ഭവനരഹിതരായ കുട്ടികൾ ഒരു പരിഹാരമുണ്ടോ?
തങ്ങളുടെ സമസൃഷ്ടികൾക്കുവേണ്ടി യഥാർത്ഥത്തിൽ കരുതുന്ന ആളുകൾ ഭവനരഹിതരായ കുട്ടികൾക്കുവേണ്ടി കൂടുതലായി യാതൊന്നും ചെയ്യാൻ കഴികയില്ലെന്നുള്ള മട്ടിൽ വിരമിക്കാൻ ആഗ്രഹിക്കുന്നില്ല. തെരുവിന്റെ മക്കൾക്ക് തങ്ങളുടെ തലക്കുമീതെ ഒരു കൂരയെക്കാൾ കൂടുതൽ ആവശ്യമാണെന്ന് അവർ തിരിച്ചറിയുന്നു. കുട്ടികൾക്ക് മനഃസമാധാനവും ആസ്വാദ്യമായ ജോലിയും നല്ല ആരോഗ്യവും ആത്മവിശ്വാസവുമുള്ളപ്പോൾ അവർ തഴച്ചുവളരുന്നു. പരോപകാര തത്പരരായ സ്ത്രീപുരുഷൻമാർ ഭവനരഹിതരുടെ താത്പര്യങ്ങൾക്കായി തങ്ങളെത്തന്നെ സ്വമേധയാ അർപ്പിക്കുന്നു, അത് ശ്ലാഘനീയവുമാണ്. എന്നാൽ അവരുടെ ശ്രമങ്ങളെല്ലാമുണ്ടായിരുന്നിട്ടും, തെരുവുകുട്ടികളുടെ പ്രശ്നം തങ്ങിനില്ക്കുകയാണ്.
ഇതിനു കാരണം ഭവനരഹിതരായ കുട്ടികളെ ഉളവാക്കുന്ന അവസ്ഥകളെ നിലനിർത്തുന്ന ഇപ്പോഴത്തെ വ്യവസ്ഥിതിയെ നേരെയാക്കാൻ കഴികയില്ലെന്നുള്ളതാണ്. അത് കേടുപോക്കാൻ കഴിയാത്ത ഒരു തകർന്ന കാർപോലെയാണ്. വാസ്തവത്തിൽ, മമനുഷ്യന്റെ സർഗ്ഗാത്മകതക്കു മാത്രം നീതിയുള്ള ഒരു മനുഷ്യസമുദായത്തെ ആനയിക്കാൻ കഴികയില്ലെന്ന് നാം തിരിച്ചറിയേണ്ടതല്ലേ?
എന്നിരുന്നാലും, ഒരു മാററം സാദ്ധ്യമാണെന്നുള്ളത് സന്തോഷകരമാണ്—എന്നാൽ മനുഷ്യകൈകളാലല്ല. സർവശക്തനായ ദൈവത്തിനു മാത്രമേ ഭൂമിയിൽനിന്ന് ഹാനികരമായ സകലത്തെയും നീക്കംചെയ്യാനുള്ള പ്രാപ്തിയും ജ്ഞാനവുമുള്ളു. അവന്റെ സ്വർഗ്ഗീയരാജ്യം മുഖേനയുള്ള ഭരണത്തെക്കുറിച്ചും ഇവിടെ ഭൂമിയിൽത്തന്നെയുള്ള നീതിയുള്ള അവസ്ഥകൾക്കുവേണ്ടിയുള്ള മമനുഷ്യന്റെ വാഞ്ഛയെ അത് എങ്ങനെ നിറവേററുമെന്നും അവന്റെ വചനമായ ബൈബിൾ നമ്മോടു പറയുന്നു.—ദാനിയേൽ 2:44.
ദൈവം കരുതുന്നു
ഇപ്പോഴത്തെ വ്യവസ്ഥിതിയെ നീക്കംചെയ്തിട്ട് പുതിയ ഒരു ജീവിതരീതി കൈവരുത്താൻ ദൈവത്തിന് സാദ്ധ്യമാണെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? എങ്കിൽ, മമനുഷ്യന്റെ രക്ഷ മാത്രമല്ല, എല്ലാററിനുമുപരിയായി യഹോവയാം ദൈവത്തിന്റെ നാമവും ഉൾപ്പെട്ടിരിക്കുന്നുവെന്ന് ഓർക്കുക. സ്രഷ്ടാവും ക്രമത്തിന്റെയും സമയനിഷ്ഠയുടെയും അതിശ്രേഷ്ഠദൃഷ്ടാന്തവുമെന്ന നിലയിൽ അവൻ തന്റെ തക്ക സമയത്തും രീതിയിലും പ്രവർത്തിക്കുമെന്നും അത് അവന്റെ രാജ്യം മുഖേനയായിരിക്കുമെന്നും അവൻ നമുക്ക് ഉറപ്പുനൽകുന്നു. യഥാർത്ഥത്തിൽ, ആ രാജ്യം അനിശ്ചിതമോ അസ്പഷ്ടമോ ആയ എന്തെങ്കിലുമല്ല, പിന്നെയോ മമനുഷ്യന്റെ യഥാർത്ഥ ആവശ്യങ്ങളെ കൈകാര്യംചെയ്യാൻ മേൽനോട്ടവും തുടർച്ചയായ ഉദ്ബോധനവുംകൊടുക്കാൻ കഴിവുള്ള ഒരു സ്വർഗ്ഗീയഗവൺമെൻറാണത്.—യെശയ്യാവ് 48:17, 18.
ഭവനരഹിതനായ ഒരു കുട്ടിക്ക് സങ്കീർത്തനം 27:10-ലെ വാക്കുകൾ കാര്യമായി എടുക്കാവുന്നതാണ്: “എന്റെ സ്വന്തം അപ്പനും എന്റെ സ്വന്തം അമ്മയും എന്നെ ഉപേക്ഷിച്ചാലും യഹോവതന്നെ എന്നെ ചേർത്തുകൊള്ളും.” ലോകത്തിലെ ഒരു നീചാവസ്ഥ ദൈവേഷ്ടം പഠിക്കുന്നതിൽനിന്ന് ഒരുവനെ അയോഗ്യനാക്കുന്നില്ലെന്നറിയുന്നതും പ്രോൽസാഹജനകമാണ്. സദൃശവാക്യങ്ങൾ 22:2 ഇങ്ങനെ പ്രസ്താവിക്കുന്നു: “ധനവാനും തുച്ഛമായ വരുമാനമുള്ളവനും അന്യോന്യം കണ്ടുമുട്ടിയിരിക്കുന്നു. അവരുടെയെല്ലാം നിർമ്മാതാവ് യഹോവയാണ്.” അതെ, ആത്മാർത്ഥതയുള്ളപ്പോൾ യഹോവയാം ദൈവം അവരെ സഹായിക്കാൻ സന്നദ്ധനാണെന്ന് ഹതഭാഗ്യർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—സങ്കീർത്തനം 10:14, 17.
യഹോവ നമ്മുടെ ക്ഷേമത്തിൽ തത്പരനാണ്. നമ്മുടെ ഉചിതമായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ അവനറിയാം. ഒരിക്കൽ അവൻ യെശയ്യാപ്രവാചകൻ മുഖാന്തരം ഇസ്രായേല്യരോട് ഇങ്ങനെ ചോദിച്ചു: “ഞാൻ ഇഷ്ടപ്പെടുന്ന ഉപവാസം ഇതല്ലയോ? . . . അത് നിങ്ങളുടെ അപ്പം വിശപ്പുള്ളവനുവേണ്ടി പകുക്കുന്നതും ക്ലേശിതരും ഭവനരഹിതരുമായ ആളുകളെ നിന്റെ വീട്ടിലേക്കു കൊണ്ടുവരുന്നതുമല്ലയോ? നഗ്നനായ ഒരാളെ കണ്ടാൽ നീ അവനെ ഉടുപ്പിക്കുന്നതല്ലയോ?” (യെശയ്യാവ് 58:6, 7) ഇതാണ് ദൈവം തന്റെ രാജ്യഗവൺമെൻറ് മുഖേന കൈവരുത്തുന്ന സമത്വവും നീതിയും. ആരും ആസ്തിക്യത്തിലില്ലാത്തതുപോലെ അവഗണിക്കപ്പെടുകയോ കരുതപ്പെടുകയോ ഇല്ല. അങ്ങനെ സങ്കീർത്തനം 145:19 നമ്മെ അറിയിക്കുന്നു: “തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹം അവൻ നിറവേററും, സഹായത്തിനുവേണ്ടിയുള്ള അവരുടെ നിലവിളി അവൻ കേൾക്കും, അവൻ അവരെ രക്ഷിക്കും.” മനുഷ്യകുടുംബത്തെ ഏകീഭവിപ്പിക്കുന്നതിനുള്ള മുഖ്യ പ്രേരകശക്തി ദൈവത്തോടും സമസൃഷ്ടിയോടുമുള്ള സ്നേഹമായിരിക്കും. തത്ഫലമായി, ഭവനരഹിതരായ കുട്ടികളുടെ പ്രശ്നം പരിഹരിക്കപ്പെടും. ആരും കൈവിടപ്പെടുകയില്ല!
മനുഷ്യന്റെ അപൂർണ്ണത ദൈവോദ്ദേശ്യത്തെ തടസ്സപ്പെടുത്തുമോ?
ഇല്ല, മമനുഷ്യന്റെ ദുഷിച്ച ചായ്വുകൾ ഭൂമിയെ ഉല്ലാസത്തിന്റെ ഒരു പറുദീസയായി രൂപാന്തരപ്പെടുത്താനുള്ള യഹോവയുടെ ഉദ്ദേശ്യത്തെ തടസ്സപ്പെടുത്താൻ അനുവദിക്കപ്പെടുകയില്ല. ബൈബിളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നതുപോലെ, അർമ്മഗെദ്ദോൻയുദ്ധത്തെ അതിജീവിക്കുന്നതിനാലോ ഭൂമിയിൽ വീണ്ടും ജീവിക്കാൻ ഉയർപ്പിക്കപ്പെടുന്നതിനാലോ ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കാൻ പദവി ലഭിക്കുന്നവർ തങ്ങളുടെ പരമാവധി നൻമചെയ്യാൻ പ്രോൽസാഹിപ്പിക്കപ്പെടും.—യോഹന്നാൻ 5:28, 29; വെളിപ്പാട് 16:14, 16.
ചെവികൊടുക്കുന്ന ആരും തന്റെ വേല വ്യർത്ഥമാണെന്ന് കാണുകയില്ല. തന്റെ വേലക്ക് തക്ക പ്രതിഫലം കിട്ടും. ദയവായി ദൈവത്തിന്റെ വാഗ്ദത്തം ശ്രദ്ധിക്കുക: “അവർ പണിയുകയും വേറെ ആരെങ്കിലും പാർക്കുകയുമില്ല; അവർ നടുകയും വേറെ ആരെങ്കിലും ഭക്ഷിക്കുകയുമില്ല. എന്തെന്നാൽ എന്റെ ജനത്തിന്റെ നാളുകൾ ഒരു വൃക്ഷത്തിന്റെ നാളുകൾ പോലെയായിരിക്കും; തങ്ങളുടെ സ്വന്തം കൈകളുടെ പ്രവൃത്തി എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ പൂർണ്ണമായി ഉപയോഗിക്കും. അവർ വൃഥാ അദ്ധ്വാനിക്കുകയില്ല, അവർ ശല്യത്തിനായി പ്രസവിക്കുകയുമില്ല; എന്തുകൊണ്ടെന്നാൽ അവർ യഹോവയുടെ അനുഗൃഹീതർ ചേർന്നുണ്ടാകുന്ന സന്താനങ്ങളാകുന്നു, അവരോടുകൂടെയുള്ള അവരുടെ സന്തതികളും.” (യെശയ്യാവ് 65:22, 23) നിങ്ങളും നിങ്ങളുടെ കുടുംബവും ആ വാക്കുകളുടെ നിവൃത്തി കാണാൻ ഇഷ്ടപ്പെടുകയില്ലേ? അന്ന് നിങ്ങൾ ഒരിടത്തും ക്ഷാമവും ദാരിദ്ര്യവും തൊഴിലില്ലായ്മയും കാണുകയില്ല, ഭവനരഹിതരായ കുട്ടികളെയും കാണുകയില്ല!
ഭവനരഹിതരായ കുട്ടികളെപ്പോലെ, ഇപ്പോൾ ഇല്ലായ്മ അനുഭവിക്കുന്നവർ ഒരു സന്തുഷ്ടകുടുംബത്തിന്റെയും സുഖകരമായ ഒരു ഭവനത്തിന്റെയും അനുഗ്രഹങ്ങളെ കൂടുതൽ പൂർണ്ണമായി വിലമതിക്കും. നാം യെശയ്യാവ് 65:17ൽ വായിക്കുന്നതുപോലെ: “മുൻകാര്യങ്ങൾ ഓർക്കുകയില്ല, അവ ഹൃദയത്തിലേക്ക് പൊന്തിവരുകയുമില്ല.” അന്നു ജീവിക്കാൻ പദവി ലഭിച്ചിട്ടുള്ളവർ പ്രതികൂലാവസ്ഥകൾ എന്നേക്കുമായി പൊയ്പോയിരിക്കുന്നതായും എല്ലാ ജനതകളിലും ഭാഷകളിലും വർഗ്ഗങ്ങളിലുംപെട്ട ആളുകൾ സ്നേഹമുള്ള ഒരു സഹോദരവർഗ്ഗമായി ഒരുമിച്ചു പ്രവർത്തിക്കുന്നതായും കണ്ടെത്തും. ആ കാലത്തേക്ക് അതിജീവിക്കുന്ന കുടുംബഘടകങ്ങൾ ദൈവത്തിനു മഹത്വം കൊടുക്കുന്നതിൽ തുടരുമെന്നുള്ളതിന് സംശയമില്ല. ആ ഭൗമിക പറുദീസയെക്കുറിച്ച് സങ്കീർത്തനം 37:11 ഇങ്ങനെ പറയുന്നു: “സൗമ്യതയുള്ളവർതന്നെ ഭൂമിയെ കൈവശമാക്കും, അവർ സമാധാനസമൃദ്ധിയിൽ തീർച്ചയായും പരമാനന്ദം കണ്ടെത്തും.”
ഭാവിക്കുവേണ്ടി നിങ്ങൾക്ക് നിങ്ങളെത്തന്നെ എങ്ങനെ ഒരുക്കാൻ കഴിയും?
ഇപ്പോൾപോലും, ജീവദായകമായ പരിജ്ഞാനം നേടാനും സ്നേഹവും ദയയും പോലെയുള്ള അഭിലഷണീയഗുണങ്ങൾ നട്ടുവളർത്താനും സാധിക്കും. എങ്ങനെ? യഹോവ മനുഷ്യകുടുംബത്തെ സ്നേഹിക്കുന്നു. അവന്റെ പുത്രനായ യേശുക്രിസ്തു മുഖാന്തരം അവൻ തന്റെ വചനവും ജനവുമായുള്ള സമ്പർക്കത്താൽ ‘ആളുകളെ ക്രിസ്തുവിലേക്ക് ആകർഷിക്കുന്നു.’ (യോഹന്നാൻ 6:44) അവന് ഒരു പഠിപ്പിക്കൽ പരിപാടിയുള്ള സ്ഥാപനം ഭൂമിയിലുണ്ട്. നിങ്ങൾക്ക് സന്തുഷ്ടവും അർത്ഥവത്തുമായ എന്നേക്കുമുള്ള ജീവിതത്തിനായി നോക്കിപ്പാർത്തിരിക്കാൻ കഴിയത്തക്കവണ്ണം ദൈവേഷ്ടം ചെയ്യാൻ ആ പരിപാടിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. അങ്ങനെ, ഞെരുക്കത്തിലിരിക്കുന്നവരോട് ദൈവരാജ്യസുവാർത്ത പ്രസംഗിക്കപ്പെടുന്നു. (മത്തായി 24:14) ദൈവവചനം ഇങ്ങനെ പറയുന്നു: “സ്വന്തം സമസൃഷ്ടിയെ നിന്ദിക്കുന്നവൻ പാപംചെയ്യുന്നു, ക്ലേശിതരോട് ആനുകൂല്യം കാട്ടുന്നവൻ സന്തുഷ്ടനാകുന്നു.” (സദൃശവാക്യങ്ങൾ 14:21) ദുരിതമനുഭവിക്കുന്നവർക്കുപോലും അവരുടെ ആന്തരം ശരിയാണെങ്കിൽ ദൈവത്തെ സമീപിക്കാൻകഴിയുമെന്ന് അറിയുന്നത് ഹൃദയോദ്ദീപകമാണ്. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “എന്നാൽ ഞാൻ ക്ലേശിതനും ദരിദ്രനുമാകുന്നു. ദൈവമേ, എനിക്കുവേണ്ടി സത്വരം പ്രവർത്തിക്കേണമേ. നീ എന്റെ സഹായവും എനിക്ക് രക്ഷ പ്രദാനംചെയ്യുന്നവനുമാകുന്നു. യഹോവേ, വളരെ താമസിച്ചുപോകരുതേ.”—സങ്കീർത്തനം 70:5.
അതെ, നിങ്ങൾക്ക് ഭാവിയിലേക്കുള്ള യഥാർത്ഥ പ്രത്യാശ നൽകാൻ ദൈവവചനത്തിന് കഴിയും. എന്നിരുന്നാലും, “പ്രത്യാശ” എന്ന പദത്തിന്റെ സാധാരണ ഉപയോഗം എല്ലായ്പ്പോഴും സുനിശ്ചിതത്വത്തെ അർത്ഥമാക്കുന്നില്ല. ബ്രസീലിൽ ഒരുവൻ എല്ലായ്പ്പോഴും “എ എസ്പറാങ്കാ ഈ അൾട്ടിമാ ക്വെ മോർ” (പ്രത്യാശ നിത്യമായി മുളക്കുന്നു” എന്നതിനോടു സമാനം) എന്ന പ്രയോഗം കേൾക്കുന്നു. അടിസ്ഥാനമില്ലാത്തതായി തോന്നുമ്പോൾപ്പോലും പ്രത്യാശയിൽ കഴിയുക എന്നതാണ് ആശയം. മറിച്ച്, ദൈവത്തിൽ ശക്തമായ വിശ്വാസവും അവന്റെ വാഗ്ദത്തങ്ങളിലുള്ള പ്രത്യാശയും പുലർത്തുന്നതിന് തിരുവെഴുത്തുകൾ ഈടുററ കാരണങ്ങൾ നൽകുന്നു. റോമർ 10:11-ൽ നാം ഇങ്ങനെ വായിക്കുന്നു: “അവനിൽ വിശ്വാസമർപ്പിക്കുന്ന യാതൊരുവനും നിരാശിതനാകുകയില്ല.” അങ്ങനെയുള്ള ഒരു ബൈബിളധിഷ്ഠിത പ്രത്യാശ ഇച്ഛാഭംഗത്തിലേക്കു നയിക്കുകയില്ല. നമ്മുടെ ഭൂമിയിലെ അത്ഭുതങ്ങൾ യഹോവയുടെ ജ്ഞാനത്തെയും സ്നേഹത്തെയും സാക്ഷ്യപ്പെടുത്തുമാറ് യഥാർത്ഥമായിരിക്കുന്നതുപോലെ, ബൈബിൾപ്രവചനങ്ങളുടെ നിവൃത്തി ഒരു ശുഭാപ്തവിശ്വാസത്തോടുകൂടിയ വീക്ഷണം, ഭാവിയിലേക്കുള്ള യഥാർത്ഥപ്രത്യാശ, ഉണ്ടായിരിക്കാൻ നിങ്ങളെ അനുവദിക്കുന്നു.—റോമർ 15:13.
ഭവനരഹിതരായ കുട്ടികൾക്ക്, അതെ, നീതിയെ സ്നേഹിക്കുന്ന സകലർക്കും, ഉള്ള യഥാർത്ഥ പ്രശ്നപരിഹാരം ദൈവരാജ്യമാണ്. ഇപ്പോൾ ബൈബിളിന്റെ സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കുന്നത് ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവനും സന്തുഷ്ടിയും ആസ്വദിക്കാൻ നിങ്ങളെ പ്രാപ്തരാക്കും. ഈ വാഗ്ദത്തങ്ങളുടെ പ്രതീക്ഷ ഒരു മനോരഥസൃഷ്ടിയല്ല. സദൃശവാക്യങ്ങൾ11:19 പ്രഖ്യാപിക്കുന്നതുപോലെ: “നീതിക്കുവേണ്ടി ഉറച്ചുനിൽക്കുന്നവൻ ജീവന്റെ നിരയിലാണ്.” (g90 1/8)
[11-ാം പേജിലെ ചതുരം]
ഒരു താത്ക്കാലിക പരിഹാരം
പ്രത്യാശയോടെ നോക്കിക്കൊണ്ട് ഒരു അനാഥക്കുട്ടി കൈനീട്ടുന്നത് ഹൃദയസ്പർശിയായിരിക്കാൻകഴിയും. എന്നാൽ ഭവനരഹിതനായ ഒരു കുട്ടിയെ എങ്ങനെ സഹായിക്കാൻകഴിയുമെന്ന് തത്പരരായ വ്യക്തികൾക്ക് അറിവില്ല. കുററബോധം കുറക്കുന്നതിന് ചിലർ കുട്ടിയുടെ കൈയിലേക്ക് ഏതാനുംചില നാണയങ്ങൾ ഇട്ടുകൊടുത്തിട്ട് പെട്ടെന്ന് നടന്നുമാറും. എന്നിരുന്നാലും, ഈ ധർമ്മം ഭക്ഷണത്തിനോ അഭയത്തിനോ ചെലവിടപ്പെടാനുള്ള സാദ്ധ്യത വിരളമാണ്. പകരം അത് മയക്കുമരുന്നുകളോ മദ്യമോ വാങ്ങുന്നതിൽ കലാശിച്ചേക്കാം. അതുകൊണ്ട്, പൗരബോധമുള്ള ചില മുതിർന്നവർ തദ്ദേശീയ ഗവൺമെൻറ് ആഭിമുഖ്യത്തിലുള്ള പരിപാടികൾക്ക് തങ്ങളുടെ ശ്രദ്ധയും പണവും കൊടുക്കുന്നു. അത് ഭവനരഹിതരായ കുട്ടികൾക്ക് സഹായകമാകുമെന്ന് അവർ വിചാരിക്കുന്നു. കൂടുതൽ പ്രായോഗികമായ ഒരു സമീപനം ഭവനരഹിതനായ ഒരു കുട്ടിയെ സഹായത്തിനായി ഉചിതമായ ഏജൻസിയിലേക്ക് നയിക്കുകയാണെന്ന് മററു ചിലർ വിചാരിക്കുന്നു. തത്പരരായ പൗരൻമാർ, ഈ വിധത്തിൽ, തങ്ങളുടെ സ്വന്തം സമുദായത്തെ കൂടുതൽ മനുഷ്യത്വമുള്ളതാക്കാൻ ശ്രമിക്കുകയാണെന്ന് വിചാരിക്കുന്നു.
[9-ാം പേജിലെ ചിത്രം]
“അവർ നടുകയും വേറെ ആരെങ്കിലും ഭക്ഷിക്കുകയുമില്ല.”—യെശയ്യാവ് 65:22
[കടപ്പാട്]
FAO photo
[10-ാം പേജിലെ ചിത്രം]
“എന്തെന്നാൽ എന്റെ ജനത്തിന്റെ നാളുകൾ ഒരു വൃക്ഷത്തിന്റെ നാളുകൾ പോലെയായിരിക്കും.”—യെശയ്യാവ് 65:22