സകല മനുഷ്യവർഗ്ഗത്തിനും ആരോഗ്യം എപ്പോൾ?
“ചൈനാ ഒഴികെ 67 അതിദരിദ്ര വികസ്വര രാജ്യങ്ങളിലെ പൊതുജനാരോഗ്യ സംഘടനകൾ, സമ്പന്നരാഷ്ട്രങ്ങൾ പിരിമുറുക്കുശമനൗഷധങ്ങൾക്കു മാത്രം ചെലവഴിക്കുന്നതിനെക്കാൾ കുറച്ചു മാത്രമേ മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണത്തിനു ചെലവഴിക്കുന്നുള്ളു.”—ആരോഗ്യ പ്രതിസന്ധി 2000.
“രണ്ടായിരാമാണ്ടോടെ സകലർക്കും ആരോഗ്യം”—1978-ൽ ഡബ്ലിയൂ. എച്ച്. ഓ. യുടെയും (ലോകാരോഗ്യസംഘടന) യൂണിസെഫിന്റെയും (ഐക്യരാഷ്ട്ര ശിശുക്ഷേമനിധി) ആഭിമുഖ്യത്തിൽ പ്രാഥമിക ആരോഗ്യപരിപാലനം സംബന്ധിച്ചു നടന്ന അന്തർദ്ദേശീയ കോൺഫറൻസിനുശേഷം ആ മുദ്രാവാക്യം വിശേഷാൽ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 134 രാഷ്ട്രങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ആ സമ്മേളനം ലോകാരോഗ്യമേഖലയിൽ യഥാർത്ഥത്തിൽ എത്ര മാത്രം അപര്യാപ്തതയുണ്ടെന്നുള്ളതിലേക്ക് അന്തർദ്ദേശീയ ശ്രദ്ധ ക്ഷണിച്ചു.
യൂണിസെഫിന്റെ അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന ഹെൻട്രി ആർ. ലാബൂയിസ് ഇപ്രകാരം പറഞ്ഞു: “ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങൾ തമ്മിലും രാജ്യങ്ങൾക്കുള്ളിലുമുള്ള ആരോഗ്യ സൗകര്യങ്ങളിലെ നിന്ദ്യമായ അസമാനത മേലാൽ സഹിക്കാവതല്ലെന്നുള്ള നമ്മുടെ ആഴമായ ബോദ്ധ്യമാണ് ഇന്നു നാം ഇവിടെ കൂടിവരുന്നതിനുള്ള കാരണങ്ങളിലൊന്ന്.”
സമ്മേളനത്തിനു മുൻപ് ഒരു റിപ്പോർട്ട് സമ്പന്നരാഷ്ട്രങ്ങളിലെ ആരോഗ്യമുള്ളവരും മറ്റുള്ളടങ്ങളിലെ ആരോഗ്യമില്ലാത്തവരും തമ്മിലുള്ള ബൃഹത്തായ ആഗോള വിടവിനെ സംബന്ധിച്ച് പ്രതിപാദിക്കുകയുണ്ടായി. ആ വർഷത്തെ ഒരു യൂണിസെഫ് റിപ്പോർട്ട് ചില ദരിദ്രരാജ്യങ്ങളിൽ “ഈ ജനങ്ങളിൽ 10%-ത്തിനു മാത്രമേ ഉചിതമായ ആരോഗ്യ സംരക്ഷണത്തിനുള്ള സാദ്ധ്യതകൾ ഉള്ളു” എന്നും “ഒരു പക്ഷേ ഇരുപതു ശതമാനമാണ് ശുദ്ധജലം കുടിക്കുന്നത്” എന്നും പ്രസ്താവിക്കുകയുണ്ടായി.
ഈ സമ്മേളനം “ഭക്ത്യ വിതരണത്തിന്റെയും ഉചിതപോഷണത്തിന്റെയും ഊർജ്ജിതപ്പെടുത്തൽ, ശുദ്ധജലത്തിന്റെ പര്യാപ്തമായ വിതരണവും അടിസ്ഥാന ശുചിത്വ സംരക്ഷണവും; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യപരിപാലനം . . . അവശ്യ ഔഷധങ്ങളുടെ കരുതൽ” എന്നിവക്കായി ആഹ്വാനം ചെയ്തു.
ഇതെല്ലാം വളരെ ചെലവേറിയ ഘടകങ്ങളാണ്, വിശേഷിച്ചും ദരിദ്രരാഷ്ട്രങ്ങളിലെ ജനങ്ങൾക്ക്. അത്തരം ആവശ്യങ്ങൾക്കുള്ള പണം എവിടെ കണ്ടെത്താൻ കഴിയും? “സമാധാനം, രാഷ്ട്രങ്ങൾ തമ്മിലുള്ള പിരിമുറുക്കത്തിലെ അയവ്, നിരായുധീകരണം” എന്നിവക്ക് അത്തരത്തിലുള്ള ആവശ്യങ്ങൾക്കുവേണ്ടി വളരെ വലിയ തുകകൾ വിട്ടുകൊടുക്കാൻ കഴിയുമെന്ന് ഈ സമ്മേളനം പറഞ്ഞു. അങ്ങനെ ഡബ്ലിയൂ. എച്ച്. ഓ. യാൽ പ്രസിദ്ധീകരിക്കപ്പെടുന്ന ലോകാരോഗ്യ മാസിക പിൻവരുന്ന അഭിപ്രായപ്രകടനം നടത്താൻ പ്രേരിപ്പിക്കപ്പെട്ടു: “ഇന്ന് സൈനികായുധ സന്നാഹത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന വൈദഗ്ദ്ധ്യം, വ്യയം, മാനവശേഷി, ഭൗതികവിഭവങ്ങൾ എന്നിവ ലോകത്തിന്റെ ആരോഗ്യം പുരോഗമിപ്പിക്കുന്നതിലേക്ക് വിനിയോഗിക്കപ്പെടുന്ന ഒരു മാതൃകാലോകത്തെ വിഭാവന ചെയ്യുക!”
എന്നാൽ 1978-നുശേഷം കടന്നുപോയ വർഷങ്ങളിൽ അത്തരത്തിലുള്ള സമാധാനം, രാഷ്ട്രങ്ങൾ തമ്മിലുള്ള പിരിമുറുക്കത്തിലെ അയവ്, നിരായുധീകരണം എന്നിവ സംഭവിക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടോ? ആരോഗ്യത്തിന്റെ പ്രശ്നം തുടർന്നു വളരുമ്പോൾ രാഷ്ട്രങ്ങൾ കൃത്യമായി വിപരീതദിശയിൽ നീങ്ങുകയല്ലേ? (g87 5/8)
[3-ാം പേജിലെ ചിത്രം]
കൊളംബിയൻ സ്കൂൾ കുട്ടികളെ കുത്തിവയ്ക്കുന്നു.
[കടപ്പാട്]
P. Almasy/WHO