ഭവനരഹിതർ ഒരു ലോകപ്രശ്നം
ഭവനദൗർലഭ്യത്തിന്റെയും ഭവനരാഹിത്യത്തിന്റെയും പ്രശ്നത്തിന് ദേശീയാതിർത്തികളില്ല. അത് യാതൊരു പ്രകാരത്തിലും ദരിദ്ര വികസ്വര രാഷ്ട്രങ്ങളിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. വികസിതലോകത്തിലെ വലിയ തലസ്ഥാനനഗരികൾക്കും പ്രധാനനഗരങ്ങൾക്കും ഒട്ടൊഴിയാതെ ഭവനരഹിതർക്കുവേണ്ടിയുള്ള ചാളകളും ചേരികളുമുണ്ട്. വെട്ടിത്തിളങ്ങുന്ന അംബരചുംബികളോടും ആധുനിക വൻമേടകളോടുമൊപ്പം അധഃസ്ഥിതർ പാർക്കുന്ന ഭാഗങ്ങളും അധഃപതിച്ചുകൊണ്ടിരിക്കുന്ന ഉൾനഗരഭാഗങ്ങളുമുണ്ട്. അത്തരം സ്ഥലങ്ങളിലെ ജീവിതം എങ്ങനെയായിരിക്കും?
ചിക്കാഗോയിലെ ഭവനരഹിതർ “അങ്ങേയററത്തെ ദാരിദ്ര്യവും ഒററപ്പെടലും വലിയ നിരക്കിലുള്ള അവയവപ്രവർത്തനവൈകല്യവുമുള്ളവരാണ്. ഓരോ അഞ്ചുപേരിലും നാലും ജയിലുകളിലും മാനസികരോഗാശുപത്രികളിലും അടയ്ക്കപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ മയക്കുമരുന്നുവിഷം നീക്കുന്നതിന് ചികിൽസിക്കപ്പെട്ടിട്ടുണ്ട്” എന്ന് അവിടെ നടത്തിയ ഒരു പഠനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് സയൻസ് മാസിക റിപ്പോർട്ടു ചെയ്യുന്നു.
മിക്ക അമേരിക്കൻ നഗരങ്ങൾക്കും ഭവനരഹിതർക്കുവേണ്ടി ചില പൊതു സൗകര്യങ്ങളുണ്ട്. ദൃഷ്ടാന്തത്തിന്, ന്യൂയോർക്ക് നഗരം ഏകാകികളായ ഭവനരഹിതരെ പബ്ലിക്ക് അഭയകേന്ദ്രങ്ങളിലും കുടുംബങ്ങളെ വെൽഫെയർ ഹോട്ടലുകളിലും ആക്കുന്നു. ശീതകാലം വരുമ്പോൾ 12,200 ഏകാകികളും 20,500 കുടുംബാംഗങ്ങളും സഹായം തേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. അവരെ പാർപ്പിക്കുന്നതിന് എങ്ങനെയെങ്കിലും വേണ്ടത്ര സ്ഥലം ലഭ്യമായിരിക്കുമെന്ന് അധികൃതർ ആശിച്ചു.
അവിടത്തെ ജീവിതം തികച്ചും വ്യത്യസ്തമായ സംഗതിയാണ്. ന്യൂയോർക്കിൽ രാപാർക്കാനുള്ള പൊതു അഭയകേന്ദ്രങ്ങൾ സാധാരണയായി ജിംനേഷ്യങ്ങളും ആയുധശാലകളും പുതുക്കിയെടുത്തവയാണ്. ശതക്കണക്കിനാളുകൾ തുറസ്സായ ഒരു വലിയ സ്ഥലത്ത് കിടക്കകൾ വരിവരിയായി ഇട്ട് ഉറങ്ങുന്നു. ചില തെരുവുജനങ്ങൾ അഭയകേന്ദ്രങ്ങളിൽ പോകാൻ വിസമ്മതിക്കുന്നു. “അഭയകേന്ദ്രങ്ങൾ അരക്ഷിതമാണ്, മിക്കപ്പോഴും അവിടെ മൂട്ടയും പേനുമുണ്ട്” എന്ന് ഒരു നിർഭാഗ്യവാൻ പറഞ്ഞു. “നിങ്ങൾ കണ്ണുതുറന്നാണ് അവിടെ ഉറങ്ങുന്നത്.” കുട്ടികൾക്ക് വിശേഷാൽ ജീവിതം പ്രയാസമാണ്. “ഒടുവിൽ നഗരങ്ങൾ അവരെ അയയ്ക്കുന്ന പട്ടാളത്താവളങ്ങൾപോലെയുള്ള കേന്ദ്രങ്ങളിലും തിങ്ങിയ ഹോട്ടലുകളിലും കുട്ടികൾ ക്രൂരമായ പല പ്രശ്നങ്ങൾക്ക് വിധേയരാക്കപ്പെടുന്നു—രോഗം, അവയവപ്രവർത്തനവൈകല്യം, മയക്കുമരുന്ന്, ദുഷ്കൃത്യം, നിരാശ.” ന്യൂയോർക്ക് ഡയിലി ന്യൂസിലെ റിപ്പോർട്ടാണിത്. “ഈ കുട്ടികൾ ഒരു നഷ്ടീഭവിച്ച തലമുറയായിത്തീരുന്നതിന്റെ അപകടത്തിലാണ്.”
ഭവനരഹിതരുടെ ക്ഷണികപ്രകൃതിനിമിത്തം കൃത്യമായ സംഖ്യകൾ കിട്ടുക മിക്കപ്പോഴും പ്രയാസമാണ്. അമേരിക്കൻ ഐക്യനാടുകളിലെ ഭവനരഹിതരുടെ എണ്ണം ഇരുപതു ലക്ഷത്തിനും മുപ്പതു ലക്ഷത്തിനും ഇടക്കാണ് എന്ന് ഭവനരഹിതർക്കുവേണ്ടിയുള്ള ദേശീയ സഖ്യം പറയുന്നു. മറിച്ച്, യു. എസ്. ഭവന നഗരവികസന ഡിപ്പാർട്ട്മെൻറ് “ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നിർണ്ണയിക്കാവുന്നതുപോലെ അത്യന്തം വിശ്വസനീയമായ കണക്ക് 2,50,000 മുതൽ 3,50,000 വരെ ഭവനരഹിതർ എന്നതാണെന്ന്” റിപ്പോർട്ടുചെയ്യുന്നു. ഭവനരഹിതരുടെ കൃത്യസംഖ്യ എന്തായിരുന്നാലും അത് കൂടിവരുകയാണെന്ന് എല്ലാവരും സമ്മതിക്കുന്നു.
“നമ്മുടെ കാലത്തെ ഒരു ബാധ”
യൂറോപ്യൻജനസമുദായത്തിലെ രാജ്യങ്ങളും ഗുരുതരമായ ഭവനപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ദി റൈറസ് ഓഫ് ലണ്ടൻ റിപ്പോർട്ട് ചെയ്യുന്നപ്രകാരം യുണൈററഡ് കിംഗ്ഡത്തിൽ 1979-84 കാലഘട്ടത്തിൽ, കിടന്നിട്ട് പ്രഭാതഭക്ഷണം കഴിച്ചിട്ടുപോകുന്ന താമസക്കാരുടെ എണ്ണം 49,000-ത്തിൽനിന്ന് 1,60,000-ത്തോളമായി വർദ്ധിച്ചിട്ടുണ്ട്, കൗൺസിലിന്റെ വെയിററിംഗ് ലിസ്ററിൽ 12,50,000 പേരുണ്ട്, പത്തുലക്ഷം ഭവനങ്ങൾ മനുഷ്യർക്ക് പാർക്കാൻ കൊള്ളാത്തവയായി തരംതിരിച്ചിട്ടുമുണ്ട്.”
ഇംഗ്ലീഷ്ചാനലിനു മറുകരയിൽ, “പാരീസിൽ, 10,000 പേർ എങ്കിലും തെരുവുകളിൽ വസിക്കുന്നുണ്ടെന്ന് സ്വകാര്യസമൂഹങ്ങൾ പറയുന്നു.” ഇത് “യൂറോപ്പിലെ ഭവനരഹിതർ: നമ്മുടെ കാലത്തെ ബാധ” എന്ന ശീർഷകത്തിൽ ദി ന്യൂയോർക്ക് റൈറസിൽ വന്ന ഒരു ലേഖനത്തിൽ പറയുന്നതനുസരിച്ചാണ്. നവദമ്പതികളിൽ 20 ശതമാനത്തിന് “അവരുടെ ആദ്യകുട്ടി ഉണ്ടായശേഷം പോലും ബന്ധുക്കളോടുകൂടെ താമസിക്കുകയല്ലാതെ ഗത്യന്തരമില്ല” എന്ന് ഇററാലിയൻ ഗവൺമെൻറ് കണക്കാക്കുന്നു. കണക്കനുസരിച്ച് വീടില്ലാത്ത 20,000 ഡൻമാർക്കുകാരുടെ ഇടയിൽ “30 വയസ്സിൽ താണവരുടെ എണ്ണം 1980 മുതൽ നാടകീയമായി വർദ്ധിച്ചിരിക്കുന്നു.”
വിരോധാഭാസമെന്നു പറയട്ടെ, കമ്മീഷണർ ഓഫ് സോഷ്യൽ അഫയേഴ്സ് ഫോർ ദി യൂറോപ്യൻ കമ്മ്യൂണിററീസ് കമ്മീഷനായ പീററർ സുതർലാണ്ട് പറയുന്നതനുസരിച്ച് ഈ രാഷ്ട്രങ്ങൾ ദാരിദ്ര്യത്തിന്റെയും ഭവനമില്ലായ്മയുടെയും ബാധയെ എന്നേക്കുമായി നീക്കം ചെയ്യാറായെന്ന് വിശ്വസിച്ചുതുടങ്ങിയപ്പോഴാണ്” ഇതെല്ലാം സംഭവിക്കുന്നത്.
ഭീതിദമായ ഒരു പ്രവണത
എന്നിരുന്നാലും, സമീപവർഷങ്ങളിൽ, ഭവനരഹിതരുമായി ഇടപെടുന്ന അധികാരികൾ ഒരു പുതിയ പ്രവണത നിരീക്ഷിച്ചിരിക്കുന്നു. ചിക്കാഗോയിലെ ഭവനരഹിതർക്കുവേണ്ടിയുള്ള ഒരു സഖ്യാംഗം ഇങ്ങനെ പറയുന്നതായി ദി ന്യൂയോർക്ക് റൈറസ് ഉദ്ധരിച്ചു: “ആവശ്യങ്ങളുടെ പ്രവണത വെറും ‘ദരിദ്രരി’ൽനിന്ന് ‘പെട്ടെന്നു ദരിദ്രരാകുന്ന ഇടത്തരക്കാരിലേക്ക്’ കർക്കശമായി മാറുന്നതാണ് ഞങ്ങൾ കാണുന്നത്. അവർക്ക് അവരുടെ ജോലിയും ക്രെഡിററ് കാർഡും അവരുടെ ഭൂസ്വത്തു പണയവും നഷ്ടപ്പെടുന്നു. അതു മേലാൽ ഇടവഴിയിൽ സ്ഥിരം വീഞ്ഞുകുടിച്ച് മത്തരാകുന്നവരായി നിങ്ങൾ കാണുന്നവരല്ല.”
അതുപോലെതന്നെ, കണററിക്കട്ടിലെ ഒരു സാമൂഹ്യസേവന ഏജൻസിയുടെ ഡയറക്ടർ ഇങ്ങനെ പ്രസ്താവിച്ചു: “നിർഭാഗ്യവശാൽ ഭവനരഹിതർ ആരാണെന്നുള്ളതുസംബന്ധിച്ച് ഒരു തെററിദ്ധാരണയുണ്ട്. അത് നഗരം തോറും സഞ്ചിയും പിടിച്ച് സഞ്ചരിക്കുന്നയാളല്ല. അത് യഥാർത്ഥത്തിൽ ഉയർന്ന വാടകയും തൊഴിൽരാഹിത്യവും വിവാഹമോചനങ്ങളും നിമിത്തം മേലാൽ വാടകക്ക് വീടെടുക്കാൻ കഴിയാത്ത കുടുംബങ്ങളാണ്.” കഴിഞ്ഞ മെയ്യിൽ യു. എസ്. മേയർമാരുടെ ഒരു കോൺഫറൻസ് പുറത്തിറക്കിയ ഒരു റിപ്പോർട്ടനുസരിച്ച് ഭവനരഹിതരുടെ മൂന്നിലൊന്ന് കുട്ടികളുള്ള കുടുംബങ്ങളാണെന്നും അത് മുൻ വർഷത്തെ അപേക്ഷിച്ച് 31 ശതമാനം വർദ്ധനവാണെന്നും 29 നഗരങ്ങളിലെ ഒരു സർവ്വേ വെളിപ്പെടുത്തി.
സംഭ്രമിപ്പിക്കുന്ന ചോദ്യങ്ങൾ
ഭവനദൗർല്ലഭ്യത്തിന്റെയും ഭവനരഹിതരുടെയും പ്രശ്നത്തിന്റെ രൂക്ഷത രാജ്യംതോറും സ്ഥലം തോറും വ്യത്യസ്തമാണെങ്കിലും അതിനെക്കുറിച്ച് തികച്ചും അറിവില്ലാത്തവരോ അതിനാൽ പൂർണ്ണമായി ബാധിക്കപ്പെടാത്തവരോ ആയി അധികംപേരില്ലെന്ന് പറയുന്നതാണ് സുരക്ഷിതം. ഗവൺമെൻറുകൾ പണം ചെലവഴിക്കുകയും ശ്രമംചെലുത്തുകയും ചെയ്തിട്ടും പ്രശ്നം ശമിക്കുന്നതിന്റെ ലക്ഷണമില്ലെന്നുള്ളതാണ് അത്യന്തം സംഭ്രമജനകം. ഇതെന്തുകൊണ്ട്? ഈ ഭവനരഹിതരെല്ലാം എവിടെനിന്നാണ് വരുന്നത്? എല്ലാററിനുമുപരിയായി ഭവനപ്രശ്നം പരിഹരിക്കുന്നതിന് എന്തു പ്രത്യാശയുണ്ട്? (g88 3/8)