ഉണരുക! ഒരു സംസാരരോഗ വിദഗ്ദ്ധനോട് ചോദിക്കുന്നു
വിക്കുള്ളവരെ ചികിത്സിക്കുന്നതിൽ വിദഗ്ദ്ധനായിരിക്കുന്ന ഡോ. ഒലിവർ ബഡ്ള്സ്റ്റെയിനുമായി ഉണരുക! അഭിമുഖസംഭാഷണം നടത്തി. സംഭാഷണവേളയിൽ ചർച്ച ചെയ്ത ചോദ്യങ്ങളിൽ ചിലത് താഴെ കൊടുക്കുന്നു.
ഡോക്ടർ ബഡ്ള്സ്റ്റെയിൻ, താങ്കൾ ഈ മണ്ഡലത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് എത്രകാലമായി?
മുപ്പത്തിയേഴ് വർഷം.
ഒരു വ്യക്തി വിക്കിപ്പറയുന്നവരുടെ കൂടെയായിരുന്നാൽ വിക്കനായിത്തീരുമോ?
അത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്, എന്തുകൊണ്ടെന്നാൽ അത് സത്യമാണെന്നാണ് അനേകരും കരുതുന്നത്. ഞങ്ങളുടെ അറിവനുസരിച്ച് അവരുടെ കൂടെയായിരിക്കുന്നതിൽ യാതൊരപകടവുമില്ല. വിക്ക് അനുകരണത്താൽ പഠിക്കുന്ന ഒന്നല്ല.
വിക്കുള്ളവർ വൈകാരികമായി ശൈഥല്യം ഭവിച്ചവരാണോ?
വിക്കുള്ളവരെക്കുറിച്ച് രൂഢമൂലമായ ഒരു പൊതുഅഭിപ്രായമുണ്ട്—അതായത് അവർ ഒഴിഞ്ഞു മാറുന്ന പ്രകൃതക്കാരും ഏകാന്തത ഇഷ്ടപ്പെടുന്നവരും അന്തർദർശികളും പെട്ടെന്ന് ക്ഷോഭിക്കുന്നവരും പിരിമുറുക്കമുള്ളവരുമാണ്—എന്നാൽ വിക്കുള്ളവരുടെ വ്യക്തിത്വങ്ങളിൽ നടത്തിയ ഗവേഷണങ്ങളിൽനിന്ന് ഈ അഭിപ്രായം വാസ്തവത്തിൽ ഉരുത്തിരിഞ്ഞുവന്നിട്ടില്ല.
വിക്കുള്ള എല്ലാവരും ഞരമ്പുരോഗികളാണെന്നുള്ള ധാരണ എല്ലായിടത്തുമുണ്ടായിരുന്നു. എന്നാൽ സംസാരപ്രാപ്തിയുടെ രോഗനിദാനശാസ്ത്രം ഈ സിദ്ധാന്തം കൈവിട്ടിരിക്കയാണ്. കാരണം 1930-കളിലും 40-കളിലും 50-കളിലും വിക്കുള്ളവരുടെ വ്യക്തിത്വങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ നടത്തപ്പെട്ടു. പ്രത്യേകിച്ച്, ക്ഷോഭാത്മക—ക്രമീകരണ—പരിശോധനകളിൽ വിക്കുള്ള മിക്കവരും സാധാരണഗതിയിൽ ക്രമായി പ്രവർത്തിക്കുന്നതായി കാണപ്പെട്ടു. വിക്കുമായി ഏതെങ്കിലും പ്രത്യേക വ്യക്തിത്വ സവിശേഷത ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയുമില്ല.
വിക്കുള്ളവർ വിക്കില്ലാത്തവരെപ്പോലെതന്നെ ബുദ്ധിശക്തിയുള്ളവരാണോ?
തീർച്ചയായും അതെ, വാസ്തവത്തിൽ വിക്കുള്ള കോളജ് വിദ്യാർത്ഥികൾക്ക് വിക്കില്ലാത്തവരെക്കാൾ കൂടുതൽ ബുദ്ധിമാനമുള്ളതായി നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആരെങ്കിലും വിക്കിൽനിന്ന് ഭേദപ്പെടുന്നുണ്ടോ?
ശൈശവത്തിനും യൗവനപ്രാപ്തിക്കുമിടയ്ക്ക് വിക്ക് അപ്രത്യക്ഷപ്പെടാനുള്ള സ്ഥിരീകൃത സാദ്ധ്യതയുണ്ട്. യൗവനദശയ്ക്കു മുമ്പ് ഇല്ലാതായ ഏതാണ്ട് 80 ശതമാനം കുട്ടികളുടെ അനുഭവമാണ് ഒരുപക്ഷേ നമുക്കുള്ള ഏറ്റവും നല്ല തെളിവ്.
അതുകൊണ്ട്, ഒരു കുട്ടിക്ക് വിക്കുണ്ടെങ്കിൽ അവന്റെ മാതാപിതാക്കൾ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നാണോ ഇതിന്റെയർത്ഥം?
വളരെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ വിക്കുള്ള കുട്ടികൾക്ക് അധികം താമസിയാതെ ഭേദപ്പെടാനുള്ള നല്ല സാദ്ധ്യതയുള്ളതായി ഞങ്ങൾ കാണുന്നു. എന്നാൽ ഏതു കുട്ടി ഭേദപ്പെടുമെന്നോ ഏത് കുട്ടി ഭേദപ്പെടുകയില്ലെന്നോ ഞങ്ങൾക്ക് ഇപ്പോൾ മുൻകൂട്ടിപ്പറയാൻ സാദ്ധ്യമല്ല. അതുകൊണ്ട് ഞങ്ങളുടെ നയം ഇതാണ്: മാതാപിതാക്കൾ ചിന്തയുള്ളവരാണെങ്കിൽ കുട്ടിയെ ഒരു വിദഗ്ദ്ധന്റെയടുത്ത് കൊണ്ടുപോവുക. കുട്ടിയെ പരിശോധിച്ച് അവനെ സഹായിക്കാൻ കഴിയുമോയെന്ന് കാണുക. ഞങ്ങളുടെ അറിവനുസരിച്ച് വളരെ ചെറുപ്പത്തിലേ വിക്കിപ്പറയുന്ന കുട്ടിയാണെങ്കിൽ അത് ഭേദപ്പെടാനുള്ള വലിയ സാദ്ധ്യതകളുണ്ട്. എന്നാൽ വിക്കിന് യാതൊരു മാറ്റവും കാണുന്നില്ലെങ്കിൽ, സഹായം ലഭിക്കാതെ ഭേദപ്പെടാനുള്ള സാദ്ധ്യതകളും കുറഞ്ഞുകുറഞ്ഞുവരും.
ഇന്ന് ഉപയോഗിക്കുന്ന ചികിത്സകൾ ഏതെല്ലാമാണ്?
ചികിത്സയുടെ രണ്ട് വശങ്ങളുണ്ട്. ഒന്ന്, തങ്ങളുടെ പ്രശ്നത്തെ അവഗണിച്ചുകൊണ്ട് വസ്തുനിഷ്ഠമായതിന് പ്രാധാന്യം കൊടുക്കുന്നതിനും ഭയമില്ലാത്തവരായിരിക്കുന്നതിനും വിക്കുള്ളവരെ പഠിപ്പിക്കുക. രണ്ട്, വിക്കിപ്പറയുന്ന പ്രകൃതത്തെ നേരേ സ്വാധീനിക്കുക.
ഇപ്പോൾ വിക്കിപ്പറയുന്ന പ്രകൃതത്തെ നേരേ കൈകാര്യം ചെയ്യുന്നതിന് വളരെ വിപുലമായ രണ്ട് വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. ഒരു മാർഗ്ഗം, വ്യത്യാസപ്പെടുത്തി സംസാരിക്കാൻ വിക്കുള്ളവരെ പഠിപ്പിക്കുക എന്നതാണ്. ഇത് 19-ാം നൂറ്റാണ്ടുമുതൽ പ്രചാരത്തിലിരിക്കുന്ന ഒരു മാർഗ്ഗമാണ്. വിക്കുള്ളവർ സാധാരണമല്ലാത്ത ഏതെങ്കിലും രീതിയിൽ സംസാരിക്കുമ്പോൾ—ലഘുഗാനത്തിലും സംഗീതത്തിലും മെല്ലെ സംസാരിക്കുമ്പോൾ അല്ലെങ്കിൽ അവർ തങ്ങളുടെ ശ്വസനരീതിയിൽ മാറ്റം വരുത്തുമ്പോൾ പോലും—അത് നല്ല ഒഴുക്കിൽ പരിണമിക്കുന്നു. അതുകൊണ്ട് ആ രീതി ചികിത്സയിൽ ഉപയോഗിക്കുന്നത് വളരെ ആകർഷകമാണ്. ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന രീതിയും വാസ്തവത്തിൽ ഇതുതന്നെയാണ്. എന്നിരുന്നാലും അതിന് ചില വൈകല്യങ്ങളുണ്ട്. വളരെ ഗുരുതരമായ ഒന്ന്, അയാൾ മാസങ്ങൾക്കുശേഷം പഴയസ്ഥിതിയിലേക്ക് വീണ്ടും പോകാനുള്ള വലിയ സാദ്ധ്യതയുണ്ട്. വിക്കുള്ള ചിലർ എന്നേക്കുമായി സഹായിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും മറ്റനേകരും പൂർവ്വ സ്ഥിതിയിലായിട്ടുണ്ട്. കൂടാതെ തന്റെ സംസാരം എല്ലായ്പ്പോഴും പരിശോധിച്ചുകൊണ്ടിരിക്കാൻ വിക്കുള്ള വ്യക്തിയെ ഇത് നിർബ്ബന്ധിക്കുന്നു. അത് പലപ്പോഴും അസ്വാഭാവികമായ ഒരു സംസാരരീതിയിൽ പരിണമിക്കുന്നു.
വിക്കുള്ള പ്രകൃതത്തെ നേരേ സ്വാധിനിക്കാവുന്ന രണ്ട് മാർഗ്ഗങ്ങളുണ്ടെന്ന് താങ്ങൾ പറഞ്ഞല്ലോ. രണ്ടാമത്തേത് ഏതാണ്?
രണ്ടാമത്തെ സിദ്ധാന്തം, വിക്കുള്ളവരെ വ്യത്യസ്തമായി സംസാരിക്കാൻ പഠിപ്പിക്കുന്നതല്ല മറിച്ച് വ്യത്യസ്തമായി വിക്കിപ്പറയാൻ പഠിപ്പിക്കുന്നതാണ്. ഇത് വിചിത്രമായി തോന്നിയേക്കാം. 1930-കളിൽ ഈ ലക്ഷത്തിലുള്ള ഒരു നീക്കമുണ്ടായിരുന്നു. അതിന് ഇപ്പോഴും സ്വാധീനമുണ്ട്. അത് വിക്കുള്ള വ്യക്തിയോട് ഇപ്രകാരം പറഞ്ഞു: “ലഘുസംഗീതത്തിലോ മൂളിപ്പാട്ടിലോ ചെയ്യുന്നതുപോലെ വിചിത്രമായ വിധങ്ങളിൽ സംസാരിച്ചുകൊണ്ട് വിക്ക് ഒഴിവാക്കാൻ തന്ത്രം പ്രയോഗിക്കരുത്. മറിച്ച് കുറെ സ്വാഭാവികമായ രീതിയിൽ, കൂടുതൽ അയഞ്ഞരീതിയിൽ, അമിതമായ വിക്കില്ലാത്തരീതിയിൽ അവ ചെയ്തുകൊണ്ട് വിക്കിന്റെ പ്രതികരണങ്ങൾ മിതപ്പെടുത്തുക.” നമുക്കെല്ലാവർക്കും നമ്മുടെ സംസാരത്തിൽ തടസ്സങ്ങളുണ്ടെന്നുള്ളത് വസ്തുതയാണ്.
ഇത് പടിപടിയായുള്ള ഒരു രീതിയാണ്. എന്നാൽ ഇതിനും ഇതിന്റേതായ ദൂഷ്യങ്ങളുണ്ട്. മുഖ്യമായ ഒന്ന്, വിക്കുള്ളവർ വളരെ വിരളമായേ പൂർണ്ണ ഒഴുക്കോടെ സംസാരിക്കാൻ പഠിക്കുകയുള്ളു എന്നതാണ്. ഈ രീതി ഉപയോഗിക്കുന്നതിനാൽ സാദ്ധ്യതയനുസരിച്ച് വിക്കിന്റെ വലിയ കാഠിന്യം അല്പം കുറയ്ക്കാൻ വിക്കുള്ളയാളെ നമുക്ക് സഹായിക്കാൻ കഴിയും, അത് പൂർണ്ണമായി ഭേദപ്പെടുത്താൻ സാധിക്കുന്നില്ലെങ്കിലും.
ഇന്ന് വിക്കുള്ളവരെ ചികിത്സിച്ച് പൂർണ്ണമായി ഭേദപ്പെടുത്താവുന്ന ഉത്തമായ യാതൊരു മാർഗ്ഗവുമില്ല എന്നതാണ് ഞാൻ നിങ്ങളോട് പറയുന്നതിന്റെ ആശയം. എന്നാൽ വിക്കുള്ള പലരേയും വലിയ അളവുവരെ സഹായിക്കാൻ കഴിയും.
വിക്കുള്ള ഒരുവനോട് മെല്ലെ സംസാരിക്കുന്നതിനോ ദീർഘശ്വാസമെടുക്കുന്നതിനോ പറയുന്നതുകൊണ്ട് പ്രയോജനമുണ്ടോ?
ആളുകൾ വളരെ വ്യത്യസ്തരായിരിക്കുന്നതിനാൽ ഇത്തരം ഒരു ചോദ്യത്തിന് സ്പഷ്ടമായ ഒരുത്തരം നൽകുക പ്രയാസമാണ്. മാതാപിതാക്കൾ ഈ കാര്യങ്ങൾ തങ്ങളുടെ കുട്ടികളോട് ഉപയോഗിക്കുന്നത് വളരെ മോശമായ ഒരു സംഗതിയാണെന്ന് വിശ്വസിക്കത്തക്കരീതിയിലാണ് ഞാൻ പഠിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ കുട്ടികളോട് പറയുന്നതിലൂടെ മാതാപിതാക്കൾക്ക് പ്രശ്നം വളരെ വഷളാക്കാൻ കഴിയുമെന്ന് ഞാൻ എന്റെ സ്വന്ത അനുഭവത്തിൽനിന്ന് വിശ്വസിക്കുന്നു. ദീർഘശ്വാസമെടുക്കാൻ ഉപദേശിച്ച കുട്ടികൾ പിറ്റേ ദിവസം നല്ല വിക്കുള്ളവരായിരിക്കുന്നതും അവർക്ക് ശ്വാസംമുട്ടുന്നതുപോലെ നിരവധി കേസുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. എങ്കിലും ഇത് അത്രകണ്ട് നിസ്സാരമല്ല. കാരണം അവരെ സഹായിക്കാനുള്ള ലക്ഷ്യത്തിൽ മാതാപിതാക്കൾ ഉപദേശം നൽകിയതിന്റെ ഫലമായി വിക്ക് നീങ്ങിക്കിട്ടിയ ധാരാളം കുട്ടികളുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് ഇത് തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. എന്നാൽ ഒരു പിതാവെന്നനിലയിൽ ഒരു കുട്ടിയോട് ദീർഘശ്വാസമെടുക്കുന്നതിനോ മെല്ലെ സംസാരിക്കുന്നതിനോ സംസാരിക്കുന്നതിനു മുമ്പ് ചിന്തിക്കുന്നതിനോ അല്ലെങ്കിൽ അത്തരം മറ്റ് കാര്യങ്ങളോ തുടർച്ചയായി ആവശ്യപ്പെടുന്നതിൽ ഞാൻ വളരെ ശ്രദ്ധയുള്ളവനായിരിക്കും.
സ്വയം സഹായിക്കപ്പെടുന്നതിന് വിക്കുള്ള ഒരുവന് തനിക്കുവേണ്ടിതന്നെ ചെയ്യാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ?
വിക്കുള്ള ഒരുവനെന്നനിലയിൽ, സാദ്ധ്യമാകുന്നിടത്തോളം സംസാര സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവിധം പഠിക്കുന്നതാണ് വിക്കുള്ള ഒരുവനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി എന്ന് എനിക്കു തോന്നുന്നു. അതുകൊണ്ട് ഞാൻ പറഞ്ഞതിന്റെ അർത്ഥം, സാധാരണയായി സമ്മർദ്ദങ്ങളുണ്ടെങ്കിലും വിക്കുള്ള ഒരുവൻ തന്റെ വിക്ക് മറയ്ക്കാൻ ശ്രമിക്കരുത്, തന്റെ വിക്കിനെക്കുറിച്ച് വല്ലപ്പോഴും അഭിപ്രായപ്രകടനങ്ങൾ നടത്താൻ പഠിക്കണം, സാധാരണസംസാരത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കരുത് എന്നതാണ്. തന്റെ സുഹൃത്തുക്കൾക്കെല്ലാം താൻ ഒരു വിക്കനാണെന്ന് അറിയാമെന്ന് ഉറപ്പുവരുത്തണം. തന്റെ വിക്ക് ഒരു സംഭാഷണവിഷയമാക്കാൻ കഴിയും. അങ്ങനെയെങ്കിൽ വിക്കിപ്പറയുമ്പോൾ അവർ ഇതികർത്തവ്യതാമൂഢരാവുകയില്ല.
സാദ്ധ്യമെങ്കിൽ, തന്റെ വിക്കിനെക്കുറിച്ച് ഫലിതം പറയാൻ പോലും അയാൾ പഠിച്ചേക്കാം. വിക്കിനെക്കുറിച്ച് ആരെങ്കിലും തമാശ് പറയുന്നത് വിക്കുള്ളവർക്ക് സഹിക്കാൻ വളരെ പ്രയാസമാണ്. എന്നാൽ എനിക്ക് വിക്കുള്ള ഒരുവനെ അറിയാം. അയാൾക്ക് എപ്പോഴെങ്കിലും വിക്കുണ്ടായാൽ അയാൾ ഇപ്രകാരം പറയും: “വാക്കുകൾക്കിടയിൽ ഒരു ചെറിയ ഇടവേളയുണ്ടായിരിക്കും.” അത് പിരിമുറുക്കം കുറയ്ക്കും. അല്ലെങ്കിൽ മറ്റ് സാഹചര്യങ്ങളിൽ അയാൾ ഇങ്ങനെ പറയും: “സാങ്കേതിക പ്രവർത്തനങ്ങളിലെ തകരാറുകൾ മൂലം പ്രക്ഷേപണത്തിൽ അല്പം താമസം നേരിടും.”
വിക്കുള്ള ആരെയെങ്കിലും സഹായിക്കാൻ ഒരു ശ്രോതാവിന് എങ്ങനെ കഴിയും?
വിക്കിപ്പറയാൻ തുടങ്ങുമ്പോൾ ശ്രോതാവ് രൂക്ഷമായി ദൃഷ്ടിതിരിക്കുന്നത് വിക്കുള്ള മിക്കവരും ഇഷ്ടപ്പെടുന്നില്ല. കൂടാതെ, വിക്കുള്ളയാൾ എങ്ങനെ പറയുന്നു എന്നതിനോടല്ല മിറിച്ച് എന്ത് പറയുന്നു എന്നതിനോടാണ് പ്രതികരിക്കേണ്ടത്. അതുവഴി ശ്രോതാവിന് വിക്കുള്ളയാളെ നന്നായി സഹായിക്കാൻ കഴിയും. അതിന്റെയർത്ഥം, വിക്കുള്ള വ്യക്തിയോട് “ക്ലേശിക്കേണ്ട!” എന്ന് പറഞ്ഞുകൊണ്ടോ മറ്റ് വാക്കുകൾ കൊണ്ടോ അയാളെ സഹായിക്കുന്നതിൽനിന്ന് ശ്രോതാക്കൾ ഒഴിഞ്ഞു നിൽക്കണം എന്നതാണ്. (g86 11/8)