നമ്മുടെ മനോഹരമായഭൂമി—അതിൽ എത്രത്തോളം നാം നമ്മുടെ മക്കൾക്കു വിട്ടേക്കും?
പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോർട്ടുകളനുസരിച്ച് 1970 എന്ന വർഷത്തിനുശേഷം 170 കോടി ശിശുക്കൾ ലോകത്തിലേക്കു ജനിച്ചിട്ടുണ്ട്. അവർ ഒരു ജനതയായിത്തീരുകയാണെങ്കിൽ അത് ലോകത്തിലെ ഏറ്റവും വലുതായിരിക്കും. നാം അവർക്കു ഏതു തരം ലോകമാണ് വിട്ടേക്കുന്നതെന്ന് ചോദിക്കുന്നത് ഉചിതമല്ലേ?
ഇരുപത്തഞ്ചിൽപരം വർഷംമുൻപ് അമേരിക്കൻ പൊതുജനാരോഗ്യസേവനത്തിലെ ഒരു പ്രമുഖ ഡോക്ടർ ഇങ്ങനെ പ്രസ്താവിച്ചു: “മനുഷ്യൻ മണ്ണടിഞ്ഞുപോയ ഒരു ജീവരൂപമെന്നനിലയിൽ ഡൈനോസറുകളോടു ചേരുന്ന ഒരു ഘട്ടംവരെ എന്തെങ്കിലും പരിസരത്തെ ദുഷിപ്പിച്ചേക്കാമെന്നുള്ള ഭയബാധയിൻകീഴിലാണു നാമെല്ലാം ജീവിക്കുന്നത്.”
ഇടക്കാല വർഷങ്ങളിൽ ആ ഭയം തീവ്രമായിട്ടുണ്ട്. കഴിഞ്ഞ വർഷം നൂറോളം ജീവശാസ്ത്രജ്ഞൻമാർ പ്രസംഗിച്ച ഒരു വേദി ഡൈനോസറുകളെ തുടച്ചുനീക്കിയ തരം കൂട്ടനാശത്തിന്റെ ഒരു തിരത്തള്ളൽ വരുന്നുവെന്ന് മുന്നറിയിപ്പു നൽകുകയുണ്ടായി, ഈ പ്രാവശ്യം അത് ഒരു പ്രാകൃതിക വികാസത്താലല്ല, പിന്നെയോ “മനുഷ്യപ്രവർത്തനങ്ങളാലാ”യിരിക്കുമെന്നുമാത്രം.
വേൾഡ് വാച്ച് ഇൻസ്റ്റിട്യൂട്ട് ലോകത്തിന്റെ അവസ്ഥ 1987 എന്ന അതിന്റെ റിപ്പോർട്ട് ഈ വർഷം പുറത്തുവിട്ടു. അതിങ്ങനെ പറഞ്ഞു: “തുടർന്നുപോകുന്ന ഒരു സമുദായം അടുത്ത തലമുറയുടെ അഭ്യുദയങ്ങൾക്കു കുറവു വരുത്താതെ അതിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നു. പല രീതികളിലും സമകാലീനസമുദായം ഈ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെടുന്നു. പരിസര നിലനിൽപ്പിന്റെ പ്രശ്നങ്ങൾ എല്ലാ ഭൂഖണ്ഡങ്ങളിലും ഉയർന്നുവരുന്നുണ്ട്. മനുഷ്യപ്രവർത്തനങ്ങളുടെ പരിമാണം ഭൂമിയുടെ നിവാസയോഗ്യതയ്ക്ക് ഭീഷണി ഉയർത്തിത്തുടങ്ങിയിട്ടുണ്ട്.”
500 കോടിയിൽപരം ജനങ്ങളുടെ ആവശ്യങ്ങൾ—ഒരു വർഷം 83 ദശലക്ഷം കണ്ട് എണ്ണം വർദ്ധിക്കുകയുമാണ്—ഭൂമിയുടെ സമുദ്ധാരണ പ്രാപ്തികളെ ആക്രമിച്ച് അടിപ്പെടുത്തുകയാണ്.
രാസമലിനീകരണം അന്തരീക്ഷത്തിലെ ഓസോണിനെ ശോഷിപ്പിക്കുകയാണ്, അത് “കൂടുതൽ ത്വക്ക്കാൻസറുകൾക്കിടയാക്കുകയും മനുഷ്യപ്രതിരക്ഷാവ്യവസ്ഥകളെ തകരാറിലാക്കുകയും വിളവിന്റെ ഉൽപ്പാദനത്തെ മന്ദീഭവിപ്പിക്കുകയും” ചെയ്യുന്നതിലേക്കു നയിച്ചേക്കാം.
അമ്ല മഴ തുടരുന്നുവെങ്കിൽ കൂടുതൽ തടാകങ്ങളും വനങ്ങളും നശിക്കുമെന്നുമാത്രമല്ല മണ്ണ് കൂടുതലായി അമ്ലീകൃതമാകുകയും “പുനഃസ്ഥിതീകരിക്കപ്പെടുന്നതിന് ശതാബ്ദങ്ങളല്ലെങ്കിൽ ദശാബ്ദങ്ങളെങ്കിലുമെടുക്കുകയും ചെയ്യും.”
തീവ്രയത്നകാർഷികനടപടികൾ “മേൽമണ്ണുനഷ്ടത്തിന്റെ നിരക്കിനെ പുതിയ മണ്ണുൽപ്പാദനത്തിന്റേതിനെക്കാൾ അധികമാക്കിയിട്ടുണ്ട്.”
വനനശീകരണം അന്തരീക്ഷത്തിൽനിന്ന് ഉപയോഗിക്കപ്പെടുന്ന കാർബൺഡയോക്സൈഡിന്റെ അളവിനെ കുറയ്ക്കുന്നു. അശ്മകഇന്ധനങ്ങളുടെ ദഹനം ശേഷിച്ച ചെടികൾക്കും സമുദ്രങ്ങൾക്കും സ്വീകരിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ കാർബൺഡയോക്സൈഡ് പുറത്തുവിടുന്നു. ഫലം ചൂടേകുന്ന സസ്യോഷ്ണശാലാഫലത്തിന്റെ ഒരു വർദ്ധനവാണ്, അത് അന്തിമമായി ഹിമാനികളെ ഉരുക്കുകയും കടലോരനഗരങ്ങളെ പ്രളയത്തിലാഴ്ത്തുകയും ചെയ്തേക്കാം.
ഉഷ്ണമേഖലാവനങ്ങളുടെ നഷ്ടം മഴവീഴ്ചക്കുള്ള ജലപരിവൃത്തിയിൽ കുറവു നേരിടുന്നുവെന്നർത്ഥമാക്കുന്നു, അത് മരുഭൂമികളുണ്ടാകാനിടയാക്കിയേക്കാം.
വിഷരാസവസ്തുക്കൾ, അസംസ്കൃത മലിനവസ്തുക്കൾ, ക്രൂഡോയിൽ, ന്യൂക്ലിയർ അപകടങ്ങൾ, റെഡോൺ, മൈക്രോവേവുകൾ, ആസ്ബെസ്റ്റോസ്—പരിസരത്തിനെതിരായ മനുഷ്യന്റെ പാപത്തിന്റെ പട്ടിക ഇങ്ങനെ നീണ്ടുനീണ്ടുപോയേക്കാം.
ലോകത്തിന്റെ അവസ്ഥ 1987 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഭൂമിയുടെ നിവാസയോഗ്യതക്ക് മർമ്മപ്രധാനമായ ഇത്രയധികം വ്യവസ്ഥിതികൾക്ക് മുൻപൊരിക്കലും ഒരേ സമയത്തു സമനിലതെറ്റിയിട്ടില്ല. പുതിയ പരിസര പ്രശ്നങ്ങൾ നിലവിലുള്ള രാഷ്ട്രീയ സാമൂഹ്യ സ്ഥാപനങ്ങളുടെ അധികാരത്തിമ്പപ്പുറം പോകുന്ന കാലഘട്ടങ്ങളിലേക്കും ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു. യാതൊരു ഒറ്റപ്പെട്ട രാഷ്ട്രത്തിനും ഭൂമിയുടെ കാലാവസ്ഥയെ സ്ഥിരവൽക്കരിക്കാനും ഓസോൺ പാളിയെ സംരക്ഷിക്കാനും ഗോളത്തിലെ വനങ്ങളുടെയും മണ്ണിന്റെയും ആവരണത്തെ കാത്തുസൂക്ഷിക്കാനും കഴിയുകയില്ല, അല്ലെങ്കിൽ തടാകങ്ങളുടെയും അരുവികളുടെയും അമ്ലീകരണത്തെ പിമ്പോട്ടടിക്കാൻ കഴികയില്ല. ഒരു തുടർച്ചയായ അന്താരാഷ്ട്രീയ ശ്രമത്തിനുമാത്രമേ അതു സാധിക്കൂ.”
ഈ ശ്രമം സാവധാനത്തിലാണു നീങ്ങുന്നത്. ആയുധപന്തയത്തിനു സഹസ്രലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ട്; നമ്മെ നിലനിർത്തുന്നതും അവഗണനയ്ക്കു നമ്മെ കൊല്ലാൻകഴിയുന്നതുമായ പരിസരത്തെ സംരക്ഷിക്കുന്നതിനു തുച്ഛമായി മാത്രമേ ചെലവിടുന്നുള്ളു. 1983 മുതൽ ഐക്യനാടുകൾ മാത്രം നക്ഷത്രയുദ്ധഗവേഷണത്തിനു 1,27,000 കോടി രൂപാ നീക്കിവെച്ചു, 1986 മുതൽ 1991 വരെ 42,900 കോടി രൂപാകൂടെ അതിനു വേണംതാനും—എന്നാൽ പരിസരത്തിന്റെ കാര്യത്തിൽ പിശുക്കു കാണിക്കുകയാണ്. മറ്റു വ്യവസായവൽകൃതരാഷ്ട്രങ്ങളും അങ്ങനെതന്നെ ചെയ്യുന്നു. ലോകത്തിന്റെ അവസ്ഥ 1987 പ്രതിസന്ധിയെ ഇങ്ങനെ ചുരുക്കിപ്പറയുന്നു: “നമുക്കു ഭൂമിയുമായി സമാധാനത്തിലാകാൻ കഴിയത്തക്കവണ്ണം അന്യോന്യം സമാധാനത്തിലാകാനുള്ള സമയമായി.”
ഈ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “നിലനിൽക്കുന്ന ഒരു ഭാവി ഒരേസമയത്ത് കാർബൺഡയോക്സൈഡ്വർദ്ധനവിനെ തടയേണ്ടതും ഓസോൺപാളിയെ സംരക്ഷിക്കേണ്ടതും വനങ്ങളെയും മണ്ണിനെയും പുനഃസ്ഥിതീകരിക്കേണ്ടതും ജനസംഖ്യാവളർച്ചയെ നിർത്തലാക്കേണ്ടതും ഇന്ധനകാര്യക്ഷമതയെ ഉത്തേജിപ്പിക്കേണ്ടതും പുതുക്കാവുന്ന ഊർജ്ജസ്രോതസ്സുകളെ വികസിപ്പിച്ചെടുക്കേണ്ടതും ആവശ്യമാക്കിത്തീർക്കുന്നു. സത്വരശ്രദ്ധ ആവശ്യമാക്കിത്തീർക്കുന്ന സങ്കീർണ്ണപ്രശ്നങ്ങളുടെ കൂട്ടത്തെ യാതൊരു തലമുറയും മുൻപ് അഭിമുഖീകരിച്ചിട്ടില്ല. മുൻ തലമുറകൾക്ക് ഭാവിയെക്കുറിച്ച് എപ്പോഴും ആശങ്കയുണ്ടായിരുന്നു, എന്നാൽ നമ്മുടെ മക്കൾ അവകാശപ്പെടുത്തുന്ന ഭൂമി നിവാസയോഗ്യമായിരിക്കുമോയെന്നു നിശ്ചയിക്കുന്ന തീരുമാനങ്ങളെ ആദ്യം അഭിമുഖീകരിക്കുന്നവർ നമ്മളാണ്.”
അടുത്ത ലേഖനങ്ങൾ വിഷരാസവസ്തുക്കൾനിമിത്തം സംജാതമാകുന്ന പ്രതിസന്ധിയെ പ്രകടമാക്കുന്നു. (g87 7/22)