യൂക്കാലിപ്റ്റസ് അതെത്ര ഉപയോഗപ്രദമാണ്?
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
അവയിൽ ചിലത് ഭീമാകാരരാണ്. 90 മീറ്ററിലേറെ ഉയരമുള്ള അവ ലോകത്തിലെ ഏറ്റവും പൊക്കമുള്ള വൃക്ഷങ്ങളുടെ ഗണത്തിൽപ്പെടുന്നു. വരണ്ട നിലത്ത് അധികം ഉയരത്തിൽ വളരാതെ, വളഞ്ഞു പുളഞ്ഞു നിൽക്കുന്ന കുള്ളന്മാരാണ് മറ്റു ചിലവ. ഈ മരങ്ങളുടെ ഇലകൾ രൂപകൽപ്പനയിലെ ഒരു വിസ്മയം തന്നെയാണ്, പൂക്കളാകട്ടെ നയനമനോഹരവും. ഈ മരത്തിന്റെ ഭാഗങ്ങൾ ഏതെങ്കിലും വിധത്തിൽ നിങ്ങൾക്കു പ്രയോജനപ്പെട്ടിട്ടുണ്ടാകാം.
ചിലതിന് ആൽപൈൻ ആഷ്, ടാസ്മാനിയൻ ഓക്ക് എന്നിങ്ങനെയുള്ള കുലീനമായ പേരുകളാണ് ഉള്ളത്. എന്നാൽ മിക്കതും പശമരം എന്ന സാധാരണ പേരിലാണ് അറിയപ്പെടുന്നത്. ശരിക്കും പറഞ്ഞാൽ, കാർബോഹൈഡ്രേറ്റുകളാൽ നിർമിക്കപ്പെട്ടതും വെള്ളത്തിൽ ലയിക്കുന്നതുമായ ഒരു പദാർഥമാണ് യഥാർഥ പശ. എന്നാൽ യൂക്കാലിപ്റ്റസ് മരങ്ങളൊന്നും ഇത്തരം പശ ഉത്പാദിപ്പിക്കുന്നില്ലാത്തതിനാൽ പശമരം എന്നത് വാസ്തവത്തിൽ ശരിയായ പേരല്ല. യൂക്കാലിപ്റ്റസ് ജീനസിൽപ്പെട്ടവ ആയതിനാൽ ഈ മരങ്ങളെ യൂക്കാലിപ്റ്റസ് എന്നു വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ഉചിതം. യൂക്കാലിപ്റ്റസ് ജീനസിൽ 600-ലേറെ അംഗങ്ങളുണ്ട്. ഇവയുടെ സ്വദേശം ഓസ്ട്രേലിയ ആണ്.
ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിറ്ററിയിലെ ഉഷ്ണമേഖലാ കാലാവസ്ഥയിലും ഉൾപ്രദേശങ്ങളിലെ വരണ്ട സമതലങ്ങളിലും യൂക്കാലിപ്റ്റസ് തഴച്ചു വളരുന്നു. എന്നാൽ അവിടെ മാത്രമല്ല, അന്റാർട്ടിക് കാറ്റു വീശുന്ന തെക്കൻ ടാസ്മാനിയയിലും തീരദേശത്തെ മഞ്ഞുമൂടിയ പർവതനിരകളിലും ഇവ സമൃദ്ധമായുണ്ട്. ഇവ എല്ലാ സ്ഥലങ്ങളിലും ഇത്ര വ്യാപകമായി കാണപ്പെടുന്നതിനാൽ 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പര്യവേക്ഷകനും ജന്തുശാസ്ത്രജ്ഞനുമായ ഒരു വ്യക്തി ഇങ്ങനെ പരിതപിച്ചു: “എവിടെ നോക്കിയാലും [കിലോമീറ്ററുകളോളം] വ്യാപിച്ചു കിടക്കുന്ന പശമരങ്ങളേ കാണാനുള്ളൂ. നോക്കെത്താദൂരത്തെങ്ങും പ്രകൃതിയിൽ ഈ ഒരു ദൃശ്യം മാത്രം.”
19-ാം നൂറ്റാണ്ടിൽ യൂറോപ്യൻ കുടിയേറ്റക്കാർ ഓസ്ട്രേലിയയിലേക്കു വന്നപ്പോൾ മുതൽ യൂക്കാലിപ്റ്റസിന് കൊടും വിപത്തുകൾ നേരിട്ടിട്ടുണ്ട്. ഇവ വികസനത്തിന് തടസ്സമാണെന്നു കരുതിയവർ 3,00,000 ചതുരശ്ര കിലോമീറ്റർ ഭാഗത്തെ യൂക്കാലിപ്റ്റസ് മരങ്ങൾ പിഴുതു മാറ്റിയതായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, എല്ലാവരും ഈ അമൂല്യ വിഭവത്തോട് ഇത്തരം കടുത്ത അവഗണന കാട്ടിയില്ല. 19-ാം നൂറ്റാണ്ടിൽ യൂക്കാലിപ്റ്റസ് കുടുംബം ലോകത്തെ കീഴടക്കാൻ തുടങ്ങി.
ഒരു ചക്രവർത്തിയും ഡോക്ടറും
1880-കളിൽ അബിസീനിയയിലെ—ഇന്നത്തെ എത്യോപ്യ—മെനെലിക് രണ്ടാമൻ ചക്രവർത്തി തന്റെ പുതിയ തലസ്ഥാന നഗരമായ വരണ്ടുണങ്ങിയ ആഡിസ് അബാബയിൽ തണലിനും വിറകിനുമായി മരങ്ങൾ വെച്ചുപിടിപ്പിക്കാൻ തീരുമാനിച്ചു. വനനശീകരണം സംഭവിച്ചിരുന്ന ഈ പ്രദേശത്ത് ആഫ്രിക്കയിലെ നൈസർഗിക സസ്യങ്ങളൊന്നും അനുയോജ്യമായിരുന്നില്ല. കുറഞ്ഞപക്ഷം തങ്ങളുടെ പ്രദേശത്തിന്റെ അത്രയെങ്കിലും ചൂടുള്ള ഒരു സ്ഥലത്ത് തഴച്ചുവളരുന്ന ഒരു മരത്തിനു വേണ്ടി ചക്രവർത്തിയുടെ വിദഗ്ധസേവകർ മറ്റിടങ്ങളിൽ അന്വേഷണം തുടങ്ങി. “ആഡിസ് അബാബ” എന്നാൽ “പുതുപുഷ്പം” എന്നാണർഥം. എത്യോപ്യയുടെ സമ്പദ്വ്യവസ്ഥയിൽ നിർണായകപങ്കു വഹിച്ച ഒരു വിദേശസസ്യമായ യൂക്കാലിപ്റ്റസിന്റെ ബഹുമാനാർഥമായിരിക്കാം തലസ്ഥാന നഗരത്തിന് ആഡിസ് അബാബ എന്ന പേരു നൽകപ്പെട്ടത്.
യൂക്കാലിപ്റ്റസിന്റെ ആധുനികകാല കുടിയേറ്റത്തിനു സംഭാവന ചെയ്ത മറ്റൊരു വ്യക്തിയാണ് ഡോ. എഡ്മൂണ്ടൂ നാവാരൂ ഡെ ആൻഡ്രാഡി. അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബ്രസീലിലെ വനങ്ങളെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം 1910-ൽ ഓസ്ട്രേലിയയിൽ നിന്ന് യൂക്കാലിപ്റ്റസ് തൈകൾ ഇറക്കുമതി ചെയ്യാൻ തുടങ്ങി. അവിടെ 3.8 കോടി യൂക്കാലിപ്റ്റസ് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനു മുൻകൈ എടുത്തത് അദ്ദേഹമാണ്. ഇന്ന് ബ്രസീലിൽ 200 കോടിയിലധികം യൂക്കാലിപ്റ്റസുകളുണ്ട്.
സ്വതസിദ്ധമായുള്ള മഴവനങ്ങൾക്കു പുറമേ, യൂക്കാലിപ്റ്റസുകളുടെ ഒരു വൻശേഖരവും ബ്രസീലിൽ ഉണ്ട്. വാസ്തവത്തിൽ, ഓസ്ട്രേലിയ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യൂക്കാലിപ്റ്റസ് മരങ്ങൾ ഉള്ളത് എന്ന ബഹുമതി ബ്രസീലിനാണ്. ബ്രസീലിന്റെ സമ്പദ്വ്യവസ്ഥയുടെ പുരോഗതിയിൽ യൂക്കാലിപ്റ്റസ് ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ അമൂല്യ സമ്പത്ത് രാജ്യത്തിനു പരിചയപ്പെടുത്തിയ ഡോ. നാവാരൂവിനെ വിശിഷ്ടസേവനത്തിനുള്ള പ്രത്യേക മെഡൽ നൽകി ആദരിക്കുകയുണ്ടായി.
ജീവൻ നിലനിറുത്താൻ കഴിവുള്ള ഒരു വൃക്ഷം
അധികം പൊക്കത്തിൽ വളരാത്ത, കുറ്റിച്ചെടികൾ പോലെയുള്ള ചില ഓസ്ട്രേലിയൻ യൂക്കാലിപ്റ്റസുകളുടെ വേരുകൾക്ക് നല്ല ജലസംഭരണശേഷി ഉണ്ട്. ഈ കഴിവുപയോഗിച്ച് അവ വരണ്ടുണങ്ങിയ മണ്ണിൽ നിന്നും ലഭ്യമാകുന്നത്ര വെള്ളം വലിച്ചെടുത്ത് ശേഖരിച്ചു വെക്കുന്നു. ഓസ്ട്രേലിയയിലെ ആദിവാസികളെയും അവിടെ എത്തിയ ആദ്യകാല പര്യവേക്ഷകരെയും അവിടത്തെ വരണ്ട ഉൾപ്രദേശങ്ങളിൽ പിടിച്ചുനിൽക്കാൻ സഹായിച്ചത് മണ്ണിനടിയിലെ ഈ വെള്ളക്കുപ്പികളാണ്. ഇവയുടെ നീളമുള്ള ഉപരിതലവേരുകൾ മാന്തിയെടുത്ത് ചെറുകഷണങ്ങളാക്കുന്നു. ഈ കഷണത്തിന്റെ ഒരറ്റത്ത് ഊതുമ്പോൾ ഇളം തവിട്ടുനിറമുള്ള ഒരു ദ്രാവകം പുറത്തേക്കൊഴുകുന്നു. 9 മീറ്റർ നീളമുള്ള ഒരു വേരിൽനിന്ന്, അത്ര സ്വാദുള്ളതല്ലെങ്കിലും, ജീവരക്ഷാകരമായ ഒന്നര ലിറ്റർ പാനീയം ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
ചതുപ്പുനിലങ്ങളിൽ തഴച്ചു വളരുന്ന യൂക്കാലിപ്റ്റസ് കുടുംബത്തിലെ മറ്റുചില അംഗങ്ങൾ നനഞ്ഞു കുതിർന്ന മണ്ണിൽ നിന്ന് ആർത്തിയോടെ വെള്ളം വലിച്ചെടുക്കുന്നു. ഒരുകാലത്ത് കൊതുകുകളുടെ ആവാസകേന്ദ്രമായിരുന്ന പോൻടൈൻ ചതുപ്പുനിലങ്ങളിലെ വെള്ളം വറ്റിക്കുന്നതിന് ഇത്തരം യൂക്കാലിപ്റ്റസുകളെ ഇറ്റലിക്കാർ പ്രയോജനപ്പെടുത്തി. ഇപ്പോൾ ആ പ്രദേശം ഫലഭൂയിഷ്ഠമായ കൃഷിഭൂമിയാണ്.
ആഫ്രിക്ക, അമേരിക്കകൾ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 50-ലേറെ രാജ്യങ്ങൾ വാണിജ്യപരമായും അലങ്കാരപരമായും മൂല്യമുള്ള യൂക്കാലിപ്റ്റസ് ചെടികളെ തങ്ങളുടെ രാജ്യത്തു കൊണ്ടുവന്നു നട്ടുവളർത്തിയിരിക്കുന്നു. കടുംചുവപ്പു നിറത്തിലും തേനിന്റേതു പോലത്തെ തങ്കനിറത്തിലുമുള്ള അതിന്റെ തടി ഫർണിച്ചർ നിർമാതാക്കൾക്കു വളരെ പ്രിയങ്കരമാണ്. ഒരു ആധികാരിക ഉറവിടം ഇങ്ങനെ പറയുന്നു: “അറിയപ്പെടുന്നതിലേക്കും ഏറ്റവും കൂടുതൽ ഭാരവും കടുപ്പവും ഈടുമുള്ള തടികളിലൊന്നാണ് യൂക്കാലിപ്റ്റസിന്റേത്. തടിയുടെ ഗുണമേന്മയും വേഗത്തിലുള്ള വളർച്ചാനിരക്കും . . . ഈ ജീനസിനെ കടുപ്പമുള്ള തടികളുടെ, ലോകത്തിലെ ഏറ്റവും അമൂല്യമായ ഉറവിടമാക്കിത്തീർത്തിരിക്കുന്നു.”
യൂക്കാലിപ്റ്റസിന്റെ ജലരോധകശേഷിയുള്ള ഇനങ്ങൾ കപ്പലുകൾ, കടൽപ്പാലങ്ങൾ, ടെലിഫോൺ തൂണുകൾ, വേലികൾ എന്നിവയുടെ നിർമാണത്തിനും തറപാകുന്നതിനും ഉപയോഗിച്ചു വരുന്നു. യെല്ലോ ബോക്സ്, അയൺബാർക്ക് എന്നീ ഇനങ്ങളുടെ കട്ടിയുള്ള പുറന്തോടോടു കൂടിയ മൊട്ടുകളിൽ നിന്നു വിരിയുന്ന മനോഹരമായ പൂക്കൾ മധുരമുള്ള പൂന്തേൻ ഉത്പാദിപ്പിക്കുന്നു. തേനീച്ചകൾ ഇവയെ തേനാക്കി മാറ്റുന്നു. ഈ തേൻ വളരെ രുചികരവും വിശേഷപ്പെട്ടതുമാണ്. ഈ അടുത്ത വർഷങ്ങളിൽ 45 ലക്ഷം ടൺ യൂക്കാലിപ്റ്റസ് തടിക്കഷണങ്ങൾ ഓസ്ട്രേലിയയിൽ നിന്ന് കയറ്റുമതി ചെയ്തിരിക്കുന്നു. ഇതിൽനിന്ന് അവർക്ക് പ്രതിവർഷം 25 കോടി ഡോളർ വരുമാനം ലഭിച്ചിരിക്കുന്നു.
കീനോ, തൈലം, ടാനിൻ
യൂക്കാലിപ്റ്റസ് മരത്തിന്റെ പട്ടയിൽനിന്നും തടിയിൽനിന്നും കീനോ എന്നു വിളിക്കപ്പെടുന്ന രക്തവർണമാർന്ന പശപോലുള്ള ഒരു പദാർഥം ഊറിവരുന്നു. ചിലതരം കീനോ, കപ്പൽപ്പുഴുവിൽ നിന്നു തടിയെ സംരക്ഷിക്കാനായി ഉപയോഗിക്കപ്പെടുന്നു. രക്തവാർച്ച തടയുന്നതിനുള്ള ഒരു ഔഷധത്തിന്റെ നിർമാണത്തിലും കീനോ ഉപയോഗിക്കുന്നുണ്ട്. ചില സ്പീഷീസുകളുടെ പട്ടയിൽ നിന്നു ലഭിക്കുന്ന ടാനിൻ, തുകൽ ഊറയ്ക്കിടാനും (tanning) തുണികൾക്ക് ചായം പിടിപ്പിക്കാനും ഉപയോഗിക്കുന്നു.
വിലപ്പെട്ട തൈലത്തിന്റെ സംഭരണിയായ ഇവയുടെ ഇലകൾ വിസ്മയകരമായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നവയാണ്. സ്വാധീനമില്ലാത്ത കൈപ്പത്തിയിൽ നിന്നു തളർന്നു തൂങ്ങിക്കിടക്കുന്ന വിരലുകൾ പോലുള്ള ഈ ഇലകളുടെ കൂർത്ത അഗ്രം മരത്തിന്റെ ചുവട്ടിലേക്കു ചൂണ്ടിയാണു നിൽക്കുന്നത്. ഇലപ്പടർപ്പ് ഒരു വലിയ ചോർപ്പുപോലെ പ്രവർത്തിക്കാൻ ഈ രൂപകൽപ്പന സഹായിക്കുന്നു. ഇലകളുടെ ഉപരിതലത്തിൽ ശേഖരിക്കപ്പെടുന്ന അമൂല്യമായ ജലാംശം തുകൽസമാനമായ അവയുടെ അഗ്രത്തിൽ നിന്ന് താഴെ ദാഹജലത്തിനായി കേഴുന്ന വേരുപടലത്തിലേക്ക് ഇറ്റിറ്റു വീഴുന്നു.
തീക്ഷ്ണവും ഉന്മേഷദായകവുമായ സുഗന്ധമുള്ള യൂക്കാലിപ്റ്റസ് തൈലം ഇലകൾ വാറ്റിയാണ് എടുക്കുന്നത്. സുഗന്ധദ്രവ്യങ്ങൾ, സോപ്പുകൾ, മരുന്നുകൾ, മധുരപലഹാരങ്ങൾ, ശുചീകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ ഒട്ടനവധി സാധനങ്ങളിൽ ഇവ ഉപയോഗിക്കുന്നുണ്ട്. വൃക്ഷത്തിൽ ആയിരിക്കുന്ന അവസ്ഥയിൽ ഇലകളിൽ നിന്ന് തൈലം ബാഷ്പീകരിക്കപ്പെടുകയും ചെറുതുള്ളികളായി വായുവിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു. ഇവയിൽ പതിക്കുമ്പോൾ സൂര്യപ്രകാശത്തിന് അപവർത്തനം സംഭവിക്കുന്നതിന്റെ ഫലമായി യൂക്കാലിപ്റ്റസ് വനത്തിന് സവിശേഷമായ ഒരു നീലവർണം ലഭിക്കുന്നു. സിഡ്നി നഗരത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ബ്ലൂ മൗണ്ടൻസിന് ആ പേരു ലഭിക്കാൻ കാരണം ഈ പ്രതിഭാസമാണ്.
ഭക്ഷണകാര്യത്തിൽ നിർബന്ധം പിടിക്കുന്ന ചിലരുടെ പാർപ്പിടം
യൂക്കാലിപ്റ്റസ് വനങ്ങളിലെ ഏറ്റവും പ്രശസ്തനായ അന്തേവാസി രോമപ്പന്തുപോലെയിരിക്കുന്ന, ഓമനത്തമുള്ള കോലാ ആണ്. ഭക്ഷണകാര്യത്തിൽ പിടിവാശി കാണിക്കുന്ന ഈ സസ്യഭോജിയുടെ ഇഷ്ടഭക്ഷണം പന്ത്രണ്ടോ അതിലധികമോ ഇനങ്ങളിൽപ്പെട്ട യൂക്കാലിപ്റ്റസ് ഇലകളുടെ അറ്റമാണ്. മിക്ക മൃഗങ്ങളെയും സംബന്ധിച്ചിടത്തോളം ഇത്തരമൊരു പരിമിതമായ ഭക്ഷണക്രമം മരണത്തിനു കാരണമായേക്കാം. എന്നാൽ കോലായുടെ കാര്യത്തിൽ അതു സംഭവിക്കുന്നില്ല. എന്തുകൊണ്ട്?
പ്രത്യേകമായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന അവയുടെ ദഹനവ്യവസ്ഥയാണ് ഇതിനു കാരണം. ഒന്നുമുതൽ രണ്ടുവരെ മീറ്റർ നീളമുള്ള ഒരു ഉണ്ഡുകപുച്ഛം (appendix) ഇതിന്റെ സവിശേഷതയാണ്. മനുഷ്യരുടെ ഉണ്ഡുകപുച്ഛത്തിനാണെങ്കിൽ 8 മുതൽ 15 വരെ സെന്റിമീറ്റർ മാത്രമേ നീളമുള്ളൂ. യൂക്കാലിപ്റ്റസ് ഇലകളിൽ നിന്ന് തങ്ങൾക്കാവശ്യമായ മുഴുവൻ മാംസ്യങ്ങളും കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും ആഗിരണം ചെയ്യാൻ ഈ സവിശേഷ ഉണ്ഡുകപുച്ഛം ഈ കൊച്ചു മൃഗങ്ങളെ സഹായിക്കുന്നു.
കോലായെപ്പോലെ യൂക്കാലിപ്റ്റസ് ഇലകൾ മാത്രം തിന്നു ജീവിക്കുന്ന, അത്രതന്നെ അറിയപ്പെടാത്ത ഒരു ഓസ്ട്രേലിയൻ സ്വദേശിയാണ് പറക്കുന്ന ഒപ്പോസങ്ങളുടെ ഏറ്റവും വലിയ ഇനം. രോമക്കുപ്പായമണിഞ്ഞ ഈ സഞ്ചിമൃഗത്തിന് ഒരു പൂച്ചയോളം വലിപ്പമുണ്ടാകും. ഇതിന് ഏകദേശം 40 സെന്റിമീറ്റർ നീളമുള്ള പരുപരുത്ത വാലും മുൻപാദങ്ങൾക്കും പിൻപാദങ്ങൾക്കും ഇടയ്ക്ക് വ്യാപിച്ചു കിടക്കുന്ന ചർമപാളികളും ഉണ്ട്. ഈ മാംസച്ചിറകുകൾ ഉപയോഗപ്പെടുത്തി ഒപ്പോസം ഒരു ശാഖയിൽനിന്ന് ചാടുകയും 100 മീറ്റർ വരെ ദൂരം പറന്ന് അടുത്ത ശാഖയിൽ സുരക്ഷിതമായി പിടിയുറപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ പറക്കുമളവിൽ അത് 90 ഡിഗ്രി തിരിയാറുണ്ട്.
കാട്ടുതീയും വീണ്ടുമുള്ള വളർച്ചയും
ഓസ്ട്രേലിയയിൽ സാധാരണമായ കാട്ടുതീ യൂക്കാലിപ്റ്റസ് വനങ്ങൾക്ക് ഒരു ഭീഷണിയാണ്. എന്നാൽ അതിനെ അതിജീവിക്കത്തക്ക വിധത്തിലാണ് ഈ മരങ്ങളുടെ രൂപകൽപ്പന. അതെങ്ങനെ?
യൂക്കാലിപ്റ്റസ് മരത്തിന്റെ പുറംതൊലിക്കു തൊട്ടുതാഴെയായി, തായ്ത്തടിയിലും ശിഖരങ്ങളിലും ഉടനീളം സുഷുപ്തിയിലാണ്ടു കിടക്കുന്ന പത്രമുകുളങ്ങളുണ്ട്. മരത്തിന്റെ പുറംതൊലിയും ഇലകളും തീപിടിത്തത്തിൽ നശിക്കുമ്പോൾ ഈ മുകുളങ്ങൾ വളരാൻ തുടങ്ങുന്നു. കരിവാളിച്ചു പോയ തായ്ത്തടിയെ അവ പച്ച ഇലകളാൽ പുതപ്പിക്കുന്നു. ഇതിന്റെ ഫലമായി വൃക്ഷത്തിന് അതിജീവിക്കാൻ കഴിയുന്നു. കൂടാതെ, മണ്ണിൽ ഉറങ്ങിക്കിടക്കുന്ന വിത്തുകളും മിക്കപ്പോഴും ഈ സാഹചര്യത്തിൽ മുളയ്ക്കുകയും പുതിയ മരങ്ങൾ വളരുന്നതിനു കാരണമാകുകയും ചെയ്യുന്നു.
അത്യന്തം വിലമതിക്കപ്പെടേണ്ട ഒരു വൃക്ഷം
യൂക്കാലിപ്റ്റസിൽ നിന്ന് തയ്യാറാക്കിയിട്ടുള്ള ഒരു ഔഷധം നിങ്ങളുടെ തൊണ്ടയ്ക്ക് ആശ്വാസം പകർന്നിട്ടുണ്ടോ? യൂക്കാലിപ്റ്റസ് തേൻ ഉപയോഗിച്ചുണ്ടാക്കിയ മധുരപലഹാരം നിങ്ങൾ രുചിച്ചു നോക്കിയിട്ടുണ്ടോ? ഈ മരത്തിന്റെ തടി ഉപയോഗിച്ചു നിർമിച്ച ബോട്ടിൽ യാത്ര ചെയ്യാനോ വീട്ടിൽ താമസിക്കാനോ നിങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ടോ? ഇവയുടെ വിറകു കത്തിച്ചു നിങ്ങൾ തീ കാഞ്ഞിട്ടുണ്ടോ? ഏതെങ്കിലും വിധത്തിൽ ഈ വിശേഷപ്പെട്ട മരത്തിന്റെ പ്രയോജനങ്ങൾ നിങ്ങൾ അനുഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്, അടുത്ത തവണ രോമക്കുപ്പായമണിഞ്ഞ ഒരു കോലായെ നേരിട്ടോ ഫോട്ടോയിലോ കാണുമ്പോൾ അവയുടെ പാർപ്പിടമായ ഈ വൃക്ഷത്തിന്റെ അത്ഭുതകരമായ രൂപകൽപ്പന നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയില്ലേ?
വാസ്തവത്തിൽ, ബഹുമുഖോപയോഗമുള്ളതും പ്രതികൂല സാഹചര്യങ്ങളിൽ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു വൃക്ഷമാണ് യൂക്കാലിപ്റ്റസ്. (g01 2/22)
[16, 17 പേജുകളിലെ ചിത്രം]
യൂക്കാലിപ്റ്റസുകൾ ലോകത്തിലെ ഏറ്റവും പൊക്കമുള്ള വൃക്ഷങ്ങളുടെ ഗണത്തിൽപ്പെടുന്നു
[17-ാം പേജിലെ ചിത്രം]
വിശേഷതരം തേനുണ്ടാക്കാൻ തേനീച്ചകൾ യൂക്കാലിപ്റ്റസ് പൂന്തേൻ ഉപയോഗിക്കുന്നു
[18-ാം പേജിലെ ചിത്രം]
“അറിയപ്പെടുന്നതിലേക്കും ഏറ്റവും കൂടുതൽ ഭാരവും കടുപ്പവും ഈടുമുള്ള തടികളിലൊന്നാണ്” യൂക്കാലിപ്റ്റസിന്റേത്
[18-ാം പേജിലെ ചിത്രങ്ങൾ]
കോലാകളും (ഇടത്ത്) പറക്കുന്ന ഒപ്പോസങ്ങളും (മുകളിൽ) യൂക്കാലിപ്റ്റസ് ഇലകൾ തിന്നു ജീവിക്കുന്നു
[കടപ്പാട്]
© Alan Root/Okapia/PR
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Geoff Law/The Wilderness Society
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Courtesy of the Mount Annan Botanic Gardens