ഞാൻ വിക്കിനെ നേരിടുന്ന വിധം
സ്വെൻ സീവെർസ് പറഞ്ഞപ്രകാരം
ചെറുപ്പം മുതലേ എനിക്കു വിക്കുണ്ട്. പിന്തിരിഞ്ഞു നോക്കുമ്പോൾ, ഈ പ്രശ്നത്തോടുള്ള എന്റെ മാതാപിതാക്കളുടെ സമീപനത്തെ ഞാൻ വിലമതിക്കുന്നു. വിക്കിവിക്കി സംസാരിക്കുമ്പോഴെല്ലാം അതു തിരുത്തുന്നതിനുപകരം ഞാൻ പറയുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവർ എപ്പോഴും ശ്രമിച്ചത്. സംസാരവൈകല്യ ചികിത്സകരുടെ അഭിപ്രായപ്രകാരം, കുട്ടിയുടെ വിക്കിലേക്ക് സദാ ശ്രദ്ധ തിരിക്കുന്ന മാതാപിതാക്കൾ ആ വൈകല്യത്തെ വർധിപ്പിച്ചേക്കാം.a
എനിക്കു മൂന്നു വയസ്സുള്ളപ്പോൾ അമ്മ ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നു. കൗമാരപ്രായത്തിലായിരിക്കേ ഞാൻ അമ്മയുടെ മാതൃക പിൻപറ്റാൻ തീരുമാനിച്ചു. ബൈബിൾ നന്നായി പഠിക്കുന്നതിന് എനിക്കു സഹായം ലഭിച്ചു. 1982 ജൂലൈ 24-ന് ജർമനിയിലെ ന്യൂമൂൻസ്റ്റെറിൽ നടന്ന ഒരു കൺവെൻഷനിൽവെച്ച് ദൈവത്തിന്റെ ഒരു സമർപ്പിത ദാസനായി ഞാൻ സ്നാപനമേറ്റു. പിന്നീട് ഞാൻ ദക്ഷിണാഫ്രിക്കയിലേക്കു താമസം മാറി. അവിടെയായിരിക്കെ, എല്ലാ സത്യക്രിസ്ത്യാനികളോടും ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്ന പരസ്യമായ പ്രസംഗവേലയിൽ ഞാൻ തുടർന്നും പങ്കുപറ്റി. (മത്തായി 28:19, 20) വിക്കുള്ള ഒരാളെന്ന നിലയ്ക്ക് എനിക്കതിന് എങ്ങനെ കഴിയുന്നുവെന്നു നിങ്ങൾ അതിശയിച്ചേക്കാം.
ക്രിയാത്മക മനോഭാവമുണ്ടായിരിക്കുന്നതിന്റെ പ്രതിഫലങ്ങൾ
ഒരു ക്രിയാത്മക മനോഭാവമുണ്ടായിരിക്കുക ചിലപ്പോഴെല്ലാം ബുദ്ധിമുട്ടാണെന്നതു സമ്മതിച്ചേ മതിയാകൂ. എന്നാൽ അങ്ങനെയായിരിക്കുന്നത് കാര്യമായ വ്യത്യാസമുണ്ടാക്കുമെന്ന് ഞാൻ കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും എനിക്ക് എങ്ങനെയെങ്കിലുമൊക്കെ ആശയവിനിയമം നടത്താൻ കഴിയുന്നു എന്നതാണു വസ്തുത. സംസാരത്തിലൂടെയല്ലെങ്കിൽ സന്ദേശങ്ങൾ എഴുതിക്കൊണ്ടോ ബൈബിൾ സാഹിത്യങ്ങൾ മറ്റുള്ളവർക്കു കാട്ടിക്കൊടുത്തുകൊണ്ടോ ഞാൻ ആശയവിനിയമം നടത്തുന്നു. സംഭാഷണത്തിനു തുടക്കമിടുന്നതിലെ ബുദ്ധിമുട്ടു തരണം ചെയ്യാൻ ക്രിയാത്മകമായ സമീപനം എന്നെ സഹായിക്കുന്നു. മുഖവുര വളരെ ലളിതമാക്കാൻ ഞാൻ ശ്രമിക്കുന്നു. സംഭാഷണത്തിന്റെ തുടക്കത്തിൽ കഴിയുന്നിടത്തോളം സംസാരിക്കാൻ ഞാൻ വീട്ടുകാരനെ അനുവദിക്കുന്നു. ആളുകൾക്ക് സംസാരിക്കാനിഷ്ടമാണ്. അവരുടെ ചിന്താഗതി മനസ്സിലാക്കാൻ അതെനിക്ക് അവസരം നൽകുന്നു. എന്നിട്ട് അവർക്കു താത്പര്യമുള്ള കാര്യങ്ങൾ എടുത്തിട്ട് ഞാൻ സംഭാഷണം തുടരുന്നു, ഒപ്പം ബൈബിൾ സന്ദേശവും വിശേഷവത്കരിക്കുന്നു. അവർ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംസാരവൈകല്യം മറക്കാൻ എന്നെ സഹായിക്കുന്നു. അപ്പോൾ എനിക്ക് അധികം വിക്കുണ്ടാകാറില്ല.
ക്രിസ്തീയ യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയാനും ക്രിയാത്മക സമീപനം എന്നെ സഹായിക്കുന്നു. ബൈബിൾ ചർച്ചകളിൽ ഞാൻ എത്രയധികം പങ്കുപറ്റുന്നുവോ സദസ്സും അധ്യയനനിർവാഹകനും അത്രയധികം എന്റെ സംസാരരീതിയോടു പരിചിതമാകുകയും ഞാൻ എങ്ങനെ സംസാരിക്കുന്നു എന്നതിനുപകരം എന്താണ് പറയുന്നത് എന്ന് ശ്രദ്ധിക്കുകയും ചെയ്യുന്നതായി ഞാൻ കണ്ടെത്തിയിട്ടുണ്ട്.
വിജയത്തിന്റെ ആഹ്ലാദം നുകരണമെങ്കിൽ ഞാൻ ശ്രമം തുടരേണ്ടിയിരിക്കുന്നു. ആത്മാനുകമ്പയ്ക്കു വശംവദനായി അന്തർമുഖനാകുന്നതിൽനിന്നും ഇതെന്നെ തടയുന്നു. ആത്മാനുകമ്പയുമായുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഒരാൾ കുതിരപ്പുറത്തുനിന്നു വീണാൽ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ അയാൾ തിരിച്ച് അതിന്റെ പുറത്തു കയറുന്നത് പ്രധാനമാണെന്ന് ഒരു ചൊല്ലുണ്ട്. അതുകൊണ്ട് യോഗത്തിൽ അഭിപ്രായം പറയുന്നതിനിടയിൽ വിക്കുമൂലം തുടരാനാകാതെ വന്നാൽ ആലങ്കാരികമായി ഞാൻ വീണ്ടും കുതിരപ്പുറത്തു കയറാൻ ശ്രമിക്കുന്നു. അതായത്, അടുത്ത അവസരത്തിൽത്തന്നെ ഞാൻ അഭിപ്രായം പറയുന്നു.
മറ്റുള്ളവർക്ക് സഹായിക്കാവുന്ന വിധം
ഫോൺവിളിക്കേണ്ടതുള്ളപ്പോഴോ അപരിചിതരോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കേണ്ടതുള്ളപ്പോഴോ നയപൂർവമുള്ള സഹായത്തെ ഞാൻ വിലമതിക്കുകതന്നെ ചെയ്യുന്നു. എന്നാൽ ചിലർ അതിരുവിട്ടു സഹായിക്കാൻ മുതിരുന്നു. തീരുമാനശേഷിയില്ലാത്ത ഒരു കുട്ടിയോടെന്നപോലെയാണ് അവർ എന്നോടു പെരുമാറുന്നത്.
എന്റെ സ്നേഹസമ്പന്നയായ ഭാര്യ ട്രേസിയുടെ സഹായവും ഞാൻ വിലമതിക്കുന്നു. അവൾ എന്റെ “വായ്” ആയി പ്രവർത്തിക്കുന്നതിനുമുമ്പ് ഞങ്ങൾ സാഹചര്യത്തെക്കുറിച്ച് വിശദമായി ചർച്ചചെയ്യുന്നു. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് അപ്പോൾ അവൾക്ക് അറിയാം. (പുറപ്പാടു 4:10, 14, 15 താരതമ്യം ചെയ്യുക.) അപ്രകാരം, ഭർത്താവെന്നനിലയിൽ എന്നോടവൾ ആദരവു പ്രകടമാക്കുന്നു. എന്റെ ജീവിതത്തിന്റെ മുഴുനിയന്ത്രണവും എന്റെ കയ്യിൽത്തന്നെയാണെന്ന തോന്നൽ അവൾ എനിക്കു നൽകുന്നു.
മറ്റൊരു സഹായമായിരുന്നു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ. ഈ പ്രതിവാര യോഗത്തിൽവെച്ച് വിദ്യാർഥികൾ പരസ്യ ബൈബിൾ വായനയിലും ബൈബിൾ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഹ്രസ്വ പ്രസംഗങ്ങളിലും പങ്കെടുക്കുന്നു. സദസ്യരുടെ മുമ്പാകെ മിക്കപ്പോഴും നന്നായി വായിക്കാനും സംസാരിക്കാനും എനിക്കു സാധിക്കുന്നതിൽ ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. സ്കൂളിൽ പേർ ചാർത്തിയില്ലായിരുന്നെങ്കിൽ ഈ കഴിവിനെക്കുറിച്ച് ഞാൻ ഒരിക്കലും ബോധവാനാകുമായിരുന്നില്ല.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നിയമനങ്ങൾ നിർവഹിച്ചിരുന്നപ്പോൾ പ്രബോധകൻ, ഞാൻ എങ്ങനെ പറയുന്നുവെന്നതിലല്ല മറിച്ച് എന്തു പറയുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അത് വിശേഷിച്ചും പ്രോത്സാഹജനകമായിരുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്കുംb എനിക്കു വളരെ പ്രയോജനം ചെയ്തിട്ടുണ്ട്, അതിന്റെ ചില വശങ്ങൾ ബാധകമാക്കുന്നത് സാധാരണ സംസാരപ്രാപ്തിയുള്ളവരെ അപേക്ഷിച്ച് വിക്കുള്ളവർക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുന്നുവെങ്കിൽപ്പോലും. ഉദാഹരണത്തിന്, വിക്കുമൂലം നിർദിഷ്ട സമയത്തിനുള്ളിൽ എനിക്ക് പ്രസംഗം തീർക്കാൻ കഴിയാറില്ല. എങ്കിലും എനിക്കു പരിഹരിക്കാൻ സാധിക്കുന്ന വശങ്ങൾ പ്രബോധകൻ വിശേഷവത്കരിക്കുന്നത് വളരെ പ്രോത്സാഹജനകമാണ്.
കൂടുതൽ സേവനപദവികൾ
മുൻകാലങ്ങളിൽ, നാം യോഗങ്ങളിൽ പഠിക്കുന്ന ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിൽനിന്ന് പരസ്യവായന നടത്താനുള്ള പദവി എനിക്കുണ്ടായിരുന്നു. പ്രാപ്തരായ മറ്റ് ശുശ്രൂഷകരുടെ അസാന്നിധ്യത്തിൽ അധ്യയനം നിർവഹിക്കുന്നതിനുള്ള പദവിയും എനിക്കു ലഭിച്ചിരുന്നു. ഇപ്പോൾ ഞാനൊരു അധ്യയനനിർവാഹകനാണ്. ആദ്യമൊക്കെ പരിഭ്രമം തോന്നിയിരുന്നെങ്കിലും അത്തരം നിയമനങ്ങൾ നിർവഹിക്കുന്നതിൽ ദൈവത്തിന്റെ സഹായം ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
എങ്കിലും വർഷങ്ങളോളം, സഭയിലെ പ്ലാറ്റ്ഫാറത്തിൽനിന്ന് വായിക്കാനോ പഠിപ്പിക്കാനോ പരിമിതമായ അവസരങ്ങളേ എനിക്കു ലഭിച്ചിരുന്നുള്ളൂ. ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ, കാരണം സദസ്യർക്കു മനസ്സിലാകുന്ന തരത്തിൽ ആശയങ്ങളെല്ലാം പറഞ്ഞുപിടിപ്പിക്കാൻ എനിക്ക് ഒട്ടേറെ സമയമെടുക്കേണ്ടിവന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് മറ്റ് നിയമനങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഞാൻ എന്റെ കഴിവ് മുഴുവൻ വിനിയോഗിച്ചു. ആദ്യം സഭയിൽ വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വിതരണ സഹായിയായി ഞാൻ സേവിച്ചു. ശുശ്രൂഷാദാസനായി നിയമനം ലഭിച്ചശേഷം ബൈബിളുകൾ, പുസ്തകങ്ങൾ എന്നിവയുടെയും മറ്റ് പ്രസിദ്ധീകരണങ്ങളുടെയും വിതരണം ഞാനാണു നോക്കിനടത്തിയത്. പിന്നീട് നമ്മുടെ പരസ്യസാക്ഷീകരണവേലയിൽ ഉപയോഗിക്കുന്ന പ്രദേശ കാർഡുകൾ പരിശോധിക്കുന്നതിന് എന്നെ നിയമിച്ചു. ഈ നിയമനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ശുഷ്കാന്തിയോടെ ജോലി ചെയ്യുന്നതുമെല്ലാം എനിക്ക് വളരെ സന്തോഷം കൈവരുത്തി.
കഴിഞ്ഞ എട്ടു വർഷമായി ഞാൻ ട്രേസിയോടൊപ്പം ഒരു മുഴുസമയ സുവിശേഷകനായും സേവിച്ചിരിക്കുന്നു. ഈ മേഖലയിലും യഹോവ എന്നെ തീർച്ചയായും അനുഗ്രഹിച്ചിട്ടുണ്ട്. വാസ്തവത്തിൽ, യഹോവ എന്റെ പോരായ്മയെ, അതായത് വിക്കിനെ, ഉപയോഗിക്കുന്നതിൽ ഞാൻ ചിലപ്പോൾ അതിശയിച്ചിട്ടുണ്ട്. സമർപ്പിത ക്രിസ്ത്യാനികളായിത്തീരാൻ ഞാൻ സഹായിച്ചിട്ടുള്ള അഞ്ചു പേരിൽ രണ്ടു പേർ വിക്കുള്ളവരാണ്.
സഭാമൂപ്പനായി സേവിക്കാൻ നിയമനം ലഭിച്ച ആ ദിവസം ഞാനിന്നും സന്തോഷത്തോടെ ഓർക്കുന്നു. പ്ലാറ്റ്ഫാറത്തിൽനിന്നുകൊണ്ട് പഠിപ്പിക്കാനുള്ള എന്റെ പ്രാപ്തി പരിമിതമാണെങ്കിലും മറ്റുള്ളവരെ വ്യക്തിപരമായ അടിസ്ഥാനത്തിൽ സഹായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിക്കുന്നു. ഗൗരവമേറിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സഭാംഗങ്ങളെ സഹായിക്കാൻ തിരുവെഴുത്തുപരമായ ഗവേഷണം നടത്താനുള്ള എന്റെ പ്രാപ്തിക്ക് വിക്ക് ഒരു തടസ്സമല്ല.
കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കൂടുതൽക്കൂടുതൽ പ്രസംഗങ്ങൾ നടത്താനുള്ള ക്ഷണം എനിക്കു ലഭിച്ചിരിക്കുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പ്രസംഗങ്ങൾ നടത്തുന്നതിനുപുറമേ മറ്റു യോഗങ്ങളിൽ ഹ്രസ്വമായ അറിയിപ്പുകൾ കൈകാര്യം ചെയ്യാനും എനിക്കു സാധിച്ചിരിക്കുന്നു. ക്രമേണ എന്റെ സംസാരത്തിന്റെ ഒഴുക്ക് മെച്ചപ്പെട്ടു. എന്നാൽ ഗുരുതരമായ വിധത്തിൽ വിക്ക് എന്നെ വീണ്ടും പിടികൂടി. ‘എനിക്കിനി നിയമനങ്ങളൊന്നും ലഭിക്കാൻ പോകുന്നില്ല,’ ഞാൻ വിചാരിച്ചു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തുമാറ് എന്റെ പേര് അടുത്ത പട്ടികയിൽത്തന്നെയുണ്ടായിരുന്നു! വിക്കുമൂലം എനിക്കു പരിപാടി തുടരാനാകുന്നില്ലെങ്കിൽ ഒന്നു നോക്കിയാൽ മതി പ്ലാറ്റ്ഫാറത്തിൽ വന്ന് താൻ പ്രസംഗം തുടർന്നുകൊള്ളാമെന്ന് ഞങ്ങളുടെ സഭയിലെ അധ്യക്ഷ മേൽവിചാരകൻ പറഞ്ഞു. ഒന്നോ രണ്ടോ തവണ സ്നേഹപുരസ്സരമായ ഈ വാഗ്ദാനം ഞാൻ സ്വീകരിക്കുകയുണ്ടായി. എങ്കിലും ഇക്കഴിഞ്ഞ മാസങ്ങളിലൊന്നും എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നിട്ടില്ല. എന്റെ സംസാരപ്രാപ്തി മെച്ചപ്പെട്ടപ്പോൾ പരസ്യ പ്രസംഗങ്ങളുൾപ്പെടെ നീണ്ട പരിപാടികൾ നടത്താനുള്ള നിയമനങ്ങൾ എനിക്കു ലഭിച്ചു. അടുത്തയിടെ, യഹോവയുടെ സാക്ഷികളുടെ ഒരു സർക്കിട്ട് സമ്മേളനത്തിൽ രണ്ടു പ്രകടനങ്ങളിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് എന്റെ അഭിവൃദ്ധിയെക്കുറിച്ച് ഞാൻ മുഴുവനായി മനസ്സിലാക്കിയത്.
തുറന്നു പറയട്ടെ, എന്റെ സംസാരപ്രാപ്തി മെച്ചപ്പെട്ടതെങ്ങനെയാണെന്ന് എനിക്ക് പൂർണമായി മനസ്സിലായിട്ടില്ല. നാളെ അത് വീണ്ടും ക്ഷയിച്ചു തുടങ്ങിയേക്കാം. വാസ്തവത്തിൽ, പ്ലാറ്റ്ഫാറത്തിൽനിന്നു സംസാരിക്കുന്നതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നതു ശരിയാണെങ്കിലും ആളുകളോട് വ്യക്തിപരമായി സംസാരിക്കുമ്പോൾ എനിക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അതുകൊണ്ട്, ഇത് ഞാൻ വിക്കിനെ കീഴടക്കിയ വിജയഗാഥയൊന്നുമല്ല. വിക്കുമൂലം ബുദ്ധിമുട്ടനുഭവപ്പെടുമ്പോൾ എന്റെ പരിമിതികളെ മനസ്സിലാക്കിക്കൊണ്ട് ‘ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാൻ’ സ്വയം ഓർമിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നു.—മീഖാ 6:8.
ഭാവിയിൽ എന്തുതന്നെ സംഭവിച്ചാലും, ദൈവത്തിന്റെ ആസന്നമായ പുതിയ ലോകത്തിൽ വിക്ക് പൂർണമായി ഇല്ലാതാകുമെന്ന അറിവുള്ളതുകൊണ്ട് ഞാൻ എന്റെ ശ്രമം തുടരും. “വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും” എന്ന് ബൈബിൾ പറയുന്നു. ഇത് അക്ഷരാർഥത്തിലും ആത്മീയാർഥത്തിലും സത്യമായി ഭവിക്കുമെന്നും “ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കു”മെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.—യെശയ്യാവു 32:4; 35:6.
[അടിക്കുറിപ്പുകൾ]
a 1997 നവംബർ 22 ലക്കത്തിലെ “വിക്കിനെക്കുറിച്ചുള്ള ഭയം മനസ്സിലാക്കൽ” എന്ന ലേഖനം കാണുക.
b വാച്ച്ടവർ ബൈബിൾ ആൻറ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[15-ാം പേജിലെ ചിത്രം]
ഭാര്യ ട്രേസിയോടൊപ്പം