പർവത ഗൊറില്ലകളെ സന്ദർശിക്കുന്നു
ടാൻസാനിയയിലെ ഉണരുക! ലേഖകൻ
അവയിൽ ഏതാണ്ട് 320 എണ്ണം മാത്രമേ റുവാണ്ടയുടെയും കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിന്റെയും അതിർത്തിയിലുള്ള അഗ്നിപർവത പ്രദേശത്ത് ജീവിക്കുന്നുള്ളൂ. ബാക്കി 300 എണ്ണം ഉഗാണ്ടയിലെ കൊടുങ്കാട്ടിലാണു വസിക്കുന്നത്. അവയാണ് പർവത ഗൊറില്ലകൾ—ലോകത്തിലേക്കും ഏറ്റവും അപകടകരമാംവിധം വംശനാശഭീഷണി നേരിടുന്ന സസ്തനികളിലൊന്ന്!
അമേരിക്കൻ ജന്തുശാസ്ത്രജ്ഞയായ ഡൈയാൻ ഫൊസി ഈ ജന്തുക്കളുടെ ദുരവസ്ഥയിലേക്കു പൊതുജനശ്രദ്ധ ക്ഷണിക്കാൻ വളരെയധികം പ്രവർത്തിച്ചു. 1960-കളുടെ അവസാനത്തിൽ, പർവത ഗൊറില്ലകളെക്കുറിച്ചു പഠിക്കാൻവേണ്ടിയാണ് ഫൊസി ആഫ്രിക്കയിലേക്കു വന്നത്. അക്കാലത്ത് അനധികൃത വേട്ടയാടലിന്റെ ഫലമായി അവ സത്വരം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയായിരുന്നു. ധീരയായ ആ ശാസ്ത്രജ്ഞ വിറുങ്ക പർവതങ്ങളിൽ ഏതാണ്ടൊരു സന്ന്യാസിനിയെപ്പോലെ ജീവിച്ചു. അവിടത്തെ ഗൊറില്ലകളുമായി അവർ പെട്ടെന്നുതന്നെ ചങ്ങാത്തത്തിലായി. ഫൊസി തന്റെ കണ്ടെത്തലുകൾ മാസികകളിലും മൂടൽമഞ്ഞിലെ ഗൊറില്ലകൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിലുമായി പ്രസിദ്ധീകരിച്ചു. കാലം കടന്നുപോകവേ തന്റെ രോമാവൃതരായ കൂട്ടുകാരെ സംരക്ഷിക്കാനുള്ള അവരുടെ ദൃഢനിശ്ചയത്തിനു ശക്തികൂടി. അനധികൃത നായാട്ടുകാരോട് അവർ ഫലത്തിൽ ഒരു പോരാട്ടംതന്നെ നടത്തി. എന്നാൽ ആ ഉത്സുകത അവർക്കു വിനയായിത്തീർന്നു. 1985-ൽ ഒരജ്ഞാതൻ അവരെ വധിച്ചു.
ശാന്തരായ ഈ ജന്തുക്കളെ നേരിട്ടു കാണാനുള്ള ആഗ്രഹംമൂലം 1993-ൽ ഞാനും ഭാര്യയും ഗൊറില്ലകളുടെ ആവാസത്തിലേക്ക് ഒരു സാഹസികയാത്ര നടത്താൻ തീരുമാനിച്ചു. അതിനെക്കുറിച്ച് ഞങ്ങൾ വിവരിക്കട്ടെ.
റുവാണ്ടയിലെ 3,700 മീറ്റർ ഉയരമുള്ള വീസോക്കീ അഗ്നിപർവതത്തിന്റെ അടിവാരത്തിൽനിന്ന് അതിന്റെ തുഞ്ചത്തുള്ള വോൾക്കേനോസ് ദേശീയ പാർക്കിലേക്ക് വഴികാട്ടികൾ ഞങ്ങളെ കൊണ്ടുപോകുന്നതോടെ ഞങ്ങളുടെ സാഹസികോദ്യമത്തിന് ആരംഭം കുറിക്കുകയായി. വിശ്രമവേളയ്ക്കിടയിൽ, ഗൊറില്ലകളുടെ അടുക്കലായിരിക്കുമ്പോൾ എങ്ങനെ പെരുമാറണമെന്ന് വഴികാട്ടികൾ ഞങ്ങൾക്കു വിവരിച്ചുതരുന്നു. ഈ പ്രത്യേക കൂട്ടം മൃഗങ്ങളെ സന്ദർശിക്കാൻ ദിവസത്തിൽ എട്ടുപേരെ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് അവർ പറയുന്നു. ഇത്, ഗൊറില്ലകൾക്ക് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതോടൊപ്പം അവയ്ക്ക് ശല്യമുണ്ടാക്കുന്നതും തടയും.
“കാട്ടിലേക്കു പ്രവേശിച്ചു കഴിഞ്ഞാൽ ശബ്ദം താഴ്ത്തി വേണം സംസാരിക്കാൻ,” വഴികാട്ടികളിലൊരാൾ ഞങ്ങളെ അറിയിക്കുന്നു. “ഇത് വനത്തിലുള്ള മറ്റ് പക്ഷിമൃഗാദികളെയും നിരീക്ഷിക്കാൻ സഹായിക്കും. കാരണം പർവത ഗൊറില്ലകളെക്കൂടാതെ ഇവിടെ സ്വർണ വാനരന്മാരും ആഫ്രിക്കൻ കലമാൻ ഇനത്തിൽപ്പെട്ട ഡ്യൂക്കറുകളും ബുഷ്ബക്കുകളും, ആനകളും കേപ് ബഫല്ലോകളും ഉണ്ട്.”
പാർക്കിൽ ചൊറിയണവും ഉറുമ്പുകളും ഉണ്ടെന്നും മൂടൽമഞ്ഞുള്ള കുറ്റിക്കാട്ടിലൂടെ നടക്കേണ്ടി വരുമെന്നുമൊക്കെ അവർ ഞങ്ങളെ ഓർമിപ്പിക്കുന്നു. ഞാനും ഭാര്യയും പരസ്പരം നോക്കി. അതിനുവേണ്ട തയ്യാറെടുപ്പോടെയല്ല ഞങ്ങൾ വന്നിരിക്കുന്നത്! എന്നാൽ സൗഹാർദമനോഭാവമുള്ള വഴികാട്ടികൾ മഴക്കോട്ടുകളും ബൂട്ടുകളും നൽകി ഞങ്ങളെ സഹായിക്കുന്നു.
ഗൊറില്ലകൾക്ക് മനുഷ്യർക്കുണ്ടാകുന്ന രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലായതുകൊണ്ട് അവയുടെ സംരക്ഷണാർഥം, രോഗമോ സാംക്രമിക രോഗമുണ്ടെന്ന സംശയമോ ഉള്ള ആർക്കും അവിടേക്കു പ്രവേശനമില്ലെന്ന് വഴികാട്ടി വിശദീകരിക്കുന്നു. “ഗൊറില്ലകളോടൊപ്പമായിരിക്കുമ്പോൾ അവയുടെ അടുക്കൽനിന്നു മുഖംതിരിച്ച് നിങ്ങളുടെ മൂക്കും വായും പൊത്തി വേണം ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യാൻ,” വഴികാട്ടികളിലൊരാൾ പറയുന്നു. “അവരുടെ മൂടൽമഞ്ഞു ഭവനത്തിലെ അതിഥികളാണ് നാമെന്ന കാര്യം മറക്കരുത്!”
കയ്യെത്താവുന്ന അകലത്തിൽ!
കുത്തനെയുള്ള കയറ്റം കയറി ഞങ്ങൾ 3,000 മീറ്റർ ഉയരത്തിലെത്തുന്നു. ഇവിടെ വായു നേർത്തതായതുകൊണ്ട് ശ്വാസോച്ഛ്വാസം നടത്താൻ ബുദ്ധിമുട്ടാണ്. പാതയാണെങ്കിൽ ഇടുങ്ങിയതുമാണ്. എങ്കിലും പായലുകളും പന്നൽച്ചെടികളും ഓർക്കിഡുകളും പൊതിഞ്ഞിരിക്കുന്ന ചില്ലകൾ നീട്ടിനിൽക്കുന്ന ഹജീനിയ വൃക്ഷത്തിന്റെ ഭംഗി നമുക്ക് ആസ്വദിക്കാനാകും. അത് വനത്തിന് പറുദീസാസമാനമായ ചാരുതയേകുന്നു.
ഗറില്ലകൾ തീറ്റയും തേടി നിരന്തരം സഞ്ചാരത്തിലായിരിക്കുമെങ്കിലും തലേന്ന് കണ്ട അതേ സ്ഥാനത്തേക്ക് വഴികാട്ടികൾ അവയെ തിരഞ്ഞുപോകുന്നു. “അതാ അങ്ങോട്ടു നോക്കൂ!” ആരോ വിളിച്ചുപറഞ്ഞു. മൃദുവായ സസ്യങ്ങളും ഇലകളും മറ്റും അടുക്കിവെച്ച് വെള്ളിമുതുകുള്ള ഗൊറില്ല തന്റെ കിടക്ക അഥവാ വീട് ഒരുക്കിയിരിക്കുന്നു.
“ഊമൂഗോമെ എന്നാണ് അവനെ വിളിക്കുന്നത്,” വഴികാട്ടി വിവരിക്കുന്നു. “ആൺ ഗൊറില്ലയ്ക്ക് ഏതാണ്ട് 14 വയസ്സാകുമ്പോൾ അവന്റെ മുതുക് വെള്ളിനിറമാകുന്നു. പിന്നെ അവനെ സംഘത്തിന്റെ നേതാവായിട്ടാണ് കണക്കാക്കുന്നത്. വെള്ളിമുതുകുള്ള ഗൊറില്ല മാത്രമേ പെൺഗൊറില്ലകളുമായി ഇണചേരുകയുള്ളൂ. ഇളംപ്രായക്കാർ അതിന് ശ്രമിച്ചാൽ അവരെ ഉടനെ കൂട്ടത്തിൽനിന്നു പുറത്താക്കും! എന്നാൽ ഒരു എതിരാളിക്ക് വെള്ളിമുതുകുള്ള ഗൊറില്ലയെ കൊല്ലാൻ സാധിച്ചാൽ അവൻ ഈ ഗൊറില്ലയുടെ സന്താനങ്ങളെയും വകവരുത്തും. എന്നിട്ട് പുതിയ നേതാവ് സ്ഥാനം ഏറ്റെടുത്ത് പെൺഗൊറില്ലകളുമായി ഇണചേർന്ന് സന്താനങ്ങളെ ഉളവാക്കും.”
“ഒരു ഗൊറില്ല എത്ര കാലം ജീവിക്കും?” മനോഹരമായ ഒരു മുളങ്കാട്ടിലേക്ക് വഴികാട്ടികളെ അനുഗമിക്കുന്നതിനിടെ കൂട്ടത്തിലാരോ ചോദിക്കുന്നു.
“ഏതാണ്ട് 40 വർഷം,” താഴ്ന്നശബ്ദത്തിൽ മറുപടി വന്നു.
“ശ്ശ്! ശ്ശ്!” മുഴക്കമുള്ള മുരൾച്ച കേട്ടപ്പോൾ ആരോ മന്ത്രിച്ചു. “എന്താണത്? ഗൊറില്ലയാണോ?” അല്ല, വഴികാട്ടികളിലൊരാൾ ഗൊറില്ലയെപ്പോലെ മുരണ്ടതാണ്. പ്രതികരണം ഉളവാക്കാനാണ് അയാളുടെ ശ്രമം. ഞങ്ങൾ വളരെ അടുത്തെത്തിയിരിക്കണം!
അതേ, വെറും അഞ്ച് മീറ്റർ അകലെയായി ഏതാണ്ട് 30 എണ്ണമുണ്ട്! ശബ്ദമുണ്ടാക്കാതെ പതുങ്ങിയിരിക്കാൻ വഴികാട്ടികൾ ഞങ്ങളോടു പറഞ്ഞു. “അവയ്ക്കുനേരെ വിരൽ ചൂണ്ടരുത്,” ഒരു വഴികാട്ടി അഭ്യർഥിച്ചു. “തങ്ങൾക്കുനേരെ എന്തെങ്കിലും എറിയാൻ പോകുകയാണെന്ന് അവ വിചാരിക്കും. ദയവായി ഒച്ചവെക്കരുത്. പടമെടുക്കുകയാണെങ്കിൽ തിടുക്കംകൂട്ടാതെ ശ്രദ്ധാപൂർവം എടുക്കണം. ഫ്ളാഷ് ഉപയോഗിക്കരുത്.”
ഞങ്ങളിപ്പോൾ അവയെ തൊടാൻ സാധിക്കുന്നത്ര അകലത്തിലെത്തിയിരിക്കുന്നു! എന്നാൽ ആരെങ്കിലും അതിനു മുതിരുന്നതിനുമുമ്പേ ഒരു വഴികാട്ടി മന്ത്രിക്കുന്നു: “അവയെ തൊടരുത്!” അതു പറഞ്ഞുതീരുന്നതിനുമുമ്പ് ഏതാനും കുട്ടിഗൊറില്ലകൾ ഞങ്ങളെ നിരീക്ഷിക്കാനെന്നവണ്ണം അടുത്തേക്കു വരുന്നു. വഴികാട്ടി ഒരു ചെറിയ മരച്ചില്ലകൊണ്ട് അവയെ പതുക്കെ ഒന്നടിക്കുന്നു. ജിജ്ഞാസുക്കളായ കുട്ടിഗൊറില്ലകൾ കൊച്ചുകുട്ടികളെപോലെ മലഞ്ചെരിവിലൂടെ ഉരുണ്ടുമറിയുകയും ഗുസ്തി പിടിക്കുകയും ചെയ്യുന്നു. കളി കാര്യമായി മാറുമ്പോൾ “അമ്മ” ഇടപെടുന്നു.
വെള്ളിമുതുകുള്ള ഗൊറില്ല ഞങ്ങളെ ദൂരെനിന്നു നിരീക്ഷിക്കുകയാണ്. പെട്ടെന്ന് അവൻ ഞങ്ങളുടെയടുക്കലേക്ക് വന്ന് ഏതാനും മീറ്റർ അകലെയായി ഇരിക്കുന്നു. ഭീമാകാരനായ അവന് ഏതാണ്ട് 200 കിലോഗ്രാം തൂക്കം കാണും! തീറ്റയിൽ മുഴുകിയിരിക്കുന്നതുകൊണ്ട് ഞങ്ങളെ അധികം ശ്രദ്ധിക്കാനൊന്നും അവന് നേരമില്ല. എങ്കിലും അവന്റെ ഒരു കണ്ണ് ഞങ്ങളുടെ മേലുണ്ട്. വാസ്തവത്തിൽ ഒരു ഗൊറില്ലയുടെ പ്രധാന ഹോബി തീറ്റയാണ്! വെള്ളിമുതുകുള്ള ഒരു ഗൊറില്ല ദിവസം 30 കിലോവരെ ആഹാരം അകത്താക്കിയേക്കാം. കൂടാതെ, കൂട്ടത്തിലുള്ള മറ്റു ഗൊറില്ലകളും രാവിലെമുതൽ വൈകുന്നേരംവരെ തീറ്റയുമന്വേഷിച്ചു നടപ്പാണ്. തേടിപ്പിടിച്ചുകൊണ്ടുവന്ന “വിശിഷ്ടഭോജ്യങ്ങൾ”ക്കുവേണ്ടി അവ കടിപിടികൂടുന്നതും ചിലപ്പോൾ കാണാൻ കഴിഞ്ഞേക്കും.
കൂറ്റൻ സെനീസിയോ ചെടിയുടെ കാമ്പാണ് അവയുടെ പ്രിയപ്പെട്ട ഭക്ഷണം. കാട്ടുസെലറി, ചില പ്രത്യേക ചെടികളുടെ വേരുകൾ, മുളങ്കൂമ്പ് എന്നിവയും അവയുടെ തീറ്റയിൽ പെടുന്നു. ചിലപ്പോൾ അവ മുളങ്കൂമ്പുകളും മുൾച്ചെടികളുടെ പച്ച ഇലകളും ചൊറിയണവും ഗേലിയമും വിവിധ വേരുകളും വള്ളിച്ചെടികളുമെല്ലാം ചേർത്ത് ഒരു “സാലഡ്”പോലും തയ്യാറാക്കുന്നു. “ചൊറിയണം കൈകൊണ്ട് പിടിക്കുകയും വൃത്തിയാക്കുകയുമൊക്കെ ചെയ്തിട്ടും ഗൊറില്ലകൾക്ക് ചൊറിച്ചിലുണ്ടാകാത്തത് എന്തുകൊണ്ടാണ്?” ആരോ ചോദിക്കുന്നു. വഴികാട്ടി വിവരിക്കുന്നു: “അവയുടെ കൈവെള്ളയിലെ തൊലി കട്ടിയേറിയതാണ്.”
ഞങ്ങൾ, ശാന്തമായ ഈ രംഗങ്ങളെല്ലാം ആസ്വദിച്ചുകൊണ്ട് നിൽക്കുന്നതിനിടയ്ക്ക് പെട്ടെന്ന് ആ കൂറ്റൻ ആൺഗൊറില്ല എഴുന്നേറ്റുനിന്ന് മാറത്തടിച്ചുകൊണ്ട് കിടിലംകൊള്ളിക്കുംവിധം ഭയാനകമായി അലറുന്നു! അവൻ വഴികാട്ടികളിലൊരാളുടെ അടുത്തേക്കു പാഞ്ഞുവരുന്നു. എന്നാൽ അയാളുടെ അടുത്തെത്തുന്നതിനുമുമ്പേ അവൻ പെട്ടെന്ന് പിടിച്ചുനിർത്തിയതുപോലെ നിൽക്കുന്നു. പേടിപ്പിക്കുന്നവിധത്തിൽ അവൻ വഴികാട്ടിയെ തുറിച്ചുനോക്കുന്നു! എന്നാൽ ഞങ്ങളുടെ വഴികാട്ടിക്ക് പരിഭ്രമമൊന്നുമില്ല. പകരം അയാൾ നിലത്ത് കുത്തിയിരുന്ന് മുരണ്ടുകൊണ്ട് സാവധാനം പിമ്പോട്ടു നീങ്ങുന്നു. വെള്ളിമുതുകുള്ള ആ ഗൊറില്ലയ്ക്ക് തന്റെ ശക്തിയും പ്രതാപവുമൊക്കെ ഞങ്ങളെ ഒന്നു കാണിക്കാനായിരുന്നെന്നു തോന്നുന്നു ഈ പരിപാടിയൊക്കെ. തീർച്ചയായും, അവൻ അതിൽ വിജയിക്കുകതന്നെ ചെയ്തു!
വഴികാട്ടികൾ ഞങ്ങൾക്കു തിരിച്ചുപോകാറായെന്ന സൂചന നൽകുന്നു. അത്ഭുതം ജനിപ്പിക്കുന്ന, ശാന്തരായ ഈ ജന്തുക്കളുമൊത്ത് ‘മൂടൽ മഞ്ഞിൽ’ അവരുടെ അതിഥികളായി ഞങ്ങൾ ഒരു മണിക്കൂറിലും അൽപ്പം കൂടുതൽ മാത്രമേ ചെലവഴിച്ചുള്ളൂ. അതൊരു ഹ്രസ്വസന്ദർശനമായിരുന്നെങ്കിലും ഞങ്ങൾക്കു മറക്കാനാകാത്ത അനുഭവങ്ങളിൽ ഒന്നാണ്. മനുഷ്യനും മൃഗവും അന്യോന്യം എന്നേക്കും സമാധാനത്തിൽ കഴിഞ്ഞുകൂടുന്ന, വരാൻപോകുന്ന പുതിയ ഭൂമിയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനത്തെപ്പറ്റി ഞങ്ങൾ ചിന്തിച്ചുപോയി!—യെശയ്യാവു 11:6-9.
[18-ാം പേജിലെ ഭൂപടം]
പർവത ഗൊറില്ല വസിക്കുന്ന പ്രദേശങ്ങൾ
കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്
കിവു തടാകം
ഉഗാണ്ട
റുവാണ്ട
ആഫ്രിക്ക
പ്രദേശം വലുതാക്കി കാണിച്ചിരിക്കുന്നു
[18-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.