ഞങ്ങളുടെ വായനക്കാരിൽനിന്ന്
മക്കൾ വീട്ടിൽനിന്നു പോകൽ “മക്കൾ വീട്ടിൽനിന്നു പോകുമ്പോൾ” (ജനുവരി 22, 1998) എന്ന ലേഖന പരമ്പര എനിക്കു സാന്ത്വനം പകർന്നു തന്നു. ഞങ്ങളുടെ നാലു മക്കളിൽ മൂന്നുപേരും മൂന്നു വർഷം മുമ്പ് വീട്ടിൽനിന്നു പോയി. അവർക്ക് എന്നെങ്കിലും വീട്ടിൽനിന്നു പോകേണ്ടി വരും എന്ന അറിവോടെയാണ് ഞാൻ അവരെ വളർത്തിക്കൊണ്ടു വന്നതെങ്കിലും മൂന്നുപേരും ഒരേ സമയത്തുതന്നെ പോകുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല! മാതാപിതാക്കളുടെ വികാരങ്ങളോട് വാച്ച് ടവർ സൊസൈറ്റി പ്രകടമാക്കുന്ന താത്പര്യത്തെ ഞാൻ ശരിക്കും വിലമതിക്കുന്നു.
എം. എസ്., ജപ്പാൻ
ഞാനും ഭാര്യയും ഇപ്പോൾ ഞങ്ങളുടെ സ്വന്തം സംസ്ഥാനത്തിനു വെളിയിൽ പ്രത്യേക പയനിയർമാരായി അഥവാ മുഴുസമയ സുവിശേഷകരായി സേവനം അനുഷ്ഠിക്കുകയാണ്. അകലെയാണെങ്കിലും മാതാപിതാക്കളെ ഞങ്ങൾ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും അവർ ഞങ്ങൾക്ക് ഇപ്പോഴും പ്രിയപ്പെട്ടവരാണെന്നും എങ്ങനെ പ്രകടിപ്പിക്കാമെന്നതു സംബന്ധിച്ച നിങ്ങളുടെ ഉപദേശം ശരിക്കും പ്രായോഗികമാണ്.
എം. എം. എസ്., ബ്രസീൽ
എനിക്ക് 11 വയസ്സുണ്ട്. വീട്ടുജോലികളെ പ്രായപൂർത്തി ആകുമ്പോഴത്തേക്കുള്ള പരിശീലനമായി ഞാൻ വീക്ഷിച്ചിരുന്നില്ല. എന്നാൽ ഈ ലേഖനങ്ങൾ വ്യത്യസ്ത രീതിയിൽ ചിന്തിക്കാൻ എന്നെ സഹായിച്ചു. യുവജനങ്ങളായ ഞങ്ങളെക്കുറിച്ചു കരുതുന്നതിനു നന്ദി.
ഡി. യു., യൂഗോസ്ലാവിയ
ഗൊറില്ലകൾ “പർവത ഗൊറില്ലകളെ സന്ദർശിക്കുന്നു” (ജനുവരി 22, 1998) എന്ന ലേഖനം വളരെ ആസ്വാദ്യമായിരുന്നു. ഗൊറില്ലകളിൽനിന്നുള്ള ആക്രമണമൊന്നും ഉണ്ടാകാതെ മനുഷ്യന് അവയുടെ അത്രയും അടുത്തുവരെ ചെല്ലാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ചലച്ചിത്രങ്ങളിൽ അവയെ ക്രൂര മൃഗങ്ങളായിട്ടാണ് ചിത്രീകരിക്കാറുള്ളത്. ആ ഉഗ്രൻ ലേഖനത്തിനു നന്ദി.
ആർ. പി., വെനെസ്വേല
വിക്ക് “ഞാൻ വിക്കിനെ നേരിടുന്ന വിധം” (ജനുവരി 22, 1998) എന്ന ലേഖനത്തിന് എന്റെ ആത്മാർഥമായ നന്ദി. സ്വെൻ സീവെർസിന്റെ അനുഭവം എനിക്കു പ്രത്യേകാൽ പ്രോത്സാഹജനകമായിരുന്നു. എന്തുകൊണ്ടെന്നാൽ എനിക്കും അതേ പ്രശ്നമുണ്ട്. കൂടുതൽ ഒഴുക്കുള്ള ഒരു പ്രസംഗകൻ ആയിത്തീരുന്നതിന് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വർഷങ്ങളായി എന്നെ സഹായിച്ചിരിക്കുന്നു.
ഇ. ഇസഡ്. എസ്., ബ്രസീൽ
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഓരോ ആഴ്ചയിലും യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുകളിൽവെച്ച് നടത്തപ്പെടുന്നു.—പത്രാധിപർ
തിരിച്ചടികൾക്കു മധ്യേയും സ്വെൻ സീവെർസ് പ്രകടമാക്കിയ ക്രിയാത്മക മനോഭാവം എന്നിൽ മതിപ്പുളവാക്കി. വിക്കുമായി മല്ലടിക്കുന്ന ഒരു സഹോദരൻ ഞങ്ങളുടെ സഭയിലുണ്ട്. ഇനി മുതൽ ഞാൻ അദ്ദേഹത്തോട് കൂടുതൽ ആദരവോടും താത്പര്യത്തോടുംകൂടെ ഇടപെടും.
കെ. കെ., ജപ്പാൻ
ഞാനും കുട്ടിക്കാലം മുതൽ വിക്കുള്ള ആളാണ്. വിക്കുള്ളവരോട് പരിതാപം കാണിക്കുന്നതിനു പകരം അവരെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ് എന്ന നിങ്ങളുടെ പ്രസ്താവന തികച്ചും ഉചിതമായിരുന്നു. ആ ലേഖനത്തിനു നന്ദി.
ഇ. സി., ഇറ്റലി
മാതാപിതാക്കളുടെ എതിർപ്പ് എനിക്ക് 1998 ജനുവരി 22 ലക്കം ഉണരുക! ലഭിച്ചതേയുള്ളൂ. “യുവജനങ്ങൾ ചോദിക്കുന്നു. . . മാതാപിതാക്കൾ എന്റെ വിവാഹത്തെ എതിർക്കുന്നുവെങ്കിലോ?” എന്ന ലേഖനം ഞാൻ വായിച്ചു. മകളുടെ വിവാഹത്തെ എതിർക്കുന്നത് എന്റെ ഭാഗത്തെ തെറ്റാണെന്നുള്ള ധാരണയായിരുന്നു എനിക്കുണ്ടായിരുന്നത്. എന്നാൽ, എന്റെ എല്ലാ ഉത്കണ്ഠകളെക്കുറിച്ചും—അവളുടെ ഇളം പ്രായം, ഭാവി വരന്റെ വ്യക്തിത്വം, ഒരു അവിശ്വാസിയുമായി ചേരാത്ത ബന്ധത്തിൽ അകപ്പെടാനുള്ള സാധ്യത, എയ്ഡ്സിനുള്ള സാധ്യത, സംസ്കാരത്തിലുള്ള വ്യത്യാസങ്ങൾ എന്നിവ—ആ ലേഖനം ചർച്ച ചെയ്തു. പ്രസ്തുത ലേഖനത്തിലെ വിവരങ്ങൾ എന്റെ മകളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലേണമേ എന്നാണ് എന്റെ പ്രാർഥന.
എൻ. ബി., ഐക്യനാടുകൾ
എത്ര നന്നായി എഴുതപ്പെട്ട ഒരു ലേഖനം! സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു വിഷയം നിങ്ങൾ വളരെ ഉചിതമായ വിധത്തിൽ ചർച്ച ചെയ്തു. നിങ്ങൾ വ്യത്യസ്ത പ്രശ്നങ്ങൾ പരാമർശിക്കുകയും അവയെ ഒരു തുറന്ന മനസ്സോടെ സമീപിക്കുന്നതിന് വായനക്കാരനെ സഹായിക്കുകയും ചെയ്തു.
എസ്. സി., ഐക്യനാടുകൾ
ഞാൻ എട്ടു വർഷമായി ഒരു മുഴുസമയ സുവിശേഷകനാണ്. എന്റെ മാതാപിതാക്കളും ക്രിസ്ത്യാനികളാണ്. വിവാഹം കഴിക്കാനുള്ള എന്റെ തീരുമാനം സംബന്ധിച്ച് എന്റെയും മാതാപിതാക്കളുടെയും ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. സഹായകരമായ ആ വിവരങ്ങൾ പ്രദാനം ചെയ്തതിന് നിങ്ങൾക്ക് വളരെ നന്ദി.
റ്റി. സി. എഫ്. ടാൻസാനിയ