പരസ്യംചെയ്യൽ ക്രിസ്ത്യാനിത്വത്തിന്റെ ശക്തമായ ആയുധം
യേശുക്രിസ്തുവിന്റെ മരണത്തെ തുടർന്ന് ആദിമ ക്രിസ്ത്യാനികൾ ചിതറിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. ക്രിസ്ത്യാനിത്വത്തിന്റെ ചരിത്രം എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസ്സർ കെ. എസ്. ലാററൂറററ് വിശദീകരിക്കുന്നു: “ക്രിസ്ത്യാനികൾ പുറജാതീയ ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതുകൊണ്ട് അവർ നിരീശ്വരൻമാരെന്ന് മുദ്രയടിക്കപ്പെട്ടു. ക്രിസ്ത്യാനികളെ സംബന്ധിച്ചടത്തോളം പുറജാതീയ വിശ്വാസങ്ങളും ആചാരങ്ങളും ദുർമ്മാർഗ്ഗങ്ങളും നിറഞ്ഞ പൊതു വിനോദങ്ങളായിരുന്ന പുറജാതിയുത്സവങ്ങളിൽനിന്നുള്ള . . . അവരുടെ വിട്ടുനിൽപ്പ് നിമിത്തം അവർ മനുഷ്യവർഗ്ഗവിദ്വേഷികളെന്ന് അപഹസിക്കപ്പെട്ടു.”
അങ്ങനെയുള്ള എതിർപ്പിൻമദ്ധ്യേ ക്രിസ്ത്യാനിത്വം അതിജീവിച്ച് അന്നറിയപ്പെട്ടിരുന്ന ലോകത്തിലെല്ലാം വികസിച്ചത് അസാധാരണംതന്നെയാണ്. അതെങ്ങനെ സാദ്ധ്യമായി? ഭാഗികമായി അതിന്റെ രഹസ്യം പ്രസംഗത്തിൽ അഥവാ പരസ്യത്തിൽ സ്ഥിതിചെയ്തിരുന്നു!
പ്രേരണാശക്തിയുണ്ടായിരുന്ന ഒരു പ്രസംഗകനും ഉപദേഷ്ടാവുമെന്ന നിലയിലുള്ള യേശുവിന്റെ വേലയെ വർണ്ണിച്ചുകൊണ്ട് പ്രൊഫസ്സർ സി. ജെ. കാഡോ ആദിമ സഭയും ലോകവും എന്ന പുസ്തകത്തിൽ എഴുതുന്നു: “പ്രേരിപ്പിക്കൽവേല വാക്കുകളാലും പ്രവൃത്തികളാലും നിർവ്വഹിക്കപ്പെടണമായിരുന്നു. അതുകൊണ്ട് അവന്റെ ജീവിതത്തിലും പഠിപ്പിക്കലിലും വളരെയേറെ പ്രസിദ്ധി ഉണ്ടായിരിക്കേണ്ടതുതന്നെയായിരുന്നു. . . . അവന്റെയും അതുപോലെതന്നെ അവന്റെ ശിഷ്യൻമാരുടെയും ആദിമപഠിപ്പിക്കലിൽ ഒരു നല്ല പങ്ക് പരസ്യമായിട്ടാണ് നിർവഹിക്കപ്പെട്ടത്.” യേശുവിന്റെ മരണശേഷമുള്ള അവന്റെ ശിഷ്യൻമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കാഡോ തുടരുന്നു: “പരസ്യം സ്വാഗതംചെയ്യപ്പെടുന്നു. സാക്ഷികൾ തുറന്ന സ്വാതന്ത്ര്യത്തോടെ തങ്ങളുടെ സാക്ഷ്യം അവതരിപ്പിക്കുന്നു.”
നാം ഏതു തരം ആളുകളെക്കുറിച്ചാണ് സംസാരിക്കുന്നത്? ക്രിസ്ത്യാനിത്വത്തിന്റെ ആദിമ വർഷങ്ങളിൽ എഡ്മണ്ട് ഡി പ്രസൻസ് വിശദീകരിക്കുന്നു: “പഠിപ്പിക്കൽ . . . ഹൃദയത്തിൽനിന്ന് ഉത്ഭൂതമാകുന്ന പഠനരഹിതമായ പ്രസംഗമായിരുന്നു. പ്രസംഗകർ അപ്പോസ്തലൻമാർ മാത്രമായിരുന്നില്ല; ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് മററുള്ളവരും അവരെപ്പോലെ സ്വതന്ത്രമായി സംസാരിച്ചു.” ക്രിസ്ത്യാനികൾ അവരുടെ സ്വന്തം പബ്ലിസിററി ഏജൻറൻമാരായിരുന്നു, എല്ലാവരും തങ്ങളുടെ പരസ്യ പ്രസംഗ പഠിപ്പിക്കൽ വേലയിൽ തങ്ങളുടെ വിശ്വാസം മററുള്ളവർക്കു പങ്കുവെക്കുന്നതിന് ആകാംക്ഷയുള്ളവരായിരുന്നു.
എഡ്വേഡ് ഗിബൻ റോമൻസാമ്രാജ്യത്തിന്റെ അധ:പതനവും വീഴ്ചയും എന്ന പുസ്തകത്തിൽ “[റോമൻ] സൈന്യങ്ങൾക്ക് ഉപയോഗിക്കാൻ നിർമ്മിക്കപ്പെട്ടിരുന്ന പൊതു പെരുവഴികൾ ക്രിസ്തീയ മിഷനറിമാർക്ക് ഡമാസ്കസിൽനിന്നു കോരിന്തിലേക്കും ഇററലിയിൽനിന്ന് സ്പെയിനിന്റെയോ ബ്രിട്ടന്റെയോ അറുതിവരെയും അനായാസ സഞ്ചാരപഥം തുറന്നുകൊടുത്തു”വെന്ന് ചൂണ്ടിക്കാണിക്കുന്നു. ഗിബ്ബൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഡയോക്ലീഷ്യന്റെയും കോൺസ്ററൻറൈറനിന്റെയും വാഴ്ചകൾക്കുമുമ്പ് എല്ലാ പ്രോവിൻസുകളിലും സാമ്രാജ്യത്തിലെ എല്ലാ വലിയ നഗരങ്ങളിലും ക്രിസ്തുവിലുള്ള വിശ്വാസം പ്രസംഗിക്കപ്പെട്ടിരുന്നുവെന്ന് വിശ്വസിക്കുന്നതിന് അതിശക്തമായ കാരണമുണ്ട്.”
ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുന്നതിന് ലഭ്യമായ സകല മാർഗ്ഗങ്ങളും വിനിയോഗിച്ചു. ക്രിസ്ത്യാനിത്വം അച്ചടി തുടങ്ങുന്നു എന്ന തന്റെ പുസ്തകത്തിൽ വിവർത്തകനായ എഡ്ഗാർ ഗുഡ്സ്പീഡ് വെളിപ്പെടുത്തുന്ന പ്രകാരം: “അവർ ഒരു അസാധാരണ അളവോളം പുസ്തകം വാങ്ങുന്നതും വായിക്കുന്നതുമായ ഒരു ജനമായിരുന്നു. . . .അവർ വിവർത്തനംചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു ജനവുമായിരുന്നു. . . . [ക്രി.വ. 140-ൽ] ക്രിസ്തീയ പ്രസാധകർ താളുകളുള്ള പുസ്തകരൂപത്തെ, കോഡക്സിനെ, ആശ്രയിച്ചു . . . അത് വളരെ പ്രായോഗികവും സൗകര്യപ്രദവുമെന്നു കണ്ടതിനാൽ അത് അവരുടെ പുസ്തകരൂപമായിത്തീർന്നു.”
ഇരുപതാംനൂററണ്ടിലെ പരസ്യംചെയ്യൽ
ഇന്ന് യഹോവയുടെ സാക്ഷികൾ അവരുടെ ഒന്നാം നൂററാണ്ടിലെ മറുഘടകങ്ങളെപ്പോലെ ലോകത്തിലെങ്ങും ക്രിസ്തീയവിശ്വാസത്തെ പ്രസിദ്ധമാക്കുന്നതിൽ തീക്ഷ്ണതയുള്ളവരും പ്രവർത്തനനിരതരുമാണ്—ആധുനികസാങ്കേതികശാസ്ത്രത്തെ ഉപയോഗിക്കുന്നതിലും അങ്ങനെതന്നെ. ചുവടെ ചേർക്കുന്നു 20-ാംനൂററാണ്ടിലെ സവിശേഷതകൾ പരിചിന്തിക്കുക:
● 1914. “സൃഷ്ടിയുടെ ഛായാചിത്രം.” ഈ നാടകത്തിൽ സംസാരത്തിന്റെയും സംഗീതത്തിന്റെയും ഫോണോഗ്രാഫ് റെക്കോഡുകളോടു പൊരുത്തപ്പെടുന്ന ചിത്രസൈഡ്ളുകളും ചലച്ചിത്രങ്ങളും ഉൾക്കൊണ്ടിരുന്നു. ഈ പദ്ധതി ശബ്ദചലച്ചിത്രങ്ങളുടെ മണ്ഡലത്തിലെ മുന്നോടികളിലൊന്നായിരുന്നു.
● 1920. “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല.” രണ്ടു വർഷത്തെ ഒരു കാലഘട്ടംകൊണ്ട് പരസ്യപ്പലകകളും വർത്തമാനപ്പത്രങ്ങളും ഒപ്പം ലോകവ്യാപകമായ വിപുല വ്യക്തിഗത പരസ്യപ്രസ്ഥാനവും ഈ പ്രസിദ്ധമായ പ്രസംഗത്തെയും തുടർന്നുവന്ന ചെറുപുസ്തകത്തെയും വിളംബരംചെയ്തു.
● 1922. “രാജാവിനെയും രാജ്യത്തെയും പരസ്യംചെയ്യുക.” ഇതായിരുന്നു ഒഹായോ സീഡാർപോയിൻറ് കൺവെൻഷനിലെ വെല്ലുവിളിപരമായ വിഷയം. “രാജാവിനെയും അവന്റെ രാജ്യത്തെയും പരസ്യംചെയ്യുക, പരസ്യംചെയ്യുക, പരസ്യംചെയ്യുക” എന്ന ഉദ്ബോധനം ആ സമയം മുതൽ വ്യക്തിപരമായ പബ്ലിസിററി ഏജൻറൻമാരെന്ന നിലയിലുള്ള യഹോവയുടെ സാക്ഷികളുടെ ഗതിവേഗം നിശ്ചയിച്ചു.
● 1924. WBBR, വാച്ച്ററവർ സൊസൈററയുടെ റേഡിയോ സ്റേറഷൻ. മുൻകാലത്തെ റേഡിയോ പ്രക്ഷേപണം പ്രയോജനപ്പെടുത്തുന്നതിന് നിർമ്മിക്കപ്പെട്ടു. അത്യുച്ചവർഷമായ 1933-ൽ ബൈബിൾസന്ദേശം ആറു ഭൂഖണ്ഡങ്ങളിലും പരസ്യംചെയ്യുന്നതിന് യഹോവയുടെ സാക്ഷികൾ 408 സ്റേറഷനുകളുടെ ഒരു ശ്രേണി ഉപയോഗിച്ചുകൊണ്ടിരുന്നു.
● 1934. കൊണ്ടുനടക്കാവുന്ന ഫോണോഗ്രാഫുകളും 78-rpm റക്കോർഡുകളും. യഹോവയുടെ സാക്ഷികൾ അന്ന് പുതുതായിരുന്ന ഈ ആശയവിനിമയ മാർഗ്ഗം പത്തുവർഷക്കാലം ഉപയോഗിച്ചു. ആവശ്യം നിറവേററുന്നതിന് 20,000 ഫോണോഗ്രാഫുകളാണ് നിർമ്മിച്ചത്.
ഒരു ശക്തമായ അന്തിമസാക്ഷ്യം!
രണ്ടാം ലോകമഹായുദ്ധം 1945-ൽ അവസാനിച്ചതോടെ മുമ്പുണ്ടായിട്ടില്ലാത്ത അളവിലുള്ള പ്രസംഗത്തിന്റെ മണ്ഡലത്തിലേക്കു പ്രവേശിക്കാൻ യഹോവയുടെ സാക്ഷികൾ സജ്ജരായിരുന്നു. തന്റെ അനുഗാമികൾ വിശ്വാസത്താൽ താൻ നിർവഹിച്ചതിലും “വലിപ്പമേറിയ വേലകൾ” ചെയ്യുമെന്ന് യേശു പറഞ്ഞു. ഇത് അവരുടെ പ്രസംഗത്തിന്റെ വ്യാപ്തിയിലായിരിക്കും. ഈ പ്രവചനം എത്ര സത്യമെന്നു തെളിഞ്ഞിരിക്കുന്നു!—യോഹന്നാൻ 14:12.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയേഴാമാണ്ടിൽ 210 രാജ്യങ്ങളിൽ ഏതാണ്ട് മുപ്പത്തിനാലു ലക്ഷം സാക്ഷികൾ പ്രസംഗത്തിനും പഠിപ്പിക്കലിനുമായി 70 കോടിയിൽപരം മണിക്കൂർ ചെലവഴിച്ചു. “നിങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്തു ജീവിച്ചാലും യഹോവയുടെ സാക്ഷികളെ കാണാതിരിക്കുക പ്രയാസമാണ്” എന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് വൈദികനായ ജാക്ക് റൗണ്ട്ഹിൽ പ്രസ്താവിക്കുന്നു, ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “അവർ ചന്തസ്ഥലങ്ങളിലും പൊതു പ്രസംഗപീഠങ്ങളിൽനിന്നും ഒരു സദസ്സിനെ കണ്ടെത്താൻകഴിയുന്ന എവിടെയും തങ്ങളുടെ സാക്ഷ്യം നിർവഹിക്കുന്നു. എന്നാൽ തങ്ങളെ അകത്തു പ്രവേശിപ്പിക്കുന്ന ആരുടെയും വീട്ടിൽത്തന്നെ സന്ദേശമെത്തിക്കുകയെന്നതാണ് അവരുടെ സ്വഭാവരീതി. മിക്കപ്പോഴും അവർ വാതിൽപടിക്കപ്പുറം പോകുന്നില്ല, അപ്പോൾ അവർ വാതിൽപടി അവരുടെ പ്രസംഗപീഠമാക്കും.”
വാമൊഴിയായ പരസ്യംചെയ്യൽ വളരെ ആദായകരമാണ്, ഒരു വർഷംകൊണ്ട് 2,30,000-ത്തിൽപരം പുതിയ സാക്ഷികളാണ് സ്നാനമേററത്. യേശുക്രിസ്തുവിന്റെ മരണത്തിന്റെ വാർഷികസ്മാരകാഘോഷത്തിന് അവർ ഒൻപതുദശലക്ഷത്തോളം ആളുകളെ തങ്ങളുടെ രാജ്യഹാളുകളിലേക്കാകർഷിച്ചു.
ലോകത്തെമ്പാടുമുള്ള അവരുടെ അച്ചടിശാലകളിൽനിന്ന് 200 ഭാഷകളിൽ ദശലക്ഷക്കണക്കിന് പുസ്തകങ്ങളും ചെറുപുസ്തകങ്ങളും ലഘുലേഖകളും നിരന്തരം വർദ്ധമാനമായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. വീക്ഷാഗോപുരവും ഉണരുക!യും ഇന്ന് ലോകത്തിൽ ഏററവും പ്രചാരമുള്ള മതമാസികകളാണ്, മൊത്തം പ്രതിമാസം 4 കോടി 60 ലക്ഷം പ്രതികളാണ് പ്രചരിക്കുന്നത്. എന്നാൽ അവയിൽ ഒരിക്കലും വ്യാപാരപരസ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. സാക്ഷികളുടെ കട്ടിബയണ്ടിട്ട പുസ്തകങ്ങളിലൊന്നായ നിത്യജീവനിലേക്കു നയിക്കുന്ന സത്യത്തിന് 116 ഭാഷകളിൽ 10 കോടി 60 ലക്ഷം പ്രതികളുടെ പ്രചാരമാണുള്ളത്! അവരുടെ മററു ബൈബിളധിഷ്ഠിത പുസ്തകങ്ങളിലോരോന്നിനും കോടിക്കണക്കിനു പ്രതികൾ പ്രചാരമുണ്ട്.
അതെ, യഹോവയുടെ സാക്ഷികൾ രാജാവിനെയും പെട്ടെന്നുതന്നെ മനുഷ്യകാര്യങ്ങളേറെറടുക്കാനിരിക്കുന്ന നീതിനിഷ്ഠഗവൺമെൻറാകുന്ന അവന്റെ രാജ്യത്തെയും പ്രസിദ്ധപ്പെടുത്തുന്നതിന് സുസജ്ജരാണ്. അങ്ങനെയുള്ള പ്രേരകഘടകമുള്ളതുകൊണ്ട് അവരുടെ ഉത്സാഹപൂർവകമായ പരസ്യംചെയ്യൽ തീർച്ചയായും ശക്തമായ ഒരു ക്രിസ്തീയ ആയുധമാണ്! (g88 2/8)
[9-ാം പേജിലെ ചിത്രങ്ങൾ]
പ്രസംഗത്തിന് ഫോണോഗ്രാഫുകൾ ഉപയോഗിക്കപ്പെട്ടു
ഛായാനാടകം അതിന്റെ നാളിൽ വലിയ സദസ്സുകളെ ആകർഷിച്ചു
[10-ാം പേജിലെ ചിത്രങ്ങൾ]
സാക്ഷികൾ ഇപ്പോൾ 200-ലധികം രാജ്യങ്ങളിൽ പ്രസംഗിക്കുന്നു
ഏതാണ്ട് 54,000 സഭകളിൽ സാക്ഷികൾ ദൈവരാജ്യത്തെ പരസ്യപ്പെടുത്തുന്നു
ലോകവ്യാപകമായി 200 ഭാഷകളിൽ ശതകോടിക്കണക്കിന് ബൈബിൾപ്രസിദ്ധീകരണങ്ങൾ ഇതുപോലെയുള്ള പ്രസ്സുകളിൽനിന്ന് പുറത്തുവരുന്നു