ലോകത്തെ വീക്ഷിക്കൽ
അപകടത്തിലാകുന്ന കുട്ടികൾ
കുട്ടികളുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് മൂല്യം കൽപ്പിക്കുന്ന മാതാപിതാക്കൾ ഹാനികരമായ ററി. വി. പരിപാടികളിൽ നിന്ന് അവരെ സംരക്ഷിക്കണമെന്ന്, ശിശു മനഃശാസ്ത്രത്തിന്റെ ഒരു ലോക പ്രാമാണികനായ ഡോ. ഗെറാർഡ് ലേസർ മാതാപിതാക്കൾക്ക് മുന്നറിയിപ്പു നൽകുന്നു. ലേസർ പറയുന്നതനുസരിച്ച് തങ്ങൾ ററി. വി. യിൽ കാണുന്നതിലെ യാഥാർത്ഥ്യത്തിൽ നിന്ന് സാങ്കൽപ്പിക കാര്യങ്ങൾ അരിച്ചുമാററാൻ ഇളംമനസ്സുകൾക്ക് പ്രാപ്തിയില്ല. ഡബ്ലിനിലെ ഈവനിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്ന പ്രകാരം: “ബഹിരാകാശ കാർട്ടൂണുകൾ പോലുള്ള കുട്ടികളെ പ്രതിയുള്ള പരിപാടികളും ററി. വി. പരസ്യങ്ങളോട് ബന്ധപ്പെട്ട കോമാളി അക്രമങ്ങളും അധികവിൽപ്പനാതന്ത്രങ്ങളും മൃദുലഭാഷികളായ വിദഗ്ദ്ധരെപ്പോലും ചൊടിപ്പിക്കുന്നു.” ടെലിവിഷനിലെ അക്രമം കൊലപാതകം അനുദിനം കണ്ടാസ്വദിക്കുന്നത് കുട്ടികളെയും കൊണ്ട് ബെയ്റൂട്ടിലെയോ ബെൽഫാസ്ററിലെയോ തെരുവുകളിലൂടെ നടക്കാനിറങ്ങുന്നതുപോലെയാണെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
കാന്തിക വ്യതിചലനങ്ങൾ
ഭൂമിയുടെ കാന്തികക്ഷേത്രം സൗരവികിരണങ്ങൾ നിമിത്തം നിരന്തരം അസ്വസ്ഥതകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. സൗര കളങ്കങ്ങൾ നിമിത്തമുള്ള സൂര്യജ്വാലകളും കാന്തിക കൊടുംങ്കാററുകളും വടക്കുനോക്കിയന്ത്രങ്ങളിൽ അനേക ഡിഗ്രിയോളം പിശകുകൾ വരുത്തുന്നു. കാന്തികദിശകളുടെ അനുദിന പരിശോധനയിലൂടെ വ്യോമ, നാവിക ഗതാഗതത്തിലെ ഏതു ഗുരുതരമായ വ്യതിയാനങ്ങളെക്കുറിച്ചും മുന്നറിയാൻ കഴിഞ്ഞേക്കും. സ്മോർട്ട്ലാൻറ് എഡിൻബർഗ്ഗിലുള്ള ബ്രിട്ടീഷ് ജിയോളജിക്കൽ സർവ്വേയിലെ ശാസ്ത്രകാരൻമാർ, പ്രധാനപ്പെട്ട വ്യാവസായിക, വാണിജ്യ, സൈനിക ആവശ്യങ്ങൾക്കുവേണ്ടി കാന്തിക ചലനങ്ങളുടെ മുന്നറിയിപ്പുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. എഡിൻബർഗ്ഗ് ഗവേഷണസംഘത്തിലെ ഒരു അംഗമായ ഡോ. ഡേവിഡ് കെറിഡ്ജ്, “കാന്തികക്ഷേത്രത്തിലെ വ്യതിചലനങ്ങൾ നിമിത്തം ഉണ്ടാകുന്ന വൈദ്യുത പ്രവാഹങ്ങൾ, ടെലിഫോൺ ലൈനുകളിലോ, ടെലിവിഷൻ കേബിളുകളിലോ, ഇലക്ട്രോണിക് ഉപകരണങ്ങളിലോ, പവ്വർ ലൈനുകളിലോ, ഓട്ടോമാററിക് റെയ്ൽവേ സിഗ്നലുകളിലോ കേടോ തടസ്സങ്ങളോ വരുത്തിയേക്കാം” എന്ന് പറയുന്നതായി ടൈംസ് ഓഫ് ലണ്ടൻ ഉദ്ധരിക്കുന്നു.
വളരെ വൈകിയ രോഗനിർണ്ണയം
“ആധുനിക മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളുടെയും തകരാറുകളുടെയും അധികപങ്കിനും പുരാതന ഈജിപ്ററുകാരും വിധേയരായിരുന്നു,” വോൾ സ്ട്രീററ ജേർണൽ പറയുന്നു. ഇതെങ്ങനെ അറിയാം? “സി. ററി. (കംപ്യൂട്ടഡ് റേറാമോഗ്രഫി) സ്ക്കാനറുകൾ, ഒരു റൊട്ടിയിൽ നിന്നും കുറുകെ മുറിച്ച ഒരു നേരിയ കഷണം എടുക്കുന്നതുപോലെ പരിച്ഛേദ ചിത്രങ്ങൾ [പൊതിഞ്ഞ മമ്മികളുടെ] എടുക്കുകയും അവയെ കൂട്ടിച്ചേർത്ത് മമ്മിയുടെ ത്രിമാന പ്രതിരൂപം പുനർനിർമ്മിക്കുകയും ചെയ്യുന്നു. മമ്മികളെ അഴിച്ചു ഓട്ടോപ്സി നടത്തിയാൽ അവയെ നശിപ്പിക്കുക എന്നാവും അർത്ഥം. എക്സ്റേ, അസ്ഥികളുടെ കാര്യത്തിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മൃതുവായ ശരീരകലകളുടെ സൂക്ഷ്മ പ്രതിരൂപം പ്രക്ഷേപിച്ചു കാണിച്ചില്ല. സ്ക്കാൻ ഉപയോഗിച്ചുകൊണ്ട് മുഴകൾ, പിത്ത കോശക്കല്ലുകൾ, പ്രമേഹം, ധമനി കട്ടപിടിക്കൽ, പരാദങ്ങൾ, അസ്ഥി പൊട്ടലുകൾ എന്നിവയും മററസുഖങ്ങളും ഡോക്ടർമാർ രോഗനിർണ്ണയം ചെയ്തിട്ടുണ്ട്.
വലിപ്പമേറുന്ന തിരകൾ
വടക്കുകിഴക്കേ അററ്ലാൻറിക്കിലെ തിരകൾക്ക് വലിപ്പം വർദ്ധിക്കുന്നു. കഴിഞ്ഞ 25 വർഷത്തിലധികമായി ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറെ അററത്ത് തിരമാലകളുടെ ഉയരം അളന്നതിൽ നിന്നും ശരാശരി ഏതാണ്ട് 25 ശതമാനത്തോളം ഉയരവർദ്ധനവ് ഉണ്ടായതായി കണ്ടെത്തി എന്ന് നേയ്ച്ചർ എന്ന ശാസ്ത്ര പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ ഇത് എന്തുകൊണ്ടാണെന്ന് ശാസ്ത്രകാരൻമാർക്കറിയില്ല. അളവിലെ പിശകുകൾക്കും കാലാവസ്ഥയിലെ മാററങ്ങൾക്കും വേണ്ടത്ര ഇളവുകൾ അനുവദിച്ചശേഷം ഒരു ഗവേഷകൻ, “വ്യക്തമായ വിശദീകരണമൊന്നും ഇല്ല” എന്ന് സമ്മതിച്ചു പറയുന്നു. ഇംഗ്ലണ്ടിലെ കോർണിഷ് തീരത്തുള്ള തിരമാലാ അഭ്യാസികൾക്ക് ഉയർന്ന തിരകളിൽ നിന്നുള്ള ഉത്തേജനം സ്വാഗതാർഹമാണെങ്കിലും എണ്ണ, വാതക വ്യവസായികൾ അധികച്ചെലവിന്റെ സാദ്ധ്യത മുൻകാണുന്നു, കാരണം വലിയ തിരകൾ ആഞ്ഞടിക്കുമ്പോൾ അവയെ ചെറുക്കാൻ ഉയർന്നതും ശക്തവുമായ ഖനന സംവിധാനവും പ്ലാററ്ഫോമുകളും ആവശ്യമാണ്.
ഇററലിയിലെ മുഴുക്കുടിയൻമാർ
ലഹരിപാനീയങ്ങളെ പരാമർശിച്ചുകൊണ്ട് മിലാനിലെ വർത്തമാനപ്പത്രമായ ഇൻ കൊരിയർ ഡെല്ലാസെരാ, “അമ്പതുലക്ഷത്തിലധികം ഇററലിക്കാർ മിതമെന്ന് കരുതപ്പെടുന്നതിന്റെ ഇരട്ടി അളവിൽ മദ്യം കുടിക്കുന്നു,” എന്ന് റിപ്പോർട്ട് ചെയ്യുന്നു. ലോകാരോഗ്യ സംഘടന പറയുന്നപ്രകാരം പുരുഷൻമാർ ദിനംപ്രതി അകത്താക്കുന്ന ആൾക്കഹാൾ രണ്ട് ഔൺസിലും (ഏതാണ്ട് നാലു ഗ്ലാസ് വീഞ്ഞിലോ ഒന്നര ലിററർ ബിയറിലോ അടങ്ങിയിരിക്കുന്നിടത്തോളം) സ്ത്രീകളുടേത് ഒരൗൺസിലും അധികമാകരുത്. അനേക വിദഗ്ദ്ധൻമാർ ഗർഭ കാലത്ത് സ്ത്രീകൾക്ക് സമ്പൂർണ്ണ മദ്യവർജ്ജനം ശുപാർശ ചെയ്യുന്നു. എന്നിരുന്നാലും ഇററലിയിൽ ജനസംഖ്യയുടെ 9.2 ശതമാനം പേരും അനുദിനം 4 ഔൺസിലധികം ആൾക്കഹോൾ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു! ഈ കണക്കുകൾ മദ്യോപയോഗത്തിന്റെ കാര്യത്തിൽ ഇററലിയെ യൂറോപ്പിൽ രണ്ടാമത്തെയും ലോകത്തിൽ എട്ടാമത്തെയും സ്ഥാനത്തു നിർത്തുന്നു. അത്തരം അമിതോപയോഗമാണ് ഇററലിയിലെ ആശുപത്രി പ്രവേശനങ്ങളുടെ 30 ശതമാനത്തിനും ഉത്തരവാദിത്തം വഹിക്കുന്നതെന്ന് പറയപ്പെടുന്നു. കൂടാതെ 40 ശതമാനം റോഡപകടങ്ങൾക്കും 50 ശതമാനം നരഹത്യകൾക്കും 25 ശതമാനം ആത്മഹത്യകൾക്കും ജോലിയോടും ഭവനത്തോടും ബന്ധപ്പെട്ട അപകടങ്ങളിൽ 20 ശതമാനത്തിനും മദ്യദുരുപയോഗമാണ് ഹേതു എന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിക്കുന്നു.
ശിശുസമ്മർദ്ദം
ശൈശവാരംഭത്തിൽ മാതാപിതാക്കളിൽ നിന്ന് വേറിട്ട് നിൽക്കുന്നതുപോലുള്ള സമ്മർദ്ദം ഉളവാക്കുന്ന അനുഭവങ്ങൾക്ക് ആസ്തമ, സന്ധിവീക്കം, രക്താർബ്ബുദം മുതലായ രോഗങ്ങളുമായി ബന്ധമുണ്ടെന്ന് ഐക്യനാടുകളിലെ വിസ്കോൺസിൻ സർവ്വ കലാശാലയിലെ ഗവേഷകർ കണ്ടിരിക്കുന്നു. അമേരിക്കൻ ഹെൽത്ത് എന്ന മാസികയിലെ റിപ്പോർട്ട് പ്രകാരം മനഃശാസ്ത്രജ്ഞനായ ക്രിസ്ററഫർ കോയ് “മാതാപിതാക്കളിൽ നിന്നുള്ള വേർപെടൽ വിശേഷാൽ തീരെ കൊച്ചുകുട്ടികളുടെ മേൽ വിപരീതഫലങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നും” “അതു പ്രതിരോധവ്യവസ്ഥയെ അമർച്ച ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും” അനുമാനിക്കുന്നു. “ആറ് മാസത്തിന് താഴെ പ്രായമുള്ള കുട്ടികളെ ഡേകെയർ സെൻററിൽ ആക്കുന്നതുപോലും പ്രശ്നങ്ങൾക്കിടവരുത്തിയേക്കാം” എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഏററവും മെച്ചപ്പെട്ട ആരോഗ്യത്തിന് നാം നമ്മുടെ കുട്ടികളിൽ വൈകാരിക ഭദ്രത വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതാണ്” എന്ന് ഡോ കോയ് നിഗമനം ചെയ്യുന്നു.
സ്നേഹികളോ സൂക്ഷിപ്പുകാരോ?
ഒരു നൂററാണ്ടു കാലത്തേക്ക് നായ്പ്പോര് ബ്രിട്ടണിൽ നിയമം മൂലം നിരോധിച്ചിരിക്കുന്നെങ്കിലും അതിന് ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന് ആർ. എസ്. പി. സി. എ. (മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ള റോയൽ സൊസൈററി) പറയുന്നു. ഓരോ വാരാന്ത്യത്തിലും അമേരിക്കൻ പിററ് ബുള്ളുകളോ സ്ററഫോർഡ് ഷയർ ബുൾടെറിയേഴ്സോ (രണ്ടിനം നായ്വർഗ്ഗങ്ങൾ) ഉൾപ്പെടുന്ന കുറഞ്ഞപക്ഷം ഒരു പോരെങ്കിലും സംഘടിപ്പിക്കപ്പെടുന്നതുകൊണ്ട് ബ്രിട്ടൺ ജന്തുസ്നേഹികളുടെ രാജ്യം എന്ന അതിന്റെ അവകാശവാദത്തിൽ നിന്ന് വീണുപോയിരിക്കുന്നു. പകരം “നാം മൃഗസൂക്ഷിപ്പുകാരുടെ ഒരു രാജ്യമാണ്” എന്ന് ആർ. എസ്. പി. സി. എ. ഇൻസ്പെക്ടർ ചാൾസ് മാർഷൽ പറഞ്ഞു. ജന്തുക്കളുടെ നേരെയുള്ള ക്രൂരത വളർന്നുകൊണ്ടിരിക്കുന്ന പ്രവണത നാം ജീവിക്കുന്ന ക്രൂരസമയങ്ങളുടെ ലക്ഷണമാണ്. ക്രൂരമായ വീഡിയോകളുടെയും ക്രൂരസമയങ്ങളുടെയും തന്നെ, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എറുമ്പിന്റെ അരികെ ചെല്ലുക
കേവലം ജ്ഞാനം നേടുക എന്നതിലുപരിയായി ആരോഗ്യവാൻമാരും ധനികരും ആകുവാൻ ഇക്കാലത്ത് ആളുകൾ എറുമ്പിന്റെ അരികെ ചെല്ലുന്നു. “ചിതലുകൾക്ക് അഥവാ തടിതുരപ്പൻ കീടങ്ങൾക്ക് മണ്ണിനടിയിൽ കിടക്കുന്ന അമൂല്യ ലോഹങ്ങളിലേക്ക് തങ്ങളെ കൊണ്ടെത്തിക്കാൻ പ്രാപ്തിയുണ്ട്” എന്ന് നിക്ഷേപങ്ങൾ തിരയുന്നവർ കണ്ടെത്തിയിരിക്കുന്നു എന്ന് ടോക്കിയോയിലെ ഡെയ്ലി യോമിയുരി എന്ന പത്രം പറയുന്നു. അതെങ്ങനെ? കീടങ്ങൾ വെള്ളം അന്വേഷിച്ച് ആഴത്തിൽ കുഴിക്കുമ്പോൾ അവ ഉപരിതലത്തിലേക്ക് മണ്ണുകൊണ്ടുവരുന്നു. അങ്ങനെയുണ്ടാവുന്ന എറുമ്പിൻ കുന്നുകളുടെ വിശദ പരിശോധന നിക്ഷേപാന്വേഷകരെ അടിയിൽ കിടക്കുന്ന ധാതുക്കളിലേക്ക് നയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഒരു കർഷകൻ ഒരു എറുമ്പിൻ കൂനയിൽ ഒരു ചെറിയ തിളക്കം കണ്ടു. ചെറിയ രത്നങ്ങളാണ് അവയുടെ സ്രോതസ്സ് എന്ന് പരിശോധനയിൽ കണ്ടു. അവ അയാളെ കീഴെ അടക്കം ചെയ്തിരിക്കുന്ന രത്ന നിക്ഷേപങ്ങളിലേക്ക് നയിച്ചു. ചൈനയിൽ പക്ഷേ, താത്പര്യം കീടങ്ങളിൽ തന്നെയാണ്. “കഠിനാദ്ധ്വാനികളായ കീടങ്ങളിൽ നിന്നും നിർമ്മിക്കപ്പെടുന്ന ചൂർണ്ണത്തിന് വാതവുമായി ബന്ധപ്പെട്ട സന്ധി വീക്കത്തെയും മററനേകം രോഗങ്ങളെയും ശമിപ്പിക്കാൻ കഴിയുമെന്ന് ചൈനീസ് ആരോഗ്യവിദഗ്ദ്ധർ അവകാശപ്പെടുന്നു,” എന്ന് ഏഷ്യാ വീക്ക് കുറിക്കൊള്ളുന്നു. നന്നായി പൊടിച്ച കീടങ്ങളിൽ സംപുഷ്ടമായ മാംസ്യവും തുത്തനാകവും (ZINC) ഉണ്ടെന്ന് പറയപ്പെടുന്നു. കൂടാതെ “പീക്കിംഗ് ജിയാംഗ്സു പ്രവിശ്യകളിലെ അരിഷ്ട നിർമ്മാതാക്കൾ വർഷങ്ങളായി എറുമ്പരിഷ്ടം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു,” എന്ന് റിപ്പോർട്ട് പറയുന്നു. സത്യമല്ലാതൊന്നുമല്ലെന്നോ?
ബ്രിട്ടീഷ് കോടതികളിൽ പ്രതികൾ പത്തിൽ ഒൻപതുപേരും നുണ പറയുന്നു എന്ന് ബ്രിട്ടീഷ് ന്യായാധിപസംഘടനയുടെ അദ്ധ്യക്ഷനായ ജോൺ ഹോസ്കിംഗ് അവകാശപ്പെടുന്നു. എന്നാൽ എല്ലാവരും ഒരു മതപരമോ മതേതരമോ ആയ പ്രതിജ്ഞാപനത്തിൽ തങ്ങൾ സത്യമാണ് പറയുന്നതെന്ന് പ്രതിജ്ഞചെയ്യുന്നു. ബൈബിളിലോ മററ് വിശുദ്ധ ഗ്രൻഥങ്ങളിലോ തൊട്ട് സത്യം ചെയ്യുന്ന രീതി എതിർക്കുന്നവരും അനുകൂലിക്കുന്നവരും അത്തരം പ്രതിജ്ഞാപനം വ്യാജം പറയുന്നത് തടയുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു എന്ന് സമ്മതിക്കുന്നു. ലണ്ടനിലെ ഇൻറിപ്പെൻറൻറ് എന്ന പ്രസിദ്ധീകരണം പറയുന്ന പ്രകാരം മതപരമായ പ്രതിജ്ഞകൾ നിലനിർത്തണമെന്ന് വാദിക്കുന്നവർപോലും ഇവ “തങ്ങൾ ചെയ്യുന്ന നടപടിയുടെ പാവനത്വത്തെക്കുറിച്ച് നിന്ന് ചിന്തിക്കാൻ കേവലം ഒരു അവസരം നൽകുക മാത്രമേ ചെയ്യുന്നുള്ളു” എന്ന് വിശ്വസിക്കുന്നു. സത്യസന്ധതയുടെ ഈ അഭാവം എന്തുകൊണ്ടാണ്? ഹോസ്കിംഗ് പറയുന്നപ്രകാരം “തങ്ങൾ നുണ പറഞ്ഞാൽ അതിനു കണക്കു പറയേണ്ടിവരും എന്നുള്ള ഒരു ദൈവഭയം ആളുകൾക്കുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ആ ബോധം ഇന്ന് ക്ഷയിച്ചുകൊണ്ടിരിക്കുന്നു.”
പൂച്ചകളുടെ ജീവൻ
ന്യൂയോർക്ക് നഗരത്തിൽ ഉയരഭീതി മൂലം ബഹുനിലകൾക്ക് മുകളിൽ നിന്ന് താഴെ കോൺക്രീററിലേക്കുള്ള വീഴ്ചയ്ക്ക് ചികിത്സിച്ച പൂച്ചകളിൽ 90 ശതമാനവും അതിജീവിച്ചു. ജേർണൽ ഓഫ് ദി അമേരിക്കൻ വെറററനറി മെഡിക്കൽ അസോസിയേഷൻ പറയുന്നതനുസരിച്ച് 500 അടി (ഏകദേശം 32 നില) ഉയരത്തിൽ നിന്നുള്ള വീഴ്ചക്കുശേഷം വെറും നേരിയ ചതവുകളോടെ ഒരു മാർജ്ജാര അഭ്യാസിയെ മൃഗഡോക്ടർമാർ 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചു. അത്തരം മികച്ച അഭ്യാസത്തിന്റെ നിദാനമെന്താണ്? കാലുകൾ തിരശ്ചീനമായി വലിച്ചു നീട്ടാൻ കഴിയത്തക്കവണ്ണം തന്റെ പേശികളെ അയച്ചു കൊടുക്കാനുള്ള പൂച്ചയുടെ പ്രാപ്തിയിലേക്ക് വിദഗ്ദ്ധർ വിരൽചൂണ്ടുന്നു. എന്നിട്ട് പാരച്യൂട്ട് രീതിയിൽ തന്റെ ശരീരം പരമാവധി വിരിച്ചുകൊണ്ട് ജീവി കീഴോട്ട് പോകുമ്പോൾ അതു വായു ബ്രേക്ക് പോലെ പ്രവർത്തിച്ചുകൊണ്ട് ആഘാതത്തിന്റെ ഫലങ്ങൾ കുറക്കുകയും ചെയ്യുന്നു. ഒരു ഇച്ഛാനുസൃത സമതുലന പ്രതിവർത്തനം നാലുകാലുകളിൽ വന്നിറങ്ങുന്നതിന് ജീവിയെ സഹായിക്കുന്നു. (g88 9/8)