ഒരു വലിയ സ്വപ്നം സഫലമായി!
നൈജീരിയയിലെ ഉണരുക! ലേഖകൻ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിനാലു ഫെബ്രുവരി 9-ാംതീയതി നൈജീരിയായിലെ ബെഥേൽ ഭവനത്തിൽ 500-ൽപരം സാക്ഷികൾ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ പരിചാരകർ മധുരപലഹാരമായി ഐസ്ക്രീം, വണ്ടിയിൽ എത്തിച്ചു. “ഈ വിശേഷാവസരം എന്താണ്?” ചിലർ ഉച്ചത്തിൽ ജിജ്ഞാസ പ്രകടിപ്പിച്ചു. “ഐസ്ക്രീം മാത്രമല്ല, സ്വാദിൽ വാനില, ചോക്ലേററ്, സ്ട്രോബറി, പിസ്ററാക്യോ എന്നിങ്ങനെയുള്ള വൈവിധ്യവും!”
“ചതുർവർണ ഐസ്ക്രീം! ഇതിന് ഒരു പ്രത്യേക സാർഥകത ഉണ്ട്,” ഭക്ഷണത്തിങ്കൽ അധ്യക്ഷത വഹിച്ച ആൾ പ്രഖ്യാപിച്ചു. “ഇതു ചതുർവർണ [മുഴുവർണ] അച്ചടിയിലേക്കുള്ള നമ്മുടെ മാററം ആഘോഷിക്കാൻ വേണ്ടിയാണ്!”
തുടർന്നുണ്ടായ ഇടിനാദംപോലുള്ള കരഘോഷം കേവലം ഭക്ഷണശാലയിലെ ഐസ്ക്രീമിനുവേണ്ടി മാത്രമായിരുന്നില്ല. അതു മുഴുവർണത്തിൽ വീക്ഷാഗോപുരവും ഉണരുക!യും ഉല്പാദിപ്പിച്ചുതുടങ്ങിയിരുന്ന പുതിയ അച്ചടിയന്ത്രങ്ങളോടുള്ള വിലമതിപ്പിലായിരുന്നു. മുഴുവർണ അച്ചടി ഇപ്പോൾ ലോകവ്യാപകമായി ഒരു യാഥാർഥ്യമായിരുന്നു. മുഴുവർണ അച്ചടിയിലേക്കു പരിവർത്തനംചെയ്ത അവസാനത്തെ വലിയ അച്ചടിബ്രാഞ്ച് നൈജീരിയാ ആയിരുന്നു—1980-കളുടെ മദ്ധ്യത്തിൽ ആരംഭംകുറിച്ചിരുന്ന ഒരു നീക്കംതന്നെ. വാച്ച്ടവറിന്റെ 1994 മാർച്ച് 15-ലെ ലക്കത്തോടെ ഇരുവർണ അച്ചടി നൈജീരിയായിൽ ഒരു കഴിഞ്ഞകാല സംഗതിയായിത്തീർന്നിരുന്നു.
പുതിയ കോനഗ്, ബോവർ റാപ്പിഡാ 104 എന്നീ അച്ചടിയന്ത്രങ്ങൾ നെതർലാൻഡ്സ് ബ്രാഞ്ചിൽനിന്നാണു വന്നത്. പ്രസ്സുകൾക്കൊപ്പം മററ് അച്ചടിസജ്ജീകരണങ്ങളും വന്നു: പ്ലേററ് സ്കാനർ, മടക്കുയന്ത്രം, തുന്നൽയന്ത്രം, മുറിക്കൽയന്ത്രം, ഷീററർ എന്നിവ. എല്ലാംകൂടെ, 130 മെട്രിക് ടൺ ഭാരംവരുന്ന ഉപകരണങ്ങൾ.
വായുവിൽ തങ്ങിനിൽക്കുന്ന പ്രസ്സുകൾ!
പ്രസ്സുകൾ അയച്ചുകൊടുക്കാനുള്ള തീരുമാനത്തോടെ അവ എങ്ങനെ അയക്കുമെന്നുള്ള പ്രശ്നവും പൊന്തിവന്നു. മുപ്പത്തഞ്ചു ടൺ ഭാരമുള്ള പ്രസ്സുകൾ ഒരു സ്യൂട്ട്കേസിൽ ഒതുങ്ങുകയില്ല! നെതർലാൻഡ്സിൽനിന്നു കയററി അയയ്ക്കലിനു ക്രമീകരണം ചെയ്ത ബേൺട് സോയെർബർ ഇങ്ങനെ പറഞ്ഞു: “കേടുപററാതെ ഏററവും നല്ല രീതിയിൽ യന്ത്രങ്ങൾ അയയ്ക്കുന്നതിനെക്കുറിച്ചു ഞങ്ങൾ ചിന്തിക്കേണ്ടിവന്നു.”
അത്തരം പ്രസ്സുകൾ സാധാരണമായി വലിയ തടിക്കൂടുകളിലാണ് അയയ്ക്കുന്നത്. സമുദ്രയാത്രയുടെയും ഒപ്പം കപ്പൽതുറയിലെ കയററിറക്കിന്റെയും ആഘാതങ്ങളെ ചെറുത്തുനിൽക്കാൻ തടി ശക്തമല്ലായിരിക്കാമെന്നു സഹോദരൻമാർ ഭയപ്പെട്ടു. ചെലവുകുറഞ്ഞതും കൂടുതൽ സുരക്ഷിതവുമായ ഒരു വ്യത്യസ്ത മാർഗം 12 മീററർ നീളമുള്ള ഉരുക്കു പെട്ടികളിൽ അവ അയയ്ക്കുന്നതായിരിക്കും. എന്നാൽ ഇത്ര വലിയ യന്ത്രങ്ങൾ നിങ്ങൾ എങ്ങനെ പെട്ടിക്കകത്തേക്കും പുറത്തേക്കും നീക്കും? സോയർബർ സഹോദരൻ പറഞ്ഞു: “പെട്ടികളിൽ പ്രസ്സുകൾ കയററുന്നതിൽ ഞങ്ങൾക്കു പരിചയമില്ലാഞ്ഞതിനാൽ ഇത് ഒരു വെല്ലുവിളിയായിരുന്നു. ഈ വിധത്തിൽ അവ എങ്ങനെ അയയ്ക്കാമെന്നതു സംബന്ധിച്ചു നിർമാണക്കമ്പനിക്കുപോലും വിവരമില്ലായിരുന്നു.”
വായു നിറച്ച മോഡ്യൂളുകൾ എന്നുമറിയപ്പെടുന്ന വായൂകുഷ്യനുകളുടെ ഉപയോഗമാണു പരിഹാരം. ഈ വായൂകുഷ്യനുകൾ കാഴ്ചക്കു ഗംഭീരമൊന്നുമല്ല, എന്നാൽ അവ ഒരു ഊററമായ വേല ചെയ്യുന്നു. അവ അലൂമിനിയവും റബ്ബറും കൊണ്ടു നിർമിച്ച പരന്ന സംവിധാനങ്ങളാണ്, ഒരു സ്യൂട്ട്കെയ്സിനെക്കാൾ വലിപ്പവും ഭാരവുമുള്ളവതന്നെ. സമ്മർദവായൂ അവയിലൂടെ പമ്പുചെയ്യുകയും താഴോട്ടു പായിക്കുകയും ചെയ്യുന്നു. ഇതു വായൂകുഷ്യനുകളെ അവയുടെ മേൽ സ്ഥിതിചെയ്യുന്ന എന്തും സഹിതം നിലത്തുനിന്ന് അല്പം ഉയർത്തുന്നു.
ഈ വിധത്തിൽ, അനേകം ടൺ ഭാരമുള്ള പ്രസ്സുകളുടെ ഭാഗങ്ങൾ പോലും ലോലമായ വായൂകുഷ്യനുമീതെ താങ്ങിനിർത്താൻ കഴിയും. അവ വായുവിൽ തങ്ങിനിൽക്കുന്നു! ഒരു ഭാഗം നിലത്തുനിന്ന് ഉയർത്തിയാൽ നിങ്ങൾ ആഗ്രഹിക്കുന്ന എവിടേക്കും അതു കൈകൊണ്ടു തള്ളിനീക്കുക എളുപ്പമാണ്.
പെട്ടികളുടെ അടിത്തട്ടിൽ സാക്ഷികൾ ഹാർഡ്ബോർഡ് നിരത്തി, തന്നിമിത്തം അവക്കുള്ളിൽ വായൂകുഷ്യനുകൾ ഉപയോഗിക്കാൻ തക്കവണ്ണം മിനുസമുണ്ടായിരിക്കും. ഓരോ പെട്ടിയുടെയും അടിത്തട്ടു തികച്ചും പരന്നതാണെന്നും അവർ ഉറപ്പുവരുത്തേണ്ടിയിരുന്നു. യന്ത്രങ്ങൾ പെട്ടികൾക്കുള്ളിലായിക്കഴിഞ്ഞപ്പോൾ കപ്പൽചരക്കു കൂടുതൽ സുരക്ഷിതമായിരിക്കുന്നതിന് ഓരോ പെട്ടിയുടെയും ഇരുവശങ്ങളിലും മുകളിലും സഹോദരൻമാർ ഉരുക്കുദണ്ഡുകൾ ഉറപ്പിച്ചു. എല്ലാ ഭാഗങ്ങളും പെട്ടികൾക്കുള്ളിൽ കയററുന്നതിന് 1993 ഓഗസ്ററിൽ രണ്ടാഴ്ച എടുത്തു.
1993 ഡിസംബർ 23-ാം തീയതി 6 p.m-ന് ആദ്യത്തെ അഞ്ചു പെട്ടികൾ നൈജീരിയാ ബെഥേൽ കോംപ്ലക്സിൽ എത്തി. സൂക്ഷ്മത ആവശ്യമുള്ള ഇറക്കുജോലി തുടങ്ങുന്നതിനു സഹോദരൻമാർ ആകാംക്ഷയോടെ ഒരുങ്ങിനിൽക്കുകയായിരുന്നു. അവർ നേരം വെളുക്കുന്നതുവരെ രാത്രിമുഴുവൻ ജോലിചെയ്തു. വായൂകുഷ്യനുകളുടെമേൽ യന്ത്രം പായ്ക്കുചെയ്തിരുന്നതിനാൽ ജോലിക്കാർ സമർദ്ദവായു അടിച്ചുകയററി. ഓരോ ഭാഗങ്ങളായി അവ പെട്ടികളിൽനിന്നു തെന്നിയിറങ്ങി. പിന്നീടു ക്രെയ്നുകൾ പ്രത്യേകമായി നിർമിച്ച ഫാക്ടറി കവാടത്തിലെ ഒരു പ്ലാററ്ഫോമിലേക്കു ഓരോ യൂണിററും ഉയർത്തി. വീണ്ടും വായൂകുഷ്യനുകൾ ഉപയോഗിക്കപ്പെട്ടു. ഉത്സാഹഭരിതരായ ഒരു കൂട്ടം കാണികൾ വീക്ഷിച്ചുകൊണ്ടിരിക്കെ യന്ത്രങ്ങളെ അവ പ്രവർത്തിക്കേണ്ട ഇടങ്ങളിലേക്കു കൈകൊണ്ടു തള്ളിനീക്കി.
ചതുർവർണ മാസികകളോടു സന്തോഷഭരിതമായ പ്രതികരണം
1994 ഫെബ്രുവരി 3-ാം തീയതി വൈകുന്നേരം 7:45-ന് നൈജീരിയായിൽ അച്ചടിച്ച ആദ്യത്തെ മുഴുവർണ ഇംഗ്ലീഷ്ഭാഷാ വീക്ഷാഗോപുരം പ്രസ്സുകളിൽനിന്നു പുറത്തിറങ്ങി. പെട്ടെന്നുതന്നെ പ്രസ്സുകൾ യൊരൂബയിലും ഇഗ്ബോയിലും എഫിക്കിലും ഫ്രഞ്ചിലുമുള്ള മാസികകളും അച്ചടിച്ചുകൊണ്ടിരുന്നു.
ബെഥേലിൽ താമസിക്കുന്നവർക്ക് ആദ്യപ്രതികൾ ലഭ്യമായപ്പോൾ പ്രതികരണം എന്തായിരുന്നു? “എനിക്കു വലിയ അഭിമാനമാണു തോന്നിയത്!” ഒരുവൻ ആവേശപൂർവം പറഞ്ഞു. “അതിന്റെ ആകർഷകത്വം ഈ രാജ്യത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഏതിനെക്കാളും വളരെ മികച്ചുനിൽക്കുന്നു.”
മറെറാരാൾ ഇങ്ങനെ പറഞ്ഞു: “കിട്ടിയ ഉടനെ, ഞാൻ 20 പ്രതികൾ വാങ്ങി എന്റെ കുടുംബത്തിനും സ്നേഹിതർക്കും തപാലിൽ അയച്ചുകൊടുത്തു. വയലിൽ അവ ഉപയോഗിക്കുവോളം എനിക്കു കാത്തിരിക്കാൻ വയ്യ.”
പുതിയ മുഴുവർണ മാസികകളെക്കുറിച്ചു എന്തു തോന്നിയെന്നു ചോദിച്ചപ്പോൾ മറെറാരാൾ ഇങ്ങനെ മറുപടി പറഞ്ഞു: “കെങ്കേമം! ലോകവ്യാപകമായുള്ള ഓരോരുത്തർക്കും വേണ്ടി യഹോവ കരുതുന്നുവെന്നതിന്റെ മറെറാരു തെളിവ്!”
ബെഥേലിലെ ജോലിക്കാർ തങ്ങളുടെ ചതുർവർണ ഐസ്ക്രീം ആസ്വദിക്കവേ, അവർ മുഴുവർണ മാസികകളെക്കുറിച്ചു ചിന്തിച്ചു. ഒരാൾ പ്രസ്താവിച്ച പ്രകാരം, “ഒരു വലിയ സ്വപ്നം സഫലമായി.”
[21-ാം പേജിലെ ചിത്രങ്ങൾ]
അനേകം ടൺ ഭാരമുള്ള അച്ചടിയന്ത്രത്തിന്റെ ഭാഗങ്ങൾ ലോലമായ ഒരു വായൂകുഷ്യൻമേൽ താങ്ങിനിർത്തപ്പെട്ടു