ക്രിസ്മസ് കൊടുക്കൽ—സന്തോഷത്തിന്റെ സമയമോ, അതോ വിഷാദത്തിന്റെയോ?
സാൻറാ ക്ലോസിനെ സംബോധനചെയ്യുന്ന ചുവടെ ചേർക്കുന്ന കത്ത് തക്കസമയത്ത് ഉത്തരധ്രുവത്തിലേക്കയക്കുമെന്നുള്ള വാഗ്ദാനപ്രകാരം കൊച്ചുകുട്ടികളെഴുതി മാതാപിതാക്കളെയും അദ്ധ്യാപകരെയും ഏൽപ്പിക്കുന്ന അനേകം എഴുത്തുകളുടെ മാതൃകയാണ്:
“പ്രിയ സാൻറാ ക്ലോസ്:
“താങ്കൾക്ക് സുഖമാണോ? എനിക്കു സുഖംതന്നെ. താങ്കൾക്ക് നല്ല ഒരു ക്രിസ്മസ് ആശംസിക്കുന്നു. താങ്കൾക്ക് ധാരാളം നല്ല കളിപ്പാട്ടങ്ങൾ ഉണ്ടായിരിക്കുമെന്ന് ഞാൻ ആശിക്കുന്നു, എന്തുകൊണ്ടെന്നാൽ എനിക്ക് ധാരാളം നല്ല വസ്തുക്കൾ വേണം. ഒന്നാമതായി, എനിക്ക് ഒരു അനുജൻ വേണം. ഉത്തരധ്രുവത്തിൽ താങ്കൾക്ക് ശിശുക്കളില്ലെന്ന് ഡാഡി പറയുന്നു, അതുകൊണ്ട് താങ്കൾ എനിക്കുവേണ്ടി ഒരു പട്ടിക്കുഞ്ഞിനെ കൊണ്ടുവന്നാൽ മതി. എനിക്ക് ഒരു ചെറുതോക്കും ഒരു മെഷീൻഗണ്ണും ഒരു റ്റെൻ-സ്പീഡ് ബൈക്കും ഒരു റ്റേപ് റെക്കോർഡറും വേണം. ഇടക്കു പറഞ്ഞുകൊള്ളട്ടെ, സാൻറാ, അടുത്ത കൊല്ലം ഞാൻ സാൻറാ ക്ലോസിൽ വിശ്വസിക്കുകയില്ലാത്തതുകൊണ്ട് ഞാൻ താങ്കൾക്കെഴുതുന്ന അവസാനത്തെ എഴുത്തായിരിക്കും ഇത്. എന്നാൽ ഇക്കൊല്ലം ഞാൻ സാൻറാ ക്ലോസിൽ വിശ്വസിക്കുന്നു.”
നിങ്ങൾ ഈ എഴുത്തു തിരിച്ചറിയുന്നുണ്ടോ? അതിന് ഒരു പരിചിത മണിനാദമുണ്ടോ? ഒരുപക്ഷേ നിങ്ങൾ ഒരു കുട്ടിയായിരുന്നപ്പോൾ എഴുതിയ ഒന്നുപോലെ അത് ധ്വനിക്കുന്നുവോ? ആശാഭരിതരായ കുട്ടികൾ “സാൻറാ ക്ലോസ്” എന്ന് പ്രിയങ്കരനായി അറിയപ്പെടുന്ന ആ സാങ്കൽപ്പികസമ്മാനദാതാവിനെ സംബോധനചെയ്തയയ്ക്കുന്ന അത്തരം ദശലക്ഷക്കണക്കിന് എഴുത്തുകൾ അനേകം രാജ്യങ്ങളിൽ ഓരോ വർഷവും പോസ്റ്റാഫീസുകളിൽ കിട്ടാറുണ്ട്.
“ദയവായി” എന്ന പദം അധികം പേർ എഴുതാറില്ല, “നന്ദി” എന്ന് അത്രയും പോലും ഇല്ല. ചിലത് അത്യഗാധസ്നേഹവികാരങ്ങളെ മഥിക്കുന്നു, മറ്റു ചിലതിന് അത്യാഗ്രഹത്തിന്റെ ചുവയുണ്ട്. കുട്ടിക്ക് പ്രായംകുറയുന്നതനുസരിച്ച് അപേക്ഷയും കുറവാണ്. കുട്ടിക്ക് പ്രായം കൂടുന്നതനുസരിച്ച് അവനെ തൃപ്തിപ്പെടുത്താൻ കൂടുതൽ സമ്മാനങ്ങൾ വേണം, അങ്ങനെ അടുത്ത വർഷം വലിപ്പമേറിയ, ധാരാളിത്തംകാട്ടുന്ന കൂടുതൽ സമ്മാനങ്ങൾക്കായുള്ള പ്രതീക്ഷ ഉയരുന്നു.
ഒരു കുട്ടിയുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും ഉദ്ദേശിച്ചുള്ള കളിപ്പാട്ടങ്ങളുണ്ട്. പഠിപ്പിക്കുന്നതും സാമർത്ഥ്യത്തെ പരിശോധിക്കുന്നതും അക്രമത്തിലേക്കു ചിന്തകളെ നയിക്കുന്നതുമായ കളിപ്പാട്ടങ്ങളുണ്ട്. കഠിനരീതിയിലുള്ള കളിയിൽ കേടുവരാത്തതും ചുരുക്കം ചില ദിവസത്തെ ഉപയോഗശേഷം തകർന്നുപോകുന്നതുമായ കളിപ്പാട്ടങ്ങളുണ്ട്. ഭദ്രതയുള്ള കളിപ്പാട്ടങ്ങളും വിപണിയിൽനിന്ന് നീക്കംചെയ്യാൻ ഉദ്യോഗസ്ഥൻമാർ പോരാടുന്ന അപകടകരങ്ങളായ കളിപ്പാട്ടങ്ങളുമുണ്ട്. ഭൂതനിശ്വസ്ത രൂപകൽപ്പനയുള്ളതായി തോന്നുന്ന കളിപ്പാട്ടങ്ങളുണ്ട്—പേടിസ്വപ്നങ്ങൾക്കിടയാക്കാൻ കഴിയുന്ന അതിഭീകര വികൃതമുഖങ്ങളോടുകൂടിയ പന്തുകൾ. എന്നിരുന്നാലും മാതാപിതാക്കളുടെ എതിർപ്പുണ്ടായിട്ടും കഴിഞ്ഞകൊല്ലം ഏറ്റവും കൂടുതൽ വിൽപ്പനകിട്ടിയത് അവയ്ക്കായിരുന്നു. ക്രിസ്മസ്സിനു രണ്ടു മാസം മുമ്പേ കുട്ടികൾ ആ സംഭവത്തിനുവേണ്ടി പരുവപ്പെടുത്തപ്പെടുന്നു. സങ്കൽപ്പമനുസരിച്ച്, കൊടുക്കലിന്റെയും സ്വീകരിക്കലിന്റെയും സന്തോഷം അന്തരീക്ഷത്തിൽ കളിയാടുന്നു.
വിഷാദത്തിലേക്കുള്ള വീഴ്ച
എന്നാൽ കഷ്ടം, ചുരുക്കം ചില ദിവസംകൊണ്ട് ആനന്ദഹർഷമെല്ലാം പോയിമറയുന്നു. സമ്മാനങ്ങൾ അനേകമായിരുന്നാലും ചുരുക്കമായിരുന്നാലും കുട്ടി അവയിൽനിന്ന് സകല രസവും ആസ്വാദനവും പിഴിഞ്ഞെടുത്തിരിക്കുന്നു. യാഥാർത്ഥ്യം പ്രതീക്ഷകൾക്കൊപ്പമായിരുന്നില്ല. വിരസത കടന്നുകൂടി. ക്രിസ്മസിന്റെയും കിട്ടിയ സകല സമ്മാനങ്ങളുടെയും പുറംമോടി അവൻ പ്രതീക്ഷിച്ച സർവ്വരോഗസംഹാരി ആയിരുന്നില്ല. ശിശുമനഃശാസ്ത്രജ്ഞയായ ഡോ. നാൻസി ഹേയസ് പറയുന്നപ്രകാരം ക്രിസ്മസ്സ്കാലം “കുട്ടികളുടെ ഇടയിലെ ഏറ്റവും കൂടിയ വിഷാദത്തിന്റെയും ആത്മഹത്യയുടെയും ഒരു കാലഘട്ടമാണ്.” ക്രിസ്മസ്സ് “പ്രശ്നങ്ങൾക്ക് മാന്ത്രികപരിഹാരം” പ്രദാനംചെയ്യാത്തപ്പോൾ അനേകം കുട്ടികൾ വിഷാദമഗ്നരാകുന്നുവെന്ന് അവർ നിരീക്ഷിക്കുന്നു. സാൻറാ ക്ലോസ് ഒരു കെട്ടുകഥ മാത്രമാണെന്ന്, തങ്ങളുടെ മാതാപിതാക്കൻമാർ ഒരു വ്യാജം നിലനിർത്താൻ വലിയ ശ്രമം നടത്തിയെന്ന്, മനസ്സിലാക്കുമ്പോഴത്തെ അവരുടെ കൂടുതലായ തകർച്ചയും സങ്കൽപ്പിക്കുക.
അങ്ങനെ ക്രിസ്മസ്സ്കാലത്ത് സമ്മാനങ്ങൾക്കുവേണ്ടി അപേക്ഷിക്കാനും എഴുതിചോദിക്കാനും പ്രതീക്ഷിക്കാനും കുട്ടികളെ ശൈശവംമുതൽതന്നെയാണ് പഠിപ്പിക്കുന്നത്—അത് കുട്ടികളിൽ പരിമിതപ്പെട്ടിരിക്കുന്നുമില്ല. ചിലപ്പോൾ പ്രായമുള്ളവരുടെ ഇടയിലെ സൗഹൃദം കൈമാറപ്പെടുന്ന സമ്മാനങ്ങളുടെ മൂല്യത്താലാണ് അളക്കപ്പെടുന്നത്. ഒരുവൻ തനിക്ക് കിട്ടിയതിനെക്കാൾ വിലകൂടിയ ഒരു സമ്മാനം കൊടുത്തതുകൊണ്ട് മിക്കപ്പോഴും ബന്ധം തകർച്ചയുടെ ഘട്ടം വരെയെത്തുന്നു. ഒരുപക്ഷേ വർഷത്തിന്റെ മറ്റൊരു ഘട്ടത്തിലും “കരുതലാണ് ഗണ്യം” എന്ന മൊഴിക്ക് ഇത്ര അർത്ഥമില്ലാതെ പോകുന്നില്ല.
ക്രെഡിറ്റ്കാർഡുകൾ അവയുടെ ക്രയശേഷിയുടെ പരിധിയോടടുക്കുകയാണ്. ചെക്കുകൾ എഴുതി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് കൂടുതലായി പറ്റുന്നു. പറ്റുപടിക്കാരേക്കൊണ്ട് തിങ്ങിയ കടകളിലെ കടന്നാക്രമണങ്ങൾ ഞരമ്പുകളെ ഞെരിക്കുന്നു. വിറ്റഴിഞ്ഞ് പെട്ടെന്ന് അപ്രത്യക്ഷമാകുന്ന സാധനങ്ങൾക്കുവേണ്ടിയുള്ള പറ്റുപടിക്കാരുടെ അക്ഷരീയ പിടിയും വലിയും ഏത് ധീരഹൃദയനെയും പിൻതിരിപ്പിക്കും. വേദനിക്കുന്ന പാദങ്ങളും എന്തു വാങ്ങണമെന്നുള്ള പരിഭ്രമവും ഈ ശീതകാലത്തെ ചടങ്ങിനെ ഞരമ്പുവിക്ഷോഭമുളവാക്കുന്ന കഠിനയാതനയാക്കിത്തീർക്കുന്നു. ക്രിസ്മസ്സ് പറ്റുപടിക്കാർക്ക് അതു നഷ്ടം വരുത്തിക്കൂട്ടുകതന്നെ ചെയ്യുന്നു.
ഒരു വിൽപ്പനക്കാരൻ ഇങ്ങനെ പറഞ്ഞു: “ആർക്കെങ്കിലുംവേണ്ടി ഒരു സമ്മാനം വാങ്ങാൻ ആളുകൾ ഓടിനടക്കുന്നതു നിങ്ങൾ കാണുന്നു, അവർ യഥാർത്ഥത്തിൽ അതൃപ്തരാണ്. ആളുകൾ സന്തോഷത്തോടെ സമ്മാനംകൊടുക്കുന്നില്ല.” അപ്പോൾ ഒരു വൈദികൻ ക്രിസ്മസ്സിനെ “വിഷാദത്തിന്റെയും ഞരമ്പുരോഗത്തിന്റെയും വാർഷികസീസൺ” എന്നു വിളിച്ചത് ആശ്ചര്യമാണോ?
മിക്കപ്പോഴും സ്വാർത്ഥപ്രേരകഘടകങ്ങളോടെ ഒരു കടപ്പാടായിട്ടാണ് അനേകം സമ്മാനങ്ങൾ വാങ്ങുന്നതും കൊടുക്കുന്നതുമെന്ന വസ്തുത നൈരാശ്യത്തെ സങ്കീർണ്ണമാക്കുന്നു. ഒരു സാമൂഹ്യശാസ്ത്ര പ്രൊഫസ്സർ ഇങ്ങനെ പറഞ്ഞു: “ദാതാവിന് ഗുണഭോക്താവിന് ഇഷ്ടമുള്ളതെന്താണെന്ന് ഊഹിക്കാൻ ശ്രമിക്കുന്നതിന്റെ ഉൽക്കണ്ഠ മാത്രമല്ല, തന്റെതന്നെ ഒരു ഉചിതമായ പ്രതിഛായ കാട്ടുന്നതിന്റെ കൂടുതലായ ഉൽക്കണ്ഠയുമുണ്ട്.”
ഈ സീസണിലെ ഏറ്റവും തിരക്കുള്ള ദിവസം ഏതാണ്? മിക്കപ്പോഴും ക്രിസ്മസിന്റെ അടുത്ത ദിവസമാണ്. സമ്മാനംസ്വീകരിച്ചവർ അന്ന് തങ്ങളുടെ സമ്മാനം തിരികെ കൊടുക്കാൻ ചെല്ലുന്നതിനാൽ കടകളിൽ തിരക്കാണ്, പലതും പണവിലയ്ക്കുതന്നെ. എന്നിരുന്നാലും അവർക്ക് ഒരു ദാനമായി പണം കൊടുത്തിരുന്നെങ്കിൽ അവർ ഒരു പ്രാകൃതദാനം എന്ന നിലയിൽ തടസ്സം പറഞ്ഞേനെ. അങ്ങനെ തികഞ്ഞ മുഷിവും ശബ്ദപീഡിതമായ ഞരമ്പുകളും ക്ഷീണിതമായ അസ്ഥികളും അതൃപ്തരായ ജനക്കൂട്ടങ്ങളും അക്ഷരീയമായി നൂറുകണക്കിനുള്ള സാധനങ്ങളുടെ തെരഞ്ഞെടുക്കലും പാക്കിംഗും പൊതിയലും ബോ കെട്ടും എല്ലാം മിക്കപ്പോഴും വ്യർത്ഥംതന്നെ. ഒട്ടനവധി സമ്മാനങ്ങളും വളരെ കുറച്ചു വിലമതിപ്പോടെയാണ് സ്വീകരിക്കപ്പെടുന്നത്!
അനേകരെസംബന്ധിച്ചും ക്രിസ്മസ് ‘സന്തോഷിക്കുന്നതിനുള്ള സമയമല്ല.’
കൊടുക്കലിന് സീസൺ ആവശ്യമില്ല
എന്നാൽ കുടുംബങ്ങൾ ഒരുമിച്ചുകൂടി ഓരോരുത്തരുടെയും സഖിത്വവും സ്നേഹവും ആസ്വദിക്കുമ്പോൾ അതെത്ര സന്തോഷമായിരിക്കും! സമ്മാനങ്ങൾ കൊണ്ടുവരുന്നതും ഹൃദയംഗമമായ സ്നേഹത്തിന്റെ ഒരു ബാഹ്യപ്രകടനമായിരിക്കാൻ കഴിയും. “കൊടുക്കൽ ശീലിക്കാൻ” യേശുതന്നെ ക്രിസ്ത്യാനികളെ പ്രോൽസാഹിപ്പിച്ചു. .“സ്വീകരിക്കുന്നതിലുള്ളതിനേക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്” എന്ന യേശുവിന്റെ വാക്കുകൾ ഏത് ക്രിസ്ത്യാനി അല്ലെങ്കിൽ അക്രൈസ്തവനാണ് മിക്കപ്പോഴും ഉദ്ധരിക്കാത്തത്? (ലൂക്കോസ് 6:38; പ്രവൃത്തികൾ 20:35) തീർച്ചയായും കൊടുക്കലിന് സീസൺ ആവശ്യമില്ല. എന്നാൽ ക്രിസ്മസ്സ് കൊടുക്കൽ ചോദ്യംചെയ്യത്തക്കതായിരിക്കുന്നതിന് മറ്റൊരു കാരണമുണ്ട്.
ക്രിസ്മസ്സിനെ സംബന്ധിച്ച യഥാർത്ഥപ്രശ്നം അത് വ്യാജത്തിലധിഷ്ഠിതമാണെന്നുള്ളതാണ്. സീസൺ യേശുവിന്റെ ജൻമദിനത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് നാട്യം. എന്നാൽ ബൈബിൾ അവന്റെ ജൻമദിനം പറയുന്നില്ലാത്തതിനാൽ ഇതെങ്ങനെ സത്യമായിരിക്കാൻ കഴിയും? യഥാർത്ഥത്തിൽ സൂര്യാരാധനയുടെ ഒരു ചടങ്ങായ സൂര്യ “ജനന”വുമായി ഒത്തുവരത്തക്കവണ്ണം ക്രിസ്മസ്സിന്റെ സമയം നിശ്ചയിച്ചിരിക്കുകയാണ്.
ക്രിസ്മസ്സിന്റെ കഥ എന്ന തന്റെ പുസ്തകത്തിൽ മീഖായേൽ ഹാരിസൺ എഴുതുന്നു: “നിരവധി പണ്ഡിതൻമാരുടെ ശ്രമങ്ങളുണ്ടായിരുന്നിട്ടും ഏതു ദിവസം ക്രിസ്തു ജനിച്ചുവെന്ന് . . . ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ആദ്യംതന്നെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.” അവന്റെ മരണദിവസംമാത്രമേ ബൈബിൾ വ്യക്തമാക്കുന്നുള്ളു. തന്റെ അനുഗാമികളായ സത്യക്രിസ്ത്യാനികളോട് ഈ തീയതി മാത്രമേ ആഘോഷിക്കാൻ യേശു കൽപ്പിച്ചിട്ടുള്ളു. ആ സ്ഥിതിക്ക് ദ ന്യൂ ഷാഫ്-ഹെർസോഗ് എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയസ് നോളജ ഈ ആശയം വ്യക്തമാക്കുന്നത് ആശ്ചര്യമാണോ: “നമ്മുടെ കർത്താവിന്റെ ജൻമദിവസം അപ്പോസ്തലിക കാലത്തോ ആദിമ അപ്പോസ്തലാനന്തരകാലങ്ങളിലോ ആഘോഷിക്കപ്പെട്ടിരുന്നുവെന്നതിന് ചരിത്രപരമായ തെളിവില്ല.”
ഇനി ഈ ചോദ്യങ്ങൾ വസ്തുനിഷ്ഠമായി പരിചിന്തിക്കുക: തന്നെ ആദരിക്കാനെന്ന് അവകാശപ്പെടുന്നതെങ്കിലും വിഗ്രഹാരാധനാപരമായ ചടങ്ങുകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുന്ന ഒരു ആഘോഷത്തെ ക്രിസ്തു അംഗീകരിക്കുമോ? വർഷത്തിലെ മറ്റേതൊരു സമയത്തേക്കാളും കൂടുതൽ കൊല നടക്കുന്നതും ക്രിസ്തീയേതര മദ്യക്കൂത്തുകളും ഭോഗാസക്ത ജീവിതവും അംഗീകൃതജീവിതരീതിയായിരിക്കുന്നതുമായ ഈ സാഹ്ലാദവിശേഷദിവസത്തെ അവൻ അനുവദിക്കുമോ? വിഷാദത്തിനും ഞരമ്പുരോഗത്തിനും ആത്മഹത്യക്കും കീർത്തിപ്പെട്ട ഒരു കാലത്തെ അവൻ അനുവദിക്കുമോ? സത്യ ക്രിസ്ത്യാനികൾക്ക് ഉത്തരം തെളിവായിരിക്കണം.
സന്തോഷപൂർവം മറ്റുള്ളവർക്കു കൊടുക്കുന്നതിന് വർഷത്തിൽ ഒരു പ്രത്യേകസമയം വേർതിരിക്കുന്നതിനു പകരം ദാതാവിനും ഗുണഭോക്താവിനും സന്തോഷം കൈവരുത്തുന്ന കൊടുക്കൽ ഏതു കാലത്തും ഉചിതമാണെന്ന് ഉദാരമതി കണ്ടെത്തും. നമ്മുടെ സമയത്തിന്റെയും നമ്മുടെ ഊർജ്ജത്തിന്റെയും നമ്മുടെ സഹതാപത്തിന്റെയും ദാനങ്ങൾ; ദയയുടെയും ചിന്താപൂർവകമായ വാക്കുകളുടെയും ദാനങ്ങൾ; തീർച്ചയായും ആവശ്യമായ ഭൗതികവസ്തുക്കളുടെയും ദാനങ്ങൾ—അങ്ങനെയുള്ള കൊടുക്കലുകളെല്ലാം ദാതാവിനും ഗുണഭോക്താവിനും പ്രമോദവും സന്തോഷവും കൈവരുത്തുന്നു. (g87 11/22)