ലോകത്തെ വീക്ഷിക്കൽ
മതപ്രവചനം—ഇരുണ്ടത്!
അമേരിക്കൻ സഭകളുടെ ഭാവിതാല്പര്യങ്ങൾ അറിയുന്നതിനുവേണ്ടി ഇല്ലിനോയിസ് യു. എസ്. എ. യിലെ ക്രിസ്റ്റ്യാനിറ്റി റ്റുഡേ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊട്ടസ്റ്റൻറ് മതപണ്ഡിതൻമാരുടെ ഒരു സമിതി സംഘടിപ്പിച്ചു. അത് അമേരിക്കയിലെ ക്രിസ്തീയ വിശ്വാസം കഠിനവും അനിശ്ചിതവുമായ ഒരു ഭാവി അഭിമുഖീകരിക്കുകയാണെന്ന് മുന്നറിയിപ്പു നൽകി. വാസ്തവത്തിൽ ഒരു സഭാനേതാവ് ഇപ്രകാരം പറഞ്ഞു: “നമ്മുടെ സംസ്കാരത്തിൽ സഭയല്ല മറിച്ച് സാങ്കേതിക വിദ്യയാണ് ഒരു സ്വാധീനശക്തിയായിത്തീർന്നിരിക്കുന്നത്.” സഭയുടെ ഭാവി അവസ്ഥകളെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് മാലിബു ബീച്ച് കാലിഫോർണിയായിലെ പേപ്പർഡൈൻ സർവ്വകലാശാലയിൽ നിന്നുള്ള ജോൺ ജോൺസൺ ഇപ്രകാരം പറഞ്ഞു: “സഭ വഴിയാത്രക്കാർക്ക് മൂല്യം കുറഞ്ഞ ഭക്ഷണം നൽകുന്ന ഒരു ചന്തസ്ഥലം പോലെയായിത്തീർന്നിരിക്കയാണ്. പാസ്റ്ററുടെ പ്രസംഗം ഡിസ്ക്കൗണ്ട് വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരു ‘പ്രതിവാര സ്പെഷ്യലി’നേക്കാൾ അധികം മേൻമയുള്ളതല്ല.”
ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഒരു അജ്ഞാത പുസ്തകം
അടുത്ത കാലങ്ങളിൽ അമേരിക്കൻ ഐക്യനാടുകളിൽ ബൈബിളിന്റെ പ്രതിവർഷവിൽപ്പന ഏതാണ്ട് 30 കോടി ഡോളറിൽ എത്തിയതായി പ്രൊവിഡെന്റ്സ് സൻഡേ ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പബ്ളിഷേഴ്സ് അസോസിയേഷൻ പറയുന്നതനുസരിച്ച് വിറ്റഴിക്കുന്ന ബൈബിളിൽ 80 ശതമാനവും വാങ്ങുന്നത് പ്രൊട്ടസ്റ്റൻറുകാരാണ്. എന്നാൽ കത്തോലിക്കർ ബൈബിൾ ചന്തയിലെ “കുംഭകർണ്ണ”നാണെന്ന് രാജ്യത്തെ ഏറ്റവും വലിയ ബൈബിൾ പ്രസാധകരായിരിക്കുന്ന തോമസ് നെൽസൺ ഇൻക്. നുവേണ്ടി ഒരു വക്താവ് കുറിക്കൊള്ളുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ മതവിഭാഗമായിരിക്കുന്ന കത്തോലിക്കരുടെയിടയിൽ 1965-ൽ അവസാനിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ ബൈബിൾ വായന ഊന്നിപ്പറഞ്ഞിരുന്നില്ല.
കളിപ്പാട്ടങ്ങളല്ല, സ്നേഹം കൊടുക്കുക!
ആസ്ട്രേലിയായിലെ കളിപ്പാട്ടമുണ്ടാക്കുന്ന ഒരു കമ്പനി 400 കുട്ടികളോട് തങ്ങൾക്ക് ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്നതെന്താണെന്ന് ചോദിച്ചപ്പോൾ ലഭിച്ച ഉത്തരം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഭൂരിപക്ഷം കുട്ടികളും കളിപ്പാട്ടങ്ങൾ ആഗ്രഹിക്കാതെ തങ്ങളുടെ മാതാപിതാക്കളോടുകൂടെ കൂടുതൽ സമയം ചെലവഴിക്കുന്നതിനാഗ്രഹിച്ചതായി വെസ്റ്റ് ആസ്ട്രേലിയൻ റിപ്പോർട്ട് ചെയ്യുന്നു. ഒരു കുടുംബമെന്നനിലയിൽ ഒത്തൊരുമിച്ച് ഒരു സായാഹ്ന ഭക്ഷണം കഴിക്കുന്നത് താൻ കൂടുതൽ ഇഷ്ടപ്പെടുന്നുവെന്ന് ആറ് വയസ്സുള്ള ഒരു കുട്ടി പറയുകയുണ്ടായി. കാരണം എല്ലാവരും അടുത്തുള്ളതിനാൽ “നമുക്ക് മറ്റുള്ളവരെക്കുറിച്ച് ഉൽക്കണ്ഠപ്പെടേണ്ടതില്ല.” കുട്ടികൾ കുടുംബഘടകത്തിന് മുൻഗണന നൽകിയതായും കുടുംബാംഗങ്ങൾ ഒന്നിച്ചായിരിക്കുന്നത് “പരമപ്രധാനമായി” വീക്ഷിച്ചതായും ഒരു കമ്പനി ഉദ്യോഗസ്ഥൻ കുറിക്കൊണ്ടു.
“ഉല്പത്തി വിവരണം” നിരോധിച്ചു!
ക്യൂൻസ്ലാൻഡ്, ആസ്ട്രേലിയായിലെ ദേശീയ സ്കൂളുകൾ പരസ്പര വിരുദ്ധങ്ങളായിരിക്കുന്ന പരിണാമവാദവും സൃഷ്ടിവാദവും പഠിപ്പിക്കുന്നതിന് തുല്യസമയം അനുവദിച്ചിരിക്കെ, ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റിൽ “ഉല്പത്തി വിവർത്തനം” നിരോധിച്ചതായി സിഡ്നി മോർണിംഗ് ഹെറാൾഡ് കുറിക്കൊള്ളുന്നു. ഒരു ശാസ്ത്രീയ സിദ്ധാന്തമെന്ന നിലയിൽ മനഃപൂർവ്വം സൃഷ്ടിവാദം പഠിപ്പിക്കുന്നതിൽ തുടരുന്ന അദ്ധ്യാപകർക്കെതിരെ വ്യവസ്ഥാപിതമായി നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടർ ജനറൽ എല്ലാ ഹൈസ്കൂൾ മേലധികാരികൾക്കും മുന്നറിയിപ്പു നൽകി.
ശ്രേഷ്ഠമായ പ്രസംഗരീതി
മിക്ക പാശ്ചാത്യ രാജ്യങ്ങളിലും മതപരമായ പരിപാടികൾക്കുവേണ്ടി ടെലിവിഷൻ ഉപയോഗിക്കുന്നത് ഒരു സർവ്വകാല അത്യുച്ചത്തിൽ എത്തിയിരിക്കയാണ്. തങ്ങളുടെ ശുശ്രൂഷയിൽ ഒരു മാദ്ധ്യമം എന്നനിലയിൽ ടിവി എത്രയും ശ്രേഷ്ഠമായി ഉപയോഗിക്കാൻ കഴിയുന്ന വിധം പാസ്റ്റർമാരെ പഠിപ്പിക്കുന്നതിനുവേണ്ടി ആസ്ട്രേലിയായിൽ ഇപ്പോൾ പഠനക്ലാസ്സുകൾ ലഭ്യമാണ്. എന്നാൽ ടെലിവിഷനിലൂടെയുള്ള സുവിശേഷ വേലയെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ഏകീകൃത സഭയുടെ ഒരു ശുശ്രൂഷകനായിരിക്കുന്ന ഡോ. പീറ്റർ ഹോഴ്സ് ഫീൽഡ് ഇപ്രകാരം കുറിക്കൊണ്ടു: “അപ്പോസ്തലൻമാരുടെ കാലത്ത് ടിവി ഉണ്ടായിരുന്നെങ്കിൽ ക്രിസ്ത്യാനിത്വത്തെക്കുറിച്ച് വളരെയധികമാളുകൾ അറിയുമായിരുന്നു, പക്ഷേ വളരെ കുറച്ചു പേർ മാത്രമേ ക്രിസ്ത്യാനികൾ ആകുമായിരുന്നുള്ളു. ടെലിവിഷന് വളരെയധികമാളുകളിൽ എത്തിച്ചേരുന്നതിന് കഴിയും. . . . എന്നാൽ മതപരമായ കാര്യങ്ങൾ ആളുകളെ നേരിൽകണ്ട് സംസാരിക്കുന്നതാണ് ഏറ്റം ശ്രേഷ്ഠമായ മാർഗ്ഗം.”
ജർമ്മനിയിൽ ബിഷപ്പ് കാർഹേയ്ൻസ് സ്റ്റോൾ 4200 ഇടവകാംഗങ്ങൾക്കുള്ള ഒരു കത്തിൽ “ആളുകളുടെ വീട്ടുവാതിൽക്കൽ സുവിശേഷ വേല എത്തിക്കുന്ന”തിന്റെ ഒരു പരിപാടി അവതരിപ്പിക്കുകയുണ്ടായി. കഴിഞ്ഞ കാലത്തെ സുവിശേഷ പ്രസ്ഥാനങ്ങളുടെ ഫലമില്ലായ്മയെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ജർമ്മൻ പത്രമായിരിക്കുന്ന റെയിനിസ്ക്കർ മെർക്കുർ ക്രൈസ്റ്റ് ആൻഡ് വെൽറ്റ് യഥാർത്ഥവിജയം നേടാൻ നയപരിപാടികളേക്കാൾ അധികം ചിലത് ആവശ്യമാണെന്ന് കുറിക്കൊണ്ടു. വിശ്വാസം കെട്ടുപണിയാനുള്ള കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിജയിക്കാഞ്ഞത് ഒരു പ്രത്യേക കുറവു നിമിത്തമാണെന്ന് അത് പ്രസ്താവിച്ചു, അതായത്, “ഇന്ന് നമുക്ക് സ്പെഷ്യലിസ്റ്റുകളായ നിരവധി ശുശ്രൂഷകരുണ്ട്, എന്നാൽ നമുക്കില്ലാത്തത് ആളുകളെ നേരിൽ കണ്ടുമുട്ടുന്നതിന് വീടുതോറും പോകുന്ന ദൈവിക ശുശ്രൂഷകരാണ്.”
“അപഹർത്താവിന്റെ സ്പെഷ്യൽ”
ഇരുപത്തിമൂന്ന് ഔൺസ് (0.7കിലോ) മാത്രം തൂക്കവും ഏതാണ്ട് 450 ഡോളർ വിലവരുന്നതും അഴിച്ചുകഴിഞ്ഞാൽ ഒരു എയർപോർട്ട് എക്സ്റേ മിഷനിൽ പതിയാത്തതുമായ വസ്തു എന്താണ്? അത് ‘അപഹർത്താവിന്റെ സ്പെഷ്യൽ’ എന്ന പേര് ലഭിച്ചിരിക്കുന്ന പ്ലാസ്റ്റിക് തോക്കുതന്നെ. അപഹരണം നടത്തിയേക്കാവുന്ന ഒരുവൻ തോക്ക് അഴിച്ച് അതിന്റെ ചില ലോഹഭാഗങ്ങൾ യാത്രാസാമാനങ്ങളുടെയിടയിൽ പലസ്ഥലങ്ങളിലായി സൂക്ഷിച്ചുവെക്കുകയും എയർപോർട്ടിലെ സുരക്ഷിതത്വ ഏജൻറൻമാർ ഉപയോഗിക്കുന്ന എക്സ്റേ മിഷ്യനിലൂടെ നോക്കുമ്പോൾ പ്ലാസ്റ്റിക് തോക്ക് കണ്ടുപിടിക്കപ്പെടാതിരിക്കുന്നതിനിടയാക്കുകയും ചെയ്യുന്നതിനാലായിരിക്കാം ഒരുപക്ഷേ ഇതിന് ഈ പരിഹാസപ്പേര് ഇട്ടിരിക്കുന്നത്. സൈന്യോപകരണങ്ങളും പോലീസ് ഉപകരണങ്ങളും നിർമ്മിക്കുന്നതിൽ സാങ്കേതിക വൈദഗ്ദ്ധ്യം നേടിയ ഒരു ആസ്ട്രേലിയൻ കമ്പനി ഗ്ലോക്-17 പ്ലാസ്റ്റിക് തോക്ക് ഉല്പാദിപ്പിക്കുകയുണ്ടായി. 1985 മുതൽ ആ തോക്ക് നോർവെയിലും സ്വീഡനിലും കാനഡയിലും ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ആ തോക്ക് അപഹർത്താക്കൾക്ക് കൊള്ളാവുന്ന ഒരു ആയുധമായിത്തീരുമോയെന്ന് ചില അധികാരികൾ ഭയപ്പെടുന്നുണ്ട്.
സുരക്ഷിതമല്ലാത്ത സംരക്ഷണം!
തങ്ങളെയും തങ്ങളുടെ കുടുംബാംഗങ്ങളെയും ബലാൽസംഗവും ഭവനഭേദനവും നടത്തുന്നവരിൽനിന്ന് രക്ഷിക്കുന്നതിനായി അനേകരും തങ്ങളുടെ കതകുകളിലും ജനാലകളിലും “ബെഗ്ളർ അഴികൾ” ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച് അവരും ഒരു വലിയ അപകടത്തിൻ കീഴിലാണ്. വാഷിംഗ്ടൺ ഡി. സി. യിലെ അഗ്നിശമന വകുപ്പിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കുന്ന ക്യാപ്റ്റൻ റിച്ചാർഡ് ക്ലാർക്ക് വിവരിക്കുന്നു: “നിങ്ങൾ നിങ്ങളെ ഒരു സംരക്ഷണ വലയത്തിനുള്ളിലാക്കിയാൽ . . . നിങ്ങൾ ഒരു ബാഹ്യ അതിക്രാമകനിൽനിന്ന് ഏതാണ്ട് സുരക്ഷിതനാണ്. പക്ഷേ അതേസമയം നിങ്ങൾ നിങ്ങളെത്തന്നെ തടങ്കലിലാക്കിയിരിക്കയാണ്.” അത്തരം അഴികൾ “ഭവനത്തിൽ അഗ്നിബാധമൂലം ഭയങ്കര ഭവിഷ്യത്തുകൾക്കിടയാക്കുന്നതായി” അഗ്നിശമന വകുപ്പിലെ ഉദ്യോഗസ്ഥൻമാർ കുറിക്കൊള്ളുന്നു. അക്കാരണത്താൽ രക്ഷപ്പെടാനുള്ള യാതൊരു ക്രമീകരണവുമില്ലാത്ത അല്ലെങ്കിൽ അതിനുവേണ്ടി ഒരു താക്കോൽ ഉപയോഗിക്കേണ്ടിയിരിക്കുന്ന അഴികൾ ഘടിപ്പിക്കുന്നത് ചില വൻനഗരങ്ങളിൽ നിയമവിരുദ്ധമാണ്. നിങ്ങൾ അത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നെങ്കിൽ അഗ്നിബാധയുണ്ടായാൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എളുപ്പം രക്ഷപ്പെടാൻ കഴിയുമോ?
രോഗവിമുക്തമായ ഹൃദയം
“വികസിത രാജ്യങ്ങളിലെ 50 ശതമാനത്തോട് താരതമ്യപ്പെടുത്തുമ്പോൾ എസ്കിമോകളിൽ ശരാശരി 5 ശതമാനത്തിന് മാത്രമേ ഹൃദ്രോഗമുള്ളതായി അറിയപ്പെടുന്നുള്ളു” എന്ന് ഏഷ്യാ വീക്ക് റിപ്പോർട്ട് ചെയ്യുന്നു. എന്തുകൊണ്ട്? ഇത് അവരുടെ ഭക്ഷണം നിമിത്തമാണെന്ന് ആസ്ട്രേലിയൻ ശാസ്ത്രജ്ഞൻമാരുടെ ഒരു സംഘം പറയുന്നു. എസ്ക്കിമോകൾ മത്സ്യഭുക്കുകളാണ്. മീനെണ്ണ രക്തത്തിലെ കൊഴുപ്പിന്റെ അളവ് സാരവത്തായി കുറയ്ക്കുന്നതായി മെൽബോണിലുള്ള ബേക്കർ മെഡിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻമാർ അവകാശപ്പെടുന്നു. അത് ഹൃദയസ്തംഭനത്തിന്റെ സാദ്ധ്യത കുറയ്ക്കുന്നു. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്ന മാക്സ് ഈപിഎ എന്ന് അറിയപ്പെടുന്ന പദാർത്ഥം മീനെണ്ണയിലും പലതരത്തിലുള്ള മത്സ്യങ്ങളിലും കാണപ്പെടുന്നതായി ശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെടുന്നു.
ക്ഷുദ്രപ്രയോഗ ഭ്രാന്ത്
ആഫ്രിക്കയിലെ അനേക ഭാഗങ്ങളിൽ ഇടിവെട്ടുപോലുള്ള ആപത്തുകൾക്ക് ഉത്തരവാദികൾ ക്ഷുദ്രക്കാരികളാണെന്ന് വിശ്വസിക്കപ്പെടുന്നു. അടുത്ത കാലത്ത് ദക്ഷിണാഫ്രിക്കയുടെ ഉത്തരഭാഗത്ത് സ്ഥിതിചെയ്യുന്ന രാമോക്ക് ഗോപാ ഗ്രാമത്തിനടുത്ത് മൂന്നു മാസത്തിനുള്ളിൽ ഇടിവെട്ടിനാൽ പത്തോളം പേർ മരിച്ചതായി റിപ്പോർട്ടു ചെയ്തു. അവസാനത്തെ ഇര 16 വയസ്സുള്ള ഒരു വിദ്യാർത്ഥിയായിരുന്നു. ഇതിനെ തുടർന്ന് അവന്റെ സ്കൂളിലെ സഹപാഠികൾ ക്ഷോഭം പൂണ്ട് ആ ഗ്രാമത്തിലുള്ള ക്ഷുദ്രക്കാരികളോട് പക വീട്ടി. ക്ഷുദ്രക്കാരികളാണ് ഇതിന് ഉത്തരവാദികളെന്നാണ് അവർ വിശ്വസിക്കുന്നത്. “യുവാക്കൾ ഉഗ്രരോഷത്തോടെ കുറ്റവാളിയെന്ന് സംശയിക്കപ്പെട്ട വ്യക്തികളുടെ ഭവനങ്ങളും സ്ഥാപനങ്ങളും അഗ്നിക്ക് ഇരയാക്കിയതായി” യോഹന്നസ്ബർഗ്ഗിലെ സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.
ചുറ്റിത്തിരിയുന്ന കാന്തികധ്രുവം
ഭൂമിയുടെ ഉത്തര കാന്തിക ധ്രുവം “1904-ലെ അതിന്റെ സ്ഥാനത്തുനിന്ന് വ്യതിചലിച്ച് ഇപ്പോൾ അതിന്റെ വടക്കുപടിഞ്ഞാറായി ഏതാണ്ട് 480 മൈൽ [770 കി.മീ] അകലെയാണ് സ്ഥിതി ചെയ്യുന്നത്” എന്ന് സയൻസ് ഡൈജസ്റ്റ് പറയുന്നു. ഭൂഗ്രഹത്തിന്റെ ദ്രവണാങ്കം ചുറ്റിത്തിരിയുന്നെന്നും ദ്രവണാങ്കം ഭൂമിയുടെ കാന്തിക വലയത്തെ പ്രവർത്തനക്ഷമാക്കുന്നതിനാൽ കാന്തിക ധ്രുവത്തിന്റെ സ്ഥാനം വർഷങ്ങളായി മാറിക്കൊണ്ടിരിക്കയാണെന്നും ആ ലേഖനം വിവരിക്കുന്നു. അത് ഇപ്പോൾ 77 ഡിഗ്രി വടക്കായും 102.3 ഡിഗ്രി പടിഞ്ഞാറായും സ്ഥിതിചെയ്യുന്നതായി കാനഡയിലെ ഭൗതിക ശാസ്ത്രജ്ഞൻമാർ ചൂണ്ടിക്കാണിക്കുന്നു. അവിടെനിന്നും 800 മൈൽ (1,290 കി.മീ) വടക്കായി സ്ഥിതിചെയ്യുന്ന യഥാർത്ഥ ഉത്തരധ്രുവത്തെ ചൂണ്ടിക്കാണിക്കുന്നതിനുപകരം കാന്തിക വടക്കു നോക്കി യന്ത്രങ്ങൾ ഉത്തര കാന്തിക ധ്രുവത്തെ ചൂണ്ടിക്കാണിക്കുന്നുവെന്നറിയുന്നത് രസാവഹമാണ്.
കൃത്രിമ മഴ പെയ്യിക്കുന്ന മാർഗ്ഗം
മഴ പെയ്യിക്കുന്നതിനുവേണ്ടി മേഘം ഉളവാക്കുന്നത് എല്ലായ്പ്പോഴും വിജയപ്രദമാന്നെണ് തെളിഞ്ഞിട്ടില്ല. എന്നാൽ ഈ രീതിയിൽ ചിലർ പുതിയ താല്പര്യം കാട്ടുന്നതായി ലണ്ടൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യെരൂശലേമിലുള്ള എബ്രായ സർവ്വകലാശാലയിലെ പ്രൊഫസറായിരിക്കുന്ന അവ്റാഹാം ഗാജിൻ മഴ പെയ്യിക്കാനുള്ള കൃത്രിമ മാർഗ്ഗം കണ്ടുപിടിച്ചതായി അവകാശപ്പെടുന്നു. അതിന് ആവശ്യമായിരിക്കുന്നതെന്താണ്? ഒരു വിമാനത്തിൽനിന്ന് ഒരു നിശ്ചിത അളവ് ഐസ് കട്ടയോ സിൽവർ അയൊഡൈഡോ ഏകദേശം നാല് മുതൽ ആറ് വരെ മൈൽ (6-9 കി. മീ.) ഉയർന്നതും 650000 ക്യൂബിക്ക് യാഡ് (500000 ചതുരശ്ര മീറ്റർ) വെള്ളം ഉൾക്കൊള്ളുന്നതുമായ ഒരു മേഘത്തിനുള്ളിലേക്ക് കടത്തുക. ഫലമെന്തായിരിക്കും? മഴ ഇരട്ടിയായിരിക്കും. മഴ പെയ്യിക്കുന്നതിൽ പ്രമുഖനെന്ന് അന്തർദേശീയമായി അറിയപ്പെടുന്ന പ്രൊഫസർ ഗാജിൻ ഇതിനോടകം ചില സ്ഥലങ്ങളിൽ 18 ശതമാനം മുതൽ 25 ശതമാനം വരെ അധികം മഴ ഉല്പാദിപ്പിക്കുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട്.
മൃഗങ്ങൾക്ക് ഗർഭനിരോധന വസ്തുക്കൾ
മൃഗങ്ങളിലെ ഇണ ചേരാനുള്ള താല്പര്യം എന്നേക്കുമായി ഇല്ലായ്മ ചെയ്യുന്ന ഒരു ഗർഭ നിരോധന ഉണ്ട ആസ്ട്രേലിയായിലെ മെൽബോണിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് കങ്കാരുവിലും വല്ലബിയിലും [ആഫ്രിക്കൻ എലികളിലും] പ്രയോഗിച്ചു നോക്കിയതിന്റെ അടിസ്ഥാനത്തിൽ 100 ശതമാനം വിജയം അവകാശപ്പെടുന്നു. ആടുകളിലും പന്നികളിലും ആനകളിലും മറ്റ് മൃഗങ്ങളിലും ഇത് ഫലപ്രദമാണെന്നും ഗവേഷകർ അവകാശപ്പെടുന്നു. ഇത് ഏത് വിധത്തിലാണ് മൃഗങ്ങളിൽ പ്രയോഗിക്കുന്നത്? ഈ ഗർഭനിരോധന ഉണ്ട ഒരു തോക്കിൽ നിന്ന് മൃഗത്തിന്റെ പൃഷ്ഠഭാഗത്തേക്ക് തൊടുത്തുവിടുന്നുവെന്ന് ആസ്ട്രേലിയൻ വർത്തമാനപ്പത്രമായ ആസ്ട്രേലിയൻ റിപ്പോർട്ടു ചെയ്യുന്നു. ചുരുക്കം ചില ദിവസത്തേയ്ക്കു മൃദുലത തോന്നുന്നതല്ലാതെ മറ്റ് യാതൊരപകടവുമില്ല. ആണായാലും പെണ്ണായാലും ഏത് പ്രായത്തിലുള്ള മൃഗങ്ങൾക്കും ഇത് ഫലപ്രദമാണ്. കങ്കാരുവും വല്ലബിയും ആസ്ട്രേലിയൻ കർഷകരുടെ സ്വത്തുക്കൾ നശിപ്പിക്കുന്നതിനാൽ ഇത് ആസ്ട്രേലിയൻ കർഷകരുടെ ഒരു അനുഗ്രഹമായി പുകഴ്ത്തപ്പെടുന്നു.
അനുപമായ ജനനം
മെക്സിക്കോ നഗരത്തിലെ ഒരു ദിനപ്പത്രമായിരിക്കുന്ന എൽ യൂണിവേഴ്സൽ പറയുന്നതനുസരിച്ച് ലാറ്റിൻ അമേരിക്കയിലെ ഒരു കൂട്ടിൽ കഴിയുന്ന ആൻഡസിലെ ആദ്യത്തെ കോൺഡോറിന്റെ [നാടൻ പക്ഷി] ജനനത്തിങ്കൽ അല്പം സഹായം ആവശ്യമായിരുന്നു. “ഒരു സ്വാഭാവിക ജനനം ഉറപ്പുവരുത്തുന്നതിനുവേണ്ടി മുട്ടയുടെ തോട് തകർക്കാൻ ഡോക്ടർമാരുടെ ഇടപെടൽ ആവശ്യമായിരുന്നു” എന്ന് പത്രം പറയുന്നു. ഏകദേശം 5 ഔൺസ് (140 ഗ്രാം) ഭാരം വരുന്ന കുഞ്ഞിന്റെ അതിജീവനം ഉറപ്പുവരുത്തുന്നതിനുവേണ്ടി അതിനെ ഒരു ഇൻക്യുബെറ്ററിൽ വച്ചു. കുതിര മാംസവും ലവണലായനിയും ചേർത്ത ഒരു പ്രത്യേക സമ്മിശ്രം അതിന് തിന്നാൻ കൊടുത്തു. ഒരു ആൻഡെസ് കോൺഡോ എട്ടാമത്തെ വയസ്സിൽ അതിന്റെ ലൈംഗിക വളർച്ചയിൽ എത്തുകയും കൂട്ടിനുള്ളിൽ 50 വർഷങ്ങളോളം ജീവിക്കുകയും ചെയ്തേക്കാം.
മാരകമായ ഭാരം
പരസ്പര വിരുദ്ധമെന്നു പറയട്ടെ, പട്ടിണിയോട് ബന്ധപ്പെട്ട രോഗങ്ങളാൽ ദശലക്ഷങ്ങൾ മരിക്കുമ്പോൾ അതിഭക്ഷണത്തിന്റെ ഫലമായും എണ്ണമറ്റയാളുകൾ മരിക്കുന്നുണ്ട്. ഈ വർഷം ആസ്ട്രേലിയൻ മരണങ്ങളിൽ ഏതാണ്ട് 60 ശതമാനം ഏതെങ്കിലും വിധത്തിൽ ഭക്ഷണത്തോട് ബന്ധപ്പെട്ടതാണെന്ന് സിഡ്നി സൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ആസ്ട്രേലിയായിലെ വയോജനങ്ങളിൽ മൂന്നിൽ ഒന്നിന് അമിത ഭാരത്തിന്റെ പ്രശ്നമുണ്ട്, അതുപോലെ കുട്ടികളിൽ ആയിരങ്ങൾക്കും. ആസ്ട്രേലിയായിലെ ഹൃദ്രോഗ ധർമ്മസ്ഥാപനം ഭക്ഷണത്തിനും വ്യായാമത്തിലും ന്യായമായ ഒരു നിലവാരം വെച്ചുപുലർത്തുന്നത് ഊന്നിപ്പറയന്നുണ്ടെങ്കിലും, ശാരീരിക വ്യായാമത്തിനുവേണ്ടി ആസ്ട്രേലിയായിലെ 94 ശതമാനം ആളുകൾ ടെലിവിഷനും വീഡിയോയും വീക്ഷിക്കുന്നത് ഇഷ്ടപ്പെടുന്നതായി അടുത്തകാലത്തെ ഒരു സർവ്വേ കണ്ടെത്തി. (g86 6/22)