നു, രണ്ടുസേവകരും ഒരു യാത്രക്കാരനും മുറിവേറ്റും ഇരുന്നിരുന്നു.
റാഞ്ചി ഒരു പുരുഷനോട് തന്റെ പാസ്സ്പോർട്ടു ചോദിച്ചിരുന്നു എന്നു തോന്നുന്നു. സെക്യൂരിറ്റി ഗാർഡുകളിലൊരാളാണെന്നു തെളിഞ്ഞ അയാൾ പാസ്സ്പോർട്ട് എടുക്കുന്നതിനു പകരം തന്റെ തോക്കു പുറത്തെടുക്കുകയും ആ റാഞ്ചിയെ വെടിവെക്കുകയും ചെയ്തു. എന്നാൽ പുറകിൽ നിന്നിരുന്ന ഒരു റാഞ്ചിയുടെ വെടിയേറ്റ് ആ ഗാർഡും വീണു.
താഴെ വീണ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ തോക്ക് എന്റെ കാൽക്കൽ വന്നു വീണു. ഒരു നിമിഷം ഞാൻ അതു എടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയും ചെയ്തു. എന്നാൽ ബുദ്ധിപൂർവ്വം ഞാൻ ആ ആശയം തള്ളിക്കളഞ്ഞു.—അത് ഉപയോഗിക്കുന്നവിധം എനിക്കു അറിഞ്ഞുകൂടായിരുന്നു.
അപ്പോൾ പൈലറ്റിന്റെ കതകു തുറക്കുകയും കയ്യിൽ തോക്കും കൈബോംബുമായി ഒരു പൊക്കം കൂടിയ മനുഷ്യൻ പ്രത്യക്ഷനാകുകയും ചെയ്തു. അയാൾ എന്റെ പുറകിൽ നിന്ന റാഞ്ചിയോട് സംസാരിക്കയും എന്റെ കണ്ണുകളിലേക്ക് നേരെ നോക്കുകയും അയാളുടെ തോക്കുകൊണ്ട് എന്നോട് എഴുന്നേൽക്കാൻ ആംഗ്യം കാണിക്കയും ചെയ്തു. അയാൾ എന്തോ പറഞ്ഞു. എന്നാൽ അയാളുടെ ആംഗ്യങ്ങളിൽ നിന്ന് വീണുകിടന്നിരുന്ന റാഞ്ചിയെ പൈലറ്റിന്റെ മുറിയിലേക്കു വലിച്ചുകൊണ്ടു പോകാനാണ് എന്നോടു പറഞ്ഞത് എന്ന് എനിക്കു ഏറെക്കുറെ മനസ്സിലായി.
ഞാൻ അതു ചെയ്യാൻ തുടങ്ങിയപ്പോൾ, അയാളെ പിടിച്ച് ഉയർത്തണമെന്നു റാഞ്ചി ആംഗ്യം കാണിച്ചു. അതു എനിക്കു തനിയെ ചെയ്യാൻ കഴിയാതിരുന്നതിനാൽ റാഞ്ചി സഹായത്തിനായി മറ്റൊരാളെ വിളിക്കുകയും, ഡെമെട്രീസ് വൾഗാറിസ് വരുകയും ചെയ്തു. ഡെമെട്രിസ് ഞങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതുകൊണ്ട് എനിക്കയാളെ വളരെ വർഷങ്ങളായി അറിയാമായിരുന്നു. ഡെമട്രിസ് ആ മനുഷ്യന്റെ കാലുകളിലും ഞാൻ തോളുകളിലും പിടിച്ച് അയാളെ ഉയർത്തി. അയാളുടെ ഉൾപോക്കറ്റിൽ നിന്ന് കൈബോംബ് എടുക്കുന്നതിനായിരുന്നു ഞങ്ങൾ അപ്രകാരം ചെയ്യാൻ അവർ ആഗ്രഹിച്ചത്.
റാഞ്ചികളിൽ ഒരാൾ കൈബോംബ് എടുത്തശേഷം വീണുകിടന്ന റാഞ്ചിക്ക് അല്പം വെള്ളം കൊടുക്കുന്നതിനു ഞങ്ങൾ അനുവാദം ചോദിച്ചു. എന്നാൽ വേണ്ടെന്നു ആംഗ്യം കാണിച്ചു. അയാൾക്ക് ഇനിയും സഹായം ചെയ്യാൻ കഴികയില്ല എന്ന് അവർ കണക്കുകൂട്ടി ഇരുന്നിരിക്കും. അതുകൊണ്ടു ഞങ്ങൾ അയാളെ വാതിൽക്കൽ ഇരുത്തി. ഞങ്ങളോടു സെക്യൂരിറ്റി ഗാർഡിനെ മുമ്പോട്ടു വലിച്ചുകൊണ്ടു വരാൻ ആവശ്യപ്പെടുകയും ചെയ്തു. ആ സമയം ഒരു റാഞ്ചി തറയിൽ കിടന്നിരുന്ന തോക്കുകൾ കാണുകയും അവ എടുക്കുകയും ചെയ്തു.
ഞങ്ങൾ സെക്യൂരിറ്റി ഗാർഡിനെ മുമ്പോട്ടു കൊണ്ടുവരവെ അയാളുടെ വസ്ത്രം മാറ്റുന്നതിനും അയാൾക്കു പ്രഥമ ശുശ്രൂഷ നൽകുന്നതിനും തോന്നിയിരുന്നു. എന്നാൽ അയാളുടെ തല ആദ്യ നിരയിലെ സീറ്റുകളോടു അടുത്തപ്പോൾ റാഞ്ചി ഞങ്ങളോടു നിർത്താൻ പറഞ്ഞു. രണ്ടു തട്ടങ്ങളിലെ ആഹാരസാധനങ്ങൾ തറയിൽ ഇട്ട് ഒഴിവാക്കി എടുക്കുന്നതിനു എന്നോടു കല്പിച്ചു. ആ തട്ടങ്ങൾ ആദ്യത്തെ സീറ്റിൽ വെക്കുന്നതിനും ഗാർഡിന്റെ തല തട്ടങ്ങളുടെ മുകളിൽ പിടിക്കുന്നതിനും റാഞ്ചി എന്നോട് ആംഗ്യം കാണിച്ചു.
ആ മുറിവേറ്റ മനുഷ്യനെ കൊല്ലാനാണു ഉദ്ദേശിച്ചതു എന്നു എനിക്കു ബോധ്യപ്പെട്ടു, “ഇല്ല!” എന്നു ആക്രോശിച്ചുകൊണ്ട് എന്റെ കൈകൾ കൊണ്ടു എന്റെ മുഖം പൊത്തുകയും യാത്രക്കാരുടെ നേരെ തിരിഞ്ഞ്, “അയാൾ ഇയാളെ കൊല്ലാൻ ആഗ്രഹിക്കുന്നു” എന്നു പറയുകയും ചെയ്തു. അത്ഭുതകരമായി, റാഞ്ചി എന്നെ ഒന്നും ചെയ്തില്ല. അയാൾ ഗാർഡിന്റെ തലയിൽ പിടിച്ചു. എന്നാൽ അയാളെ വെടിവെച്ചില്ല. പിന്നീട് അയാൾ എന്റെ തൊട്ടടുത്തുള്ള ഒന്നാം നിരയിൽ ഇരുന്നു. അല്പ സമയത്തിനുശേഷം എനിക്കു അവിടെ ഒട്ടും സഹിച്ചിരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു ഞാൻ എന്റെ കൈകൾ ഉയർത്തിക്കൊണ്ട് പുറകോട്ടു മാറുകയും അഞ്ചാമത്തേതൊ ആറാമത്തേതൊ ആയ നിരയിൽ ഒരു സീറ്റ് കണ്ടുപിടിക്കുകയും ചെയ്തു. ചെറുപ്പക്കാരനായ എന്റെ അസിസ്റ്റൻറ് ജോർജ്ജു വെൻഡുറിസ് എന്റെ പിമ്പിൽ വന്നിരുന്നു.
വിമാനത്തിലെ മുഖ്യസേവകൻ ഒരു വിധത്തിൽ കെട്ടുകൾ അഴിക്കുകയും പാസ്പോർട്ടുകൾ ശേഖരിക്കാൻ ശ്രമിച്ചിരുന്ന മറ്റൊരു സേവകനെ വിളിക്കുകയും ചെയ്തു. ഞങ്ങൾ നിലത്തു ഇറങ്ങാറായിരുന്നു. എന്നാൽ ഞങ്ങൾ ഇറങ്ങുന്നതിനുമുമ്പ് വിമാനത്തിലെ സേവകൻമാരോട് മരിച്ചതോ മരിക്കാറായതോ ആയ റാഞ്ചിയെ അഭയം നൽകി സംരക്ഷിക്കാൻ നിർദ്ദേശിച്ചു.
മാൾട്ടയിൽ എത്തിച്ചേരുന്നു
ഏകദേശം രണ്ടു മണിക്കൂർ നേരത്തെ പറക്കലിനുശേഷം റാഞ്ചി ഉദ്ദേശിച്ചിരുന്ന സ്ഥലത്തു ആയിരുന്നാലും അല്ലെങ്കിലും ഞങ്ങൾ മാൾട്ടയിൽ ഇറങ്ങി. വിമാനം ഇറങ്ങിയ ഉടനെ കതകു തുറക്കുകയും ഒരു ഡോക്ടർ അകത്തേക്കു വരികയും ചെയ്തു. ജീവനറ്റ റാഞ്ചിയെ അയാൾക്കു കാണിച്ചുകൊടുക്കയും അയാളെ പരിശോധിക്കുന്നതിനു പറയുകയും ചെയ്തു. അയാൾ അപ്രകാരം ചെയ്യുകയും സെക്യൂരിറ്റി ഗാർഡിന്റെ അടുക്കലേക്ക് പോകുന്നതിനു തലകൊണ്ട് ആംഗ്യം കാണിക്കയും ചെയ്തു. എന്നാൽ അതു വേണ്ടെന്ന് റാഞ്ചി അയാളോടു പറഞ്ഞു.
ഞാൻ നേരത്തെ തന്നെ ഇരുന്നിരുന്ന വിമാനത്തിന്റെ വലതു വശത്ത് ഗ്രീസുകാരോട് എല്ലാം ഇരിക്കാൻ പറഞ്ഞു. 17 ഗ്രീസുകാർ ഉണ്ടായിരുന്നു, പിന്നീട് അവരിൽ 5 പേർമാത്രം രക്ഷപ്പെട്ടു.
ഫിലിപ്പിനൊ സ്ത്രീകളെല്ലാം മുമ്പോട്ടു വരാൻ ക്ഷണിക്കയും മൊത്തം 11 പേർ വിമാനത്തിനു വെളിയിൽ പോകാൻ അനുവദിക്കയും ചെയ്തു.
വധശിക്ഷകൾ ആരംഭിക്കുന്നു
സേവകൻ യിസ്രായേൽ പെൺകുട്ടികൾ എവിടെയാണെന്നും ചോദിച്ചു. അവരെയും വിട്ടയക്കാൻ പോകയാണെന്നുള്ള ചിന്തയിൽ ഒരു ചെറുപ്പക്കാരി പെട്ടെന്നു പ്രതികരിച്ചു. എന്നാൽ അവൾ മുമ്പിൽ വന്നപ്പോൾ മുഖംമുടി ധരിച്ചിരുന്ന റാഞ്ചി അവളെ കടന്നു പിടിച്ചു. അയാൾ അവളെ വെളിയിലേക്കുള്ള ഗോവണിപടിയിലേക്കു തള്ളിമറിച്ചിട്ടു, അതുകൊണ്ടു അവൾക്ക് എന്തു സംഭവിച്ചു എന്ന് എനിക്കു കാണാൻ കഴിഞ്ഞില്ല. എന്നാൽ അവിടെ ഒരു വെടി പൊട്ടി, ഞങ്ങളെല്ലാം സഹജമായി ചിന്തയാൽ കുനിഞ്ഞിരിക്കാൻ ഇടയായി. ആ പെൺകുട്ടി അവസാന നിമിഷത്തിൽ തലതിരിച്ചതിനാൽ വെടിയുണ്ട അവളെ സ്പർശിച്ചു പോയതേയുള്ളു എന്ന് പിന്നീടു ഞങ്ങൾ കേട്ടു. അവൾ ഫ്ളാറ്റ്ഫോമിന്റെ ഗോവണിപടികളിൽ വീഴുകയും വിമാനത്തിന്റെ അടിയിൽ ഒളിക്കുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്തു.
ഇന്ധനം പ്രദാനം ചെയ്തില്ലെങ്കിൽ യാത്രക്കാരെ തുടർന്നു വെടിവെക്കുമെന്നു റാഞ്ചികൾ ഭീഷണിപ്പെടുത്തിയതായി ഞങ്ങൾ പിന്നീടു മനസ്സിലാക്കി. ഏതാനും മിനിറ്റുകൾക്കുശേഷം രണ്ടാമത്തെ ഇസ്രായേല്യ പെൺകുട്ടിയെ വിളിച്ചു, എന്നാൽ അവൾ എഴുന്നേറ്റില്ല. വിമാനത്തിലെ സേവകൻ പെൺകുട്ടിയുടെ പാസ്പോർട്ട് കയ്യിൽ പിടിച്ചുകൊണ്ട് അവളെ തിരിച്ചറിയിച്ചുകൊണ്ട് അവളോട് എഴുന്നേൽക്കാൻ പറഞ്ഞു. എന്നാൽ അവൾ അനുസരിച്ചില്ല. അതുകൊണ്ട്, അറബി സംസാരിക്കുന്നവരായിരുന്നതിനാൽ തന്റെ സഹായികളായി റാഞ്ചി ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ടു യാത്രക്കാരെ അയക്കുകയും അവർ അവളെ ബലം പ്രയോഗിച്ച് മുമ്പോട്ടു കൊണ്ടുവരികയും ചെയ്തു. ഞങ്ങൾക്കെല്ലാം ഞെട്ടൽ അനുഭവപ്പെടാൻ തുടങ്ങിയ സമയമായിരുന്നു അത്.
ആ പെൺകുട്ടി കരഞ്ഞുകൊണ്ടിരുന്നു. അവൾ താഴെ തറയിൽ വീണുകിടന്നു. പൈലറ്റിനോടു സംസാരിച്ചുകൊണ്ടിരുന്ന റാഞ്ചി വെളിയിൽ വന്നപ്പോൾ അവളെ തൊഴിക്കുകയും വെളിയിലേക്കു തള്ളിയിടുകയും ചെയ്തു. വീണ്ടും ഒരു വെടി പൊട്ടി, അവൾ മരണകരമായി മുറിവേറ്റു താഴെ വീണു. ഇപ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു.
അതു കഴിഞ്ഞ് പെട്ടെന്ന്, ഒരു ചെറുപ്പകാരനും രണ്ടു സ്ത്രീകളും ഉൾപ്പെടെ മൂന്നുപേരെകൂടി വിളിച്ചു. അവരുടെ പേരുകളിൽ നിന്നു അവർ അമേരിക്കക്കാർ ആയിരുന്നു എന്നു ഞങ്ങൾ നിഗമനം ചെയ്തു. റാഞ്ചി അവരെ മുമ്പോട്ടു കൊണ്ടുവന്നു. അയാളുടെ രണ്ടു സഹായികൾ അവരുടെ കൈകൾ പുറകോട്ട് പിടിച്ചു കെട്ടിയിരുന്നു. അവരോടു മുൻ നിരയിൽ ഇരിക്കാൻ ആജ്ഞാപിച്ചു.
ഏകദേശം ഒരു മണിക്കൂർ കടന്നു പോയി അപ്പോൾ അമേരിക്കൻ കുട്ടിയെ വിളിച്ചു. ആ കുട്ടിയുടെ ശാന്തതയിൽ എനിക്കു മതിപ്പുളവായി എന്ന് പറയാതിരിക്കാൻ വയ്യാ. അവൻ ഒരു അവാർഡോ മറ്റെന്തെങ്കിലുമോ സ്വീകരിക്കാൻ പോകുന്നതുപോലെ വളരെ ശാന്തമായി എഴുന്നേറ്റ് റാഞ്ചിയുടെ അടുക്കലേക്കു നടന്നു ചെന്നു. വീണ്ടും ഒരു സ്ഫോടനവും മന്ദശബ്ദവും ഉണ്ടാവുകയും വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു. ഞാൻ അതു കണ്ടില്ലെങ്കിലും ആ കുട്ടിയും വെളിയിലേക്കുള്ള ഗോവണിപ്പടിയിൽ വീണു. അത്ഭുതകരമായി, ആദ്യത്തെ ഇസ്രായേല്യ പെൺകുട്ടിയെപോലെ തന്നെ വെടിയുണ്ട അവനെയും സ്പർശിച്ചുപോയതെയുള്ളു, അവനും രക്ഷപ്പെട്ടു.
മറ്റൊരു മണിക്കൂറോളം കടന്നുപോയി, റാഞ്ചി അമേരിക്കൻ പെൺകുട്ടികളിൽ ഒരുവളെ വിളിച്ചു. അവളും എഴുന്നേൽക്കുകയും അതേ കഥ ആവർത്തിക്കയും ചെയ്തു—സ്ഫോടനവും ശബ്ദവും അവളുടെ വീഴ്ചയും. ഇപ്പോൾ രാവിലെ മൂന്നോ നാലോ മണിയായിരുന്നിരിക്കും. രാത്രിയുടെ ഭീകരാന്തരീക്ഷത്തിനു ഭീകരത വർദ്ധിക്കത്തക്കവണ്ണം മഴ പെയ്തുകൊണ്ടിരുന്നു. യാത്രക്കാർ ഭയത്താൽ തങ്ങളുടെ ഇരിപ്പിടങ്ങളിലേക്ക് ഒട്ടിയിരുന്നു.
ശാന്തമായ ഒരു അവസ്ഥയായിരുന്നു—കരച്ചിലോ അട്ടഹാസമോ മറ്റു ശബ്ദമോ ഇല്ലായിരുന്നു. എന്നാൽ ഈ വിധത്തിലുള്ള പതിഞ്ഞ സ്വരങ്ങൾ എനിക്കു കേൾക്കാൻ കഴിഞ്ഞിരുന്നു: “നോക്കൂ, അയാൾ ആ ഇസ്രായേല്യ പെൺകുട്ടിയെ കൊന്നുകളഞ്ഞു,” “ആ പാവം പെൺകുട്ടി,” ഇപ്പോൾ അയാൾ അമേരിക്കൻ പെൺകുട്ടിയെയും കൊന്നു.” “ഇതു എന്താണ്?” “ഇതു എങ്ങനെ മുന്നോട്ടു നീങ്ങാൻ കഴിയും?” “അയാൾ ഇനി എന്തു ചെയ്യും?”
എന്നെ സംബന്ധിച്ച്, ഓരോ വധ സമയത്തും ഞാൻ യഹോവയോടു പ്രാർത്ഥിച്ചു. ദൈവത്തിനു ഇഷ്ടമെങ്കിൽ ആ വ്യക്തിക്ക് അവന്റെ പുതിയ വ്യവസ്ഥിതിയിൽ ജീവൻ ലഭിക്കാൻ അവസരം കിട്ടത്തക്കവണ്ണം പുനരുത്ഥാനത്തിൽ അവനെ ഓർക്കുന്നതിനു ഞാൻ അപേക്ഷിച്ചു.
ഇതിനിടയിൽ സൂര്യൻ ഉദിക്കാൻ തുടങ്ങി. കതകു തുറക്കുകയും റാഞ്ചികളെ സഹായിച്ചുകൊണ്ടിരുന്ന രണ്ടുപേർ വെളിയിൽ പോവുകയും റൊട്ടികഷണങ്ങൾ കൊണ്ടുവരുകയും ചെയ്തു. ചിലർ തിന്നു, ചിലർ തിന്നില്ല. അവർ ഞങ്ങൾക്കു വെള്ളവും തന്നു.
വധങ്ങൾ നടന്നുകൊണ്ടിരിക്കവേ റാഞ്ചികളുടെ ആവശ്യങ്ങൾ വെളിയിൽ ഉള്ളവർക്ക് സ്വീകരിക്കാൻ പറ്റാതെവണ്ണം വളരെ ഉയർന്നതായിരിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു. അടുത്തതായി വധിക്കുന്നത് ഞങ്ങളിൽ ആരെയെങ്കിലുമായിരിക്കുമെന്ന് ഞങ്ങൾ വിചാരിക്കയും ചെയ്തു. എന്നാൽ അമേരിക്കൻ പെൺകുട്ടിയെ വധിച്ചശേഷം മണിക്കൂറുകൾ കടന്നുപോയതിനാൽ കാര്യങ്ങൾ ഒത്തുതീർപ്പിൽ എത്തിച്ചുകൊണ്ടിരിക്കയാണെന്നു ഞങ്ങൾ വിശ്വസിച്ചു തുടങ്ങി.
ഉച്ചയോടെ വിമാനത്തിന്റെ കതകു തുറക്കുകയും അടുത്ത അമേരിക്കൻ പെൺകുട്ടിയെ വിളിച്ച് വെടിവെച്ചു കൊല്ലുകയും ചെയ്തു. ഇതു സംഭവിച്ചപ്പോൾ അടുത്തതായി തന്നെയായിരിക്കും വധിക്കുന്നത് എന്നു ഓരോരുത്തരും ഭയപ്പെട്ടു. എന്നാൽ വൈകുന്നേരം കടന്നുപോകുകയും രാത്രി വരുകയും ചെയ്തെങ്കിലും മറ്റാരെയും വിളിക്കാത്തതിനാൽ അവർ ഒരു പക്ഷെ കാര്യങ്ങൾ തീർത്തുകാണുമെന്നു ഞങ്ങൾ വിചാരിച്ചു.
“താങ്കൾ വളരെ ശാന്തനാണ്!”
ആ ദിവസം ഞാൻ ഇങ്ങനെ ആത്മഗതം ചെയ്തു, ‘ഇതു ഞായറാഴ്ചയാണ്, പിറൗസ്സിലുള്ള ഞങ്ങളുടെ സഭയിൽ ഇപ്പോൾ പരസ്യപ്രസംഗം നടന്നുകൊണ്ടിരിക്കയാണ്.’ ഞാൻ മീറ്റിംഗ് സ്ഥലത്താണെന്നുള്ളതുപോലെ മൗനമായി ഒരു പ്രാർത്ഥന നടത്തി. പിന്നീട് പ്രസംഗം തീർന്നിരിക്കാവുന്ന സമയത്തു ഞാൻ എന്റെ വീക്ഷാഗോപുരം മാസിക പുറത്ത് എടുക്കയും ഞാൻ ഞങ്ങളുടെ സഭാ അദ്ധ്യയനത്തിലാണെന്നു സങ്കൽപ്പിക്കയും ചെയ്തു. സങ്കീർത്തനം 118:6-ലെ വരികൾ മനസ്സിലേക്കു വന്നു. യഹോവ നമ്മുടെ പക്ഷത്തുണ്ടെങ്കിൽ ഭൗമിക മനുഷ്യനെ ഭയപ്പെടുന്നതു എന്തിന് എന്ന് അതു പറയുന്നു.
എന്റെ പിന്നിൽ ഇരുന്നിരുന്ന യുവ സഹായിയായ ജോർജ്ജു വെൻടുറിസ് ഒരു സന്ദർഭത്തിൽ ഇപ്രകാരം പറഞ്ഞു: “യജമാനനേ, താങ്കൾ ശാന്തനായിരുന്നു എന്നു എനിക്കറിയാം, എന്നാൽ നിങ്ങൾ വളരെ ശാന്തനാണ്!”
“നോക്കു, മകനേ, നമുക്കു ഇവിടെ ഒരു നിസ്സാര പ്രശ്നം ഉണ്ട്” എന്നു ഞാൻ ഉത്തരം പറഞ്ഞു. “ഒന്നുകിൽ നാം ജീവിക്കും അല്ലെങ്കിൽ മരിക്കും. പ്രശ്നം കേവലം നമ്മുടേതല്ല. ദൈവത്തിൽ ആശ്രയിക്കുക, അവൻ, നാം മരിക്കാൻ അനുവദിക്കുകയാണെങ്കിൽ അവൻ അതു അനുവദിക്കുന്നു. അതുകൊണ്ട് പ്രയാസ്സപ്പെടേണ്ട.”
“താങ്കൾ എനിക്കു എന്തെങ്കിലും വായിക്കാൻ തന്നുകൂടേ?” അയാൾ ചോദിച്ചു, ഞാൻ അയാൾക്ക് വീക്ഷാഗോപുരം കൊടുക്കുകയും ചെയ്തു.
ഞാൻ ഒരു ക്രിസ്തീയ മുപ്പനായി സേവനമനുഷ്ഠിക്കുന്ന പിറൗസിൽ അദ്ധ്യയനം അവസാനിച്ചിരിക്കാവുന്ന സമയത്ത്, ഞാൻ എന്നെത്തന്നെ യഹോവയുടെ കരങ്ങളിൽ എൽപ്പിച്ചുകൊണ്ടും എന്തു സംഭവിക്കാൻ അവൻ അനുവദിക്കുന്നുവോ അതു സ്വീകരിക്കാൻ ഞാൻ തയ്യാറാണ് എന്നു പറഞ്ഞുകൊണ്ടും ഒരിക്കൽകൂടി പ്രാർത്ഥിച്ചു.
എന്റെ ഭാര്യക്ക് ഒരു ചെറിയ കുറിപ്പ് എഴുതുന്നതിനെക്കുറിച്ചും ഞാൻ ചിന്തിച്ചു: ‘കാത്തിയേ, കുട്ടികളേ, നാം രാജ്യത്തിൽ കണ്ടുമുട്ടും.’ എന്നാൽ ഞാൻ എന്റെ പേന എടുത്ത ഉടൻ, ഞാൻ ഇങ്ങനെ ചിന്തിച്ചു, ‘നീ എന്താണു ചെയ്യുന്നത്? ന്യായാധിപനായി പ്രവർത്തിക്കയാണോ? നേരത്തെ നീ കാര്യം യഹോവയുടെ കൈകളിലാണെന്നു പറഞ്ഞതല്ലേ?’ ഞാൻ മരിക്കും എന്നു പറഞ്ഞുകൊണ്ട് ഒരു കുറിപ്പുണ്ടാക്കാൻ എനിക്കു അർഹതയില്ല എന്നു ഞാൻ കണക്കാക്കി. അതുകൊണ്ടു ഞാൻ ഒന്നും എഴുതാതെ എന്റെ പേന തിരികെ അതിന്റെ സ്ഥാനത്തു വെച്ചു.
വിമോചനവും രക്ഷപ്പെടലും
പെട്ടെന്ന്, ഏകദേശം 8:30 P:M ന് യന്ത്രത്തോക്കുകൾ ഗർജ്ജിച്ചു, വ്യക്തമായും പുറത്തുനിന്നായിരുന്നു. എന്നാൽ വെടി വിമാനത്തിന്റെ പുറകിൽ നിന്നും വന്നുകൊണ്ടിരുന്നു, സാദ്ധ്യതയനുസരിച്ച് റാഞ്ചികളിൽനിന്ന്. ഞങ്ങൾ തറയിൽ വീണുകിടന്നു. തുടർന്ന് ഒരു പൊട്ടിത്തെറിയുണ്ടായി, എല്ലാ ലൈറ്റും അണഞ്ഞു.
‘ലൈറ്റുകൾ അണഞ്ഞിരുന്നതിനാൽ , ഞാൻ സ്വയം ചിന്തിച്ചു, ‘എനിക്കിപ്പോൾ പോകാൻ കഴിയും.’ ഞാൻ എഴുന്നേറ്റു, എന്നാൽ ഉടൻ എന്തോ കരിയുന്നതായി തോന്നി. അത് ഏതോ ഇനം വാതകമായിരുന്നു, അതുകൊണ്ട് ഞാൻ ശ്വാസോച്ഛ്വാസം നിർത്തി. “ഹെയ്, അവർ നമ്മെ കരിക്കാൻ പോവുകയാണ്,” എന്നു ജോർജ്ജു പറയുന്നതായി ഞാൻ കേട്ടു. എനിക്കു സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല, അതിജീവിക്കുക എന്ന ലക്ഷ്യത്തിൽ ഞാൻ കഴിവതും കുറച്ചുമാത്രം ശ്വസിച്ചു.
ഞാൻ നോക്കിക്കൊണ്ടിരുന്ന ദിശയിൽ എല്ലാം ഇരുട്ടായിരുന്നു. എന്നാൽ ഞാൻ, “മറ്റേവശം” എന്നു പറയുന്ന ഒരു ശബ്ദം കേട്ടു. ഞാൻ തിരിഞ്ഞപ്പോൾ ഒരു പ്രകാശ രശ്മി കാണുകയും ആ ദിശയിൽ ഞാൻ നീങ്ങുകയും ചെയ്തു. അല്പ നിമിഷത്തിനകം ഞാൻ ഒരു കവാടത്തിൽ എത്തി. അത് ഒരു പക്ഷേ ചിറകിനു മുകളിലൂടെയുള്ള ഒരു അടിയന്തിര കവാടമായിരുന്നിരിക്കാം. ഞാൻ ചിറകിൽ നിന്നു ചാടിയോ അതോ തെന്നിവീണോ എന്നു എനിക്കു ഓർക്കാൻ കഴിയുന്നില്ല.
അടുത്തതായി എനിക്കു ഓർക്കാൻ കഴിയുന്നത് ഞാൻ കിടന്നിരുന്നതും എന്റെ തലയിൽ പിടിച്ചുകൊണ്ട് ഒരാൾ എനിക്കു മീതെ നിൽക്കുന്നതുമാണ്. ഞാൻ വിമാനത്തിനു വെളിയിലായിരുന്നു എന്നും ഇവർ സാദ്ധ്യതയനുസരിച്ച് ഞങ്ങളെ വിമോചിപ്പിക്കുന്നവരായിരുന്നു എന്നും ഞാൻ തിരിച്ചറിഞ്ഞു.
ഞാൻ വീണ്ടും ശ്വാസോച്ഛ്വാസം ചെയ്യാൻ തുടങ്ങി. എന്നാൽ അവിടെ ശുദ്ധവായു ഉണ്ടായിരുന്നെങ്കിലും ഞാൻ അപ്പോഴും ആ വാതകം ശ്വസിച്ചുകൊണ്ടിരുന്നതായിട്ടായിരുന്നു എനിക്കു അനുഭവപ്പെട്ടത്. അതിനുശേഷവും ദിവസങ്ങളോളം അത് അപ്രകാരമായിരുന്നു. മറ്റുള്ളവരും എന്റെ പിന്നിൽ വീണിരുന്നു, ഞങ്ങൾ എഴുന്നേൽക്കാൻ ശ്രമിച്ചു, എന്നാൽ അതിനു ഞങ്ങളെ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ ചില പെട്ടികളുടെ പിമ്പിലേക്ക് ഇഴഞ്ഞു നീങ്ങി. അവിടെ ഞങ്ങളെ തിരക്കി പിന്നീടു ഞങ്ങളെ കാറിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി.
സംരക്ഷണ ഉദ്യമത്തിനിടയിൽ മരിച്ച ഉദ്ദേശം 60 പേരിൽ മിക്കവരും വിമാനത്തെ ആക്രമിച്ച ഈജിപ്ഷ്യൻ കമാന്റോകളുടെ സ്ഫോടകവസ്തുക്കളിൽ നിന്നുണ്ടായ പുക മൂലമാണ് മരിച്ചതെന്ന് പിന്നീട് ഞങ്ങൾ അറിഞ്ഞു. സങ്കടകരമെന്നു പറയട്ടെ, മരിച്ചവരുടെ കൂട്ടത്തിൽ എന്റെ സഹപ്രവർത്തകനായിരുന്ന ജോർജ്ജു വിൻഡുറിസും ഉണ്ടായിരുന്നു.
ആശുപത്രിയിൽ
ഞങ്ങൾ ആശുപത്രിയിൽ എത്തിയപ്പോൾ—അതു സെൻറ് ലൂക്ക്സ് ആശുപത്രി ആയിരുന്നു—ഞാൻ “അടിയന്തിരം!” എന്ന വാക്കു കേട്ടു. ഞങ്ങളെ സ്ട്രെച്ചറുകളിൽ കിടത്തുകയും, എന്തു സംഭവിച്ചു എന്നു കാണാൻ ഒരു ഡോക്ടർ വരികയും ചെയ്തു. ഷോർട്ട്സ് ഒഴികെ എന്റെ വസ്ത്രങ്ങളെല്ലാം മാറ്റി. അതിനുശേഷം എന്നെ ഒരു വാർഡിലേക്കു കൊണ്ടുപോയി. എനിക്കു വേദനയുണ്ടായിരുന്നു, എന്റെ കണ്ണുകൾ എന്നെ അലട്ടിക്കൊണ്ടുമിരുന്നു. പെട്ടെന്ന് എനിക്ക് ഒന്നും കാണാൻ മേലാതായി, അതുകൊണ്ടു ഞാൻ അലറുകയും ഒരു ഡോക്ടർ വരികയും ചെയ്തു. അയാൾ എന്റെ കണ്ണിൽ എന്തോ വെച്ചു.
അവർ എന്നെ ബാൻഡേജുകൊണ്ട് കെട്ടുകയും ഞരമ്പിൽകൂടി ആഹാരം കയറ്റാൻ തുടങ്ങുകയും ചെയ്തു. എന്നെ നനഞ്ഞ തുവാലകൊണ്ട് തുടക്കുകയും വേദനക്കു കുത്തിവെക്കുകയും ചെയ്തു. എന്റെ പരിമിതമായ ഇംഗ്ലീഷിൽ, ഞാൻ ഒരു യഹോവയുടെ സാക്ഷിയായതുകൊണ്ട് രക്തപ്പകർച്ച ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞു. അപ്പോൾ ചിലർ വിമാനത്താവളത്തിലെത്തിയിരുന്ന ആംബുലൻസിൽ ഒരു സാക്ഷി, ഒരു മാൾട്ടി സാക്ഷി ജോലി ചെയ്യുന്നുണ്ടെന്നു എന്നെ അറിയിച്ചു. പിന്നീട് അയാൾ എന്നോട് സംസാരിക്കാൻ വന്നപ്പോൾ, “പ്രയാസപ്പെടേണ്ട, അവർ രക്തം ഉപയോഗിക്കുകയില്ല” എന്നു പറഞ്ഞു.
അവസാനം ഒരു ഡോക്ടർ വന്നു. അവർ വളരെ മാന്യതയുള്ളവളായിരുന്നു. എനിക്കു അവരെ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഞാൻ അവരുടെ ശബ്ദം ഓർമ്മിക്കുന്നു. ഞാൻ അവരോട്, എന്റെ വീട്ടിലേക്ക് ഫോൺചെയ്ത് ഞാൻ ജീവിച്ചിരിക്കുന്നതായി അറിയിക്കുമോ എന്നു ചോദിച്ചു. ഞാൻ അവരെ സംബന്ധിച്ച് പ്രയാസത്തിലായിരുന്നു.
ആരോ അകത്തു വന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ അയാൾ ആശുപത്രി ഡയറക്ടറായിരുന്നു. അയാൾ എന്റെ കൈക്കു പിടിക്കുകയും, “താങ്കളുടെ പേര് എന്താണ്?” എന്നു ചോദിക്കുകയും ഞാൻ പേർ പറയുകയും ചെയ്തു. ഗ്രീസിലെ ബ്രാഞ്ചോഫീസിൽ നിന്ന് സാക്ഷികൾ വിളിക്കയും വരിയിൽ കാത്തു നിൽക്കുകയും ചെയ്തിരുന്നു എന്ന് ഞാൻ പിന്നീട് അറിഞ്ഞു. ഞാൻ ജീവിച്ചിരിക്കുന്നു എന്നു ഉറപ്പു വരുത്തുകയും ആ വിവരം അവരോടു പറയുകയും ചെയ്യുന്നതിനായിരുന്നു ആശുപത്രി ഡയറക്ടർ എന്നെ കാണാൻ വന്നിരുന്നത്. ഇതു തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവിച്ചത്.
ചൊവ്വാഴ്ച എന്റെ ഭാര്യയും മകനും മാൾട്ടയിൽ വന്നു. അവളുടെ കൈ എന്റെ കൈയിൽ സ്പർശിച്ചപ്പോൾ അതു എന്റെ ഭാര്യ ആണെന്നു ഞാൻ അറിഞ്ഞു. ഞാൻ അവളെ കെട്ടിപ്പിടിക്കുകയും ഞാൻ യഹോവയ്ക്കു നന്ദി കൊടുക്കുകയും ചെയ്തു. എന്റെ മകനും ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മാനേജരും വന്നിരുന്നു.
ഈ സമയത്തെല്ലാം എനിക്കു ശ്വസിക്കാൻ കഴിയേണ്ടതിനു ഓക്സിജൻ തന്നുകൊണ്ടിരുന്നു. ഒരു നേഴ്സ് വരികയും എന്റെ കഫം പോകുന്നതിനുവേണ്ടി എന്നെ മുഖം കീഴോട്ടാക്കി കിടത്തുകയും തട്ടുകയും ചെയ്തു. വീണ്ടും എനിക്കു കാണാൻ കഴിഞ്ഞപ്പോൾ കഫം കറുത്തതാണെന്നു ഞാൻ കണ്ടു. വാതകങ്ങൾ മുലമായിരിക്കും അപ്രകാരം സംഭവിച്ചത്. ബുധനാഴ്ച എന്റെ ബാൻഡേജുകൾ എല്ലാം നീക്കം ചെയ്തു. എന്നാൽ എനിക്കു വെളിച്ചം കാണാൻ കഴിഞ്ഞിരുന്നില്ല.
ആ ദിവസം അനേകം റിപ്പോർട്ടർമാർ വന്നപ്പോൾ ഡോക്ടർ അവരോട് വെളിയിൽ പോകാൻ ആജ്ഞാപിച്ചു. അതിനിടയിൽ പോലീസ് വരികയും ഒരു മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അവർ എന്നോട് ഇങ്ങനെ പറഞ്ഞു, “താങ്കൾക്ക് ധാരാളം വിശദാംശങ്ങൾ അറിയാം, താങ്കൾക്ക് ഒരു പുസ്തകം എഴുതാൻ കഴിയും.” അതിനുശേഷം വിദേശ പ്രതിനിധികളിലൊരാളും ഒരു പ്രോസിക്യൂട്ടറും ഒരു ടേപ്പ് റിക്കാർഡർകൊണ്ട് വരികയും വീണ്ടും ഒരു ഭാഷാന്തരക്കാരന്റെ സഹായത്തോടെ എന്റെ മൊഴി എടുക്കുകയും ചെയ്തു.
ഇതു കഴിഞ്ഞപ്പോൾ എന്റെ ഭാര്യയും മകനും ആശുപത്രി വിട്ടു. എനിക്കു യാത്രചെയ്യത്തക്കവണ്ണം സുഖമാകുന്നതുവരെയും ഞങ്ങൾക്കു ഒരുമിച്ച് മാൾട്ട വിടാൻ കഴിയുന്നിടം വരെയും അവർ ചില മാൾട്ടാ സാക്ഷികളുടെ കൂടെ താമസിച്ചു. ഈജിപ്റ്റ് എയർ ഫൈറ്ളറ് 648-ന്റെ ഭീകരമായ റാഞ്ചലിൽനിന്നു രക്ഷപ്പെട്ട ചുരുക്കം അതിജീവകരുടെ കൂടെ ആയിരിക്കാൻ കഴിഞ്ഞതിൽ ഞാൻ ആഴമായ നന്ദിയുള്ളവനാണ്.—ഏലിയാസ് റൗസിയാസ് പറഞ്ഞപ്രകാരം (g86 6/22)
[14-ാം പേജിലെ ആകർഷകവാക്യം]
അയാൾ തോക്കു വെളിയിൽ എടുക്കുകയും റാഞ്ചിയെ വെടിവെക്കുകയും ചെയ്തു
[16-ാം പേജിലെ ആകർഷകവാക്യം]
അടുത്ത അമേരിക്കൻ പെൺകുട്ടിയെ വിളിക്കയും വെടിവെച്ചുകൊല്ലുകയും ചെയ്തു
[17-ാം പേജിലെ ചിത്രം]
ഞാൻ അന്ധനാക്കപ്പെടുകയും എനിക്കു വലിയ വേദന അനുഭവപ്പെടുകയും ചെയ്തിരുന്നു
[കടപ്പാട്]
Reuters
[18-ാം പേജിലെ ചിത്രം]
എന്റെ ഭാര്യയും മകനും ആശുപത്രിയിൽ എന്നെ സന്ദർശിച്ചു
[കടപ്പാട്]
Reuters