ലോകം 1914-നു ശേഷം
ഭാഗം 6: 1946-1959 നാസ്തിയായ ഒരു സമാധാനത്തിൻ മദ്ധ്യെ വഞ്ചകമായ സമൃദ്ധി
“ഇന്നത്തെ ലോകം, നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഹിറ്റ്ലറുടെ ഒരു ഉൽപ്പന്നമാണ്,” എന്ന് സാഹിത്യ സമ്മാന ജേതാവും പത്രപ്രവർത്തകനുമായ സെബാസ്റ്റ്യൻ ഹാഫ്നർ ഉറപ്പിച്ചു പറയുന്നു. അയാൾ ഇപ്രകാരം വിശദീകരിക്കുന്നു: “ഹിറ്റ്ലറെ കൂടാതെ ജർമ്മനിയുടെയും യൂറോപ്പിന്റെയും വിഭജനം ഇല്ല; ഹിറ്റ്ലറെ കൂടാതെ ബർലിനിൽ അമേരിക്കക്കാരും റഷ്യാക്കാരും ഇല്ല; ഹിറ്റ്ലറെ കൂടാതെ യിസ്രായേൽ ഇല്ല; ഹിറ്റ്ലറെ കൂടാതെ അധിനിവേശ പ്രദേശങ്ങൾ ഒഴിയൽ ഇല്ല, കുറഞ്ഞപക്ഷം ഇത്ര ത്വരിതഗതിയിൽ, ഏഷ്യാക്കാരുടെയും അറബികളുടെയും കറുത്ത ആഫ്രിക്കക്കാരുടെയും വിമോചനമില്ല, യൂറോപ്പിന്റെ ക്ഷയിക്കലും ഇല്ല.”
തീർച്ചയായും അന്നത്തെ മറ്റു ലോകനേതാക്കൻമാരും വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കിയ കാര്യങ്ങൾ ചെയ്തു. ദൃഷ്ടാന്തത്തിന്, “ആധുനിക യൂറോപ്പിന്റെ പൂർവ്വ-പശ്ചിമ വിഭജനത്തിനിടയാക്കിയത് ടെഹ്റനിൽ വെച്ച് (1943-ന്റെ ഒടുവിൽ നടത്തിയ കൂടിയാലോചനായോഗം) ത്രിശക്തികൾ ചെയ്ത തീരുമാനം മൂലമാണെന്ന് ഏറ്റവും ആധുനിക ചരിത്രകാരൻമാർ കണക്കുകൂട്ടുന്നു,” എന്ന് മക്ലിൻസ് എന്ന കനേഡിയൻ മാസിക പറയുന്നു. എന്നിരുന്നാലും, “യാൾട്ടാ, [1945 ഫെബ്രുവരിയിൽ നടത്തപ്പെട്ട കൂടിയാലോചനായോഗം] സ്റ്റാലിൻ തന്റെ പാശ്ചാത്യ മറുഘടകങ്ങളെ കബളിപ്പിക്കയും സൂത്രത്തിൽ ഒരു സാമ്രാജ്യം സ്ഥാപിക്കയും ചെയ്ത യോഗം എന്ന നിലയിൽ അനേകം ചരിത്രകാരൻമാരും മെച്ചമായി അറിയാനിടയായി. . . . ആഴ്ചകൾക്കകം സ്റ്റാലിന്റെ സൈന്യങ്ങൾ ബലവത്താക്കപ്പെടുകയും കിഴക്കൻ യൂറോപ്പിൽ തങ്ങളുടെ പിടി വിപുലമാക്കുകയും ചെയ്തു. . . . സായുധ യുദ്ധം അവസാനിക്കുകയായിരുന്നു, എന്നാൽ ശീതസമരം ആരംഭിച്ചതേയുണ്ടായിരുന്നുള്ളു,” എന്ന് ആ മാസിക തുടർന്ന് ചൂണ്ടിക്കാട്ടുന്നു.
ശീതസമരമോ? അതെ. ഐക്യനാടുകളും സോവ്യറ്റ് യൂണിയനും തമ്മിലുള്ള ശത്രുതയെ വിവരിക്കുന്നതിന് 1947-ൽ യു. എസ്സ്. പ്രസിഡണ്ടിന്റെ ഉപദേഷ്ടാവ് ബെർനാർഡ് ബാറുച്ച് ഉപയോഗിച്ച പദമിതാണ്. രാഷ്ട്രീയവും സാമ്പത്തികവും പ്രചാരണപരവുമായ മണ്ഡലങ്ങളിൽ നടത്തപ്പെട്ട ഒരു ശീതസമരമായിരുന്നു അത്.
യുദ്ധത്തിന്റെ ഒടുവിൽ സഖ്യകക്ഷികൾ ജർമ്മനിയെ നാലു അധിനിവേശ പ്രദേശങ്ങളായി വിഭജിച്ചു. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും അമേരിക്കക്കാരും രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളും സോവിയറ്റുകൾ കിഴക്കു ഭാഗവും കൈവശപ്പെടുത്തി. അങ്ങനെ രണ്ടു ദേശീയ സംഘടനകൾ നിലവിൽ വന്നു, ഒന്ന് ജനാധിപത്യവും മറ്റൊന്ന് കമ്മ്യൂണിസവും. അന്നുമുതൽ ഇന്നുവരെയും അവർ അന്യോന്യം ഒരു അദൃശ്യ ഇരുമ്പു മറയിലൂടെ സ്നേഹരഹിതമായ തുറിച്ചുനോട്ടം കൈമാറിക്കൊണ്ടിരിക്കുന്നു.
ബർലിനും നാലു ഭാഗങ്ങൾ ആയി വിഭജിക്കപ്പെട്ടു. മുൻ ജർമ്മൻ തലസ്ഥാനം സോവിയറ്റ് അധിനിവേശ പ്രദേശത്ത് സ്ഥാപിച്ചിരുന്നതിനാൽ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അമേരിക്കയുടെയും ഭാഗങ്ങളിലേക്കുള്ള വസ്തുക്കൾ സോവിയറ്റു പ്രദേശത്തുകൂടെ കടത്തിക്കൊണ്ടു പോകണമായിരുന്നു. ഇതു പ്രശ്നങ്ങൾക്കിടയാക്കി, 1948-ന്റെ മദ്ധ്യത്തിൽ സോവിയറ്റുകൾ ബർലിനിൽ നിന്ന് പടിഞ്ഞാറോട്ടു കരയിലൂടെയുള്ള എല്ലാ വഴികളും അടച്ചു. പാശ്ചാത്യശക്തികൾ തങ്ങൾക്ക് ആവശ്യമായ എല്ലാ ഭക്ത്യ, ഇന്ധന വിതരണങ്ങളും പറപ്പിച്ചുകൊണ്ട് പ്രതികരിച്ചു. ഏകദേശം 11 മാസം അവസാനിക്കുന്നതുവരെ ബർലിൻ തടസ്സവും വിമാനം വഴിയുള്ള വിതരണവും ശീതസമരസമ്മർദ്ദത്തെ വർദ്ധിപ്പിച്ചു.
“മിക്കവാറും കഴിഞ്ഞ രാത്രിയിൽ ബർലിൻ അതിന്റെ പ്രഷ്യൻ സൈനിക മേധാവിത്വത്തിന്റെയും ഹിറ്റ്ലറുടെ സ്വേച്ഛാധിപത്യത്തിന്റെയും പ്രതീകത്തിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി രൂപാന്തരം പ്രാപിച്ചു” എന്ന് പാരീസ് യൂണിവേഴ്സിറ്റി പ്രൊഫസറായ ആൽഫ്രഡ് ഗ്രോസ്സർ എഴുതുന്നു. ബർലിൻ ഇന്നും പ്രചാരമുള്ള ഒരു പ്രതീകമാണ്, കിഴക്കും പടിഞ്ഞാറുമുള്ള രാഷ്ട്രീയ നേതാക്കൾ കാലാകാലങ്ങളിൽ ഇതിനെ ശീത സമരത്തിന്റെ ജ്വാല ആളിക്കുന്നതിനുള്ള ഒരു ഒഴികഴിവായി ഉപയോഗിക്കയും ചെയ്യുന്നു.
രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതിന് അഞ്ചു ദിവസം മുമ്പ്, സോവിയറ്റ് യൂണിയൻ ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കയും ജപ്പാൻ-അധിനിവേശ കൊറിയയുടെ വടക്കെ അറ്റം ആക്രമിക്കയും ചെയ്തു. ജപ്പാൻ കീഴടങ്ങിയപ്പോൾ 38-ാം പാരലിനു വടക്കുള്ള ജപ്പാൻസൈന്യം സോവിയറ്റുകൾക്കും ഈ ലൈനു തെക്കുള്ളവർ അമേരിക്കയ്ക്കും അധീനപ്പെടുന്നതിന് സഖ്യകക്ഷികൾ സമ്മതിച്ചു. രാജ്യത്തിന്റെ ഈ അസ്വാഭാവിക വിഭജനം, 1950-ൽ യുദ്ധത്തിലേക്കു നയിച്ചു. അത് അവസാനിക്കുന്നതിനുമുമ്പ് മിക്കവാറും 20 രാഷ്ട്രങ്ങൾ സൈനികമായി ഉൾപ്പെട്ടു, 40-ൽ അധികം രാഷ്ട്രങ്ങൾ സൈനിക ഉപകരണങ്ങളൊ മറ്റുവസ്തുക്കളൊ പ്രദാനം ചെയ്യുകയും ചെയ്തു. നൂറുകണക്കിന് ആയിരക്കണക്കിന് ആളുകൾ മരിച്ചശേഷം ഒടുവിൽ 1953 ജൂലൈ 27-ാം തീയതി ഒരു വെടിനിർത്തൽ പ്രയോഗത്തിലായി. എന്തിനുവേണ്ടി? ഇന്ന്, 30 വർഷങ്ങൾക്കുശേഷവും കൊറിയൻ പ്രശ്നത്തിന് ഒരു അന്തിമ പരിഹാരം കണ്ടിട്ടില്ല. അവർ ഈ വിഭജനത്തെ മുളമറ എന്നു വിളിക്കുന്നു.
രണ്ടു പ്രതീകാത്മക രാജാക്കൻമാർ തമ്മിൽ അത്തരത്തിലുള്ള ഒരു ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന് ദാനിയേൽ പ്രവാചകൻ മുൻകൂട്ടിക്കണ്ടിരുന്നു. ശീത സമരം നമ്മുടെ നാളിലെ ആ രണ്ടു വൻശക്തി-രാജാക്കൻമാർക്ക് “ഒരേ മേശയിൽ നുണ” സംസാരിക്കുന്ന ദീർഘകാല നയം തുടരുന്നതിന് അന്യോന്യം കൂടിയാലോചിക്കത്തക്കവണ്ണം ധാരാളം അവസരങ്ങൾ നൽകി. അങ്ങനെ അവർ ദേശീയ താൽപ്പര്യങ്ങളെ അനുധാവനം ചെയ്തു, അതേ സമയംതന്നെ സ്വന്തമായ നേട്ടത്തിനുവേണ്ടി അന്യോന്യം “തള്ളിക്കയറുന്നതിൽ” സജീവമായി ഏർപ്പെടുകയും ചെയ്തു.—ദാനിയേൽ 11:27-45.
അനിയന്ത്രിതമായ “കുട്ടികൾ തൃപ്തികരമായി പിറക്കുന്നു”
ന്യൂ മെക്സിക്കോയിൽ ആദ്യമായി അണുബോംബ് വിജയകരമായി പൊട്ടിച്ചപ്പോൾ യു. എസ്സ്. പ്രസിഡൻഡ് ട്രൂമാന് ഇപ്രകാരം ഒരു രഹസ്യ സന്ദേശം അയച്ചു: “കുട്ടികൾ തൃപ്തികരമായി പിറക്കുന്നു.” എന്നാൽ ഈ കുട്ടികൾ എത്ര അനിയന്ത്രിതവും ആവശ്യപ്പെടുന്നതും ആയിത്തീർന്നു! അവ ചെറുതും വലുതുമായ രാഷ്ട്രങ്ങളെ, തങ്ങളുടെ ദരിദ്രരെ പോറ്റുന്നതിനും വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും മെച്ചമായി ഉപയോഗിക്കാമായിരുന്ന പണം അഭൂതപൂർവ്വമായ ലോകവ്യാപക സൈനികവൽക്കരണത്തിന് ഉപയോഗിക്കുന്നതിനു നിർബ്ബന്ധിതരാക്കിക്കൊണ്ട് തുളച്ചുകയറി. അവ ഒരു സന്തുലമായ ഭീകരതയാൽ സമാധാനം സംരക്ഷിക്കുക എന്ന അപകടകരമായ നയത്തെ പോഷിപ്പിച്ചു. അവ ഐക്യരാഷ്ട്രസംഘടനയ്ക്ക് ഓരോ ദേശീയ, അന്തർദ്ദേശീയ കൂട്ടക്കൊലകളും എത്ര ചെറുതായിരുന്നാലും സാദ്ധ്യതയുള്ള ഒരു ആണവ കൂട്ടക്കൊല എന്ന നിലയിൽ പരിഗണിക്കുന്നതിനുള്ള ഒരു കാരണം നൽകി. അവ പുതിയ സമാധാന സംരക്ഷണ സംഘടനകളായ 1949-ലെ നോർത്ത് അറ്റ്ലാൻറിക്ക് ട്രീറ്റി ഓർഗനൈസേഷൻ (NATO), 1955-ലെ വാഴ്സായ് ഉടമ്പടി എന്നിവപോലുള്ളവ രൂപീകരിക്കുന്നത് ആവശ്യമാക്കിത്തീർത്തു.
ആണവ “കുട്ടികളും” അവയുടെ പിതൃരാഷ്ട്രങ്ങളും വർദ്ധിച്ചതിനനുസരിച്ച് യാദൃച്ഛികമായൊ രൂപസംവിധാനം ചെയ്തൊ ഉണ്ടാകാവുന്ന ഒരു ആഗോള ആണവയുദ്ധത്തിന്റെ അപകട സാദ്ധ്യതയും വർദ്ധിച്ചിരിക്കുന്നു. അവ “നിവസിത ഭൂമിയിൽ വരാൻ പോകുന്നതായി വിചാരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച ഭയത്താലും പ്രതീക്ഷയാലും ലോകത്തെ വിറപ്പിക്കുന്നു.”—ലൂക്കോസ് 21:26.
അതുകൊണ്ട് 1775-ൽ യു. എസ്സ്. സ്വാതന്ത്ര്യ സമരത്തിനു തുടക്കം കുറിച്ച വെടി, റാൽഫ് വാൽഡെ, എമെർസൺ വിളിച്ചപോലെ “ലോകത്തിനു ചുറ്റും കേട്ട വെടി” ആയിരുന്നെങ്കിൽ 1945-ൽ രണ്ടാം ലോകമഹായുദ്ധത്തെ അവസാനിപ്പിച്ച അണുബോംബ് സ്ഫോടനം ഏറ്റവും സുനിശ്ചിതമായി ‘ലോകത്തിനു ചുറ്റും കേട്ട സ്ഫോടനം’ ആയിരുന്നു.
ദി വേൾഡ് ബുക്ക് എൻസൈക്ലൊപ്പീഡിയ യുദ്ധാനന്തര കാലത്ത് “തൃപ്തികരമായി പിറന്ന” മറ്റു ചില അനിയന്ത്രിത “കുട്ടികളെ” സംബന്ധിച്ച് നമ്മോട് പറയുന്നു. “പുതിയ രാഷ്ട്രങ്ങളുടെ ഉയർച്ചയെ” പരാമർശിച്ചുകൊണ്ട് അതു വിശദീകരിക്കുന്നു: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വൻ യൂറോപ്യൻ സാമ്രാജ്യങ്ങൾ ഓരോന്നായി തകർന്നു. ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ്, ബൽജിയം, നെതർലാൻഡ്സ്, മറ്റ് വൻകോളനി ശക്തികൾ എന്നിവ യുദ്ധത്തിലെ തങ്ങളുടെ നഷ്ടത്താൽ ക്ഷയിപ്പിക്കപ്പെട്ടു. അവയ്ക്ക് തങ്ങളുടെ കോളനികളെ ബലം പ്രയോഗിച്ച് പിടിച്ചുവെക്കാൻ മേലാൽ കഴിഞ്ഞില്ല.” ആദ്യം സ്വാതന്ത്ര്യം ലഭിച്ച കോളനികൾ ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, ഇൻഡ്യാ, പാക്കിസ്ഥാൻ, സിലോൺ (ഇപ്പോൾ ശ്രീലങ്ക) യിസ്രായേൽ, ലിബിയ, റ്റുനിഷ്യ, ഘാനാ എന്നിവയായിരുന്നു.
ഈ ദിവസം വരെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചായ്വ് തുടരുകയും 1945-നു ശേഷം കുറഞ്ഞത് ഒരു നൂറ് പുതിയ രാഷ്ട്രങ്ങൾ പിറക്കാൻ ഇടയാക്കുകയും ചെയ്തിരിക്കുന്നു.
കോളനിവാഴ്ചക്ക് അതിന്റേതായ ന്യൂനതകൾ ഉണ്ടായിരുന്നു, എന്നാൽ അതിനു പകരം സ്ഥാപിതമായവ അവശ്യം മെച്ചമായിരുന്നില്ല. വർത്തമാനപ്പത്രങ്ങളുടെ ഒരു സംയുക്ത സമിതിയിലെ എഴുത്തുകാരിയായ ജോർജി ആനി ഗെയർ ഇപ്രകാരം എഴുതുന്നു: “കോളനി സാമ്രാജ്യങ്ങൾ അപ്രത്യക്ഷപ്പെട്ടപ്പോൾ അനേകം പുതിയ രാഷ്ട്രങ്ങളും മിക്കപ്പോഴും ആഭ്യന്തര യുദ്ധങ്ങളാൽ അടയാളമിടപ്പെട്ട ഒരു ദീർഘകാല മന്ദ-ചലന തകർച്ച ആയിത്തീർന്നതിനു തുടക്കം കുറിച്ചു.” അപ്രകാരം മനുഷ്യനു തനിയെ വിജയകരമായി ഭരിക്കാൻ സാദ്ധ്യമല്ലെന്നുള്ളതിനു തെളിവു വർദ്ധിച്ചു.—സഭാപ്രസംഗി 8:9; യിരെമ്യാവ് 10:23.
സമ്പൽ സമൃദ്ധി—എന്നാൽ ചെലവേറിയതും വഞ്ചനാത്മകവും
യുദ്ധത്താൽ നശിപ്പിക്കപ്പെട്ട യൂറോപ്പിലെയും ഏഷ്യയിലെയും നിവാസികൾ 1945-ൽ ഞെരുക്കമനുഭവിക്കയായിരുന്നു. മനുഷ്യത്വപരമായ കാരണങ്ങളാലും, എന്നാൽ സ്വാർത്ഥതാൽപ്പര്യത്താൽ നയിക്കപ്പെട്ടും, സഖ്യകക്ഷികൾ യൂറോപ്യൻ പുനരുദ്ധാരണ പരിപാടി ആസൂത്രണം ചെയ്തു. യൂറോപ്പിന്റെ ബോംബു ചെയ്യപ്പെട്ട വ്യവസായങ്ങൾ പുന:നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത് ഒരു ഏജൻസിയായിരുന്നു. മാർഷൽപ്ലാൻ എന്ന് പരക്കെ അറിയപ്പെട്ട ഈ പേർ ഈ ആശയം ഉളവാക്കിയ യു. എസ്സ്. സ്റ്റേറ്റ് സെക്രട്ടറിയുടെ പേരിനെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു. ഇതു—നിങ്ങൾതന്നെ—ചെയ്യുക എന്ന ഈ പരിപാടി ചെലവേറിയതായിരുന്നെങ്കിലും ഫലപ്രദമായിരുന്നു.
സാമ്പത്തികവും വ്യാവസായികവുമായ വീണ്ടെടുക്കൽ എടുത്തു പറയത്തക്കതായിരുന്നു. തോൽപ്പിക്കപ്പെട്ട രാഷ്ട്രങ്ങൾക്ക് തങ്ങളോടു വിജയിച്ച അയൽ രാജ്യങ്ങളോടൊപ്പം എത്തുന്നതിനോ ചില സംഗതികളിൽ, മിക്കപ്പോഴും വളരെ പഴക്കം ചെന്ന ഫാക്ടറികളും ഉപകരണങ്ങളുംകൊണ്ട് കഴിച്ചുകൂട്ടാൻ നിർബന്ധിതരായ രാജ്യങ്ങളെ കവച്ചുവെക്കുന്നതിനൊ തങ്ങളുടെ ഏറ്റവും പുതിയ ഉപകരണങ്ങൾകൊണ്ടു നിറഞ്ഞ ആധുനിക വ്യവസായ ശാലകൾ ഉള്ളതിനാൽ സാദ്ധ്യമാക്കിത്തീർത്തു. 1950-കളിൽ ജർമ്മൻ സാമ്പത്തിക അത്ഭുതം എന്നു വിളിക്കപ്പെട്ടത് ഉഷാറായ പ്രവർത്തനത്തിലായിരുന്നു, ആ ദശകത്തിന്റെ അവസാനം ജപ്പാനെ ലോകത്തിന്റെ അധികത്തെയും വ്യാപാരത്തിൽ ജയിച്ചടക്കാൻ സാദ്ധ്യമാക്കത്തക്കവണ്ണം അത് ഒരു നിർമ്മാണ പരിപാടിയിൽ വ്യാപൃതമായി.
വിജയികളും, ഇതിനിടയിൽ, തങ്ങളുടെ സ്വകാര്യവും സാമ്പത്തികവുമായ നയങ്ങൾ സന്തുലനാവസ്ഥയിൽ തിരികെ എത്തിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കയായിരുന്നു. എല്ലാം യുദ്ധസാമഗ്രികൾ ഉൽപ്പാദിപ്പിക്കാൻ വേണ്ടി തിരിച്ചു വിടപ്പെട്ടിരുന്ന യുദ്ധസമയത്ത് ഭവനനിർമ്മാണവും ഗ്രഹോപകരണ ഉൽപ്പാദനവും കർശനമായി വെട്ടിച്ചുരുക്കിയിരുന്നു. ദീർഘകാലമായി ആളുകൾക്ക് ഇല്ലാതിരുന്ന ഇനങ്ങൾക്ക് ഇപ്പോൾ ഒരു വമ്പിച്ച മാർക്കറ്റ് ഉണ്ടായി. ഇത് സകലർക്കും തൊഴിലിനെ അർത്ഥമാക്കി; കുറഞ്ഞപക്ഷം തൽക്കാലത്തേക്ക് തൊഴിലില്ലായ്മ പ്രശ്നമില്ലായിരുന്നു. ലോകം വലിയ സാമ്പത്തിക മാന്ദ്യത്തിനു മുമ്പുമുതൽ കാണാതിരുന്ന ഒരു സമ്പൽ സമൃദ്ധിയുടെ കാലഘട്ടത്തിലേക്ക് ഇപ്പോൾ മുന്നേറി.
എന്നാൽ സമ്പൽസമൃദ്ധിക്ക് അതിന്റെ വില ഒടുക്കേണ്ടിയിരുന്നു. അധികമധികം മാതാക്കൾ, ചിലപ്പോൾ കുട്ടികളെ അവഗണിച്ചുകൊണ്ട് ഭവനത്തിനു വെളിയിൽ ലൗകിക തൊഴിൽ സ്വീകരിച്ചു. ഉയർന്ന ജീവിതനിലവാരം കൂടുതൽ വിനോദത്തിനവസരം നൽകി, എന്നാൽ ഇത് എപ്പോഴും ആരോഗ്യപ്രദമായിരുന്നില്ല. ടി.വി. വീക്ഷണം കുടുംബ സംഭാഷണത്തെ മാറ്റി പ്രതിഷ്ഠിച്ചുതുടങ്ങി. കുടുംബജീവിത തകർച്ച വിവാഹമോചനത്തിന്റെ വർദ്ധനവിലേക്കു നയിച്ചു. ഈ പ്രവണത പിന്നീട് ഏകാകികൾ വിവാഹം കൂടാതെ ഒരുമിച്ചു പാർക്കുന്നതിനുള്ള ചായ്വിന്റെ വർദ്ധനവിന് ഭാഗികമായി ഇടയാക്കി. ഇരു പ്രവണതകളും മറ്റുള്ളവരുടെ ചെലവിൽ വ്യക്തിപരമായ താൽപര്യങ്ങൾക്ക് ഊന്നൽ നൽകുന്നതിനുള്ള വർദ്ധിച്ച വാസനയെ അർത്ഥമാക്കി. നേരത്തെതന്നെ യുദ്ധത്താൽ വളരെയധികം ശിഥിലമാക്കപ്പെട്ട ആത്മീയവും ധാർമ്മികവും ആയ മൂല്യങ്ങൾ ഇപ്പോൾ അധികമായി ദ്രവിപ്പിക്കപ്പെട്ടു.
യഥാർത്ഥ സമാധാനവും സമൃദ്ധിയും
മൊത്തത്തിൽ, രണ്ടാം ലോകമഹായുദ്ധത്തിൽ ലോകമതസംഘടനകൾ തങ്ങളുടെ അംഗങ്ങളെ സഹമനുഷ്യരെ കശാപ്പു ചെയ്യുന്നതിന് അയക്കുന്നതിൽ യാതൊരു തെറ്റും കണ്ടില്ല. അതുകൊണ്ടിപ്പോൾ അവർ ശീതസമരത്തിനും രാഷ്ട്രീയ വിപ്ലവങ്ങൾക്കും സ്വാതന്ത്ര്യസമരങ്ങൾ എന്നു വിളിക്കപ്പെട്ടവക്കും ധാർമ്മികവും ശാരീരികവുമായ പിന്തുണ നൽകുന്നതിൽ യാതൊരു തെറ്റും കണ്ടില്ല. എന്നാൽ ശ്രദ്ധേയമായ ഒരു വ്യതിയാനമുണ്ടായിരുന്നു.
യഹോവയുടെ സാക്ഷികൾ രണ്ടാം ലോകമഹായുദ്ധത്തിലും തുടർന്നും ക്രിസ്തീയ നിഷ്പക്ഷത പാലിച്ചു. അവരെ നശിപ്പിക്കുന്നതിനുള്ള ഹിറ്റ്ലറുടെ ശ്രമങ്ങളിൽ നിന്നു വിമോചിതരായ അവർ ജർമ്മനിയിൽ 1946-ൽ 9,000-ത്തേക്കാൾ അൽപ്പം മാത്രം കൂടുതലുണ്ടായിരുന്ന സജീവ സാക്ഷികളുടെ സംഖ്യ അഞ്ചു വർഷങ്ങൾക്കകം 52,000-ൽ അധികമായി വർദ്ധിച്ചതുകണ്ടു. 1945-നും 1959-നും ഇടക്ക് അവർ ലോകത്തു മുഴുവനായി 1,41,606 സാക്ഷികളിലും 68 രാജ്യങ്ങളിലും നിന്ന് 175 രാജ്യങ്ങളിലായി 8,71,737 ആയി വർദ്ധിച്ചു. മറ്റനേകം മതങ്ങളിലെയും അംഗങ്ങൾ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്നങ്ങൾ നിമിത്തം പരസ്പരം യുദ്ധത്തിൽ വർദ്ധിച്ചു വരികയും പള്ളിയംഗങ്ങളിൽനിന്ന് ഒരു പതനം ഉണ്ടായതു മുഖാന്തരം അസ്വസ്ഥമാകയും ചെയ്തപ്പോൾ യഹോവയുടെ സാക്ഷികൾ ആത്മീയമായ ഒരു വിധത്തിൽ യഥാർത്ഥ സമാധാനവും സമൃദ്ധിയും ആസ്വദിക്കയായിരുന്നു.
ഇത് 1958-ൽ ന്യൂയോർക്ക് നഗരത്തിൽ നടത്തപ്പെട്ടതും ഒരു സെഷനിൽ 25,000-ൽ അധികം അത്യുച്ച ഹാജർ ഉണ്ടായിരുന്നതുമായ തങ്ങളുടെ ദിവ്യഇഷ്ട അന്തർദ്ദേശീയ സമ്മേളനത്തിൽ പ്രകടമായിരുന്നു. ഒരു സവിശേഷപ്രസംഗകൻ ഇപ്രകാരം പറഞ്ഞു: “യഹോവയുടെ സാക്ഷികളുടെ കവിഞ്ഞൊഴുകുന്ന സന്തുഷ്ടി തെളിയിക്കുന്നത് ആത്മീയ പരദീസയുടെ വ്യാപനമാണ് . . . ഈ ആത്മീയ പരദീസ ദൈവത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കയും അവന്റെ രാജ്യസ്ഥാപനത്തെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.”
രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നു വന്ന സമാധാനം യഥാർത്ഥത്തിൽ ഇല്ലാതിരുന്ന ഒന്നായിരുന്നു, അതുപോലെ അതു പുരോഗമിപ്പിച്ച തികച്ചും ഭൗതികമായ സമൃദ്ധി അവിതർക്കിതമായ ഈ വസ്തുത ചൂണ്ടിക്കാണിക്കുന്നു: യഥാർത്ഥ സമാധാനവും സമൃദ്ധിയും ദൈവത്തിന്റെ സ്ഥാപിതരാജ്യം മൂലം മാത്രമെ വരാൻ കഴിയുകയുള്ളു. “പ്രക്ഷുബ്ധമായ പ്രതിഷേധങ്ങളുടെ ഒരു കാലഘട്ടമായ 1960-കളിൽ” ഇതു കൂടുതൽ പ്രകടമായിത്തീർന്നു. ഇതു സംബന്ധിച്ച് ഞങ്ങളുടെ അടുത്ത ലക്കത്തിൽ വായിക്കുക. (g87 5/22)
[22-ാം പേജിലെ ചതുരം]
വാർത്ത ഉളവാക്കിയ മറ്റ് ഇനങ്ങൾ
1946—ഹോ ചി മിൻ വിയറ്റ്നാമിൽ സ്വാതന്ത്ര്യസമരം പ്രഖ്യാപിക്കുന്നു.
1947—നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന ബൈബിൾ കയ്യെഴുത്തു പ്രതികൾ ഉൾപ്പെടെ ചാവുകടൽ ചുരുളുകൾ കണ്ടെടുക്കുന്നു.
1948—മോഹൻദാസ് ഗാന്ധി വധിക്കപ്പെടുന്നു.
1949—പീപ്പിൾസ് ലിബറേഷൻ ആർമി ചൈനാ വൻകരയുടെ കീഴടക്കൽ പൂർത്തിയാക്കുന്നു;
കമ്മ്യൂണിസ്റ്റിതര ദേശീയ ഗവൺമെൻറ് തെയ്വാൻ ദ്വീപിലേക്ക് പിൻമാറുന്നു.
1950—ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പ്രക്ഷോഭം.
1952—ഐക്യനാടുകൾ ആദ്യത്തെ ഹൈഡ്രജൻ ബോംബ് സ്ഫോടനം ചെയ്യുന്നു.
1954—യു. എസ്സ്. സുപ്രീംകോടതി സ്കൂളുകളിലെ വർണ്ണവിവേചനം ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നു.
1957—സോവ്യറ്റുകൾ ആദ്യത്തെ ഭൗമശൂന്യാകാശ പേടകം, സ്പുട്നിക്ക് I, ഭ്രമണപഥത്തിലേക്കയക്കുന്നു.
1958—യൂറോപ്യൻ സാമ്പത്തിക സമൂഹം (കോമൺ മാർക്കറ്റ്) പ്രവർത്തനമാരംഭിക്കുന്നു.
1959—സോവ്യറ്റ് റോക്കറ്റ് ചന്ദ്രന്റെ പടങ്ങൾ ഭൂമിയിലേക്ക് അയക്കുന്നു.
[23-ാം പേജിലെ ചിത്രം]
യുദ്ധാനന്തര സമൃദ്ധി അനേകം കുടുംബങ്ങൾക്കും നല്ല ഭവനങ്ങളും പുതിയ കാറുകളും ലഭ്യമാക്കി
[കടപ്പാട്]
H. Armstrong Roberts