ഡൗൺ അണ്ടറിലെ ജീവിതം വ്യത്യസ്തം
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
“ഡൗൺ അണ്ടർ” (അടിയിൽ) എന്ന ഇംഗ്ലീഷ് പ്രയോഗം സമീപ വർഷങ്ങളിൽ പലർക്കും അറിയാവുന്ന ഒന്നാണ്. എന്തിന്റെ അടിയിൽ? ഭൂമധ്യരേഖയ്ക്ക് അടിയിലുള്ള അഥവാ താഴെയുള്ള രാജ്യങ്ങളെയാണ് അത് പരാമർശിക്കുന്നത്. സാങ്കേതികമായ ഒരർഥത്തിൽ ദക്ഷിണാർധഗോളത്തിലുള്ള എല്ലാ രാജ്യങ്ങളും “അടിയിൽ” ആണെന്നു പറയാൻ കഴിയും. എന്നാൽ, ഓസ്ട്രേലിയയെയും ന്യൂസിലൻഡിനെയും മാത്രമേ സാധാരണമായി അങ്ങനെ പരാമർശിക്കാറുള്ളൂ. ഈ ലേഖനം ഓസ്ട്രേലിയയെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. അതിന് ആ പേരു വന്നിരിക്കുന്നത് “തെക്കേ” എന്നർഥമുള്ള ഓസ്ട്രേലിസ് എന്ന ലത്തീൻ പദത്തിൽനിന്നാണ്.
ഓസ്ട്രേലിയയിലെ ജീവിതം ഉത്തരാർധഗോളത്തിലുള്ള പല നാടുകളിലെയും ജീവിതത്തിൽനിന്നു വിഭിന്നമാണ്. ഭൂമിശാസ്ത്രപരമായ അതിന്റെ കിടപ്പു മാത്രമല്ല ഈ വ്യത്യാസത്തിനു കാരണം. സന്ദർശകർക്കു മറ്റു പല വ്യത്യാസങ്ങളും നിരീക്ഷിക്കാനാകും.
യൂറോപ്യൻ കുടിയേറ്റം
നല്ല വെയിലേറ്റുകിടക്കുന്ന ഈ രാജ്യത്തേക്കു യൂറോപ്യൻ കുടിയേറ്റം തുടങ്ങിയത് 1788-ലാണ്. ഫസ്റ്റ് ഫ്ളീറ്റ് എന്നറിയപ്പെട്ട ഒരു കൂട്ടം പായ്ക്കപ്പലുകൾ സിഡ്നി കോവിലേക്കു നീങ്ങി. അതിലെ യാത്രികരിൽ മിക്കവരും ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള കുറ്റവാളികളായിരുന്നു. അവർ തങ്ങളോടൊപ്പം ഇംഗ്ലീഷ് ഭാഷയും കൊണ്ടുവന്നു. അടുത്ത 150 വർഷക്കാലം അവിടേക്കു കുടിയേറിപ്പാർത്തവരിൽ അധികവും ബ്രിട്ടീഷ് വംശജരായിരുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരം ഈ കുടിയേറ്റരീതിക്കു മാറ്റം വന്നു. ഇന്ന് വ്യത്യസ്ത രാഷ്ട്രങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു “പുതിയ ഓസ്ട്രേലിയക്കാർ” അവിടെയുണ്ട്. അവരിലധികവും ഇറ്റലിയിൽനിന്നും ഗ്രീസിൽനിന്നുമുള്ളവരാണ്. കുടിയേറ്റക്കാർ ഓസ്ട്രേലിയൻ ജീവിതരീതിക്കു വൈവിധ്യം നൽകിയിരിക്കുന്നു. അവർ സ്വന്തം ഭാഷകളും പ്രത്യേകതരം ഉച്ചാരണമുള്ള ഇംഗ്ലീഷും അതുപോലെതന്നെ അവരുടേതായ പാചകരീതികളും സംസ്കാരങ്ങളും തങ്ങളോടൊപ്പം കൊണ്ടുവന്നു.
ഇവിടെയുള്ള നാനാതരം ഉച്ചാരണങ്ങൾക്കു കാരണമിതാണ്. പല തലമുറകളായി ഇവിടെ താമസിച്ചിട്ടുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്കുപോലും വ്യത്യസ്തമായ ഉച്ചാരണരീതിയും സംസാരരീതിയുമാണുള്ളത്. ഇംഗ്ലീഷ് സ്വരാക്ഷരങ്ങളായ a, e, i, o, u എന്നിവയുടെ ഉച്ചാരണം വിവൃതവും മിക്കപ്പോഴും അവ്യക്തവുമായ ശബ്ദമാണ്. അതു കൃത്യമായി തിരിച്ചറിയാൻ കുറെ സമയമെടുക്കും. മാത്രമല്ല, ഓസ്ട്രേലിയയുടെ പ്രത്യേകതയായ ചില പ്രയോഗങ്ങളുമുണ്ട്. ഉദാഹരണത്തിന്, പകലായാലും രാത്രിയായാലും “ഗുഡ് മോണിങ്” എന്നതിനോ “ഗുഡ് ഈവനിങ്” എന്നതിനോ പകരം സ്വീകാര്യമായ അഭിവാദനരീതി ഹൃദ്യമായി “ഗു’ഡേ, മേറ്റ്!” (“നമസ്കാരം, സ്നേഹിതാ!”) എന്നു പറയുന്നതാണ്. അതിനുശേഷം, വിനയപൂർവം അപരന്റെ ആരോഗ്യത്തെപ്പറ്റി അന്വേഷിക്കും. സന്ദർശകനോട് ചോദിക്കുന്നത് “ഹൗ യേർ ഗോയ്ൻ, മേറ്റ്, ഓറൈറ്റ്?” (“നിങ്ങൾക്ക് സുഖം തന്നെയല്ലേ?”) എന്നായിരിക്കാം.
ആളുകളും വ്യത്യസ്തർ
കുന്നും കുഴിയും നിറഞ്ഞ ഈ പരുക്കൻദേശത്ത് അതിജീവിക്കാൻ അനുകൂലനക്ഷമതയും സ്വഭാവദാർഢ്യവും അനിവാര്യമായിരുന്നു. പല ഓസ്ട്രേലിയക്കാരുടെയും ശുഭാപ്തിവിശ്വാസത്തിനു നിദാനം ഇതായിരിക്കാം, “ഷി’ൽ ബി റൈറ്റ്, മേറ്റ്!” (“ഒക്കെ ശരിയാകും, സ്നേഹിതാ!”) എന്ന പ്രയോഗം അങ്ങനെ ഉണ്ടായതാണ്. കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നു തോന്നിയാലും വളരെയധികം ഉത്കണ്ഠപ്പെടേണ്ട, എല്ലാം ക്രമേണ നേരേയാകും എന്നാണ് അതിന്റെ സാരം.
ദി ഓസ്ട്രേലിയൻസ് എന്ന പ്രസിദ്ധീകരണം അതിന്റെ ആമുഖത്തിൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ചങ്ങലയിൽ ജീവിതമാരംഭിച്ച് ഇരുനൂറ് വർഷങ്ങൾക്കുശേഷം കൊച്ചുരാജ്യങ്ങളിൽ ഏറ്റവും പ്രബലവും സമൃദ്ധവുമായിത്തീർന്നിരിക്കുന്ന ഒരു രാഷ്ട്രം വശ്യതയും വൈവിധ്യവുമാർന്ന സ്വഭാവഗുണങ്ങളുള്ള വ്യക്തികളെ വാർത്തെടുക്കേണ്ടതാണ്. . . . അവരാണ് . . . ഓസ്ട്രേലിയക്കാർ.”
കഴിഞ്ഞ രണ്ടു ശതകങ്ങളിലെ ശക്തമായ അതിജീവന സ്വഭാവത്തിന്റെ ഫലമാണ് തങ്ങളുടെ ഇടയിലെ ദൃഢബന്ധമെന്ന് പല ഓസ്ട്രേലിയക്കാരും കരുതുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഓസ്ട്രേലിയക്കാർ കാട്ടിയ ദൃഢതയിലേക്ക് അവർ വിരൽ ചൂണ്ടുന്നു. ന്യൂസിലൻഡിന്റെ സായുധസേനകൾക്കൊപ്പം ധീരരായ ഈ സൈനികരുമുണ്ടായിരുന്നു. അവർ അൻസാക്സ് (Anzacs) എന്ന് അറിയപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ-ന്യൂസിലൻഡ് ആർമി കോർസ് എന്നതിന്റെ ചുരുക്കരൂപമാണിത്. “കുഴിക്കലുകാർ” എന്നും ഇവർ പരക്കെ അറിയപ്പെട്ടിരുന്നു. അവർ കിടങ്ങുകൾ കുഴിച്ചതിനെയാണോ അതോ 1800-കളിൽ ആളുകൾ തടിച്ചുകൂടിയ ഓസ്ട്രേലിയയിലെ സ്വർണപ്പാടങ്ങളിൽ കുഴിക്കൽ നടത്തിയതിനെയാണോ ഇതു പരാമർശിച്ചതെന്ന കാര്യം അനിശ്ചിതമാണ്.
ഡ്രൈവിങ്—ഒരു വലിയ വ്യത്യാസം
റോഡിന്റെ വലതുവശത്തു കൂടി വാഹനങ്ങളോടിക്കുന്ന രാജ്യങ്ങളിൽ നിന്നെത്തുന്ന സന്ദർശകർ ഓസ്ട്രേലിയയിലെ ഡ്രൈവിങ് വളരെ വ്യത്യസ്തമാണെന്നു കണ്ടെത്തുന്നു. ഈ രാജ്യത്തെമ്പാടും വാഹനങ്ങളോടിക്കുന്നത് റോഡിന്റെ ഇടതുവശത്തു കൂടിയാണ്.
റോഡിന്റെ വലതുവശത്തു കൂടി വാഹനമോടിക്കുന്ന രീതിയുള്ള ഒരു രാജ്യത്തുനിന്നാണു നിങ്ങൾ ഓസ്ട്രേലിയയിലെത്തുന്നതെങ്കിൽ, തിരക്കേറിയ ഒരു റോഡിലൂടെ വാഹനമോടിക്കാനുള്ള നിങ്ങളുടെ ആദ്യ ശ്രമങ്ങൾ അപകടം പിടിച്ചതായിരിക്കാം. നിങ്ങൾ സ്വാഭാവികമായി ചെയ്യാറുള്ളതുപോലെ, ‘ഇടത്തേക്കു നോക്കി, പിന്നെ വലത്തേക്കു നോക്കി, വീണ്ടും ഇടത്തേക്കു നോക്കി’ റോഡു മുറിച്ചുകടക്കുന്ന രീതി അപകടം പിടിച്ചതായിരുന്നേക്കാം. ഇപ്പോൾ നിങ്ങൾ മനസ്സിൽ പിടിക്കേണ്ടത്, ‘വലത്തേക്കു നോക്കി, പിന്നെ ഇടത്തേക്കു നോക്കി, വീണ്ടും വലത്തേക്കു നോക്കി’ റോഡു മുറിച്ചുകടക്കണം എന്ന സംഗതിയായിരിക്കാം. കൊള്ളാം! നിങ്ങൾ പെട്ടെന്നാണല്ലോ കാര്യങ്ങൾ പഠിക്കുന്നത്. ഹ്ഹോ! നിങ്ങളിപ്പോൾ മറ്റേ വശത്തെ കാറിനെ ഇടിച്ചേനേ. ഈ രാജ്യത്ത് വാഹനത്തിന്റെ വലതുവശത്താണ് സ്റ്റിയറിങ് എന്ന കാര്യം നിങ്ങൾ മറന്നു!
വ്യത്യസ്ത കാലാവസ്ഥകൾ
ഉത്തരാർധഗോളത്തോടുള്ള താരതമ്യത്തിൽ ഡൗൺ അണ്ടറിലെ കാലാവസ്ഥ നേർ വിപരീതമാണ്. വടക്കുനിന്നും വടക്കുപടിഞ്ഞാറുനിന്നും വരണ്ട ഉഷ്ണക്കാറ്റുകൾ എത്തുന്നു. എന്നാൽ ശീതക്കാറ്റുകളെല്ലാം വരുന്നതാകട്ടെ തെക്കുനിന്നും. വടക്കുനിന്നുള്ള ശീതക്കാറ്റുകളെക്കുറിച്ച് ഇവിടെ ഒരിക്കൽപോലും പറഞ്ഞുകേട്ടിട്ടില്ല. എന്നാൽ, തെക്കുനിന്നുള്ള ശീതക്കാറ്റുകളെക്കുറിച്ചും മരംകോച്ചുന്ന തണുപ്പിനെക്കുറിച്ചും മഞ്ഞും ഹിമപാതവും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും ജാഗ്രത പുലർത്തുക.
ഭൂമിയിലെ ഏറ്റവും വരണ്ടതും ചൂടുള്ളതുമായ ഭൂഖണ്ഡം ഓസ്ട്രേലിയയാണ്. വരണ്ട ഉൾപ്രദേശങ്ങളിലെ താപനില 30 ഡിഗ്രി സെൽഷ്യസിൽ എത്താറുണ്ട്. രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവുമുയർന്ന താപനില 53.1 ഡിഗ്രിയാണ്. ഏറ്റവും കുറഞ്ഞത് -22 ഡിഗ്രിയാണ്. ഹിമപർവതപ്രദേശത്തെ, ഓസ്ട്രേലിയയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ, കോസ്യൂസ്കോ പർവതത്തിനടുത്താണ് അതു രേഖപ്പെടുത്തിയിരിക്കുന്നത്.
ഉത്തരാർധഗോളത്തിലെ അളവുകൾ വെച്ചുനോക്കുമ്പോൾ ഇവിടെ അതിശൈത്യം ഉണ്ടാകാറില്ല. ഉദാഹരണത്തിന്, മെൽബണിന്റെ കാര്യമെടുക്കാം. വിക്ടോറിയ സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയാണിത്. ഈ നഗരം ഓസ്ട്രേലിയയുടെ ഏറ്റവും തെക്കാണെങ്കിലും, ജൂലൈ മാസത്തിലെ ഓരോ ദിവസത്തെയും ശരാശരി താപനില 6 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിൽ വരും. ഇത് ജനുവരിയിൽ ചൈനയിലെ ബീജിങ്ങിൽ -10 ഡിഗ്രിക്കും +1 ഡിഗ്രിക്കും ഇടയിലുള്ള ശരാശരി ദിവസതാപനിലയുമായോ ന്യൂയോർക്കിൽ -4 ഡിഗ്രിക്കും +3 ഡിഗ്രിക്കും ഇടയിലുള്ള താപനിലയുമായോ താരതമ്യം ചെയ്യുക. ഭൂമധ്യരേഖയിൽനിന്ന് മെൽബണിലേക്കുള്ള ദൂരത്തിനു തുല്യമാണ് ഈ രണ്ടു നഗരങ്ങളിലേക്കുള്ള ദൂരവും. ഡൗൺ അണ്ടറിൽ താപനില കൂടാൻ എന്താണു കാരണം, പ്രത്യേകിച്ചും അത് ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമായ അൻറാർട്ടിക്കയോട് അടുത്തു കിടക്കുന്ന സ്ഥിതിക്ക്?
ഉത്തരാർധഗോളത്തിൽ കൂടുതലുള്ളത് കരപ്രദേശമാണെങ്കിൽ ദക്ഷിണാർധഗോളത്തിൽ കൂടുതലുള്ളത് സമുദ്രമാണ് എന്നതാണ് ഈ വ്യത്യാസത്തിനു കാരണം. ഓസ്ട്രേലിയയ്ക്കും ന്യൂസിലൻഡിനും ചുറ്റും സ്ഥിതിചെയ്യുന്ന ആയിരക്കണക്കിനു ചതുരശ്ര കിലോമീറ്റർ വരുന്ന സമുദ്രം അൻറാർട്ടിക്കയിലെ തണുത്ത വായുപിണ്ഡത്തെ രോധിക്കുന്ന ചൂടുള്ള വായുമതിൽ സൃഷ്ടിക്കുന്നു. അങ്ങനെ കാലാവസ്ഥ ചൂടുള്ളതായി തുടരുന്നു.
ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിനു നല്ല വലിപ്പമുള്ളതിനാൽ അതിന്റെ പല ഭാഗങ്ങളിലുമുള്ള കാലാവസ്ഥാവ്യതിയാനം വളരെ ശ്രദ്ധേയമാണ്. തെക്കൻ സംസ്ഥാനങ്ങളിൽ വ്യതിരിക്തമായ കാലാവസ്ഥയാണുള്ളത്. സ്വച്ഛമായ, തണുപ്പുള്ള, മഞ്ഞുപൊഴിയുന്ന രാത്രികൾ; തുടർന്നെത്തുന്ന ഹൃദ്യമായ, ചൂടുള്ള പകലുകൾ. ഉത്തരാർധഗോളത്തിലെ പല രാജ്യങ്ങളിലെയും വേനൽക്കാല താപനിലയോടു സമാനമാണ് ഇവിടത്തെ ആസ്വാദ്യമായ ശൈത്യകാല ദിനങ്ങൾ. എന്നാൽ, ഓസ്ട്രേലിയയുടെ വടക്കൻ സംസ്ഥാനങ്ങളിൽ സംവൽസരത്തെ രണ്ടു ഋതുക്കളായി തിരിച്ചിരിക്കുന്നു—ദീർഘവും വരണ്ടതുമായ കാലാവസ്ഥ, മൺസൂൺ മഴകൾ ലഭിക്കുന്ന നനുത്ത കാലാവസ്ഥ. നോർത്തേൺ ടെറിറ്ററിയുടെ തലസ്ഥാനനഗരിയായ ഡാർവിനിൽ വർഷം മുഴുവനുമുള്ള താപനില ഏതാണ്ട് 32 ഡിഗ്രി സെൽഷ്യസിനടുത്തായിവരും.
മറ്റു വൈജാത്യങ്ങൾ
ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ അധികവും ചൂടുള്ള കാലാവസ്ഥയായതിനാൽ ഓസ്ട്രേലിയക്കാർ മിക്കവരും അലസവസ്ത്രധാരികളാണ്. എങ്കിലും, നല്ല അരികുവട്ടമുള്ള തൊപ്പി ധരിക്കുന്നതു പ്രധാനമാണ്. മിതോഷ്ണ രാജ്യങ്ങളിലേതിനെക്കാൾ ഇവിടെ ചർമാർബുദം കൂടുതലുള്ളതായി കാണപ്പെടുന്നു. കൂടുതൽ സൂര്യപ്രകാശം ഏൽക്കുന്നതാണ് അതിനു കാരണം.
ഓസ്ട്രേലിയയിൽ തുറസ്സായ സ്ഥലങ്ങൾ ധാരാളമുള്ളതിനാൽ, ബാർബിക്യൂകൾ നടത്താനുള്ള സൗകര്യങ്ങളോടെയാണ് അനവധി പിക്നിക് പ്രദേശങ്ങളും ക്രമീകരിച്ചിരിക്കുന്നത്. മാംസത്തിനു താരതമ്യേന വിലക്കുറവാണ്. അതുകൊണ്ട് ബാർബിക്യൂവിനു കൂടിവരുമ്പോൾ സോസേജും മാംസവും ഉണ്ടായിരിക്കുക പതിവാണ്. എന്നാൽ ബാർബിക്യൂവിനു കൂടിവന്നിരിക്കുന്ന അവർ അന്യോന്യം കൈകൊണ്ട് രഹസ്യമായ ആംഗ്യങ്ങൾ കാണിക്കുകയാണോ? അല്ല, ഈച്ചകളെ ഓടിക്കാൻ കൈകൾ ആട്ടുന്നുവെന്നേയുള്ളൂ! പുറത്തിരുന്ന് ആഹാരം കഴിക്കുമ്പോഴുള്ള ഒരു പ്രശ്നമാണ് ഈച്ചകളും കൊതുകുകളും, പ്രത്യേകിച്ചും ചൂടു കൂടുതലുള്ള കാലാവസ്ഥകളിൽ.
അതുകൊണ്ട്, ഓസ്ട്രേലിയയിൽ ജീവിക്കുകയെന്നാൽ ഈച്ചകളോടും കൊതുകുകളോടും കൂടെ ജീവിക്കാൻ പഠിക്കുക എന്നാണർഥം. മിക്ക വീടുകളിലും മുന്നിലെയും പിന്നിലെയും വാതിലുകൾക്കു വലയുണ്ട്. മുൻകാലങ്ങളിൽ വിളുമ്പിൽനിന്ന് അനേകം കോർക്കുകൾ തൂങ്ങിക്കിടക്കുന്ന തൊപ്പികൾ ആളുകൾ ധരിച്ചിരുന്നു, അവ ഈച്ചകളെ അകറ്റാൻ ഉതകിയിരുന്നു. പ്രാണികളെ അകറ്റുന്ന മരുന്നുകളുടെ വരവോടെ അത്തരം തൊപ്പികൾ പ്രചാരത്തിലില്ലാതായി.
മറ്റൊരു വൈജാത്യമുള്ളത് മനോഹരമായ, വർണച്ചാർത്തുള്ള പൂക്കളുടെയും പുഷ്പിക്കുന്ന ചെടികളുടെയും മരങ്ങളുടെയും കാര്യത്തിലാണ്. ഉത്തരാർധഗോളത്തിലെ പുഷ്പങ്ങൾക്കുള്ള നല്ല നറുമണം ഇവിടെയുള്ളവയ്ക്കില്ല. ഇവിടെ, സൂനസൗരഭ്യം പൂർണമായി ലഭിക്കണമെങ്കിൽ പൂന്തോട്ടപ്രേമി തന്റെ മൂക്ക് പുഷ്പങ്ങളോട് വളരെ അടുത്ത് കൊണ്ടുവരണം. തീർച്ചയായും, എല്ലാ ഓസ്ട്രേലിയൻ പുഷ്പങ്ങളുടെയും കാര്യത്തിൽ ഇതു സത്യമല്ല. ഉദാഹരണത്തിന്, ഡാഫ്നെ, മുല്ല തുടങ്ങിയ ചെടികൾ നാസാരന്ധ്രങ്ങൾക്കു വിരുന്നേകുന്നവയാണ്. എന്നാൽ പൊതുവേ പറഞ്ഞാൽ, തണുപ്പ് കൂടുതലുള്ള കാലാവസ്ഥകളിലെ പുഷ്പങ്ങളെക്കാൾ ഇവിടെയുള്ളവയ്ക്ക് സുഗന്ധം കുറവാണ്.
തുറസ്സായ സ്ഥലങ്ങൾ
ഡൗൺ അണ്ടറിൽ ജീവിതത്തിനു വ്യത്യസ്തത നൽകുന്ന ഒന്നാണ് തുറസ്സായ സ്ഥലങ്ങൾ. അടുത്തുള്ളത് അല്ലെങ്കിൽ അകലെയുള്ളത് എന്ന ആശയം അനേകം വടക്കൻ രാജ്യങ്ങളിലേതിൽനിന്നും വിഭിന്നമാണ്. പട്ടണങ്ങൾ തമ്മിലുള്ള ദൂരം വളരെ ദീർഘമായതുകൊണ്ട് മണിക്കൂറുകൾതന്നെ യാത്ര ചെയ്താലേ മറ്റൊരു പട്ടണം കാണാനൊക്കൂ. ഔട്ട്ബാക്ക് എന്ന് പ്രിയത്തോടെ വിളിക്കാറുള്ള പ്രദേശങ്ങളിൽ ഇത് പ്രത്യേകിച്ചും അങ്ങനെയാണ്. ഇവിടത്തെ തുറസ്സായ സ്ഥലങ്ങളുടെയും പ്രശാന്തതയുടെയും പ്രഭാവം വളരെ വലുതാണ്. മാത്രമല്ല, സന്ദർശകന് ഇവിടെ ശുദ്ധമായ, മലിനീകരിക്കപ്പെടാത്ത വായു ശ്വസിക്കാനും സാധിക്കും. എങ്ങും പശമരം എന്നു സാധാരണമായി വിളിക്കാറുള്ള യൂക്കാലിമരങ്ങൾ. പശമരങ്ങളും അക്കേഷ്യാമരങ്ങളും നാട്ടിൻപുറങ്ങളിൽ ധാരാളമാണ്.
സായാഹ്നമാകുമ്പോൾ ഉജ്ജ്വലമായ സൂര്യാസ്തമയം കണ്ണുകൾക്കു വിരുന്നേകുന്നു. വളരെ പെട്ടെന്നുതന്നെ അന്ധകാരം വന്നു മൂടുന്നു. കാരണം, സന്ധ്യാപ്രകാശം ഇവിടെ വളരെ കുറച്ചേ ഉള്ളൂ. താമസിയാതെ, ശരിക്കും തെളിഞ്ഞ തെക്കേ ആകാശത്തിൽ അനവധി താരകങ്ങൾ വരവായി. സതേൺ ക്രോസ്സ് എന്നു വിളിക്കപ്പെടുന്ന പ്രസിദ്ധമായ ദക്ഷിണാകാശ നക്ഷത്രസമൂഹവും അതിൽ പെടും. വന്യജീവികൾ വിശ്രമത്തിലേക്കു പ്രവേശിക്കവേ, ആകാശത്തിൽ പശമരങ്ങളുടെ രൂപരേഖ കാണാം. തുറന്ന, വിശാലമായ സ്ഥലത്തിന്റെ പ്രത്യേകതയായ നിശ്ചലത നിങ്ങളെ മൂടുന്നു.
നിങ്ങളുടെ ഉറക്കക്കുപ്പായത്തിനുള്ളിലേക്കു കയറുന്നതിനു മുമ്പ് ശ്രദ്ധാപൂർവം തീയണയ്ക്കുക. അത് അനിവാര്യമാണ്. കാരണം, ഓസ്ട്രേലിയൻ വനത്തിൽ തീ നിയന്ത്രണാതീതമാകുമ്പോൾ അത് യാതൊന്നിനെയും വകവെക്കാത്ത ഒരു സംഹാരകനായി മാറുന്നു. ഉഗ്രമായ ചൂടിൽ പശമരങ്ങളുടെ ഇലകൾ പൊട്ടിത്തെറിക്കുന്നു. ഭീതിദമായ വേഗത്തിൽ തീ പടരാൻ അതു കാരണമാകുന്നു. ചൂടുള്ള, വരണ്ട വേനൽമാസങ്ങളിൽ കാട്ടുതീ, കാട്ടുപ്രദേശങ്ങൾക്കടുത്ത് താമസിക്കുന്നവരുടെ നിരന്തര ഭീഷണിയാണ്. തുറസ്സായ സ്ഥലങ്ങളിൽ തീ കത്തിക്കുന്നതു സംബന്ധിച്ച നിയമങ്ങളും വിലക്കുകളും കർശനമായി പാലിക്കേണ്ടതുണ്ട്.
താമസിയാതെ, പ്രഭാതം പൊട്ടിവിടരുന്നു. അടുത്തുള്ള ഒരു പശമരത്തിൽ രാത്രി ചെലവിട്ട ഒരു കൂട്ടം കൂക്കബുറകളുടെ ആസ്വാദ്യ കൂജനമായ ഉച്ചത്തിലുള്ള ചിരി കേട്ട് നിങ്ങളുണരുന്നു. രസംപിടിച്ച നിങ്ങൾ കൂടാരത്തിൽനിന്നു വെളിയിലേക്കു നോക്കുമ്പോൾ കാണുന്നത് മനോഹരവർണങ്ങളോടു കൂടിയ പക്ഷികൾ വൃക്ഷങ്ങൾ നിറയെ ഇരിക്കുന്നതാണ്. ഇതിനോടകം നിങ്ങൾ അവയിൽ പലതിനെയും കണ്ടിരിക്കാം. കൂടാതെ, കംഗാരു, കൊയാല, എമു, വോമ്പാറ്റ് എന്നിവയുൾപ്പെടെ മറ്റു ജീവികളെയും. നിങ്ങൾക്കു കാണാൻ താത്പര്യമില്ലാത്തത് പാമ്പുകളെയും എട്ടുകാലികളെയുമായിരിക്കാം. ഈ ഭൂഖണ്ഡത്തിലാണ് ലോകത്തിലേക്കും ഏറ്റവും വിഷമുള്ള ചില പാമ്പുകളും എട്ടുകാലികളുമുള്ളത്. എന്നാൽ, നിങ്ങൾ അവയെ ഉപദ്രവിക്കാത്തപക്ഷം അവയിൽ മിക്കതും നിങ്ങൾക്കു ഭീഷണിയാകുകയില്ല.
തീക്കരികെവെച്ചുതന്നെ പ്രാതൽ കഴിക്കുന്നതിനുള്ള സമയമായിരിക്കുകയാണ്—സാധാരണമായി ഇതിന് ഉണക്കിച്ചുട്ട പന്നിയിറച്ചിയും മുട്ടകളും നന്നായി മൊരിച്ചെടുത്ത റൊട്ടിയുമാണുള്ളത്. നവോന്മേഷപ്രദമായ അന്തരീക്ഷം നിങ്ങളുടെ വിശപ്പു വർധിപ്പിക്കുന്നു. ഈച്ചകൾക്കു നടുവിലിരുന്ന് നിങ്ങൾ പ്രാതൽ കഴിക്കവേ ഈ വനത്തിലെ നിങ്ങളുടെ അനുഭവത്തെക്കുറിച്ചുള്ള ചിന്തയിൽ നിങ്ങൾ മുഴുകുന്നു. അത് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ അപാരതയുടെ ഒരു അംശം മാത്രമേ ആകുന്നുള്ളൂ.
ഇപ്പോൾ വിശാലമായ ഈ രാജ്യത്തെ നിങ്ങളുടെ യാത്ര അവസാനിച്ചിരിക്കുന്നു. നിങ്ങൾ സ്വന്തരാജ്യത്തേക്കു മടങ്ങുകയാണ്. സൗഹൃദരായ ഓസ്ട്രേലിയക്കാരെയും അവരുടെ അനാഡംബര ജീവിതരീതിയെയും അടുത്തറിയാൻ കഴിഞ്ഞുവെന്നത് നിങ്ങളുടെ സ്മരണയിൽ ദീർഘകാലം തങ്ങിനിൽക്കും. മിക്ക സന്ദർശകരെയും പോലെ വീണ്ടുമൊരു നാൾ മടങ്ങിവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. എന്നാൽ നിങ്ങൾ ഈ നിഗമനത്തിൽ എത്തിച്ചേർന്നുവെന്നതിനു യാതൊരു സംശയവുമില്ല: ഡൗൺ അണ്ടറിൽ ജീവിതം വ്യത്യസ്തമാണ്!
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
പാരക്കീറ്റും പിങ്കുവർണത്തിലുള്ള കോക്കറ്റൂവും: By courtesy of Australian International Public Relations; സ്ത്രീ: By courtesy of West Australian Tourist Commission