ചതുർവർണ്ണ അച്ചടി—ഒരു സൂക്ഷ്മവീക്ഷണം
ഇംഗ്ലീഷിൽ ജനുവരി 8, 1987 മുതൽ “ഉണരുക!“ യുടെ മിക്ക ഇംഗ്ലീഷ് ഭാഷാ പതിപ്പുകളും അതുപോലെ മറ്റുചില ഭാഷാ പതിപ്പുകളും “വീക്ഷാഗോപുര”ത്തോടൊപ്പം സ്ഥിരമായി ഒരു ചതുർവർണ്ണരൂപത്തിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. ചതുർവർണ്ണ അച്ചടി എന്നു പറയുന്നത് മൂന്ന് അടിസ്ഥാന വർണ്ണങ്ങളും കറുപ്പും സംയോജിപ്പിച്ച് സ്വാഭാവിക വർണ്ണങ്ങളെ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ്. ഒരു അച്ചടിച്ച കടലാസിൽ എങ്ങനെയാണ് ചതുർവർണ്ണ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്? എന്തു സാങ്കേതിക വിദ്യയാണ് ഇപ്പോൾ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്? പിൻവരുന്ന ലേഖനം, ബ്രൂക്ലിൻ ന്യൂയോർക്കിലുള്ള വാച്ച്ടവർ സൊസൈറ്റിയുടെ ആ സ്ഥാനത്ത് ചതുർവർണ്ണ അച്ചടിയിൽ എന്താണടങ്ങിയിരിക്കുന്നതെന്ന് ഭാഗികമായി വിശദീകരിക്കുന്നു.
മാസികകളിലും വർത്തമാനപത്രങ്ങളിലും പുസ്തകങ്ങളിലും ഉള്ള ചിത്രങ്ങളുടെ അച്ചടി ഒരു മിഥ്യാദർശനം ഉണ്ടാക്കുന്നു. ഉദാഹരണത്തിന്, ഒരു കറുപ്പും വെളുപ്പും (ബ്ലാക്ക് ആൻഡ് വൈറ്റ്) ഛായാചിത്രമോ വരയോ, വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഓഫ്സെറ്റ് അച്ചടിരീതിയനുസരിച്ച് എങ്ങനെ പുനരാവിഷ്കരിക്കപ്പെടുന്നു എന്ന് പരിഗണിക്കുക.
ബ്ലാക്ക്—ആൻഡ്—വൈറ്റ് അച്ചടിക്ക് ഒരു അച്ചടിമഷി ഉപയോഗിക്കുന്നു—കറുപ്പ്. എന്നിരുന്നാലും, നിങ്ങൾ ഒരു ബ്ലാക്ക്—ആൻഡ്—വൈറ്റ് ചിത്രത്തിലേക്ക് നോക്കുമ്പോൾ നിങ്ങൾ ചാരനിറത്തിന്റെ ലാഞ്ചനകളും കാണുന്നു. എങ്ങനെയാണ് ചാരനിറവും കറുപ്പും ഒരു അച്ചടിച്ച കടലാസിൽ ഉല്പാദിപ്പിക്കുന്നത്? പൊട്ടുകൾ ഉപയോഗിച്ച്.
പൊട്ടുകളോ? അതെ, മഷികൊണ്ടുള്ള പൊട്ടുകൾ. ഒരു ഭൂതക്കണ്ണാടിയുപയോഗിച്ച് നിങ്ങൾ ഒരു അച്ചടിച്ച ചിത്രത്തെ നോക്കിയാൽ അത് അനേകം ചെറു പൊട്ടുകളാൽ നിർമ്മിതമാണെന്ന് നിങ്ങൾ കാണും. ഒരു ചിത്രകാരന്റെ വരയുടെയോ ഒരു ഛായാചിത്രത്തിന്റെയോ തുടർച്ചയുടെ ഭാവം മേലാൽ ഉണ്ടായിരിക്കുന്നില്ല. ഒരു അച്ചടിച്ച താളിൽ എത്തുന്നതിന് മുൻപ് ഒരു ചിത്രത്തെ പൊട്ടുകളായി മാറ്റേണ്ടതുണ്ട്.
ഈ പൊട്ടുകൾ ഉണ്ടാക്കുന്നതെങ്ങനെയാണ്? സ്കാനർ എന്ന് വിളിക്കപ്പെടുന്ന ഒരു വലിയ യന്ത്രമുപയോഗിച്ച്, ചിത്രത്തെ അല്ലെങ്കിൽ ഫോട്ടോയെ ചെറുതും സുവ്യക്തവുമായ പൊട്ടുകളാക്കി പുനർനിർമ്മിക്കുന്നു. ഈ സ്കാനറിന്, നിറങ്ങളെ വിവേചിക്കുകയും വിവിധ വലിപ്പത്തിലുള്ള പൊട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു കംപ്യൂട്ടർ ഉണ്ട്. ആ പൊട്ടുകളെ ഫോട്ടോഗ്രാഫിക് ഫിലിമിലേക്ക് പതിപ്പിക്കാൻ ഒരു ലേസർ ഉപയോഗിക്കുന്നു. അങ്ങനെ ഈ പൊട്ടുകളുടെ വലിപ്പം വ്യത്യാസപ്പെടുത്തിക്കൊണ്ട് വിവിധ അളവിലുള്ള ചാരനിറം നമുക്ക് ലഭിക്കുന്നു. ഈ പൊട്ടുകളിൽ മഷി പുരളുകയും അത് അച്ചടി പ്ലേറ്റുകളിൽനിന്നും കടലാസിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു.
വെള്ളക്കടലാസിൽ അച്ചടിക്കുമ്പോൾ, നിറം കുറവായിരിക്കുന്തോറും പൊട്ടുകൾ ചെറുതായിരിക്കും. ഇരുണ്ട നിറങ്ങൾ വലിയ പൊട്ടുകളായി പുനരുല്പാദിപ്പിക്കപ്പെടുന്നു. അങ്ങനെ, യഥാർത്ഥ ഫോട്ടോയുടേയോ ചിത്രത്തിന്റെയോ കറുപ്പിന്റെയും ചാരനിറത്തിന്റെയും തുടർച്ചയായ ഛായാഭേദങ്ങളെ അവ കാണപ്പെടുന്നതുപോലെ കാണാൻ തക്കവണ്ണം ഈ പൊട്ടുകൾ കണ്ണുകളെ കബളിപ്പിക്കുന്നു.
വർണ്ണചിത്രീകരണം ഏറെ സങ്കീർണ്ണം
പൂർണ്ണവർണ്ണചിത്രീകരണം ബ്ലാക്ക് ആൻഡ് വൈറ്റിനേക്കാൾ സങ്കീർണ്ണമാണ്. ഇവിടെ മൂന്ന് അടിസ്ഥാനവർണ്ണങ്ങളും കൂടെ കറുപ്പും ആണ് ഉപയോഗിക്കുന്നത്: (1) സയൺ (പച്ചകലർന്ന നീല); (2) മജെൻറ (റാസ്പ്ബെറി ചുവപ്പ്); (3) മഞ്ഞ; (4) കറുപ്പ്. ഒരു അച്ചടിച്ച താളിൽ നിങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയുന്ന വിശാലമായ വർണ്ണങ്ങളുടെ നിര ഉളവാക്കാൻ, ഈ നാല് മഷികൾ വഹിക്കുന്ന പൊട്ടുകളെ അച്ചടിയന്ത്രം ഉപയോഗിച്ച് പല അടുക്കുകളായി കടലാസിൽ സംയോജിപ്പിക്കുന്നു.
എന്നിരുന്നാലും, യഥാർത്ഥ ചിത്രം അല്ലെങ്കിൽ ഫോട്ടോയിൽനിന്നും, ഓരോ വർണ്ണത്തിന്റെയും കൂടിയതും കുറഞ്ഞതുമായ കടുപ്പം സൂചിപ്പിക്കുന്ന പൊട്ടുകളായി മൂന്നു മുഖ്യവർണ്ണങ്ങളെയും കറുപ്പിനെയും ആദ്യം വേർതിരിക്കേണ്ടതുണ്ട്. പക്ഷെ എങ്ങനെയാണ് ഈ നാല് നിറങ്ങൾ, ഒരു അച്ചടിച്ച താളിൽ കാണപ്പെടുന്ന മറ്റെല്ലാ നിറങ്ങളും ഉളവാക്കുന്നത്?
നമുക്ക് ഒരു പച്ചപ്പുൽത്തകിടിയുടെ ഫോട്ടോ നമ്മുടെ മാസികയിൽ പുനരുല്പാദിപ്പിക്കണമെന്ന് വിചാരിക്കുക. അച്ചടിസമയത്ത് കടലാസ് പ്രസ്സിന്റെ നാല് സെക്ഷനുകളിലൂടെ കടന്നു പോകുമ്പോൾ ഓരോ സെക്ഷനിലും ഓരോ നിറം ചേർക്കപ്പെടുന്നു. ഒരു സെറ്റ് അച്ചടി പ്ലെയ്റ്റുകളിലുള്ള പൊട്ടുകൾ സയൺ മഷി, പുരണ്ട് അവയുടെ രൂപം കടലാസിലേക്ക് പകർത്തുന്നു. ആ കടലാസ് അതിവേഗം പ്രസ്സിലൂടെ കടന്നുപോകുമ്പോൾ വേറൊരു സെറ്റ് പ്ലെയ്റ്റുകളിലെ പൊട്ടുകൾ മഞ്ഞ മഷി പുരണ്ട് സയൺ പൊട്ടുകൾക്ക് സമീപം അവയുടെ രൂപം പതിപ്പിക്കുന്നു. സയൺ, മഞ്ഞ മഷികളിൽ നിന്നും പ്രതിഫലിപ്പിക്കപ്പെടുന്ന പ്രകാശവും വെള്ളക്കടലാസും കൂടി കണ്ണുകൾക്ക് പച്ചയായി കാണപ്പെടുന്നു. നാല് അച്ചടിവിഭാഗങ്ങളും തങ്ങളുടെ പൊട്ട് മിശ്രണങ്ങളെ നാല് വർണ്ണങ്ങളിലുള്ള മഷിയിൽ പതിപ്പിക്കുമ്പോൾ മഴവില്ലിന്റെ മറ്റ് വർണ്ണങ്ങൾ ലഭിക്കുന്നു.
ഞങ്ങളുടെ ഉല്പാദന ക്രമം
പൂർത്തിയായ ഉല്പന്നം പ്രസ്സിൽനിന്നു പുറത്തിറങ്ങുന്നതിന് വളരെ മുൻപ് തന്നെ ധാരാളം ജോലി ചെയ്യേണ്ടതുണ്ട്. അച്ചടിക്കേണ്ട ഫോട്ടോയുടെ അല്ലെങ്കിൽ കലാരൂപത്തിന്റെ ഫിലിം (നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ്) ഉണ്ടാക്കേണ്ടതുണ്ട്. പ്രസ്സിലേയ്ക്കുള്ള അച്ചടി പ്ലെയ്റ്റുകൾ ഉണ്ടാക്കുന്നതിനുള്ള അടിസ്ഥാനം ഈ ഫിലിം ആയിരിക്കും.
അച്ചടിച്ച മാസികയുടെ ഒരു കളർപേജിന് ഏറ്റവും കുറഞ്ഞത് നാല് ഫിലിം എങ്കിലും വേണം, മൂന്ന് മുഖ്യനിറങ്ങൾക്ക് ഓരോന്നും കറുപ്പിന് ഒന്നും. ഈ ഫിലിം നിർമ്മിക്കുന്നത് ഞങ്ങളുടെ ലേസർ സ്കാനർ ഉപയോഗിച്ചാണ്. ഈ സ്കാനർ, ചിത്രീകരിക്കപ്പെടേണ്ട ഫോട്ടോയെ അല്ലെങ്കിൽ കലാരൂപത്തെ വിശകലനം ചെയ്യുകയും അതിന്റെ പ്രതിച്ഛായയെ ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യുന്നു.
സ്കാനിംഗ് യന്ത്രം കണ്ടാൽ ഒരു 3 മീറ്റർ നീളമുള്ള ലെയ്ത്തു പോലെ ഇരിക്കും. വർണ്ണചിത്രം ഒരു സിലിണ്ടറിലൂടെ തിരിഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിനെ സൂക്ഷ്മപരിശോധന ചെയ്യുന്ന ഉയർന്ന തീവ്രതയുള്ള പ്രകാശകിരണം അതിനുണ്ട്. അത് സ്കാൻ ചെയ്യുമ്പോൾ പ്രകാശം പ്രതിഫലിപ്പിക്കപ്പെടുകയും അതിനെ പ്രകാശിക ഉപകരണങ്ങൾ ഉപയോഗിച്ച്, ഓരോ അടിസ്ഥാനവർണ്ണത്തിനും ഓരോന്നു വീതമായി മൂന്ന് പ്രകാശപാതകളായി വിഭജിക്കയും ചെയ്യുന്നു. ഒരു അടിസ്ഥാനവർണ്ണമൊഴികെ മറ്റെല്ലാ നിറങ്ങളെയും പ്രതിരോധിക്കുന്ന ഒരു ഫിൽറ്റർ വീതം ഓരോ പ്രകാശപാതയ്ക്കുമുണ്ട്. യഥാർത്ഥചിത്രത്തിൽ കറുപ്പായി കാണപ്പെടുന്ന ഭാഗങ്ങളിൽ മൂന്നു അടിസ്ഥാനവർണ്ണങ്ങളും സംയോജിപ്പിച്ചാണ് കറുപ്പ് ചിത്രീകരിക്കുന്നത്.
സ്കാനർ, ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ, ഓരോ വർണ്ണത്തിന്റെയും തീവ്രതയെ ഇലക്ട്രോണിക് സിഗ്നലുകളായി രൂപാന്തരപ്പെടുത്തുന്നു. എന്നിട്ട് ഒരു ഇലക്ട്രോണിക് “സ്ക്രീനിംഗ്” പ്രക്രിയയിലൂടെ അതിനനുരൂപമായ പൊട്ടുകൾ ഉല്പ്പാദിപ്പിക്കുന്നു. ഇവ കമ്പ്യൂട്ടറിന്റെ ഓർമ്മയിൽ സംഭരിച്ചുവെക്കുന്നു.
ഇനി ഫോട്ടോ അഥവാ ചിത്രം സ്കാനറിന്റെ സിലിണ്ടറിന് ചുറ്റും വളയ്ക്കാൻ പറ്റാതവണ്ണം വലുതോ കടുപ്പമേറിയതോ ആണെങ്കിലോ? അപ്പോൾ ഒരു കളർ ഫോട്ടോയോ ട്രാൻസ്പേരെൻസിയോ എടുത്ത് അത് സിലിണ്ടറിൽ പിടിപ്പിക്കുന്നു. പ്രതിബിംബത്തെ ഇഷ്ടാനുസരണം ചെറുതാക്കുന്നതിനോ വലുതാക്കുന്നതിനോ സ്കാനറിനു കഴിയും.
പേജ് മേയ്ക്ക്—അപ് സ്റ്റേഷൻ
അടുത്തതായി, കമ്പ്യൂട്ടറിൽ സംഭരിച്ചിരിക്കുന്ന വിവരത്തെ ഒരു പേജ് മെയ്ക്കു—അപ് സ്റ്റേഷനിൽ പ്രദർശിപ്പിക്കുന്നു. ഈ സ്റ്റേഷനിൽ ഒരു വലിയ ടെലിവിഷൻ സ്ക്രീനിനോട് സാമ്യം വഹിക്കുന്ന ഒരു മോണിറ്ററും ഒരു കീബോർഡും ഉണ്ട്. ചില കീ അമർത്തി, ഓപ്പറേറ്റർ ആ ചിത്രം സ്ക്രീനിൽ വരുത്തുന്നു. ഇലക്ട്രോണിക്ക് മാർഗ്ഗങ്ങളുപയോഗിച്ച് അദ്ദേഹം വർണ്ണത്തിൽ ആവശ്യമായ വ്യതിയാനങ്ങൾ വരുത്തുന്നു. വിശദാംശങ്ങൾ കൂടുതൽ സൂക്ഷ്മമാക്കുന്നതിനോ നിർമ്മാർജ്ജനം ചെയ്യുന്നതിനോ സാധിക്കും.
ഇവിടെ വ്യത്യസ്തചിത്രങ്ങളുടെ ഭാഗങ്ങൾ സംയോജിപ്പിച്ച് ഒരോറ്റ ചിത്രം നിർമ്മിക്കാൻ കഴിയും. ഉദാഹരണത്തിന്, ഒരു ചിത്രത്തിൽ നിന്നും ഒരു സൂര്യാസ്തമയം, രണ്ടാമതോന്നിൽനിന്നും ഒരു മനുഷ്യൻ, മൂന്നാമതൊന്നിൽനിന്നും ഒരു വീട്, എന്നിവ സയോജിപ്പിച്ച്, സൂര്യാസ്തമയത്തിൽ ഒരു വീടിന്റെ മുന്നിൽ ഒരു മനുഷ്യൻ നിൽക്കുന്ന ചിത്രം നിർമ്മിക്കാൻ കഴിയും.
ക്രമീകരണങ്ങൾക്കുശേഷം, ചിത്രത്തെ പ്രതിനിധീകരിക്കുന്ന ഇലക്ട്രോണിക്ക് സിഗ്നലുകളെ ഫ്രൂഫോ ഫിലിമോ ഉണ്ടാക്കുന്നതിനായി മറ്റു യന്ത്രങ്ങളിലേക്ക് കമ്പ്യൂട്ടർ വഴി അയയ്ക്കുന്നതിനു കഴിയും.
കളർ പ്രൂഫുകൾ നിർമ്മിക്കുന്നു
കളർപ്രൂഫിംഗ് ഉപകരണം, ഒരു കളർ പ്രൂഫ് നിർമ്മിക്കുന്നതിന് ചുവപ്പും പച്ചയും നീലയും പ്രകാശകിരണങ്ങൾ ഉപയോഗിക്കുന്നു. സ്റ്റുഡിയോവിൽ ചിത്രങ്ങൾ പ്രോസസ്സ് ചെയ്യാൻ കൊടുക്കുമ്പോൾ തിരികെ കിട്ടുന്ന അതേ തരം പേപ്പർ കൊണ്ടാണ് ഈ പ്രൂഫ് ഉണ്ടാക്കിയിരിക്കുന്നത്.
നിരവധി സ്റ്റാഫ് അംഗങ്ങൾ ഈ പ്രൂഫുകൾ വിശകലനം ചെയ്യുന്നു. ചിലപ്പോൾ ചിലർക്കു തോന്നും ഒരു ചിത്രത്തിലെ ആകാശത്തിന് നീല അത്ര പോരെന്ന്—പച്ച അല്പം കൂടിപ്പോയെന്ന്. “കുറച്ച് മഞ്ഞ എടുത്ത് മാറ്റിക്കളയു,” ചിലർ അഭിപ്രായപ്പെടുന്നു. “പക്ഷെ ആ പഴക്കൊട്ടയിലെ ഏത്തപ്പഴത്തിന്റെ മഞ്ഞ അത്രയും തന്നെ വേണം,” മറ്റുചിലർ മുന്നറിയിപ്പ് നൽകുന്നു. അപ്പോൾ, ഏത്തപ്പഴത്തെ ബാധിക്കാതെ ആകാശത്തിന്റെ മഞ്ഞ അല്പം എടുത്തു മാറ്റാൻ ചില ക്രമീകരണങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. ഇതിനു വേണ്ടി ഞങ്ങൾ തിരികെ പേജ്—മെയ്ക്ക—അപ് സ്റ്റേഷനിലേയ്ക്ക് പോകുന്നു. അവിടെ ഓപ്പറേറ്റർ വേണ്ട മാറ്റങ്ങൾ വരുത്തുന്നു.
ഇപ്പോൾ ഞങ്ങൾക്ക് ഞങ്ങൾ അച്ചടിക്കാൻ പോകുന്ന ചിത്രത്തിന്റെ ശരിയായ പകർപ്പ് ആയിക്കഴിഞ്ഞു. ഈ ചിത്രം അംഗീകരിച്ചു കഴിഞ്ഞാൽ, ഫിലിം നിർമ്മിക്കുന്നതിനായി പേജുകൾ ക്രമീകരിക്കുന്നതിനുള്ള സമയമായെന്ന് ഞങ്ങൾ കമ്പ്യൂട്ടറിനോട് പറയും.
അവസാന ഉല്പന്നം
ഫിലിം റിക്കാർഡറിന് ഒരു ലേസർ ഉണ്ട്. ഈ ലേസർ സിഗ്നലുകളോട് പ്രതികരിക്കുകയും അങ്ങനെ ആ ഇലക്ട്രോണിക്ക് പൊട്ടുകളെ ഫിലിം നെഗറ്റീവിലേക്ക് പതിപ്പിക്കുകയും ചെയ്യുന്നു. ഓരോ നിറത്തിനും വെവ്വേറെ ഫിലിം വീതം തയ്യാറാക്കുന്നു. ഒരു ഫിലിമിൽ, യഥാർത്ഥ ചിത്രത്തിലെ മജെൻറയേ പ്രതിനിധീകരിക്കുന്ന പൊട്ടുകൾ ഉണ്ടായിരിക്കും, രണ്ടാമതൊന്നിൽ സയൺ, മൂന്നാമത്തേതിൽ മഞ്ഞ, നാലാമതോന്നിൽ കറുപ്പും. ഈ ഫിലിമുകൾ, ചിത്രത്തിന്റെ, മാസികയിൽ പ്രത്യക്ഷപ്പെടുന്ന അതേ വലിപ്പത്തിലായിരിക്കും.
ചിത്രങ്ങളോടൊപ്പമുള്ള പാഠത്തിന്റെ അവസാന കൂട്ടിച്ചേർക്കൽ ഒരു പ്രകാശ—മേശയിലാണ് നടക്കുന്നത്. ഞങ്ങൾ, ചിത്രങ്ങളെ പ്രതിനിധീകരിക്കുന്ന പൊട്ടുകൾ അടങ്ങുന്ന ഫിലിമുകളെ അവയുടെ ഉചിതമായ അച്ചടിക്രമത്തിൽ എടുക്കുന്നു. ഈ ഫിലിമുകളെല്ലാം ഇമേജ് അസ്സംബ്ലർ എന്നു വിളിക്കുന്ന ഒരാളെ ഏൽപ്പിക്കുന്നു. അദ്ദേഹം ഫിലിമിന്റെ ഗുണം പരിശോധിച്ചശേഷം, വേറെ ഒരു പ്ലാസ്റ്റിക് ഷീറ്റിൽ വാക്കുകളോ പാഠമോ നെഗറ്റീവ് രൂപത്തിൽ കൂട്ടിച്ചേർക്കും. ഈ ജോലി ചെയ്യുന്ന ആളുകൾ, ഓരോ നിറത്തിന് വേണ്ടിയുള്ള ഫിലിം കൃത്യമായി മറ്റൊന്നിന്റെ മേൽ യോജിച്ചിരിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനു ഭൂതക്കണ്ണാടികൾ ഉപയോഗിക്കും. അല്ലാത്തപക്ഷം, നിര തെറ്റിവന്നാൽ ചിത്രം അച്ചടിക്കുമ്പോൾ കോട്ടം സംഭവിക്കുന്നു.
ഇപ്പോൾ ഞങ്ങൾക്ക് ഒരു മാസിക ഉണ്ടാക്കാൻ പര്യാപ്തമായ വിധത്തിൽ ചിത്രങ്ങളും പദങ്ങളും ഉചിതമായ സ്ഥാനങ്ങളിലായിരിക്കുന്നു. എല്ലാ ശകലങ്ങളും അവയുടെ സ്ഥാനത്ത് വെച്ചുകൊണ്ട് ഞങ്ങൾ വീണ്ടും ഒരു ഫ്രൂഫ് ഉണ്ടാക്കുന്നു. ഒരിക്കൽ ഇത് അംഗീകരിച്ചു കഴിഞ്ഞാൽ, ഞങ്ങൾക്ക് ഇവയെ ന്യൂയോർക്കിലെ ബ്രൂക്ലിനിലും വാൾക്ക്ഹില്ലിലുമുള്ള ഫാക്ടറികളിലെ പ്ലെയ്റ്റു മുറികളിലേക്ക് അയക്കാൻ കഴിയും.
ഇതിന്റെ ഡ്യൂപ്ലിക്കേറ്റുകൾ ലോകമെമ്പാടുമുള്ള വാച്ച്റ്റവർ സൊസൈറ്റിയുടെ ചതുർവർണ്ണ അച്ചടി ബ്രാഞ്ചുകളിലേക്ക് അയയ്ക്കുന്നു. ഓരോ ബ്രാഞ്ചും എന്നിട്ട് ഈ ഫിലിമിൽ നിന്നും ഓഫ്സെറ്റ് പ്ലെയ്റ്റുകൾ നിർമ്മിക്കുന്നു.
പ്ലെയ്റ്റ് നിർമ്മാണ പ്രക്രിയയിൽ ഫിലിമിലൂടെ ഉയർന്ന തീവ്രതയുള്ള ഒരു അൾട്രാവയലറ്റ് പ്രകാശം കടത്തിവിടുകയും അതിലെ ചിത്രങ്ങളും വാക്കുകളും ഓഫ്സെറ്റ് പ്ലെയ്റ്റിൽ പതിപ്പിക്കുകയും ചെയ്യുന്നു. ഈ പ്ലെയ്റ്റ് ഒരു അലൂമിനിയം ലോഹസങ്കരത്താൽ നിർമ്മിതവും ഒരു രാസ ആവരണം ഉള്ളതുമാണ്. പ്രസ്സ് സിലിണ്ടറുകളിൽ പിടിപ്പിക്കുന്നതിനായി വളയ്ക്കേണ്ടി വരുന്ന ഈ പ്ലെയ്റ്റുകൾ എത്ര കനമുള്ളവയാണ്? ഇത് വിവിധതരം പ്രസ്സുകളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഞങ്ങളുടെ ബ്രൂക്ലിൻ പ്ലാൻറിൽ പ്ലെയ്റ്റുകൾ 8⁄1000 ഇഞ്ച് മാത്രം കനമുള്ളവയാണ്! ന്യൂയോർക്ക് നഗരത്തിന് വെളിയിൽ സ്ഥാപിച്ചിരിക്കുന്ന ഞങ്ങളുടെ വാച്ച്ടവർ ഫാംസ് പ്ലാൻറിൽ പ്രസ്സുകൾ വലിയവ ആയതിനാൽ പ്ലെയ്റ്റുകൾ കനം കൂടിയതാണ്.
പ്ലെയ്റ്റുകൾ ഉചിതമായി വർണ്ണക്രമത്തിൽ പ്രസ്സിൽ പിടിപ്പിച്ചു കഴിഞ്ഞാൽ മാസിക അച്ചടിക്കാൻ തയ്യാറായിക്കഴിഞ്ഞു. പ്രസ്സിന്റെ സിലിണ്ടറുകൾ കറങ്ങുമ്പോൾ, ഓരോ പ്ലെയ്റ്റിനും അതതിന്റെ നിറം ആ നിറത്തിലുള്ള മഷി നിറച്ചിരിക്കുന്ന ഒരു പ്രത്യേക സംഭരണിയിൽ നിന്നും ലഭിക്കുന്നു. മഷി ഈ ലോഹപ്ലെയ്റ്റിൽ നിന്നും, റബർ ഷീറ്റോ ഒരു ബ്ലാങ്കറ്റോ കൊണ്ട് ആവരണം ചെയ്തിരിക്കുന്ന ഒരു സിലിണ്ടറിലേക്ക് പകരുന്നു. അത് അവിടെ നിന്നും കടലാസിലേക്കും മാറ്റപ്പെടുന്നു. ഒന്നിനു മേലെ ഒന്നായി നാലു വർണ്ണങ്ങളും കടലാസിലേക്ക് പതിപ്പിച്ചു കഴിഞ്ഞാൽ പ്രകൃതി വർണ്ണത്തോട് അടുത്തെത്തുന്നു.
പക്ഷെ ഇനിയും പൂർണ്ണമായിട്ടില്ല. ഒന്നിനു മേലെ ഒന്നായി നാലു തരം മഷി പതിയുന്നതു കൊണ്ട് ഒരു തരം പശിമയുള്ള മിശ്രിതം ആയിത്തീരുന്നു. അതുകൊണ്ട് അത് വേഗം ഉണക്കേണ്ടതുണ്ട്. അതിന് ഈ കടലാസ് പ്രസ്സിന്റെ ഒടുവിൽ അറ്റത്തുള്ള ഉയർന്ന വേഗതയിൽ പ്രവർത്തിക്കുന്ന ഹോട്ട് എയർ ഡ്രൈയിംഗ് യൂണിറ്റിലൂടെ കടന്നുപോകും. ഉയർന്ന ഊഷ്മാവ് മഷി പെട്ടെന്ന് ഉണക്കുന്നു. എന്നിട്ട്, ആ ചൂടായ കടലാസ് വാട്ടർ—കൂൾഡ് റോളറുകൾക്കു മുകളിലൂടെ കടന്നുപോകുമ്പോൾ ഊഷ്മാവ് താഴുകയും മഷി ഘനീഭവിക്കുകയും ചെയ്യുന്നു.
വർണ്ണപരിധികൾ
ഈ പ്രക്രിയ ഒരു യഥാർത്ഥ ഫോട്ടോയുടെയോ ചിത്രത്തിന്റെയോ വർണ്ണങ്ങൾ എത്രത്തോളം നന്നായി പുനരുല്പാദിപ്പിക്കുന്നുണ്ട്? മാനുഷനേത്രങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ ഒരു യന്ത്രത്തിനും പുനരുല്പാദിപ്പിക്കാൻ കഴിയില്ല. മനുഷ്യനേത്രത്തിന് അഞ്ചുദശലക്ഷം മുതൽ പത്ത് ദശലക്ഷം വരെ നിറഭേദങ്ങൾ കാണുവാൻ കഴിയും! പക്ഷെ ഒരു ഓഫ്സെറ്റ് പ്രസ്സിന് അഞ്ഞൂറ് മുതൽ ആയിരം വരെ നിറഭേദങ്ങളെ മാത്രമെ അച്ചടിക്കാൻ കഴിയുകയുള്ളു. അതിനാൽ, യഥാർത്ഥ ചിത്രത്തിന്റെ തൂവെൺമയോ ഏറ്റവും ഇരുണ്ട വർണ്ണമോ പകർത്താൻ നമുക്ക് സാധിക്കുകയില്ല.
മറ്റൊരു പ്രധാനഘടകം, ഉപയോഗിക്കുന്ന കടലാസിന്റെ ഗുണമാണ്. കടലാസിന്റെ ഗുണമേൻമയും ഘടനയും അതുപോലെ അതിൽ മഷി എത്ര ഫലപ്രദമായി പതിയുന്നു എന്നതും വർണ്ണതെളിമയെ പരിമിതപ്പെടുത്തുന്നു. ഉണരുക! യുടെയും വീക്ഷാഗോപുരത്തിന്റെയും കാര്യത്തിൽ വില പരിഗണിച്ച് കടലാസിന്റെ ഗുണമേൻമ പരിമിതപ്പെടുത്തിയിരിക്കുകയാണ്. കാരണം പരിമിതമായ സാമ്പത്തികാവസ്ഥയിലുള്ളവരടക്കം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ലഭിക്കത്തക്കവണ്ണം ഈ മാസികകൾ സാദ്ധ്യമാകുന്നിടത്തോളം വില കുറഞ്ഞിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഞങ്ങളുടെ വേല ലാഭരഹിതമായതിനാൽ വായനക്കാർക്കുള്ള വില ഇനിയും കുറയുന്നു. ഈ കുറഞ്ഞവിലയ്ക്ക് സംഭാവന ചെയ്യുന്ന മറ്റൊരു സംഗതി, ലോകവ്യാപകമായി വാച്ച്റ്റവർ ബ്രാഞ്ചുകളിൽ ഈ മാസികകൾ ഉല്പാദിപ്പിക്കുന്ന ആയിരക്കണക്കിന് വേലക്കാർ എല്ലാവരും തന്നെ കേവലം താമസ സൗകര്യവും ചെലവുകൾക്കായി പ്രതിമാസം തുച്ഛമായ ഒരു അലവൻസും മാത്രം സ്വീകരിക്കുന്ന മുഴുസമയ സ്വമേധയാ ശുശ്രൂഷകരാണെന്ന വസ്തുതയാണ്.
ശ്രമത്തിന് തക്ക മൂല്യം
പൂർണ്ണവർണ്ണത്തിലുള്ള ഒരു മാസിക വീക്ഷിക്കുന്ന ഒരു സാധാരണ വ്യക്തി, അതിലെ ഉള്ളടക്കം എഴുതുന്നതുമുതൽ അത് അച്ചടിക്കുകയും വീട്ടിൽ എത്തിക്കുകയും ചെയ്യുന്നതുവരെ ഉൾപ്പെട്ടിരിക്കുന്ന ബൃഹത്തായ വേലയും സാങ്കേതിക വിദ്യയും തുടക്കത്തിൽ വിലമതിച്ചില്ലെന്നു വരാം.
വാസ്തവത്തിൽ, ഒരു മാസിക അച്ചടിക്ക് തയ്യാറാക്കുന്നതിന്, ദശലക്ഷക്കണക്കിന് പ്രതികളോടുകൂടിയ ഇംഗ്ലീഷ് ഉണരുക! അല്ലെങ്കിൽ വീക്ഷാഗോപുരം മാസികകയ്ക്കു വേണ്ടിവരുന്ന അതേ പ്രയത്നം തന്നെ കേവലം ഏതാനും ആയിരം പ്രതികൾ മാത്രമുള്ള ഒരു ഭാഷയിലേതിനും ചെലുത്തേണ്ടതുണ്ട്. പക്ഷെ അത് പ്രയത്നത്തിന് തക്ക മൂല്യമുള്ളതാണ്. പ്രകൃതിവർണ്ണം അച്ചടിയെ കൂടുതൽ രസകരവും ആസ്വാദ്യകരവുമാക്കുന്നു. അതുകൊണ്ട് തന്നെ അത് വായനയെ പ്രോത്സാഹിപ്പിക്കുന്നു. പ്രസ്പഷ്ടമായും നാം വർണ്ണങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നതിന്റെ കാരണം നമ്മുടെ സൃഷ്ടാവ് നമ്മെ നിറങ്ങൾ കാണുവാനായി നിർമ്മിച്ചു എന്നതാണ്. അതുകൊണ്ട് ഉണരുക! യിൽ ക്രമായി ചതുർവർണ്ണ അച്ചടിക്കുവേണ്ടി ഈ മുന്നോട്ടുള്ള കാൽവെയ്പ് അഭിലഷണീയമാണ്. ഞങ്ങളുടെ അച്ചടി രീതികൾ എങ്ങനെ മെച്ചപ്പെടുത്താം എന്നു പഠിക്കുമളവിൽ, ഞങ്ങളുടെ മാസികകൾ കൂടുതൽ പ്രയോജനകരവും ആസ്വാദ്യകരവുമാക്കിത്തീർക്കാൻ തക്കവണ്ണം അതിന്റെ ഗുണമേൻമ ഉയർത്തുന്നതിൽ ഞങ്ങൾ തുടരും. (g87 1/8)
[21-ാം പേജിലെ ചിത്രങ്ങൾ]
ഓപ്പറ്റേറർ സ്കാനർ സെറ്റ് ചെയ്യുന്നു
ഇൻസെറ്റ്: ചിത്രത്തിന്റെ വലിപ്പപ്പെടുത്തിയ ഭാഗം
[22-ാം പേജിലെ ചിത്രങ്ങൾ]
ഓപ്പറ്റേറർ പേജ് മെക്കപ്പ് സ്റ്റേഷനിൽ
[23-ാം പേജിലെ ചിത്രങ്ങൾ]
കളർ പ്രൂഫുകൾ മൂല സുതാര്യ ഫിലിമുമായി ഒത്തുനോക്കുന്നു.