ഭവനരഹിതരായ കുട്ടികൾ—സഹായിക്കുക വളരെ പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്?
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയേഴ് ഒക്ടോബർ 14-ന് ജസ്സിക്കാ മക്ലൂർ എന്ന കൊച്ചുകുട്ടി ഐക്യനാടുകളിലെ 22 അടി ആഴമുള്ള ഉപേക്ഷിക്കപ്പെട്ട ഒരു കിണററിൽ കുടുങ്ങിപ്പോയി. രക്ഷാപ്രവർത്തകർ 18 മാസം പ്രായമുള്ള പെൺകുട്ടിയെ സമീപിക്കാൻ വേദനാകരമായ 58 മണിക്കൂർ സമയം ഉറച്ച പാറയിലൂടെ കുഴിച്ചിറങ്ങി. ഈ സംഭവം തലക്കെട്ടുകളും മുഴുജനതയുടെയും ഹൃദയവും പിടിച്ചടക്കി. ജസ്സിക്കയെ ഇരുണ്ട ദ്വാരത്തിൽനിന്ന് ജീവനോടെ ഉയർത്തിയതുവരെ റെറലിവിഷൻ അതിന്റെ പ്രേക്ഷകരെ സ്തബ്ധരാക്കിനിർത്തിയിരുന്നു.
എന്നാൽ ജെസ്സിക്കക്ക് ഒരു ഭവനമുണ്ടായിരുന്നു. വിചിത്രമെന്നു പറയട്ടെ, ഭവനരഹിതരായ കുട്ടികളുടെ ദുരവസ്ഥ ഇതേ താത്പര്യം ഉണർത്തുന്നില്ല. അവരുടെ അവസ്ഥ ദാരിദ്ര്യത്തോടു ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണോ കാരണം? ഞെരുക്കമുള്ളവരുടെ അവസ്ഥയെ വിശകലനംചെയ്തുകൊണ്ട്, ലോകാരോഗ്യസംഘടനയുടെ മാസികയായ വേൾഡ് ഹെൽത്തിലെ ഒരു എഴുത്തുകാരൻ ഇങ്ങനെ പ്രഖ്യാപിച്ചു: “നഗരങ്ങളിലെ ദരിദ്രർ അവരുടെ സ്വന്തം രാജ്യത്തെ യഥാർത്ഥ പൗരൻമാരല്ല, എന്തുകൊണ്ടെന്നാൽ അവർക്ക് രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ ആയ അവകാശങ്ങളില്ല. ദരിദ്രർക്ക് പെട്ടെന്ന് വാർദ്ധക്യം പ്രാപിക്കുകയും ചെറുപ്പത്തിലേ മരിക്കുകയും ചെയ്യുന്നു.” അങ്ങനെ, ഒരു രാജ്യത്തിലെ സാമ്പത്തികഘടന ദരിദ്രർക്ക് വേണ്ടത്ര ഭക്ഷ്യവും വസ്ത്രവും ഭവനവും പ്രദാനംചെയ്യണമെങ്കിൽ അവരെ സംബന്ധിച്ച ഗവൺമെൻറിന്റെയും ജനങ്ങളുടെയും വീക്ഷണത്തിൽ ഒരു വമ്പിച്ച മാററം ആവശ്യമാണ്.
ചിലരെ സഹായിക്കാവുന്ന വിധം
കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്ര പ്രഖ്യാപനം തീർച്ചയായും ശ്രേഷ്ഠമാണ്, എന്നാൽ അവ അപ്രാപ്യമാണെന്നു തോന്നുന്നതെന്തുകൊണ്ട്? (ചതുരം കാണുക) പൊതുവേ പറഞ്ഞാൽ ആളുകൾക്ക് കുട്ടികളെ ഇഷ്ടമാണ്, അവർക്ക് ഏററവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്നു. മാത്രവുമല്ല, ഒരു രാഷ്ട്രത്തിന്റെ ഭാവി ക്ഷേമത്തിന് കുട്ടികൾ പ്രധാനമാണ്. ലാററിൻ അമേരിക്കാ ഡെയ്ലി പോസ്ററിൽ യൂനിസെഫിലെ ജയിംസ് ഗ്രാൻറ് ഇങ്ങനെ പറയുന്നു: “ഏതായാലും കുട്ടികളാണ് തങ്ങളുടെ രാജ്യത്തെ സാമ്പത്തികനിഷ്ക്രിയതയിൽനിന്ന് പുറത്തേക്ക് നയിക്കേണ്ടത്.” ഗ്രാൻറ് തുടരുന്നു, “അടിസ്ഥാന ആരോഗ്യപരിപാലനത്തിനും പ്രാഥമിക വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ചെലവിടലിന് ഉല്പാദനക്ഷമതയിലും സാമ്പത്തികവളർച്ചയിലും ഗണ്യമായ വർദ്ധനവിലേക്കു നയിക്കാൻ കഴിയും” എന്ന് ഒരു റിപ്പോർട്ട് പ്രകടമാക്കുന്നു. ബ്രസീൽ പോലെയുള്ള രാജ്യങ്ങൾക്ക് തെരുവിന്റെ മക്കളുടെ അവസ്ഥയാലും ബന്ധപ്പെട്ട അക്രമത്താലും നൽകപ്പെടുന്ന നിഷേധാത്മക പ്രതിച്ഛായയെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ട്. ഭാഗ്യവശാൽ, ധർമ്മസ്ഥാപനങ്ങൾ, സംരക്ഷണഭവനങ്ങൾ, അനാഥാലയങ്ങൾ, ദുർഗ്ഗുണപരിഹാരശാലകൾ എന്നിവയാൽ പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ ചെയ്യപ്പെടുന്നുണ്ട്.
ചില ഗവൺമെൻറുകൾ കേവലം വീടുകൾ പണിതുകൊടുക്കാതെ ദരിദ്രകുടുംബങ്ങളുടെയും സമുദായങ്ങളുടെയും ഭവനനിർമ്മാണപദ്ധതികളെ പിന്താങ്ങുന്നതിന്റെ മൂല്യം കാണുന്നു. ഈ വിധത്തിൽ, ദരിദ്രർതന്നെ മാററത്തിനുള്ള ധനാഗമമാർഗ്ഗമായിത്തീരുന്നു.
അങ്ങനെ, വിവിധ ഏജൻസികളിൽനിന്ന് സഹായം സ്വീകരിക്കുന്നതിനു പുറമേ, ദരിദ്രകുടുംബങ്ങൾ തങ്ങളുടെ പങ്കുനിർവഹിക്കാൻ സന്നദ്ധരായിരിക്കണം. ഒരു കുടുംബം ഒരുമിച്ചു നിൽക്കുകയും സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമ്പോൾ സാമ്പത്തികമായും സാമൂഹികമായും അത് മെച്ചമായി പ്രവർത്തിക്കുന്നു. ആവശ്യമെങ്കിൽ പ്രാപ്തരായ എല്ലാ അംഗങ്ങൾക്കും കുടുംബബജററിന് സംഭാവന ചെയ്യാൻ കഴിയും.
ചിലർ വിജയിച്ചിരിക്കുന്ന വിധം
ഭവനരഹിതരായ ചില കുട്ടികൾക്ക് ആ അവസ്ഥയിൽനിന്ന് രക്ഷപെടാൻ കഴിഞ്ഞിട്ടുണ്ട്. ഗില്ലർമോയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. അയാൾ ജനിക്കുന്നതിനുമുമ്പ് അയാളുടെ കുടുംബം ഒരു ചെറിയ ഗ്രാമത്തിലാണ് വസിച്ചിരുന്നത്. എന്നാൽ മോശമായ സാമ്പത്തികാവസ്ഥകൾ നിമിത്തം കുടുംബം തലസ്ഥാനത്തേക്കു മാറിപ്പാർത്തു. ഗില്ലർമോയിക്ക് മൂന്നു മാസം പ്രായമായിരുന്നപ്പോൾ അവന്റെ അപ്പൻ കൊലചെയ്യപ്പെട്ടു; പിന്നീട് ചുരുക്കംചില വർഷങ്ങൾ കഴിഞ്ഞ് അവന്റെ അമ്മ മരിച്ചു, അങ്ങനെ കുട്ടികൾ വല്യമ്മയോടുകൂടെയായി. അങ്ങനെ ഗില്ലർമോ ഇളംപ്രായത്തിൽത്തന്നെ ഒരു തെരുവുബാലനായി. അഞ്ചുവർഷക്കാലം അവൻ ദിനന്തോറും തന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ നോക്കുന്നതിന് റെസ്റേറാറൻറുകളും ബാറുകളും തേടിനടന്ന് ഭക്ഷണവും പണവും ചോദിക്കുകയും രാത്രി വൈകിയും തെരുവുകളിൽ കഴിയുകയുംചെയ്തു. തെരുവുകളിൽ അവനെ പരിചയപ്പെട്ട ദയാലുക്കളായ ചിലർ അവനെ വ്യക്തിപരമായ ശുചിത്വത്തിന്റെയും നടത്തയുടെയും ബാലപാഠങ്ങൾ പഠിപ്പിച്ചു. പിന്നീട് അവനെ ഒരു ഗവൺമെൻറ് ഏജൻസി തെരുവിൽനിന്ന് കൊണ്ടുപോകുകയും കുട്ടികളുടെ ഒരു അഭയകേന്ദ്രത്തിലാക്കുകയും ചെയ്തു. അവിടെ അവന് ഭക്ഷണവും സ്കൂൾ പഠനവും ലഭിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ സ്രഷ്ടാവ് അവനിൽ തത്പരനാണെന്ന് കാണാൻ യഹോവയുടെ സാക്ഷികൾ അവനെ സഹായിച്ചു. അവർ അവന്റെ ആത്മീയാവശ്യങ്ങളിൽ ശ്രദ്ധിച്ചു. സാക്ഷികളുടെ ആത്മാർത്ഥതയിലും സൗഹൃദത്തിലും മതിപ്പുളവായി ഗില്ലർമോ പിന്നീട് ഇങ്ങനെ പറഞ്ഞു: “മിക്കവാറും മാർഗ്ഗനിർദ്ദേശവും ശിക്ഷണവുമില്ലാതെ വളർന്ന ഒരു യുവാവിനെ ആർ സഹായിക്കും? സ്നേഹമയികളായ സഹോദരൻമാർ മാത്രമാണ് സാമ്പത്തികസഹായത്തിനു പുറമേ അങ്ങനെയുള്ള സഹായവും എനിക്ക് നൽകിയത്.” 18-ാമത്തെ വയസ്സിൽ ഗില്ലർമോ സ്നാപനമേററു. ഇപ്പോൾ അവൻ അവന്റെ രാജ്യത്തെ വാച്ച്ററവർ സൊസൈററിയുടെ ബ്രാഞ്ചോഫീസുകളിലൊന്നിൽ ഒരു അംഗമായി സേവിക്കുകയാണ്.
ഇനി യോവായുടെ കഥയുണ്ട്. അവൻ ചെറുപ്പമായിരുന്നപ്പോൾത്തന്നെ അവന്റെ സഹോദരൻമാരോടൊപ്പം മദ്യപാനിയായ പിതാവിനാൽ വീട്ടിൽനിന്ന് തൊഴിച്ചിറക്കപ്പെട്ടു. എന്നാൽ ഒരു പലചരക്കു വ്യാപാരി യോവായെ കൂലിവേലക്കെടുത്തു. ഉത്സാഹിയായിരുന്നതിനാൽ യോവാ അഭിവൃദ്ധിപ്പെടുകയും പെട്ടെന്നുതന്നെ കൂട്ടുജോലിക്കാരുടെയും മററുള്ളവരുടെയും വിശ്വാസമാർജ്ജിക്കുകയും ചെയ്തു. ഇപ്പോൾ അവൻ സ്വന്തം കുടുംബത്തോടുകൂടെ കഴിയുന്ന ഒരു സന്തുഷ്ടമനുഷ്യനാണ്. റോബർട്ടോയുടെ കാര്യവും പരിചിന്തിക്കുക. അവനും അവന്റെ കുടുംബത്താൽ ഇറക്കിവിടപ്പെട്ടവനായിരുന്നു. അവൻ ഷൂസുകൾ പോളീഷ്ചെയ്തുകൊണ്ടും മധുരവസ്തുക്കൾ വിററും ജോലിചെയ്തു നടന്നു. പിന്നീട് അവൻ ഒരു പെയിൻററായി ജോലിചെയ്തു. പഠിക്കാനും ജോലിചെയ്യാനുമുള്ള സന്നദ്ധത അനേകം തടസ്സങ്ങളെ തരണംചെയ്യാൻ യോവായെയും റോബർട്ടോയെയും സഹായിച്ചു. ഭവനരഹിത യുവാക്കളെന്നുള്ള തങ്ങളുടെ ഉത്ക്കണ്ഠയെയും അരക്ഷിതത്വത്തെയുംകുറിച്ച് അവർ ഓർക്കുന്നുണ്ട്. എന്നാൽ യഹോവയുടെ സാക്ഷികളോടുകൂടെയുള്ള ബൈബിൾപഠനത്താൽ അവർ ഉറപ്പിക്കപ്പെട്ടു. കുട്ടികൾ സാധാരണഗതിയിൽ വളരെ വഴക്കമുള്ളവരാണെന്നും ഉചിതമായ സഹായത്താൽ പ്രതികൂലസാഹചര്യങ്ങളെയും പരിത്യജനത്തെപ്പോലും ഒടുവിൽ തരണംചെയ്യാൻ കഴിയുമെന്നും ഈ ചുരുക്കം ചില ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു.
കൂടാതെ, ദൈവവചനത്തിനു ചേർച്ചയായി ചെറുപ്പക്കാർക്ക് മാർഗ്ഗനിർദ്ദേശം കിട്ടുമ്പോൾ സ്ഥിരതയുള്ള കുടുംബങ്ങൾ ഉളവാകുന്നു. കുട്ടികളുടെ പരിത്യജനവും ദുർവിനിയോഗവും പോലെയുള്ള പ്രശ്നങ്ങൾ സംജാതമാകുന്നുമില്ല.
മനുഷ്യന്റെ ശ്രമങ്ങൾ പരാജയപ്പെടുന്നതിന്റെ കാരണം
എന്നിരുന്നാലും, ഭവനരഹിതരായ ദശലക്ഷക്കണക്കിന് കുട്ടികളുടെ അസ്തിത്വം ഈ ഗുരുതരമായ പ്രശ്നം പരിഹരിക്കുന്നതിലുള്ള മമനുഷ്യന്റെ പരാജയത്തിലേക്ക് വിരൽചൂണ്ടുന്നു. ഒരു ശിശുക്ഷേമ ഏജൻസിയുടെ ഡയറക്ടർ ഇങ്ങനെ പറയുന്നതായി റൈറം മാസികയിൽ ഉദ്ധരിക്കപ്പെട്ടു: “മനഃശാസ്ത്രപരമായ ക്രമക്കേടുകളോടും മാനസികമായ തകരാറുകളോടുംകൂടിയ ഒരാൾക്ക്, ഒരു രോഗിക്ക്—രോഗമുള്ള ഒരു ദുർബലജനതക്ക്—വികസനത്തിന്റെ ഒരു ഏജൻറായി വർത്തിക്കാൻ കഴികയില്ല.” ഇതിന്റെ ഒരു ഫലമായി, ഒരു ലത്തീൻ അമേരിക്കൻ രാജ്യത്തിന് “ഏതു തരം നാഗരികത്വ നടപടിക്കും വിധേയരല്ലാത്ത അല്പപോഷിതരും അവിദഗ്ദ്ധരും അവിദ്യരുമായ ദശലക്ഷങ്ങളുടെ ഭാരം അനുഭവപ്പെടും” എന്ന് അതേ മാസിക പ്രവചിക്കുകയുണ്ടായി.
ഇതിന്റെ വീക്ഷണത്തിൽ, വികലപോഷണത്തിന്റെയും ലൈംഗികദുരുപയോഗത്തിന്റെയും അക്രമത്തിന്റെയും ഫലങ്ങൾ മാനുഷമുഖാന്തരങ്ങളാൽ മാത്രം പരിഹരിക്കാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? ആക്രമണകാരികളും നിർദ്ദയരുമായ വ്യക്തികളുടെ ഇടയിൽ നിലനിൽക്കാൻ മല്ലടിച്ചുകഴിഞ്ഞ ഈ തെരുവുകുട്ടികളെയെല്ലാം ഏതെങ്കിലും മനുഷ്യനിർമ്മിതപരിപാടിക്ക് സംഘടിപ്പിക്കാൻകഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? തങ്ങളുടെ സന്താനങ്ങളോട് ഉത്തരവാദിത്വത്തോടെ പെരുമാറാൻ മാതാപിതാക്കൾക്ക് വിദ്യാഭ്യാസം നൽകാനുള്ള ഒരു പരിപാടി നിങ്ങൾക്ക് വിഭാവനചെയ്യാൻ കഴിയുമോ? എത്രതന്നെ ആത്മാർത്ഥമായിരുന്നാലും മാനുഷശ്രമങ്ങൾക്ക് ഭവനരഹിതരായ കുട്ടികളുടെ പ്രശ്നം പൂർണ്ണമായും പരിഹരിക്കുക സാദ്ധ്യമല്ലെന്ന് പറയാൻ ഖേദമുണ്ട്.
എന്തുകൊണ്ട്? ഒരാൾ അല്ലെങ്കിൽ എന്തോ ഒന്ന് ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതിൽനിന്ന് തടയുന്നുണ്ട്. കൗതുകകരമായി, യേശു താൻ “ലോകത്തിന്റെ ഭരണാധികാരി”യെന്നു വിളിച്ച ഒരു വ്യക്തിയെ തിരിച്ചറിയിച്ചു. (യോഹന്നാൻ 14:30) അവൻ പിശാചായ സാത്താനാണ്. മനുഷ്യവർഗ്ഗത്തിൻമേലുള്ള അവന്റെ ദുഷ്ടസ്വാധീനമാണ് ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും യഥാർത്ഥസന്തുഷ്ടി നേടുന്നതിനുമുള്ള മുഖ്യ പ്രതിബന്ധം. (2 കൊരിന്ത്യർ 4:4) അതുകൊണ്ട്, ഭവനരഹിതരായ സകല കുട്ടികൾക്കും പ്രാതികൂല്യമനുഭവിക്കുന്ന വ്യക്തികൾക്കും നീതിയുള്ള അവസ്ഥകൾ ലഭിക്കണമെങ്കിൽ ആ അദൃശ്യജീവികളുടെ നീക്കം അത്യാവശ്യമാണ്. ആ സ്ഥിതിക്ക്, തെരുവുകുട്ടികൾ ഇല്ലാത്ത, ദാരിദ്ര്യരഹിതമായ, ഒരു ലോകമുണ്ടാകുമെന്ന് നമുക്ക് വിചാരിക്കാൻ കഴിയുമോ? ഭവനരഹിതരായ കുട്ടികൾക്ക് യഥാർത്ഥവും നിലനിൽക്കുന്നതുമായ ഒരു പ്രത്യാശയുണ്ടോ? (g90 1/8)
[6-ാം പേജിലെ ആകർഷകവാക്യം]
‘മാർഗ്ഗദർശനവും ശിക്ഷണവുമില്ലാതെ വളർന്ന ഒരു യുവാവിനെ സഹായിക്കാൻ ആർ ആഗ്രഹിക്കും?’
[7-ാം പേജിലെ ചതുരം]
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള യു. എൻ. പ്രഖ്യാപനം:
◼ ഒരു പേരിനും ദേശീയതക്കുമുള്ള അവകാശം.
◼ പ്രീതിക്കും സ്നേഹത്തിനും ഗ്രാഹ്യത്തിനും ഭൗതിക ഭദ്രതക്കുമുള്ള അവകാശം.
◼ മതിയായ പോഷണത്തിനും ഭവനത്തിനും വൈദ്യസേവനത്തിനുമുള്ള അവകാശം.
◼ ശാരീരികമോ മാനസികമോ സാമൂഹികമോ ആയി വൈകല്യമുണ്ടെങ്കിൽ പ്രത്യേകശ്രദ്ധക്കുള്ള അവകാശം.
◼ എല്ലാ സാഹചര്യങ്ങളിലും സംരക്ഷണവും ആശ്വാസവും ലഭിക്കുന്നതിൽ ഒന്നാമതായിരിക്കുന്നതിൽ ഉൾപ്പെടാനുള്ള അവകാശം.
◼ സകലതരം അവഗണനയിൽനിന്നും ക്രൂരതയിൽനിന്നും ചൂഷണത്തിൽനിന്നും സംരക്ഷിക്കപ്പെടാനുള്ള അവകാശം.
◼ കളിക്കും വിനോദത്തിനുമുള്ള പൂർണ്ണ അവസരത്തിനും വ്യക്തിപരമായ പ്രാപ്തികൾ വളർത്താനും സമുദായത്തിലെ പ്രയോജനമുള്ള ഒരു അംഗമായിത്തീരാൻ കുട്ടിയെ പ്രാപ്തനാക്കുന്നതിന് സൗജന്യവും നിർബന്ധിതവുമായ തുല്യാവസരത്തിനുമുള്ള അവകാശം.
◼ സ്വാതന്ത്ര്യത്തിന്റെയും മാന്യതയുടെയും അവസ്ഥകളിൽ അവന്റെ പൂർണ്ണപ്രാപ്തി വളർത്തിയെടുക്കുന്നതിനുള്ള അവസരം.
◼ ഗ്രാഹ്യത്തിന്റെയും സഹിഷ്ണുതയുടെയും ജനങ്ങളുടെ ഇടയിലെ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സാർവലൗകിക സാഹോദര്യത്തിന്റെയും ആത്മാവിൽ വളർത്തപ്പെടുന്നതിനുള്ള അവസരം.
◼ വർഗ്ഗമോ വർണ്ണമോ ലിംഗഭേദമോ മതമോ രാഷ്ട്രീയമോ മററുപ്രകാരത്തിലോ ഉള്ള അഭിപ്രായമോ ദേശീയമോ സാമൂഹികമോ ആയ ഉത്ഭവമോ സ്വത്തോ ജനനമോ മററു പദവികളോ പരിഗണിക്കാതെ ഈ അവകാശങ്ങളാസ്വദിക്കുന്നതിനുള്ള അവകാശം.
എവരിമാൻസ് യുണൈററഡ് നേഷൻസിനെ അടിസ്ഥാനപ്പെടുത്തിയുള്ള സംഗ്രഹം
[5-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Reuters/Bettmann Newsphotos