വിക്കിനെക്കുറിച്ചുള്ള ഭയം മനസ്സിലാക്കൽ
വാക്ചാതുര്യമുള്ള ഒരു വ്യക്തിയും വിക്കുണ്ടാകുമോ എന്നു ഭയപ്പെടുന്ന ഒരു വ്യക്തിയും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്കു പറയാമോ? ‘ഓ, അതാണോ ഇത്ര വലിയ കാര്യം, എനിക്കറിയാം,’ നിങ്ങൾ ഉത്തരം പറഞ്ഞേക്കാം. എന്നാൽ, ആഫ്രിക്കാൻസ് ഭാഷയിലുള്ള തന്റെ ഹ്ഹ്ഹാക്കൽ (വ്വ്വിക്ക്) എന്ന പുസ്തകത്തിൽ പേയ്റ്റർ ലോ എഴുതിയ സംഗതി പരിഗണിക്കുക: “സാധ്യതയനുസരിച്ച്, ‘വ്യക്തമായും’ വിക്കുള്ള ഓരോ വ്യക്തിയോടുമുള്ള അനുപാതത്തിൽ ഈ പ്രശ്നം അത്ര പ്രകടമല്ലാത്ത പത്തു പേരുണ്ട്. അവർ കഴിയുന്നിടത്തോളം ശ്രദ്ധിക്കപ്പെടാതിരിക്കാൻ ആഗ്രഹിക്കുകയും വ്യത്യസ്ത വിധങ്ങളിൽ തങ്ങളുടെ സംസാരവൈകല്യം മറച്ചുപിടിക്കുകയും ചെയ്യുന്നു.” സംസാര വൈകല്യം മറച്ചുപിടിക്കുകയോ? അതെങ്ങനെ സാധിക്കും?
വിക്കുള്ള ചിലർ പറയാൻ മുമ്പു ബുദ്ധിമുട്ടനുഭവപ്പെട്ടിട്ടുള്ള വാക്കുകളെക്കുറിച്ചു മുൻകൂട്ടി ചിന്തിച്ചുകൊണ്ട് തങ്ങളുടെ വൈകല്യം ഏതെങ്കിലും വിധത്തിൽ മറച്ചുപിടിക്കുന്നു. എന്നിട്ട് ആ വാക്കു പറയുന്നതിനു പകരം അവർ വാചകഘടന മാറ്റുകയോ അതേ അർഥം ധ്വനിക്കുന്ന മറ്റൊരു പദമുപയോഗിക്കുകയോ ചെയ്യുന്നു. ഒരു ഭർത്താവ് തന്റെ വിവാഹജീവിതത്തിൽ 19 വർഷം വിക്കു മറച്ചുപിടിക്കുന്നതിൽ വിജയിച്ചു. ഒടുവിൽ ഭാര്യയുടെ മുമ്പാകെ സത്യം വെളിപ്പെട്ടപ്പോൾ അവൾ ഒരു സംസാരവൈകല്യ ചികിത്സാവിദഗ്ധനോടു ചോദിച്ചു: “അദ്ദേഹം എല്ലായ്പോഴും എന്നെക്കൊണ്ടു ഫോൺ ചെയ്യിപ്പിക്കുന്നതിനും ഹോട്ടലിൽ പോകുമ്പോൾ ഭക്ഷണത്തിന് ഓർഡർ ചെയ്യിപ്പിക്കുന്നതിനും . . . അദ്ദേഹം യോഗങ്ങളിൽ ഒരിക്കലും അഭിപ്രായങ്ങൾ പറയാതിരുന്നതിനുമൊക്കെ കാരണം അതാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?”
ദക്ഷിണാഫ്രിക്കയിൽനിന്നുള്ള സന്തുഷ്ട വിവാഹദമ്പതികളായ ഗേരാർട്ടിനെയും മരീയയെയും കുറിച്ചു പരിചിന്തിക്കുക.a താൻ ബൈബിൾ പഠനയോഗങ്ങളിൽ ഉത്തരങ്ങൾ പറയാതിരിക്കുന്നത് വിക്ക് ഉണ്ടാകുമോ എന്ന ഭയം നിമിത്തമാണെന്നു നിരവധി തവണ മരീയ തന്റെ ഭർത്താവിനോടു വിശദീകരിക്കാൻ ശ്രമിച്ചു. “വിഡ്ഢിത്തം പറയാതിരിക്കൂ,” അദ്ദേഹം ദൃഢമായി പറയും, “നിനക്കു വിക്കൊന്നുമില്ല.” തന്റെ ഭാര്യയുടെ വാചാലപ്രകൃതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗേരാർട്ട് ഈ നിഗമനത്തിലെത്തിയത്. ചില പ്രത്യേക സാഹചര്യങ്ങളിൽ സംസാരിക്കുമ്പോൾ മാത്രമേ അവൾ വിക്ക് ഉണ്ടാകുമോ എന്നു ഭയപ്പെടാറുള്ളൂ. വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിനു ശേഷം ആദ്യമായി ഗേരാർട്ട് ഇതു സംബന്ധിച്ച് ബോധവാനായി. അദ്ദേഹം ഇങ്ങനെ തുറന്നു സമ്മതിക്കുന്നു: “ഞാൻ അറിവും പരിഗണനയുമില്ലാത്തവനായിരുന്നു.” ഇപ്പോൾ, വിമർശിക്കുന്നതിനു പകരം ഒരു വലിയ സദസ്സിനു മുമ്പാകെ സംസാരിക്കാൻ ധൈര്യം സമാഹരിക്കുന്ന ഓരോ തവണയും അദ്ദേഹമവളെ അഭിനന്ദിക്കുന്നു.
മനസ്സിലാക്കാവുന്നതുപോലെ, വിക്കുള്ള ഒട്ടുമിക്കവരെയും ബാധിച്ചിരിക്കുന്നത് “ഭയമാണ് . . . ഇതു ചിലപ്പോൾ കുറഞ്ഞ അളവിൽ സ്ഥിരമായി അനുഭവപ്പെടുന്നതാകാം, എന്നാൽ മിക്കപ്പോഴും അതു തീവ്രമായിരിക്കാം,” വിക്ക് (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ വിക്കനായ ഡേവിഡ് കോംപ്ടൺ വിശദീകരിക്കുന്നു. “അയാൾക്ക്, താനേറ്റവും ദുർബലനാണെന്നു തോന്നുന്ന നിമിഷത്തിൽ, സഹമനുഷ്യരുമായുള്ള ബന്ധം ഏറ്റവും ആവശ്യമുള്ള സമയത്ത്, സംസാരത്തിലൂടെ—അതു സാധാരണ സംസാരമോ ഹൃദയം തുറന്നുള്ളതോ ആയിക്കൊള്ളട്ടെ—വികാരങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ ശ്രമിക്കുന്ന അവസരങ്ങളിൽ തന്റെ വികാരങ്ങൾ വ്രണപ്പെടുകയോ താൻ പരിഹാസ്യനാകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്നു പ്രതീക്ഷിക്കാവുന്നതാണ് . . . ഏറ്റവും വിജയകരമായി അതിനെ തരണം ചെയ്യുന്നവർപോലും അപ്പോഴും, തങ്ങൾ ഭയത്തിന്റെ സ്വാധീനത്തിലാണെന്നും അതൊരിക്കലും തങ്ങളെ പൂർണമായി വിട്ടുപോകുന്നില്ലെന്നും സമ്മതിക്കുന്നു.”
ഭയമുണർത്തിയേക്കാവുന്ന സാഹചര്യങ്ങൾ
വിക്കുള്ള ഒരാളെ, സ്കൂളിലെ ക്ലാസ്സുമുറിയിലോ ഒരു ബിസിനസ് യോഗത്തിലോ മതപരമായ കൂടിവരവിലോവെച്ച് സദസ്സിനു മുമ്പാകെ ഒരു ചോദ്യത്തിനുത്തരം നൽകാൻ ക്ഷണിക്കുമ്പോൾ അയാൾക്ക് ഉത്കണ്ഠയുളവാകുകയും അതു നിമിത്തം വിക്കു വല്ലാതെ കൂടുകയും ചെയ്യും. “വെറുതെ മിണ്ടാതിരിക്കുന്നത് എത്രയോ മെച്ചമെന്നു നിങ്ങൾക്കു തോന്നുന്ന അവസരങ്ങളുണ്ടായിട്ടുണ്ടോ?” എന്ന് വിക്കുള്ള പതിനഞ്ചുകാരിയായ ദക്ഷിണാഫ്രിക്കക്കാരി റോസന്നയോട് ഒരു റേഡിയോ അഭിമുഖത്തിൽ ചോദിച്ചു. അവൾ മറുപടി പറഞ്ഞു, “അനേകം തവണ. ഉദാഹരണത്തിന്, ക്ലാസ്സുമുറിയിലായിരിക്കുമ്പോൾ എനിക്കു മാർക്കു നേടിത്തരുമെന്ന് ഉറപ്പുള്ള ശരിയായ ഒരു ഉത്തരം അറിയാമായിരിക്കും. പക്ഷേ അതൊന്നു പറഞ്ഞൊപ്പിക്കാനുള്ള പാട് എനിക്കേ അറിയൂ.”
ആ റേഡിയോ പരിപാടിയിൽ സിമോൺ എന്നു പേരുള്ള ഒരു ബിസിനസുകാരനുമായും അഭിമുഖം നടത്തിയിരുന്നു. റോസന്നയെപ്പോലെ സിമോണും സംസാരവൈദഗ്ധ്യ ചികിത്സയുടെ സഹായത്താൽ വളരെയേറെ പുരോഗമിച്ചിരുന്നു. പക്ഷേ ഇപ്പോഴും, അദ്ദേഹത്തിന് ഇടയ്ക്കൊക്കെ വിക്കനുഭവപ്പെടാറുണ്ട്. സദസ്യരുടെ മനോഭാവം ചിലപ്പോഴൊക്കെ അതു വർധിക്കാനും ഇടയാക്കും. “നിങ്ങൾ ഒരു ബോർഡ് മീറ്റിംഗിൽ പങ്കെടുക്കുകയാണെന്നിരിക്കട്ടെ. അവിടെ നിങ്ങൾക്കു വളരെയേറെ പറയാനുണ്ട്, സംസാരിക്കാൻ ബുദ്ധിമുട്ടുള്ള സമയവും. മീറ്റിംഗിനു വേണ്ടി മേശയ്ക്കുചുറ്റും കൂടിവന്നിരിക്കുന്നവർ വളരെ, വളരെ അക്ഷമരായിത്തീരും,” അദ്ദേഹം വിശദീകരിക്കുന്നു.
വിക്കുള്ള ഒരാൾക്ക് അനുഭവപ്പെടുന്ന ഭയത്തെ ലജ്ജാലുവായ ഒരാൾക്ക് അപരിചിതരോടു സംസാരിക്കുമ്പോഴുണ്ടായേക്കാവുന്ന ഭയവുമായി കൂട്ടിക്കുഴയ്ക്കരുത്. കഴിഞ്ഞ രണ്ടു വർഷമായി യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകുന്ന ലീസായെക്കുറിച്ചു പരിചിന്തിക്കുക. കൂട്ടുകാരുമായി സാധാരണ സംഭാഷണങ്ങളിലേർപ്പെടുമ്പോൾ അവൾക്കു മിക്കവാറും ഒഴുക്കോടുകൂടി സംസാരിക്കാൻ സാധിക്കുന്നു. മുൻകൈയെടുത്ത് അപരിചിതരെ സമീപിക്കേണ്ടിവരുന്ന സുവിശേഷവേലയിലും അവൾ തീക്ഷ്ണതയോടെ പങ്കെടുക്കുന്നു. പക്ഷേ വിക്കുള്ള മിക്കവരിലും കാണുന്ന ഒരു ഭയം അവൾക്കുണ്ട്—വലിയ ഒരു സദസ്സിനു മുമ്പാകെ സംസാരിക്കുന്നത്. “ഞങ്ങളുടെ യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ,” ലീസാ വിശദമാക്കുന്നു, “കൈപൊക്കി ചോദ്യത്തിന് ഉത്തരം നൽകാൻ എനിക്കു വല്ലപ്പോഴുമൊക്കെയേ സാധിക്കാറുള്ളൂ. ഇനി അഥവാ ഒരു ഉത്തരം പറഞ്ഞാൽത്തന്നെ, അത് ഒരു വാക്കിലോ കൂടിവന്നാൽ ഒരു ചെറിയ വാചകത്തിലോ ഒതുങ്ങുന്നതുമായിരിക്കും. അതു ചെറുതായിരിക്കാം, പക്ഷേ എന്റെ കഴിവിന്റെ പരമാവധിയാണത്. ഞാൻ മുൻകൂട്ടി തയ്യാറാകുന്നതുകൊണ്ട് മിക്കപ്പോഴും ഉത്തരം എന്റെ മനസ്സിലും നാവിൻതുമ്പത്തുമുണ്ടാകും. പക്ഷേ എന്റെ നാവ് സഹകരിക്കാൻ വിസമ്മതിക്കുന്നു.”
വിക്കുള്ള ചിലരെ സംബന്ധിച്ചിടത്തോളം അതിനെക്കാൾ ബുദ്ധിമുട്ടുള്ള ഒന്നാണ് ഉറക്കെ വായിക്കുന്നത്. ഇത്, സാധാരണഗതിയിൽ അവർ ഒഴിവാക്കുന്ന പദങ്ങൾ ഉപയോഗിക്കാൻ അവരെ നിർബന്ധിതരാക്കുന്നു. “ഞങ്ങളുടെ യോഗങ്ങളിലൊന്നിൽ,” ലീസാ തുടരുന്നു, “ചിലപ്പോഴൊക്കെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന തിരുവെഴുത്തുകൾ ഊഴമനുസരിച്ചു വായിക്കാൻ ഞങ്ങളോടാവശ്യപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഞാൻ പേടിച്ചുവിറച്ച്, അതെനിക്കു നേരേചൊവ്വേ വായിക്കാൻ സാധിക്കുമോ എന്നു ചിന്തിച്ച്, വേവലാതിയോടെ, എന്റെ ഊഴത്തിനായി കാത്തിരിക്കും. ചിലപ്പോഴൊക്കെ വായിക്കുമെങ്കിലും ചില വാക്കുകൾ നേരാംവണ്ണം ഉച്ചരിക്കാനെനിക്കാകില്ല. അങ്ങനെവരുമ്പോൾ ഞാൻ ആ വാക്കു വിഴുങ്ങിയിട്ട് ബാക്കിയുള്ളതു വായിക്കുന്നു.”
സ്പഷ്ടമായും, വിക്കുള്ള ഒരു വ്യക്തിയെ ഉറക്കെ വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനു മുമ്പ് അതിനെക്കുറിച്ച് ശ്രദ്ധാപൂർവം പരിചിന്തിക്കേണ്ടതുണ്ട്. അത്തരം “പ്രോത്സാഹനം” വിക്കുള്ളയാളുടെ അവസ്ഥ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. പകരം, അവനോ അവളോ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമ്പോൾ, ആ വ്യക്തി ഊഷ്മളമായ അഭിനന്ദനം അർഹിക്കുന്നു.
സഹായിക്കാൻ ശ്രമിക്കുമ്പോൾ
വിക്ക് സങ്കീർണമായ ഒരു തകരാറാണ്. ഒരാൾക്കു ഗുണം ചെയ്യുന്ന ഒന്ന് മറ്റൊരാൾക്കു ഫലപ്രദമായിക്കൊള്ളണമെന്നില്ല. വാസ്തവത്തിൽ, ഒരു കാലഘട്ടത്തേക്ക് വിക്കു “മാറിയ”തായി തോന്നിയിട്ടുള്ള പലർക്കും പിന്നീട് അതു തിരികെവന്നിട്ടുണ്ട്. മറ്റേതൊരു സംസാരവൈകല്യത്തെക്കുറിച്ചും നടത്തിയിട്ടുള്ളതിനെക്കാൾ അധികം പഠനങ്ങൾ വിക്കിനെക്കുറിച്ചു നടത്തിയിട്ടുണ്ട്. എന്നിട്ടും, വിദഗ്ധർക്ക് ഒരു നിശ്ചിത കാരണം കണ്ടെത്താനായിട്ടില്ല. യഥാർഥത്തിൽ, വിക്കിന് അനേകം കാരണങ്ങൾ ഉണ്ടായിരുന്നേക്കാം എന്നതിനോടു മിക്കവരും യോജിക്കുന്നു. വിക്കുള്ള ആളിന്റെ തലച്ചോറിലെ കോശങ്ങളുടെ ക്രമീകരണത്തിന് ശൈശവത്തിൽ ഉണ്ടാകുന്ന തകരാറിനോട് അതു ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് അടുത്തയിടെ നടത്തിയ പഠനങ്ങൾക്കനുസരിച്ച് ഒരു സിദ്ധാന്തം പറയുന്നത്. ഡോ. തിയൊഡോർ ജെ. പീറ്റേഴ്സും ഡോ. ബാരീ ഗിറ്റാറും വിക്ക്—അതിന്റെ സ്വഭാവവും ചികിത്സയും സംബന്ധിച്ച ഒരു സമഗ്രസമീപനം (ഇംഗ്ലീഷ്) എന്ന തങ്ങളുടെ പുസ്തകത്തിൽ പറയുന്നതനുസരിച്ച്, “കൂടുതലായ പഠനങ്ങൾ വിക്കിനെക്കുറിച്ചുള്ള നമ്മുടെ അറിവിലുള്ള വലിയ വിടവുകൾ നികത്തുമ്പോൾ,” അതിന്റെ കാരണങ്ങളെപ്പറ്റിയുള്ള ഇപ്പോഴത്തെ വീക്ഷണങ്ങളെല്ലാം “പഴഞ്ചനായിത്തീരും.”
വിക്കിനെക്കുറിച്ചു മനുഷ്യർക്ക് കാര്യമായ അറിവൊന്നുമില്ലാത്ത സ്ഥിതിക്ക്, ഈ തകരാറുള്ളവരോട് നിലവിലുള്ള എണ്ണമറ്റ ചികിത്സാവിധികളിലേതെങ്കിലും നിർദേശിക്കുമ്പോൾ വളരെ ശ്രദ്ധ പുലർത്തേണ്ട ആവശ്യമുണ്ട്. “കടുത്ത വിക്കുള്ള മിക്കവർക്കും,” മേൽപ്പറഞ്ഞ പുസ്തകം കൂട്ടിച്ചേർക്കുന്നു, “ഭാഗികമായേ സുഖപ്പെടുകയുള്ളൂ. അവർ കുറെക്കൂടി പതുക്കെ സംസാരിക്കാൻ അല്ലെങ്കിൽ വലിയ പരിഭ്രമമൊന്നുമില്ലാതെ വിക്കിവിക്കി പറയാനും, അതേച്ചൊല്ലി ഏറെ വിഷമിക്കാതിരിക്കാനും പഠിക്കുന്നു. . . . നമുക്കു മനസ്സിലാക്കാൻ സാധിക്കാത്ത കാരണങ്ങളാൽ ഏതാനും ചില വിക്കന്മാർക്ക് ചികിത്സകൊണ്ടു കാര്യമായ മാറ്റമൊന്നുംതന്നെ ഉണ്ടായിട്ടില്ല.”b
ചികിത്സ ഫലിക്കാതെവരുമ്പോൾ ചില ചികിത്സാവിദഗ്ധർ വേണ്ടത്ര പരിശ്രമിക്കാത്തതിന് വിക്കുള്ളയാളെ പഴിച്ചിട്ടുണ്ട്. ഒരു ചികിത്സകൻ ഇപ്രകാരം തറപ്പിച്ചു പറഞ്ഞു: “ചികിത്സ പരാജയപ്പെടാൻ സാധ്യതയുള്ള ഒരേയൊരു സാഹചര്യം, വിക്കുള്ളയാളിന്റെ മനോഭാവം അർധമനസ്സോടെയുള്ളതാകുമ്പോൾ മാത്രമാണ്.” അത്തരം അവകാശവാദങ്ങളെക്കുറിച്ച് ഗ്രന്ഥകാരനായ ഡേവിഡ് കോംപ്ടൺ ഇങ്ങനെ പറഞ്ഞു: “ഇത്തരം പരാമർശങ്ങൾ വിക്കുള്ളവരിലുളവാക്കിയേക്കാവുന്ന കോപത്തെ വർണിക്കാൻ എനിക്കു വാക്കുകളില്ല. കാരണം, ഒന്നാമതായി അതു വ്യക്തമായും അസത്യമാണ്. വിക്കുള്ള എല്ലാവർക്കും ഒരേ ചികിത്സ ഫലിക്കില്ല. തന്നെയുമല്ല, വിക്കുള്ള ഒരു പ്രത്യേക വ്യക്തിക്കു ചേരുന്ന ശരിയായ ഒരു ചികിത്സാരീതിപോലും ഒരിക്കലും പരാജയപ്പെടില്ല എന്നു തീർത്തു പറയാൻ സാധ്യമല്ല. രണ്ടാമതായി, വിക്കുള്ളവർ ഒരു തകരാറോടുകൂടി ജീവിക്കുന്നു . . . [അവരുടെ തകരാറിനെ] അനാവശ്യമായി, അന്യായമായി വഷളാക്കുന്ന ഏതു പ്രവൃത്തിയും കുറ്റകരമാണ്.”
അവരുടെ ബുദ്ധിമുട്ടു ലഘൂകരിക്കൽ
വിക്കുള്ളവർ സാധാരണഗതിയിൽ സഹതാപം ഇഷ്ടപ്പെടുന്നില്ല. എന്നിരുന്നാലും, അവരുടെ ചുമടു ലഘൂകരിക്കാൻ ചെയ്യാവുന്ന അനേകം സംഗതികളുണ്ട്. അവർ വിക്കുമ്പോൾ, വിഷമത്തോടെ നോക്കരുത്. അവരുടെ വായുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനു പകരം കണ്ണുകളിലേക്കു നോക്കുക. പൊതുവേ അവർ തങ്ങളെ ശ്രദ്ധിക്കുന്നവരുടെ അംഗവിക്ഷേപങ്ങളോട് ക്ഷിപ്രസംവേദകത്വമുള്ളവരാണ്. നിങ്ങൾ പിരിമുറുക്കമില്ലാതെ കാണപ്പെടുന്നെങ്കിൽ, അവരുടെ ഭയം കുറയാൻ അതു സഹായിക്കും. “മറ്റേതൊരു വ്യക്തിയെയുമെന്നപോലെ അയാളെയും ശ്രദ്ധിക്കാൻ തയ്യാറായാണു നിങ്ങൾ വന്നിരിക്കുന്നതെന്നു പ്രകടമാക്കുക,” ഒരു സംസാരവൈകല്യ ചികിത്സാവിദഗ്ധൻ അഭിപ്രായപ്പെട്ടു.
തങ്ങളുടെ വിദ്യാർഥികളുടെ കൂട്ടത്തിൽ വിക്കുള്ള ഒരു കുട്ടിയുണ്ടെങ്കിൽ, അവന്റെ ഭയം ലഘൂകരിക്കാൻ അധ്യാപകർക്കു വളരെയേറെ ചെയ്യാനാകും. ദക്ഷിണാഫ്രിക്കയിലെ വിദ്യാഭ്യാസ പത്രികയായ ഡി യൂനി അധ്യാപകർക്കു പിൻവരുന്ന നിർദേശം നൽകി: “കേൾക്കുന്നയാൾ ഒഴുക്കു പ്രതീക്ഷിക്കുന്നില്ല എന്ന് അറിയാവുന്ന സാഹചര്യങ്ങളിൽ, വിക്കുള്ള മിക്കവാറും പേർക്ക് താരതമ്യേന വളരെകുറച്ചു മാത്രമേ വിക്കുണ്ടാകാറുള്ളൂ.”
മേൽപ്പറഞ്ഞ പത്രിക പറയുന്നതനുസരിച്ച്, ഒരു അധ്യാപകൻ വിദ്യാർഥിയുടെ വികാരങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതും പ്രധാനമാണ്. അത്തരം വിദ്യാർഥികളെ സങ്കോചം നിമിത്തം അവഗണിക്കുന്നതിനു പകരം, അവരോടു സംസാരിക്കാനും ഈ തകരാറിനെക്കുറിച്ചുള്ള തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും അത് അധ്യാപകരോടു ശുപാർശ ചെയ്യുന്നു. ഈ വിധത്തിൽ സംസാരിക്കേണ്ടിവരുന്ന ഏതൊക്കെ സാഹചര്യങ്ങളെയാണ് കുട്ടി ഏറ്റവുമധികം ഭയപ്പെടുന്നതെന്ന് അധ്യാപകനു മനസ്സിലാക്കാൻ സാധിക്കും. “അവന്റെ സംസാരത്തിന്റെ ഒഴുക്ക്, 80 ശതമാനവും ആശ്രയിച്ചിരിക്കുന്നതു നിങ്ങളെയാണ്,” എന്ന് പത്രിക റിപ്പോർട്ടു ചെയ്യുന്നു. ഈ തകരാറുണ്ടായിട്ടും താൻ സ്വീകാര്യനാണ് എന്ന അറിവ് അവന്റെ സംസാരത്തിന്റെ ഒഴുക്കു നിശ്ചയമായും മെച്ചപ്പെടുത്തും. പത്രിക കൂടുതലായി വിശദീകരിക്കുന്നു: “ക്ലാസ്സുമുറിയിലെ പിരിമുറുക്കമില്ലാത്ത, പഠനോന്മുഖ അന്തരീക്ഷം വിക്കുള്ള വ്യക്തിക്കു മാത്രമല്ല, മുഴു ക്ലാസ്സിനും പ്രയോജനം ചെയ്യുന്നു.”
തീർച്ചയായും ഈ നിർദേശങ്ങൾ, മുതിർന്നവർ ഉൾപ്പെടുന്ന പഠിപ്പിക്കൽ സാഹചര്യങ്ങളിലും വിജയകരമായി ഉപയുക്തമാക്കാവുന്നതാണ്.
നമ്മുടെ സ്രഷ്ടാവ് മനസ്സിലാക്കുന്നു
നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം, മനുഷ്യരുടെ അപൂർണതകൾ പൂർണമായും മനസ്സിലാക്കുന്നു. ഇസ്രായേല്യരെ ഈജിപ്തിൽനിന്നു പുറത്തേക്കു നയിക്കുന്നതിന് അവൻ തന്റെ വക്താവായി മോശയെ നിയോഗിച്ചു. മോശയ്ക്ക് ആശയവിനിയമം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംസാരവൈകല്യമുണ്ട് എന്ന പൂർണമായ അറിവോടുകൂടിയാണ് അവനിതു ചെയ്തത്. നേരേമറിച്ച്, മോശയുടെ സഹോദരനായ അഹരോൻ വാക്ചാതുര്യമുള്ള ഒരു വ്യക്തിയാണെന്ന സംഗതിയും ദൈവത്തിനറിയാമായിരുന്നു. “അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു,” ദൈവം പറഞ്ഞു. (പുറപ്പാടു 4:14) എന്നിരുന്നാലും, മോശയ്ക്ക് വിശ്വസ്തത, ദയ, വിശ്വാസം, ശാന്തപ്രകൃതി തുടങ്ങി അതിനെക്കാൾ വളരെയേറെ പ്രാധാന്യമുള്ള മറ്റനേകം ഗുണങ്ങളുണ്ടായിരുന്നു. (സംഖ്യാപുസ്തകം 12:3; എബ്രായർ 11:24, 25) മോശ പലതരത്തിൽ തടസ്സം പറഞ്ഞിട്ടും, തന്റെ ജനത്തിനു നേതൃത്വം കൊടുക്കാൻ അവനെ തിരഞ്ഞെടുത്തുകൊണ്ടുള്ള തന്റെ തീരുമാനത്തോടു ദൈവം പറ്റിനിന്നു. അതേസമയം, മോശയുടെ വക്താവായി അഹരോനെ നിയമിച്ചുകൊണ്ട് അവന്റെ ഭയങ്ങളെക്കുറിച്ചും ദൈവം പരിഗണന കാണിച്ചു.—പുറപ്പാടു 4:10-17.
ഗ്രാഹ്യം പ്രകടമാക്കിക്കൊണ്ട് നമുക്കു ദൈവത്തെ അനുകരിക്കാവുന്നതാണ്. വിക്കുള്ളവരോടു ബഹുമാനത്തോടെ പെരുമാറുക. വ്യക്തിയുടെ യഥാർഥ മൂല്യം കാണാതവണ്ണം നിങ്ങളുടെ കാഴ്ചയെ മറയ്ക്കാൻ സംസാരവൈകല്യത്തെ അനുവദിക്കാതിരിക്കുക. ഒരു കൊച്ചു പെൺകുട്ടിയുടെയും അവളുടെ വിക്കനായ പിതാവിന്റെയും അനുഭവം ഇതിനെ ഉദാഹരണസഹിതം വ്യക്തമാക്കുന്നു. പിതാവ് കൂടുതൽ ഒഴുക്കോടെ വായിക്കാനുള്ള ഒരു രീതി പഠിച്ചെടുത്തു. ഒരു രാത്രി അദ്ദേഹം തന്റെ ആറു വയസ്സുകാരി മകൾക്ക് ഒരു കഥ വായിച്ചുകൊടുത്തുകൊണ്ട് ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കി. തന്റെ വായനയുടെ ഒഴുക്കിനെ സംബന്ധിച്ച് അദ്ദേഹത്തിന് വളരെയേറെ അഭിമാനം തോന്നുകയും ചെയ്തു.
“ശരിയായി പറയൂ, ഡാഡീ,” പിതാവ് വായിച്ചു നിർത്തിയപ്പോൾ അവൾ പറഞ്ഞു.
“ഞാൻ ശരിയായിത്തന്നെയാണു പറയുന്നത്,” അദ്ദേഹം അമർഷത്തോടെ പറഞ്ഞു.
“അല്ല,” അവൾ ശാഠ്യം പിടിച്ചു, “ഡാഡി എപ്പോഴും പറയുന്നതുപോലെ പറയൂ.”
അതേ, ഈ കൊച്ചു പെൺകുട്ടി തന്റെ പിതാവിനെ അദ്ദേഹം ആയിരുന്നതുപോലെതന്നെ സ്നേഹിച്ചു, അദ്ദേഹത്തിന്റെ സംസാര വൈകല്യം സഹിതം. അതുകൊണ്ട്, അടുത്തതവണ നിങ്ങൾ വിക്കുള്ള ഒരാളുമായി ഇടപെടുമ്പോൾ, ഓർമിക്കുക, ആ വ്യക്തിക്ക് മൂല്യവത്തായ ചിന്താഗതികളും അത്യധികം അഭിലഷണീയമായ ഗുണങ്ങളും ഉണ്ടായിരിക്കാം. അദ്ദേഹത്തിനു തീർച്ചയായും വികാരങ്ങളുണ്ട്. ക്ഷമയുള്ളവരും അദ്ദേഹത്തോടു സഹാനുഭൂതി കാണിക്കുന്നവരും ആയിരിക്കുക.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിലെ ചില പേരുകൾ മാറ്റിയിട്ടുണ്ട്.
b ഇതിൽനിന്നു വിടുതൽ ലഭിക്കാൻ പ്രായമായവരെക്കാൾ കുട്ടികൾക്കാണ് സാധ്യത കൂടുതൽ. അനുഭവപരിചയമുള്ള സംസാരവൈകല്യ ചികിത്സാവിദഗ്ധയായ ആൻ ഇർവിൻ, കൊച്ചു കുട്ടികളിലെ വിക്ക് (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഇപ്രകാരം വിശദീകരിക്കുന്നു: “വിക്കുള്ള കുട്ടികളിൽ നാലിൽ മൂന്നുപേരിലും വളരുന്നതിനനുസരിച്ച് അതു താനേ ഇല്ലാതാകും. അതിനെ സ്വതവേ തരണം ചെയ്യാത്ത ഇരുപത്തഞ്ചു ശതമാനത്തിലൊരാളാണു നിങ്ങളുടെ കുട്ടിയെങ്കിൽ, അവൻ വളരുന്നതിനനുസരിച്ച് പ്രതിരോധ ചികിത്സയിലൂടെ അതില്ലാതാകാനുള്ള സാധ്യത വളരെ കൂടുതലാണ്.”
[25-ാം പേജിലെ ചിത്രം]
വിക്കുള്ള ഒരു വ്യക്തിക്ക് പരസ്യമായി സംസാരിക്കാൻ ഭയമായിരിക്കാം
[26-ാം പേജിലെ ചിത്രം]
വിക്കുള്ള ഒരു വ്യക്തിക്ക് നിങ്ങളോടു സംസാരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നെങ്കിൽ അക്ഷമനാകാതിരിക്കുക
[27-ാം പേജിലെ ചിത്രം]
വിക്കുള്ളവർ പൊതുവേ ടെലഫോണിനെ ഭയപ്പെടുന്നു