രാജ്യത്തെ പ്രസിദ്ധമാക്കിയ നൂറു വർഷങ്ങൾ!
1. ഒരു നൂറ്റാണ്ടു മുമ്പ് യഹോവയുടെ ജനത്തിന് എന്തു പ്രോത്സാഹനം ലഭിച്ചു?
1 “ഇതാ രാജാവ് വാഴുന്നു! നിങ്ങൾ അവന്റെ പരസ്യപ്രചാരകരാണ്. അതുകൊണ്ട്, രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ.” രാജ്യസുവാർത്ത ലോകവ്യാപകമായി ഘോഷിക്കാൻ ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് ഈ ആവേശജനകമായ വാക്കുകൾ ഉപയോഗിച്ച് റഥർഫോർഡ് സഹോദരൻ യഹോവയുടെ ജനത്തെ പ്രോത്സാഹിപ്പിച്ചു. നമ്മൾ അതുതന്നെയാണ് ചെയ്തിട്ടുള്ളതും. ആദിമ ക്രിസ്ത്യാനികളെപ്പോലെ “ആകാശത്തിൻകീഴിലുള്ള സകല സൃഷ്ടികൾക്കുമിടയിൽ” നാം രാജ്യസുവാർത്ത പ്രസംഗിച്ചിരിക്കുന്നു. (കൊലോ. 1:23) കഴിഞ്ഞ നൂറ്റാണ്ടിലേക്കു തിരിഞ്ഞുനോക്കവെ, ദൈവരാജ്യം പ്രസിദ്ധമാക്കുന്നതിന് നാം എന്താണ് ചെയ്തിട്ടുള്ളത്? ദൈവരാജ്യം ജനിച്ചിട്ട് ഇപ്പോൾ 100 വർഷം തികയാൻപോകുകയാണ്. ഈ രാജ്യം പ്രസിദ്ധമാക്കുന്നതിൽ തുടരാൻ നമുക്ക് എന്തു ചെയ്യാനാകും?
2. നമ്മുടെ സാഹിത്യം ദൈവരാജ്യത്തിന് ഊന്നൽ നൽകിയിരിക്കുന്നത് എങ്ങനെ?
2 പിന്തിരിഞ്ഞു നോക്കുമ്പോൾ: പതിറ്റാണ്ടുകളായി നമ്മുടെ സാഹിത്യം ദൈവരാജ്യത്തിന് ഊന്നൽ നൽകിയിരിക്കുന്നു. 1939 മുതൽ നമ്മുടെ മുഖ്യമാസികയുടെ തലക്കെട്ട്, വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്നതാണ്. ഈ മാസിക ദൈവരാജ്യത്തെക്കുറിച്ചും അത് എന്തു ചെയ്യുമെന്നും കൂടെക്കൂടെ ചർച്ച ചെയ്യുന്നു. ഉണരുക! മാസികയും മനുഷ്യവർഗത്തിന്റെ ഒരേയൊരു പ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തെ വിശേഷവത്കരിക്കുന്നു. ലോകത്തിൽ ഇപ്പോൾ ഏറ്റവുമധികം വിവർത്തനവും വിതരണവും ചെയ്യപ്പെടുന്നത് ഈ രണ്ടു മാസികകളാണ് എന്നതിൽ അതിശയിക്കാനില്ല!—വെളി. 14:6.
3. രാജ്യം പ്രസിദ്ധമാക്കാൻ നമ്മൾ ഉപയോഗിച്ചിട്ടുള്ള ചില രീതികൾ ഏവയാണ്?
3 രാജ്യത്തെ പ്രസിദ്ധമാക്കാൻ യഹോവയുടെ ജനം വിവിധ രീതികൾ ഉപയോഗിച്ചിരിക്കുന്നു. ആദ്യകാലങ്ങളിൽ ഉച്ചഭാഷിണി ഘടിപ്പിച്ച കാറുകൾ, റേഡിയോപ്രക്ഷേപണം, ഗ്രാമഫോൺ എന്നിവ നമ്മൾ ഉപയോഗിച്ചിട്ടുണ്ട്. രാജ്യഘോഷകർ കുറവായിരുന്ന അക്കാലത്ത് അനേകരുടെ പക്കൽ സുവാർത്ത എത്തിക്കാൻ അത്തരം രീതികൾ നമ്മെ സഹായിച്ചു. (സങ്കീ. 19:4) ഈ അടുത്ത കാലത്ത് jw.org -ൽ നമ്മൾ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. നമ്മുടെ വേലയ്ക്കു നിരോധനമുള്ള ദേശങ്ങളിലെ ആളുകൾ ഉൾപ്പെടെ ദശലക്ഷങ്ങളുടെ പക്കൽ രാജ്യസന്ദേശം എത്താൻ അത് ഇടയാക്കിയിരിക്കുന്നു.
4. ഏതു പ്രത്യേകരീതികളാണ് നമ്മൾ സ്വീകരിച്ചിരിക്കുന്നത്?
4 യഹോവയുടെ ജനം രാജ്യസന്ദേശം പ്രചരിപ്പിക്കാൻ ചില പ്രത്യേക രീതികൾ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 90-കളുടെ മധ്യത്തിൽ പാർക്കുകൾ, പാർക്കിങ് സ്ഥലങ്ങൾ, ബിസിനെസ്സ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാക്ഷീകരിച്ചുകൊണ്ട് വീടുതോറുമുള്ള വേല വികസിപ്പിക്കാൻ നാം ശ്രമം നടത്തി. ഈയിടെ ചില രാജ്യങ്ങളിലെ വൻനഗരങ്ങളിൽ പ്രത്യേക പരസ്യസാക്ഷീകരണപരിപാടി സംഘടിപ്പിച്ചിരിക്കുന്നു. കൂടാതെ തിരക്കുകൂടിയ പ്രദേശങ്ങളിൽ സാഹിത്യം പ്രദർശിപ്പിക്കുന്ന കൈവണ്ടി, മേശ എന്നിവ ഉപയോഗിച്ച് പല സഭകളും തങ്ങളുടെ പ്രദേശത്തു പരസ്യസാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നു. എങ്കിലും വീടുതോറുമുള്ള പ്രവർത്തനംതന്നെയായിരിക്കും തുടർന്നും നമ്മുടെ രാജ്യപ്രസംഗത്തിന്റെ മുഖ്യരീതി.—പ്രവൃ. 20:20.
5. നമ്മിൽ പലർക്കും എന്തൊക്കെ അവസരങ്ങളാണ് പുതിയ സേവനവർഷം പ്രദാനം ചെയ്യുന്നത്?
5 ഭാവിയിലേക്കു നോക്കുമ്പോൾ: സെപ്റ്റംബറിൽ പുതിയ സേവനവർഷം ആരംഭിക്കുമ്പോൾ അനേകർ സാധാരണ പയനിയർ സേവനം തുടങ്ങും. നിങ്ങൾക്ക് അവരോടൊപ്പം ചേരാനാകുമോ? ഇല്ലെങ്കിൽ വല്ലപ്പോഴുമെങ്കിലും സഹായപയനിയറിങ് ചെയ്യാനാകുമോ? പയനിയറിങ് ചെയ്യാൻ സാധിച്ചാലും ഇല്ലെങ്കിലും രാജ്യത്തെ പ്രസിദ്ധമാക്കുന്നതിൽ പൂർണപങ്കുണ്ടായിരിക്കാൻ ചെയ്യുന്ന ഏതു ത്യാഗങ്ങളെയുംപ്രതി യഹോവ തീർച്ചയായും നിങ്ങളെ അനുഗ്രഹിക്കും.—മലാ. 3:10.
6. എന്തുകൊണ്ടാണ് 2014 ഒക്ടോബർ മാസം വിശേഷപ്പെട്ടതായിരിക്കുന്നത്?
6 രാജ്യം പിറന്നിട്ട് 2014 ഒക്ടോബർ മാസത്തിൽ 100 വർഷം തികയും. ഭാവിയിലേക്കു നോക്കവെ, ശ്രദ്ധിക്കുന്ന ഏവരോടും “ദൈവരാജ്യ സുവിശേഷം അറിയി”ക്കുന്നതിൽ തുടരാൻ നമുക്കോരോരുത്തർക്കും ലക്ഷ്യം വെക്കാം.—പ്രവൃ. 8:12.