ഓമനത്വമുള്ള കോളായാൽ വശീകരിക്കപ്പെട്ടു
ആസ്ട്രേലിയായിലെ ഉണരുക! ലേഖകൻ
കഴിഞ്ഞകാലങ്ങളിൽ, അപരിചിതമായിരുന്ന, കണ്ടുപിടിക്കപ്പെടാത്ത ദേശങ്ങളിലെ ഏററം മനം കവരുന്ന ആശ്ചര്യങ്ങളിലൊന്ന് രോമാഞ്ചജനകവും അപൂർവ്വവുമായ മൃഗങ്ങളുടെ കണ്ടെത്തലായിരുന്നിട്ടുണ്ട്. ആയിരത്തിഎഴുന്നൂററി എൺപത്തിയെട്ടിനുശേഷം ആസ്ട്രേലിയായിലെ അവസ്ഥ തീർച്ചയായും ഇതായിരുന്നു.
അക്കാലത്ത്, ജാക്സൺ തുറമുഖത്തിനു (ഇപ്പോൾ സിഡ്നി) ചുററുമുള്ള കുററക്കാരുടെ കോളനികൾ ഇംഗ്ലണ്ടിൽനിന്നും ആസ്ട്രേലിയായിലേക്ക് തടവുകാരായി കൊണ്ടുവരപ്പെട്ട കുററവാളികളാൽ അധിവസിപ്പിക്കപ്പെട്ടിരുന്നു. പത്തു വർഷങ്ങൾക്കുശേഷം, പര്യവേക്ഷകനായി മാറിയ ഒരു ജയിൽ വിമോചിതൻ 130 കിലോമീററർ ഉൾപ്രദേശത്തെ പർവ്വത പ്രദേശങ്ങളിലേക്കു പുറപ്പെട്ടു. ആസ്ട്രേലിയൻ കോളയെ ആദ്യമായി കണ്ടപ്പോൾ അയാൾക്ക് ആനന്ദവും ആശ്ചര്യവും ഉണ്ടായി. അയാൾ എഴുതി, “ആദിവാസികൾ ‘കാളാവിൻ’ എന്നു വിളിക്കുന്നതും, അമേരിക്കയിലെ സ്ലോത്സിനോടു വളരെ സദൃശവും ആയ മറെറാരു മൃഗം ആയിരുന്നു അത്.”
ഇരുന്നൂറു വർഷങ്ങൾകഴിഞ്ഞ്, സൂര്യാതപമേററ്, താഴ്ചയിൽ സ്ഥിതിചെയ്യുന്ന ഈ ദേശത്തു വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിച്ച ആകർഷണീയമായ ഈ രോമക്കെട്ട് ഒന്നു പരിശോധിക്കുവാൻ നിങ്ങൾ താത്പര്യപ്പെടുന്നുവോ? സംശയമില്ല, നിങ്ങൾ താത്പര്യപ്പെടും. ആസ്ട്രേലിയായിലെത്തുന്ന സന്ദർശകർ ഒരു കംഗാരുവിനെ കാണുന്നതിനുവേണ്ടി ആവശ്യപ്പെട്ടുകഴിഞ്ഞാൽ ഏററവും കൂടെക്കൂടെ നടത്തുന്ന ഒരപേക്ഷ: “നിങ്ങളുടെ ഓമനത്വമുള്ള കളിക്കരടിയെ എനിക്കു കാണുകയും സ്പർശിക്കുകയും ചെയ്യണം” എന്നതാണ്.
യഥാർത്ഥത്തിൽ ഒരു കരടിയല്ല
കോളാ ഓമനത്തമുള്ള ഒരു ചെറിയ മൃഗമാണെന്നുള്ളതിനു സംശയമില്ല. ഇത് ഏതാണ്ട് 80 സെൻറിമീററർ നീളത്തിൽ മാത്രം വളരുന്നു, ബട്ടൻപോലൊരു മൂക്കും മൃദുലവും അഴകുള്ളതും ആയ രോമവും സഹിതം ഇതു കാഴ്ചയിൽ കമ്പിളികൊണ്ടുള്ള ഒരു കളിക്കരടിയെപ്പോലെ തോന്നുകതന്നെ ചെയ്യും. എന്നാൽ ഇതു കരടി കുടുംബത്തിൽപെട്ടതേ അല്ല എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.
ഓ, അതെ, ഇതു കൂടെക്കൂടെ കോളാകരടിയെന്നോ അല്ലെങ്കിൽ തദ്ദേശീയ ആസ്ട്രേലിയൻ കരടിയെന്നോ വിളിക്കപ്പെടുന്നു. എന്നാൽ ഇതെല്ലാം അനുചിതമായ നാമകരണങ്ങളാണ്. കരടിക്കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിനു പകരം, കോള ഒരു സഞ്ചിമൃഗത്തോടു, ബീവറിനെപ്പോലുള്ള മറെറാരു ആസ്ട്രേലിയൻ സഞ്ചിമൃഗത്തോടു മിക്കവാറും വളരെ സദൃശമായിരിക്കുന്നു.
ഓമനത്വവും വശീകരണമുള്ളതുമായ ഈ ജീവിയുടെ ആകർഷണീയമായ ഒരു ചിത്രം ദ ആസ്ട്രേലിയൻ എൻസൈക്ലോപ്പീഡിയ വരച്ചുകാട്ടുന്നു: “കോളാക്കു ഒരു ബലിഷ്ഠമായ ശരീരവും, മുകളിൽ ചാരനിറം മുതൽ തവിട്ടു നിറം വരെയും താഴെ ഇളം മഞ്ഞ നിറവും ഉള്ള കട്ടിയുള്ള കമ്പിളിരോമവും ഉണ്ട്. വൃത്താകാരത്തിലുള്ള രോമാവൃതമായ വലിയ ചെവികളും, രോമരഹിത, വിസ്തൃതമായ, തള്ളിനിൽക്കുന്ന മൂക്കും ആണുള്ളത്. . .ഇത് അനായാസം മരത്തിൽ കയറുന്നു, എന്നാൽ നിലത്തുകൂടെ വികൃതമായി നടക്കുന്നു.
പൂർണ്ണവളർച്ചയെത്തുമ്പോൾ കോളാകൾക്കു ഏതാണ്ടു 14 കിലോഗ്രാം തൂക്കമുണ്ട്. അവ വനങ്ങളിൽ 20 വർഷം ജീവിച്ചേക്കാം. ചിലതു ബന്ധനത്തിൽ 12 വർഷത്തോളം ജീവിച്ചിട്ടുണ്ട്
ആസ്ട്രേലിയൻ കംഗാരുവിനെപ്പോലെ കോളാ ഒരു സഞ്ചിമൃഗമാണ് (“പോക്കററ്” അല്ലെങ്കിൽ “സഞ്ചി” എന്ന് അർത്ഥമുള്ള മാർസുപ്പിയം എന്ന ലാററിൻ പദത്തിൽനിന്ന്), സഞ്ചിമൃഗത്തിന്റെ അതുല്യമായ ജനനപ്രക്രിയയാണ് അതിനുള്ളത്. ജനിക്കുമ്പോൾ പൂർണ്ണവളർച്ചയെത്തിയിട്ടില്ലാത്ത വളരെ ചെറിയ കോളാക്കുഞ്ഞുങ്ങൾ പരസഹായമില്ലാതെ തള്ളയുടെ സഞ്ചിയിലേക്കു കയറിക്കൂടുന്നു, അവിടെ അവ തള്ളയുടെ രണ്ടു മുലഞെട്ടുകളിലൊന്നിൽ മുറുകെ കടിച്ചുതൂങ്ങുന്നു.
ആറു മാസം കഴിയുമ്പോൾ, പൂർണ്ണവളർച്ചയെത്തുന്ന കുട്ടി ചുരുങ്ങിയ സമയത്തേക്കു തള്ളയുടെ സഞ്ചി വിട്ടുപോകാൻ പ്രാപ്തനാണ്. എന്നാൽ അടുത്ത രണ്ടോ അതിലധികമോ മാസങ്ങൾക്കു ശേഷം തിരിച്ച് ഉള്ളിൽ കടക്കാൻ വയ്യാതെവണ്ണം അവൻ വലുതായിരിക്കും. ഇപ്പോൾ എന്തുചെയ്യും? അത് ഒരു പ്രശ്നമേയല്ല! തള്ള മരത്തിൽ കയറിയിറങ്ങുമ്പോൾ പിടിവിടാതെ തള്ളയുടെ പുറത്ത് തൂങ്ങിക്കിടന്ന് അവൻ സവാരിചെയ്യുന്നു.
എന്നിരുന്നാലും, ഈ സൗജന്യയാത്രകൾ എന്നേക്കും തുടരാൻ കഴികയില്ല. അതുകൊണ്ട്, മറെറാരു അഞ്ചോ, ആറോ മാസങ്ങൾക്കുശേഷം പ്രായം കുറഞ്ഞവൻ സ്വന്തം കാര്യം നോക്കണം. എങ്കിലും ഈ ചുരുങ്ങിയ കാലഘട്ടത്തേക്കു തള്ളക്കോളാ തന്റെ രോമാവൃതമായ മുതുകത്തു തൂങ്ങുന്ന കുട്ടിയെ സന്തോഷത്തോടെ ചുമന്നുകൊണ്ടു നടക്കുന്നതു രസകരമായ ഒരു കാഴ്ചയാണ്. തള്ളയെ വിട്ടുപിരിഞ്ഞശേഷം കൊച്ചുകോളാ ഇപ്പോൾ ഒരു തികച്ചും ഏകാന്തമായ ജീവിതം നയിക്കുകയും ഇണചേരുന്ന സമയത്തുമാത്രം മററുള്ളവയുമായി ബന്ധപ്പെടുകയും ചെയ്യുന്നു.
ഒരു ഇലയാഹാരക്രമം
കോളാ എന്ന പേര് ഈ മൃഗം വളരെക്കുറച്ചു കുടിക്കുന്നു എന്നു ദ്യോതിപ്പിക്കുന്ന ഒരു പുരാതന പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. എന്നാൽ ജലമില്ലാതെ അവക്ക് എങ്ങനെ നിലനിൽക്കാൻ കഴിയും? തുഷാരവും തങ്ങളുടെ ആഹാരക്രമത്തിൽ യൂക്കാലിപ്ററസ് മരങ്ങളുടെ ഇലകളിൽ നിന്നുള്ള ഈർപ്പവും ഉള്ളതിനാൽ.
യൂക്കാലിപ്ററസ് ഇലകളോ? അതെ, കോളാകൾ ഏതാണ്ടു 50 വ്യത്യസ്ത ഇനത്തിലുള്ള യൂക്കാലിപ്ററസ് മരങ്ങളുടെ കിളുന്തു തിന്നുന്നു, എന്നാൽ അവയിൽ ഒരു ഡസനിൽ താഴെ അവക്കു പ്രത്യേകാൽ ഇഷ്ടമുള്ളതാണ്. ഫോറസ്ററ് റെഡ് ഗം, ഗ്രേ ഗം, ടാസ്മാനിയൻ ബ്ലൂ ഗം എന്നിവപോലുള്ള യൂക്കാലിപ്ററസ് മരങ്ങൾ ഗം മരങ്ങൾ എന്ന പേരിനാൽ സർവ്വസാധാരണമായി അറിയപ്പെടുന്നു.
പൂർണ്ണവളർച്ചയെത്തിയ ഒരു കോളാ ദിവസവും ഏതാണ്ട് ഒരു കിലോഗ്രാം ഇലകൾ തിന്നുന്നു, സാവകാശത്തോടെ, എന്നാൽ നന്നായി ചവച്ചുകൊണ്ടുംതന്നെ. അവയുടെ സമയത്തിന്റെ ഏറിയ ഭാഗവും അവ യൂക്കാലിപ്ററസ് മരങ്ങളുടെ മുകളിൽ ചെലവഴിക്കുന്നു, മറെറാരു മരത്തിലേക്കു മാറേണ്ടതുള്ളപ്പോൾ മാത്രം അവ താഴെ ഇറങ്ങിവരുന്നു. നിലത്ത് അവ വിലക്ഷണവും വികൃതവുമായി നടക്കുന്നു.
അവ നിശാമൃഗങ്ങളായതിനാൽ, നിലത്തുനിന്നു നല്ല ഉയരത്തിൽ ഒരു വൃക്ഷത്തിന്റെ ശിഖരത്തിൽ അപകടകരമാംവിധം പിടിച്ചിരുന്നുകൊണ്ടു തങ്ങളുടെ ദിവസത്തിന്റെ അധിക പങ്കും ഉറങ്ങി ചെലവഴിക്കുന്നു. അതു സുഖപ്രദമല്ലെന്നോ? അവ അങ്ങനെ ചിന്തിക്കുന്നതായി തോന്നുന്നില്ല, ആ സ്ഥലം സാധ്യതയുള്ള ഏതു ഇരപിടിയൻമാരിൽ നിന്നും ഏററവും നല്ല സംരക്ഷണവും നൽകുന്നു.
അവയെ ഇണക്കാൻ കഴിയുമോ?
കോളായെ വളരെ ചെറുപ്പത്തിലെ ലഭിച്ചപ്പോൾ, അവ ഇണങ്ങുകയും വാൽസല്യം തോന്നുന്ന ഓമനമൃഗങ്ങളായിത്തീരുകയും ചെയ്തിട്ടുണ്ട്. ഉത്തര ക്യൂൻസ്ലാൻറിലെ ഒരു ദമ്പതികൾ ഇത്തരം ഓരോമനമൃഗത്തെ അതിനു മൂന്നു മാസം പ്രായം ഉള്ളപ്പോൾ മുതൽ വളർത്തിയിട്ടുണ്ട്. മാതാവിനു പകരം കോളായുടെ രോമം ഒരു തലയിണക്കു ചുററും ബന്ധിച്ചു ഒരു കൊട്ടക്കുള്ളിലാക്കി അവളുടെ വശത്ത്വച്ചു ആശ്വസിപ്പിക്കുന്നതുവരെ ഈ ചെറിയ “മൃഗക്കുട്ടി” ഓരോ രാത്രിയിലും കരയുമായിരുന്നു. അവർ അവൾക്കു റെറഡി എന്നു പേരിട്ടു. യൂക്കാലിപ്ററസ് ഇലകളുടെ ഒരു കട്ടിയായ ആഹാരക്രമം തുടങ്ങാൻ പ്രായമാകുന്നതുവരെ അവൾ പശുവിന്റെ പാലുകൊണ്ട് പരിപുഷ്ടിപ്പെടുത്തപ്പെട്ടു, അത് ഒരു പൂച്ചക്കുട്ടിയെപ്പോലെ നക്കിക്കുടിക്കുമായിരുന്നു.
മനുഷ്യരുമായി കൂടുതൽ അടുത്തതിനാൽ അവൾ ഒററക്കായിരിക്കുന്നതിനെ വെറുത്തു, ഒരു കുട്ടിയെപ്പോലെ ഒക്കത്തെടുക്കപ്പെടുന്നത് അവൾ ഇഷ്ടപ്പെട്ടു. അവൾ യഥാർത്ഥത്തിൽ ഒരു ശല്യക്കാരിയായിത്തീർന്നു. അവളുടെ സന്തുഷ്ടജീവിതം 12 വർഷം നീണ്ടുനിന്നു. അതെ, കോളായെ മെരുക്കാൻ കഴിയും. എന്നാൽ ഒരു ഓമനമൃഗമായി അവയെ വളർത്തുന്നത് ഇപ്പോൾ ആസ്ട്രേലിയായിൽ നിയമവിരുദ്ധമാണ്.
കൂട്ടമായി നശിപ്പിക്കപ്പെട്ടു എന്നാൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നു
ഈ നൂററാണ്ടിന്റെ ആരംഭത്തോടെ കോളാകൾ ധാരാളം ഉള്ളതായി, ഭൂഖണ്ഡത്തിൽ ദശലക്ഷക്കണക്കിനു ഉള്ളതായി റിപ്പോർട്ടു ചെയ്തു. യൂക്കാലിപ്ററസ് മരത്തിന്റെ ശിഖരങ്ങളിൽ പകൽസമയം ഇരുന്ന് ഉറങ്ങുന്ന ഇവ എളുപ്പമുള്ള ലക്ഷ്യമായിരുന്നതുകൊണ്ട് ആയിരക്കണക്കിന് വെറും വിനോദത്തിനുവേണ്ടി വെടിവച്ചു കൊല്ലപ്പെട്ടു.
അവയുടെ മൃദുലവും, ചാര-വെള്ളി നിറമുള്ളതുമായ രോമത്തിനു വേണ്ടിയുള്ള ആവശ്യം വർദ്ധിച്ചപ്പോൾ സംഹാരം ഉഷാറായി. ഉദാഹരണത്തിന്, 1908-ൽ ഏകദേശം 60,000 കോളാരോമചർമ്മങ്ങൾ സിഡ്നിയിൽത്തന്നെ വിൽക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിനാലിൽ രണ്ടു ദശലക്ഷത്തിൽ കൂടുതൽ രോമചർമ്മങ്ങൾ ആസ്ട്രേലിയായുടെ കിഴക്കൻ രാജ്യങ്ങളിൽ നിന്നു കയററി അയക്കപ്പെട്ടു.
സന്തോഷകരമെന്നു പറയട്ടെ, ആസ്ട്രേലിയൻ ഫെഡറൽ ഗവൺമെൻറ് ഈ ഓമനത്വമുള്ള ജീവിയുടെ വംശനാശ ഭീഷണി തിരിച്ചറിഞ്ഞുകൊണ്ട് 1933-ൽ കോളായും കോളാ ഉല്പന്നങ്ങളും കയററി അയക്കുന്നതു തടയുന്നതിനു നിയമങ്ങൾ പാസാക്കി. കോളാ ഇപ്പോൾ ഒരു സംരക്ഷിക്കപ്പെടുന്ന മൃഗമാണ്.
മററു രാജ്യങ്ങൾ കോളയെ അവരുടെ മൃഗശാലകളിൽ സംരക്ഷിക്കുന്നതിനു വിഫലശ്രമം നടത്തിയിട്ടുണ്ട്. പ്രത്യേക ആഹാരക്രമത്തിനുവേണ്ടിയുള്ള പച്ചമാറാത്ത യൂക്കാലിപ്ററ്സ് ഇലകളുടെ പരിരക്ഷണം ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, യൂക്കാലിപ്ററസ് മരങ്ങൾ വളരുന്നതിനു കാലാവസ്ഥ യോജിച്ചതായതിനാൽ അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയായിൽ വളരെ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സാൻ ഡിയോഗായിലെയും ലോസ് ആഞ്ചലസിലെയും മൃഗശാലകളിൽ കോളായുടെ പെരുപ്പം ഉണ്ട്. ഈ അടുത്ത കാലത്ത്, കോളായെ ആരോഗ്യത്തോടെ സംരക്ഷിക്കപ്പെടുന്നതിനുള്ള ഉറപ്പായ മാർഗ്ഗങ്ങൾ സസൂക്ഷ്മം പഠിച്ച് ബാധകമാക്കുന്ന ജപ്പാനിലേക്കു അവയെ അയച്ചിട്ടുണ്ട്—എവേക്ക്! ആഗസ്ററ് 22, 1986 കാണുക.
ഓമനത്വമുള്ള കോളാ അതിജീവിക്കുമോ?
നിരുത്തരവാദപരമായ സംഹാരം തടയുന്നതിനുള്ള സാമാന്യബോധത്തോടെയുള്ള സമീപനം അതിജീവനത്തിനുള്ള അതിന്റെ പ്രത്യാശയെ വർദ്ധിപ്പിച്ചേക്കുമെന്നു കാണപ്പെടുന്നു. “ആസ്ട്രേലിയായിലെ രോമ മൃഗങ്ങൾ” (Furred Animals of Australia) എന്ന പുസ്തകത്തിന്റെ എഴുത്തുകാരനായ എല്ലിസ് ട്രോഫ്ടൺ ഈ പ്രത്യാശാജനകമായ അഭിലാഷത്തോടെ തന്റെ പുസ്തകം അവസാനിപ്പിച്ചു: “ഈ രോമാഞ്ചജനകമായ കോളാ എല്ലായിടത്തും സമ്പൂർണ്ണമായി നിരുപദ്രവകരങ്ങളാണ്. നമ്മുടെ വീട്ടുമുററത്തും നഗരപ്രാന്തങ്ങളിലും ഒപ്പോസമിനെപ്പോലെ നിത്യം സന്ദർശിക്കുന്നതിനു അവ ധാരാളമായി ഉണ്ടെങ്കിൽ നമുക്കെല്ലാവർക്കും അത് എന്തൊരു സന്തോഷമായിരിക്കും! അഭയം നൽകുന്ന വനത്തിനുള്ളിൽ സമാധാനത്തോടെ മേഞ്ഞുനടക്കുന്നതിന് അവയുടെ എണ്ണം അത്ഭുതകരമാം വിധം പെരുകട്ടെ”.
ഓമനത്വമുള്ള കോളാക്കു വേണ്ടി മാത്രമല്ല, നമ്മുടെ ഉല്ലാസത്തിനും ആസ്വാദനത്തിനും വേണ്ടി ഭൗമഗൃഹത്തിൽ നമ്മോടൊപ്പം ആക്കിവെച്ചിരിക്കുന്ന എല്ലാ മനോഹരമൃഗങ്ങൾക്കും വേണ്ടി എല്ലായിടത്തുമുള്ള മൃഗസ്നേഹികൾ ഈ മഹത്തായ പ്രത്യാശ പ്രതിധ്വനിപ്പിക്കുന്നു. (g91 12⁄8)
[16-ാം പേജിലെ ചിത്രം]
പൂർണ്ണവളർച്ചയെത്തിയ ഒരു കോള ദിവസവും ഏതാണ്ട് ഒരു കിലോഗ്രാം യൂക്കാലിപ്ററസ് ഇലകൾ തിന്നുന്നു, സാവകാശത്തോടെ എന്നാൽ നന്നായി ചവച്ചുകൊണ്ടും തന്നെ